Saturday, June 11, 2016

ഇനി തനിയെ

ഇനി ഈ വയസ്സുകാലത്ത് ഒറ്റയ്യ്ക്ക് ...ജീവിതത്തില്‍ എല്ലാം നേടി എന്നുള്ള അഹങ്കാരമായിരുന്നു ഇതുവരെ ..എത്ര പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്.സ്നേഹമയിയായ ഭാര്യ ,മകന്‍,മരുമകള്‍ ,ചെറുമകള്‍ എല്ലാവരും തന്നെ ഇവിടെ നിര്‍ത്തി കടന്നു കളഞ്ഞു.ഒരു വാക്ക് പോലും പറയാതെ.അവര്‍ ഉപേക്ഷിച്ചു പോകാന്‍ മാത്രം താന്‍ എന്ത് തെറ്റാണ്  ചെയ്തിരിക്കുക?അവര്‍ പോകുബോള്‍ തന്നെയും വിളിക്കാമായിരുന്നു ..പക്ഷെ വിളിച്ചില്ല .ഈ വയസ്സനെ കൊണ്ട് പോയിട്ട് എന്ത് പ്രയോജനം എന്ന് കരുതികാണും.


അതിര് കവിഞ്ഞൊഴുകിയ കൌമാരം തടുത്തു നിര്‍ത്തിയത് അവളായിരുന്നു.അവള്‍ ജീവിതത്തിലേക്ക് വന്നതില്‍ പിന്നെ അതിനു  അടുക്കും ചിട്ടയുമായി .കപ്പലോടിക്കുന്ന നാവികനെ പോലെ കാറ്റും കോളുംനിറഞ്ഞു ആടിയുലഞ്ഞ ജീവിതമെന്ന കപ്പലിനെ നേരെ വഴിക്ക് നയിക്കുവാന്‍ അവളും ഒപ്പമുണ്ടായിരുന്നു.എനിക്ക് വേണ്ടി അവളുടെ പല സ്വഭാവങ്ങളും ശീലങ്ങളും മാറ്റി .പലതും സഹിച്ചു.പക്ഷെ ഞാന്‍ പലപ്പോഴും തന്റെ ശീലങ്ങളിലും തന്നിഷ്ടങ്ങളിലും  ഉറച്ചു തന്നെ നിന്നപ്പോള്‍ അവള്‍ എതിര്‍ത്തുമില്ല ...അതിനു ചേരുന്ന വിധത്തില്‍ ഒപ്പം കൂടി.മുന്‍കോപകാരനായിരുന്ന എന്റെ കോപം പോലും അവള്‍ വളരെ ശാന്തമായി കണ്ടു പ്രതികരിച്ചു  .ഒരിക്കല്‍ പോലും വേണ്ടാത്ത കാര്യങ്ങളില്‍  പിണങ്ങി നിന്നത് കണ്ടില്ല ..എല്ലാം എനിക്ക് വേണ്ടി സഹിക്കുകയും പൊറുക്കുകയും ചെയ്തു...അവളാണ് ഇന്ന് തന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നത്.

വാസവന്‍ ജനിച്ചതില്‍ പിന്നെയാണ് തനിക്കു നന്നാവണം എന്നൊരു തോന്നലുണ്ടായത്‌.അവന്റെ കളി ചിരികളില്‍ താന്‍ വീണു പോയി എന്ന് പ റയുന്നതായിരിക്കും ഉത്തമം .ചീത്ത കൂട്ടില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും പതിയെ പിന്നോട്ടടിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ അവന്‍ ജീവിതത്തിലേക്ക് വന്നത്.അവന്റെ ചിരികള്‍ ഒരിക്കലും മാഞ്ഞു പോകരുത് എന്ന് കരുതിയ ഞാന്‍ പിന്നെ വഴിപിഴച്ചു പോയില്ല .നല്ല ഭര്‍ത്താവും അച്ഛനുമായി മാറുകയായിരുന്നു. അച്ഛനും മകനും നല്ല കൂട്ടുകാരായിരുന്നു.എന്തിനു ഏതിനും പരസ്പരം കാര്യങ്ങള്‍ അന്വേഷിച്ചു ചര്‍ച്ചചെയ്തു തീരുമാനമെടുത്തു.പക്ഷെ അവനും ഇങ്ങിനെ ഒരു ചതി എന്നോട് ചെയ്യുമെന്ന്   കരുതിയില്ല...എന്നാലും ഒന്നും പറയാതെ  അവനും  ...

അനു  തനിക്കു മരുമകള്‍ ആയിരുനില്ല മകള്‍ തന്നെയായിരുന്നു.അവള്‍ സ്വന്തം അച്ഛനെപോലെ തന്നെയാണ് തന്നെ കണ്ടതും സ്നേഹിച്ചതും പരിപാലിച്ചതും ..അച്ഛനില്ലാതെ വളര്‍ന്ന കുട്ടിയായതുകൊണ്ടാവാം അവള്‍ക്കു താന്‍ സ്വന്തം അച്ഛനായിരുന്നു.അച്ചനെകൊണ്ടുള്ള  ആവശ്യങ്ങള്‍ ഒക്കെ ഞാന്‍ ഭംഗിയായി നടത്തികൊടുക്കുകയും ചെയ്തിരുന്നു എന്നിട്ടും അവള്‍ക്കു എങ്ങിനെ  തോന്നി ഈ വൃദ്ധനെ ഉപേക്ഷിക്കുവാന്‍ ?ഒരു അച്ഛനെ വേണ്ടെന്നു പറഞ്ഞു പോയികളയുവാന്‍

മിയയിലായിരുന്നു താന്‍ എന്റെ വാര്‍ധക്യം ആസ്വദിച്ചുപോന്നത്.അവളുടെ കളിചിരികളില്‍ താന്‍ തന്റെ പ്രായം പോലും മറന്നു.അച്ചാച്ച  എന്ന് വിളിച്ചു അവള്‍ എപ്പോഴും തന്റെ ചുറ്റിലും കൂടി.അവള്‍ക്കൊപ്പം മണ്ണപ്പം ചുട്ടും ഒളിച്ചു കളിച്ചും താന്‍ അവളെ പോലെ കൊച്ചുകുട്ടിയായി.പ്രായത്തിന്റെ അവശതകള്‍ അവള്കൊപ്പം കളിക്കുമ്പോള്‍ അറിഞ്ഞിരുനില്ല.അത് ഒരിക്കല്‍പോലും ശരീരത്തില്‍  പ്രശ്നവുമുണ്ടാക്കിയില്ല ..അവളോടോപ്പമുള്ള നിമിഷങ്ങള്‍ തന്നില്‍ ഊര്‍ജം നിറക്കുകയുമായിരുന്നു.ഇനിയും കുറേകാലം കൂടി  ജീവിക്കുവാനുള്ള  ഊര്‍ജം....എന്നും രാവിലെ എഴുനേറ്റു അവള്‍ ആദ്യം അന്വേഷിക്കുന്നതും തന്നെയായിരുന്നു.എന്നിട്ടും അവള്‍ അച്ചച്ചനോട് ഒരു വാക്ക് പറയാതെ പോയികളഞ്ഞു ...അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ..അച്ഛനും അമ്മയും വിളിക്കുബോള്‍ കൊച്ചു കുഞ്ഞു എന്ത് ചെയ്യാന്‍ ?

""മാഷേ ഇനി ആരെങ്കിലും വരുവാനുണ്ടോ ?"  ഓര്‍മകളില്‍ നിന്നും ഞെട്ടി ...ചോദ്യം മനസ്സിലാകാത്തപോലെ അയാളുടെ മുഖത്തേക്ക് നോക്കിയിരുന്നു...

" മാഷേ എന്നാല്‍ ബോഡിയൊക്കെ   എടുക്കുകയല്ലേ ....".യാഥാര്‍ത്ഥ്യത്തിലേക്ക് മനസ്സ് തിരിച്ചു വന്നു ..പരിസരബോധമുണ്ടായി..അടക്കി പിടിച്ച തേങ്ങലുകള്‍ കാതില്‍ വന്നു പതിച്ചു.താഴെ വെള്ളത്തുണിയില്‍ മൂടികെട്ടിയ നാല് ദേഹങ്ങള്‍ നോക്കുവാനാകാതെ മുഖം തിരിച്ചു.

ആരൊക്കെയോ നിര്‍ദേശങ്ങള്‍ നല്‍കുന്നത് കണ്ടും കേട്ടുമിരിന്നു.ഒരു ജീവചവം പോലെ .താന്‍ ഇനി എന്ത് പറയുവാന്‍....ദേഹങ്ങള്‍ ഓരോന്നായി പുറത്തേക്കു കൊണ്ടുപോയി...അകമ്പടിയായി  നിലവിളികളും.... .ചാരുകസേരയില്‍ നിന്നും മറിഞ്ഞു വീഴുമെന്നായപ്പോള്‍ മുറുക്കെ പിടിച്ചുകൊണ്ടു പിന്നിലേക്ക്‌ ചാരി കിടന്നു..

അനുകമ്പയുടെയും സഹതാപത്തിന്റെയും  അനേകം കണ്ണുകള്‍ തന്റെ നേര്‍ക്ക്‌ വരുന്നത് കണ്ടു അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു .അപ്പോള്‍ കാതുകളില്‍ പതിഞ്ഞത്  അപകടത്തില്‍ പെട്ടവരുടെ ആര്‍ത്തനാദവും നിലവിളിയും ഞരക്കവുമായിരുന്നു

കഥ :പ്രമോദ് കുമാര്‍. കെ.പി
ചിത്രങ്ങള്‍ : കേരള വാട്ടര്‍ കളര്‍ സോസെറ്റി \ഇന്റര്‍നാഷനല്‍  വാട്ടര്‍ കളര്‍


5 comments:

 1. Replies
  1. നന്ദി സുഹൃത്തേ ...കുറേകാലമായി ഒരു കഥ എഴുതിയിട്ട് ...പേടിയോടെയാണ് കുറിച്ചതും പങ്കുവെച്ചതും,,,ആദ്യ ആളില്‍ നിന്നും തന്നെ നല്ല വാക്ക് കേട്ടതിനു നന്ദി

   Delete
 2. അവസാനമാണ് ദാരുണരംഗത്തിന്‍റെ ചിത്രം ദുഃഖസാഗരംപ്പോലെ മനസ്സിലേക്ക് ഇരമ്പിക്കയറി വന്നത്............
  നന്നായിരിക്കുന്നുരചന.
  ആശംസകള്‍

  ReplyDelete
 3. നന്ദി തങ്കപ്പന്‍ ചേട്ടന്‍ കുറേകാലമായി ഒരു കഥ എഴുതിയിട്ട് ...പേടിയോടെയാണ് കുറിച്ചതും പങ്കുവെച്ചതും,...

  ReplyDelete
 4. This comment has been removed by the author.

  ReplyDelete