Monday, October 30, 2023

മാർഗ്ഗഴി തിങ്കൾ

 



നമ്മൾ എത്ര പുരോഗമന വാദി യായി "അഭിനയിച്ചാൽ" പോലും ഏതെങ്കിലും ഒരു സന്ദർഭത്തിൽ നമ്മുടെ തനിനിറം പുറത്ത് വന്നു നമ്മെ അലോസരപ്പെടുത്തി കളയും.




നിരീശ്വരവാദികൾ എന്ന് നടിക്കുന്നവർ തലയിൽ തോ ർത്ത് ഇട്ടു ദൈവത്തെ വണങ്ങാനും തൻ്റെ അവശതകൾ പറയാനും ദേവാലയത്തിൽ നിരങ്ങുന്നതും ഈ തനിനിറം പുറത്തേക്ക് ചാടുമ്പോൾ ആയിരിക്കും.



ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്ട്ടപെട്ട കവിതക്ക് കൂട്ട് മുത്തച്ഛൻ ആയിരുന്നു.മുത്തച്ഛൻ പറയുന്നതിൽ പരം ഒരണുവിട ചലിക്കാത്ത അവൾക്ക് ഒരുമിച്ച് പഠിക്കുന്ന ഒരാളോട് ഇഷ്ട്ടം തോന്നിയപ്പോൾ പോലും അദ്ദേഹത്തിൻ്റെ സമ്മതം വാങ്ങി.



വ്യതസ്ത നഗരങ്ങളിലെ പഠിപ്പ് കഴിയും വരെ തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്യാതെ ഇരിക്കും എന്ന ഉറപ്പു പാലിച്ചാൽ അവരുടെ കല്യാണം നടത്തി കൊടുക്കാം എന്ന ഉറപ്പിൽ അവർ പഠനം തുടരുന്നു.




മൂന്ന് വർഷത്തിനിടയിൽ അവരുടെ ഇടയിൽ സംഭവിക്കു ന്ന കാര്യങ്ങളിൽ അവർക്ക് പരസ്പരം അറിവ് പോലും ഉണ്ടാകുന്നില്ല.പഠിത്തം കഴിഞ്ഞു കവിത അവളുടെ കാമുകൻ വിനോദിനെ അന്വേഷിക്കുമ്പോൾ ചില സത്യങ്ങൾ അറിയുന്നതും പിന്നിട് ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ഭാരതി രാജ മുഖ്യവേഷത്തിൽ എത്തുന്ന ചിത്രം പറയുന്നത്.


പ്ര മോ.ദി.സം

Sunday, October 29, 2023

പുലിമട

 



വയസ്സ് നാല്പതു കഴിഞ്ഞിട്ടും കല്യാണം പലവിധത്തിൽ മുടങ്ങിപ്പോയ വിൻസെൻ്റ്ന് അവസാനം കല്യാണ ദിവസം എത്തുന്നു.എങ്കിലും അതും പെണ്ണിൻ്റെ ഒളിച്ചോട്ടം കൊണ്ട് നിന്ന് പോകുന്നു.



പിന്നീട് വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിപോയ വിൻസൻ്റ് കള്ളും കഞ്ചാവും വലിച്ചു കയറ്റി വല്ലാത്ത ഒരു അവസ്ഥയിൽ എത്തുന്നു.



പിന്നീട് അന്ന് രാത്രിയിൽ അയാളുടെ വീട്ടിൽ നടക്കുന്നത് സ്വപ്നമോ അതോ യാഥാർത്ഥ്യമോ എന്ന വിൻസൻ്റിൻ്റെ കൺഫ്യുഷണിൽ സിനിമ മുന്നോട്ടു പോകുകയാണ് .




ആദ്യ പകുതി കല്യാണ വിശേഷങ്ങളുമായി പോകുന്ന AK സാജൻ സംവിധാനം ചെയ്ത  സിനിമ രണ്ടാംപകുതിയിൽ ഐശ്വര്യയും ജോജുവും കൂടി മുന്നോട്ടു കൊണ്ടു പോകുന്നു.



ചെമ്പൻ വിനോദും ലിജി മോൾ ഒക്കെ ഉണ്ടെങ്കിലും അവർക്ക് അർഹിക്കുന്ന പ്രാധാന്യം ഉള്ള വേഷം നൽകാൻ കഴിഞ്ഞിട്ടില്ല.


പ്ര .മോ.ദി.സം


ഒറ്റ

 


വിശപ്പ് എന്നത് മാരകമായ ഒരു അനുഭവമാണ്.പല വിധ കാരണങ്ങൾ കൊണ്ട് ഒരു നേരത്തെ ആഹാരം കിട്ടാത്തവരും അതിനു വേണ്ടി കുറെയേറെ ചൂഷണത്തിൽ പെട്ടുപോകുന്നവരും നിറഞ്ഞതാണ് നമ്മുടെ ലോകം.അന്നത്തിന് വേണ്ടി യുള്ള ഓട്ടം വളരെ നന്നായി ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

നമുക്ക് ചുറ്റും കുറെയേറെ നന്മകൾ ചെയ്തു ധാരാളം പേരുടെ ആശങ്കകളും വിശപ്പും പ്രശ്നങ്ങളും മാറ്റുന്ന കുറേപ്പേർ ഉണ്ട്..പലരും നമ്മുടെ കാണാമറയത്ത് തന്നെ ആയിരിക്കും.എങ്കിൽ കൂടിയും അവർ അവരുടെ നന്മകൾ  ഒരു   പ്രതിഫലവും ഇച്ചിക്കാതെ ചെയ്തു കൊണ്ടേയിരിക്കും.



ചിൽഡ്രൻസ് റീ യൂണിയൻ ഫൗണ്ടേഷൻ അമരക്കാരൻ ഹരിഹരൻ എന്ന വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട കഥയാണ് റസൂൽ പൂക്കുട്ടി തൻ്റെ ആദ്യ സംവിധാന സംരംഭത്തിൽ പറയുന്നത്.തുടക്കത്തിൻ്റെ ചില പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കൂടി വളരെ നല്ല രീതിയിൽ നല്ലൊരു  സിനിമ തന്നെയാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. 


ടോക്സിക് പാരൻ്റ്‌സ് വിഷയം കൂടി കടന്നു വരുന്ന ചിത്രം നമ്മൾ കുട്ടികളെ എങ്ങിനെ ഒക്കെ സ്നേഹിച്ചു വളർത്തണം എന്നത് കൂടി ഉപദേശിക്കുന്നുണ്ട്.

രക്ഷിതാക്കളുടെ കാർക്കശ്യ സ്വഭാവം കൊണ്ട്  വീടുകളിൽ  ഒറ്റപ്പെട്ടു പോയ ഹരിയും ബെന്നും വീടുവിട്ടിറങ്ങി ദൂരേക്ക് ഒളിച്ചോടുന്നു..അവിടെവെച്ച് അവർ പല വിധ ജോലികൾ ചെയ്തു പിടിച്ചു നില്ക്കുന്നു എങ്കില് പോലും കുറെയേറെ മുതലെടുപ്പ്കൾക് വിധേയരാകുന്നു.എല്ലാം സഹിച്ചു നിൽക്കാൻ ഹരിക്ക് പറ്റുന്നു എങ്കിലും ബെന്നിന് അസ്വസ്ഥതകൾ ഉണ്ടാകുന്നു.



അവിടെ അവർക്ക് സഹായിയായി നിൽകുന്ന രാജു എന്ന് ആൾ മറ്റൊരു വിധത്തിൽ  ഒറ്റപ്പെട്ടു പോയതാണ്.അങ്ങിനെ ജീവിതത്തിൽ പല കാരണങ്ങൾ കൊണ്ട് ഒറ്റപ്പെട്ടു പോയ കുറെയേറെ ജീവിതങ്ങളുടെ കഥയാണ് ഇത്.



രണ്ടര മണിക്കൂർ നീണ്ട ചിത്രം പല ജീവിതങ്ങൾ പറയുന്നത് കൊണ്ടുതന്നെ ഏതെങ്കിലും ഒന്ന് എങ്കിലും നമ്മുടെ ജീവിതമായി ബന്ധപ്പെട്ടത് പോലെ തോന്നും.അതുകൊണ്ട് തന്നെ അല്പം പോലും മുഷിവു അനുഭവപ്പെടുകയും ഇല്ല. പല ഭാഷയിലെ നടന്മാർ ഉള്ളത് കൊണ്ട് തന്നെ ഒരു പാൻ ഇന്ത്യൻ പരിവേഷമാണ് ചിത്രത്തിന്..




എം ജയചന്ദ്രൻ ഈണം നൽകിയ ഗാനങ്ങൾ സിനിമയുടെ ആസ്വാദനത്തെ കൂടുതൽ നമ്മളുമായി  ഇഴുകി ചേർപ്പിക്കുനുണ്ട്. സത്യരാജ്,രോഹിണി,ഇന്ദ്രജിത്ത്,അർജുൻ അശോകൻ,ആസിഫ് അലി എന്നിവരാണ് താരങ്ങളിൽ ചിലർ


പ്ര മോ.ദി.സം


Thursday, October 26, 2023

പരംപൊരുൾ

 


ഒരു കൃഷിക്കാരൻ തൻ്റെ ഭൂമിയിൽ കിളക്കുമ്പോൾ ആയിരം വർഷം പഴക്കമുള്ള ഒരു വിഗ്രഹം കിട്ടുന്നു.സർക്കാരിൽ കൊടുക്കുന്നതിലും നല്ലത് കുറച്ചു പണം കിട്ടുന്ന വല്ല സ്ഥലത്തും കൊടുക്കുന്നതാണ് നല്ലതെന്ന് മനസ്സിലാക്കിയ അയാള്  അതേപറ്റി അറിയുന്ന ആളെ വിളിക്കുന്നു.



കിട്ടിയ ആൾ ചതിയിലും വാങ്ങിയ ആൾ ആക്സിഡൻ്റ് കൊണ്ടും കൊല്ലപ്പെടുമ്പോൾ വിഗ്രഹം ദുരാഗ്രഹിയായ  പോലീ സ്





കാരൻ്റെ കയ്യിൽ എത്തുന്നു.


മോഷണ ശ്രമത്തിന് അറസ്റ്റിലായ ആളുടെ സഹായത്തോടെ വിഗ്രഹം വിൽക്കാനും പങ്കിട്ടെടുക്കുവാനും രണ്ടുപേരും ശ്രമിക്കുന്നതും അതിനിടയിൽ അവർക്ക് നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളും സാഹസങ്ങളുമാണ് സിനിമ.






ഇതുമായി ബന്ധപ്പെട്ട് വളരെ പ്ലാൻ ആയ ഒരു പ്രതികാര കഥ കൂടി ചേരുമ്പോൾ  അതുമായി ബന്ധപ്പെട്ട് ഒരു കുടുംബ കഥ കൂടി ഒത്തുചേരുന്നുണ്ട്. 



പ്ര.മോ.ദി.സം


Tuesday, October 24, 2023

നദികളിൽ സുന്ദരി യമുന




യമുന നദിയുമായി വലിയ ബന്ധം ഒന്നും ഇല്ലെങ്കിലും വടക്കൻ കേരളത്തിൽ ഉള്ള ഒരു നന്മനിറഞ്ഞ ഗ്രാമത്തിൻ്റെ കഥയാണ് ധ്യാൻ നായകനായ ഈ ചിത്രം.





സത്യൻ അന്തിക്കാട് ചിത്രം പോലെ ഒരു നാട്ടിൽ നടക്കുന്ന ചെറിയൊരു വിഷയം ഫീൽ ഗുഡ് സിനിമയായി എടുത്തിരിക്കുന്നു.വടക്കൻ കേരളം ആയതുകൊണ്ട് തന്നെ രാഷ്ട്രീയം കഥയിലേക്ക് കടന്നു വരുന്നു എങ്കിലും അതിൻ്റെ "തീവ്രത"ക്ക് കുറവുണ്ട്.






കല്യാണം കഴിക്കാൻ മോഹമുള്ള രണ്ടു ചെറുപ്പക്കാർ കുറെയേറെ പെണ്ണ് കണ്ടൂ എങ്കിലും ഒന്നും കല്യാണത്തിൽ എത്തുന്നില്ല..കൂട്ടത്തിൽ ഒരാളുടെ കല്യാണം ശരിയായി എങ്കിലും നിശ്ചയിച്ച ദിവസത്തെ പരിപാടിക്ക് ഇടയിൽ അത് അലസി പോകുന്നു.






ഇതിൻ്റെ പിന്നിൽ മറ്റവൻ ആണെന്ന് കരുതിയ കൂട്ടുകാർ രണ്ടാഴ്ചക്കുള്ളിൽ ഇവനെ കെട്ടിക്കും അല്ലെങ്കിൽ കൈവശം കുറെ നാളുകൾ ആയി വെച്ചിട്ടുള്ള കാവിൻ്റെ "തോക്ക്" കൈമാറാം എന്ന് വെല്ലു വിളിക്കുന്നു.







പിന്നീട് കല്യാണം കഴിപ്പിക്കാൻ ഉള്ള നെട്ടോട്ടവും കല്യാണം കഴിഞ്ഞതിനു ശേഷം ഇതേ വ്യക്തിയെ കൊണ്ടുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് രസകരമായി പറഞ്ഞിരിക്കുന്നത്..വലിയ കോമഡി ചിത്രം ഒന്നും അല്ലെങ്കിൽ പോലും ചില സമയത്ത് പരിസരം മറന്നു ചിരിക്കാൻ പറ്റുന്നുണ്ട്


പ്ര.മോ.ദി.സം

Saturday, October 21, 2023

മായോൻ

 



നമ്മുടെ നാട്ടിലെ പുരാതന വിഗ്രഹങ്ങളും വിലപിടിപ്പുള്ള മറ്റു അമൂല്യമായ സാധനങ്ങളും കൊള്ളയടിക്കുന്ന വലിയൊരു റാക്കറ്റ് നിലവിൽ ഉണ്ട്..





മോൺസനെ പോലെ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ കാണിച്ചു ആളുകളെ പറ്റിച്ചു പൈസ ഉണ്ടാകുകയല്ല.. മറിച്ച് നമ്മുടെ ആരാധന സ്ഥലങ്ങളിൽ ഉള്ള പഴക്കം ചെന്ന വസ്തുവകകൾ ആർക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ആയിട്ടുള്ള അവിഹിത പരിപാടിയിൽ കോടികൾ സമ്പാദിക്കുക എന്ന ലക്ഷ്യം.






ആർക്കിയോളജി ഉദ്യോഗസ്ഥ മാഫിയ ഗ്രാമത്തിലെ അമ്പലത്തിൽ വിലമതിക്കാനാകാത്ത സ്വത്തുക്കൾ ഉണ്ടെന്നു അറിഞ്ഞ് അത് കൈക്കലാക്കാൻ വേണ്ടിയുള്ള കളികളാണ് ഈ സിനിമ പറയുന്നത്.







അന്ധവിശ്വാസത്തിൻെറ മറവിൽ പലതും പറഞ്ഞു പേടിപ്പിച്ചു ജനങ്ങളെ ചില സമയത്ത്  ക്ഷേത്രത്തിൽ നിന്നും  നിലവറയിൽ നിന്നും  അകറ്റി മുതലെടുക്കുന്ന ആൾക്കരെയുംകുറിച്ച് പറയുന്നുണ്ട്.അത് ലക്ഷ്യം വെച്ചത് നിധി കുമിഞ്ഞു കൂടി കിടക്കുന്നു എന്ന് നമ്മൾ വിശ്വസിക്കുന്ന നമ്മുടെ നാട്ടിലെ ക്ഷേത്രത്തെ കുറിച്ചുമാകാം.


പ്ര.മോ.ദി.സം