Thursday, February 21, 2013

ഉത്സവനാളില്‍ ഒരുദിവസം

പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഉത്സവത്തിന്‌ വരുന്നത് .പഴയ കൂട്ടുകാര്‍ എല്ലാം ഒന്നിച്ചുണ്ട് .ഞാന്‍ ഒഴിച്ച് എല്ലാവരും നാട്ടില്‍ തന്നെയാണ് ജോലി ചെയ്യുന്നതു.അത് കൊണ്ട് ഈ വര്‍ഷം ഞാന്‍ കൂടി ഒന്നിച്ചു ചേര്‍ന്നു . നമ്മള്‍ പണ്ട് ഇരിക്കാറുള്ള കല്യാണമണ്ഡപത്തിനടുത്ത് ഉള്ള സ്റ്റെപ്പില്‍ ഇരുന്നു. മനസ്സിലേക്ക് പഴയ കാലം ഓടി വന്നു.

    കുട്ടികാലത്ത് നമ്മള്‍ എല്ലാദിവസവും ഉത്സവത്തിന്‌  വരുമായിരുന്നു. അതും സന്ധ്യക്ക് അമ്പലത്തില്‍ എത്തിയാല്‍ തിരിച്ചു പോകുന്നത് ആ ദിവസത്തെ എല്ലാ പരിപാടികളും കണ്ടതിനു ശേഷം മാത്രം ആണ് . ഗാനമേളകളും സിനിമാറ്റിക് ഒക്കെ തീരുന്നത് വരെ മുന്‍ നിരയില്‍ തന്നെ ഉണ്ടാകും.നാടകം ആണെങ്കില്‍ അമ്പല പറമ്പില്‍ എവിടെയെങ്കിലും ചുറ്റി തിരിയും ... മുന്‍പേ നാടകം ഇഷ്ടം ആയിരുനില്ല.അത് കൊണ്ട് കാണില്ല ....  സ്റ്റേജിനു മുന്നിലും അമ്പലത്തിനു ചുറ്റും പൂഴിയാണ് .അവിടെ ഇരുന്നാണ് എല്ലാവരും ഷോ കാണുക. സ്ത്രീകള്‍ക്ക് സിമെന്റ് കൊണ്ട് കെട്ടിയ ഇരിപ്പിടം സൈഡില്‍ ഉണ്ട് .. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രമേ അവിടെ ഇരിക്കാവൂ .നമ്മള്‍ ഒക്കെ പൂഴിയില്‍ ..അതാണ്‌ രസം .

അമ്പലത്തില്‍ പോയികൊണ്ടിരുന്നത് മിക്കവാറും ഭക്തി കൊണ്ടൊന്നും അല്ല. ഉത്സവങ്ങള്‍ കണ്ടത് വളരെ കുറവ് മാത്രം. ഇന്നലെ ഒന്‍പതു ആനയുണ്ടായിരുന്നു ,ഇന്ന്  അഞ്ചു മാത്രം എന്നൊക്കെ കൂട്ടുകാര്‍ പറയുമ്പോള്‍  തല കുലുക്കും .കാരണം അവരും പറഞ്ഞു കേട്ടതാണ് . അവനും ഉത്സവങ്ങള്‍ കണ്ടിട്ടില്ല എന്ന് എനിക്ക് ഉറപ്പാണ്‌ .കാരണം അവന്‍ എന്നോടൊപ്പം തന്നെ ഉണ്ടായിരുനല്ലോ ..  ഉത്സവത്തിന്‌ അപ്പുറം നമ്മള്‍ക്ക് ചന്തയിലൂടെ കറക്കം ,മാജിക് കാണല്‍ ,തുടങ്ങിയവയില്‍ ആയിരുന്നു താല്പര്യം. ഉത്സവം ആകുമ്പോള്‍ പല തരത്തിലുള്ള വിനോദങ്ങള്‍ വന്നിട്ടുണ്ടാവും . ബൈക്ക് ജമ്പ് ,കാര്‍ ജമ്പ് ,മരണ കിണര്‍ ,മൃഗങ്ങളുടെ അഭ്യാസങ്ങള്‍ ഒക്കെ ... അവയൊക്കെ കണ്ടു തീര്‍ക്കല്‍ ആണ് പ്രധാന വിനോദം ..പിന്നെ വായനോട്ടം പരിസരത്തുള്ള എല്ലാ പെണ്‍കുട്ടികളും ഒന്നിച്ചു പുറത്തിറങ്ങുന്ന അപൂര്‍വ വാരം.പല പ്രണയങ്ങളും ആരംഭിക്കുന്നത് ഉത്സവ പറമ്പുകളില്‍ നിന്നാണെന്നും തോന്നിയിട്ടുണ്ട്. അത് പിന്നെ വികസിപ്പിക്കല്‍ ആണ് .ഉത്സവത്തിനു കാണുകയും കണ്ണുകള്‍ കൊണ്ട് കഥപറച്ചിലും മാത്രമേ നടക്കൂ . കാരണം വീട് മുഴുവന്‍ പെണ്‍കുട്ടികള്‍ക്ക് ഒപ്പം ഉണ്ടാവും.. 

ഉത്സവം എന്നത് മറ്റൊരു വേദന കൂടി ഉണ്ട് ഓര്‍ക്കാന്‍ .കറക്കത്തിനിടയില്‍ മനസ്സില്‍ പതിഞ്ഞ ഒരു രൂപം. എല്ലാദിവസവും അവള്‍ അമ്പലത്തില്‍ ഉണ്ടാകും . ഒറ്റയ്ക്കല്ല.. യജമാനത്തികൊപ്പം. ഇതേ സ്റ്റെപ്പില്‍ ഇരുന്നാണ് അവളെ പ്രതീക്ഷിക്കുക . അമ്പല പരിസരത്തുള്ള വലിയ തറവാട്ടിലെ ജോലിക്കാരിയാണ് എന്ന് പറയാം ... കാരണം അവരുടെ അകന്ന ബന്ധത്തിലെതാണ് ....പക്ഷെ അവളുടെ കുടുംബത്തിന് കഴിവ് കുറവായതിനാല്‍ ഇവിടെ ജോലിക്കാരിയെ പോലെ കഴിയുന്നു. യജമാനത്തി ഭയങ്കര അഹങ്കാരിയാണെന്നാണ് നാട്ടിലെ സംസാരം. അവരുടെ അഹന്തകാരണം ഭര്‍ത്താവ് പിണങ്ങി പൊയെന്നും.പിന്നെ ചില കഥകള്‍ ... നമ്മള്‍ ഒക്കെ കുട്ടികള്‍ ആയതിനാല്‍ ഈ കഥ മുഴുവനായും അറിയില്ല .എന്തോ അവിഹിതമാണെന്ന് അറിയാം . പിന്നെ വീട്ടില്‍ ഉള്ളത് മകന്‍ ആണ് . ഒരു ഗജപോക്കിരി . നാട്ടുകാരെ കൊണ്ട് ഏപ്പോഴും പറയിപ്പിക്കുന്നവന്‍ . അവനും തരികിട ആണെന്നരിയാം. പലതവണ പോലീസ് പിടിച്ചിട്ടുണ്ട് .അപ്പൊഴൊക്കെ പുറത്തിറക്കിയത് ഇവരുടെ ജാരന്‍ ആണെന്നും ജനസംസാരം ഉണ്ട്. 

 യജമാനത്തി വരുമ്പോള്‍ കൂടെ ഇവളും ഉണ്ടാകും . അവരുടെ ബാഗും  സാധനങ്ങള്‍ പിടിച്ചു ഇവളും പിന്നാലെ ഉണ്ടാവും. അവര്‍ക്ക് ഷോ കാണിക്കുവാന്‍ ഉള്ള ഒരിടമാണ് ഉത്സവപറമ്പ് എന്ന് തൊന്നിയിട്ടുണ്ട് .നല്ല സംഭാവനകള്‍ കൊടുക്കുന്നതിനാല്‍ കമ്മറ്റിക്കാരും തൊഴുതു വണങ്ങി നില്‌ക്കും. ഓഫീസില്‍ കസേര ഇട്ടു കൊടുക്കും .. അപ്പോള്‍ അവരുടെ ഭാവം ഒക്കെ കാണേണ്ടതാണ് .. ഇടക്കിടെ വെറുതെ ഓരോ കാരണം ഉണ്ടാക്കി വേലക്കാരിയെ വഴക്ക് പറയും. എല്ലാം ഷോ ആണ് .ഞാന്‍ ഭയങ്കര സംഭവം എന്ന് നാട്ടുകാരെ കാണിക്കാന്‍ ഉള്ള തത്രപാട് .എല്ലാ ദിവസവും ഈ പരിപാടി ഉണ്ടാകും ... അധിക സമയം ഉണ്ടാകില്ല.. പത്തു മണിക്ക് മുന്‍പേ  മടങ്ങും. 

നമ്മള്‍ കുട്ടികള്‍ക്കിടയില്‍ ഇവരുടെ പേര് "കുളം മുതലാളി " എന്നാണ് . അമ്പലകുളത്തില്‍ ഉത്സവസമയത്ത് അന്യര്‍ക്ക്  കുളിക്കുവാന്‍ പാടില്ല.ഉത്സവത്തിന്‌ ഒരാഴ്ച മുന്‍പേ വൃത്തിയാക്കി വെക്കും. ഉത്സവത്തിന്റെ കര്‍മങ്ങള്‍ നടക്കുന്നതിനാല്‍ ആണിത് ..നമ്മുടെ പ്രധാന വിനോദം നീന്തല്‍ ആണ് ..  അപ്പോള്‍ നമ്മള്‍ പോകുക ആ വലിയ തറവാട്ടിലെ കുളത്തില്‍ ആണ് . പക്ഷെ അവര്‍ അവിടെ ഉണ്ടെങ്കില്‍ കുളിക്കാന്‍ അനുവദിക്കില്ല. എല്ലാവരെയും ഓടിക്കും. എന്നാലും അവര്‍ കാണാതെ പലരും കുളിക്കും. അവര്‍ കണ്ടു പിടിച്ചാല്‍ ഭയങ്കര വഴക്കായിരിക്കും . അങ്ങിനെ ആരോ ചാര്‍ത്തി കൊടുത്ത പേരാണ് "കുളം മുതലാളി ". 

ഒരു ഉത്സവ സമയത്ത് പകല്‍ ആണ് നാട് ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടത് .തറവാട്ടിലെ കുളത്തില്‍ ആ പെണ്‍കുട്ടി മരിച്ചു കിടക്കുന്നു.കഴിഞ്ഞ ദിവസം കൂടി അമ്പലത്തില്‍ വെച്ച് പലരും കണ്ടതാണ് . നമ്മളും . . കൊലപാതകം എന്ന് പലര്‍ക്കും ഉറപ്പായിരുന്നു . കാരണം ബോഡിയില്‍ മുറിവുകളും മറ്റും ഉണ്ടായിരുന്നു പോലും .പിന്നെ വസ്ത്രങ്ങള്‍ സ്ഥാനം തെറ്റിയും .. നമ്മളെ ഒന്നും പോലീസ് പരിസരത്ത് കൂടി അടുപ്പിച്ചില്ല ...എല്ലാം കേട്ടറിവുകള്‍ മാത്രം. പിന്നെ ഉത്സവങ്ങള്‍ വരുമ്പോള്‍ അവള്‍ ഒരു നൊബരം ആയി. .പിന്നെയും രണ്ടുമൂന്നു ഉത്സവങ്ങള്‍ക്ക് ഉണ്ടായെങ്കിലും "കുളം മുതലാളി "എത്തിയില്ല .മകനെ കൊലപാതകത്തിന്  അറസ്റ്റു ചെയ്തു .. ഈ പ്രശ്നങ്ങള്‍ ഒക്കെ ആകാം കാരണം . 

"എന്തെങ്കിലും തരണേ ..... "ശബ്‌ദംകേട്ട് തിരിഞ്ഞു നോക്കി .പ്രായമായ ഒരു സ്ത്രീ കൈ നീട്ടുകയാണ്. പോക്കറ്റിലുള്ള ഇരുപതു രൂപ നോട്ടു എടുത്തു കൊടുത്തു . ഒരു ചിരി പാസ്സാക്കി അവര്‍ നടന്നകന്നു .
"ഇരുപതു  രൂപ ഒക്കെ കൊടുക്കുവാന്‍ നിന്റെ കുടുംബക്കാരിയാണോ അത് ..അല്ലെങ്കില്‍ പഴയ കണക്കോ ?"കൂട്ടുകാര്‍ കളിയാക്കി 
"എടൊ ..പാവം തോന്നി .... കൊടുത്തു കയ്യില്‍ വന്നത് ഇരുപതാണ് അത് കൊണ്ട് കൊടുത്തു ."
"ഇതിനോടൊന്നും പാവം തോന്നരുത് ..."
"അതെന്താ ?"
"എടാ അത് "കുളം മുതലാളി"യാണ് .."
ഞാന്‍ ഞെട്ടി .മനസ്സില്‍ എന്തോ ഒരളാല്‍ ...  ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപം. ഇവര്‍ക്ക് എന്ത് സംഭവിച്ചു ?
കൂട്ടുകാര്‍ പറഞ്ഞു തുടങ്ങി 

കൊലപാതകത്തിന്റെ പേരില്‍ അവരുടെ മകന്‍ പിടിക്കപെട്ടുവെങ്കിലും തുടര്‍അന്യെഷണത്തില്‍ അവരുടെ ജാരനാണ്‌ അത് ചെയ്തതെന്ന് പോലീസ് മനസ്സിലാക്കി. കഥ നാട്ടില്‍ പടര്‍ന്നപ്പോള്‍ അപമാനം മൂലം അവര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെയായി. കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങിയ മകന്‍ മദ്യപാനത്തിന് വേണ്ടിയും മറ്റു അനാശ്യാസ പ്രവര്‍ത്തനത്തിനും വേണ്ടി സ്വത്തുക്കള്‍ ഒന്നൊന്നായി വിറ്റു  തുലച്ചു കൊണ്ടിരുന്നു.. കേസ് നടത്തുവാന്‍ മുന്‍പേ തന്നെ കുറെയേറെ ചിലവാക്കിയിരുന്നു .. അനുദിനം അവര്‍ ക്ഷയിച്ചു കൊണ്ടിരുന്നു ... .കുറച്ചു നാള്‍ക്കു ശേഷം വീടും പറമ്പും ഒക്കെ ബാങ്കുകാര്‍ കൊണ്ട് പോയി .പിന്നെ വാടകയ്ക്ക് താമസം ആയി . ഒരു സുപ്രഭാതത്തില്‍ അവരുടെ മകനെ സ്വയം മരിച്ച നിലയില്‍ കണ്ടെത്തി . അന്നേരം തുടങ്ങിയതാണ്‌ മാനസിക രോഗത്തിന്റെ ലക്ഷണങ്ങള്‍ .. വാടക കിട്ടാതായപ്പോള്‍ ഉടമസ്ഥന്‍ വീട്ടില്‍ നിന്നും പുറതാക്കി. അതോടെ  മാനസികമായി കൂടുതല്‍  തകര്‍ന്നു ..പിന്നെ തെരുവില്‍ .... ഇപ്പോള്‍ ഇങ്ങിനെ ജീവിക്കുന്നു. ..ആ പെണ്ണിനെ കൊന്നതില്‍ ഇവളും ഉണ്ടെന്നു പറയപ്പെടുന്നു ...മകന്റെ മരണത്തിലും ...തെളിവൊന്നുമില്ല  അത് കൊണ്ട് രക്ഷപ്പെട്ടു "

രക്ഷ പെട്ടോ ? ഇതാണോ രക്ഷ ? ചോദിക്കണം എന്ന് തോന്നി .പക്ഷെ വാക്കുകള്‍ പുറത്തു വന്നില്ല.

എല്ലാം കേട്ട് ഞാന്‍ നെടുവീര്‍പ്പിട്ടു. ഓരോരോ മനുഷ്യരുടെ കാര്യങ്ങള്‍ .ഈ ഉത്സവത്തിന്‌ കിട്ടിയ വലിയ ഒരു ഷോക്ക്‌ ആയിരുന്നു അതു. നാട്ടില്‍ തന്നെ ഉണ്ടായിരുനെങ്കില്‍ ഇത്ര ഞെട്ടല്‍ വരില്ലായിരുന്നു. കാലാകാലം അറിയുമായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തത് കൊണ്ട് ഉണ്ടായതാണ് ഈ ഞെട്ടല്‍ . എന്തോ ഒരു അസ്വസ്ഥത പടരുന്നതായി തോന്നി .

"എന്നാല്‍ മടങ്ങി പോകാം ..അല്ലെ ?"ഞാന്‍ ചോദിച്ചു
"നീയല്ലേ പറഞ്ഞത് ഇന്ന് മുഴുവന്‍ ഉറക്കം കളഞ്ഞു ഇവിടെ കറങ്ങണം എന്ന് ..."
"പറ്റുനില്ല ... തലവേദന .. മറ്റൊരു ദിവസം ആകാം "

മടങ്ങി പോകുമ്പോള്‍ ഉത്സവ പറമ്പിലെ  ആള്കൂട്ടത്തിനിടയില്‍ വീണ്ടും ഞാന്‍ ആ രൂപത്തെ തിരഞ്ഞു കൊണ്ടിരുന്നു ..അത് അവര്‍ തന്നെയാണെന്ന് ഉറപ്പിക്കുവാന്‍ ....പക്ഷെ അവര്‍ അവിടെ ഒന്നും ഉണ്ടായിരുനില്ല ..വീട്ടിലേക്കു നടക്കുമ്പോള്‍ അവരുടെ മുഖം ഒന്ന് കൂടി ഊഹിച്ചെടുക്കുവാന്‍ നന്നേ പാടുപെട്ടു


കഥ :പ്രമോദ് കുമാര്‍ .കെ .പി


4 comments:

 1. ഇത് കഥയോ സംഭവമോ..? നന്നായി എഴുതി.

  ReplyDelete
 2. സംഭവം പോലെ കഥ

  ReplyDelete
 3. കുളം മുതലാളി സംഭവ കഥയാണോ എന്തായാലും വായിച്ചു ,

  ReplyDelete
 4. രക്ഷ പെട്ടോ ? ഇതാണോ രക്ഷ ? ചോദിക്കണം എന്ന് തോന്നി .പക്ഷെ വാക്കുകള്‍ പുറത്തു വന്നില്ല.

  നല്ല ഒരു കുറിപ്പ്‌ ആണെന്നേ എനിക്ക് തോനിയിട്ടുള്ളൂ .ഇതാണ് പറയുന്നത് അവന്‍ ചെയ്ത പാപം അവര്‍ തന്നെ അനുഭവിക്കേണ്ടി വരും എന്ന് പറയുന്നത് .

  ReplyDelete