Saturday, March 8, 2014

അനിവാര്യം

ആശുപത്രിയിലേക്ക് കടക്കുമ്പോൾ തന്നെ   നെഞ്ചിടിപ്പ്  കൂടിയമാതിരി...കയ്യും കാലും വിറക്കുന്നുണ്ടോ ?ശരീരം വിയർപ്പിൽ കുതിരുന്നുവോ ?ഇത് ഇന്നത്തോടെ അവസാനിപ്പിക്കണം ..അല്ലെങ്കിൽ ടെൻഷൻ കൊണ്ട് ചത്തുപോകും..പല തവണ ആലോചിച്ചും ചിന്തിച്ചുമാണ്  അവസാനം ഈ തീരുമാനത്തിൽ എത്തിയത്. റിസപ്ഷനിൽ ചോദിച്ചു മനസ്സിലാക്കി ഡോക്ടറുടെ റൂം കണ്ടു പിടിച്ചു.അടഞ്ഞുകിടന്ന വാതിലിനു മുകളിലെ ബോർഡ്‌ നോക്കി .. അതെ ഡോക്ടർ സൂസന്ന റായി  തന്നെ ...വലിയ കൂട്ടം തന്നെ അവിടുണ്ടായിരുന്നു.എന്തായാലും വിളിച്ചു പറഞ്ഞു അപോയിന്റ്മെന്റ്  മുൻപേ വാങ്ങിയതിനാൽ തനിക്കു പ്രശ്നം ഉണ്ടാവില്ല .പതിനൊന്നു മണിക്ക് എത്തുവാനാണ് പറഞ്ഞത് .സമയം ഇനിയുമുണ്ട് ..പലരുടെ  കൂടെയും കൂട്ടിനു ആളുണ്ട് .അത് ഭർത്താവ്  ആകാം അച്ഛൻ ആകാം സഹോദാരനാകാം  അമ്മയോ ചേച്ചിയോ മറ്റു ബന്ധുക്കളോ കൂട്ടുകാരോ ആവാം.ഞാൻ മാത്രം തനിച്ചു ..എനിക്ക് കൂട്ട് വരേണ്ടവൻ ...വേണ്ട  ഒന്നും ഓർക്കരുത് ...ചിന്തകൾ ചൂട് പിടിക്കുമെന്ന് തോന്നിയപ്പോൾ ആ ഭാഗം വിട്ടു..നിറയെ ഗർഭിണികൾ അവിടവിടായി നില്ക്കുന്നു..കൂട്ടുവന്നവർ ഇരുന്നു പരസ്പരം സൊറ പറയുന്നു...നില്ക്കാനും മറ്റും വിഷമം ഉള്ളവരെ സീറ്റ്‌  കൊടുത്ത് സഹായിക്കുവാൻ കൂടി ആരും താല്പര്യപെടുനില്ല...പലരും അവരെ കണ്ടില്ലെന്നു നടിച്ചു പല പ്രവർത്തികളിൽ  മുഴുകുന്നു. വേറെ ചിലർ റൂമിന്റെ വാതിൽ തുറക്കുന്നതും പേര് വിളിക്കുന്നതുംകാത്തിരിപ്പാണ്.

"മീര  "...പേര് വിളിച്ചത് കേട്ടപ്പോൾ അവൾ ഓർമകളിൽ നിന്നും ഞെട്ടി.ഹൃദയ മിടിപ്പോടെ അവൾ അകത്തേക്ക് കടന്നു .പുഞ്ചിരിക്കുന്ന സിസ്റ്റരെയും കടന്നു അവൾ ഗൌരവം പൂണ്ടിരിക്കുന്ന ഡോക്ടറുടെ മുന്നിലേക്ക്‌ ചെന്നു .അവർ ചൂണ്ടികാട്ടിയ കസേരയിൽ ഇരിക്കുമ്പോൾ വിയർക്കുന്നുണ്ടായിരുന്നു.

"മീര ..അല്ലെ ? കാര്യം പറയൂ .."

എവിടുന്നോ കിട്ടിയ ധൈര്യം കൊണ്ട് എല്ലാം പറഞ്ഞവസാനിപ്പിച്ചു .സിസ്ടരുടെ ചിരിച്ചുവോ ?അങ്ങിനെ തോന്നി .

"മീര ...ഇങ്ങിനെ ഒരു പ്രശ്നം ഉണ്ടായാൽ നിങ്ങൾ ആദ്യം അവനെതിരെ പോലീസിൽ  കമ്പ്ലൈന്റ് കൊടുക്കണം.അല്ലാതെ നിങ്ങളുടെ വയറ്റിലെ കുഞ്ഞിനെ കൊല്ലുകയല്ല വേണ്ടത് .അതിനെ പ്രസവിച്ചു അതിന്റെ അച്ഛനെ കാണിക്കണം..അച്ഛൻ ആരാണെന്ന്  തെളിയിക്കണം .നിങ്ങളെ പോലുള്ളവരാണ് ഇത്തരകാർക്കു ,ഇതുപോലത്തെ  ഫ്രോടുകൾക്ക് ഈ സമൂഹത്തിൽ നിലനില്ക്കുവാൻ പ്രേരണ ആവുന്നത്...നിങ്ങളെ പോലെ വിദ്യാഭാസം ഉള്ളവർ ഇവർക്കെതിരെ  പ്രതികരിക്കണം. അബോർഷൻ എന്ന് പറയുന്നത് ഒരുതരം കൊലപാതകമാണ് ..അത് നിയമ വിരുദ്ധവുമാണ് ......"

"എനിക്ക് വേണ്ടത് ഉപദേശമല്ല ...ജീവിതമാണ് ..."

മീര ബാഗിൽ നിന്നും ഒരു കെട്ടു നോട്ട്‌ എടുത്തു ഡോക്ടറുടെ മേശപുരത്തിട്ടപോൾ അവരുടെ വായ അടഞ്ഞു.അവരതെടുത്തുകൊണ്ട് പറഞ്ഞു

"എന്നാൽ നമുക്ക്  ഈ വരുന്ന  വെളളിയാഴ്ച  ചെയ്താലോ ?'

അവൾ  സമ്മതം മൂളി ..

"എങ്കിൽ രാവിലെ ഒൻപതു മണിക്ക് വരിക ..കൂട്ടത്തിൽ ആരെയെങ്കിലും കൊണ്ട് വരണം.ചില ഫോർമാലിട്ടീസ്‌   ഒക്കെ  ഉണ്ട് "

സമ്മതം   എന്ന്  തലയാട്ടി  റൂമിന് പുറത്തേക്കിറങ്ങുമ്പോൾ തന്നെ നോക്കികൊണ്ടുള്ള സിസ്ടരുടെ "അളിഞ്ഞ "ചിരി മീര അവഗണിച്ചു.

ഉപദേശം തരുവാൻ പലരുമുണ്ടാകും ..പക്ഷെ ജീവിതം തന്റെതാണ് ...കേസിനും മറ്റും പോയാൽ ചിലപോൾ വിജയിക്കുമായിരിക്കും .നീതി കിട്ടുമായിരിക്കും..പക്ഷെ സമയമെടുക്കും ..അത്രയും നാൾ മാധ്യമങ്ങൾ തന്നെ കടിച്ചുകീറും .ചുരുങ്ങിയ പക്ഷം നാട്ടുകാർ  എങ്കിലും...കുടുംബത്തിന്  ചീത്ത പേരുണ്ടാകും ..അച്ഛനും ചേട്ടനുമൊക്കെ തലതാഴ്ത്തി നടക്കേണ്ടി വരും അമ്മ കുടുംബത്തിൽ അവഗണിക്കപെടും നാട്ടുകാർക്കിടയിൽ  ചീത്തവൾ  എന്നാ പേരുദോഷം ഉണ്ടാകും .തന്റെ ജീവിതം അതോടെ തീരും .വേണ്ട .അഥവാ നീതി കിട്ടിയാൽ തന്നെ കോടതി അടിചേൽപ്പിക്കുന്ന ഒരു ബന്ധമായെ അവൻ കരുതൂ ഒരിക്കലും തനിക്കു സമാധാനം കിട്ടില്ല എത്ര ദുസ്സഹമായിരിക്കും  ആ ജീവിതം .അത് വേണ്ട ...എനിക്ക് ജീവിക്കണം .എല്ലാവരെയും പോലെ .....സമാധാനത്തോടെ ..അവൾ ഹൊസ്റ്റലിലെക്കു വലിച്ചു നടന്നു.

വെള്ളിയാഴ്ച വൈകുന്നേരം റീജയുടെ കയ്യും പിടിച്ചു ആശുപത്രിയിൽ നിന്നും ഇറങ്ങുമ്പോൾ തന്റെ ശരീരത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളൊക്കെ പുറംതള്ളിയതുപോലെ മീരക്ക് അനുഭവപെട്ടു.താൻ ശുദ്ധീകരിക്കപെട്ടിരിക്കുന്നു .കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നം പോലെ കരുതിമറക്കണം .തനിക്കും ഒരു ജീവിതം വേണം ..ഭാര്യയായി, മരുമകളായി  ,അമ്മയായി ,അമ്മൂമ്മയായി  ..എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്ന ഒരു ജീവിതം തനിക്കും ഉണ്ടാകണം ....വഞ്ചന ആണെന്നറിയാം ..സ്വാർഥത ആണെന്നറിയാം ...എന്നാലും ജീവിക്കുവാനുള്ള   ആഗ്രഹം ഉള്ളതുകൊണ്ട് മരണത്തെ വരിക്കുവാൻ കഴിയില്ല ... അത് കൊണ്ട് എനിക്ക് ജീവിക്കണം എല്ലാവരെയുംപോലെ  തലയുയർത്തി പിടിച്ചു കൊണ്ട് തന്നെ .......നിസ്സഹായയായ എന്നെ ദൈവം കാത്തുകൊള്ളും ...എന്റെ തെറ്റുകൾ അവൻ പൊറുത്തുകൊള്ളും ..മീര  ഏങ്ങി ഏങ്ങി  കരഞ്ഞു...റീജ അവളുടെ കയ്യില മുറുകെ പിടിച്ചു .."താനൊന്നും പേടിക്കെണ്ടാടോ മറക്കുവാനുള്ളത് മറക്കണം  അത് എന്ത് തന്നെയായാലും" ..എന്ന് ചെവിയിലും പറഞ്ഞപ്പോൾ അതൊരു വലിയ ആശ്വാസമായി അവൾക്കു തോന്നി ..അവളുടെ ചുണ്ടിൽ വരണ്ട ഒരു ചിരി വിടർന്നു .

സൈറൻ  അടിച്ചു വലിയ ശബ്ദത്തോടെ വന്ന ആംബുലൻസിൽ നിന്നും ഇറക്കിയ ചോരയിൽ കുളിച്ച രൂപത്തെ കണ്ടു മീര ഞെട്ടി. അവിടേക്ക് കുതിക്കുവാനോരുങ്ങിയ മീരയെ റീജ തടഞ്ഞു .അവളെ മുറുക്കെ പിടിച്ചു കൊണ്ട് വലിച്ചു നടക്കുമ്പോൾ അവൾ ആവർത്തിച്ചു

"മറക്കുവാനുള്ളത് മറക്കണം  അത് എന്ത് തന്നെയായാലും" ..

അതാണ്‌ ശരിയെന്നു മീരക്കും തോന്നി....എല്ലാം മറക്കുവാൻ അവൾ ശ്രമിക്കുകയായിരുന്നു.എല്ലാ പ്രശ്നങ്ങളും അകന്നകന്നു പോകുന്നതായി അവള്‍ക്കനുഭവപെട്ടു.അവളും റീജക്കൊപ്പം ആശുപത്രിക്ക്  പുറത്തേക്ക് വലിച്ചു നടന്നു


കഥ :പ്രമോദ് കുമാർ .കെ.പി8 comments:

 1. മറക്കാനുള്ളത് മനപ്പൂര്‍വമെങ്കിലും മറക്കാതെ ജീവിക്കാന്‍ പ്രയാസം തന്നെ.

  ReplyDelete
  Replies
  1. മറക്കേണ്ടത് മറക്കണം ..അല്ലെങ്കില്‍ ജീവിക്കുക പ്രയാസം

   Delete
 2. ചോരയില്‍ കുളിച്ച ആ രൂപം അവിചാരിതമായി വന്നതാണോ അവിടെ? അത്രയ്ക്കങ്ങ് ക്ലിയര്‍ ആയില്ല

  ReplyDelete
  Replies
  1. എങ്ങിനെയോ എത്തിപെട്ടതാണ് ..ആക്സിടെന്റ്റ്‌ ആവാം അല്ലെങ്കില്‍ കയ്യിലി നരുപ്പിന്റെ ഗുണം ആകാം.മനം നിറഞ്ഞു സ്നേഹിച്ച പുരുഷനെ ഒരു സ്ത്രീക്ക് ഒരിക്കലും മറക്കുവാന്‍ കഴിയില്ല അവന്‍ എന്ത് തെറ്റു ചെയ്താലും അതറിയാവുന്നത് കൊണ്ടാകും കൂട്ടുകാരി അവളെ പിടിച്ചുവലിച്ചു നടന്നത്

   Delete
 3. .......എങ്കിലും എത്ര പ്രയത്നിച്ചാലും ഓര്‍മ്മകള്‍ തികട്ടിവരാതിരിക്കുമോ?!!
  ആശംസകള്‍

  ReplyDelete
  Replies
  1. ജീവിക്കണം ഈ ഭൂമിയില്‍ അവള്‍ക്കും അതും മാന്യമായി ..എങ്കില്‍ പലതും മറക്കേണ്ടെ ഓര്‍മകളില്‍ ഉണ്ടെങ്കില്‍ പോലും മരച്ചുപിടിക്കണ്ടേ

   Delete
 4. മറക്കാനുള്ളത് മനപ്പൂര്‍വമെങ്കിലും മറക്കാതെ ജീവിക്കാന്‍ പ്രയാസം തന്നെ...

  ReplyDelete
  Replies
  1. മറന്നു കൊണ്ട് ജീവിക്കുക ...അതെ ഉള്ളൂ മാര്‍ഗം

   Delete