Sunday, December 5, 2021

ചിത്തിരയ് ശെവ്വനം

 സമുദ്രക്കനി മികച്ച ഒരു ക്യാരക്ടർ നടനാണ്..തൻ്റേതായ പ്രകടനത്തിലൂടെ സിനിമയെ ഒറ്റയ്ക്ക് താങ്ങി മുന്നോട്ട് കൊണ്ടു പോകും.അത് കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ ഭാഷകളിൽ തിളങ്ങി നിൽക്കുന്നു.പക്ഷേ ഇപ്പൊ ഒ ടി ടീ റിലീസ് സിനിമകളിൽ കുറെയേറെ ചിത്രങ്ങൾ സമുദ്രക്കനി നായകനായി വന്നു എങ്കിലും ഒന്നിലും അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യുവാൻ ഉള്ളതായി തോന്നുന്നില്ല.
പ്രകാശ് രാജ്,രഘുവരൻ ഒക്കെ പോയതുപോലെ ഒരേ മാസ്മറിസം കൊണ്ട് മുന്നോട്ടെക്കു പോകുന്നത് പോലെ..നീതിക്ക് വേണ്ടി പോരാടുന്ന സാധാരണക്കാരൻ ആയി ഇത് ഒരു കൊട്ട സിനിമകൾ ആയി.


സോഷ്യൽ മീഡിയ നമുക്ക് ഇരുതല മൂർച്ചയുള്ള വാൾ ആണ്.സൂക്ഷിച്ചു ഉപയോഗിച്ചില്ല എങ്കിൽ പണി കിട്ടും.ഇപ്പോള് അത് ഗുണത്തെക്കാൾ കൂടുതൽ ദോഷം ചെയ്തിരിക്കുന്നു.
നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന പെൺകുട്ടിയുടെ കുളിസീൻ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആ കിട്ടി അപ്രത്യക്ഷമാകുന്നു .പിന്നാലെ അതിനു പിന്നിൽ പ്രവർത്തിച്ച ആൾക്കാരും..കുട്ടിയുടെ അച്ഛനും പോലീസും സമാന്തരമായി നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്ത് വരുന്നതാണ് സ്റ്റണ്ട് സിൽവ അദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്.

കഥക്ക് ,പുതുമയുള്ള അവതരണത്തിന് ഒന്നിനും സ്കോപെ ഇല്ലാത്ത ഈ ചിത്രം ഉള്ള സമയത്തിൽ തന്നെ കൂടുതൽ ലാഗ് സൃഷ്ടിച്ചു കൊണ്ട് നല്ല രീതിയിൽ പ്രേക്ഷകരെ വലക്കുനുണ്ട്.നമ്മുടെ റിമ കല്ലിങ്കൽ പോലീസ് ഉദ്യോഗസ്ഥയായ വെറുപ്പിക്കൽ കൂടി ആകുമ്പോൾ ശരിക്കും പെട്ട്പോകുന്നുണ്ട്.


പ്ര .മോ .ദി .സം

Saturday, December 4, 2021

മരക്കാർ.. അറബിക്കടലിൻ്റെ സിംഹം

 വിലപിടിപ്പുള്ള ഒരു വണ്ടി രണ്ടു കൊല്ലമായി ഓടിക്കാത്തത് കൊണ്ട് അതിനു മുതൽ മുടക്കിയവർ രണ്ടു വർഷം അതിൻ്റെ ഗുണകണങ്ങൾ "തള്ളി തളളി" വല്യ കയറ്റത്തിൽ എത്തിക്കുന്നു..പക്ഷേ" പിടി" വിട്ട് പോകുന്ന വണ്ടി താഴെ എത്തിയപ്പോൾ ആണ് ആൾക്കാർക്ക് മനസ്സിലാകുന്നത് ഇത്രയും തള്ളി കയറ്റിയത് കൊണ്ടാണ് "പിടിവിട്ടു 'പോയത് എന്ന്.രണ്ടു മൂന്നു വർഷം മുൻപ് ഒടിയൻ എന്ന ചിത്രത്തിന് തള്ളി ഹൈപ്പ് ഉണ്ടാക്കിയത് കൊണ്ട് എന്ത് സംഭവിച്ചു അത് മാത്രമാണ് "മരക്കാർ "എന്ന സിനിമക്കും സംഭവിച്ചത്..രണ്ടും പാണന്മാർ പാടി നടക്കുന്നത് പോലെ മോശം സിനിമ ഒന്നുമല്ല..കാണാൻ കൊള്ളാവുന്ന സിനിമകൾ തന്നെയാണ്..രണ്ടും ഇത്രക്ക് ഡീഗ്രേഡ് ചെയ്യണ്ട സിനിമയും അല്ലായിരുന്നു.മരക്കാർ ആണെങ്കിൽ മലയാള സിനിമയിൽ ഇത് വരെ കാണാത്ത ദൃശ്യ വിസ്മയം തന്നെയാണ്..തിരക്കഥയിൽ ഉണ്ടായ പോരായ്മയും മിസ് കാസ്ററിങ്ങും ചിത്രത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.തൻ്റെ സുഹൃത്ത് ബന്ധത്തിൽ ഉള്ളവരെ മുഴുവൻ അഭിനയിപ്പിക്കാൻ ശ്രമിച്ചാൽ വലിയ ദുരന്തങ്ങൾ ഉണ്ടായേക്കും എന്ന് മുഖ്യ അണിയറക്കാർ മനസ്സിലാക്കണം.ഹരീഷ് പേരടി,സിദ്ദിഖ്,അർജുൻ,പ്രണവ് എന്നിവർ  മാത്രമാണ് പാത്രസൃഷ്ട്ടിയിൽ  നീതി പുലർത്തിയത്.ലാലേട്ടൻ പോലും പല രംഗങ്ങളും  അർധമനസ് കൊണ്ട് അഭിനയിച്ചത് പോലെ തോന്നി.


പുലിമുരുകൻ പോലെയോ ലൂസിഫർ പോലെയോ   അർദ്ധരാത്രി ഷോ കളിച്ചാൽ 

എല്ലാവർക്കും രസിക്കണം എന്നുമില്ല..ഉറക്കച്ചുവട് മറികടന്ന് സിനിമ കാണുവാൻ എത്തുന്നവർക്ക് രസിക്കുന്ന സബ്ജക്ട് അല്ല ചരിത്രം ..മൂന്ന് മണിക്കൂർ സമയവും കുറെ "മെല്ലെ പോക്കും" കൂടാതെ പല സമയത്തും അലോരസപെടുത്തുന്ന പാശ്ച ത്തല സംഗീതം കൂടിയായപ്പോൾ പ്രേക്ഷകർ സഹികെട്ട് പോയിരിക്കും .ഗാനങ്ങൾ ഒക്കെ അടിപൊളി തന്നെയാണ്.പകൽ സമയത്ത് കണ്ടവർ നല്ലവണ്ണം ആസ്വദിച്ച സിനിമ തന്നെയാണ് അർദ്ധരാത്രി പലരും തെറി വിളിച്ച ഈ സിനിമ.
അധികം പ്രതീക്ഷകൾ ഇല്ലാതെ ഹരിഹരനും എംടീ യുമല്ല ഇതിൻ്റെ പിന്നിൽ എന്നും കാലാപാനി മാത്രമല്ല കടത്തനാടൻ അമ്പാടി സംവിധാനം ചെയ്തതും പ്രിയദർശൻ ആണെന്ന് വിചാരിച്ചു പോയാൽ നല്ലവണ്ണം മരക്കാരിൽ ലയിക്കാം.


പ്ര .മോ .ദി .സം

Friday, December 3, 2021

ആഹാ

 ജീവിതത്തിൻ്റെ കഷ്ടപ്പാടിനോടും കാഠിന്യത്തോടും പടപൊരുതുന്നവരുടെ ഇഷ്ടവിനോദം ആയിരിക്കും വടം വലി..അവർ ഇവിടെയും പൊരുതുകയാണ് ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ വിജയിക്കാൻ വേണ്ടി..


അങ്ങിനെ കുറെ പച്ച മനുഷ്യരുടെ കഥ പറയുകയാണ് നവാഗതനായ ബിബിൻ പൗൾ സാമുവൽ എന്ന സംവിധായകൻ.ഇദ്രജിത്,അശ്വിൻ കുമാർ,മനോജ് k ജയൻ,അമിത് ചക്കലക്കൾ,ശാന്തി എന്നിവർ കഥാപാത്രങ്ങൾക്ക് നൽകിയ ഊർജം തന്നെയാണ് രണ്ടര മണിക്കൂറോളമുള്ള ചിത്രത്തെ ത്രിൽ അടിപ്പികുന്നത്.പതിനഞ്ച് വർഷം കേരളത്തിൽ അങ്ങോളം വിജയിച്ച" ആഹാ" എന്ന വടംവലി ടീം അവിചാരിതമായി തോൽക്കുമ്പോൾ ആ ടീം തന്നെ ഇല്ലാതായി പോകുന്നു.വീണ്ടും ഇരുപത് വർഷങ്ങൾക്കിപ്പുറം പുതിയ ടീം ഉണ്ടാകുന്നതും അവർ നിലനിൽപ്പിനായി ആഹാ യുടെ പേര് നിലനിർത്തുവാൻ പരിശ്രമിക്കുന്നത് ആണ് ചിത്രം പറയുന്നത്.വടംവലി പാശ്ചാത്തലത്തിൽ പല സിനിമകളും കടന്നു പോകുന്നു എങ്കിലും അതിലെ വന്യതയും അഴകും ത്രില്ലും ഒക്കെ നമ്മളിലേക്ക് ആവാഹിക്കുന്ന നല്ലൊരു ഇമോഷണൽ ഡ്രാമ തന്നെയാണിത്.വടംവലി എന്ന കായികത്തോടൊപ്പം നല്ലൊരു കുടുംബ കഥ കൂടി ഇഴുകി ചേരുന്നത് കൊണ്ട് കുടുംബ സദസ്സുകളിൽ പോലും ചിത്രം നേട്ടം ഉണ്ടാക്കും..എന്നാലും വമ്പൻ ചിത്രങ്ങൾ എന്ന് പറഞ്ഞു ചില ചിത്രങ്ങൾ തിയേറ്റർ നിറക്കുമ്പോൾ ഇതുപോലത്തെ കുഞ്ഞു നല്ല ചിത്രങ്ങൾ തഴയപ്പെട്ട് പോകുന്നത് മലയാള സിനിമക്ക് നല്ലതല്ല.


പ്ര .മോ .ദി .സം

Wednesday, December 1, 2021

എല്ലാം ശരിയാകും

 കുടുംബത്തെ മറന്ന് രാഷ്ട്രീയം കളിക്കുന്നവർ ഈ ചിത്രം ഒന്ന് പോയി കാണണം.പക്ഷേ ഈ കാലത്ത് അങ്ങിനെ ഉളളവർ വളരെ കുറവായത് കൊണ്ടു തന്നെ സമൂഹത്തിന് വലിയ ഗുണം ഒന്നുമില്ല അവർക്ക് മാറി ചിന്തിക്കാം എന്ന് മാത്രം.


ഇപ്പൊൾ രാഷ്ട്രീയം പലർക്കും ഒരു തൊഴിൽ ആണ് ..തൻ്റെ ഭാവി ജീവിതം സുരക്ഷിതമായ രീതിയിൽ കൊണ്ട് പോകുവാൻ  മാത്രം ഉള്ള ഒരു മേഖല.അത് കൊണ്ട് തന്നെയാണ് ഇപ്പൊൾ ജാഥകൾ സമ്മേളനങ്ങൾ ഒക്കെ വലിയ ജന പിന്തുണ ഇല്ലാതെ നടത്തേണ്ടി വരുന്നത്.കേരളത്തിൻ്റെ മുഖ്യമന്ത്രിപദം ജീവിത അഭിലാഷമായി കണ്ടു കുടുംബത്തെ മറന്ന്  പ്രതീക്ഷയോടെ പാർട്ടിയെ നയിച്ച നേതാവിന് ഒരിക്കലും ആവശ്യ സമയത്ത് കുടുംബത്തിലെ നാഥൻ ആകുവാൻ പറ്റുന്നില്ല. തൻ്റെ മകൾ പോലും എതിർ പാർട്ടികാരനെ സ്നേഹിച്ചു പടിയിറങ്ങി പോയിട്ടും ഒന്നും കൂസാത്ത അയാള് തൻ്റെ ജീവിത അഭിലാഷം നിറവേറ്റാൻ തന്നെ  കരുക്കൾ നീക്കുന്നു.അതിനിടയിൽ രാഷ്ട്രീയത്തിലും കുടുംബത്തിലും നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്നത്.അടുത്ത കാലത്ത് കേരളത്തെ നടുക്കിയ ദുരഭിമാന കൊല കൂടി രാഷ്ട്രീയ കുടുംബ ചിത്രത്തിൽ ചേർത്ത് കൊണ്ടാണ് ജിജു ജക്കബ് ചിത്രം ഒരുക്കിയിരിക്കുന്നത്..


കമ്മ്യുണിസ്റ്റ് പാർട്ടിയെ തല്ലിയും തലോടിയും ഒരുക്കിയ തിരക്കഥ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ പിടിപ്പു കേടും ചൂണ്ടി കാണിക്കുന്നുണ്ട്. നല്ല ഒരു കമ്മ്യുണിസ്റ്റ് എങ്ങിനെ ആയിരിക്കണം എന്ന് കൂടി ചിത്രം ഓർമപ്പെടുത്തുന്നു .ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുവൻ ആണ്  ലെനിൻ പഠിപ്പിച്ചത് എങ്കിലും ഇപ്പോഴത്തെ നേതാക്കൾ ചോദ്യങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും ചൂണ്ടി കാണിച്ചിട്ടുണ്ട്.കേ ആർ ഗൗരിയമ്മ യുടെ മുഖ്യമന്ത്രി കസേര പാര പണിയിലൂടെ തെറിപ്പിച്ചത് കൂടി ഒരവസരത്തിൽ പറയുന്നുണ്ട്.ഔസേപ്പചചൻ്റെ നല്ല പാട്ടുകളും അഭിനയത്തിൽ ഒരു കൈ നോക്കുകയും ചെയ്യുന്ന ചിത്രം വെറും രാഷ്ട്രീയ ചിത്രമല്ല..രാഷ്ട്രീയത്തിലൂടെ നല്ലൊരു കുടുംബ കഥ പറയുകയാണ്.കുറുപ്പും കാവലും അരങ്ങ് വാഴുകയും കുഞ്ഞാലി മരക്കാർ എത്തുകയും ചെയ്യുമ്പോൾ  എത്രമാത്രം ഈ കൊച്ചു ചിത്രത്തിന് പിടിച്ച് നിൽക്കാൻ കഴിയും എന്നതാണ് പ്രശ്നം.


"എല്ലാം ശരിയാകും" എന്ന അണിയറകാരുടെ വിശ്വാസം ചിത്രത്തെ വിജയിപ്പിക്കട്ടെ....


പ്ര. മോ. ദി. സം

Tuesday, November 30, 2021

മഹാസമുദ്രം

 നമ്മൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് നാട്ടുകാരെ അറിയിക്കുവാൻ തത്രപ്പെടുന്ന ചില കലാകാരന്മാർ ഉണ്ട്..അവർ സമൂഹത്തിൽ എപ്പൊഴും ലൈവ് ആയി നിലനിൽക്കാൻ പല അടവുകളും പയറ്റും..സിനിമയിൽ ചാൻസ് ഇല്ലെങ്കിൽ അവർ ചില വിവാദങ്ങൾ ഒക്കെ സൃഷ്ടിച്ചു ,

" കുപ്രസിദ്ധി" ഉണ്ടാക്കി മാധ്യമങ്ങളിൽ പേര് വരുത്തും.മുൻപ് ചില ചിത്രങ്ങളിൽ അഭിനയിച്ച് പേരെടുത്ത സിദ്ധാർത്ഥ് അങ്ങിനെ ഒരാള് ആണ്..കുറച്ചായി സിനിമ ഒന്നും ഇല്ലാത്തത് കൊണ്ട് ഭരണവർഗത്തെ കുറ്റം പറഞ്ഞു പത്രത്താളുകളിൽ കയറി പറ്റി ലൈവ് ആയി നിൽക്കുന്ന ആൾ.


സിനിമയിൽ ഇനി വലിയ പ്രതീക്ഷ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ ആയിരിക്കും താരതമേന്യ അപ്രധാനമായ ഒരു കാസ്റ്റ്ങ്ങിൽ മഹാസമുദ്രത്തിൽ പെട്ട് പോയതും..

തുടക്കം കാണുമ്പോൾ സിദ്ധാർത്ഥ് മല മറിക്കും എന്നൊക്കെ തൊന്നിക്കുമെങ്കിലും പിന്നെ പിന്നെ നായകനായ ശർവാനന്തിൻ്റെ പിന്നിൽ മറഞ്ഞു പോകുകയാണ്...കൂടാതെ കുറെ സമയം അപ്രത്യക്ഷമായി നെഗറ്റീവ് റോളിലേക്ക് ചുരുങ്ങി പോകുന്നു.


ചിത്രത്തിനു കഥക്ക് വലിയ പുതുമ ഒന്നും ഇല്ലെങ്കിലും നല്ല രീതിയിൽ ആക്ഷനും സെൻ്റിയും പ്രേമവും ഒക്കെയായി ചിത്രം  അജയ് ഭൂപതി എന്ന സംവിധായകൻ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്..


ജഗപത്വി രാജു,അധിതി റാവു,ആണ് ഇമ്മാനുവേൽ,ശരണ്യ ,രാമചന്ദ്ര റാവു,രാമു രമേഷ് എന്നിവരാണ് മറ്റു താരങ്ങൾ.


പ്ര .മോ. ദി. സം

Monday, November 29, 2021

കാവൽ

 "ഒരാള് തിരിച്ചു വരുവാൻ ഒരുങ്ങിയാൽ അയാളെ നമുക്ക് ഒഴിവാക്കുവാൻ ആകില്ല.ചിലരുടെ തിരിച്ചു വരവ് കാലം ചോദിച്ചു വാങ്ങുക തന്നെ ചെയ്യും..ഈ വഴി എത്ര ദുർഘടമായാലും ആയാൽ നെഞ്ച് വിരിച്ചു ഒറ്റയ്ക്ക് മുന്നോട്ട് തന്നെ നടക്കും...."കാവൽ എന്ന സിനിമയിലെ അവസാന ഡയലോഗ് ആണ്...അത് നെഞ്ച് വിരിച്ചു സുരേഷ് ഗോപി മു്ന്നോട്ടെക്ക് നടക്കുമ്പോൾ തന്നെ ..


ക്രിക്കറ്റിൽ എൻ്റെ ഓർമയിൽ ഏറ്റവും കൂടുതൽ "തിരിച്ചു" വന്നത്  വിനോദ് കാംബ്ലി ആണ്.. കളിക്കാത്തത് കൊണ്ടോ പ്രതിഭ ഇല്ലാത്തത് കൊണ്ടോ  ഫോം ഔട്ട് ആയത് കൊണ്ടോ ഒന്നുമല്ല കൂട്ടത്തിൽ തന്നെയുള്ള ചിലരൂടെ ഒതുക്കി നിർത്തൽ ആയിരുന്നു.മലയാള സിനിമയിൽ സുരേഷ് ഗോപിയും അങ്ങിനെ ആയിരുന്നു.എന്തും വെട്ടി തുറന്നു പറയുന്ന നായകൻ  സിനിമക്കു പുറത്തും ജീവിതത്തിലും അത് തുടർന്നാൽ " സോപ്പ്" കുമിളകൾ കൊണ്ട് പതഞ്ഞു നിക്കുന്ന സിനിമയിൽ ഒതുക്കുക സ്വാഭാവികം...പക്ഷേ സുരേഷ് ഗോപി ഇവിടെ തന്നെ ഉണ്ടായിരുന്നു അവതാരകനായി,അഭിനേതാവായി, പരോപകാരിയായും ജനപ്രതിനിധി ആയും....അങ്ങിനെ പല രൂപത്തിൽ...


എന്തിന് ഈ സിനിമ ഇറങ്ങിയപ്പോൾ പോലും അതിൽ "രാഷ്ട്രീയം" കണ്ടു ബഹിഷ്കരിക്കാൻ ചിലർ ആഹ്വാനം ചെയ്തു.ചില ചിത്രങ്ങളുടെ ബിസിനസ്സ് ഇടിഞ്ഞു പോകുമെന്ന് ഫാൻസുകാർ ഭയന്ന്...അത് പോലും അതിജീവിച്ചാണ് ഈ ചിത്രത്തിൻ്റെ  ഗംഭീര അഭിപ്രായവും   വിജയവും.ആൻ്റണി തമ്പാൻ എന്നീ സുഹൃത്തുക്കൾ പാവങ്ങൾക്ക് വേണ്ടി നിയമം കയ്യിലെടുത്തു തുടങ്ങിയപ്പോൾ  മേലാളന്മാർ അവരെ ഒതുക്കാൻ ഒരുക്കിയ 

 കുഴികളിൽ വീണു അവർ  വേർപിരിയുന്നു.അവർ രണ്ടു സ്ഥലങ്ങളിൽ അവരവരുടെ സമാധാനപരമായ ജീവിതവുമായി മുന്നോട്ട് പോകുന്നു .വർഷങ്ങൾക്കിപ്പുറം ആരോരും ഇല്ലാതായി പോയ ആൻ്റണിയുടെ മക്കൾക്ക് കാവൽ ആയി തമ്പാൻ എത്തുന്നു ..അത് ആ നാട്ടിൽ ഉണ്ടാക്കുന്ന സംഭവ വികാസങ്ങൾ ആണ് ചിത്രം പറയുന്നത്.


ഇത് ഒരു ആക്ഷൻ ചിത്രമല്ല നല്ലൊരു കുടുംബ ചിത്രമാണ്.ആവശ്യമുള്ള ആക്ഷൻ മാത്രം ചേർത്ത് നിധിൻ രഞ്ജി പണിക്കർ നല്ലൊരു വിരുന്നു ഒരുക്കിയിരിക്കുന്നു .കിടിലൻ സംഭാഷണങ്ങളും ചില നാടകീയ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രം ഇടിഞ്ഞു പോയ തിയേറ്റർ വ്യവസായത്തിന് കൂടി കാവലാകും


"ചാരം ആണെന്ന് കരുതി ചികഞ്ഞു നോക്കരുത്.. കനൽ കെട്ടു പോയില്ലെങ്കിൽ കൈ പൊള്ളുക തന്നെ ചെയ്യും.."


പ്ര .മോ. ദി .സം

Sunday, November 28, 2021

ശിവരഞിനിയും ഇന്നും സില പെൻങ്കളും

 മൂന്ന് സ്ത്രീകളുടെ കഥപറയുന്ന വസന്ത് സായിയുടെ തമിൾ ചിത്രമാണ് ശിവരഞ്ഞിനിയും ഇന്നും സില പെൻകളും...


എൺപത് തൊണ്ണൂറു പിന്നെ ഈ കാലഘട്ടത്തിലും പുരുഷ മേൽക്കോയ്മ കൊണ്ടു പൊറുതി മുട്ടുന്ന സ്ത്രീകൾ ധാരാളം ഉണ്ട്.. ആ മൂന്ന് കാലഘട്ടത്തിൽ കൂടി തന്നെയാണ് വസന്ത് സഞ്ചരിക്കുന്നത്..അവാർഡ് മുന്നിൽ കണ്ടു എടുത്ത ചിത്രം ആയത് കൊണ്ട് തന്നെ ഈ കാലത്ത് ഈ ചിത്രം കണ്ടിരിക്കാൻ കുറച്ചു പാടാണ്.ആദ്യ പകുതിയിലെ എഡിറ്റിംഗ് പോരായ്മ കൊണ്ട് ചില വലിയ കൺഫ്യൂഷൻ നമുക്ക് ഉണ്ടാക്കുന്നുണ്ട്...കൂടാതെ പല രംഗങ്ങളും സിസി ടീ വി കാണുന്ന പോലെ ആണ്..ക്യാമറാ മുകളിൽ സ്ഥാപിച്ചു ക്യാമറാമാൻ വേറെ എന്തോ കാര്യത്തിന് പോയത് പോലെ....
പാർവതി,കരുണാകരൻ,ലക്ഷ്മിപ്രിയ,കളെസ്വരി ശ്രീനിവാസൻ,സുന്ദർ രാമു എന്നിവർ അഭിനയിച്ച ചിത്രം കുറെ അവാർഡുകൾ കരസ്ഥമാക്കിയ കാര്യം തുടക്കത്തിൽ കാണിക്കുന്നത് കൊണ്ട് ആ മൂഡ് അനുസരിച്ച് കണ്ടാൽ പൊരുത്തപ്പെട്ടു പോകും.


പ്ര .മോ. ദി .സം