Wednesday, April 3, 2013

വ്യഭിചരിക്കുന്ന മാധ്യമങ്ങള്‍

 നമ്മുടെ മാധ്യമങ്ങള്ക്ക് എന്ത് പറ്റി ?ചോദ്യം എന്റേത് മാത്രമല്ല കുറച്ചു ദിവസങ്ങളായി ഫേസ്ബുക്ക്‌ പോലുള്ള കൂട്ടായ്മകളില്‍ സുഹൃത്തുക്കള്‍ പരസ്പരം ചോദിച്ചു തുടങ്ങിയിരിക്കുന്നു.പത്രം കൈകൊണ്ടു തൊടുവാന്‍ തന്നെ അറപ്പ് ആകുന്നു എന്നുവരെ ഫേസ് ബുക്കില്‍ പോസ്റ്റ്‌ വന്നു തുടങ്ങി .സത്യം തന്നെയാണ് . പത്രങ്ങള്‍ പത്രധര്‍മം മറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു.

ഇപ്പോള്‍  എല്ലാ പത്രങ്ങളും സ്വന്തം ചാനല്‍ തുടങ്ങിയിരിക്കുന്നു.അത് കൊണ്ട് തന്നെ ആ മേഖലയില്‍ നല്ല ഒരു മത്സരം നടക്കുകയാണ്.മത്സരം നടന്നാല്‍ നമ്മള്‍ക്ക് കിട്ടേണ്ടത് ആരോഗ്യകരമായ നല്ല ഒരു റിസള്‍ട്ട് ആണ് പക്ഷെ പലരും ചെയ്യുന്നത് അതിനു അപവാദം ആയിട്ടാണ്.പലരും വാര്‍ത്ത പറയുന്നത് തന്നെ നമ്മള്‍ക്ക് ആണ് ഈ ദ്രിശ്യങ്ങളും വാര്‍ത്തയും ആദ്യം കിട്ടിയത് എന്ന മുഖവുര യോടെയാണ് . ആര്‍ക്കു കിട്ടിയാല്‍ എന്താ നമുക്ക് വാര്‍ത്ത അറിഞ്ഞാല്‍ മതിയല്ലോ എന്നാണ് പലരും തിരിച്ചു ചോദിച്ചു കൊണ്ടിരിക്കുന്നത്.

 ഇന്ന് ഒരു പത്രത്തില്‍ ,ചാനലില്‍ വരുന്ന വാര്‍ത്ത ശരിതന്നെ ആണെന്ന് അറിയണം എങ്കില്‍ മറ്റു രണ്ടെണ്ണം കൂടി നോകേണ്ട ഗതികേടിലാണ് പൊതു ജനം.അങ്ങിനെ ഇവിടെ ആര്യയും അമൃതയും ഒക്കെ സൃഷ്ട്ടിക്കപെടുമ്പോള്‍ അവര്‍ക്ക് ജയ് വിളിച്ച പലരും പിന്നെ അപമാനിതര്‍ ആകുന്നു.ഇവരൊക്കെ മാധ്യമ സൃഷ്ട്ടികള്‍ മാത്രം ആണെന്ന് അറിയാന്‍ നമ്മള്‍ വൈകി പോകുന്നു.ഇവിടെ മത്സരം മുറുകും തോറും വാര്‍ത്തകള്‍ സൃഷ്ട്ടിക്കപെടുകയാണ് . ഇങ്ങിനത്തെ പോക്ക് ഉണ്ടാകുമ്പോള്‍ നമ്മള്‍ അറിയേണ്ട പല വാര്‍ത്തയും അറിയാതെ പോകുന്നു,അല്ലെങ്കില്‍ പ്രാധ്യനം കിട്ടാതെ തഴയപെടുന്നു.കഴിഞ്ഞ ദിവസം മരുന്ന് വിഷയത്തില്‍ ഉണ്ടായ സുപ്രധാനമായ സുപ്രിംകോടതി വിധി ബി ബി സി എന്ന മാധ്യമ ഭീകരന്‍ കവര്‍ സ്റ്റോറി ആയി ചര്‍ച്ച ചെയ്തപ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ മന്ത്രിയുടെ അനാശാസ്യത്തിന്റെ പിറകെ ആയിരുന്നു.

സൌദിയില്‍ ഭയങ്കര പ്രശ്നമാണ് അവിടെ ആള്‍കാര്‍ ചെക്കിംഗ് ഭയന്ന് ഒളിച്ചിരിക്കുകയാണ് എന്നൊക്കെയാണ് ഒരു പുതിയ ചാനല്‍ അടിച്ചു വിട്ടത്.അവര്‍ പറഞ്ഞ സ്ഥലത്തുള്ള നമ്മളുടെ ഫേസ് ബുക്ക്‌ സുഹൃത്ത്‌ ഉസ്മാനിക്ക പിറ്റേന്ന് ഈ വിഷയം വെച്ച് ഒരു പോസ്റ്റ്‌ ഇട്ടപ്പോള്‍ ആണ് അവര്‍ വെറുതെ നാട്ടില്‍ ഉള്ളവരെ പേടിപ്പിക്കുകയാണെന്ന് മനസ്സിലാക്കിയത്.കൂടാതെ അവിടെയുള്ള പലരും മാധ്യമങ്ങളോട് അപേക്ഷിച്ചു "നിങ്ങള്‍ സഹായിക്കണം എന്നില്ല വേണ്ടാത്തത് പറഞ്ഞു ഉപദ്രവിക്കരുതേ എന്ന് ".

 സൌദിയില്‍ നിന്നും പാലായനം ഉണ്ട് എന്നത് സത്യം .ശരിയായ വിസയില്‍ പോയി അവിടുത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ഒരു പ്രശ്നവും ഇല്ല എന്നാണ് അവിടെ ഉള്ളവര്‍ പറയുന്നത്.അങ്ങിനെ ഇല്ലാത്തവര്‍ മടങ്ങി വരുവാന്‍ ശ്രമിക്കുന്നു.അത് കൂടുതല്‍ പേര്‍ ഉള്ളത് കൊണ്ട് അതിനനുസരിച്ച തിക്കും തിരക്കും ഉണ്ടാവാം.പക്ഷെ ഇവിടുത്തെ മൈ മാധ്യമാകാര്‍ പറയുന്നതുപോലെ ഉള്ള പ്രശ്നങ്ങള്‍ ഒന്നും അവിടെ ഇല്ല എന്നാണ് അവിടെ ഉള്ള സുഹൃത്തുക്കള്‍ പറയുന്നത്.അവിടുത്തെ കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞു നമ്മളെ ഗവര്‍മെന്റിന് എതിര്‍ ആക്കരുതെന്നും അപേക്ഷിക്കുന്നു.ഒന്ന് രണ്ടു ദിവസം പൊടിപ്പും തൊങ്ങലും ചര്‍ച്ചകളും മറ്റും കൊണ്ട് വായിട്ടടിച്ച മാധ്യമങ്ങള്‍ ഇപ്പോള്‍ അതും വിട്ടു . ഇപ്പോള്‍ മന്ത്രിയുടെ രാജിയും കിടപ്പറ രഹസ്യങ്ങളും ആണ് അവര്‍ക്ക്  ഹരം.

അങ്ങിനെ വാര്‍ത്തകള്‍ ഓരോന്ന് അവര്‍ സൃഷ്ട്ടിക്കുകയാണ് ,നമ്മളെ പറ്റിച്ചു കൊണ്ട് ... .. സീരിയലുകള്‍ ഇതുപോലെ ആവര്‍ത്തന വിരസത ഉണ്ടാക്കിയപ്പോള്‍ കണ്ണൂരിലെ  എഴുപതില്‍ പരം കുടുംബം അത് ബഹിഷ്കരിച്ചു ,സീരിയല്‍ കാണില്ല എന്ന് അവര്‍ കൂട്ടമായി തീരുമാനിച്ചു.അതുപോലെ ഇനി മലയാളം പത്രങ്ങളും വാര്‍ത്തകളും വേണ്ട എന്ന നിലയിലേക്ക് കാര്യങ്ങള്‍ അവര്‍ കൊണ്ട് പോകുകയാണ്.

പത്ര മുത്തശ്ശി കാലാകാലമായി ഒളിസേവ ചെയ്യുന്നത്  ആര്കൊക്കെ വേണ്ടിയാണെന്നു പകല്‍ പോലെ എല്ലാവര്ക്കും അറിയുന്നതാണ്.അതില്‍ ആര്‍ക്കും പരാതിയും ഇല്ല . കാരണം എന്നെ തല്ലേണ്ട ഞാന്‍ നന്നാവൂല എന്ന് പണ്ടേ തെളിയിച്ചതാണ്.സഖാക്കന്മാര്‍ക്ക് എതിരെ എന്ത് കിട്ടിയാലും അത് വലിയ വാര്‍ത്ത ആക്കുവാനും അവര്‍ക്ക് നല്ല മിടുക്കുണ്ട്. കേസരി(ഇപ്പോള്‍ ഉണ്ടോ ആവോ )ദേശാഭിമാനി ,ചന്ദ്രിക പോലുള്ളത് പാര്‍ട്ടിയുടെ പത്രമാണ് ,അവര്‍ അതില്‍ എന്ത് എഴുതുന്നു എന്നത് നമ്മള്‍ക്ക് പ്രശ്നം അല്ല പക്ഷെ ആരുടെ പക്ഷത്തും ഇല്ല എന്ന നിലപാടുള്ളവര്‍ പോലും ഇപ്പോള്‍ പണത്തിനു വേണ്ടി വ്യഭിചരിച്ചു തുടങ്ങിയിരിക്കുന്നു.ഇല്ലാത്ത വാര്‍ത്തകളൊക്കെ സൃഷ്ട്ടിക്കപെടുന്നു.

ഈ വ്യഭിചാരം എത്രനാള്‍ അവര്‍ക്ക് കൊണ്ട് പോകാന്‍ പറ്റും ,ഒന്നുകില്‍ സൌന്ദര്യം നശിക്കുന്നതുവരെ അല്ലെങ്കില്‍ മാരകരോഗം കൊണ്ട് ആള്‍കാര്‍ അടുക്കാതിരിക്കുന്നതുവരെ ,അതുമല്ലെങ്കില്‍ ആരെങ്കിലും തല്ലികൊള്ളുന്നതുവരെ ... ആദ്യത്തെ രണ്ടിലും ഏകദേശം എത്തിയിരിക്കുന്നു ..ഇനി ആരെങ്കിലും കൈവെക്കുവാന്‍ നോക്കി യിരിക്കുകയാണോ ?

വാല്‍കഷ്ണം :
ഇന്നലെ നല്ല രസിപ്പിക്കുന്ന ഒരു പോസ്റ്റ്‌ ഉണ്ടായിരുന്നു ഫേസ് ബുക്കില്‍ .. സ്ഥിരമായി സീരിയല്‍ കണ്ടുകൊണ്ടിരുന്ന അമ്മക്ക് മകന്‍ വാര്‍ത്ത ചാനല്‍ ഓണ്‍ ചെയ്തുകൊടുത്തു . അതില്‍ മന്ത്രിയുടെ അടുക്കള രഹസ്യം കണ്ട അമ്മ എന്തുകൊണ്ട് മുന്‍പേ ഇവിടെ വരാന്‍  തോന്നിയില്ല എന്ന് പരിഭവിച്ചു പോലും.സീരിയലിനെ മുട്ടുകുത്തിക്കുന്ന എരിവും പുളിയും അല്ലെ ഇപ്പോള്‍ കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്നത് .

പ്രമോദ്‌ കുമാര്‍ കെ.പി.

5 comments:

 1. നമ്മുടെ മാധ്യമങ്ങൾക്ക് പറ്റിയത് ഒരു തരം വട്ടാണ്, ബിസ്സ്നസ് ഭ്രാന്ത...... റേറ്റിങ്ങ് കൂട്ടാൻ എന്ത് തെമ്മാടിത്തവും വിളിച്ച് കൂവി എക്സ്ക്ലുസീവാണെന്ന് പറയലാണ് ഇപ്പോഴത്തെ പുതിയ ട്രെന്റ്...............

  ReplyDelete
 2. പത്രം വായിയ്ക്കാണ്ടിരുന്നാല്‍ സമാധാനം

  ReplyDelete
 3. മാധ്യമ വ്യഭിചാരികൾ..

  ReplyDelete
 4. മുമ്പും ഇപ്പോഴും രാഷ്ട്രീയക്കാര്‍ വിചാരിക്കുന്നത് പൊതുജനം കഴുതയാണ്‌. നമ്മുടെ അടവുകളൊന്നും ഇവര്‍ അറിയുന്നില്ല എന്നൊക്കെയാണ്. മറ്റു ചോയ്സ് ഇല്ലാത്തത് കൊണ്ട് നാം വീണ്ടും വീണ്ടും അവര്‍ക്ക് മാറി മാറി വോട്ട് ചെയ്യുന്നു. പക്ഷെ ഇപ്പോള്‍ മാധ്യമങ്ങളും അങ്ങനെ ചിന്തിക്കുന്നു എന്ന് വാര്‍ത്താ ചാനലുകള്‍ കണ്ടാല്‍ മനസ്സിലാക്കാം.
  ശരിയായ വാര്‍ത്ത പ്രേക്ഷകര്‍ സ്വയം അവലോകനം ചെയ്തു മനസ്സിലാക്കേണ്ടിയിരിക്കുന്നു,ഇപ്പോള്‍. കഴുതകളല്ലെന്നു തെളിയിക്കേണ്ട ബാധ്യത തീര്‍ച്ചയായും നമുക്കുണ്ട്. പക്ഷെ എങ്ങനെ?

  ReplyDelete
 5. അന്യന്‍റെ കിടപ്പുമുറിയാണ്‌
  ക്യാമറക്കണ്ണുകള്‍ക്കെന്നും
  പ്രിയം!...rr

  ReplyDelete