Friday, August 9, 2013

ആരാണ് മണ്ടന്‍ -4

       നമ്മള്‍ ഒക്കെ സ്കൂളില്‍ പഠിക്കുന്ന സമയം.അക്കാലത്ത് .ടി.വി ഒന്നും നമ്മുടെ നാട്ടില്‍ അത്ര പ്രചാരത്തിലായിട്ടില്ല .ക്രിക്കറ്റ്  ഒക്കെ തത്സമയം ടി.വി യിൽ വരുവാൻ തുടങ്ങി .ടി.വി ആണെങ്കിൽ നാട്ടില്‍ തന്നെ ഒന്നോ രണ്ടോ വീട്ടില്‍ മാത്രം.ഷംസുവിന്റെ വീട്ടിൽ ടി.വി ഉണ്ട് .പക്ഷെ അവന്റെ ഉപ്പാപ്പ ഉണ്ടെങ്കിൽ കളി  കാണൽ നടക്കില്ല .പോരാത്തതിന് ഷംസുവിനു ക്രിക്കറ്റിൽ താല്പര്യവും ഇല്ല .ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള വായനശാലയില്‍ ടി.വി ഉണ്ട്.അത് നമ്മുടെ ഷംസുവിന്റെ ഉപ്പ സ്പോണ്സര്‍ ചെയ്തതാണ് .ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ടി.വി ആണ് ..നമ്മള്‍ ടി.വിയിൽ   പരിപാടി കാണുവാന്‍ അവിടംവരെ പോകും.അധികവും ക്രിക്കറ്റ് മാത്രം കാണുവാനാണ് പോകാറുള്ളത് .രാവിലെ തുടങ്ങിയാല്‍ വൈകുന്നേരം വരെ ഉള്ള വന്‍ഡേ മാച്ച് ആണ് ടി.വി യില്‍ വരാറുള്ളത് .അതും ഇന്ത്യയുടെ കളി മാത്രം.ആദ്യ ടീം ബാറ്റു ചെയ്തു ശേഷമുള്ള ഗ്യാപ്പില്‍ നമ്മളും ഊണ് കഴിക്കാന്‍ ഓടും.തുടങ്ങും മുന്നേ മടങ്ങി എത്തും .

ടി.വി ഓപററ്റു  ചെയ്യുവാൻ കമ്മിറ്റി ഒരാളെ വെച്ചിട്ടുണ്ട് .അവനു ആൾകാർ കൂടുന്ന ഇത്തരം ദിവസങ്ങളിൽ ഭയങ്കര ഡിമാണ്ട്  ആണ്.അവൻ കളി തുടങ്ങുന്ന സമയം ആകുമ്പോൾ ടി.വി.വെക്കാതെ മുങ്ങും.നമ്മൾ തേടി പിടിച്ചു ചായകടയിൽ നിന്നോ മറ്റോ കൊണ്ടുവരും.ഉച്ചക്ക്  വീട്ടിലേക്കു പോയാലും വരാതെ അവൻ അവിടെ ഇരുന്നു കളയും ...നമ്മൾ ആരെങ്കിലും പോയാൽ മാത്രം വരും.അവനെ ആനയിച്ചു കൊണ്ടുവരണം.നമ്മളും അവനെ പിണക്കില്ല ..അവൻ ടി.വി വെച്ചില്ലെങ്കിലോ ..അവൻ അത് അങ്ങിനെ നല്ലവണ്ണം ആസ്വദിക്കുന്ന സമയം ....ഒരു ദിവസം ഇന്ത്യയുടെ ബാറ്റിംഗ് ആണ് ഉച്ച കഴിഞ്ഞു. കളി തുടങ്ങേണ്ട സമയം ആയിട്ടും ഇവനെ കാണുനില്ല .അവൻ ആണെങ്കിൽ ആരെങ്കിലും ചെന്ന് വിളിക്കാൻ വേണ്ടി വീട്ടിൽ കാത്തു നില്ക്കുന്നു.പക്ഷെ ആരും പോയില്ല .കുറെ കഴിഞ്ഞു അവൻ വന്നു നോക്കുമ്പോൾ എല്ലാവരും കളി കാണുന്നു.അവൻ ആകെ ചമ്മി പോയി.

"ആരാട ടി.വി ഓണ്‍ ചെയ്തത് ?" അയാൾ കോപത്തോടെ ചോദിച്ചു.

"ഞാനാ  ..."ഷംസു എഴുനേറ്റു കൊണ്ട് പറഞ്ഞു ..

"എന്റെ അനുവാദം ഇല്ലാതെ ഓണ്‍ ചെയ്യാൻ നിന്റെ അപ്പന്റെ സ്വത്താണോട .."

"അതെ എന്റെ ഉപ്പ വായനശാലയ്ക്ക് കൊടുത്തതാണ് ..  സംശയം  ഉണ്ടോ ?."അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.അയാൾക്ക്‌ ആ കാര്യം അറിയില്ലായിരുന്നു.അകത്തുനിന്നും ആരോ വന്നു അയാളുടെ ചെവിയിൽ എന്തോ പറഞ്ഞു.അയാൾ ഇളിഭ്യനായി പോയി.വായനശാല എന്നുപോലും ആലോചിക്കാതെ ഞങ്ങൾ ഒക്കെ ഉറക്കെ കൂവി.എല്ലാവരുടെയും കൂവികേട്ട്  അയാള്  അവിടുന്ന്  മുങ്ങി. അന്നുമുതൽ ടി.വി വെക്കാൻ അയാളെ തിരഞ്ഞു പോകേണ്ടി വന്നിട്ടില്ല.ക്രിക്കറ്റിൽ താല്പര്യം ഇല്ലാത്ത ഷംസുവിനെ  ആരൊക്കെയോ ചേർന്ന് നിർബന്ധിച്ചു കൂട്ടി കൊണ്ട് വരികയായിരുന്നു.അയാൾക്ക്‌ പണി കൊടുക്കുവാൻ വേണ്ടി മാത്രം.

താല്പര്യം ഇല്ലാത്ത അവൻ കളിയിൽ  ഒന്നും ശ്രദ്ധിക്കുനില്ല ..ഇടയ്ക്കു പുറത്തുപോകും വരും...ഒരു പ്രാവശ്യം വന്നപ്പോൾ ചോദിച്ചു

"കളി എന്തായി ?"

"ഇന്ത്യ തോല്ക്കുവാൻ പോകുന്നു "

അവൻ കുറച്ചു സമയം കളി നോക്കി കണ്ടു  .പിന്നെ ഉച്ചത്തിൽ പറഞ്ഞു

"എങ്ങിനെ തോൽക്കാതിരിക്കും ..അവർ പത്തു പതിനൊന്നുപേർ കളിക്കുന്നു ..നമ്മൾ ആണെങ്കിൽ രണ്ടു പേരും ..ബാക്കി പഹയൻമാർ ഒക്കെ എവിടെ ..എല്ലാറ്റിനോടും വന്നു കളിക്കാൻ പറ ..   എന്നാൽ ചിലപ്പോൾ നമ്മൾ ജയിക്കും "

ഇന്ത്യയുടെ ബാറ്റിംഗ് ആയിരുന്നു  അപ്പോൾ. കളി അറിയാത്ത അവന്റെ കമന്റ് .

ആ  ഹാളിലുള്ളവർ ഒക്കെ അവന്റെ മണ്ടത്തരം കേട്ട് കളിയാക്കി ചിരിച്ചുവെങ്കിലും അത് എന്തിനാണെന്ന് അവനു  അപ്പോൾ മനസ്സിലായില്ല.തിരിച്ചു പോകുമ്പോൾ അവൻ അതിന്റെ കാരണം നമ്മൾ ചങ്ങാതിയോട്‌ അന്വേഷിക്കുന്നുണ്ടായിരുന്നു.

വർഷങ്ങൾ കഴിഞ്ഞു.ഷംസു  പഠിച്ചു കൊണ്ടിരിക്കുന്ന  സമയം ..അവന്റെ ഉപ്പാക്ക് എങ്ങിനെ എങ്കിലും അവനെ ഗൾഫിൽ എത്തിക്കണം.അവിടെ ബിസിനസ്സിൽ സഹായിക്കാൻ  ഒരാൾ വേണം.അവന്റെ ഉപ്പ മുൻപേ കൊണ്ട് പോയവർ ഒക്കെ പലവിധത്തിൽ അയാളെ പറ്റിച്ചു.അത് കൊണ്ടാണ് ഷംസുവിനെതന്നെ കൊണ്ട് പോകുവാൻ തീരുമാനിച്ചത്.പഠിത്തം നിറുത്തി പോകുവാൻ അവനു വലിയ താല്പര്യം ഇല്ലെങ്കിലും മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു.പോകുന്നതിന്റെ തലേ ദിവസം അവനു നമ്മൾ കൂട്ടുകാരൊക്കെ ചേർന്ന് ഒരു പാർട്ടി കൊടുത്തു.നമ്മൾ ഒക്കെ അവനെ കുറിച്ച് നല്ലത് മാത്രം പറഞ്ഞു നല്ല യാത്ര ആശംസിച്ചു .
അവസാനം പോകുമ്പോൾ എല്ലാവരോടുമായി അവൻ പറഞ്ഞു

"എന്റെ ദേഹവിയോഗത്തിൽ നിങ്ങൾക്ക്  വിഷമം ഉണ്ടാകും  എന്നറിയാം...എന്നാലും പോകാതിരിക്കാൻ കഴിയില്ല  ".

പിറ്റേന്ന് വൈകുന്നേരമാണ് ഫ്ലൈറ്റ് .അവനെ യാത്ര അയക്കാൻ നമ്മൾ രണ്ടു കൂട്ടുകാരും ഒപ്പം കൂടി.അവന്റെ മാമനും ഉപ്പാപ്പയും കൂടി കൂട്ടത്തിൽ  ഉണ്ട്. യാത്ര തുടങ്ങി വടകര കഴിഞ്ഞു കാണും.മാമൻ പെട്ടെന്ന് എന്തോ ഓർത്തത്‌ പോലെ ചോദിച്ചു

"മോനെ ഷംസു ..ടിക്കറ്റും പാസ്പോർട്ടും ഒക്കെ എടുത്തിട്ടുണ്ടല്ലോ അല്ലെ "

'ടിക്കറ്റ്  എടുത്തു ..പാസ്പോര്ട്ട്  ഫോട്ടോസ്റ്റാറ്റ്  ഉണ്ട് "

'ഫോട്ടോ സ്റ്റാറ്റോ ?"

"അതെ ..മാമനല്ലേ ഇന്നലെ പറഞ്ഞത് ..പാസ്പോർട്ട്  സൂക്ഷിച്ചു വെക്കണം .. പുറത്തു പോകുമ്പോൾ
ഫോട്ടോസ്റ്റാറ്റ് മാത്രമേ കയ്യിൽ കരുതാവൂ എന്ന് "

മാമനു  ഉത്തരം മുട്ടിപോയി.ഇവനോട് എന്ത് പറയാൻ ?കാറ് നിറുത്തിച്ചു.എന്തായാലും ഒരു വഴിക്ക് പോകുന്നത് കൊണ്ട് മടങ്ങി പോകേണ്ട എന്ന് തീരുമാനിച്ചു.മാമൻ ആരെയോ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു.അവർ അതെടുത്തു വന്നോളാം എന്നും അറിയിച്ചു.

"മാമൻ ആരെയാ വിളിച്ചത് ?"

"ബേജാരാകേണ്ട ..ഇനിയും ഇഷ്ടം പോലെ സമയം ഉണ്ട് ..ലത്തീഫ് കൊണ്ടുവരും "

'എന്തിനാ മാമ അവനെ വെറുതെ മിനക്കെടുത്തുന്നത് ....എന്റെ ഉപ്പയുടെ  അഡ്രസ്സിൽ കൊറിയർ ചെയ്യാൻ പറ "

അവന്റെ അങ്ങിനത്തെ മറുപടി ആരും പ്രതീക്ഷിച്ചില്ല ,മാമന്റെ പ്രതികരണവും ..മാമൻ ഒരൊറ്റ അടിയായിരുന്നു.ഷംസു മുഖം പൊത്തിപിടിച്ചു കരഞ്ഞു....കയ്യെടുക്കുംബോൾ  അവിടമാകെ ചുവന്നു തുടുത്തിട്ടുണ്ടായിരുന്നു.ലത്തീഫ് വരുംവരെ നമ്മൾ അവിടെ കാത്തു നിന്നു.പിന്നെ എയർപോർട്ട് വരെ ആരും സംസാരിച്ചില്ല .അവൻ തല കുനിച്ചിരുന്നു.

ഗൾഫിൽ പോയ ഷംസുവിനു വെച്ചടി വെച്ചടി കയറ്റമായിരുന്നു.അത് ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു.പലപ്പോഴും ഷംസുവിനെ കുറിച്ചോർക്കുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്

"മാമന്റെ ആ  അടി ആയിരിക്കുമോ അവന്റെ മണ്ടൻ സ്വഭാവം മാറ്റിമറിച്ചിരിക്കുക ? "

ആവോ  ആർക്കറിയാം ?


കഥ :പ്രമോദ് കുമാർ .കെ.പി

അവന്റെ കൂടുതൽ വിശേഷങ്ങളുമായി ഇനിയും വരാം,പഴയ വിശേഷങ്ങൾ അറിയുവാൻ


http://promodkp.blogspot.in/2012/12/blog-post.html
http://promodkp.blogspot.in/2013/07/2.html
http://promodkp.blogspot.in/2013/07/3.html

10 comments:

 1. അതുപോലെ ഒരു അടി കിട്ടാത്തതിന്റെ കുഴപ്പം കാണുന്നുണ്ട്...................... നല്ല കഥ.

  ReplyDelete
 2. ആര്‍ക്കു എനിക്കോ ?

  ReplyDelete
 3. അപ്പോ ആരാ മണ്ടന്‍??!!

  ReplyDelete
 4. ഷംസു കഥകള്‍ ഇനിയുമുണ്ടോ? :D

  ReplyDelete
  Replies
  1. കഥകളുടെ കൂമ്പാരം ആണ് അവന്‍ ...എന്താ മടുത്തോ ?

   Delete
 5. Replies
  1. അല്ല ....അല്ലെ ?അതോ ആണോ ?..................ഓ കണ്ഫുഷന്‍

   Delete
 6. കഥ എന്ന ലേബല്‍ അല്‍പ്പം ആശയക്കുഴപ്പമുണ്ടാക്കുന്നു.

  ReplyDelete
  Replies
  1. അറിഞ്ഞു കൊണ്ട് തന്നെ വെച്ചതാണ് ..ഈ ഷംസു എങ്ങാനും വന്നു കേസ് കൊടുത്താലോ ....?കഥ എന്ന് പറഞ്ഞു രക്ഷ പെടാലോ .......എങ്ങിനുണ്ട് എന്റെ ബുദ്ധി

   Delete