Sunday, March 21, 2021

ദി പ്രീസ്റ്റ്

  



പേര് സൂചിപ്പിക്കും പോലെ തന്നെ ഒരു വൈദികന്റെ കഥയാണ് പുതുമുഖ സംവിധായകനായ ജോഫിൻ ടീ ചാക്കോ മമ്മൂട്ടിയുടെ നായക വേഷത്തിൽ നമുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.


ഒരു വ്യവസായ കുടുംബത്തിൽ തുടർച്ചയായി നടക്കുന്ന ആത്മഹത്യ യുടെ  കാരണങ്ങൾ ഒരു  ഇൻവെസറ്റിഗേറ്റീവ് മൈൻഡ് ഉള്ള ,അതിനു ഡിപ്പാർട്ട്മെന്റ് സപ്പോർട്ട് കൂടിയുള്ള ഒരു  പുരോഹിതന്റെ അന്വേഷണത്തിൽ കാരണങ്ങൾ  കണ്ടുപിടിച്ചു കൊണ്ടാണ് സിനിമയുടെ തുടക്കം.


അത് കൊണ്ട് തന്നെ ആദ്യ പകുതി വളരെ ത്രിൽ ആയി പോകുന്നുണ്ട്.. ആ അന്വേഷണത്തിനിടയിൽ കണ്ടു മുട്ടുന്ന അനാഥയായ ഒരു കുട്ടിയുടെ സ്വഭാവ വൈകല്യങ്ങൾ മറ്റുള്ളവരിൽ  എങ്ങിനെ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നും അതിൻറെ കാരണങ്ങൾ എന്താണ് എന്ന അന്വേഷണത്തിലാണ് പിന്നീട്  സിനിമ മുന്നോട്ട് പോകുന്നത്..


കുറെ കാലം വീട്ടിൽ ചെറിയ സ്ക്രീനിൽ സിനിമ കണ്ട് കൊണ്ടിരുന്ന നമ്മൾക്ക് വ്യത്യസ്തമായ ഒരു അനുഭവം ഇൗ സിനിമ തീയറ്ററിൽ മാത്രം നൽകും..ഹൊറർ ഇൻവെസ്ററിഗേഷൻ സിനിമയായ തു കൊണ്ട് തന്നെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൊണ്ട്  വല്ലാത്ത ഒരു തരം ഭീതി നമ്മളിൽ ഉണ്ടാക്കുവാൻ രാഹുൽ രാജ് എന്ന സംഗീത സംവിധായകനു  കഴിഞ്ഞിട്ടുണ്ട്.സിനിമയിലെ ഗാനങ്ങളും കൊള്ളാം.കേൾക്കുവാൻ ഇമ്പമുള്ളത് തന്നെ..


തിയേറ്ററിലെ ഇരുട്ടുമുറിയിൽ  സൂപ്പർ സൗണ്ടിൽ ഒരു ക്രൈം ത്രില്ലർ കാണുന്ന ഇഫക്ട് ഒന്നും സ്വീകരണ മുറിയിലെ സൂര്യ വെളിച്ചത്തിൽ ടിവിയിൽ  കിട്ടുകയില്ല കയ്യിലെ ഫോണിൽ ആണെങ്കിൽ  ഒരിക്കലും.അത് കൊണ്ട് ഇൗ ചിത്രം തീയറ്ററിൽ മാത്രം ആസ്വദിക്കുവാൻ പറ്റുന്ന ഒരു ചിത്രം മാത്രമാണ്.


നിഖില വിമൽ എന്ന നായികക്ക് നല്ല ഒരു ബ്രേക്ക് തന്നെ ചിത്രം നൽകും.ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നത് നിഖിലയും പേരറിയാത്ത കുഞ്ഞു നായികയുമാണ്.രമേശ് പിഷാരടി,മധുപാൽ,ടീജി രവി,സാനിയ,നസീർ സംക്രാന്തി,കൊച്ചു പ്രേമൻ,ജഗദീഷ് തുടങ്ങി നല്ലൊരു താരനിര ചിത്രത്തെ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്.


മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്നു എന്നൊക്കെ "ഭീകരമായ" പരസ്യം നൽകി വന്ന സിനിമയിൽ" അപ്രധാനമായ" റോളിൽ  മഞ്ജു വാര്യർ എന്തിന് അഭിനയിച്ചു എന്ന് മനസ്സിലാകുന്നില്ല..പിന്നെ

" വ്യതസ്ത" മായ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രം കിട്ടിയത് കൊണ്ടും മമ്മൂട്ടി സിനിമയിൽ ഭാഗം ആകാനുള്ള ആഗ്രഹം കൊണ്ടും കയറി അഭിനയിച്ചത് ആകും.മമ്മൂട്ടിക്കും വലിയ അഭിനയം ഒന്നും കാഴ്ച വേക്കുവാനില്ല..മുഖം മറയ്ക്കുന്ന താടിയും തൊപ്പിയും ശരീരം മറക്കുന്ന കോട്ടും ഇട്ടു മമ്മൂട്ടി എന്തോന്ന് ചെയ്യാൻ...


തിയറ്ററിൽ ഒരു മണി കിലുക്കം ഉണ്ടാക്കുവാൻ ഇൗ കൂട്ട് കെട്ടിനെ കൊണ്ട് സാധിക്കും എന്ന്  നിർമാതാക്കൾ ആയ ആന്റോ ജോസഫിനും ബി ഉണ്ണി കൃഷ്ണനും അറിയാം. അത് കൊണ്ട് ഇവരെ കാസ്റ്റ് ചെയ്തു എന്ന് പറയേണ്ടി വരും.


എല്ലാം തികഞ്ഞ സിനിമ ആണെന്ന് പറയുന്നില്ല ...ന്യൂനതകൾ ഒരുപാട് ഉണ്ട് എങ്കിലും പുതുമുഖ സംവിധായകൻ എന്ന നിലയിൽ പ്രേക്ഷകരെ പിടിച്ചിരുത്തി രസിപ്പിക്കാൻ ജോഫിൻ എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്.


പ്ര .മോ.ദി .സം

Monday, March 15, 2021

നദീം ശ്രാവൺ



 മുപ്പതു വർഷങ്ങൾക്കു ശേഷം ഒന്നിച്ചു പഠിച്ചവർ ഒത്തുകൂടിയ ഒരു സായാഹ്നം..പലതരം പരിപാടികൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് കൂട്ടത്തിലെ കലാകാരന്മാർ..പാട്ട് പാടി തുടങ്ങിയ ഗായകൻമാർ  മുഴുവൻ പാടിയത് പുത്തൻ ഹിറ്റ് ഗാനങ്ങൾ..ആർക്കും താൽപര്യം തോന്നിയില്ല...പലയിടത്തു നിന്നും വന്നവരെ ആ മലയാളം ഗാനങ്ങൾ ഒന്നും ആകർഷിച്ചത് പോലുമില്ല...അവർ അവരവരുടെ മറ്റു കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി..


അന്നേരം ആണ്  "ആഷിഖി " എന്ന ചിത്രത്തിലെ" ധീരെ ധീ രേസെ മേരെ സിന്ദഗി."...എന്ന ഗാനം കൂട്ടുകാരൻ  ആലപിച്ചു തുടങ്ങിയത്.. അതുവരെ പരസ്പരം വർത്തമാനം പറഞ്ഞും ഫോണിൽ നോക്കിയും  ഇരുന്നവർ ശ്രദ്ധ മാറ്റി..എല്ലാവരും ആ ഗാനം ചുണ്ടുകളിൽ വരുത്തി..   മിക്കവരും  അത് ഏറ്റു പാടുവാൻ തുടങ്ങി... .


അവരൊക്കെ മുപ്പത് വർഷങ്ങൾക്ക് മുൻപുള്ള കാമുകനും കാമുകിയും ആയി മാറുകയായിരുന്നു.അവരുടെ ടീനേജ് കാലത്തേക്ക്  അവർ ഒക്കെ നിമിഷ നേരം കൊണ്ട് മടങ്ങിയെത്തി..


നദീം ശ്രാവൺ എന്ന എക്കാലത്തെയും മെലഡി കിംഗ് ഈണമിട്ട എത്ര എത്ര പാട്ടുകളാണ് തൊണ്ണൂറുകളിൽ അവരെ കോരി ത്തരിപ്പിച്ചത്...ആഷി ക്‌കി, സാജൻ, ഫുൽ ഓര് കാണ്ടെ,ദിൽ ഹൈ താ മാന്ത നാഹി,സദക്ക്‌, ഡീവാന തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ചിത്രങ്ങളിൽ തന്നെ അഞ്ചും ആറും പാട്ടുകൾ...അവയൊക്കെ തന്നെ ഹിറ്റുകളും...ഹൃദയത്തെ മനസ്സിനെ കീഴടക്കുന്ന എന്തോ ഒന്ന് അവരുടെ മാസ്മരിക സംഗീതത്തിൽ ഉണ്ടായിരുന്നു.അത് ഭാരതം മുഴുവൻ തരംഗം ആവുകയായിരുന്നു.


തൊണ്ണൂറുകളിൽ  ഹിന്ദി സിനിമയിൽ സംഗീതം എന്ന് പറഞ്ഞാല് നദീമും ശ്രാവനും തന്നെ ആയിരുന്നു.വലിയ വലിയ ബാനറുകൾ അവർക്ക് വേണ്ടി ക്യു നിന്നു..വമ്പൻ സംവിധായകർ ഒക്കെ ഇവരുടെ സംഗീതം മാത്രം ആവശ്യപെട്ടു..ഇവരുടെ സംഗീതം കൊണ്ട് മാത്രം സിനിമകൾ സൂപ്പർ ഹിറ്റുകൾ ആയപ്പോൾ ഹിന്ദിയിൽ  ഇറങ്ങുന്ന ഭൂരിഭാഗം സിനിമകളും ഇവരുടേത് മാത്രമായി..


എവിടെയും നദീം ശ്രാവൺ സംഗീതം അലയടിച്ചു കൊണ്ടിരുന്നു.യുവാക്കൾക്കിടയിൽ അത് ഹരമായി കത്തി പടർന്നു..നമ്മുടെ ഒക്കെ "നല്ല" കാലത്ത്  അവരുടെ സംഗീതം തന്നെ ആയിരുന്നു നമ്മുടെ " ചുറ്റി" കളികൾക്ക് ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആയതും...അർത്ഥമറിയാതെ ഹിന്ദി വാക്കുകൾ കൊണ്ട് അന്ന് നമ്മുടെ പയ്യന്മാർ ഒക്കെ തകർത്തു.


തൊണ്ണൂറുകളിലെ പയ്യന്മാർ ഇപ്പോഴും അവരുടെ ഇൗ "അമ്പത്" കാലത്ത് ആ സംഗീതം ആസ്വദിക്കുന്ന എങ്കിൽ അവരുടെ നല്ല കാലത്ത് അവരിൽ അതെത്ര മാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് വെറുതെ ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി.


ഇന്ന് കേട്ടാലും വല്ലാത്ത ഒരു ഫ്രഷ്‌നസ് ആ സംഗീതത്തി നുണ്ടു...പുതു തലമുറയുടെ ആളുകളും അത് നന്നായി ആസ്വദിക്കുന്നുണ്ട്..അതാണല്ലോ പല യിടങ്ങളിലും ഇപ്പോഴും ആ സംഗീതം കേൾക്കാൻ ഇടവരുന്നത്.


അത് കൊണ്ട് തന്നെയാണ് എനിക്ക് ഇന്ന് പറയേണ്ടി വന്നത്..


"നദീം ശ്രാവൺ മെലഡികൾ തുടർച്ചയായി കേൾക്കുന്നത് കൊണ്ടാവാം വീണ്ടും പ്രണയിക്കാൻ തോന്നുന്നു എന്ന്..."


പ്ര.മോ.ദി സം

Saturday, March 6, 2021

അഡ്മിഷൻ



കൊച്ചിന്റെ  അഡ്മിഷനു വേണ്ടി കൊച്ചിയിലെ പേരുകേട്ട ഒരു കോളേജിൽ പോയപ്പോൾ പ്രിൻസിപ്പൽ ചോദിച്ചു 


"എത്ര പെർസെന്റ് ഉണ്ട്? " 


"സെവെൻറ്റി ഫൈവ് "


"എങ്കിൽ ഇവിടെ പറ്റില്ല... ഇത് ബെസ്റ്റ് റിസൾട്ട്‌ ഉള്ള കോളേജ് ആണ്.മിനിമം എയിറ്റി എയിറ്റി ഫൈവ്  എങ്കിലും വേണം  "


ആ തുറന്നു പറച്ചിൽ പിടിച്ചില്ല..അപ്പോൾ തന്നെ പ്രതികരിച്ചു 


"എന്തോന്ന് ബെസ്റ്റ് റിസൾട്ട്‌? എൺപത്തി അഞ്ചും തൊണ്ണൂറും പെർസെന്റജ്  ഉള്ളവർ നല്ലവണ്ണം പഠിക്കുന്ന കുട്ടികൾ തന്നെ ആയിരിക്കും .. അവർക്ക്‌ ഇനിയും അതുപോലത്തെ റിസൾട്ട് തന്നെ എളുപ്പത്തിൽ വാങ്ങാം. അമ്പതോ അറുപതോ ശതമാനം മാത്രമുള്ള കുട്ടികളെ പഠിപ്പിച്ചു നല്ല ശതമാനത്തിൽ വിജയിപ്പിച്ചു കാണിക്കാമോ? അന്നേരം പറയാം ബെസ്റ്റ് റിസൾട്ട്‌ എന്ന്.......അല്ലേൽ വെറും ആവറേജ്  "


കണ്ണും മിഴിച്ചിരിക്കുന്ന മാഡത്തിനു മുന്നിലൂടെ തലയുയർത്തി റാങ്ക്‌ ജേതാക്കളെ  പോലെ ഞാനും മോനും  പുറത്തേക്കിറങ്ങി

Friday, March 5, 2021

തിമിരം



പറശ്ശിനി  യാത്രക്കിടെ പരിചയപെട്ട ആൾ ചോദിച്ചു  

''ഏതാ ജാതി ?''


''നബൂതിരിയാ....'' എന്ന് ഞാൻ


''പക്ഷേ കണ്ടാൽ  പറയില്ല....'' എന്നയാൾ 


''ശരിയാണ് ..താങ്കളുടെ കണ്ണുകൾ സതൃം പറയുന്നു....പക്ഷേ  ജാതി മത ചിന്തകൾ ഉൾകാഴ്ചകളിൽ തിമിരം നിറക്കുന്നുണ്ട്..അതാണ് ഇപ്പോൾ മങ്ങിയ കാഴ്ചയാവുന്നതും , അനൃ മതസ്ഥരെ മനുഷൃനായി കാണാൻ പററാത്തതും..... അതപകടമാണ്.''


അതുവരെ വാചാലനായവൻ     നിശബ്ദനാകുന്നതും കണ്ടു..


കഥ :പ്രമോദ് കുമാർ. കെ.പി

ബലൂൺ ഓർമ്മകൾ



പണ്ട് വീടിനടുത്തുള്ള നായരുടെ പീടികയിൽ നിരോധ്  ഫ്രീ ആയി കൊടുക്കുമായിരുന്നു 


.(ആർകെങ്കിലും അറിയാമോ എന്താണെന്ന് 😃😁😀 )

ജനന നിയന്ത്രണത്തിന് ഹെൽത്ത് സെൻട്രലിൽ നിന്നും ഏൽപ്പിക്കുന്നതാണ്.


നായർ തന്റെ ആവശ്യമുള്ള കസ്റ്റമർക്ക് കൊടുക്കും. 


 അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു.  ബലൂൺ ഉണ്ടാക്കാൻ പറ്റുന്ന സാധനം നായരുടെ കടയിൽ ഫ്രീ യായി കൊടുക്കുന്നുണ്ട്  എന്നു ചങ്ങായീസ് മുഖേന അറിഞ്ഞു.  (പോയി നിരോധു വേണം എന്ന് പറയുക...നായർ തരും )


അന്നേരം അതു എന്തെന്ന് അറീല.  കൂട്ടുകാർ പറഞ്ഞു പറ്റിച്ചതാ,


 ഞാനും ചെന്ന് ചോദിച്ചു... 


സാധനം തരുമ്പോൾ ആകാംഷയോടെ  നായർ ചോദിച്ചു.. ആർക്കാ മോനെ ഇത്? 


ഞാൻ പറഞ്ഞു എനിക്ക് തന്നെ... 


നായർ ഞെട്ടിയോ എന്നൊരു സംശയം.


ബലൂൺ ഒക്കെ ഉണ്ടാക്കി പറപ്പിച്ചു പകൽ ആഘോഷിച്ചു. 


രാത്രി അച്ഛന്റെ തല്ലുകിട്ടിയപ്പോളാണ്  നായർ ശരിക്കും ഞെട്ടി യിരുന്നു എന്ന് മനസ്സിലാക്കിയത്.. 


-പ്രമോദ് കുമാർ കൃഷ്ണപുരം


അപ്പോൾ വീട്ടിലുള്ള മറ്റുള്ളവരും

ഓണോർമകൾ

(കൊറോണ കാലത്ത് എഴുതിയത്)

എന്റെ അനുഭവത്തിൽ ശരിക്കും ഓണം എന്ന് പറയുന്ന ആഘോഷം കുട്ടികൾക്കാണ്...കാരണം കുട്ടികാലത്ത് മുഴുവൻ ഓണവും ഞാൻ നല്ലവണ്ണം ആസ്വദിച്ചു  ആഘോഷിച്ചിട്ടുണ്ട്..പുത്തൻ ഉടുപ്പുകൾ അണിഞ്ഞും പൂക്കളം ഒരുക്കിയും...


ഓണം മാത്രമല്ല  ഒരു വിധം ഇന്ന് നിലവിൽ ഉള്ള എല്ലാ തരം  ആഘോഷങ്ങളും...



 ഇൗ കാലത്ത് മുതിർന്നവർ അതൊക്കെ  കുട്ടികൾക്ക് വേണ്ടി   "മാത്രം " ഇടപെട്ട് ആഘോഷിക്കുന്നു എന്നാണ് തോന്നുന്നത്. 


മുതിർന്നാൽ ജീവിതത്തിലെ ചുറ്റുപാടുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ, പ്രാരാബ്ധങ്ങൾ , മറ്റു ചില തിരക്കുകൾ ഒക്കെ നമ്മുടെ  മനം നിറച്ചുള്ള ആഘോഷങ്ങൾക്ക് പലപ്പോഴും  

വിലങ്ങുതടിയാകുന്നൂ..എങ്കിലും പലരും ഒത്ത് ചേരുമ്പോൾ അത് എല്ലാം മറന്ന ആഘോഷം ആയി രൂപാന്തരം പ്രാപിക്കുന്നു.



പണ്ട് തറവാട്ടിൽ നമ്മൾ കുറച്ചേറെ കുട്ടികൾ ഉണ്ടായിരുന്നു..അക്കാലത്ത്  ഓണത്തിന് അത്തം മുതൽ തിരുവോണം വരെ എല്ലാ ദിവസവും നമ്മൾ കുട്ടികൾ പൂവിടും.. അതും എല്ലാ കുട്ടികളും ഒന്നിച്ചു  വൈകുന്നേരം  പല സ്ഥലങ്ങളിൽ പോയി പലതരം പൂക്കൾ ശേഖരിച്ച് വരും...ഇതേ പോലത്തെ  കുറെ കുട്ടി സംഘങ്ങൾ വഴിയിൽ പൂവ് ശേഖരിക്കും...അത് കൊണ്ട് തന്നെ ആദ്യം എത്തുന്നവർക്ക് കൂടുതൽ പൂവുകൾ കിട്ടും..സ്വന്തം വീട്ടിൽ പലതരം പൂവുകൾ കാണുമെങ്കിലും അത് അധികവും "ഫിനിഷിങ് "കാര്യങ്ങൾക്ക് മാത്രം  നീക്കി വെക്കും.  


ദിവസം കൂടുമ്പോൾ പൂക്കളം വലുതാവുന്നത് കൊണ്ട് തന്നെ  പൂക്കളുടെ എണ്ണവും   കൂട്ടണം.കളറുകൾ കൂടി കൂടി പത്താമത് ദിവസം ആകുമ്പോൾ പത്ത്  തരം കളർ പൂവ് എങ്കിലും മിനിമം ഉണ്ടാകണം എന്ന് നമ്മളെ  മുതിർന്നവർ ആരോ   പറഞ്ഞു വിശ്വസിപ്പിച്ചു...അത് കൊണ്ട് തന്നെ വിവിധ കളർ ഉള്ള പൂക്കൾ തേടി യാത്രയായിരുന്നു ഓരോ ഓണകാല വൈകുന്നേരങ്ങളിലും...ഇന്നത്തെ പോലെ പൂവുകൾ മാർക്കറ്റിൽ നിന്നും വാങ്ങി പൂക്കളം ഒരുക്കുന്ന പരിപാടി ഇല്ല..അത് കൊണ്ട് തന്നെ കഷ്ടപ്പെട്ട് ശേഖരിച്ച പൂക്കൾ മാത്രമേ പൂക്കളത്തിൽ ഉണ്ടാകൂ.



പിന്നീട്  തറവാട്ടിൽ നിന്നും മാറി അണു കുടുംബങ്ങളിൽ ആയപ്പോൾ പൂക്കളം ഒരുക്കാൻ ഞാനടക്കം  പലരും  മിനകെട്ടില്ല..ഓണം പുതു വസ്ത്രങ്ങളിലും  അടിപൊളി ശാപ്പാടിലും ഒതുങ്ങി..


പിന്നീട് ജോലി കിട്ടി അന്യ സംസ്ഥാനത്ത് ആയപ്പോൾ ഓണാഘോഷം എന്ന് പറയുന്നത് നമ്മുടെ കമ്പനി ഓണർമാരായ സുരേന്ദ്രൻ മാഷും രാജലക്ഷ്മി മാഡവും  ഓണത്തിന് കൊണ്ടുവന്നു തരുന്ന

 " ബിരിയാണി" തിന്നൽ ആയി.(നമ്മൾ മലബാരുകാർ  നോൺ ഇല്ലാതെ ഒരു ആഘോഷവും നടത്താറില്ല).ഓണത്തിന് ബാംഗ്ലൂർ കമ്പനിയിൽ  രണ്ടു ദിവസം  അവധി അല്ലാത്തത് കൊണ്ട് ഓണ ദിവസം ജോലി ചെയ്യുന്ന എല്ലാവർക്കും അവർ "ബിരിയാണി" സദ്യ നൽകിയിരുന്നു.വിഷുവിനും ഉണ്ടായിരുന്നു എന്നാണ് ഓർമ..


പിന്നീട് ആ കമ്പനി വിട്ടപ്പോൾ നാട്ടിൽ പോയില്ലെങ്കിൽ ഓണം എന്താണെന്ന് കൂടി മറന്ന അവസ്ഥ ആയിരുന്നു.. അന്യ സംസ്ഥാന "തൊഴിലാളി" ആഘോഷങ്ങൾ പലപ്പോഴും അങ്ങിനെ ആണല്ലോ...നാട് വിട്ടപ്പോൾ ആഘോഷങ്ങൾ പലതും "കൈ വിട്ടു പോയി"


പിന്നീട് കടൽ കടന്നപ്പോൾ ആണ് ഓണാഘോഷത്തിന്റെ "വിശ്വരൂപം" കണ്ടത്.. ആ പ്രദേശത്തെ എല്ലാ മലയാളികളും ഒത്തുകൂടി ഒരു ഒന്നാന്തരം ഓണം..കളിയും ചിരിയും മൽസരങ്ങളും സദ്യയും ഒക്കെ ആയി ഒരു കെങ്കേമം ഓണം.


സദ്യ ഒരുക്കുന്നത് പല വീടുകളിൽ നിന്നാണ്..ഓരോരോ കുടുംബവും ഉണ്ടാക്കുന്ന വിഭവങ്ങൾ മുൻകൂട്ടി അറിയിക്കും..പിന്നെ എല്ലാവരും ഏതെങ്കിലും വീടുകളിൽ ഒത്ത് ചേർന്ന് ആഘോഷിക്കും...കുടുംബങ്ങളുടെ എണ്ണം കൂടിയപ്പോൾ ആഘോഷങ്ങൾ ഹാളുകൾ കയ്യടക്കി.എങ്കിലും സദ്യകളുടെ വിഭവങ്ങൾ പല വീടുകളിൽ തന്നെ ഒരുക്കി.....ആളുകൾ കൂടി കൂടി വന്നപ്പോൾ അവിടെ തന്നെ പല ഗ്രൂപ്പ് ഉണ്ടായി ...ഓണാഘോഷം പല ദിവസങ്ങളിൽ കൊണ്ടാടി.


വീണ്ടും നാട്ടിൽ എത്തിയപ്പോൾ കമ്പനി വക ഓണസദ്യയും ആഘോഷങ്ങളും ഉണ്ടായിരുന്നു..ഇപ്പൊൾ അത് വെറും പായസത്തിൽ എത്തി. 


ഇൗ അടുത്ത കാലത്ത് തൊട്ടു  കുടുംബത്തിലെ എല്ലാവരും ചേർന്നുള്ള "ഓണം" തിരിച്ചു വന്നു..എല്ലാവരും വീണ്ടും തറവാട്ടിൽ ഒത്തുകൂടി വിപുലമായ ആഘോഷം.അത് ഓണ ദിവസം തന്നെ ആയിരിക്കണം എന്നില്ല..എല്ലാവർക്കും സൗകര്യമുള്ള ഏതെങ്കിലും ഓണകാലത്തുള്ള   ഒരു  അവധി ദിവസം..കാരണം ഓണക്കാലത്ത് നമ്മുടെ കുടുംബത്തിലെ പല പ്രവാസികളും നാട്ടിലുണ്ടാവും.


പക്ഷേ ഇൗ വർഷം കൊറോണ  എന്ന മഹാവ്യാധി അതും നശിപ്പിച്ചു ..ഇനി എന്ന് എല്ലാവരും ഒത്തുകൂടിയ ഒരു ഓണം  ആഘോഷം?കാത്തിരിക്കുന്നു ...ഞാൻ മാത്രമല്ല എല്ലാവരും..


പ്രമോദ് കുമാർ കൃഷ്ണപുരം

പ്രേതം

 പ്രേതം ഉണ്ടോ?

എൻറെ ഒരനുഭവം പറയാം.. 

ഡിക്സൻ..ഞാൻ ആദ്യമായി ബാംഗ്ലൂരിൽ പോയപ്പോൾ മുതൽ ഉള്ള സുഹൃത്ത് ആയിരുന്നു.


 നമ്മൾ കൂട്ടുകാർ താമസിക്കുന്നതിന് അപ്പുറത്തെ വീട്..നമ്മൾ മലയാളി ആയത് കൊണ്ട് സൗഹൃദം ആരംഭിച്ചു തുടങ്ങിയ പ്രവാസി മലയാളി.അവിടെ തന്നെ ജനിച്ചു  വളർന്നു കേരളം അധികം കണ്ടിട്ടില്ലാത്ത മലയാളി. ഇപ്പൊ ജീവിച്ചിരിപ്പില്ല.. അഞ്ചാറു കൊല്ലം മുൻപ് ഒരപകടത്തിൽ മരിച്ചു പോയി.


നമ്മൾ ആത്മാ


ർത്ഥ സുഹൃത്തുക്കൾ ആയിരുന്നു.അവന്റെ വീട്ടുകാരുമായി നല്ല അടുപ്പവും ആയിരുന്നു.അവനെ ആദ്യമായി കടൽ കാണിച്ചു കൊടുത്തത് പോലും ഞാനാണ്.ഞാൻ നാട്ടിൽ പോകുമ്പോൾ ചിലപ്പോൾ ഒന്നിച്ചു വരാറുണ്ട്.


അവന്റെ ഒരുബാല്യ കാല സുഹൃത്ത് ഉണ്ടു..രുദ്രപ്പ..ഇവരുടെ കൃഷിയും മറ്റ് സഹായങ്ങളും ഒക്കെ ചെയ്തു അവരുടെ വീട്ടിൽ  എപ്പോഴും ഉണ്ടാകും.ഞാനും അവനുമായി കമ്പനി ആണ്. ഡിക് സൻ ഇല്ലാത്ത അവസരങ്ങളിൽ നമ്മൾ ഒന്നിച്ചു പല പരിപാടികളും നടത്താറുണ്ട്..


നാട്ടിൽ നിന്നും വരുമ്പോൾ കൊണ്ട് വരുന്ന സാധനങ്ങൾ ഒരു ഭാഗം അവനും കൊടുക്കും.നാട്ടിൽ പോകുമ്പോൾ അവനും പച്ചക്കറിയും മുന്തിരിയും ഒക്കെ കൃഷി സ്ഥലത്ത് നിന്നും എ ത്തിച്ച് തരും..നല്ല ഫ്രഷ് സാധനങ്ങൾ.

...


അങ്ങിനെ  കൂട്ടായപ്പോൾ ബാംഗ്ലൂരിൽ നമ്മൾ ഒഴിവ് ദിവസം കറങ്ങാൻ പോകും. ഡിക്സന്റെ  വീട്ടിൽ അന്നേരം ഒരു 800 കാർ ഉണ്ടു..കൂട്ടത്തിൽ രുദ്രപ്പക്ക് മാത്രേ ലൈസൻസ് ഉള്ളൂ എങ്കിലും ഡിക്‌സൺ ഓടിക്കും.അങ്ങിനെ ഞമ്മള് അഞ്ചാറു കൊല്ലം പൊളിച്ചു...



ബാംഗ്ലൂർ വിട്ട് കൊച്ചിയിൽ ആയപ്പോൾ  കത്തുകൾ മുഖേന ബന്ധം തുടർന്നു...ഇടക്ക് ബാംഗ്ലൂർ വന്നും അവൻ കൊച്ചിക്ക് വന്നും അടിച്ചു പൊളിച്ചു... മലേഷ്യ പോയപ്പോഴും ഫോണിൽ കൂടി   ചങ്ങാത്തം തുടർന്ന് കൊണ്ടിരുന്നു. .... 


എൻറെ കല്യാണത്തിന് അവനും രുദ്രപ്പയും വന്നിരുന്നു...കാലം കടന്നു പോയി.ലീവിന് വന്നാൽ ഒന്നുകിൽ ബാംഗ്ലൂരിൽ അല്ലേൽ തലശേരിയിൽ നമ്മൾ കണ്ടുമുട്ടി.


അങ്ങിനെ ഒരു അവധിക്കാലത്ത് നാട്ടിൽ എത്തിയപ്പോൾ   

ഡിക്ക്‌സൻ വിളിച്ചു.. 


ബാംഗ്ലൂർ ക്ക് ചെല്ലാൻ...ജിനി,അവന്റെ പെങ്ങളുടെ എൻഗേജ് മെന്റ്...ഡേറ്റ് നോക്കി ബസ് ടിക്കറ്റ് ബുക്ക് ചെയ്തു. രാത്രി ടിക്കറ്റ് കിട്ടിയില്ല...പകൽ യാത്രക്ക് കിട്ടി.ഒരു ദിവസം മുന്നേ പോകാൻ...


കഷ്ടകാലത്തിന് ബസ് പഞ്ചരായി..ബാംഗ്ലൂർ ആറുമണിക്ക് എത്തേണ്ട ബസ് ഒൻപത്  മണിയായി..   മുൻപ്  ദൂരെ ആയിരുന്ന   ഡിക്സ ന്റെയും റുദ്രപ്പയുടെയും വീടും ഇപ്പൊൾ  അടുത്തടുത്ത് തന്നെ ആയിരുന്നു.. ‌‍ഡിക്‌സൺ ഫ്ളാറ്റ് എടുത്തത് രുദ്രപ്പയുടെ വീട്ടിന് അടുത്ത്.സിറ്റിയിൽ നിന്നും 25 km അകലെ...


 ബസ് ഇറങ്ങി ഞാൻ ഡിക്സനേ വിളിച്ചില്ല അവൻ കല്യാണ ഓട്ടത്തിൽ ആണെങ്കിലോ? രുദ്രപ്പയെ വിളിച്ചു...


അവൻ പറഞ്ഞു .. "എടാ ചെറിയ തിരക്കിലാണ്...ഇപ്പൊൾ 9.20 ന്  സിറ്റിയിൽ നിന്നും  ലാസ്റ്റ്  ബസ് ഉണ്ടു. ഓട്ടോ ഒന്നും ഇൗ സമയത്ത്  വരില്ല.. അത് കൊണ്ട്  അതിൽ കയറിയാൽ പത്ത് പത്തെ കാലിന് ഇവിടെ എത്താം..സ്റ്റോപ്പിൽ അവൻ വെയിറ്റ് ചെയ്യാം എന്നും."


സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ രുദ്രപ്പാ ഉണ്ടു...അവൻ ഓടി വന്നു കെട്ടിപിടിച്ചു...എൻറെ കയ്യിൽ നിന്നും ബാഗ്  വാങ്ങി നടന്നു...നമ്മൾ ഓരോരോ കാര്യങ്ങൽ പറഞ്ഞു ചിരിച്ചു കൊണ്ടു നടന്നു.കൂടുതലും നമ്മളുടെ പഴയ കഥകൾ.


വലിയ റോഡ് കഴിഞ്ഞു ഒരു ജംഗ്ഷൻ എത്തിയപ്പോ അവൻ നിന്നു... മുന്നിൽ  ചെറിയ ഒരു റോഡാണ് ഫ്ലാറ്റിൽ പോകാനുള്ളത്, എന്ന് ബോർഡ് അവിടെ  സ്ഥാപിച്ചിട്ടുണ്ട്


അപ്പൊ റുദ്രപ്പാ പറഞ്ഞു ..

".ഇതിലെ അങ്ങ് പോയാൽ മതി ..അത്  ഫ്ലാറ്റിൽ പോകാൻ മാത്രമുള്ളതാണ്.ഞാൻ അങ്ങോട്ടേക്ക് ഇപ്പൊ വരുന്നില്ല... സമയം  ഒരു പാട് ആയില്ലേ..."


"ഇതൊക്കെ ഒരു സമയം ആണോ? ഇതിലും താമസിച്ചു നമ്മൾ എന്തൊക്കെ ചെയ്തതാ..."


അവൻ ഇതുകേട്ട് ചിരിച്ചു.


ഇടതു വശത്തെ വീട് കാണിച്ചിട്ട് പറഞ്ഞു "ഇതാണ് എന്റെ വീട്. ഞാൻ അങ്ങോട്ട് പോകട്ടെ..."


ഞാൻ അവനു വേണ്ടി കൊണ്ട് വന്ന ഡ്രെസ്സും സ്വീട്സും ബാഗ് വാങ്ങി അതിൽ നിന്നും എടുത്തു അവന്റെ കയ്യിൽ വെച്ച് കൊടുത്തു..അവൻ അതും വാങ്ങി നന്ദി പറഞ്ഞു  വീട്ടിൽ കയറി കോളിംഗ് ബെൽ അടിച്ചു ..വാതിൽ തുറന്നു എന്ന് തോന്നിയപ്പോൾ ഞാൻ  മുന്നോട്ടു നടന്നു.


ഫ്ളാറ്റിന്റെ ബെൽ അടിച്ച്  കാത്തു നിന്നു.വാതിൽ തുറന്ന   ‌‍ഡിക്‌സൻ  എന്നെ കണ്ട് അന്തിച്ചു നോക്കി...


"എടാ നിനക്ക് ഇൗ സ്ഥലം അറിയായിരിന്നോ?എത്ര സമയമായി നിന്നെ try ചെയ്യുന്നു.. ഫോൺ ഔട്ട് ഓഫ് കവറേജ്..."


"അത് നിന്നെ ബുദ്ധിമുട്ടി കാതെ എത്താൻ പറ്റുമോ എന്ന് നോക്കി യത..."


"പിന്നെ റുദ്രപ്പ..."


"അതേ അവന്റെ വീട് താഴെ അ ജംഗ്ഷനിൽ ആണ്...നിനക്ക് അറിയായിരുന്നൂ അല്ലേ??   അതെങ്ങിനെ?.നമ്മൾ അവിടെ ഇതുവരെ  പോയിട്ടില്ലല്ലോ? പിന്നെ...,"


"അല്ലടാ ബസ് സ്റ്റോപ്പിൽ അവൻ വന്നിരുന്നു..."


ഡിക്‌സന് ഞെട്ടുന്നത് കണ്ടു...അവന്റെ മുഖം വിളറി വെളുത്ത് ഒരു മാതിരിയായി...


എനിക്ക് ഒന്നും മനസ്സിലായില്ല.


"നീ വാ...നിനകൊക്കെ അപ്പുറത്തെ ഫ്ളാറ്റ് അറേഞ്ച് ചെയ്തിട്ടുണ്ട്..അവൻ എന്നെയും വിളിച്ചു വേഗം നടന്നു.."


പോകുമ്പോൾ  അവൻ  വിറയലോടെ പറഞ്ഞു 


"രുദ്രപ്പയെ കണ്ടത് പപ്പയോടും മമ്മിയോടും ജിനിയോടും പറയരുത്"


"അവൻ ഇപ്പൊ ഇല്ല...രണ്ടു മാസം മുന്നേ മരിച്ചു പോയി...ആക്സിഡന്റ് ആയിരുന്നു"


ഇപ്പൊൾ ഞെട്ടി വിളറി വെളുത്ത് ഞാൻ നിന്ന് പോയി.... അപ്പൊ എൻറെ ഫോൺ അറ്റൻഡ് ചെയ്തു വഴി പറഞ്ഞു തന്നത് ,എന്നെ കെട്ടിപിടിച്ചു സ്വീകരിച്ചത് , എൻറെ ബാഗ് പിടിച്ചു എന്നെ ഇതുവരെ എത്തിച്ചത് ആരു?

ഞാൻ കൊടുത്ത സമ്മാനങ്ങള് മായി ആ വീട്ടിലേക്ക് കയറി പോയത് ആരു?


വിറയലോടെ ഞാൻ അവനോടു ചോദിച്ചു.


." ഡിക്സ എന്നിട്ട് നീ എന്നോട് ഒരു വിവരം ഇതുവരെ പറഞ്ഞില്ലല്ലോ..."


"നിനക്ക് ഷോക് ആകണ്ടാ എന്ന് കരുതിയ ....വന്നിട്ട് സാവധാനം പറയാം എന്ന് കരുതി..ഇനി അത് വേണ്ടല്ലോ"


"ഒരിക്കൽ വഴി തെറ്റിയ എന്നെയും ഇത് പോലെ അവൻ ജിഗണിയിൽ നിന്നും ഫ്ലാറ്റിൽ എത്തിച്ചു...പപ്പയും മമ്മിയും വിശ്വസിച്ചില്ല...ജിനിക്ക് ചെറിയ വിശ്വാസം ഉണ്ട്...ഫ്ലാറ്റിൽ കുടുങ്ങിയ അവളെ ഒരിക്കൽ വാതിൽ തുറന്ന് കൊടുത്തു പുറത്ത് എത്തിച്ചു,".


" അവൻ കൂടുതൽ  ഇഷ്ട്ടപെട്ട പലർക്കും അനുഭവം ഉണ്ടു എന്ന് പറഞ്ഞു കേൾക്കുന്നു....പക്ഷേ വീട്ടിൽ ജിനി ഒഴിച്ച് ആരും വിശ്വസിക്കില്ല..."


അന്ന് രാത്രി ഞാനും ഡിക്സനും അവന്റെ കാര്യങ്ങൽ മാത്രമാ സംസാരിച്ചതും.. അവന്റെ 800 കാർ ആക്സിഡന്റ് ആയാണ് രുദ്രപ്പ്‌   അകലങ്ങളിൽ പോയി മറഞ്ഞതുംം..


രണ്ടു ദിവസം കഴിഞ്ഞ് ബാംഗ്ലൂർ നിന്നും മടങ്ങും വരെ ഒരു തരം വിറയൽ ആയിരുന്നു...പലപ്പോഴും

ആകാംഷയോടെ തിരിഞ്ഞു നോക്കി. രുദ്റപ്പ എൻറെ കൂടെ എന്നെയും പിൻതുടർന്ന് സഹായത്തിനു എത്തുന്നുണ്ടോ എന്ന് അറിയാൻ.......


പകൽ അവന്റെ വീടിന്റെ മുന്നിൽ കൂടി വരുമ്പോൾ  ഇന്നലെ രാത്രി അവൻ കയറി പോയ   വീടായി  തോന്നിയില്ല .കൈവീശി കാണിക്കാൻ അവൻ അവിടെ ഉണ്ടോ എന്നും പാളി  നോക്കി. ആൾ പാർപില്ലതെ പൊടി പിടിച്ചു കിടക്കുന്ന അവിടെ അവൻ മാത്രം ഒളിച്ചിരിക്കുന്നു എന്ന് വിശ്വസിച്ച് മുന്നോട്ട് നടന്നു..ഇനി എന്നെങ്കിലും അപ്രതീക്ഷിതമായി മുന്നിൽ പ്രത്യക്ഷപ്പെടും എന്ന വിശ്വാസത്തിൽ.... 


പിന്നെ ഞാൻ അവനെ സ്വപ്നത്തില് പോലും ഇതുവരെ കണ്ടിട്ടേയില്ല....


  ഡിക്സൻ   എന്ന  എൻറെ പ്രിയ സുഹൃത്തിനെയും കൂട്ടി കൊണ്ട് പോയത് പിന്നീട് അതേ റുദ്റപ്പ ആയിരുന്നു...അതേ സ്ഥലത്ത് വെച്ച് ഒരാക്‌സൈഡൻറിൽ  

ഡിക്സൻ  മരിച്ചപ്പോൾ അവധി കാലത്ത് അവിടെ ചെന്ന എന്നോട്  അവന്റെ പപ്പയും മമ്മിയും പറഞ്ഞിരുന്നു...


."മോനെ പ്രമു.... രുദ്റപ്പാ ഇവിടെ എവിടെ യൊക്കെയോ ഉണ്ടെടാ.....പക്ഷേ നമ്മുടെ മോൻ....."


അവർ അതും പറഞ്ഞു കരഞ്ഞു......ജിനി അവരെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.


(സംഭവം നടന്നതാണെങ്കിലും സ്ഥലവും വ്യക്തികളുടെ പേരും മാറ്റിയിട്ടുണ്ട്)


പ്രമോദ് കുമാർ. കെ. പി

സ്ത്രീശക്തി

 

സ്ത്രീശാക്തീകരണത്തെ കുറിച്ചോ നവോത്ഥാനത്തെ കുറിച്ചല്ല പറയുന്നത്..കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ നടന്ന ഒരു" ജീവിത സമര"ത്തിലെ ചില സ്ത്രീ ശക്തിയെ കുറിച്ചാണ്..അവകാശ സമരത്തിന്റെ ഫലം എന്താകുമെന്ന് ഒരു ഉറപ്പും ഇല്ലാഞ്ഞിട്ടും നമ്മളെ ഒക്കെ വിശ്വസിച്ചു സമരപന്തലിൽ മൂന്ന് സ്ത്രീ സഖാക്കൾ ഉണ്ടായിരുന്നു..വിജയം വരെ സമരം ചെയ്യും എന്ന് ഉറപ്പിച്ചു നമ്മുടെ പിന്നിൽ അണിനിരന്ന വർ..പിന്നിൽ ആയിരുന്നില്ല അവർ  നമ്മുടെയൊക്കെ മുന്നിൽ തന്നെ ആയിരുന്നു..



കൂട്ടത്തിൽ ഉണ്ടായിരുന്ന ചില  "ആണുങ്ങൾക്ക്" പോലും തോന്നാത്ത ധൈര്യവും  ഇചഛാശക്തിയും ആത്മ വിശ്വാസവും കൈമുതലായുള്ള വർ..സമരം പരാജയപ്പെട്ടു ജോലി പോയാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന്  ഇൗ ജോലി  ആവശ്യമില്ലാത്ത  ,ഇത് കൊണ്ട് "ജീവിക്കേണ്ടി" പോലും  വരാത്ത എത്രയോ പേര് സമരത്തിൽ നിന്നും മാറിനിൽക്കുംപോൾ നമുക്ക് ജീവിക്കണമെങ്കിൽ ഇൗ ജോലി തന്നെ വേണം അതും നമ്മൾ ചോദിക്കുന്ന ന്യായമായ ആവശ്യങ്ങൾ കിട്ടിയാൽ മാത്രമേ ഇനി   ഇവിടെ ജോലി ചെയ്തിട്ടും കാര്യമുള്ളൂ എന്ന് ചങ്കുറപ്പോടെ പറഞ്ഞവർ.


സമരം നീണ്ടു പോകും തോറും ശരീരത്തിലും മനസ്സിലും  ആകുലതകൾ കൊണ്ടുള്ള  മാറ്റങ്ങൾ കണ്ടു നീറി നിൽക്കാതെ "don't worry be Happy "ഇതൊക്കെ നമ്മൾ എത്ര കണ്ടതാണ് എത്ര അനുഭവിച്ചത് ആണ് എന്ന് പറഞ്ഞു സമാശ്വസിപ്പിച്ച ഭാര്യ.. സ്വദേശത്തും വിദേശത്തും ഉണ്ടായ "അനീതി"യിൽ പ്രതിക്ഷേധിച്ച് ജോലി കളഞ്ഞു വന്നവനു ഇതൊക്കെ എന്ത് എന്നൊരു" ധ്വനി" കൂടി  അതിലുണ്ടായിരുന്നു.അതായിരുന്നു പിന്നീടുള്ള ധൈര്വവും....



 ഔദ്യോഗിക ജീവിതത്തിൽ പലപ്പോഴും വഴി അടഞ്ഞു പോയി പകച്ചു നിന്നിട്ടുണ്ട്..അവിടെ നിന്നൊക്കെ പുതിയൊരു വഴി വെട്ടിതെളിക്കുവാൻ ഇൗ ഒരു സപ്പോർട്ട്   കുറെയേറെ ധൈര്യം തന്നിട്ടുമുണ്ട്.വഴികൾ തുറന്നിട്ടുമുണ്ട്.


 കമ്പനിയിൽ നിന്നും സമരം കാരണം സ്റ്റൈപ്പൻഡ് കിട്ടാതെ "പട്ടിണി"യിൽ ആയി  പോയ സഹജീവികൾക്ക് അരിയും പലവ്യഞ്ഞനങ്ങളുമായി  പോകുമ്പോൾ  വഴി തടയലുമായി ബന്ധപ്പെട്ട്  സമരക്കാർ തടഞ്ഞത് കൊണ്ട്  പ്രതിക്ഷേധിച്ച് പിന്നെ ആവശ്യം പറഞ്ഞു കെഞ്ചി അവർക്ക് അന്നം എത്തിച്ച" "ചേച്ചിയെ" കുറിച്ചും സൂചിപ്പിക്കട്ടെ. അത് നമ്മൾക്കും സമരംകാരണം പട്ടിണി കിടക്കുന്നവരെ കുറിച്ച് മനസ്സിലാക്കുവാനും സഹായം എത്തിക്കുവാനും പ്രചോദനം നൽകി.


സമരത്തിന്റെ ഓരോ ദിവസവും വിളിച്ചു കാര്യങ്ങളൊക്കെ അന്വേഷിക്കുകയും  ആശ്വസിപ്പിക്കുകയും പിന്തുണ നൽകി വീട്ടിൽ നിന്നും ഇറങ്ങാതെ  നമുക്കൊപ്പം മൗനമായി  നിന്ന് സമരത്തിന് പിന്തുണ നൽകിയ" ചേച്ചി"മാരും "അനിയത്തി "കുട്ടികളും....അവരെയും മറക്കുന്നില്ല.


സ്വാർത്ഥമായ കാര്യത്തിന് വേണ്ടി  ഒരിക്കൽ പോലും പ്രാർത്ഥന ചെയ്യാത്ത എനിക്കും ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ച " പെങ്ങളൂട്ടി" യും ...പ്രാർഥന ലക്ഷ്യം കണ്ടപ്പോൾ അവർ ആശ്വസിച്ചു കാണണം..വിശ്വസിക്കുന്ന ദൈവം ചതിച്ചില്ല  എന്ന്..


എല്ലാറ്റിനുമുപരി സമരം ആർക്കും പരുക്കുകൾ ഇല്ലാതെ  അവസാനിപ്പിക്കുവാൻ വേണ്ടി ആത്മാർത്ഥമായ  ശ്രമങ്ങൾ നടത്തിയതും സ്ത്രീകൾ തന്നെയായിരുന്നു.


ജോലി ആവശ്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും വിളിക്കാം എന്നു ധൈര്യം തന്ന പഴയ എംഡി യുംം സ്ത്രീ തന്നെ ആയിരുന്നു..


സമരപന്തലിൽ കുറഞ്ഞ ബഡ്ജററിൽ ഭക്ഷണം എത്തിച്ചതും കുടുംബശ്രീ  ചേച്ചിമാർ തന്നെയായിരുന്നു


ഇതൊക്കെ തന്നെയാണ് എനിക്ക് ബോധ്യപ്പെട്ട എനിക്കിടയിലെ സ്ത്രീശക്തി...റോഡിൽ അണിനിരന്നു പ്രതിക്ഷേധം രേഖപ്പെടുത്തുന്നതിന് ,നാമജപം നടത്തുന്നതിന് ഒക്കെ മുകളിൽ ഞാൻ കാണുന്നതും ഇതൊക്കെ മാത്രമാണ്. എന്റെ അനുഭവത്തിൽ ഉള്ളത് മാത്രം


പ്ര .മോ. ദി .സം

എൽഡിഎഫ് വരും എല്ലാം ശരിയാകും

 എൽഡിഎഫ് വരും എല്ലാം ശരിയാകും


നഗരത്തിലെ തന്നെ വലിയ ആശുപത്രിയിൽ കയറുമ്പോൾ


ചെറിയൊരു ഭയം പിടികൂടിയിരുന്നു...പോരാത്തതിന് രാവിലെ സ്കാനിംഗ് മിഷനിൽ "കയറിയിറങ്ങിയതു" കൊണ്ട് തലക്കകത്ത് അതിൻറെ മൂളൽ ഇപ്പോഴും ഉള്ളത് പോലെ....


പതിവ് തിരക്കുകളും ബഹളങ്ങളും ഇല്ലാത്തത് കൊണ്ട് ചോദിച്ചതിന് ഒക്കെ കൃത്യമായ ശാന്തമായ മറുപടി കിട്ടി.


ഡോക്ടർ സുഹൃത്തും സഹപാഠിയും ആയതിനാൽ ഒരു ഫോൺ കോളിൽ  പലരെയും മറികടന്ന് അകത്ത് കടക്കാൻ പറ്റി.


വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു എങ്കിലും അവന്റെ കണ്ണുകൾ സ്ക്രീനിൽ തന്നെയായിരുന്നു..മുഖത്ത് ഭാവങ്ങൾ മാറിമറിഞ്ഞു കൊണ്ടിരുന്നു.


"ഇടതു സൈഡിലെ ഞരമ്പിന് അല്പം ക്ഷതം ഉണ്ടു...അത് കൊണ്ട്   രക്തത്തിന്റെ ........

 അതിനു തൊട്ടപ്പുറത്ത് നിൽക്കുന്ന.....അങ്ങിനെ തലക്കുള്ളിലെ പല ഭാഗങ്ങളിലും ഉണ്ടായ പ്രശ്നങ്ങൾ  അവൻ വിവരിച്ചു തന്നു..."


"അപ്പോ കുഞ്ഞനന്തൻ മാഷ് പറഞ്ഞത് പോലെയല്ല എന്റെ തലക്കകത്ത് വല്ലതുമുണ്ട്.."


 അസ്ഥാനത്താണെങ്കിലും എന്റെ തമാശ കേട്ട് അവൻ പൊട്ടിച്ചിരിച്ചു...കൂടെ ഞാനും..ചിരിക്കിടയിലും കണ്ണീരിന്റെ നനവ് കണ്ടത് കൊണ്ടോ എന്തോ അവൻ പറഞ്ഞു...


"ഡോണ്ട് വറി...എല്ലാം ശരിയാകും"


"അതിന് ഇനിയും എല്ഡിഎഫ് വരണ്ടേ...."


പരിസരം മറന്ന് വീണ്ടും അവൻ പൊട്ടിച്ചിരിച്ചു...


കുറിച്ച് തന്ന മരുന്ന് ശീട്ടുമായി പുറത്തേക്കിറങ്ങുമ്പോൾ അവൻ എഴുന്നേറ്റ് വന്നു കെട്ടിപിടിച്ച് യാത്രയാക്കിയത് എന്തിനെന്ന് മനസ്സിലായില്ല...അതൊരിക്കലും പതിവില്ലാത്തതായിരുന്നു..

.കഥ:പ്രമോദ് കുമാർ കൃഷ്ണപുരം