Tuesday, June 29, 2021

ഒരു പക്കാ കഥൈ

 



 അവിവാഹിതയായ ഒരു പെൺകുട്ടിയുടെ "പിരിയഡ്" നാലഞ്ചു ദിവസം തള്ളിപ്പോയി എങ്കിൽ കുട്ടിയെക്കാളും അമ്മയ്ക്കായിരിക്കും അതിൻറെ  വേവലാതി. പലപ്പോഴും അത് എന്ത് കൊണ്ട് എന്ന് കുട്ടിക്ക് അറിയാമായിരിക്കും   എന്നാല് തീ തിന്നുന്ന ആ അമ്മയ്ക്കോ?


 വൈകാതെ തന്നെ ആ കുട്ടി ഗർഭിണി ആണെന്ന് കൂടി അറിയുമ്പോൾ എന്തായിരിക്കും ആ കുടുംബത്തിന്റെ സ്ഥിതി.പക്ഷേ ആ കുട്ടി അങ്ങിനെ ഒരു വിധത്തിലും ഉള്ള "പ്രവർത്തനങ്ങളിൽ "ഏർപെട്ടിട്ട് കൂടി ഇല്ലെങ്കിൽ ഇത് എങ്ങിനെ സംഭവിക്കും..? ഇപ്പോഴും കന്യക എന്ന് മെഡിക്കൽ സയൻസ് കട്ടായം പറയുന്ന കുട്ടിക്ക് എങ്ങിനെ ഗർഭം ഉണ്ടായി.?


അങ്ങിനെ ദിവ്യഗർഭത്തിൽ ജനിക്കുന്ന കുട്ടിയും "അൽഭുതം" തന്നെ  ആയിരിക്കണം എന്നാണല്ലോ .. സമൂഹവും അങ്ങിനെ ഒരു തീരുമാനം ആണല്ലോ സാധാരണ കൈക്കൊള്ളുക.അങ്ങിനെ ഉള്ള ഒരു കഥ പറയുകയാണ് ബാലാജി ധനതീരൻ എന്ന സംവിധായകൻ.



നമ്മുടെ നാട്ടിൽ കുറെ അവതാര ദൈവങ്ങളും സ്വയം പ്രഖ്യാപിത ദൈവങ്ങളും ഉണ്ട്.അത് ഒരു മതത്തിൽ മാത്രമല്ല എല്ലാ മതത്തിലും വിശ്വാസങ്ങളെ ചൂഷണം ചെയ്തു കൊണ്ട് കീശ വീർപ്പിക്കുന്ന അനേകം പേരുണ്ട്.ജനങളുടെ അന്ധമായ വിശ്വാസങ്ങളെ മുതലെടുത്തു ധന സമ്പാദനം തന്നെയാണ് അവരുടെ ലക്ഷ്യവും.അത് കൊണ്ട് തന്നെ അവതാരങ്ങൾ ഒന്നിന് പിറകെ ഒന്നായി ഉണ്ടാക്കേണ്ടത് അവരുടെ ലക്ഷ്യം ആയിരിക്കും.



നമ്മുടെ ജയറാമിന്റെ മകൻ കാളിദാസ് ചെറുപ്പത്തിൽ ദേശീയ അവാർഡ് ഒക്കെ വാങ്ങിയെന്നും മറ്റും എവിടെയോ വായിച്ചിട്ടുണ്ട്.പക്ഷേ ഇപ്പൊൾ ഉള്ള കാളിദാസ് അഭിനയം എന്തെന്ന് അറിയാത്ത ഒരു നടനാണ്.മുൻപത്തെ ചിത്രങ്ങളിൽ ഉള്ള പോലെ ഇതിലും അത് ആവർത്തിക്കുന്നു.ശങ്കരന് ഒത്ത ചക്കി പോലെ മേഘ ആകാശ് എന്ന നായികയുടെ സ്ഥിതി അതിലും പരിതാപകരം. എത് രംഗങ്ങളിലും ഒരേ മുഖഭാവം..രണ്ടു  പേരെയും തിരഞ്ഞെടുത്തതിൽ സംവിധായകന്  വലിയ തെറ്റ് പറ്റി.


സ്വയം "അവതാരം" എന്ന് വിശ്വസിക്കുന്ന കുട്ടിയും കൂട്ടുകാരനും അത്യുജ്വല അഭിനയം  തന്നെ കാഴ്ചവെച്ചു.അതേ പോലെ കാളിയുടെയും മേഖയുടെ യും മാതാപിതാക്കളും..


തമിഴിൽ നല്ല തീമുകൾ ഉള്ള സിനിമകൾ വരുന്നുണ്ട്. കാസ്റ്റിങ് അതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.പലപ്പോഴും പാളി പോകുന്ന കാസ്റ്റു കള് തന്നെയാണ് ചിത്രത്തിന്റെ വിധി നിർണയിക്കുന്നത്.


പ്ര .മോ .ദി .സം

Saturday, June 26, 2021

കാവൽ തുറൈ ഊങ്കൾ നൻപൻ

 


പോലിസ്..എല്ലാവർക്കും അവരെ പേടിയാണ്..പോലിസ് സ്റ്റേഷനിൽ കയറുക എന്ന് പറഞ്ഞാല് മുമ്പൊന്നും പലർക്കും ചിന്തിക്കുവാൻ പോലും പറ്റാത്ത കാര്യമായിരുന്നു.അത് കൊണ്ട് തന്നെ നീതി ലഭിക്കേണ്ട പല കാര്യങ്ങളും സാധാരണക്കാരന് അക്കാലത്ത് കിട്ടിയില്ല.



സമൂഹത്തിൽ പലതരം മാറ്റങ്ങൾ വന്നു തുടങ്ങിയപ്പോൾ പോലീസിനെയും പബ്ലിക്കിനെയും ചങ്ങാത്തത്തിൽ ആക്കണമെന്ന് സർക്കാരിന് തോന്നി..പേടിയില്ലാതെ സ്റ്റേഷനിൽ പോയി പരാതി പറയുവാനും പരിഹാരം ചെയ്യുവാനും വേണ്ടി ജനമൈത്രി പോലിസ് സ്റ്റേഷൻ നാട്ടിൽ അങ്ങോളം ഇങ്ങോളം ഉണ്ടായി.ജനമൈത്രി പോലീസ് സ്റ്റേഷൻ ഉണ്ടായിട്ടു കാര്യമില്ലല്ലോ അവിടെ ഉള്ള  പോലീസുകാർക്ക് നാട്ടുകാരോട്  "മൈത്രി" തോന്നണ്ടേ.. അങ്ങിനെ ഒരു മൈത്രി ഇല്ലെങ്കിൽ പിന്നെ ഇത് കൊണ്ട് എന്ത് ഗുണം.



അങ്ങിനെ ജനങ്ങൾക്ക് പോലിസ് "സുഹൃത്ത്" ആകേണ്ട തമിൾ കഥ പറയുകയാണ് ആർഡിഎം എന്ന സംവിധായകൻ.സുരേഷ് രവി, രവീണ രവി,മൈമെ ഗോപി എന്നിവർ അഭിനയിച്ച ത്രില്ലർ ആണ് "കാവൽ തുറെ ഊന്കൾ നൻപൻ"



വീട്ടുകാരെ വെറുപ്പിച്ചു ഒളിച്ചോടി കല്യാണം കഴിച്ചു സന്തോഷത്തോടെ വലിയ സ്വപ്നങ്ങൾ കണ്ട് ജീവിക്കുന്ന ദമ്പതികളുടെ ഇടയിൽ ആകസ്മികമായി  പോലിസ് കടന്നു വരുന്നതും പിന്നീട് ഉണ്ടാകുന്ന പ്രശ്നങ്ങളും ആണ് സിനിമയുടെ കാതൽ.


അവിചാരിതമായ സംഭവങ്ങൾ മനസ്സിനെ പിടിച്ചുലച്ച്‌ സമനില തെറ്റി നിൽക്കുമ്പോൾ നമ്മുടെ പെരുമാറ്റം പലപ്പോഴും തെറ്റായ രീതിയിൽ ആയിരിക്കും..അത് സ്വയം മനസ്സിലാക്കുവാൻ നമുക്കോ നമ്മൾ കണ്ടുമുട്ടുന്ന ആൾക്കാർക്കോ ഒന്നും ഉൾക്കൊള്ളുവാൻ കഴിഞ്ഞു എന്ന് വരില്ല.അത് പോലിസ് ഉദ്യോഗസ്ഥർ ആണെങ്കിൽ പ്രത്യേകിച്ചും...



പിന്നെ അവർ അവരുടെ ഡിപ്പാർട്ട്മെന്റ് വഴിയിലുള്ള പെരുമാറ്റവും അധികാരം ഉപയോഗിച്ചുള്ള കളികളും ആയിരിക്കും. മനോനില ഒക്കെ മാറി പ്രസന്റും ഫ്യുച്ചറും ഒക്കെ ചിന്തിക്കുന്ന ആളുകൾ എന്ത് സംഭവിച്ചാലും മാക്സിമം ക്ഷമിച്ചു കൊണ്ട്  പിടിച്ചു നിൽക്കും..എങ്ങിനെ എങ്കിലും ഇതിൽ നിന്നും ഊരിപോരുവാൻ വേണ്ടി കിണഞ്ഞു  ശ്രമിക്കും. 


പക്ഷേ ഒരിക്കലും വിടാതെ ഉടുമ്പിനെ പോലെ പിടിച്ചു വെക്കുകയും ഉപദ്രവം തുടരുകയും   ചെയ്യുക ആണെങ്കിൽ ആരുടേത് ആയാലും കൺട്രോൾ തെറ്റി പോകും..അന്നേരം പോലിസ് ആണോ പട്ടാളം ആണോ എന്നൊന്നും ചിന്തിക്കുവാൻ ആരും  മിനക്കെട്ടെന്ന് വരില്ല. പക്ഷേ അതിന്റെ അന്തിമ ഫലം മിക്കപ്പോഴും ഭയാനകം ആയിരിക്കും.



നമ്മുടെ പോലീസിൽ നല്ലവരും ചീത്തവരും ഉണ്ട്..നല്ല ആളുകൾക്ക് പോലീസിൽ വലിയ പ്രാധാന്യം ഒന്നും ഉണ്ടാകില്ല .മനസാക്ഷി എന്നത് പല പോലീസുകാർക്കും ഉണ്ടെന്ന് തോന്നാത്ത പ്രവർത്തികൾ നമ്മുടെ കൺമുന്നിൽ ദിനം പ്രതി നടക്കുമ്പോൾ നമ്മൾ പ്രതി കൂട്ടിലാക്കുന്നത് മുഴുവൻ ഡിപ്പാർട്ട്മെന്റ്നേ തന്നെ ആയിരിക്കും.നല്ലവർക്കും മനസാക്ഷി ഉള്ളവർക്കും പലപ്പോഴും അവരുടെ കൂട്ടത്തിൽ നിലനിൽക്കുക പ്രയാസം ആയിരിക്കും.


പണം ഉള്ളവന്റെ കയ്യിലെ പാവ എന്ന ചീത്ത പേര് പോലീസുകാർ മാറ്റാത്ത് കാലത്തോളം എത്ര ജനമൈത്രി സ്റ്റേഷൻ  ഉണ്ടായിട്ടും വലിയ കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.


പ്ര .മോ. ദി .സം

Thursday, June 24, 2021

ഇനിയും ഇങ്ങിനെ ഉള്ളവരെ ആവശ്യമുണ്ടോ വനിതകൾക്ക്...

 


നമുക്ക് നമ്മുടെ സങ്കടങ്ങൾ ആരോടെങ്കിലും പറയുമ്പോൾ കേൾക്കുന്ന പലരിൽ നിന്നും പരിഹാരം കിട്ടുകയില്ല എങ്കിൽ പോലും എല്ലാം തുറന്നു പറയുമ്പോൾ നല്ല ആശ്വാസം കിട്ടും.


അങ്ങിനെ കേൾക്കുന്ന ആളിൽ നിന്നും നീതിയും പരിരക്ഷയും കൂടി ഉറപ്പാക്കാൻ  കഴിയും എന്ന പ്രതീക്ഷയോടെ വിളിക്കുന്ന ഒരു പെൺകുട്ടികൾക്ക് കിട്ടേണ്ട ആശ്വാസത്തിന് പകരം കിട്ടുന്നത് ശകാരവും കുറ്റപ്പെടുത്തും വിധം ഉള്ള സംസാരവും കൂടി ആണെങ്കിൽ എന്തായിരിക്കും ആ കുട്ടികളുടെ അവസ്ഥ.


വനിതാകമ്മീഷൻ  അധ്യക്ഷ എന്ന് പറഞ്ഞാല് നാടിന്റെ  രാജ്ഞി ഒന്നുമല്ല.. വനിതകളുടെ ഉന്നമനത്തിനും അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും വിഷമങ്ങളും ഇല്ലാതാക്കുവാൻ പ്രവർത്തിക്കുന്ന ഒരു അധികാരി മാത്രം.


നികുതിപ്പണം എങ്ങിനെയെങ്കിലും ഇഷ്ട്ടകാരിൽ മാത്രം എത്തണം എന്ന് പാർട്ടികൾ ചിന്തിക്കുമ്പോൾ പലപ്പോഴും ആ സ്ഥാനത്ത് ഇരിക്കുന്നത് പാർട്ടി അടിമകൾ മാത്രമായിരിക്കും.. തികച്ചും  അനർഹര്‍ ...അത് കൊണ്ട് തന്നെ ആ സ്ഥാനത്ത് ഇരിക്കുന്നത് എന്തിനാണ് എന്നോ അതിൻറെ ധർമം എന്താണ് എന്നോ ഒരു പിടിയും ഉണ്ടാകില്ല.


അങ്ങനെയുള്ള ആളുകൾ ഇരിക്കുമ്പോൾ ഒരിക്കലും ആ കമ്മീഷനെ കൊണ്ട് ഒരു ഉപകാരവും നാട്ടുകാർക്കോ സമൂഹത്തിനോ  ഉണ്ടാവുകയില്ല..


സിപിഐഎം എന്ന പാർട്ടിക്ക് ഇൗ കമ്മീഷൻ അധ്യക്ഷ മൂലം വർഷങ്ങളായി പേരുദോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ..മുൻപ് എന്റെ പാർട്ടിയാണ് പോലീസും കോടതിയും എന്ന് പറഞ്ഞു നമ്മുടെ നിയമ വ്യവസ്ഥയെ തന്നെ വെല്ലു വിളിച്ചു..അതും പീഡിതയായ ഒരു സ്ത്രീയെ പരിഗണിക്കാതെ പാർട്ടി നേതാവിനെ അനുകൂലിച്ചു കൊണ്ട്...പിന്നെ ഒരിക്കൽ കിടപ്പ് രോഗി തന്നെ ഓഫീസിൽ വന്നു കണ്ടാൽ മാത്രമേ പരിഹാരം ഉണ്ടാകൂ എന്ന് വാശി പിടിച്ചു..അങ്ങിനെ ചെറുതും വലുതുമായി പാർട്ടിയെയും ജനങ്ങളെയും അപമാനിച്ചു.അത് കൊണ്ട് ഇനിയും അവരെ ആ സ്ഥാനത്ത് തുടരുവാൻ അനുവദിക്കണമോ എന്ന് ചിന്തിക്കേണ്ട വിഷയമാണ്


ജയപ്രകാശ് കോടിയേരി Jayaprakesh Kodiyeri എന്ന സുഹൃത്ത് തൻെറ പോസ്റ്റിൽ പറഞ്ഞത് പോലെ സ്വർണം കായ്ക്കുന്ന മരം ആയാലും പുരക്ക് മേലേക്ക് ചാഞ്ഞ താണെങ്കിൽ അത് മുറിച്ചു കളയുക തന്നെ വേണം.


പ്ര .മോ. ദി .സം

Saturday, June 19, 2021

ജഗമെ തന്തിരം




കാർത്തിക് സുബ്ബ് രാജ് എന്നൊരു യുവസംവിധായകൻ വ്യത്യസ്ത ചിത്രങ്ങൾ കൊണ്ട് തമിഴിൽ കുറച്ചായി തരംഗങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നമ്മുടെ നിരൂപകരും മാധ്യമങ്ങളും പലരെയും പൊക്കി പിടിച്ചു കുറച്ചു ദിവസം ആഘോഷിക്കും..അങ്ങിനെ ഒരു പൊക്കി പിടുത്തം മാത്രമാണ് സുബ്ബരാജ് എന്ന് ഇപ്പൊൾ തോന്നി പോകുന്നുണ്ട്.


വ്യക്തിപരമായി പറഞ്ഞാല് വിഷയവും ആശയങ്ങളും  ഒക്കെ കൊള്ളാം എങ്കിലും സിനിമ ഇഴഞ്ഞു നീങ്ങി ബോറടിപ്പിക്കാതെ സുബു  പ്രേക്ഷകരെ വിടില്ല..അത് സൂപ്പർ സ്റ്റാർ രജനിയുടെ സിനിമ ആയാലും വിജയ് സേതുപതിയെ വെച്ചുള്ള സിനിമ ആയാലും....


ജഗമേ തന്തിരം എന്ന ധനുഷ് ചിത്രവും നീങ്ങുന്നത് അതേ വഴിയിൽ കൂടി തന്നെയാണ്. ലാഗ് കൊണ്ട് പെരുന്നാൾ ഉണ്ട്..പിന്നെ ഇടക്കിടക്ക് കുറെ വെടിയും പുകയും..ഇതൊക്കെ അവിടെ സംഭവിക്കുമോ എന്ന് ചോദിക്കരുത്...സിനിമയിൽ ചോദ്യമില്ല.പ്രത്യേകിച്ചും തമിഴിൽ..


ധനുഷ് അസാധാരണ പ്രതിഭയുള്ള ഒരു നടനാണ്..പല ചിത്രങ്ങളും അദ്ദേഹത്തിന്റെ മിടുക്ക് കൊണ്ട് മാത്രം ബോക്സ് ഓഫീസ് വിജയം കണ്ടിട്ടുണ്ട്..ചിത്രങ്ങൾ തിരഞ്ഞെടുത്തു അഭിനയിക്കുന്നതിൽ വളരെ മിടുക്കൻ ആണെങ്കിലും ചിലപ്പോൾ ഒക്കെ പാളി പോകാറുണ്ട്..അങ്ങിനെ പറഞ്ഞാല് ഒരിക്കലും ധനുഷിന് സൂട്ട്‌ ആകാത്ത ഒരു റോളാണ് ഇതിലെ സുരുളി.ശരിക്കും പാളി.



പിന്നെ തമിഴിൽ ആകുമ്പോൾ ആരു നായകൻ ആയാലും ഒരു പത്തിരുപത് പേരെ ഒക്കെ ഒറ്റയ്ക്ക് നേരിടുന്നതിൽ ,അവരെ പരാജയപ്പെടുത്തി നായകൻ വിജയിക്കുന്നത് മലയാളിക്ക് പോലും പ്രശ്നം ഇല്ലാത്തത് കൊണ്ടു ചിത്രം ഓടിയേക്കും.മലയാളത്തിൽ ആണെങ്കിൽ അവർ ലോജിക്ക് ഒക്കെ പറഞ്ഞേക്കും.


അഭയാർഥികൾ ഒരു പ്രശ്നം തന്നെയാണ്..അവരെ സ്വീകരിക്കുവാൻ  ലോകത്തിൽ എല്ലാ രാജ്യങ്ങൾക്കും പ്രശ്നമുണ്ട്.ലോകത്ത് സ്വന്തമായി ഒരു നാട് പോലും ഇല്ലാത്ത അവർ അതിജീവനത്തിന് വേണ്ടി സാഹസപെട്ട് പലരുടെയും വാതിലിൽ മുട്ടും..ഒരിക്കലും തുറക്കില്ല എന്ന് കരുതി അവർ രാജ്യങ്ങളിൽ അതിക്രമിച്ചു കടന്നു കയറും..പിന്നീട് ചിലരൊക്കെ നിയമ വഴിയിൽ പൗരത്വം നേടും.



അവിടെ അവരെ സംരക്ഷിക്കുവാൻ  സഹായിക്കുവാൻ ആരെങ്കിലും ഉണ്ടെങ്കിൽ വരുന്നവരുടെ എണ്ണവും കൂടും.അത് ഒരിക്കലും തദ്ദേശീയർക്കും മറ്റും ഇഷ്ടപ്പെട്ടു എന്ന് വരില്ല. അങ്ങിനെ അവർക്കിടയിൽ പക വളരും.പല രാജ്യങ്ങളിലും ഇത് ഇപ്പൊൾ സർവ സാധാരണമാണ്.


പീറ്റർ ,ശിവദാസ് എന്നീ യുകെ യിലെ  രണ്ടു  ഡോണ് മാഫിയക്ക് ഇടയിൽ നാട്ടിൽ നിന്നും സൂരുളി എന്ന മറ്റൊരു വഴക്കാളി എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് ചിത്രം പറയുന്നത്. അതി നാടകീയത കൊണ്ട് സമ്പന്നമാക്കി ചിത്രത്തെ കൊല്ലാ കൊല ചെയ്യുന്നുണ്ട്.



നമ്മുടെ ജോജുവിനേ ടൈറ്റിൽ കാർഡിൽ പരിചയപ്പെടുത്തുന്നത് പോലും "ജോസഫ് ജോജു" എന്നാണ് ..ജോസഫ് തമിഴിൽ നല്ല പേര് കിട്ടിയ ചിത്രം ആയിരിക്കും.കൂട്ടിനു മലയാളത്തിൽ നിന്നും ഐശ്വര്യ ലക്ഷ്മിയും വിദേശത്ത് നിന്ന്  ജെയിംസ് കോസ്മോ എന്ന ഇംഗ്ലീഷ് നടനും ഉണ്ട്.


മൊത്തത്തിൽ രണ്ടരമണിക്കൂർ കൂടുതൽ ഉള്ള ചിത്രം ഒന്ന് വെട്ടി ഒതുക്കി പാകപ്പെടുത്തി എങ്കിൽ കാണാൻ നല്ല ഹരം വന്നേനെ...


നമ്മുടെ  ഓരോരത്തരുടേയും കാഴ്ചകളും അനുഭവങ്ങളും ആസ്വാദനവും  വ്യത്യസ്തമായിരിക്കും..അതുകൊണ്ട് സിനിമ കണ്ടു മാത്രം ചിത്രത്തെ വിലയിരുത്തുക..നിരൂപണങ്ങൾ വായിച്ചു മാത്രം സിനിമ കാണുന്നത്  കാണാതിരിക്കുന്നത്‌ നല്ല പ്രവണതയല്ല.


പ്ര. മോ  ദി .സം

Monday, June 7, 2021

E Sanjeevani



e Sanjeevani OPD


ചെറിയ ഒരു തുമ്മലിനു വരെ ആശുപത്രിയിൽ പോയി കൊണ്ടിരുന്ന മലയാളികൾ ഒന്നൊന്നര വർഷമായി വലിയ പനി വന്നാൽ പോലും ആശുപത്രിയുടെ പരിസരത്ത് പോകാറില്ല.


കാരണം കൊറോണ തന്നെ..ആശുപത്രിയിൽ ഏതൊക്കെ ആൾകാർ ആണ് വരുന്നത് എന്ന് നിശ്ചയം കാണില്ല.കൂടാതെ പലതരം രോഗങ്ങളും ഉള്ള ആൾകാർ വരുന്നത് കൊണ്ട് തന്നെ അത് നമ്മിലേക്ക് പകരും എന്നൊരു ഭീതി മുന്നത്തേക്കാൾ ഇന്ന് ജനങ്ങൾക്ക് ഉണ്ട്.മുൻപ് സ്വകാര്യ ആശുപത്രിയിൽ പോയി ചികിത്സിക്കുന്നത് ഗമയായി കണ്ടവർ പോലും ഇന്ന് വീട്ടിൽ ഒതുങ്ങി കൂടുകയാണ്.


അഡ്മിറ്റ് ആകുമ്പോൾ നെഗറ്റീവ് ആയിരുന്ന ആൾ മരിക്കുമ്പോൾ അല്ലെങ്കിൽ ചികിത്സക്ക് ഇടയിൽ പോസിറ്റീവ് ആകുന്ന കുറെ കേസുകൾ വന്നത് കൊണ്ട് കൂടി ജനങ്ങൾക്ക് ആശുപത്രിയെ അകറ്റി നിർത്താൻ പ്രേരകമായി.


ഇങ്ങിനെ പേടിക്കുന്ന ഒരു കൂട്ടം ഉണ്ടാകും എന്ന് മുൻകൂട്ടി കണ്ടത് കൊണ്ടാവാം കേന്ദ്ര സർകാർ


 e Sanjeevani OPD


എന്ന പേരിൽ ഒരു ആപ്പ് തുടങ്ങിയിട്ടുണ്ട്.തുടങ്ങിയിട്ട് കുറച്ചായി എങ്കിലും പലർക്കും അതിനെ കുറിച്ച് അറിയുകപോലും ഇല്ല.


പ്ലേ സ്റ്റോറിൽ പോയി e Sanjeevani എന്ന് ടൈപ്പ് ചെയ്താൽ ആപ്‌ കിട്ടും അത് ഡൗൺ ലോഡ് ചെയ്ത് അതിൽ പറയുന്ന പ്രകാരം മുന്നോട്ട് പോയി  രജിസ്റ്റർ ചെയ്താൽ ഏതു രോഗത്തിനും ചികിത്സാ വീട്ടിൽ ഇരുന്നു തന്നെ നടത്താം. അതും ഡോക്റ്ററുടെ  കൃത്യമായ ഉപദേശത്തിൽ...


ഇത് വായിക്കുന്നത് മലയാളികൾ ആയത് കൊണ്ട് തന്നെ "വിവരം" ഉള്ളത് കൊണ്ട് ആപ് ഡൗൺ ലോഡ് ചെയ്താൽ തന്നെ കാര്യങ്ങൽ മനസ്സിലാക്കി പ്രവർത്തിക്കും.എന്നാലും ചിലത് പറയാം.


രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു OTP വരും..പിന്നെ നിങ്ങൾക്കുള്ള രോഗം തിരഞ്ഞെടുക്കുക. അപോൾ ഒരു ടോക്കൺ നമ്പർ തരും.സമയം ആകുമ്പോൾ വീഡിയോ കോളിൽ കൂടി ഡോക്ടറുമായി നേരിട്ട് സംസാരിക്കാം.നമ്മൾ രെജിസ്റ്റർ ചെയ്യുമ്പോൾ നമ്മുടെ സംസ്ഥാനം കൊടുത്താൽ ഇവിടുത്തെ ഡോക്ടറെ തന്നെ ലൈനിൽ കിട്ടും.മലയാളത്തിൽ തന്നെ നമുക്ക് അവരുമായി സംസാരിച്ചു ആവശ്യമുള്ള  ചികിത്സ ആവശ്യപ്പെടാം.


ചികിത്സിച്ചു കഴിഞ്ഞാൽ അവർ മരുന്ന് കുറിച്ച് തരും.സാധാരണ ഡോക്ടർ തരുന്നതുപോലെ ആർക്കും മനസ്സിലാകാത്ത ഭാഷയിൽ അല്ല നല്ല ഇംഗ്ലീഷ് പ്രിൻറ് ഔട്ട് ..അതും ഡോക്ടറുടെ പേരും ആശുപത്രിയും ഒപ്പും അടക്കം.അത് മെഡിക്കൽ ഷോപ്പിൽ കൊടുത്തു മരുന്ന് വാങ്ങി കഴിച്ചു രോഗം വേഗം സുഖപ്പെടുത്താൻ പറ്റും.


ആവശ്യമുള്ളവർ ആപ്പ് ഡൗൺ ലോഡ് ചെയ്ത് ആശുപത്രി സന്ദർശനം ഒഴിവാക്കി രോഗശമനം നേടുക.തികച്ചും സൗജന്യമായ സേവനമാണ്.


കൃത്യമായി പറഞ്ഞു തരുവാൻ പറ്റിയോ എന്ന് നിശ്ചയമില്ല..ആപ്പിനെ കുറിച്ച് ആൾക്കാരെ അറിയിക്കുവാൻ വേണ്ടിയാണ് ഇൗ കുറിപ്പ്. ഇത്ര നല്ല ആപ്പ് ആയിട്ടും പലരും ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് തോന്നുന്നില്ല...പലർക്കും അറിയില്ല എന്നത് മറ്റൊരു കാര്യം.


  എല്ലാവർക്കും പ്രയോജനപ്പെടുന്ന ഇൗ ആപ്പ് വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ എല്ലാവരും ശ്രമിക്കുക.


പ്ര .മോ .ദി .സം


Sunday, June 6, 2021

പണ രാഷ്ട്രീയം

 



നമ്മുടെ രാഷ്ട്രീയം ചീഞ്ഞ് നാറു ന്നില്ലേ?മുൻപൊക്കെ അന്യസംസ്ഥാനങളിൽ മാത്രം കേട്ടു കൊണ്ടിരിക്കുന്ന കുഴൽ പണവും കള്ളപണവും ഒക്കെ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു.


മുൻപും കുഴൽ പണവും കള്ള പണവും ഒക്കെ ഉണ്ടായിരുന്നു എങ്കിലും  ചില  ഉള്ളുകള്ളികൾ ഉണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ അതിൻറെ കളങ്കം ആരും ചാർത്തിയിരുനില്ല. 


 ഇപ്പൊൾ പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ രാഷ്ട്രീയക്കാർ കളിക്കുന്നത് മുഴുവൻ കള്ളപ്പണം കൊണ്ട് തന്നെയാണ്..സ്വർണക്കടത്ത്,ഈന്തപ്പഴം,ഖുർആൻ എന്നിവയിൽ തുടങ്ങി ഇപ്പൊൾ കുഴൽ പണം വരെ എത്തി നിൽക്കുന്നു നമ്മുടെ രാഷ്ട്രീയ ബാന്ധവം.


ഒരു സീറ്റ് പോലും ഉറപ്പില്ലാത്ത സ്ഥലത്ത് നാന്നൂറ് കോടി ചിലവാക്കാൻ തീരുമാനിച്ചു എന്നത് ശരിയാണെങ്കിൽ എന്തായിരിക്കും അതിനു പിന്നിലെ ചിന്തകളും പ്രവർത്തനങ്ങളും...ജയിക്കും എന്ന് ഒരു ഉറപ്പും ഇല്ലാത്ത സീറ്റിന് വേണ്ടി പിടിവലി കൂടി ആകുമ്പോൾ നമ്മൾ ചിന്തിക്കണം.


കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് എന്തൊക്കെ പുകിലുകൾ ആയിരുന്നു, വിജിലൻസ് വരുന്നു, കസ്റ്റംസ് വരുന്നു ,ഇൗ ഡി വരുന്നു..

ഉന്നതരെ ചോദ്യം ചെയ്യുന്നു അറസ്റ്റ് ചെയ്യുന്നു....


അങ്ങിനെ അങ്ങിനെ 

 ഒരു സർക്കാരിനെ മുഴുവൻ സംശയ നിഴലിൽ നിർത്തി അവസാനം "പവനായി ശവമായി" മാറുന്നു. 


സത്യത്തിൽ അന്വേഷണം ഒക്കെ ഏതോ ഉന്നതനിൽ എത്തും എന്ന് വന്നപ്പോൾ പത്തി മടക്കിയ അവസ്ഥയിൽ ആയി പോയത് അല്ലെ? പ്രതീക്ഷയോടെ കാത്തു നിന്ന സാധാരണക്കാർ 3G ആയത് മിച്ചം..സത്യം എന്താണെന്ന് ഇന്നും അറിയില്ല പക്ഷേ ഇഴഞ്ഞു പോകുന്ന അന്വേഷണം നമ്മളെ ചിന്തിപ്പിക്കുന്നു ഇതൊരു പ്രഹസനം ആയിരുന്നില്ലേ എന്ന്..


മിത്രങ്ങളെ നിങൾ കരുതുന്നുണ്ടോ? ഇൗ കൊടകര കുഴൽ പണം കേസും നല്ല രീതിയിൽ മുന്നോട്ടു പോകും എന്ന്...രാഷ്ട്രീയക്കാർ ഇപ്പൊൾ പരസ്പരം പഴി ചാരിയും പ്രസ്താവനകൾ ഇറക്കിയും കുറച്ചു കാലം മുന്നോട്ടു കൊണ്ട് പോകും..പിന്നെ ഒരു സുപ്രഭാതത്തിൽ ആവിയായി പോകും..നോക്കിക്കോ..


ആരോപണ വിധേയരും ആരോപിച്ചവരും വീണ്ടും അടുത്ത കൂട്ടുകൃഷി ക്കു വേണ്ടി ഒരുമിക്കും.


അതാണ് കുറച്ചായി രാഷ്ട്രീയം..പരസ്പര സഹായ സഹകരണ സംഘങ്ങൾ ആവുന്ന വൃത്തികെട്ട രാഷ്ട്രീയം


പ്ര .മോ. ദി .സം


Wednesday, June 2, 2021

മതിൽ




രാഷ്ട്രീയമെന്നും പറഞ്ഞാല് ചിലർക്ക് ഗുണ്ടായിസം ആണ്.അധികാരം കൂടി കയ്യിൽ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട..അതിൻറെ ഹുങ്കിൽ അവൻ പറ്റാവുന്നത് ഒക്കെ വെട്ടി പിടിക്കുവാൻ നോക്കും .ആദ്യം മാന്യമായി പിന്നെ ഗുണ്ടായിസം കൊണ്ട്..ഇതിനെ ഒക്കെ ആരെങ്കിലും എതിർത്താൽ പിന്നെ അവന്റെ കാര്യം കട്ടപ്പൊക.


എന്നാലും ചില ഒറ്റയാൻ ശബ്ദങ്ങൾ ഉണ്ടാകും.അവർ വീറോടെ വിജയം വരെ പൊരുതും.ചിലപ്പോൾ പകുതി വെച്ച് അവൻ പരാജയപ്പെട്ടു വീണു പോയേക്കാം..എന്നാലും ഇൗ ഡിജിറ്റൽ യുഗത്തിൽ രാഷ്ട്രീയത്തിന്റെ ഗുണ്ടായിസം  മുൻപത്തെക്കാൾ  അല്പം കുറഞ്ഞിട്ടുണ്ട് എന്ന് തന്നെ പറയാം..ചുറ്റിലും ഉള്ള ക്യാമറ കണ്ണുകൾ എല്ലാം മൂ ന്നാമനെ പോലെ കാണുന്നു എന്നാ പേടിയും കാരണം ആയേക്കും.


ഒരുത്തൻ പിറക്കുമ്പോൾ വീട് ഇല്ലെങ്കിലും മരിക്കുമ്പോൾ എങ്കിലും വീട് വേണം അല്ലെങ്കിൽ ശവം അനാഥമായി പോകും എന്ന ഉപദേശം അനുഭവത്തിൽ തൊട്ടറിഞ്ഞ ആൾ  ചോര നീരാക്കി നാല്പത്തി അഞ്ചു വർഷത്തിന് ശേഷം  പണിത വീടിന്റെ മതിലിൽ രാഷ്ട്രീയക്കാർ ചുവരെഴുത്ത് നടത്തുമ്പോൾ അതിനെതിരെ പ്രതികരിച്ചത് കൊണ്ട് ഒരു സാധാരണക്കാരന് ഉണ്ടാകുന്ന പൊല്ലാപ്പ് ആണ് ചിത്രത്തിന്റെ കഥ.


അധികാരവും ശക്തിയും കൊണ്ട് പ്രബലരായ അവരെ ബുദ്ധികൊണ്ട് ചങ്ങാതികൂട്ടം നേരിടുന്നത് രസകരമാണ്.മുൻപ് മലയാളത്തിൽ കൂടി ഇത്തരം ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും നല്ലരീതിയിൽ തന്നെ മിത്രൻ ജവഹർ എന്ന സംവിധായകൻ ഇൗ തമിൾ സിനിമ  അവതരിപ്പിച്ചിരിക്കുന്നു.


തമിൾ സൂപ്പർ സ്റ്റാർ രജനി,കമൽ,അജിത്ത് തുടങ്ങിയവരെ മുതൽ യുവതലമുറയിലെ ശ്രദ്ധേയരായ താരങ്ങളെ കൊണ്ട് തന്റെ സംവിധാന മികവ് കാട്ടി ഇപ്പൊൾ കുറച്ചായി അഭിനയത്തിൽ കൂടി ഒരു കൈ നോക്കുന്ന കെ എസ് രവികുമാർ  ആണ് ചിത്രത്തിലെ നായകൻ.


സാധാരണഗതിയിൽ അവഗണിക്കുന്ന ഇത്തരം ചിത്രങ്ങൾ കാണുവാൻ പ്രേരിപ്പിച്ചത് കോവിടിൽ വീട്ടിൽ കുടുങ്ങി പോകുന്നത് കൊണ്ടുണ്ടാകുന്ന വിരസത തന്നെ ആണ്..എങ്കിലും നമ്മളെ ബോറടിപ്പിക്കാതെ ഇൗ ചിത്രം വലിയൊരു സന്ദേശം നമ്മളിൽ എത്തിക്കുന്നു


പ്ര .മോ .ദി .സം

Tuesday, June 1, 2021

ദി ലാസ്റ്റ് ടൂ ഡേയ്സ്

 


ദീപക് പറമ്പോൽ എന്ന മലയാളത്തിലെ യുവനടന്റെ ഒരു ഇന്റർവ്യൂ അടുത്ത ദിവസം കാണുവാൻ ഇടയായി.


വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിച്ച നടൻ വിനീതിന്റെ തന്നെ "തട്ടത്തിൻ മറയത്ത്" കഴിഞ്ഞപ്പോൾ മലയാള സിനിമയിൽ അവസരങ്ങളുടെ ചാകര വരുമെന്ന് സ്വപ്നം കണ്ടു നാട്ടിലേക്ക് വണ്ടി കയറി.പക്ഷേ സ്വപ്നം സ്വപ്നമായി തന്നെ അവസാനിക്കും എന്നായപ്പോൾ രണ്ടു സുഹൃത്തുക്കളുമായി അവസരത്തിനായി  മലയാള സിനിമയുടെ ഹബ് ആയ കൊച്ചിയിൽ താമസം ആരംഭിച്ചു.



എന്നിട്ടും സിനിമയിൽ നിന്ന് മാത്രം കാര്യമായ വിളി  മാത്രം വന്നില്ല. രണ്ടു സുഹൃത്തുക്കൾ ജോലിക്ക് പോകുമ്പോൾ എന്നെങ്കിലും എനിക്ക് മലയാളത്തിൽ ഒരു ഇരിപ്പിടം കിട്ടും എന്ന പ്രതീക്ഷയിൽ ദീപക് അവിടെ തന്നെ നിന്നു.


കുറെ "ക്കോക്കസുകൾ" നിയന്ത്രിക്കുന്ന മലയാള സിനിമയിൽ അഭിനയിക്കാൻ അറിയുന്ന ദീപക്കിന് ഇപ്പോഴും   അവസരം കൊടുക്കുന്നുണ്ട് എന്ന് തോന്നുന്നില്ല.ഒന്ന് രണ്ടു ചിത്രങ്ങളിൽ നായകനായി വന്നു കുറെ ചിത്രങ്ങളിൽ ചെറിയ റോളുകളും..എങ്കിലും പ്രേക്ഷകർ ഓർമ്മിക്കുന്ന ഒരു മുഖമായി മാറുവാൻ ദീപക്കിന് ഇപ്പൊൾ കഴിഞ്ഞിട്ടുണ്ട്.



ചിലപ്പോൾ ദീപക് എന്ന നടന് ഒരു ബ്രേക്ക് നൽകിയേക്കും "ദ ലാസ്റ്റ് ടൂ ഡയിസ് "എന്ന ഇൗ ചിത്രം.ദീപക്കിന്റെ മാസ്മരിക പ്രകടനം ഒന്നും ഇല്ലെങ്കിലും ഒരു മിനിട്ട് പോലും ബോറടിപ്പിക്കാതെ ചെറിയ സമയത്തിനുള്ളിൽ നല്ലൊരു ക്രൈം ത്രില്ലർ തന്നെയാണ് സന്തോഷ് ലക്ഷ്മണൻ എന്ന സംവിധായകൻ പറയുന്നത്.



രാഷ്ട്രീയം എന്നാൽ ചിലർക്ക് അതൊരു ബിസിനസ് ആണ്..അധികാരത്തിനു വേണ്ടി പാർട്ടിയെ പിളർത്തി പുതിയ പാർട്ടി ഉണ്ടാക്കി മൽസരിച്ചു ജയിച്ചു വിലപേശി  "ഉന്നതങ്ങളിൽ" എത്തുന്ന രാഷ്ട്രീയക്കാരും പാർട്ടികളും നമ്മുടെ കൺമുന്നിൽ തന്നെ ഉണ്ട്.


അങ്ങിനെ പുതുതായി രൂപം കൊണ്ട പാർട്ടിയിലെ അടുത്ത ഇലക്ഷനിൽ മത്സരിക്കുവാൻ പോകുന്ന മൂന്ന് ചെറുപ്പക്കാർ മിസ്സ് ആവുന്നതും അത് അന്വേഷിക്കാൻ എത്തുന്ന പോലിസ് ഉദ്യോഗസ്ഥന്റെ യും ആ നാട്ടിലെ ചില സംഭവ വികാസ ങ്ങളുടെയും കഥയാണ് ഇത്.


ആലപ്പുഴയുടെ  കുട്ടനാടിന്റെ വശ്യ സൗന്ദര്യവും നാടിന്റെ ഭംഗിയും ക്യാമറമാൻ നന്നായി പകർത്തിയിട്ടുണ്ട്...അതുപോലെ ത്രസിപ്പിക്കുന്ന ബാക് ഗ്രൗണ്ട് മ്യൂസിക് തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു എനർജി.


ദീപക്കിനു പുറമെ അതിഥി രവി,ധർമജൻ,മുരളി ഗോപി,നന്ദൻ ഉണ്ണി, മേജർ രവി,ഹരി കൃഷ്ണൻ,വിനീത് മോഹൻ,ശ്യംഭവി സുരേഷ്,സുർജിത്ത് എന്നിവരും റോളുകൾ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.


വെറും ഒന്നേകാൽ മണിക്കൂറിനുള്ളിൽ നല്ലൊരു ക്രൈം ത്രില്ലർ കാഴ്ച വെച്ച അണിയറക്കാർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.


പ്ര .മോ .ദി .സം