Saturday, April 30, 2022

ജനഗണമന

 



ഇന്ത്യയിൽ ഇന്ന് നടക്കുന്ന മുഴുവൻ പ്രശ്നങ്ങളും ഒരൊറ്റ ക്യാൻവാസിൽ പറയുവാൻ ശ്രമിക്കുന്നതാണ് ജനഗണമന..അത് കൊണ്ട് തന്നെ ചിത്രത്തിൻ്റെ ഉദ്ദേശം നല്ലത് ആണെങ്കിലും പ്രേക്ഷകനിൽ ചില സംശയങ്ങൾ സൃഷ്ടിക്കും..ഇതെല്ലാം കൂടി ഒരു ക്യാൻവാസിൽ യോജിപ്പിച്ച് കൊണ്ടുവരുവാൻ സംവിധായകൻ നന്നേ ബുദ്ധിമുട്ടി കാണുന്നുമുണ്ട്.





അധികാരം എന്നത് പലരെയും അടിച്ചമർത്തി വാഴുവാൻ ഉള്ള ഉപാധി ആണെന്ന് കരുതുന്ന ആളുകൾ തലപ്പത്ത് നിന്ന് 

 ഭരിക്കുമ്പോൾ ഒരിക്കലും പ്രശ്നങ്ങൾ വിട്ട് പോകുന്നില്ല.അത് തെരുവുകളിൽ , വീടുകളിൽ ,ക്യാമ്പസുകളിൽ,എന്തിന് സർകാർ സംവിധാനങ്ങളിൽ  പോലും മോശമായ  ചലനങ്ങൾ ഉണ്ടാക്കും 





ജെ എൻ യു് വിഷയം ,ഹിജാബ് വിഷയം, നിലവിൽ ഉള്ള മാധ്യമ സംസ്കാരം, കോടതിയിൽ പോലും എത്തിക്കാതേ ഉള്ള പോലീസിൻ്റെ നീതി നടപ്പാക്കൽ നടപടികൾ, മത ജാതീയ ചിന്തകൾ, ആൺപെൺ മത്സരങ്ങൾ,അങ്ങിനെ തൊട്ടാൽ പൊള്ളുന്ന ഇന്നത്തെ പ്രശ്നങ്ങൾ പറയുവാൻ ആണ് സിനിമ ശ്രമിക്കുന്നത്.


സുരാജ് ആദ്യമൊക്കെ പെർഫോമൻസ് ചെയ്യുന്നുണ്ട് എങ്കില് പോലും പൂർണമായും കഥാപാത്രം ആയി മാറാൻ നന്നായി ബുദ്ധിമുട്ടുന്നു.. പ്രിത്വിരാജ് സ്ക്രീൻ സ്പയിസ് കുറവാണെങ്കിലും ഉള്ള സമയം സ്കോർ ചെയ്യുന്നുണ്ട്..തിയേറ്റർ വിജയത്തെ വരും ദിവസങ്ങളിൽ ഈ "കുറവ് " സാരമായി ബാധിക്കും 






രണ്ടാം ഭാഗം ഉണ്ടാക്കുവാൻ വേണ്ടിയാണോ എന്തോ അവസാനത്തെ വലിച്ച് നീട്ടലുകൾ സിനിമയുടെ ക്വാളിറ്റിക്കു  നല്ല ബാധ്യത ആകുന്നുണ്ട്. കുറച്ചു കൂടി വെട്ടി ഒതുക്കി നല്ലൊരു ചിത്രം ആക്കാമായിരുന്നു.


സംഭാഷണങ്ങൾ മികച്ചതും കയ്യടി നേടുന്നത് ആണെങ്കിൽ കൂടി "നിൻ്റെയൊക്കെ തന്തയുടെ വകയാണോ ഇന്ത്യ " എന്നതിന് ഇന്ത്യയിൽ ജനിച്ച് വളർന്ന തന്തമാരുള്ള മക്കൾക്ക് "അതേടാ'" എന്നുത്തരം കൊടുക്കാൻ കഴിയും എന്നത് തിരകഥകാരൻ മറന്ന് പോയി..


പ്ര .മോ .ദി .സം

Friday, April 29, 2022

കാതുവാകുള രണ്ടു കാതൽ

 



തമിഴിൽ ചില അഭിനയ ,സംവിധാന സംഗീത ബ്രാൻഡ് പേരുകൾ ഉണ്ട്..നയൻതാര,വിഘ്നേഷ് ശിവൻ,സാമന്ത,വിജയ് സേതുപതി,അനിരുദ്ധ് അങ്ങിനെ...അവരിൽ നിന്ന്  കൂട്ടമായി ഒരു പ്രോഡക്ട് വരുമ്പോൾ നമ്മൾ കൂടുതൽ എന്തെങ്കിലും പ്രതീക്ഷിക്കും.




എന്നാല് നമ്മുടെ പ്രതീക്ഷകളെ തകിടം മറിച്ചു ആവറേജിലും താഴെ ഉള്ള ഒരു സിനിമയാണ് അവർ നൽകുന്നത്.പലഭാഷകളിൽ പലരും പല വിധത്തില് പറഞ്ഞ തീം വീണ്ടും നമ്മുടെ മുന്നിലേക്ക് എടുത്തിടുകയാണ്.




ഒരേസമയം രണ്ടു പേരെ സ്നേഹി ക്കേണ്ടി വരുകയും  അതിൽ ആരെയും ഒഴിവാക്കാനും കഴിയാതെ വരുമ്പോൾ ഉള്ള  ഒരുവൻ്റെ ,"കാട്ടി കൂട്ടലുകൾ " ആണ് ചിത്രം പറയുന്നത്.



വിഗ്നേഷ് ശിവൻ്റെ ഭാവിവധു എന്ന നിലയിൽ നയൻതാരയ്ക്ക് ഇതിൽ അഭിനയിക്കണം എങ്കിലും സേതുപതി ,സാമന്ത എന്നിവർ എന്തിന് ഇതിൽ തലവെച്ച് കൊടുത്തു എന്ന് മനസ്സിലാകുന്നില്ല..കോമഡി എന്ന പേരിൽ ചിലതൊക്കെ കാണിക്കുന്നു എങ്കിലും ചിരിച്ചത് സംവിധായകൻ മാത്രം ആയിരിക്കും.ചിലപ്പോൾ നയനും..




തുടക്കം ഒക്കെ നല്ല രീതിയിൽ പോകുന്നു എങ്കിലും പിന്നെ അങ്ങോട്ട് പറഞ്ഞു പഴകിയ കഥ പറയുന്നതുകൊണ്ട് ബോറടി ഉണ്ടാകും.ചിത്രത്തിൻ്റെ കഥ എങ്ങിനെ സഞ്ചരിക്കും എന്ന് പ്രേക്ഷകന് മനസ്സിലാക്കുവാൻ പറ്റുന്നത് കൊണ്ട് അനിരുധിൻ്റെ പാട്ടുകൾ കേട്ട് സമയം കളയാം. അതും ആവറേജ് മാത്രം.


പ്ര .മോ. ദി. സം

Wednesday, April 27, 2022

മന്മഥ ലീല

 



വെങ്കട്ട് പ്രഭു അങ്ങിനെയാണ്... വലിയ നടന്മാരെ വെച്ച് ഒരു സിനിമ ചെയ്തു സൂപ്പർ ഹിററു ആക്കി പിന്നെ ഏതെങ്കിലും നായകന്മാരെ വെച്ച് മറ്റൊരു  ഒന്നിനും കൊള്ളാത്ത സിനിമ എടുക്കും..ഈ ഒന്നിനും കൊള്ളാത്തത് എന്നത്  ചിലർക്ക് മാത്രം ആയിരിക്കും.. ചിലർക്ക് ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടും..അല്ലെങ്കിൽ മാനാട് എന്ന സൂപ്പർ ചിത്രം ചെയ്തു പെട്ടെന്ന് തന്നെ  അദ്ദേഹം ഇങ്ങിനെ ഒരു " റിസ്ക്" എടുക്കില്ലല്ലോ..







പെൺ വിഷയത്തിൽ അഭികാമ്യമുള്ള ഒരാളുടെ രണ്ടു കാലങ്ങളിൽ സംഭവിക്കുന്ന

 രണ്ടു "വെടിവെപ്പിൻ്റെ" കഥയാണ് മന്മദലീല..ആദ്യത്തെ സംഭവം ടീനേജ് തുടക്കത്തിലും രണ്ടാമത്തേത് കുടുംബസ്ഥനായി സെലിബ്രിറ്റി ആയി നിൽക്കുന്ന സമയത്തും..







അതിനു പോകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും എടാകൂടങ്ങളും നായകൻ തന്നെ  സമർത്ഥമായി കൈകാര്യം ചെയ്യുന്നത് പറയുകയാണ് സിനിമ.രണ്ടു സംഭവങ്ങളും കൂട്ടിയോജിപ്പിച്ച് മാറി മാറി കാണിക്കുന്നു.





ക്ലൈമാക്സിൽ എത്തുമ്പോൾ നായകൻ ആരാണെന്ന് നമുക്ക് വ്യക്തമായ ധാരണ ഉണ്ടാക്കുന്നു . അതും ഒരു വെടിവെപ്പിൽ കൂടി തന്നെയാണ് പ്രേക്ഷകനെ മനസ്സിലാക്കി തരുന്നത്..അധികം പേരൊന്നും ഇല്ലാതെ ഒന്ന് രണ്ടു ലൊക്കേഷൻ മാത്രം ഉപയോഗിച്ച്  കുറച്ചു പേരെ കൊണ്ട് മാത്രമാണ് കഥ പോകുന്നത്..





മറ്റുപണികൾ ഒന്നും ഇല്ലെങ്കിൽ നിങൾ ഫ്രീ ആണെങ്കിൽ മാത്രം അല്ലറ ചില്ലറ മസാല കാണുവാൻ തലവെച്ച് കൊടുക്കുക...അല്ലെങ്കിൽ സമയനഷ്ടവും മറ്റും നിങ്ങളെ വിഷമിപ്പിക്കും


പ്ര .മോ. ദി .സം

Tuesday, April 26, 2022

ദസു്വി

 



ഇന്ത്യൻ സിനിമയിലെ അതികായകനായി വളരെ വർഷങ്ങൾ നിലനിൽക്കുന്ന അമിതാബ് ബച്ചൻ്റെ മകനായിട്ടും അഭിഷേക് ബച്ചൻ ബോളിവുഡിൽ വലിയ ചലനങ്ങൾ ഒന്നും ഉണ്ടാക്കിയില്ല.




മൽട്ടിസ്റ്റാർ ചിത്രങ്ങൾ കൊണ്ട് ഒരു വിധം രക്ഷപെട്ടു പോയെങ്കിലും സ്വന്തം നിലയിൽ ഒരു ചിത്രം ആകർഷകമാക്കുന്നു എന്ന് തോന്നിയിട്ടില്ല..കൊറോണ കാലത്ത് വന്ന "ബോബ് വിശ്വാസ്" എന്ന ചിത്രം  വേറിട്ട മേക്കോവർ കൊണ്ട് ശ്രദധേയമായി തോന്നിയെങ്കിലും "ദസു്വി "എന്ന ചിത്രത്തിൽ എത്തുമ്പോൾ പഴയ നിലയിലേക്ക് തന്നെ  പോകുകയാണ്.



അഴിമതി കൊണ്ട് അഴിക്കുള്ളിൽ ആയ മുഖ്യമന്ത്രി ജയിലിലെ കണിശ്ശകാരിയായ ജയിലരുടെ നിർദേശം കൊണ്ട് ജോലി ചെയ്യാൻ നിർബന്ധിതമാകുന്നു. ജോലി ഉഴപ്പാൻ ഉള്ള മരുമരുന്നായിട്ടും ,വിദ്യാഭാസ അഴിമതി  കൂടി  തലയിൽ ഉള്ളത് കൊണ്ടും പത്താം ക്ലാസ്സ് പരീക്ഷ പഠിച്ചു പാസ്സാകാൻ  അയാളുടെ ഉള്ളിൽ ഒരു വാശി ഉണ്ടാകുന്നു...അങ്ങിനെ എല്ലാവരുടെയും സഹകരണത്തോടെ അതിനു വേണ്ടി ശ്രമിക്കുന്നതാണ് കഥ.അതിനിടയിൽ തൻ്റെ കക്ഷിയിൽ ഉണ്ടാകുന്ന രാഷ്ട്രീയ പരിവർത്തനങ്ങൾ ,ചുറ്റും ഉള്ളവരുടെ അധികാര ആസക്തി ഒക്കെ അയാളെ വേറെ തലത്തിൽ ചിന്തിപ്പിക്കുന്നു.




കുറെയേറെ സംഭാഷണങ്ങൾ കൊണ്ട്  നിറഞ്ഞതിനാലും ആക്ഷനെക്കാൾ ഡയലോഗ് കോമഡി   ആയത് കൊണ്ടും മറ്റു ഭാഷകാർക്ക്  പൂർണമായും സിനിമ അത്ര രസികില്ല.കൂടാതെ പതിവ് ബോളിവുഡ് മസാലകൾ ചേർക്കാത്തത് കൊണ്ടും അവർക്ക് ഇഷ്ട്ടപെടുവാൻ പ്രയാസം ആയിരിക്കും.


പ്ര .മോ .ദി .സം

Sunday, April 24, 2022

അന്താക്ഷരി

 



ദാസ്...അന്താക്ഷരി ഇഷ്ടപ്പെടുകയും എല്ലാവരെയും പാടിച്ച് അതിലൊരു രസം കാണുന്ന അയാള് ഒരു  സാധാരണ പോലീസ് ഓഫീസർ ആയിരുന്നു.സിനിമയിലെ നായകൻ ആയത് കൊണ്ട് മാത്രം സിനിമാക്കാർ  നമ്മളിൽ അടിച്ചേൽപ്പിക്കുന്ന  ക്ലീഷേ പോലെ  അയാൾക്ക് കേസുകൾ കണ്ടുപിടിക്കുവാൻ  അതിമാനുഷിക കഴിവുകൾ ഒന്നും തന്നെയില്ല.വെറും സാധാരണക്കാരൻ.






തനിക്കും കുടുംബത്തിനും നേരെ ഉണ്ടായ ഒരു സംഭവം തൻ്റെ ഔദ്യോഗിക ജീവിതത്തിൽ കൂടി പ്രശ്നങ്ങൾ സൃഷ്ടിച്ച അവസരത്തിൽ അയാള് ആ കേസ് സ്വയം അങ് അന്വേഷിക്കുകയാണ്.കൂട്ടിന് സുഹൃത്തായ എസ് ഐ യും..





പലപ്പോളും നിസ്സഹായൻ ആയിപോകുന്ന സാധാരണ മനുഷ്യനായി സൈജു കുറുപ്പ് എന്ന പോലീസ് ഉദ്യോഗസ്ഥൻ മികച്ച അഭിനയം കാഴ്ച വെയ്ക്കുന്നു.വിപിൻ ദാസ് എന്ന സംവിധായകനും പടത്തെ ഇത്രക്ക് മനസ്സിൽ പതിപ്പിച്ച സംഗീത സംവിധായകനും  ഇത് പോലെ ഒരു ചിത്രത്തിന്  പണം മുടക്കിയ നിർമാതാവിന് ഒക്കെ വലിയൊരു കയ്യടി കൊടുക്കണം..



തമിഴ് സിനിമയിൽ ഇതുപോലെ കുറെ പരീക്ഷണ ചിത്രങ്ങൾ വന്നു പോകാറുണ്ട് എങ്കിലും ഇവിടെ ഉണ്ടാവില്ല എന്ന് തന്നെ പറയാം.ഇത്തരം ചിത്രങ്ങൾ ഒക്കെ സൂപ്പർ പരിവേഷം നായകന് നൽകി മാത്രമാണ് നമ്മൾ കണ്ടു കൊണ്ടിരുന്നത്..ഈ ചിത്രം വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്നത് കാണുന്നത് തന്നെ പ്ലസ് പോയിൻ്റ്.


തുടക്കം നമ്മളിൽ ജനിപ്പിക്കുന്ന ഭയം ചിത്രത്തിൻ്റെ അവസാനം വരെ മികച്ച  രീതിയിൽ കൊണ്ട് പോകുന്നുണ്ട്. എങ്കിലും സിനിമയുടെ അവസാനത്തിൽ വന്ന ചില ലാഗിങ്ങുകൾ നമ്മുടെ ആസ്വാദനത്തെ  കുറച്ചെങ്കിലും ബാധിക്കുന്നുണ്ട്.


നമ്മുടെ  നാട്ടിൽ ഇല്ലെന്ന് വാദിക്കുന്ന "തൊട്ടുകൂടായ്മ " ഇന്നും നിലനിൽക്കുന്നു എന്നത് പറയാതെ പറയുന്നുണ്ട് .കൂടാതെ ചൈൽഡ് അബ്യുസ്,സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ "മാരകരോഗം" നമ്മൾ തിരിച്ചറിയണം എന്ന സന്ദേശവും.


പ്ര .മോ .ദി .സം

Tuesday, April 19, 2022

തടപ്

 



സിൽക് സ്മിതയുടെ ജീവതകഥ പറഞ്ഞ ഡേർട്ടി പിക്ചർ,അജയ് ദേവ്ഗൺ നായകനായ വൻസു് അപ്പോൺ എ ടൈം ഇൻ മുംബൈ എന്നിവ സംവിധാനം ചെയ്ത മിലൻ ലുതിര ബോളിവുഡ് ആക്ക്ഷൻ ഹീറോ ആയിരുന്ന സുനിൽ ഷെട്ടിയുടെ മകൻ അഹാൻ ഷെട്ടി നദിയവാല ഗ്രാൻഡ്സൺ സാജിദ് എന്നിവർ ഒത്ത് ചേരുമ്പോൾ ഒരു അടിപൊളി സിനിമ നമ്മൾ പ്രതീക്ഷിക്കും.






പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ക്ലീഷെ ലൗ സ്റ്റോറി ഏകദേശം പടത്തിൻ്റെ മുക്കാലുഭാഗം അപഹരിക്കുമ്പോൾ അവസാന അര മണിക്കൂർ കഥ മാറി മറയുകയാണ്.. ആ അര മണിക്കൂർ മാത്രമാണ് നമ്മെ സിനിമയിലേക്ക് പിടിച്ചിരുത്തുന്ന തും.







ഒന്ന് രണ്ടു വർഷം മുൻപ് ഇറങ്ങിയ തെലുഗു ചിത്രം RX 100 എന്ന ചിത്രത്തിൻ്റെ റീമേക്ക് ചിത്രം നമ്മളെ അധികം രസിപ്പിക്കുന്ന വിധത്തിൽ അല്ല അവതരിപ്പിക്കുന്നത്.








പതിവ് പ്രണയ ചിത്രങ്ങളിലെ രംഗങ്ങളും പാട്ടുകളും സംഭവങ്ങളും ഒക്കെ അങ് തുടർന്ന് പോകുകയാണ്..


പ്ര .മോ .ദി .സം