Wednesday, September 11, 2013

കാത്തിരിപ്പ്

"നൗഷാദെ ...ഇന്ന് മഴ നേരത്തെ ഉണ്ടെന്നാ തോന്നുന്നേ ...പട്ടിണി ആക്കുമോ  നീ ഭഗവാനെ ..."

പക്ഷെ നൌഷാദ് ചിന്തിച്ചത് മറ്റൊന്നായിരുന്നു.പട്ടിണി ആയാലും വേണ്ടില്ല രണ്ടു മണിവരെ എങ്കിലും മഴ പെയ്യല്ലേ എന്നാണ്.രണ്ടു മണിക്കുള്ള "മണവാട്ടി "യിലാണ് അവന്റെ ഖല്‍ബിലെ മണവാട്ടി അതിലെ പോകുക.എപ്പോഴും അവള്‍  ഡ്രൈവറുടെ സീറ്റിനു പിന്നിലത്തെ രണ്ടാമത്തെ സീറ്റിലുണ്ടാവും.കണ്ണുകളിലൂടെ അവർ സംസാരിക്കും .ചിലപ്പോൾ അവൾ ചിരിക്കും .അവന്റെ അടുക്കൽ  ആരും ഇല്ലെങ്കിൽ മാത്രം.കുറച്ചായി അവർ പരസ്പരം  അങ്ങിനെയാണ്.മഴ ആണെങ്കില്‍ ഇന്ന് അവളെ കാണാൻ പറ്റില്ല.ബസ്‌ കർട്ടൻ ഇട്ടു മൂടി മറചിരിക്കും .രാവിലത്തെയും ഈ സമയത്തെയും ദർശനത്തിനു ഒരു പ്രത്യേക സുഖമുണ്ട്.അവൾ ആരാണെന്നൊക്കെ വേറെ വഴിയിൽ തിരക്കുകയും ചെയ്തു.വീട് ഒന്ന് രണ്ടു കിലൊമീറ്റർ അപ്പുറത്താണ്.നമ്മുടെ കപ്പാസിറ്റിക്ക് പറ്റിയതുമാണ്‌.പക്ഷെ അവളുടെ പഠിത്തം കഴിയണം പോലും അവളെ കെട്ടിച്ചു വിടണമെങ്കിൽ ...മൂന്നാമൻ മുഖേന അറിഞ്ഞതാണ് .എന്തായാലും ആ സമയത്ത് തന്നെ പരിഗണിക്കണം എന്ന കാര്യം മൂന്നാമാനോട്  അറിയിക്കുകയും ചെയ്തു  .അവളുടെ ബാപ്പയോട്  അയാൾ സംസാരിക്കാമെന്നും ഏറ്റിട്ടുണ്ട് .സംസാരിച്ചോ ആവോ ?എന്തായാലും കാര്യം അവൾ അറിഞ്ഞിട്ടുണ്ട് .അത് കൊണ്ടായിരിക്കുമല്ലോ നോട്ടത്തിൽ നിന്നും ചിരിയിലേക്കുവരെ കാര്യങ്ങൾ എത്തിയത്.എന്തായാലും രണ്ടു വർഷം കൂടി കാത്തു നില്ക്കണം.സാരമില്ല ..പതുക്കെ മതി .അപ്പോഴേ ഞാനും ഒന്ന് പച്ച പിടിക്കൂ .ഈ ജൂസ് കട തുടങ്ങിയിട്ട് അധികം ആയില്ല.ഒപ്പം അല്ലറ ചില്ലറ സ്റ്റേഷനറി കച്ചവടവും ഉണ്ട് ..ഈ മഴ പലപ്പോഴും ചതിക്കുകയാണ് ..അവസരത്തിലും അനവസരത്തിലും കടന്നു വന്നു ബിസിനെസ്സ് മോശപ്പെടുത്തുന്നു.




ഉമ്മക്കും ചേച്ചിക്കും താങ്ങായി ഇപ്പോൾ ഞാൻ മാത്രം.രണ്ടു മൂന്നു കൊല്ലം ഗൾഫിൽ ആയിരുന്നു.ഉപ്പ മരിച്ചപ്പോൾ തിരികെ വരേണ്ടി വന്നു.അങ്ങിനെയാ നാട്ടിൽ തന്നെ കച്ചവടം ഇട്ടത് . വികലാംഗ ആയതു കൊണ്ട് ഇത്താക്ക് (ചേച്ചിക്ക്) കല്യാണം ഒന്നും ശരിയായില്ല.ഇനി ഒട്ടും ശരിയാകുകയുമില്ല .പ്രായം നാല്പതു കഴിഞ്ഞു.നല്ല പ്രായത്തിൽ നടക്കാത്തത് ഇനി ഇപ്പൊ നടക്കുമോ ?എന്നാലും ഒരു പ്രതീക്ഷ .സ്വത്തും വീടും മോഹിച്ചു വരുന്നവരെ ഇത്ത തന്നെ വേണ്ടെന്നു വെച്ചു . എത്ര പറഞ്ഞിട്ടും സമ്മതിച്ചില്ല.അവരൊക്കെ  എന്നെ സ്നേഹിക്കില്ല ,പണത്തെ മാത്രമേ സ്നേഹിക്കൂ എന്ന് തീർത്ത്‌ പറഞ്ഞു.അതോടെ ആരും നിർബന്ധിച്ചില്ല .അയാൾ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു.

നൌഷാദിന്റെ പ്രാർത്ഥന ദൈവം കേട്ടില്ല .മഴ വലിയ ശബ്ദത്തോടെ കോരിചെരിഞ്ഞു പെയ്തു തുടങ്ങി..കാറ്റുമടിക്കുന്നുണ്ട്.മഴത്തുള്ളികൾ ദേഹത്തേക്ക് വീണപ്പോൾ അയാൾ അകത്തേക്ക് കയറി.എന്തോ ഒരു നഷ്ട്ടബോധം അയാളെ പിടികൂടി.രാവിലെ മുതൽ കച്ചവടം കാര്യമായി ഒന്നും നടന്നില്ല.ഉച്ചക്ക് ശേഷമാണ്  ഇനി ജുസിനു ആൾകാരെ പ്രതീക്ഷിക്കേണ്ടത് ..പക്ഷെ ഇന്ന് ഇനി അതുണ്ടാവില്ല ..മഴ കോരി ചൊരിയുകയാണ്.അവളെ കാണാൻ പറ്റാത്ത നിരാശയും കൂട്ടിനുണ്ട്.

രണ്ടു  മണി കഴിഞ്ഞു...അങ്ങ് നിന്നും "മണവാട്ടിയെ "കണ്ടു .മുഴുവനായും മൂടി പുതച്ചാണ് വരുന്നത്.ബസ്‌ കട കടന്നു പോകുന്നത് വരെ വെറുതെ നോക്കി നിന്നതാണ്.അവിടെ കർട്ടൻ പതിയെ പൊങ്ങുന്നുണ്ടോ ?...വീണ്ടും തുറിച്ചു നോക്കി .ഉണ്ട് കർട്ടൻ മെല്ലെ ആരോ പോക്കുന്നുണ്ട് .കൃത്യം ഡ്രൈവറുടെ  രണ്ടു സീറ്റിനു പിറകിൽ നിന്നും തന്നെ...ആ മുഖം കണ്ടു.ചുണ്ടിൽ ചെറു ചിരിയുമായി അവൾ ....മനസ്സൊന്നു കുളിർത്തു..എവിടെ നിന്നൊക്കെയോ ഉന്മേഷം കൈവന്നതുപോലെ ..... അയാൾ ഒരു മൂളി പാട്ടോടെ അകത്തേക്ക് കയറി.

ബസ്‌ പോയി.കുറച്ചു സമയം അയാൾ അവിടെ നിന്ന് മഴ ആസ്വദിച്ചു.പതിവുപോലെ അയാൾ  കൈ ഒക്കെ കഴുകി ലഞ്ച് ബോക്സ്‌ തുറക്കാൻ ശ്രമിക്കുമ്പോൾ പുറത്തു എന്തൊക്കെയോ ശബ്ദം കേട്ട് തുടങ്ങി.ആൾകാർ മഴയെ വക വെക്കാതെ ഓടുന്നു.വാഹനങ്ങൾ ഹോണ്‍ മുഴക്കി കൊണ്ട് ലൈറ്റ് ഇട്ടു ചീറി പായുന്നു.അവനു കാര്യം മനസ്സിലായില്ല.പുറത്തിറങ്ങിയ അവനെ കണ്ടു അടുത്ത കടയിലെ സരോഷ് വിളിച്ചു പറഞ്ഞു

"എടാ മണവാട്ടി പോസ്റ്റിലിടിച്ച് മറിഞ്ഞു ...ആളപായം കൂടുതലുണ്ടെന്ന പറയപ്പെടുന്നത്‌."

"എന്റെ റബ്ബേ ..ചതിച്ചോ ...ഈ സമയത്ത് നല്ല ആല്കാരുണ്ടാവുന്നതാണ് ....പടച്ചോനെ അവളെ കാത്തോളണമേ .." അയാൾ ആ സമയത്ത് സ്വാർഥനായി പോയി.വേഗം തന്നെ ഷട്ടർ വലിച്ചടച്ചു അയാളും അങ്ങോട്ടേക്ക് ഓടി.അവരെത്തുമ്പോൾ  നാട്ടുകാർ ബസ്‌ വെട്ടിപൊളിച്ചു എല്ലാവരെയും പുറത്തെടുത്തിരുന്നു.കിട്ടാവുന്ന വാഹനത്തിൽ എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു കൊണ്ടിരുന്നു.അയാൾ തിരഞ്ഞത് അവളെ ആയിരുന്നു.പക്ഷെ അവളെ അവിടെ ഒന്നും കണ്ടില്ല.അപ്പോൾ അയാളുടെ മനസ്സിൽ അവൾ മാത്രമായിരുന്നു.അവളെ കാത്തോളണമേ എന്ന പ്രാർത്ഥനയും..

ഏതോ ഒരു വാഹനത്തിൽ അയാളും ഹോസ്പിറ്റലിലേക്ക് പോയി.രണ്ടു മൂന്നു ഹോസ്പിറ്റലിൽ കയറി ഇറങ്ങേണ്ടി വന്നു അവൾ എവിടെ എന്നറിയുവാൻ.പക്ഷെ പേര് അല്ലാതെ മറ്റൊരു വിവരവും കിട്ടിയതുമില്ല.അയാൾ കരച്ചിലിന്റെയും പതംപറച്ചിലിന്റെയും നടുവിൽ നെഞ്ചിടിപ്പോടെ  കാത്തുനിന്നു.

*******         ***************      ***************       *************   *****************

ഉച്ചക്ക് രണ്ടു മണി.ദൂരെ  ബസ്‌ കണ്ണില്‍ പെട്ടപ്പോള്‍ നൌഷാദ് വേഗം കടക്കുള്ളിലേക്ക് ഓടി കയറി.ഡ്രൈവറിനു പിന്നിലെ രണ്ടാമത്തെ സീറ്റ്കാരി അവന്റെ കടയിലേക്ക് നോക്കി .അവളുടെ ചിരി സ്വീകരിക്കുവാന്‍ അയാള്‍ ഉണ്ടായിരുനില്ല.അപകടത്തിനു ശേഷം രണ്ടു തവണ അയാളെ ആശുപത്രിയിൽ വെച്ച് കണ്ടിരുന്നു.പിന്നെ ഒരിക്കലും കണ്ടതുമില്ല .അയാൾ  കാത്തു നിന്നതുമില്ല.കടക്കുള്ളില്‍ അയാള്‍  മറഞ്ഞിരിക്കുകയായിരുന്നു അവൾ കാണാതിരിക്കുവാൻ ..അവളെ കാണാതിരിക്കുവാൻ ..എന്നത്തെയും പോലെ എന്തിനോ അവളുടെ കണ്ണുകൾ നിറഞ്ഞു ...ആരും കാണാതെ അവളതു തുടച്ചു മാറ്റി.

ആൾക്കാരുടെ സഹായത്തോടെ മാത്രം ബസ്സിൽ  നിന്നിറങ്ങിയ അവളെ കാത്തു ഉമ്മ അവിടെ ബസ്‌ സ്റ്റോപ്പിൽ ഉണ്ടായിരുന്നു.ഒരു കൈ ഉമ്മയുടെ തോളത്തുപിടിച്ചു മുടന്തി മുടന്തി അവൾ വീട്ടിലേക്കു നീങ്ങുമ്പോൾ ചലനശക്തി നഷ്ട്ടപെട്ട ഇടതുകൈ തൂങ്ങി ആടികൊണ്ടിരുന്നു.

കഥ :പ്രമോദ് കുമാർ .കെ.പി

14 comments:

  1. വേദനിപ്പിച്ചു കളഞ്ഞല്ലോ വായന.ചിലപ്പോള്‍ നമ്മളെ വച്ച് ജീവിതം നല്ല കളികളിയ്ക്കും.

    ReplyDelete
    Replies
    1. ജീവിതം അല്ല കളിക്കുന്നത് ..നമ്മള്‍ ജീവിതം കൊണ്ട് കളിക്കുകയല്ലേ ?

      Delete
  2. സമാനമായ ഒരു ചതി ഞാന്‍ നേരിട്ട് കണ്ടരിഞ്ഞതാണ്.പാവം അവള്‍ ..ഇപ്പോഴും ഒറ്റയ്ക്ക് കഴിയുന്നു .പക്ഷെ നമുക്ക് ആരെയും കുറ്റം പറയാന്‍ കഴിയില്ല.അവന്റെ ചേച്ചിയുടെ വിഷമതകള്‍ അവന്‍ ചെറുപ്പം മുതല്‍ കാണുന്നത് കൊണ്ടാവം.സ്വന്തം കാര്യം വരുമ്പോള്‍ നമ്മള്‍ എപ്പോഴും സ്വാര്‍ത്വന്‍ മാരാണ്

    ReplyDelete
  3. മൂന്നാമനും സത്യം പറയാഞ്ഞത് കഷ്ടമായിപ്പോയി...
    മനസ്സില്‍ ഒരു നൊമ്പരമായ്‌....
    ഓണാശംസകള്‍

    ReplyDelete
    Replies
    1. മൂന്നാമന്‍ എന്ത് പിഴച്ചു എന്നാണ് ഞാന്‍ ചിന്തിച്ചത്.അപകടതിനുശേഷം അവള്‍ അങ്ങിനീയി എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്.അത് പാളിപോയോ ?

      Delete
  4. ഈ കഥ വായിച്ചപ്പോള്‍ എനിക്ക് രണ്ട് വിഷയങ്ങള്‍ ഓര്‍മ്മയിലെത്തി

    1) എങ്കെയും എപ്പോതും എന്ന തമിഴ് സിനിമ. അത് എന്റെ മനസ്സിനെ വല്ലാതെ ഉലച്ച ഒരു ചിത്രമാണ്
    2) ഇന്ന് പത്രത്തില്‍ വായിച്ച ഒരു വാര്‍ത്ത. ബൈക്കപക്കടത്തില്‍ പരിക്ക് പറ്റി പരസഹായം വേണ്ടിയിരുന്ന ഭാര്യയെ ഉറക്കുഗുളിക കൊടുത്ത് വാഗമണ്‍ കൊക്കയിലിട്ട് കൊന്ന ആ ഭര്‍ത്താവിനെക്കുറിച്ചുള്ള വാര്‍ത്ത. നമ്മുടെ രാജ്യത്തെ “കുറ്റവാളികളോട് അങ്ങേയറ്റം ദയ കാട്ടുന്ന നിയമ”ത്തിന്റെ മറവില്‍ അയാള്‍ തീര്‍ച്ചയായും പുറത്തിറങ്ങി വിലസും.

    മനുഷ്യന്‍ എന്ന പദം!!

    ReplyDelete
    Replies
    1. അടുത്തടുത്ത് വായിച്ച ചില സംഭവങ്ങള്‍ തന്നെയാണ് ഈ കഥ എഴുതുവാന്‍ പ്രേരിപ്പിച്ചത്.എന്കെയും എപ്പോതുമെയും എന്നെയും കണ്ണുനീരില്‍ കുളിപ്പിച്ച ചിത്രമാണ്.പക്ഷെ അങ്ങിനാകുവാന്‍ എന്റെ നായകന് പറ്റിയില്ല.വീട്ടില്‍ കണ്ടു കൊണ്ടിരിക്കുന്ന ചേച്ചിയുടെ വിഷമതകള്‍ ആക്കും കാരണം.

      Delete
  5. ഇത് കഥയൊന്നുമല്ലല്ലോ നമ്മുടെ
    ചുറ്റുപാടും സംഭവിക്കുന്ന സംഗതികളാണല്ലോ അല്ലേ ഭായ്

    ReplyDelete
    Replies
    1. നമ്മുടെ സ്വാര്‍ഥമായ മനസ്സുകള്‍ക്ക് വേണ്ടി നമ്മള്‍ പലതും ത്വജിക്കുന്നു .അത് നല്ലതിനാവാം മോശമാകാം .ആര്‍ക്കും ആരെയും കുറ്റം പറയാന്‍ കഴിയില്ല.പുറത്തുനിന്നും നമുക്ക് പല തെറ്റുകളും ചൂണ്ടാം പക്ഷെ നമുക്ക് അനുഭവം ഉണ്ടാകുമ്പോള്‍ നമ്മള്‍ തിരിച്ചു ചിന്തിക്കുന്നു.

      Delete
  6. ജീവിതങ്ങൾ അങ്ങനെയൊക്കെയാണ്

    ReplyDelete
    Replies
    1. അതെ എങ്ങിനെയെങ്കിലും ജീവിച്ചു തീര്‍ത്താല്‍ പോര ...ചിന്തിക്കണം നന്നായിട്ട് .ഒരു സെന്റിമെന്റ്സ് ചിലപ്പോള്‍ തകര്‍ക്കുക നമ്മുടെ ജീവിതം
      ആകും

      Delete
  7. സിബി ഇലവുപാലംSeptember 12, 2013 at 8:30 PM

    നന്നായിട്ടുണ്ട്...

    ReplyDelete
    Replies
    1. നന്ദി ...ഇനിയും വരാം

      Delete