Wednesday, May 2, 2012

സിഗ്നല്‍

കാലത്താണ്  നാട്ടില്‍ നിന്ന് വന്നത് ഈ പൂക്കളുടെ  നാട്ടിലേക്ക്   ,ഒരു ഇന്റര്‍വ്യൂ .നല്ല ഒരു കമ്പനിയാണ് ,അതും മള്‍ട്ടി നാഷണല്‍ ....ജോലി കിട്ടിയാല്‍ രക്ഷപെട്ടു .പക്ഷെ ഇങ്ങിനെ വിചാരിച്ച് എത്ര ഇന്റര്‍വ്യൂ  ഈ ബാംഗ്ലൂരില്‍ തന്നെ അറ്റെന്റ് ചെയ്തു .പക്ഷെ ഒന്നും ശരിയായില്ല.പലതവണ വന്നതുകൊണ്ട് ബാംഗ്ലൂര്‍ ഒരു വിധം പരിചിതമായി ,പ്രധാനപെട്ട സ്ഥലമൊക്കെ നാടുപോലെ തന്നെ  പരിചിതം ,എവിടേക്കും പോകാന്‍ ആരെയും ആശ്രയിക്കേണ്ട .
കൂട്ടുകാരന്‍ സരോഷ് ഇവിടെ ഉള്ളത് ഭാഗ്യം ,അവന്റൊപ്പം എത്ര ദിവസം വേണമെങ്കിലും താമസിക്കാം ,കൂടാതെ അവന്‍ പറഞ്ഞാണ് ഈ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നത് .
രാവിലെ അവന്റെ ബൈക്ക് എടുത്തു ഇറങ്ങുമ്പോള്‍ അവന്‍ പറഞ്ഞത് ഓര്‍ത്തു ,

"എടാ നമ്മുടെ നാട്ടില്‍ ഓട്ടോകാരെയാണ് പേടിക്കേണ്ടത് ,അവര്‍ ഏതിലെ വരുമെന്ന് അവര്‍ക്ക് മാത്രമേ അറിയൂ ,പക്ഷെ ഇവിടെ പേടിക്കേണ്ടത് ബി .ടി ,എസ് നെയാണ് .അതായതു ബാംഗ്ലൂര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സുകളെ ,അവര്‍ ഓവര്‍ടേക്ക് ചെയ്യുന്നത് ഇടതോ വലതോ എന്ന് പറയാന്‍ പറ്റില്ല ,ഗ്യാപ്  കണ്ടാൽ  മതി  അവർ അതുവഴി കയറ്റും.ഒന്നും ശ്രദ്ധിക്കില്ല  നമ്മൾക്ക് വേണമെങ്കിൽ  ശ്രദ്ധിച്ച്  പോകണം.പലരും അങ്ങിനെ അപായപെട്ടിട്ടുണ്ട് .പിന്നെ വഴി മുടക്കിയായി  നിറയെ സിഗ്നല്‍ ഉണ്ട് ,വളരെ കെയര്‍ ചെയ്യണം .എത്ര അര്‍ജെന്റ്റ്‌ ഉണ്ടെങ്കിലും സിഗ്നല്‍ ,ഫോളോ ചെയ്യണം വെയിറ്റ് ചെയ്തു മടുത്താലും സിഗ്നല്‍ പച്ച വന്നാലെ പാസ്‌ ചെയ്യാവൂ ..ഈ നഗരത്തിൽ അപരിചിതരായ ആര്‍ക്കും ലിഫ്റ്റ്‌ കൊടുക്കരുത് .രാത്രിയായാലും പകലായാലും "

" പിന്നെ മറ്റൊന്നുകൂടി  വളരെ ശ്രദ്ധിക്കണം ഇവിടെ മൂന്ന് തരം ഡ്രൈവര്‍ മാരുണ്ട് ,ഒന്ന് സിഗ്നല്‍ കൃത്യമായി തന്നു തന്റെ വഴി കൃത്യമായി നിയന്ത്രിച്ചുകൊണ്ടു  മറ്റുള്ളവരെയും നല്ലവണ്ണം ശ്രദ്ധിക്കുന്നവര്‍ ,രണ്ടാമത്തെതു വെറും സ്വാർഥ്ൻ മാരാണ്  അവര്‍ സിഗ്നല്‍ ഒന്നും തരാതെ അവര്‍ക്ക് പോകേണ്ട സൈഡ് വെട്ടിക്കും നമ്മള്‍ക്കും പ്രശ്നവും അപകടവും അവർ ഉണ്ടാക്കും.,മൂന്നാമന്‍ ഒരിക്കല്‍ സിഗ്നല്‍ ഇട്ടാല്‍ അടുത്ത സിഗ്നല്‍ വന്നാൽ  മാത്രമേ അത് ചേഞ്ച്‌ ചെയ്യൂ ..അല്ലെങ്കിൽ അത് കത്തിതന്നെ നില്ക്കും.. അവരെ  കൂടുതല്‍ ശ്രദ്ധിക്കണം "

അതെ സിഗ്നല്‍ തന്നെയാണ് ജീവിതം ,നിര്‍ത്താനും പോകാനും ഉള്ള നിയന്ത്രണം പച്ചയാണ് എങ്കില്‍ ഒന്നും പേടിക്കേണ്ട നമ്മുടെ വഴിയിൽ തടസ്സം ഒന്നുമില്ല.സുഗമമായി മുന്നോട്ടു പോകാം ,റെഡ് വരുമ്പോളാണ് പ്രശ്നങ്ങള്‍ വരുന്നത്,അപകടങ്ങളും ,അത് തരണം ചെയ്യാന്‍ കുറച്ചു പാടാണ് എല്ലാവരെ കൊണ്ടും പറ്റി  എന്ന് വരില്ല .അത് ജീവിതത്തെ തന്നെ ചിലപ്പോള്‍ എന്നെക്കുമായി സ്റ്റോപ്പ്‌ ചെയ്യിക്കും ,മഞ്ഞയാണ് എങ്കില്‍ ശ്രദ്ധിച്ചു പോയാല്‍ അപകടം ഒഴിവാകാം അതൊരു മുന്നറിയിപ്പ് മാത്രം..ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു.പെട്ടെന്ന് സിഗ്നല്‍ റെഡ് ആയതു ശ്രദ്ധിച്ചു ,വണ്ടി ചവിട്ടി നിര്‍ത്തി ..ഇനി എത്ര സിഗ്നലുകള്‍ ഉണ്ടാകും വഴി മുടക്കാന്‍ ?കുറച്ചു സമയമേ എടുത്തുള്ളൂ ,പച്ച കത്തി ,മുന്നോട്ടേക്ക്  ഓടിച്ചു ,വലതു വശം തിരിഞ്ഞാല്‍ ഒരു അയ്യപ്പ കോവില്‍ ഉണ്ട് ,എതായാലും ഒന്ന് പ്രാര്‍ത്ഥിച്ചു പോകാം ,ഇത്തരം അവസരങ്ങളില്‍ മാത്രം ഞാന്‍ ദൈവ വിശ്വാസിയാകാറുണ്ട് ,,കാര്യങ്ങള്‍ക്കുവേണ്ടി മാത്രം ,അമ്പലം വരും മുന്‍പേ രണ്ടു മൂന്നു സിഗ്നലുകള്‍ വഴി തടസ്സപെടുത്തി .എല്ലായിടത്തും ക്ഷമിച്ചു നിന്നുകൊടുത്തു.

പ്രാര്‍ത്ഥിച്ചു ഇറങ്ങുമ്പോള്‍ കണ്ടു ,ഒരു പരിചിത മുഖം അമ്പലത്തില്‍ നിന്നും ഇറങ്ങുന്നു.നാട്ടുകാരനായ കരുണന്‍ മേനോന്‍ അല്ലെ അത് ,ഡൌട്ട് ഉണ്ട് ,പക്ഷെ ഒന്നിച്ചുകണ്ട പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തീര്‍ച്ചപ്പെടുത്തി ,അതെ ജീജ തന്നെ അതെങ്കില്‍  മറ്റേതു കരുണന്‍ മേനോന്‍ തന്നെ .പോയി കണ്ടു സംസാരിക്കാം .

"ഹലോ ,കരുണന്‍ ചേട്ടാ "
ചെറു ചിരിയോടെ അയാള്‍ നോക്കി ,ജീജ എന്നെ നോക്കി ചിരിച്ചു

"ആരാ മനസിലായില്ല "
'എനിക്കും ആദ്യം മനസിലായില്ല ,ജീജയെ കണ്ടപ്പോളാണ് കരുണന്‍ ചേട്ടനാണെന്ന് മനസ്സിലായത്‌ "

പെട്ടെന്ന് അയാളുടെ മുഖ ഭാവം മാറി ,"അതേടാ മുന്‍പൊക്കെ കാരണവരുടെ പേര് പറഞ്ഞാല്‍ പോലും എല്ലാവർക്കും  അറിയാം ,ഇപ്പോള്‍ അവിടുത്തെ പെണ്‍ പിള്ളേര്‍ വേണമെന്നായിരിക്കുന്നു ,അല്ലെങ്കില്‍  ആരും ആരെയും അറിയില്ല ..അയ്യയ്യോ കലികാലം .വേറെ എന്ത് പറയാന്‍ "..അയാള്‍ ജീജയുടെ കയ്യും പിടിച്ചു വേഗം നടന്നു "

ഞാന്‍ സ്തംഭിച്ചു നിന്ന് പോയി ,ഞാന്‍ സത്യം പറഞ്ഞതാണ് ,അത് അയാള്‍ വേറെ രീതിയില്‍ മനസ്സിലാക്കി ..പോകട്ടെ ഇന്നത്തെ കണിപോര ,സിഗ്നലുകള്‍ സമയം കൊന്നു ,ഇപ്പോള്‍ മനസ്സിലും ഒരു ചെറു നീറ്റൽ ..മനസ്സില്‍ പോലും ചിന്തിക്കാത്തകാര്യത്തിനു വെറുതെ രാവിലെ തന്നെ പഴി കേട്ടു .

അമ്പലത്തില്‍ നിന്നുമിറങ്ങി  പ്രധാന റോഡില്‍ എത്തി ,ഒരു സിഗ്നല്‍ വീണ്ടും  വഴി തടഞ്ഞു ,അരികിൽ  നിന്നും നടക്കാന്‍ നന്നേ ബുദ്ധിമുട്ടുന്ന ഒരു വികാലാഗന്‍ കൈ കാണിച്ചു അടുത്ത് വന്നു ,അടുത്തുള്ള ഒരു സ്ഥലം പറഞ്ഞു കയറട്ടെ എന്ന് ചോദിച്ചു

,സരോഷ് പറഞ്ഞിട്ടുണ്ട് അപരിചിതര്‍ക്ക് ലിഫ്റ്റ്‌ കൊടുക്കരുതെന്ന് ,പക്ഷെ ഈ ആള്‍ ,നടക്കാനും വയ്യ ..ഇയാൾ  എന്ത് ചെയ്യാൻ ?ശരിയായി നടക്കുവാൻ പോലും കഴിയുന്നില്ല..അപ്പോൾ .നാട്ടിലുള്ള ശശി ഏട്ടന്‍ ഓര്‍മയില്‍ വന്നു, കാലു വയ്യാതെ കഷ്ട്ടപെടുന്ന ശശിയേട്ടൻ  കുറേകാലം ഫോണ്‍ ബൂത്ത്‌ നടത്തി ജീവിച്ചതായിരുന്നു
 പക്ഷെ മൊബൈല്‍ വിപ്ലവം അവരുടെ അന്നം മുട്ടിച്ചു ഇപ്പോള്‍ വളരെ കഷ്ട്ടമാണ് .ഏതായാലും അയാളെ കയറ്റി ,നല്ല ഒരു ഉപകാരം ചെയ്യൂന്നതു ദൈവം കാണുമല്ലോ അതിന്റെ കൂലി തരട്ടെ ..മുന്നെട്ടെക്ക്  പോകുമ്പോള്‍ തിരിഞ്ഞു നോക്കി വിശേഷങ്ങള്‍ തിരക്കി 

"സര്‍ നേരെ നോക്കി വണ്ടി ഓടിക്കുക ,അല്ലെങ്കിൽ  സാറും എന്നെ പോലെയാവും "

അത് ശരി വെച്ച് പിന്നെ ഒന്നും ചോദിച്ചില്ല സിഗ്നല്‍ യാത്രക്ക് പലതവണ തടസ്സം നിന്നിട്ട് കൂടി .പിന്നെ ഒന്നും സംസാരിച്ചില്ല .,അയാളെ പറഞ്ഞയിടത്തു ഇറക്കി .

ഒന്നും സംഭവിച്ചില്ല ഇന്റര്‍വ്യൂ  പൂര്‍ണ പരാജയം .എത്ര സമയം വെയിറ്റ് ചെയ്തു ,ഒരു ഗുണവും ഉണ്ടായില്ല അവര്‍ക്ക് വേണ്ട ആള്‍കാര്‍ ആദ്യമേ കയറികാണും ,പിന്നെ വന്നവരെ പിണക്കണ്ട എന്ന് കരുതി കാണും ,അത് കൊണ്ട്  മാത്രം മറ്റുള്ളവരെ ഇന്റര്‍വ്യൂ ചെയ്തതാകാം ,നേരത്തെ വരാന്‍ കഴിയാത്തതില്‍ വിഷമിച്ചു .

 ഇന്ന് ഒന്നും ശരിയല്ല എല്ലാ സിഗ്നലും വഴിയില്‍ പിടിച്ചിട്ടു ,കരുണന്‍ ചേട്ടന്റെ പെരുമാറ്റം ഒക്കെ ഇന്ന് മോശം തന്നെ ,വേഗം തിരിച്ചു വീട്ടിലേക്ക്‌  പോകാന്‍ തിടുക്കമായി ,വീണ്ടും സിഗ്നല്‍ തടസ്സങ്ങള്‍ ..എപ്പോഴും  ഓരോരോ വഴിമുടക്കങ്ങള്‍ ,ഒന്നും ശരിയാവുന്നില്ല ,ഒന്നിച്ചു പഠിച്ചവര്‍ക്കൊക്കെ ജോലിയായി ,ഞാന്‍ മാത്രം ഇങ്ങനെ .എത്ര ഇന്റര്‍വ്യൂ  പങ്കെടുത്തു ,ഒന്നും ശരിയാകുന്നില്ല ... 

എന്തെങ്കിലും നന്നായി കഴിക്കണം ,വല്ലാതെ വിശക്കുന്നു .സരോഷിന്റെ വീട്ടിനടുത്ത്  മലയാളിയായ പ്രേമേട്ടന്റെ കടയുണ്ട് അവിടാവുമ്പോള്‍ കേരള ഫുഡ്‌ കിട്ടും ,ഒന്ന് വലിച്ചു അതിനുശേഷം കഴിക്കാം ,പണം എടുക്കുവാന്‍ കീശയില്‍ കൈയ്യിട്ടു 
,അത് കാലി ..എന്റെ പേഴ്സ് എവിടെ ?എടുക്കാന്‍ മറന്നതാണോ ?അതിനു വഴിയില്ല ചില്ലറ പൈസ അമ്പലത്തില്‍ ഇട്ടതാനല്ലോ ,അമ്പലത്തില്‍ നിന്ന് ആരെങ്കിലും ?അതിനു അവിടെ അത്ര തിരക്കും ഉണ്ടായിരുന്നില്ല .ഇന്റർവ്യൂ  സ്ഥലത്ത് വന്ന മാന്യന്മാർ എന്തായാലും പേഴ്സ് അടിച്ച് മാറ്റില്ല.അപ്പോൾ കാലിനു വയ്യാത്ത അയാള്‍ തന്നെ കള്ളന്‍ ,കൂടുകാരന്‍ ഉപദേശിച്ചതാണ് ആർക്കും ലിഫ്റ്റ്‌ കൊടുക്കരുതെന്ന്.,അത് വക വെക്കാതെ അയാളെ സഹായിച്ചു ,കിട്ടി നല്ല ഒരു ഉപകാരം തന്നെ..പണം കുറച്ചേ ഉള്ളൂ ,പക്ഷെ ലൈസന്‍സ് ,എ ടി എം കാര്‍ഡ്‌ ,മറ്റു ഡോക്യുമെന്റ്സ് എല്ലാം അതിലായിരുന്നു .ഇനി എല്ലാം വീണ്ടും അപേക്ഷിക്കണം 

മനസ്സില്‍ അയാളെ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു ,പഴിച്ചു ,ശപിച്ചു .അന്ന് തന്നെ കൂട്ടുകാരനില്‍ നിന്ന് പണം വാങി നാട്ടിലേക്ക് മടങ്ങി .

കൃത്യം നാലാം നാള്‍ എനിക്ക് ഒരു കൊറിയര്‍ വന്നു ,എന്റെ  പേഴ്സ് ,കൂട്ടത്തില്‍ ഒരു എഴുത്തും ഇംഗ്ലീഷില്‍ ,
"സര്‍ ,നിങ്ങള്‍ അന്ന് സഹായിച്ച ആളാണ് ഞാന്‍ ,അന്ന് എന്നെ ഇറങ്ങാന്‍ സഹായിക്കുമ്പോള്‍ നിങ്ങളുടെ പേഴ്സ് താഴെ വീണതാവാം ,നിങ്ങള്‍ പോയപ്പോഴാണ് ഞാനും കണ്ടത് ,ഇതില്‍ നിന്ന് കൊറിയര്‍ ചാര്‍ജ് മാത്രം എടുത്തിട്ടുണ്ട് ഫോണ്‍ നമ്പര്‍ ഒന്നും കാണാത്തതിനാല്‍ ലൈസൻസിൽ  ഉള്ള അഡ്രെസ്സില്‍ കൊറിയര്‍ ചെയ്യുന്നു ,കിട്ടിയാല്‍ ഈ ഫോണില്‍ വിവരം അറിയിക്കുക "

എനിക്ക് ആക്കെ വല്ലാതായി ,കഴിഞ്ഞ നാല് ദിവസമായി അയാളെ മനമുരുകി ശപിക്കുകയാണ് .ബാങ്കും ആര്‍ ടി ഓ യും ഓരോരോ ഫോര്‍മാലിറ്റിസ് പറഞ്ഞു മടക്കുബോൾ  അയാളെ മനസ്സില്‍ തെറി വിളിക്കുകയായിരുന്നു.

,അയാള്‍ പറഞ്ഞ നമ്പരില്‍ വിളിച്ചപ്പോള്‍ ഏതോ ഒരു പെണ്‍മൊഴി .അത് കൊണ്ട് പേഴ്സ് കിട്ടിയ വിവരം മാത്രം അറിയിച്ചു ,ഇനി ബാംഗ്ലൂരില്‍ പോയാല്‍ നേരിട്ട് കണ്ടു ക്ഷമ പറയാനും തീരുമാനിച്ചു .

പിന്നെ ഓരോരോ കാരണങ്ങളാല്‍ വിളിക്കാന്‍ പറ്റിയില്ല,ഇപ്പോള്‍ രണ്ടു വര്‍ഷമായി ഞാന്‍
 ഇവിടെ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു ,വന്ന അന്ന് തന്നെ അയാളുടെ നമ്പറില്‍ വിളിച്ചു,പക്ഷെ ആ 
നമ്പര്‍ ഇപ്പോള്‍ നിലവിലില്ല പോലും

ഇപ്പോൾ  ഞാൻ എല്ലാദിവസവും  ജോലിക്ക് പോകുന്നത്  സിഗ്നലിൽ കൂടിയാണ് .എന്നും ഞാന്‍ ആ സിഗ്നല്‍ എത്തിയാല്‍ അയാളെ തിരയും ആരോടെങ്കിലും ലിഫ്റ്റ്‌ ചോദിച്ചു അയാൾ   വരുന്നുണ്ടോ എന്ന് .പക്ഷെ ഇത് വരെ അയാളെ കാണാന്‍ പറ്റിയില്ല ,ഇപ്പോഴും ഞാൻ തിരഞ്ഞു കൊണ്ടിരിക്കുന്നു ,അയാളെ കാണുവാൻ ..അയാളോട് ക്ഷമ പറയുവാന്‍ ..


കഥ :പ്രമോദ് കുമാര്‍ .കെ.പി  

2 comments:

  1. എഴുത്തിന്റെ കിരണങ്ങള്‍ ഈ പോസ്റ്റില്‍ കാണാം.. നന്നായി എഴുതുന്നുണ്ട്..കൊടുത്താല്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  2. നല്ല ഒരു എഴുത്ത് ആശംസകള്‍ ...

    ReplyDelete