Thursday, August 21, 2014

പാപ്പാത്തിഇപ്പോള്‍  കുട്ടിയുടെ നില അതീവഗുരുതരമാണ് .നമുക്ക് ചെയ്യുവാന്‍ പറ്റുന്നത് മാക്സിമം ചെയ്യുന്നുണ്ട്.പക്ഷെ വലിയ ഒരു മാറ്റം ഒന്നും കാണാനില്ല .ശരീരം ചികിത്സയോട് ശരിയായി പ്രതികരിക്കുനില്ല .ഇനി എല്ലാം ദൈവത്തിന്റെ തീരുമാനം പോലെയായിരിക്കും..:” ഡോക്റ്ററുടെ  വാക്ക് കേട്ട് നയന നടുങ്ങി .തനിക്ക് ആകെയുള്ളത്  ഇവന്‍ മാത്രമാണ് .ബന്ധുക്കള്‍  എന്ന് പറയുന്നവരൊക്കെ ഒളിച്ചോടിയ കല്യാണത്തോടെ നഷ്ട്ടപെട്ടു. പണം വാരുവാനുള്ള  “ജോലി തിരക്ക് “കൊണ്ട്  ഭര്‍ത്താവിനും തന്നെ മടുത്തു.അല്ലെങ്കില്‍  അയാള്‍ ......ഭൂതകാലം ഒന്നും ഓര്‍ക്കുവാന്‍ നയന ഇഷ്ട്ടപെട്ടില്ല.

“കുട്ടി ബോധം വരുമ്പോള്‍ ആരുടെയോ പേര് പറയുന്നുണ്ട് ..പക്ഷെ വ്യക്തമാകുനില്ല ..അത് ആരാണ്  എന്ന് ആദ്യം  മനസ്സിലാക്കണം . അവരുടെ സാന്നിധ്യം ചിലപ്പോള്‍ കുട്ടിയുടെ നില മെച്ചപെടുത്തിയേക്കും.അസുഖം തുടങ്ങിയ നാളില്‍ അവനു വേണ്ടുന്ന പരിചരണം കിട്ടിയില്ല.ഒറ്റപെട്ടു എന്ന തോന്നല്‍  കുട്ടിയുടെ മനസ്സില്‍ കടന്നു കൂടിയത് പിഞ്ചുമനസ്സിന് വലിയ ആഘാതമായി.  അത് കൊണ്ടാണ് കാര്യം ഇത്ര വഷളായത്..കുട്ടിയുടെ  മനസ്സ് ശാന്തമായാലെ ചികില്‍സ ഫലപ്രദമാകൂ ...  പ്രാര്‍ഥിക്കുക”

“ആരുടെ പേരാണ് ഡോക്ടര്‍  മോന്‍  പറയുന്നത്  ?”

“കുട്ടി നിങ്ങളെ എന്താണ് വിളിക്കുന്നത്‌ ?”ഡോക്ടര്‍ മറുചോദ്യം ചോദിച്ചു .

നയന പരുങ്ങി.എന്താണ് അവന്‍ തന്നെ വിളിച്ചിരുന്നത്‌ .?എന്തെങ്കിലും വിളിക്കാറുണ്ടോ ?ജോലിയുടെ തിരക്കില്‍  അവനെ ശ്രദ്ധിക്കാറില്ല..രാവിലെ പോകുമ്പോള്‍ അവന്‍ ഉറങ്ങുകയായിരിക്കും . വൈകി എത്തുബോഴും അങ്ങിനെ തന്നെ .ഒഴിവു ദിവസവും പലപ്പോഴും ലാപ്പിനു കീഴില്‍   ജോലിയിലാകുന്ന ഞാന്‍  അവനെ  അങ്ങിനെ  ശ്രദ്ധിക്കാരുമില്ല വല്ല്പോഴും ഇടയ്ക്കു ലാളിക്കും .പക്ഷെ അവന്‍ പിടി തരില്ല ...ചിലപ്പോള്‍  ചിനുങ്ങും ..അവനു താന്‍ അന്യയാണല്ലോ .അച്ഛന്റെ  കൂടെ കൂട്ടുണ്ട് .അധികവും കാണുന്നത് കൊണ്ടാവാം ..ഈ കാര്യത്തിനു അയാള്‍ പലപ്പോഴും തന്നെ വഴക്കും പറഞ്ഞിട്ടുണ്ട്  ഉപദേശിച്ചിട്ടുണ്ട് ..നീ ഒരു അമ്മയാണോ എന്ന്  കുറ്റപെടുത്തി ചോദിച്ചിട്ടുണ്ട് ..ആര് കേള്‍ക്കാന്‍  .ആര്‍ത്തിയായിരുനില്ലേ  ജോലിയോട്  അല്ല പണത്തോട് ...പലപ്പോഴും  വാക്കുകള്‍ കൊണ്ട്  പരസ്പരം യുദ്ധം ചെയ്തു ..പിന്നെ അത് ശാരീരികമായി...പക്ഷെ താന്‍  നന്നായില്ല .വിട്ടുകൊടുത്തുമില്ല . ഞങ്ങള്‍  ഒരുമിച്ചപ്പോള്‍  അകന്നുപോയത്  രണ്ടുപേരുടെയും  കുടുംബമായിരുന്നു...തന്റെ പെരുമാറ്റം അയാള്‍ക്ക്  സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.അത് കൊണ്ടുണ്ടായ  നഷ്ട്ടങ്ങളും വേദനകളും അതിലേറെയും  .അത് കൊണ്ടാണല്ലോ അയാള്‍ ......

  പിന്നെ വാശിയായിരുന്നു. അയാള്‍ ഇല്ലാതെയും ഇവിടെത്തന്നെ ജീവിക്കണം ആഗ്രഹിച്ചതൊക്കെ നേടണം എന്നുള്ള വാശി.പിന്നെ  തന്നെ തനിച്ചാക്കി പോയികളഞ്ഞ  അയാളോടുള്ള  വെറുപ്പും ..അത് മോനിലെക്കും പടര്‍ന്നിരിക്കണം. പലപ്പോഴും മോനെ ശ്രദ്ധിക്കാരായി .എല്ലാം ജോലികാരെ ഏല്പിച്ചു. .അങ്ങിനെ അവന്‍ തന്നില്‍ നിന്നും കൂടുതല്‍  അകലുകയായിരുന്നു,അല്ല അകറ്റുകയായിരുന്നു. കമ്പനിയിലെ ഒന്നാമന്‍  ആകുവാനുള്ള ഓട്ടത്തിനിടയില്‍  അങ്ങിനെ അകന്നുപോയത്  പലതുമായിരുന്നു...സംരക്ഷിക്കപെടെണ്ടതും സൂക്ഷിക്കേണ്ടതുമായ  പലതും


.അവനു ഒരു വയസ്സ് ആകുന്നതിനു മുന്‍പ് തന്നെ അവന്‍ എന്നില്‍ നിന്നും പൂര്‍ണമായും  അകന്നിരുന്നു.അമ്മിഞ്ഞപാലിന്റെ ബന്ധം കൂടിയില്ലതിരുന്ന എന്നെ അവന്‍ എന്ത് വിളിക്കുവാന്‍.? ആയ ആയിരുന്നു അവന്റെ എല്ലാം..അവര്‍ കാര്യങ്ങള്‍  നല്ലരീതിയില്‍ നോക്കിയതും തനിക്ക് തുണയായി.പണത്തിനും അന്ഗീകാരത്തിനും പിന്നാലെ ആയിരുന്നു മനസ്സും ശ്രദ്ധയും ..അതിനുവേണ്ടി എപ്പോഴും ഓടി കൊണ്ടിരുന്നു...അതെ ഇപ്പോഴും ഓടുന്നു.പക്ഷെ അവനു അസുഖം വന്നു ഈ അവസ്ഥയില്‍  ആയപ്പോള്‍ ...എന്തോ ഒരു കുറ്റബോധം...

“നയന ഒന്നും പറഞ്ഞില്ല.”അവളുടെ പരുങ്ങലില്‍ ഡോക്ടര്‍ക്ക് കാര്യം മനസ്സിലായി.അയാള്‍ ഉള്ളില്‍ ചിരിച്ചു.

“നിങ്ങളെ പോലുള്ള മാതാപിതാക്കളാണ് കുട്ടികളുടെ ശാപം..എന്തിനു വേണ്ടിയാണ് നിങ്ങള്‍ മത്സരിച്ചു ഓടുന്നത് ?പണം വാരുന്നത് ? ആര്‍ക്കുവേണ്ടിയാണ് ?ഒരിക്കലെങ്കിലും അത് ആലോചിച്ചിട്ടുണ്ടോ ?ഇവിടെ തന്നെ നിങ്ങളെ ഒന്ന് കണ്ടു കിട്ടുവാന്‍  ഞാന്‍ തന്നെ എത്ര ശ്രമിച്ചു ?കാര്യത്തിന്റെ ഗൌരവം മുന്‍പേ നിങ്ങളെ പറഞ്ഞു മനസ്സിലാക്കെണ്ടതായിരുന്നു.പക്ഷെ നിങ്ങള്ക്ക് സമയമില്ല  നിങ്ങള്‍ ഒരു ചടങ്ങ് പോലെ ഇവിടെ വരും പോകും.അതുംഒരിക്കലും ഡോക്റ്ററെ കാണുവാന്‍  പോലും കാത്തുനില്‍ക്കാതെ ..... ഇവിടെ പണം അടച്ചാല്‍  എല്ലാമായി  എന്ന്  നിങ്ങളെ പോലുള്ളവര്‍ വിദ്യാഭ്യാസമുള്ളവര്‍ വിചാരിക്കരുത്..അവനവന്റെ  ഉത്തരവാധിത്വം മറ്റുള്ളവര്‍ ചെയ്യില്ല .നീങ്ങളില്‍ നിന്നും ഈ പ്രായത്തില്‍  കുട്ടികള്‍ക്ക്    വേണ്ടത്  സ്നേഹവും സംരക്ഷണവുമാണ്....അത് കിട്ടിയില്ലെങ്കില്‍ അവര്‍ നിങ്ങളില്‍ നിന്നും അകലും..അവര്‍ക്ക് ഈ പ്രായത്തില്‍ വേണ്ടത്  നിങ്ങളുടെ കൂട്ടാണ് .....അല്ലാതെ  പണമല്ല.പണം വേണം നമ്മുടെ ആവശ്യത്തിന് മാത്രം..അല്ലാതെ അതിന്റെ മാത്രം പിന്നാലെയോടി ജീവിതം നശിപ്പിക്കരുത്.നിങ്ങളുടെതു മാത്രമല്ല  കുട്ടിയുടെയും ..”


“ലീവ് ദാറ്റ്‌  ...കുട്ടി എന്താണ്  അച്ഛനെ വിളിക്കുന്നത്‌ ?”

“അവനു വിളിക്കേണ്ട പ്രായമായപ്പോഴെക്കും അവര്‍ പോയി ഡോക്റ്റര്‍ “

“സോറി അറിഞ്ഞിരുനില്ല ....അവന്‍  പാതി  ബോധത്തില്‍  “പപ്പാ “എന്നോ “അപ്പ “എന്നോ ആണ് പറയുന്നത് .ഒരു കാര്യം ചെയ്യുക .നിങ്ങള്‍ കുറച്ചു സമയം അവനടുത്തിരിക്കുക ..എന്താണ് പറയുന്നത് എന്ന് ഊഹിചെടുക്കുക .അതോ ബിസി എന്നു പറഞ്ഞു ഇന്നും മുങ്ങുമോ ?”

“ഇല്ല ഡോക്ടര്‍ ...ഇനി ഞാന്‍ ഇവിടെ തന്നെ ഉണ്ട് ..കാര്യത്തിന്റെ ഗൌരവം ഞാന്‍ മനസ്സിലാക്കുന്നു.”

പെട്ടെന്ന് ഡോര്‍ തള്ളി തുറന്നു നേഴ്സ്  അകത്തേക്ക് വന്നു.
“സാര്‍  കുട്ടിക്ക്  ബോധം വന്നു  അവന്‍  പറയുന്നത്  “പാപ്പാത്തി ““പാപ്പാത്തി “ എന്നാണ്.ഡോക്ടര്‍  സംശയത്തോടെ നയനയെ നോക്കി.
 
“ആരാണ് ഈ പാപ്പാത്തി ?”

“അത് ..അത്  മോന്റെ മുന്‍പത്തെ ആയയാണ്..അവര്‍ ഇവന്റെ ജീവനാണ്.അവരോടോപ്പമായിരുന്നു അവന്‍  ജനിച്ചപ്പോ തൊട്ടു കഴിഞ്ഞ മാസം വരെ.ഇവന്‍  അവരെ അങ്ങിനാ വിളിക്കുന്നത്‌..പാപ്പാത്തി എന്ന്
 
“ഇപ്പൊ അവര് ?’

“കഴിഞ്ഞ  മാസം കല്യാണം കഴിഞ്ഞു ഇപ്പൊ അവര്‍ അവരുടെ  നാട്ടിലാ ..അങ്ങ് തമിഴുനാട്ടിലെവിടെയോ ആണ്  നാട് .മുന്‍പ് പറഞ്ഞത് ഓര്‍മയുണ്ട് .”

‘ഗുഡ് ..നമുക്ക് ഇനി ഒരേ ഒരു വഴിയെ ഉള്ളൂ ..അവരെ എത്രയും പെട്ടെന്ന് ഇവിടെ എത്തിക്കുക  .ആ ഒരു പരീക്ഷണം മാത്രമാണ് ഇനി  നമ്മുടെ മുന്നിലുള്ളത് “

“സാര്‍  അവര്‍  ഇപ്പോള്‍ എവിടെയാണ്  എന്ന്  കൃത്യമായി  അറിയില്ല .അത്  അന്വേഷിച്ചു കണ്ടുപിടിക്കാം .എന്നാലും ഈ അടുത്തു കല്യാണം കഴിഞ്ഞ അവരെ ...എങ്ങിനെ കൊണ്ടുവരും  ?.. എനിക്ക് കല്യാണമേ വേണ്ട എന്നും ഇവിടെ ഞങ്ങള്കൊപ്പം  ജീവിക്കാമെന്നും കരഞ്ഞു പറഞ്ഞതാ അവള്‍ ..പക്ഷെ പിന്നീടുണ്ടാകുന്ന ബാധ്യതയോര്‍ത്തു  ഞാന്‍ തന്നെയാണ്  അവളെ ഇറക്കിവിട്ടതു...?”


‘നോ എസ്ക്യുസ് ...എങ്ങിനെയെങ്കിലും അവരെ കൊണ്ട് വരിക.കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കികൊടുക്കുക  ...നിങ്ങളുടെ എല്ലാ കഴിവും അതിനുവേണ്ടി ഉപയോഗപെടുത്തുക .അത് മാത്രമേ ഇനി  നേരിയതാനെന്കില്‍  പോലും  ഈ കാര്യത്തില്‍ ഒരു പ്രതീക്ഷക്ക് വകയുള്ളൂ  

തമിഴുനാട്ടിലെ അറിയപ്പെടാത്ത ഏതോ ഗ്രാമത്തിലേക്ക് കേട്ടറിവ് വെച്ച്  പാപ്പാത്തിയെയും തേടി യാത്രയാവുമ്പോള്‍  അവളിലുണ്ടായിരുന്നത് പ്രതീക്ഷമാത്രമായിരുന്നു...അവളെ കണ്ടുപിടിക്കാം എന്നും താന്‍  വിളിച്ചാല്‍  പാപ്പാത്തി തിരിച്ചുവരുമെന്ന ഒരു പ്രതീക്ഷ ..അവള്‍ക്കു തന്റെ അപേക്ഷ കേള്‍ക്കാതിരിക്കുവാനാകില്ല എന്ന നേരിയ പ്രതീക്ഷ .
കിട്ടിയ വിവരമനുസരിച്ചുള്ള പലസ്ഥലത്തും അന്വേഷിച്ചെങ്കിലും അങ്ങിനെ ഒരാളെയോ വീടോ കണ്ടുപിടിക്കുവാന്‍  നയനക്ക് കഴിഞ്ഞില്ല.എന്നിട്ടും നയന  പ്രതീക്ഷയോടെ അന്വേഷിച്ചു  കൊണ്ടിരുന്നു


 രണ്ടു ദിവസത്തിനുശേഷം   വെറുംകയ്യോടെ ഹോസ്പിറ്റലില്‍  തിരിച്ചെത്തിയ നയന വിതുമ്പുകയായിരുന്നു.നഷ്ട്ടബോധത്തോടെ മകന്റെ വാര്‍ഡ്‌ ലക്ഷ്യമായി നടന്ന അവളുടെ ചുമലില്‍ ആരോ തട്ടി..ഞെട്ടി തിരിഞ്ഞ  അവള്‍ക്കു മുന്‍പില്‍  ഡോക്ടര്‍ ..
പൊട്ടികരഞ്ഞു കൊണ്ട്  അവള്‍ പറഞ്ഞു ..

“പറ്റിയില്ല ഡോക്റ്റര്‍  അവളെ കണ്ടുപിടിക്കാന്‍ പറ്റിയില്ല ...എന്നാലാവും വിധമൊക്കെ  തിരക്കി ”

ഡോക്റ്റര്‍  ഒന്നും പറഞ്ഞില്ല വരൂ എന്ന് ആഗ്യം കാണിച്ചു ഡോക്റ്റര്‍  മുന്നോട്ടേക്കു നടന്നു.പിന്നാലെ ഭീതിയോടെ നയനയും .മുഴുവനും  മറച്ച മോന്റെ മുറിയുടെ  കാണാവുന്ന ഭാഗത്ത്‌ കൂടി  അകത്തേക്ക് നോക്കിയ അവള്‍  ദൈവത്തെ സ്തുതിച്ചു . മകനോടൊപ്പം  പൊട്ടിച്ചിരിച്ചു കളിക്കുന്ന പാപ്പാത്തി അവള്‍ക്കു വിസ്മയമായി. ഒരു അമ്മയെക്കാളും  ആയക്ക് വലിപ്പമുണ്ടാകുന്നത് നയന അറിഞ്ഞു.പ്രസവിച്ചാല്‍ മാത്രം അമ്മയാവില്ലെന്ന  വലിയൊരു സത്യവും അവള്‍ക്കു ബോധ്യപെട്ടു.അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .


“നയന ഇനിയെങ്കിലും മോനെ സ്നേഹിക്കുക ...പാപ്പാത്തി  സ്നേഹിക്കുന്നതിലും കൂടുതല്‍  നയന അവനെ സ്നേഹിക്കുമ്പോള്‍  അവനെ നയനക്ക്  തന്നെ തിരിച്ചു കിട്ടും.ഗോഡ്‌  ഈസ്‌  ഗ്രേറ്റ്‌  .ദൈവഹിതമോ എന്തോ എന്നറിയില്ല എന്തോ ആവശ്യത്തിന് അടുത്ത പട്ടണത്തില്‍ വന്ന അവര്‍  നിങ്ങളുടെ മോനെകൂടി കാണണം എന്ന് തീരുമാനിച്ചതുകൊണ്ട്  ഇവിടെ എത്തപെട്ടു.. മോന്‍  ഇപ്പോള്‍ നല്ല ഉഷാര്‍  ആയി... ഇനി  ചികില്‍സ വേഗം ഫലിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഞാന്‍ അവരുടെ ഹസ്ബണ്ടിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് .അവര്‍ സഹകരിക്കും .കുറച്ചു നാളത്തേക്ക് ..നിങ്ങള്‍ മോന്റെ ശരിയായ “അമ്മ”യാവുന്നതുവരെയെങ്കിലും ..അവരെ ഒപ്പം പിടിച്ചു നിര്‍ത്തുക  .....”നയന ഡോക്ടര്‍ക്ക്‌  മുന്നില്‍ കൈകൂപ്പി. 


നയന നല്ല ഒരു അമ്മ ആകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു..തന്റെ കണ്മുന്നില്‍ മൂന്ന് വര്ഷം ഉണ്ടായിട്ടും നല്‍കാനാവാതെ പോയ സ്നേഹവാല്‍സല്യം പകര്‍ന്നു നല്‍കുവാന്‍ വെമ്പുന്ന ഹൃദയത്തോടെ അവള്‍ മുറിയിലേക്ക് കടന്നു .അപ്പോഴും മുറിയില്‍ കളിയും ചിരിയും തുടരുകയായിരുന്നു...ഇപ്പോള്‍ അവള്‍ക്കു അതിന്റെ ശബ്ദം കൂടി കേള്‍ക്കുവാന്‍ കഴിഞ്ഞു..

കഥ :പ്രമോദ്‌ കുമാര്‍.കെ.പി 
ചിത്രങ്ങള്‍ :കേരള വാട്ടര്‍കളര്‍ സോസെറ്റി

10 comments:

 1. തമ്മത്തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കും പണത്തിനും ഇടയില്‍ കുഞ്ഞുങ്ങളുടെ മനസ്സ് കാണാന്‍ മറക്കാതിരിക്കട്ടെ.

  ReplyDelete
  Replies
  1. കുഞ്ഞുങ്ങള്‍ നമ്മുടെതാണ്‌ എന്ന് ഓര്‍മിക്കുക

   Delete
 2. പാപ്പാത്തിയെ മുമ്പ് ഏതെങ്കിലും സൈറ്റില്‍ പോസ്റ്റ് ചെയ്തിരുന്നോ? വായിച്ചതുപോലെ നല്ലോണം ഓര്‍മ്മ വരുന്നു.

  ReplyDelete
  Replies
  1. മുന്‍പ് സമാനമായതോന്നു ബ്ലോഗില്‍ തന്നെ കൊടുത്ത്.പക്ഷെ എന്തോ പൂര്‍ണത തോന്നത്തതിനാല്‍ അടുത്തദിവസം പിന്‍വലിച്ചു

   Delete
 3. സ്നേഹമാണഖിലസാരമൂഴിയില്‍........
  മാതാപിതാക്കളായാല്‍ മാത്രംപോരാ............
  നന്നായി എഴുതി "ഒരു അമ്മയെക്കാളും ആയക്ക് വലിപ്പമുണ്ടാകുന്നത് നയന അറിഞ്ഞു." ഇവിടെവെച്ച് അവസാനിപ്പിച്ചാലും കഥയ്ക്ക്‌ തിളക്കംകിട്ടുമായിരുന്നു എന്നാണ് എന്‍റെ അഭിപ്രായം.
  ആശംസകള്‍

  ReplyDelete
  Replies
  1. ഞാനും ആലോചിച്ചതാണ് പക്ഷെ ഒരു പൂര്‍ണത കൈവന്നില്ല എന്നൊരു സംശയം ...നന്ദി തങ്കപ്പന്‍ ചേട്ടന്‍ ,,വിലയേറിയ അഭിപ്രായത്തിനു ....

   Delete
 4. അമ്മയാവാന്‍ മറന്നു പോകുന്ന അമ്മ ജന്മങ്ങള്‍

  ReplyDelete
  Replies
  1. ചില അമ്മ ജന്മങ്ങള്‍

   Delete
 5. അമ്മയാവാന്‍ മറന്നു പോകുന്ന അമ്മ ജന്മങ്ങള്‍...

  ReplyDelete