Friday, March 8, 2013

മിസിന ..... മനസ്സില്‍ ഒരു വിങ്ങല്‍

വെളുപ്പിനെ ഉള്ള ഫോണ്‍ ബെല്‍ കേട്ടാണ് ഞെട്ടി ഉണര്‍ന്നത് . ഈ സമയത്തെ ഫോണ്‍ പലപ്പോഴും പറയുന്നത് ദുരന്ത വാര്‍ത്തകള്‍ ആയിരിക്കും.അത് കൊണ്ട് തന്നെ ഈ സമയത്ത് ഫോണ്‍ വരുന്നത് പേടിയാണ് .  ഉറക്ക ചുവടോടെ ഫോണ്‍ എടുത്തു നോക്കി . ഏതോ ഓവര്‍സീസ് കാള്‍ ആണ്  എന്ന് മനസ്സിലായി . കാള്‍ എന്ന് മാത്രമേ സ്ക്രീനില്‍ തെളിഞ്ഞുള്ളൂ ..
"ഹലോ .."
"ഞാന്‍ ഹരിയാണ് ...മലെഷ്യയില്‍  നിന്നും .."
"എന്താണെടാ ഇത്ര രാവിലെ ..?"
"എടാ നമ്മളുടെ മിസിന മരിച്ചു .."
മനസ്സില്‍ ഒരു ആളല്‍ ... വാക്കുകള്‍ എവിടെയോ കുരുങ്ങുന്നു ... പണിപ്പെട്ടു ചോദിച്ചു
'എന്താ പറ്റിയത് ?ആക്സിഡന്റ് ... ?മലേഷ്യയില്‍ കൂടുതല്‍ പേര്‍ കൊല്ലപെടുന്നത് എല്ലയിടത്തെപോലെയും റോഡ്‌ അപകടങ്ങളിലാണ് . അത് കൊണ്ടാണ് മനസ്സില്‍ നിന്നും അങ്ങിനെ ഒരു ചോദ്യം ഉയര്‍ന്നത്
'അല്ല .. കൊലപാതകം ആണ് ?'
വീണ്ടും ഞെട്ടി .. ആ പാവം പെണ്ണിനെ ആരാണ് കൊന്നത് ..
"ങേ .."

അവന്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞു കൊണ്ടിരുന്നു . ഞാന്‍ ഞെട്ടി ... കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ചിന്തിക്കാത്ത കാര്യങ്ങള്‍ അവന്‍ പറഞ്ഞു കൊണ്ടിരുന്നു . തിരിച്ചു ഒന്നും പറയാതെ ഞാന്‍ കേട്ട് കൊണ്ടിരുന്നു . ഫോണ്‍ കട്ട്‌ ചെയ്യുമ്പോള്‍ മനസ്സ് മലേഷ്യക്ക് പോകുകയായിരുന്നു ..കുറച്ചു വര്ഷം പിറകിലേക്ക് ...

ജോലി കിട്ടി ആദ്യമായി മലേഷ്യയില്‍ പോകുമ്പോള്‍ അങ്കലാപ്പ്  ആയിരുന്നു ..നമ്മളുടെ മനസ്സില്‍ വില്ലന്‍മാര്‍ ആയി പതിഞ്ഞുപോയ ചൈനക്കാരുടെ കമ്പനിയില്‍ ആണ് ജോലി തരപ്പെട്ടത് .അവര്‍ ഒക്കെ എങ്ങിനെ ആയിരിക്കും ഇന്ത്യന്‍സ് ആയ നമ്മളോട് പെരുമാറുക എന്ന പേടി .പിന്നെ ഭാഷ . മലയാളവും തട്ടി മുട്ടി ഉള്ള ഇംഗ്ലീഷും മാത്രം ആ വിഭാഗത്തില്‍ സബാദ്യം . പിന്നെ ആകെ ആശ്വാസം നാട്ടില്‍ നിന്നും എന്നോടൊപ്പം രണ്ടു പേര്‍ കൂടി ഉണ്ട് എന്നതാണ് .. . കമ്പനിയില്‍ ചിനക്കാര്‍ ആണ് കൂടുതല്‍ എന്നും കേട്ടിരുന്നു ... പിന്നെ നാട്ടുകാരായ മലയന്മാരും ഇന്ത്യന്‍സ് തമിളരും ...

വലിയ കമ്പനി ആണ് .നാനൂറിനടുത്തു ജോലിക്കാര്‍ .. നമ്മളുടെ സെക്ഷനില്‍ ആകെ അറുപതു പേര്‍ മാത്രം. അതും നാല് ഗ്രൂപ്പ്‌ ആയി തിരിച്ചിരിക്കുന്നു. ഞാന്‍ കാണേണ്ടതും പ്രവര്‍ത്തിക്കേണ്ടതും പത്തോ പതിനഞ്ചൊ ആള്‍ക്കാരോട് മാത്രം. അതില്‍ തന്നെ മൂന്നുപേര്‍ സ്ത്രീകള്‍ . രണ്ടു മലയിയും ഒരു തമിളത്തിയും എല്ലാവര്ക്കും ഇന്ത്യയില്‍ നിന്നും വന്ന ആള്‍ക്കാരെ കാണാന്‍ വലിയ ഉത്സാഹം ആയിരുന്നു . അവര്‍ ജീവനോടെ കണ്ട ഇന്ത്യക്കാര്‍ കറുത്ത് ഇരുണ്ട തമിളന്‍മാര്‍ മാത്രം ആയിരുന്നു . മലയാന്മാര്‍ക്കും ചീനന്മാര്‍ക്കും ബോളിവുഡ് സിനിമ ഹരമായിരുന്നു. ഹിന്ദി സിനിമയിലൂടെ അവര്‍ക്കറിയാമായിരുന്ന  ഇന്ത്യക്കാര്‍ ഒക്കെ സുന്ദരന്മാര്‍ ആണ് വരുന്നവര്‍ ഷാരുക് ,സല്‍മാന്‍ എന്നിവരെ പോലെ ആയിരിക്കും എന്നവര്‍ കരുതി .പക്ഷെ  നമ്മളെ കണ്ടപ്പോള്‍ അവര്‍ക്ക് മനസ്സിലായി മലയ്ഷ്യന്‍ ഇന്ത്യനും ഒറിജിനല്‍ ഇന്ത്യനും തമ്മില്‍ വലിയ വെത്യാസം ഒന്നും ഇല്ല എന്നു.( ഇതൊക്കെ പിന്നീടു എന്നോട് പറഞ്ഞു തന്നത് മിസിന ആയിരുന്നു. )

സ്വന്തം സെക്ഷനില്‍ വലിയ സ്വീകാരം ഒന്നും കിട്ടിയില്ല ..നമ്മളുടെ പണി കളയാന്‍ വന്നവന്‍ എന്ന നിലയില്‍ മാത്രം ഉള്ള  പ്രതികരണങ്ങള്‍ . ചിലര്‍  വന്നു പരിചയപെട്ടു . സ്ത്രീ ജനത്തില്‍ ഒരാള്‍  മാത്രം വന്നു .. ഒരു സുന്ദരി കുട്ടി (സംഭാഷണം ഒക്കെ ഇംഗ്ലീഷില്‍ ആണ് ... അത് ഇവിടെ എഴുതിയാല്‍ എന്റെ ഗ്രാമര്‍ തെറ്റും അത് കൊണ്ട് നമ്മുടെ ഭാഷയില്‍ കഥ തുടരുന്നു )

"ഹലോ ... ഞാന്‍ മിസിന .ക്വാളിറ്റി ചെക്കിംഗ് .വെല്‍ക്കം ടു മലേഷ്യ  "
"താങ്ക്സ് ...മിസിന ,ഞാന്‍ പ്രേം ... പുതിയ പ്രോഗ്രാമ്മര്‍ ആണ് .. "
അന്നത്തെ സംഭാഷണം അതോടെ തീര്‌ന്നു. പിന്നെ പിന്നെ അവര്‍ മാത്രം എപ്പോഴും ഓരോ വിശേഷങ്ങള്‍ പറയും .എന്റെ വിശേഷങ്ങളും ചോദിക്കും .നമ്മളുടെ ഇടയില്‍ നല്ല ഒരു സൌഹൃദം ഉണ്ടായി .കാണുമ്പോള്‍ മറ്റുള്ളവര്‍ ചിരിക്കും കണ്ടാല്‍ ചിരിക്കുക എങ്കിലും ചെയ്യണ്ടേ എന്ന മട്ടില്‍ മാത്രം .

മിസിനക്ക്  ഭര്‍ത്താവും ഒരു കുഞ്ഞും ഉണ്ട് . ഭര്‍ത്താവ് ജോലിക്ക് ഒന്നും പോകാതെ കഞ്ചാവ് അടിച്ചു നടക്കും . ഈ അടുത്ത കാലത്ത് തുടങ്ങിയ ഹോബി ആണ് പോലും. പിന്നെ മിസിനയെയും കുഞ്ഞിനേയും പീഡിപ്പിക്കും ഉപദ്രവിക്കും.പലപ്പോഴും കഞ്ചാവ് വാങ്ങാന്‍ പണത്തിനു വേണ്ടിയാണ് ഉപദ്രവങ്ങള്‍ . ഇവളുടെ പണം മുഴുവന്‍ അയാള്‍ ധൂര്ത്തടിക്കും. മലേഷ്യയിലെ യുവാക്കല്കിടയില്‍ കഞ്ചാവ് ഭയങ്കര വില്ലന്‍ ആണെന്ന് അവള്‍ എപ്പോഴും പറയുമായിരുന്നു.നിങ്ങള്‍ ഒന്നും അതില്‍ പെട്ടുപോകരുത്‌ എന്നും ഉപദേശിക്കും

ഒരുദിവസം ഞാനും ഹരിയും ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍ കറങ്ങുമ്പോള്‍ അവിടെ വെച്ച് മിസിനയെ കണ്ടു .അവളുടെ മുഖം കണ്ടപ്പോള്‍ തന്നെ എന്തോ പന്തികേട്‌ ഉണ്ടെന്നു തോന്നി . എന്നെ കണ്ടപ്പോള്‍ പുഞ്ചിരിച്ചു .പിന്നെ അവള്‍ അടുത്ത് വന്നു പറഞ്ഞു "പ്രേം എന്നോടൊപ്പം കുറച്ചു സമയം വരാമോ ?"
"എന്താ മിസിന ഷോപ്പിങ്ങിനു സെലക്ട്‌ ചെയ്യാന്‍ ആണോ ?"
"അത് മാത്രം അല്ല ..ഞാന്‍ സാധനം വാങ്ങും വരെ  എന്നോടൊപ്പം നടന്നാല്‍ മതി ... ചെറിയ ഒരു പ്രശ്നം ഉണ്ട് .."
പ്രശ്നം എന്താണെന്നോ ഒന്നും അവള്‍ പറഞ്ഞില്ല . ഷോപ്പിംഗ്‌ കഴിഞ്ഞു ബില്‍ പേ ചെയ്തു കഴിഞ്ഞപ്പോള്‍ ഹെല്‍മെറ്റും കീയും തന്നു അവള്‍ പറഞ്ഞു
"എന്റെ വണ്ടി പ്രേം കൊണ്ട് വരണം ,നാളെ കമ്പനിയില്‍ വരുമ്പോള്‍  തന്നാല്‍ മതി ...പിന്നെ എന്നെ ടാക്സിയില്‍ കയറ്റി വിടണം, എന്നിട്ടേ പോകാവൂ  "

 ടാക്സിയില്‍ കയറും വരെ  അവള്‍ ഭയത്തോടെ തിരിഞ്ഞും മറിഞ്ഞും നോക്കുന്നുണ്ടായിരുന്നു .കാര്യം ചോദിച്ചപ്പോള്‍ പിന്നെ പറയാം എന്ന് മാത്രം പറഞ്ഞു. അവളെ കയറ്റി വിട്ടു അവള്‍ പറഞ്ഞത് പോലെ വണ്ടിയെടുത്തു വീട്ടിലേക്ക് തിരിച്ചു ..വീട് എത്തുന്നതിനു മുന്‍പ്  നാലഞ്ചു ബൈക്ക് വന്നു നമ്മളെ തടഞ്ഞു .അവര്‍ മലയ ഭാഷയില്‍  എന്തൊക്കെയോ ചോദിച്ചു .നമ്മള്‍ക്ക് ആ ഭാഷ അറിയാത്തതിനാല്‍ മറുപടി പറഞ്ഞില്ല . ഇംഗ്ലീഷില്‍ മനസ്സിലാകുനില്ല നിങ്ങള്‍ പറയുന്നത് എന്ന് മാത്രം പറഞ്ഞു. അതില്‍ നിന്നും പെട്ടെന്ന് രണ്ടു പേര്‍ ഇറങ്ങി നമ്മളെ ഉപദ്രവിച്ചു .. ദൂരെ നിന്നും ഒരു കാര്‍ വരുന്നത് കണ്ടു അവര്‍ നമ്മളെ വിട്ടു തടി തപ്പി. മുഖത്തും ദേഹത്തും ഒക്കെയാണ് അടി കിട്ടിയതു. കാരണം പിടികിട്ടിയുമില്ല.

പിറ്റേന്ന് മിസിന ആണ് കാര്യങ്ങള്‍ പറഞ്ഞത് . അവളുടെ ഭര്‍ത്താവ് പണം കൊടുക്കാനുള്ള ആള്‍കാര്‍ ആണത് .മിസിനയില്‍ നിന്നും പണം പിടുങ്ങാന്‍ ആണ് അവര്‍ ശ്രമിച്ചത്‌ .നമ്മള്‍ അവളെ കാറില്‍ കയറ്റി വിട്ടതിനാല്‍ ആ ശ്രമം പാളി .അതിന്റെ കണക്കു തീര്‍ത്തതാണ് .ഇവരും കഞ്ചാവ് ടീമുകള്‍ ആണ് .

"നീ എന്തിനു ആ ഭര്‍ത്താവിനെ സഹിക്കുന്നു ?"
ഭര്‍ത്താവിന്റെ ചെയ്തികള്‍ അവള്‍ പറഞ്ഞു അറിവുള്ളതുകൊണ്ടു ചോദിച്ചു .

അതിനു അവള്‍ മറുപടി പറഞ്ഞില്ല ..പക്ഷെ ചിരിച്ചു കൊണ്ട് പറഞ്ഞു
"നീ മുസ്ലിം ആയിരുന്നെങ്കില്‍  അയാളെ വിട്ടു ഞാന്‍ നിന്നെ കെട്ടിയെനെ ..."പ്രതീക്ഷിക്കാത്ത മറുപടി കേട്ട് ഞാനും ചിരിച്ചു .ഒരു വിളറിയ ചിരി .
ദിവസങ്ങള്‍ കടന്നു പോയി ,നമ്മളിലെ സൌഹൃദം നല്ല നിലയില്‍ പോയി കൊണ്ടിരുന്നു .എന്ത് കാര്യവും പരസ്പരം പങ്കുവെക്കുന്ന നല്ല സുഹൃത്തുക്കള്‍ ആയി മാറി . 

ഒരു ദിവസം അവള്‍ വന്നു പറഞ്ഞു . "നാളെ എന്റെ കുഞ്ഞിന്റെ ബര്‍ത്ത് ഡേ ആണ് ..വീട്ടില്‍ വരണം "
"ഞാന്‍ ഇല്ല ... നിന്റെ ഭര്‍ത്താവ് കാരണം ഞാന്‍ നാട്ടുകാരുടെ അടി വാങ്ങിയവന്‍ ആണ് .എനിക്ക് അയാളെ കാണേണ്ട .. "
"അയ്യോ പ്രേം ..ഇപ്പോള്‍  അയാള്‍ ജോലിക്ക് പോകുന്നു ,ലഹരിയൊക്കെ നിര്‍ത്തി ... എന്നെയും കുഞ്ഞിനേയും പൊന്നുപോലെ നോക്കുന്നു .ആദ്യമായി ആണ് ബര്‍ത്ത് ഡേ പോലും ആഘോഷിക്കുന്നത് . " ഞാന്‍ സമ്മതിച്ചു
പിറ്റേന്ന് അവളുടെ വീട്ടില്‍ ചെന്നപ്പോള്‍ സ്വീകരിച്ചത് അവളുടെ ഭര്‍ത്താവ് ആയിരുന്നു .എന്നെ മാറ്റി നിര്‍ത്തി പറഞ്ഞു "സോറി ബ്രദര്‍ ... മിസിന കാര്യങ്ങള്‍ പറഞ്ഞിരുന്നു ..സോറി ഞാന്‍ ആ സമയത്ത് കഞ്ചാവിന്റെ അഴുക്കു ചാലില്‍ ആയിരുന്നു .എനിക്ക് കിട്ടെണ്ടത് ആണ് നിങ്ങള്ക്ക് കിട്ടിയത് . "

പിന്നെ പലപ്പോഴും അയാള്‍ ഞങ്ങളെ വീട്ടില്‍ വിളിക്കുമായിരുന്നു .കൂടാതെ അവിടെ എന്ത് വിശേഷം വന്നാലും ഞങ്ങള്‍ അതിഥികള്‍ ആയി. ആ വീടുമായി  ഞങ്ങള്‍ നല്ല ഒരു സുഹൃത്തായി മാറി. നമ്മള്‍ പല കാര്യങ്ങളും പരസ്പരം പങ്കുവെച്ചു .  ഇന്ത്യയില്‍ വന്നു താജ് മഹല്‍ കാണുക എന്നതാണ് അയാളുടെ സ്വപ്നം എന്നും പറഞ്ഞു . അയാള്‍ക്ക്‌ ഇന്ത്യയെ കുറിച്ച് നല്ല വിവരം ഉണ്ടായിരുന്നു .നമ്മളുടെ സംസ്കാരം ആണ് ലോകത്തിലെ  ഏറ്റവും നല്ലത് എന്നും അയാള്‍ പലപ്പോഴും പറയുമായിരുന്നു.പതിയെ നമ്മള്‍ക്കിടയില്‍ രഹസ്യങ്ങളും ഇല്ലാതായി

മലേഷ്യയിലെ ജോലി അവസാനിപ്പിച്ചു തിരിച്ചു വരുമ്പോള്‍ അയാളും മിസിനയും എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നു യാത്ര അയക്കാന്‍ ..ഇന്ത്യയിലേക്ക്‌ വരുമ്പോള്‍ അറിയിക്കണം എന്ന് പറഞ്ഞു അഡ്രസ്സും മറ്റു വിവരങ്ങളും കൈമാറി. പുറപ്പെടാന്‍ നേരത്ത് മിസിനയും ഭര്‍ത്താവും  അടുത്ത് വന്നു പറഞ്ഞു
"പ്രേം .. വല്ലപ്പോഴും ഒക്കെ വിളിക്കണം .. തിരിച്ചു വരുന്നെങ്കില്‍ തീര്‍ച്ചയായും കാണണം .മലേഷ്യയില്‍ എവിടെ ആണെങ്കിലും നമ്മള്‍ വരും ."

"ഇവന്‍ എപ്പോഴെങ്കിലും പഴയ വഴിക്ക് പോകുകയാണെങ്കില്‍  അറിയിക്കുക .. ഞാന്‍ തിരിച്ചു വരം .. വേണമെങ്കില്‍ മതം മാറി മുസ്ലിം ആയി .... "ഞാന്‍ ചിരിച്ചു തമാശയായി പറഞ്ഞു
"അതിന്റെ ആവശ്യം വേണ്ടി വരില്ല ... ഇവന്‍ ഇനി മാറാന്‍ പോകുനില്ല ഞാന്‍ വിടില്ല  " മിസിന പറഞ്ഞു .ഞങ്ങള്‍ രണ്ടു പേരും പൊട്ടിചിരിച്ചു ..


പിന്നെ പലപ്പോഴും തമ്മില്‍ ഫോണില്‍ സംസാരിച്ചു . കുറെ കഴിഞ്ഞപ്പോള്‍ ഫോണ്‍ അവര്‍ എടുക്കതെയായി..തിരിച്ചു ഇങ്ങോട്ട് വിളിക്കാതെയും ആയി. ആ സുഹൃത്ത് ബന്ധത്തില്‍ അകല്‍ച്ച വന്നു . ഹരിയോട്  കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവള്‍ ഈ കമ്പനി വിട്ടുപോയി ഇപ്പോള്‍ കാണാറില്ല എന്നും പറഞ്ഞു .

പക്ഷെ ഇന്ന് അവന്‍ ഫോണ്‍ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ മരിച്ചാല്‍ മതിയെന്ന്  തോന്നി .ഞാന്‍ അവിടം വിട്ട ശേഷം കുറെ നാള്‍ പ്രശ്നം ഒന്നും ഇല്ലായിരുന്നു .പക്ഷെ ആഴ്ചകള്‍ തോറും നമ്മള്‍ തമ്മിലെ സംസാരവും എയര്‍പോര്‍ട്ടിലെ എന്റെ ഡയലോഗും അയാളില്‍ സംശയത്തിന്റെ  വിത്തുകള്‍ പാകിയിരിക്കണം  . പിന്നീട് എപ്പോഴോ മയക്കുമരുന്നിന്റെ പിടിയില്‍ വീണ്ടും അകപ്പെട്ട അയാള്‍ ഈ കാര്യം പറഞ്ഞു അവളെ ഉപദ്രവിച്ചു കൊണ്ടിരുന്നു . നമ്മള്‍ നല്ല സുഹൃത്തുക്കള്‍ മാത്രം ആണെന്നും വേറെ വിചാരത്തോടെ എന്നെ പ്രേം ഒന്ന് തൊടുകപോലും ചെയ്തില്ല എന്നും അവള്‍ കരഞ്ഞു പറഞ്ഞു .പക്ഷെ സംശയത്തിന്റെ വേരുകള്‍ ആഴ്നിറങ്ങിയ അയാളില്‍ അതൊന്നും വിലപോയില്ല..ഓരോരോ ദിവസങ്ങളില്‍ കമ്പനിയിലെ മറ്റു പലരെയും ബന്ധപെടുത്തി അയാള്‍ അവളെ കുറിച്ച് അപവാദം പറഞ്ഞു തുടങ്ങി  ഹരിയോട് മിസിന ഈ കാര്യം പറഞ്ഞിരുന്നു .പക്ഷെ പ്രേം അറിയരുത് എന്നും .അത് കൊണ്ട് അവന്‍ എന്നോട് പറഞ്ഞില്ല ..അയാളുടെ ആരോപണങ്ങള്‍ കൂടിയപ്പോള്‍  അയാളുടെ ആശ്വാസത്തിന് അവള്‍ ആ കമ്പനി വിട്ടു . അവിടുന്ന് പോയപ്പോള്‍ ഹരിക്കും അവളുടെ വിവരങ്ങള്‍ ഒന്ന് അറിയാതെ ആയി.

ഇന്നലെ അവള്‍ കൊല്ലപെട്ടു. ഭര്‍ത്താവിനാല്‍ ... എന്റെ  സുഹൃത്തിനാല്‍ .. ഞാന്‍ ആയിരിക്കുമോ അയാളില്‍ സംശയതിന്റെ  വിത്ത്‌ വിതച്ചത്? അയാള്‍ അവളെ കൊല്ലാനുള്ള കാരണം ഞാന്‍ തന്നെ അല്ലെ ? അല്ലെന്നു എനിക്കറിയാം ഹരിക്ക് അറിയാം മിസിനക്കുമറിയാം .... എല്ലാറ്റിനും ഉപരിയായി ദൈവത്തിനും അറിയാം ..പക്ഷെ അറിയേണ്ടവന്  അറിയില്ല മനസ്സിലാക്കാന്‍ പറ്റിയില്ല .അവന്റെ മനസ്സ് മുഴുവനും ശരീരം മുഴുവനും ലഹരി ആയിരുന്നു .. കഞ്ചാവ് വിതറിയ ലഹരി .. അത് കൊണ്ട് ഭാര്യ എന്താണ് എന്നും സുഹൃത്ത് എന്താണ് എന്നും മനസ്സിലാക്കുവാന്‍ ആകാതെ പോയി ..

എന്നാലും മിസിന എന്നോട് ക്ഷമിക്കുക .. നിന്റെ ജീവിതം ഞാന്‍ ആണ് തകര്‍ത്തത് എന്ന് നിനക്ക് തോന്നുന്നു എങ്കില്‍ മാത്രം .പറയാന്‍ പാടില്ലാത്തത്  എന്നെ കൊണ്ട് പറയിപ്പിച്ച ദൈവമേ നീയും കുറ്റകാരന്‍ തന്നെയല്ലേ ..?
നിന്നോട് ആര് ക്ഷമിക്കും ? ഇതൊക്കെ ഒരു സ്വപ്നം ആയിരുന്നെങ്കില്‍  .... തലയണയില്‍ മുഖം അമര്‍ത്തി ഞാന്‍ പൊട്ടി പൊട്ടി കരഞ്ഞു ...

കഥ :പ്രമോദ് കുമാര്‍ .കെ പി

 


5 comments:

 1. പരസപര വിശ്വാസമില്ലാത്ത ധാബത്യങ്ങള്‍ തകരുന്നത് അങ്ങിനെ ആണ് ..നന്നായി വിവരിച്ചു ...

  ReplyDelete
 2. മനുഷ്യനെ മൃഗമാക്കുന്ന ലഹരി.... എന്ത് ചെയ്യാം ഇങ്ങിനെയും ഭൂമിക്ക് ഭാരമായ ജന്മങ്ങള്‍!!!

  ReplyDelete
 3. വായിച്ചു. ആ പെണ്‍കുട്ടിയെ ഓര്‍ത്ത് സങ്കടം തോന്നുന്നു..

  ReplyDelete
 4. ഇങ്ങിനെയും ഉള്ള ജന്മങ്ങള്‍ ഉണ്ട് എന്ത് ചെയ്യാം..
  കഷ്ടം :(

  ReplyDelete
 5. പലരും ആരാഞ്ഞിരുന്നു ഇത് സംഭവകഥ ആണോ എന്ന് .പൂര്‍ണമായും അല്ലെങ്കിലും മിസിന മറ്റൊരു പേരില്‍ അവിടെ ഉണ്ടായിരുന്നു .എന്റെ നല്ല ഒരു സുഹൃത്തായി .ഇതിലെതുപോലെ തന്നെ ഇപ്പോള്‍ ഇല്ല ...ഭര്‍ത്താവ് ജയില്‍വാസത്തിലും

  ReplyDelete