Wednesday, August 17, 2022

ഒരു "സെൻ്റ്"(saint) പുരാണം

 




പഠിക്കുന്ന സമയത്ത് പലപ്പോഴും പോകുവാൻ ആഗ്രഹിക്കാത്ത നമ്മുടെ സ്കൂളുകൾ പഠിത്തം കഴിഞ്ഞാൽ നമ്മളെ മാടി വിളിക്കും...അത് കൊണ്ട് തന്നെ വർഷങ്ങൾ കഴിഞ്ഞു എങ്കിലും നാട്ടിൽ പോയാൽ പലപ്പോഴും സ്കൂൾ മുറ്റത്ത് എത്തുവാൻ കൊതിക്കും..




ഫോൺ വിളികളും കത്തുകളും കൊണ്ട്  നിലനിർത്തിയ സൗഹൃദം ഇന്നും ഒരു  വാട്സ് ആപ്പ് ഗ്രൂപ്പ് മീഡിയ ആയി തുടരുന്നു . ഇവിടുത്തെ പഠിച്ചിറങ്ങിയ സഹപാഠികൾ അധികവും  പരസ്പരം കാണുകയും സംവദിക്കുകയും  വർഷാവർഷം "ഗെറ്റ് ടുഗദർ" സംഘടിപ്പിക്കുന്നത് ഈ സ്കൂൾ നമ്മളെ ഒന്നിപ്പിച്ചത് കൊണ്ട് കൂടിയാണ്.




അച്ഛനായ ഞാൻ പഠിച്ചിറങ്ങിയ തലശ്ശേരി സെൻ്റ് ജോസഫ് എന്ന കീർത്തി കേട്ട വിദ്യാലയത്തിൽ  വരാൻ ഇത്തവണ മോനും കൂടി...നാട്ടിലെ സ്കൂളുകളും വർഷങ്ങൾക്കു മുൻപ് പഠിച്ചിറങ്ങിയവരുടെ  സൗഹൃദങ്ങളും അവനെന്നും പുതുമയായിരുന്നു .




പഠിച്ച ക്ലാസ്സുകളും അവസാനമായി ഇരുന്ന ക്ലാസ്സ് മുറിയും ഓടി നടന്ന ഗ്രൗണ്ടുകളും ഇടവേളകൾ ആഘോഷമാക്കിയ കോട്ട പരിസരവും നമ്മുടെ എപ്പോഴത്തെയും ആവേശമായ കടലും കടൽപാലവും ഒക്കെ അവനെ കാണിച്ചു, കൂട്ടത്തിൽ ഈ സ്കൂളിലെ ആദ്യത്തെ എൻ്റെ ക്ലാസ്സ് ടീച്ചറായ ആലീസ് ടീച്ചർ അന്ത്യവിശ്രമം കൊള്ളുന്ന സ്കൂളിന് തൊട്ടു കിടക്കുന്ന പള്ളിപറമ്പും  കുഴിമാടവും...





എപ്പോഴും പേടിയോടെ കണ്ടിരുന്ന ബാലൻ മാഷും സുകുമാരൻ മാഷും അടിയോടി മാഷും ഒക്കെ വളരെ "പാവങ്ങൾ" ആയിരുന്നു എന്ന് മനസ്സിലാക്കുവാൻ വർഷങ്ങൾ വേണ്ടി വന്നിരുന്നു എങ്കിലും അവരോടൊക്കെ ഉള്ള ആ പേടി തന്നെയാണ് നമ്മളെ എല്ലാ ദിവസവും സ്കൂളിലേക്ക് "അയച്ചതും" നല്ലവണ്ണം പഠിക്കാൻ പ്രേരിപ്പിച്ചതും..


ഈ വർഷത്തോടെ നൂറുവർഷം പൂർത്തിയാക്കുന്ന നമ്മുടെ സ്കൂളിന് ശതാബ്ദി ആശംസകൾ


പ്ര .മോ .ദി .സം

No comments:

Post a Comment