Monday, August 30, 2021

ഭൂമിക

 



പരിസ്ഥിതി ദിനത്തിൽ മാത്രം മരങ്ങൾ വെച്ച് പിടിപ്പിച്ചു പബ്ലിസിറ്റിക്ക് വേണ്ടി മാത്രം ആൾക്കാരെ കാണിക്കുന്ന കുറെ പ്രകൃതി സ്നേഹികൾ ഉണ്ടു നമ്മുടെ നാട്ടിൽ.എന്നാല് അതിൽ നിന്നും ഒക്കെ വിഭിന്നമായി പ്രകൃതിയോട് ഒത്തൊരുമിച്ച് ജീവിച്ചു അവയെ സംരക്ഷിക്കുന്ന ചുരുക്കം ചിലരും നമുക്ക് ചുറ്റുമുണ്ട്..പ്രകൃതിക്ക് നൊന്താൽ അവർ പെട്ടെന്ന് തിരിച്ചറിയുകയും അവരുടെ കരൾ പിടയുകയും ചെയ്യും.പിന്നെ എന്ത് വിലകൊടുത്തും പ്രകൃതിയെ സംരക്ഷിക്കും..അങ്ങനെയുള്ള ഒരു പ്രകൃതിസ്നേഹിയുടെ കഥയാണ് ഭൂമിക.



മലയാളത്തിൽ ഫ്രിഡ്ജിൽ സ്മാർട്ട് ഫോണിൽ ഒക്കെ പ്രേതങ്ങൾ കയറി കൂടിയ സ്ഥിതിക്ക് തമിഴിൽ അത്  ഫോണിൽ മെസ്സേജ് അയക്കുന്ന പ്രേതം വരെ എത്തിയിരിക്കുന്നു.പ്രേത സിനിമകൾ കാണുമ്പോൾ ലോജിക്ക് മടക്കി പോക്കറ്റിൽ ഇട്ടിട്ടു പോകണം എന്നുള്ളത് കൊണ്ടു അതൊക്കെ നമ്മൾക്ക് സഹിച്ചെ മതിയാകൂ.



പുതിയ ടൗൺഷിപ്പ് പണിയാൻ എത്തിയ കൂട്ടുകാരും കുടുംബവും ഒരു രാത്രിയിൽ  അനുഭവിക്കുന്ന അസാധാരണ അനുഭവങ്ങൾ ആണ്  ചിത്രം പറയുന്നത്.എന്ത് കൊണ്ട് അവർക്ക് അങ്ങിനെ ഉള്ള അനുഭവങ്ങൾ നേരിടേണ്ടി വരുന്നു എന്നത് ഉപകഥയായി പറയുന്നുമുണ്ട്..



ക്യാമറ കണ്ണുകൾ ഒപ്പിയെടുത്ത പ്രകൃതിയുടെ മനോഹര ദൃശ്യങ്ങൾ തന്നെയാണ് ചിത്രത്തിൽ കൂടുതൽ ആകർഷിക്കുക..ഓട്ടിസ്സം വന്ന കുട്ടിയായി അഭിനയിച്ച അവന്തിക ശരിക്കും തകർത്ത് അഭിനയിച്ചു.പിന്നെ ഉള്ള ഒരു പരിചയ മുഖം ഐശ്വര്യ രാജേഷ് ആണ്.



കാർത്തിക്  സുബ്ബരാജ്  അവതരിപ്പിച്ചു രതീന്ദ്രൻ R പ്രസാദ് സംവിധാനം ചെയ്ത  ഹൊറർ ചിത്രം  അധികം "ബാധ്യത " കളൊന്നും കൂടാതെ കണ്ടിരിക്കാം.


പ്ര .മോ. ദി .സം

Saturday, August 28, 2021

മിമി

 



മുപ്പതു വർഷം മുൻപ് സിബി- ലോഹി കൂട്ടുകെട്ടിൽ മലയാളത്തിൽ " ദശരഥം" എന്നൊരു ചിത്രം വന്നിരുന്നു .നല്ല പാട്ടും സെൻ്റി മെൻ്റ്സ് ഒക്കെ ഉള്ള വാടക ഗർഭപാത്ര ത്തിൻ്റെ കഥ പറഞ്ഞ ചിത്രം തിയേറ്ററിൽ അത്ര ഓടിയില്ല..കാരണം ആ കാലത്ത് "വാടക ഗർഭ പാത്രം" കഥ മലയാളിക്ക് പരിചയം ഉണ്ടായിരുന്നില്ല ചിന്തിക്കുവാൻ കൂടി പറ്റില്ലായിരുന്നു.പിന്നീട് ടിവി ചാനലിൽ വന്നത് കൊണ്ടാണ് പലരും അത് കണ്ടതും നല്ല അഭിപ്രായങ്ങൾ വന്നതും..



മീമി യുടെ കഥയും അത് തന്നെ..ബോളിവുഡ് സ്വപ്നം കണ്ടു നടക്കുന്ന ഡാൻസർ , അതിൻ്റെ തയ്യാറെടുപ്പിൽ പണം ആവശ്യമായ അവസ്ഥയിൽ തൻ്റെ ഗർഭപാത്രം വിദേശി ദമ്പതികൾക്ക് വാടകക്ക് കൊടുക്കുന്നു..പ്രസവത്തിന് തൊട്ടുമുൻപ് ചില പ്രശ്നങ്ങൾ കാരണം അവർക്ക് കുട്ടിയെ സ്വീകരിക്കാൻ കഴിയാതെ വരികയും പിന്നീട് "മിമി "യുടെ ജീവിതവും ആണ് സിനിമ. ദശരഥം പോലെ തന്നെയാണ് ഇതിൻ്റെ ക്ലൈമാക്സും... സിനിമയുടെ പോക്ക് കാണുമ്പോൾ അതൊക്കെ നമുക്ക് ഊഹിക്കാൻ പറ്റും..



AR റഹ്മാൻ്റെ സംഗീതം തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്..പരമ സുന്ദരി എന്ന ഗാനം സൂപ്പർ ഹിറ്റ് ആയി കഴിഞ്ഞു .പങ്കജ് തിപാടിയും കൃതി സനിനും മുഖ്യ വേഷം ചെയ്ത ചിത്രം ലക്ഷ്മൺ ഉറ്റെക്കർ സംവിധാനം ചെയ്തിരിക്കുന്നു.



അധികം ബഹളം ഒന്നുമില്ലാതെ ബോളിവുഡിൽ അടുത്ത കാലത്ത് വന്ന ഈ ചിത്രം ബോറടി ഒന്നുമില്ലാതെ രസിച്ചു കാണാം.


പ്ര.മോ. ദി. സം

Friday, August 27, 2021

പിടികിട്ടാപുള്ളി

 



ഗോകുലം ഗോപാലൻ എന്ന നിർമാതാവ് ഇതുവരെ മലയാളത്തിൽ നല്ല സിനിമ മാത്രമാണ്  സമ്മാനിച്ചിട്ടുള്ളത് എന്നതിന് അപവാദമാണ് പിടികിട്ടാപുള്ളി.


ഈ കാലത്തും ഇങ്ങിനെ ഒക്കെ ഉള്ള സിനിമ എടുക്കുമോ എന്ന് ചിന്തിക്കേണ്ട അവസരമാണ് സംവിധായകൻ പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്.അതോ കുറെ കാലം ഒളിവിൽ( പെട്ടിയിൽ) കഴിഞ്ഞു ഇപ്പൊ പുള്ളിയെ പിടി കിട്ടിയത്( റിലീസ്) ആണോ?അതിനാണ് സാധ്യത കൂടുതൽ.



ആൾമാറാട്ടം, കിഡ്നാപ്പു കഥകൾ എൺപത് തൊണ്ണൂറുകളിൽ മലയാളത്തിൽ  വലിയ ഓളങ്ങൾ തന്നെ  ഉണ്ടാക്കിയിരുന്നു.അങ്ങിനെ ഉള്ള കുറെ സിനിമകൾ ചേർത്ത് ഒരു തകർപ്പൻ ബോറൻ ചിത്രം തന്നെയാണ്  അണിയറക്കാർ ഒരുക്കിയിരിക്കുന്നത്.


ബാക് ഗ്രൗണ്ട് മ്യൂസിക് ആണ്  എടുത്ത് പറയേണ്ട മറ്റൊരു കാര്യം..സൈക്കിൾ യഞ്ജം നടക്കുന്ന വയൽ പറമ്പുകളിൽ പോയാൽ ഇതിലും മെച്ചപ്പെട്ട സംഗീതം ആസ്വദിക്കാൻ പറ്റും.പലപ്പോഴും അലോരസം സൃഷ്ടിക്കുന്നതിൽ സംഗീതത്തിന് വലിയ പങ്കുണ്ട്.



എന്തായാലും തീയറ്ററിൽ ഇറങ്ങിയിരുന്നു എങ്കിൽ ഈ ചിത്രം ഒരു ദിവസം പോലും തികക്കും എന്ന് തോന്നുന്നില്ല. അത് കൊണ്ട് തന്നെയാണ് "പിടികിട്ടാപുള്ളി" പാത്തും പതുങ്ങിയും ഒളിച്ചും ഇപ്പൊൾ ഒടിടീ റിലീസ് ആയി  പുറത്ത് വന്നിട്ടുണ്ടാകുക.


സണ്ണി വെയിൻ എന്ന ബുദ്ധി പൂർവം റോളുകൾ തിരഞ്ഞെടുക്കുന്ന നടൻ എങ്ങിനെ ഇതിൽ പെട്ട് പോയി എന്നും ഇനിയെങ്കിലും അയാള് ചിന്തിക്കണം...അഹാനയുടെ കാര്യം പോകട്ടെ പലതരം ഒഴിവാക്കല്കൾ കൊണ്ട് മലയാള സിനിമയിൽ ഒരു മൂലയിലേക്ക് "പാർശ്വ"വൽകരിക്കപെട്ടത് കൊണ്ട് കിട്ടിയതിൽ കയറി പിടിച്ചത് ആയിരിക്കും.



ഇതിനേക്കാൾ ഒക്കെ എത്രയോ ഭേദമാണ് കൊറോണ എന്ന് പോലും കരുതേണ്ടി വരും.. അത്രക്ക് അസഹ്യത സൃഷിക്കുന്നുണ്ട്.


സത്യം ഇതും നമ്മൾ അതിജീവിക്കും.


പ്ര .മോ.ദി .സം

Thursday, August 26, 2021

സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം

 



ഈ സിനിമ കാണത്തിരിക്കുന്നത് ആണ് സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം.ഒരു കാറും രണ്ടു പേരും തന്നെയാണ് ഈ ഒന്നേകാൽ മണിക്കൂറിൻ്റെ മിക്ക സമയത്തും നമ്മളെ ബോറടിപ്പിക്കുന്നത്..ഇടക്ക് ഒരു സ്ത്രീ കാറിൽ കയറി ഒന്ന് രണ്ടു ഡയലോഗ് ഒക്കെ അടിച്ചു പുറത്തിറങ്ങി പോകുന്നുണ്ട്.



ഒരാളെ എങ്ങിനെ ഇറിടെറ്റ് ചെയ്തു കൊണ്ടിരിക്കാൻ പറ്റും എന്ന് നായിക നായകനോട് തെളിയിക്കുന്നുണ്ട്...അത് നമ്മളിലേക്ക് കൂടി പകർന്നു  നമ്മളും പണ്ടാരമടങ്ങി പോകുന്നത് കൊണ്ടാണ് സിനിമ തീർന്നു കഴിഞ്ഞാൽ നമുക്ക് സന്തോഷത്തിൻ്റെ വലിയ രഹസ്യം മനസ്സിലാക്കാൻ പറ്റുന്നത്.


പ്ര  മോ. ദി .സം

Saturday, August 21, 2021

#ഹോം

 



ഓണക്കാലത്ത്  കുടുംബ പ്രേക്ഷകരെ ആകർഷിക്കാൻ തക്ക വിധത്തിൽ എല്ലാ ഫാമിലി സെൻ്റിമെൻ്റൽ  ചേരുവകളും നിറച്ചു മുൻപ്  നല്ല രണ്ടു  ചിത്രങ്ങൾ ഒരുക്കിയ റോജ്ജിൻ തോമസ്  സംവിധാനം ചെയ്ത ചിത്രമാണ്  #ഹോം.


നമ്മൾ ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ അസാധാരണമായി എന്തെങ്കിലും ചെയ്താൽ നമ്മുടെ സമൂഹം നമ്മളെ അടയാളപ്പെടുത്തി വെക്കും..ഒന്നും ചെയ്തില്ല എങ്കിൽ പോലും ഞാൻ ഭയങ്കര സംഭവം ആണെന്ന് കാണിക്കാൻ ചിലരൊക്കെ സ്വന്തം ജീവിതം തന്നെ പുസ്തകമാക്കി മാലോകർ ക്കു പരിചയപ്പെടുത്തും..അങ്ങിനെ  വലിയ കാര്യങ്ങൽ ചെയ്തിട്ടും അത് ആരെയും അറിയിക്കാതെ ജീവിക്കുന്ന ആയിരങ്ങൾ നമുക്ക് ചുറ്റിലും തന്നെ ഉണ്ട്..



 അതുകൊണ്ട് നമ്മളെ കുറിച്ച് തന്നെ എന്തെങ്കിലും  സ്വയം "തള്ളു" ന്നതിന് മുൻപ്  അത്  കൂടി നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം. ചിലപ്പോൾ അയാള് നമ്മുടെ കുടുംബത്തിൽ തന്നെ ഉളളവർ ആയിരിക്കും ചിലപ്പോൾ  സ്വന്തം വീട്ടിൽ തന്നെ.. അതും അല്ലെങ്കിൽ സ്വന്തം സുഹൃത്ത്....അതൊന്നും വലിയ കാര്യം അല്ലെന്ന് മനസ്സിലാക്കുന്ന അവർ  ഒരു പബ്ലിസിറ്റി ആഗ്രഹിക്കുന്നു പോലുമുണ്ടാവില്ല.



പ്രശസ്ത സിനിമ സംവിധായകനോട് സ്വന്തം അച്ഛൻ പറയുന്ന കഥ പറച്ചിൽ കേട്ടാൽ പ്രേക്ഷകർക്ക് പോലും വിശ്വസിക്കുവാൻ പറ്റില്ല..കാരണം അയാൾക്ക് കഥ പറയാൻ അറിയില്ല..നടന്ന സംഭവം  മാത്രമേ പറയാൻ അറിയൂ. പിന്നിട് ആണെങ്കിലും  ആ കഥ ഒരു കുടുംബത്തിൽ മൊത്തം  ഉണ്ടാക്കുന്ന മാറ്റം തന്നെയാണ് സിനിമയുടെ ആകർഷണീയത.



ഇന്ദ്രൻസ് എന്ന നടൻ എത്ര "വലിയ" നടനാണ് എന്ന് മുൻപേ തെളിയിച്ചു കഴിഞ്ഞതാണ്...ഇപ്പൊൾ അത് ഓരോ ചിത്രത്തിലും വീണ്ടും വീണ്ടും അടയാളപ്പെടുത്തി കൊണ്ടിരിക്കുന്നു.



ഒരു പക്ഷെ നമ്മുടെ നടന്മാർ ഒക്കെ എക്സ്ട്രാ ഓർഡിനറി തന്നെയാണ്..അവർക്ക് അവസരം കിട്ടുമ്പോൾ അതവർ തെളിയിക്കുന്നുണ്ട്..അവസരം കിട്ടാത്തവർ ഇനിയും ഉണ്ട്..അവരൊക്കെ വരും നാളുകളിൽ നമ്മളെ അൽഭുത പ്പെടുത്തും.



രണ്ടര മണിക്കൂർ  വല്യ നടന്മാർ ഒന്നും ഇല്ലാത്ത  ഒരു സാധാരണ ചിത്രം ഒരു മടിയും അസഹ്യതയും കൂടാതെ കാണാൻ ഒരുക്കിയ അണിയറക്കാർക്കു ബിഗ് സല്യൂട്ട്..അവർ തന്നെയാണ് ഈ ചിത്രത്തിലെ സൂപ്പർ സ്റ്റാറുകൾ


പ്ര .മോ. ദി .സം

Sunday, August 15, 2021

ബുജ് -ദി പ്രൈഡ് ഓഫ് ഇന്ത്യ

 


വിഭജനം എന്നും വേദന തന്നെയാണ്.അത് കൊണ്ട് തന്നെയാണ്  ഈ പ്രാവശ്യത്തെ സ്വതന്ത്രദിന സന്ദേശത്തിൽ വിഭജനത്തിൻ്റെ വേദനയെ കുറിച്ച്  പ്രധാനമന്ത്രി  പരാമർശിച്ചത്.



വിഭജിച്ച് പുറത്ത് പോയി പുതിയ ഒരു രാജ്യം ആയാൽ പിന്നെ അവിടെ അടങ്ങി ഒതുങ്ങി രാജ്യ കാര്യങ്ങളും മറ്റുമായി മുഴുകി ജനനന്മക്കു വേണ്ട കാര്യങൾ ചെയ്തു ഭരിക്കണം.പക്ഷേ പിണങ്ങി പോയവര്  വീണ്ടും ഇന്ത്യ എന്ന മഹാരാജ്യത്തെ ചൊറിയാൻ വന്നാൽ ആരായാലും കിട്ടേണ്ടത് വാങ്ങി തലകുനിച്ചു പോവേണ്ടി വരും..



അങ്ങിനെ വീണ്ടും ചൊറിയാൻ വന്ന പാകിസ്ഥാനെ പാഠം പഠിപ്പിച്ചു അവരിൽ നിന്നും വേർപെടുത്തി ബംഗ്ലാദേശ് എന്നൊരു രാജ്യം കൂടി ഉണ്ടായ കഥയാണ് അഭിഷേക് ദുഹായ്യ സംവിധാനം ചെയ്ത "ബുജ്-ദി പ്രൈഡ് ഓഫ് ഇന്ത്യ.



വിജയ് ശ്രീനിവാസ കർണിക് എന്ന എയർഫോഴ്സ് ഓഫീസർ ബുജ് എന്ന ഗ്രാമത്തിലെ ഗ്രാമീണരെ മാത്രം ഉൾപ്പെടുത്തി ഒറ്റ രാത്രി കൊണ്ട് എയർ സ്റ്റ്റിപ്പ് ഉണ്ടാക്കിയ  യഥാർത്ഥ സംഭവത്തിൻ്റെ സിനിമാ ഭാഷ്യം കൂടിയാണിത്.


അജയ് ദേവ്ഗൺ,സഞ്ജയ് ദത്ത്,ശരദ് കേക്കാർ,സോനാക്ഷി സിൻഹ, പ്രനിത, നോര ഫത്തേഹ് തുടങ്ങി വലിയൊരു താര നിര തന്നെ അനി നിരക്കുന്നുണ്ട്.



ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന മയ്കിങ് തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. തിയേറ്ററിൽ ശരിക്കും ആസ്വദിക്കാൻ പറ്റിയ പടം ഒ ടീ ടീ പ്ലാറ്റ്ഫോമിൽ ആവുമ്പോൾ അതിൻ്റെ ന്യൂനതകൾ കടന്നു വരും.



എല്ലാ സ്വതന്ത്ര ദിനത്തിലും ഇത്തരം സിനിമകൾ ഇറക്കുന്നത് ഇപ്പൊൾ ഒരു ചടങ്ങ് ആയത് കൊണ്ട് വരും വർഷങ്ങളിലും ഇത് പോലെ ഉള്ള സിനിമകൾ പ്രതീക്ഷിക്കാവുന്നതാണ്.


പ്ര .മോ. ദി .സം

Saturday, August 14, 2021

നെട്രിക്കൺ

 



"മനസ്സിനക്കരെ" എന്ന ചിത്രത്തിൽ കൂടി കടന്നു വന്നു പയ്യെ പയ്യെ തെന്നിന്ത്യൻ സിനിമയിലെ രാജകുമാരിയായ ഒരു മലയാള നടി ഉണ്ട്..നയൻതാര... വൺ ടൈം വണ്ടർ എന്ന് അയലത്തുകാർ പറഞ്ഞപ്പോഴും അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ജന മനസ്സുകളിൽ കയറി പറ്റി അവർ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയായി മാറി.പലപ്പോഴും മലയാള സിനിമക്ക് താങ്ങുവാൻ പറ്റാത്ത പ്രതിഫലം ആയത് കൊണ്ട് തന്നെ മലയാളത്തിലെ നിർമാതാക്കൾ നയനെ "തഴഞ്ഞു ".



ഇപ്പൊൾ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരം മാത്രമേ ഉള്ളൂ..പല സൂപ്പർ താരങ്ങളുടെയും അരിക് പറ്റി  മാത്രം അവർ ആ നിലയിലേക്ക് എത്തിയതല്ല...തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ടും സ്വന്തം അധ്വാനം കൊണ്ടു  മാത്രം അത് വിജയിപ്പിച്ചു എടുക്കുന്നതും കൊണ്ടാണ്...



അവരുടെ ഈ അടുത്ത കാലത്ത് ഇറങ്ങിയ   ചിത്രങ്ങൾ മാത്രം പരിശോധിച്ചാൽ മതി ഒക്കെ വിജയിച്ചത് മാത്രമല്ല അതിൽ എല്ലാം രണ്ടാംകിട നായകരും ആയിരുന്നു..എന്നിട്ട് പോലും സിനിമകൾ തകർത്ത് ഓടി പണം വാരുന്നു എങ്കിൽ അത് നയൻ്റെ കഴിവ് കൊണ്ട് മാത്രമാണ്.



സിബിഐ ഓഫീസർ ആയ ദുർഗ ക്കു ഒരു അപകടത്തില് പെട്ടു തൻ്റെ സഹോദരനെയും സ്വന്തം കണ്ണുകളെയും നഷ്ടപ്പെടുന്നു. പല കാരണങ്ങൾ കൊണ്ട് ഡോണറെ കിട്ടാത്തത് കൊണ്ട് അന്ധയായ ജീവിതം നയിക്കുന്ന അവർ ഒരു "സെക്സ് "സൈക്കോവിൻ്റെ പിടിയിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപെടുന്നു. അടുത്തടുത്ത് കാണാതായ പെൺകുട്ടികൾ പലതും ഇയാളുടെ പിടിയിൽ പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കിയ അവർ അവരെ തേടി  "സാക്ഷി"യുടെയും പോലീസ് ഉദ്യോഗസ്ഥൻ്റെയും സഹായത്തോടെ അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു പോകുന്നു. ആ സംഭവ വികാസങ്ങൾ ആണ്  മിലി ന്ത് റാവ് സംവിധാനം ചെയ്യുന്ന ഈ ക്രൈം ത്രില്ലർ  ചിത്രം പറയുന്നത്.



ഇതിൽ നമ്മളെ ഞെട്ടിക്കുന്ന മറ്റൊരു കഥാപാത്രം അജ്മൽ അവതരിപ്പിക്കുന്ന ഡോക്റ്റർ ആണ്.അജ്മൽ ആരാണെന്ന് അറിയോ ! "പ്രണയകാലം" എന്ന മൂസികൽ സിനിമയിലെ നായകൻ..മനസ്സിലായില്ല അല്ലേ നമ്മുടെ ലാലേട്ടൻ്റെ അനിയൻ ആയി" മാടമ്പി"യിൽ തകർത്തഭിനയിച്ച ചെക്കൻ..അവനും പോയി ക്ലച്ച് പിടിച്ചത് മറ്റു ഭാഷകളിൽ തന്നെ ആണ്. അന്ധയായ നയൻതാരയുടേയും വില്ലനായ അജ്മലിൻ്റെയും കൂടെ മണികണ്ഠൻ ,ശരൻ എന്നിവരും സപ്പോർട്ട് ആയി കൂട്ടിനുണ്ട്.



രണ്ടര മണിക്കൂറോളം ഉള്ള ഈ ത്രില്ലർ സിനിമ ഇവരുടെയൊക്കെ പ്രകടനം കൊണ്ട് മുഷിവു ഇല്ലാതെ കണ്ടു രസിക്കാം.


പ്ര .മോ .ദി .സം

Thursday, August 12, 2021

ചക്ര

 



ഇന്ത്യ ഡിജിറ്റൽ ആയി മാറിയിട്ട് അധികം വർഷങ്ങൾ ആയിട്ടില്ല . നമ്മുടെ സ്മാർട്ട് ഫോണിൽ വിരൽതുമ്പു കൊണ്ട് ലോകത്തെ സകല വിവരങ്ങളും അറിയുവാനും നമ്മുടെ സകല കാര്യങ്ങളും പങ്ക് വെക്കുവാനും തുടങ്ങിയപ്പോൾ ക്രിമിനലുകൾ അതിൻ്റെ സാധ്യതകൾ മിസ്സ്യൂസ് ചെയ്യുവാൻ തുടങ്ങി.  നമ്മൾ പങ്ക് വെക്കുന്നത് ഒക്കെ ചോർത്തി നമുക്ക് തന്നെ ആപ്പ് വെക്കുന്ന അനേകം കേസുകൾ ദിനം പ്രതി പത്രത്തിലും ന്യുസ് ചാനലിലും വരുന്നുണ്ട്.ആ കഥയാണ് വിശാൽ നിർമിച്ചു ആനന്ദൻ സംവിധാനം ചെയ്ത "ചക്ര "എന്ന തമിഴ് സിനിമ.



ഒരു സ്വതന്ത്ര ദിനത്തിൽ സിറ്റിയിലെ അൻപതോളം വീടുകളിൽ  കോടികളുടെ റോബറി നടക്കുന്നു. അതും ആർക്കും പരിക്കേൽക്കാതെ തോക്കിൻ്റെ മുൻപിൽ നിർത്തി മുഖംമൂടി അണിഞ്ഞ രണ്ടു പേര്...അതിൽ അച്ഛന് കിട്ടിയ പരംവീര ചക്ര കൂടി നഷ്ടപ്പെടുമ്പോൾ സൈനികനായ മകന് ദേശബോധം ഉണരുകയും  സുഹൃത്തായ പോലീസ് ഓഫിസറുടെ കൂടെ അതിനു പിന്നാലെ പോയി കണ്ടു പിടിക്കുന്നതും ആണ് കഥാസാരം.



വിശാൽ എന്ന നടൻ തമിഴിൽ കസേര നീട്ടി ഇരുന്നിട്ട് വർഷങ്ങൾ ആയി.ഇപ്പോഴും നല്ല എൻ്റർടൈൻ നൽകുന്നതിൽ മുൻപന്തിയിൽ തന്നെ ഉണ്ടു താനും.അജിത്ത്, സൂര്യയെ പോലെ വിത്യസ്ത വേഷങ്ങൾ സ്വീകരിക്കാതെ ഒരേ പാറ്റേണിൽ "വിജയ്" കളിക്കുകയാണ് വിശാൽ ..എങ്കിലും ചിത്രങ്ങളിൽ എന്തെങ്കിലും ആകർഷണം ഉണ്ടാകും.അത് ഈ സിനിമയിലും കാണുന്നുണ്ട്.സൈനികനായി കിടിലൻ ലുക്കിൽ തന്നെയാണ് വിശാൽ പൂണ്ടു വിളയാടുന്നത്.



റജീന കസാന്ദ്രയുടെ  ചെസ്സ്   കോ  ച്ച്  ആയിട്ടുള്ള വ്യതസ്ത മുഖമാണ് ചിത്രത്തിൻ്റെ മറ്റൊരു  ആകർഷണീയത.കൂടെ ശ്രദ്ധ ശ്രീനാഥിൻ്റെ പോലീസ് വേഷവും.വർഷങ്ങൾക്കു ശേഷം കെ ആർ വിജയയും സ്ക്രീനിൽ എത്തുന്നുണ്ട്.



യുവൻ ശങ്കർ രാജ സംഗീത സംവിധാനം ചെയ്തിട്ടു കൂടി ഒരേ ഒരു പാട്ട് മാത്രമേ മുഴുവനായും ഉള്ളൂ...എങ്കിലും യുവൻ പാശ്ചാത്തലത്തിൽ നല്ല രീതിയിൽ ചെയ്തിട്ടുണ്ട്.


"അത്യാഗ്രഹം" ഒന്നും ഇല്ലെങ്കിൽ കാണാൻ പറ്റിയ നല്ലൊരു എൻ്റർ ടൈനർ തന്നെയാണ് "ചക്ര."


പ്ര .മോ. ദി. സം

Wednesday, August 11, 2021

കുരുതി

 



വെറുപ്പ്..അതാണ് മനുഷ്യൻ്റെ  ഇന്നിൻ്റെ ഏറ്റവും വലിയ ശാപം.വയറെരിഞ്ഞാലും കൂര ചോർന്നാലും ചോര വാർന്നാലും അവനിലെ വെറുപ്പ് പകയായി മാറി ശത്രുവിനെ ഇല്ലായ്മ ചെയ്യുന്നത് വരെ അത് ഒരിക്കലും അടങ്ങിയിരിക്കുകയില്ല...


 ദൈവത്തിൻ്റെ വാക്കുകൾ ധിക്കരിച്ചു കായ്കനികൾ തിന്നതല്ല ജാതിയുടെയും മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ സഹോദരൻ്റെ ജീവനെടുക്കുന്ന നിമിഷമാണ് ആദ്യപാപം ആയി കണക്കാക്കേണ്ടത്.



മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് . അതിൻ്റെ പിടിയിൽ പെട്ടുപോയാൽ പിന്നെ ചെയ്യുന്നത് ഒക്കെയും ദൈവത്തിൻ്റെ പേരിൽ എന്ന നിലയിൽ ഉള്ള പൊള്ളത്തരങ്ങളും കാപട്യവും മാത്രമാണ്. അതൊരിക്കലും വേദപുസ്തകം വായിച്ചു പഠിച്ച രീതി ആയിരിക്കില്ല..ഏതെങ്കിലും മതമൗലിക വാദികൾ തെറ്റിദ്ധരിപ്പിച്ചു കൊടുത്ത "വിഷങ്ങൾ "മാത്രം ആയിരിക്കും.


ഈ അടുത്തകാലത്ത് "ഈശോ" എന്ന ചിത്രത്തിന് വേണ്ടിയും കാലങ്ങൾക്ക് മുൻപ് "രാക്ഷസ രാമൻ'" എന്ന ചിത്രത്തിന് വേണ്ടിയും അതിനിടയിൽ പലതരം സിനിമകൾക്ക് വേണ്ടിയും മത വാദികൾ ഉറഞ്ഞ് തുള്ളി..ചിത്രം കണ്ടാൽ അതിൽ അവരെ അവഹേളിക്കുന്ന ഒന്നും ഇല്ലെന്ന് മനസ്സിലാകും... അപ്പോൾ ഇതിൻ്റെ ഒക്കെ പിന്നിൽ ചില പബ്ലിസിറ്റി കോക്കസ് ഉണ്ടെന്ന് നിശ്ചയം. ആ കൂട്ടത്തിലേക്ക് കുരുതിയും എത്തിപ്പെടെണ്ടത് ആയിരുന്നു.



കുരുതി എന്ന ഈ ചിത്രം തിയേറ്റർ റിലീസ് ആയിരുന്നു എങ്കിൽ ചിലപ്പോൾ ചിലയിടത്ത് എങ്കിലും ചില ഉരസലുകൾ നടന്നേക്കും എന്നൊരു ഭീതിയുണ്ട്...ഈ ചിത്രം നമ്മുടെ ഇന്നിൻ്റെ കഥയാണ് പറയുന്നത് എങ്കിലും ഇങ്ങിനെയൊക്കെ നടക്കുമോ എന്ന് പ്രേക്ഷകന് സംശയം വന്നേക്കും.അത്രക്ക് നാടകീയത കുത്തി നിറച്ചു വെച്ചിട്ടുണ്ട്.



പൃഥ്വിരാജ് നല്ലൊരു നടനാണ് എന്ന് പറയാൻ പറ്റില്ല നല്ലൊരു പെർഫോർമർ  മാത്രം ആണ്.കൂടാതെ അതി ബുദ്ധിമാൻ കൂടിയാണ്.അത് കൊണ്ട് തന്നെയാണ് സ്വന്തമായി നിർമിച്ച ഈ  സിനിമയിൽ ഇത്തരം ഒരു റോൾ ചെയ്യാൻ സാഹസം കാട്ടിയിട്ടുണ്ടാകുക. പ്രസംഗിക്കുന്ന കാര്യങ്ങൽ അതേപടി നിലനിർത്തി പോകുവാൻ ശ്രമിച്ചിരുന്നു എങ്കിൽ കുറച്ചുകൂടി ജനപ്രീതി കിട്ടിയേനെ..പലപ്പോഴും പ്രകടനങ്ങൾ  "സീസണൽ" ആയി പോകുന്നത് തന്നെയാണ് വലിയ പോരായ്മ.. ഇപ്പൊൾ തന്നെ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾക്കു  നെഗറ്റീവ് പബ്ലിസിറ്റി കൊടുത്തു തകർക്കുവാൻ ഒരു പട തന്നെയുണ്ട് താനും..കുരുതിയിലൂടെ അത് വീണ്ടും കൂടുവാനാണ് സാധ്യത.



മനു വാര്യർ എന്ന പുതുമുഖ സംവിധായകൻ തൻ്റെ വരവ് എന്തായാലും ഈ രണ്ടു മണിക്കൂർ ചിത്രം കൊണ്ട് അറിയിക്കുന്നു.

ജെക്ക്സു ബിജോയ്  ഒരുക്കിയ

 ബി ജി എം നല്ലൊരു മൂഡ് ക്രിയേറ്റ് ചെയ്യുന്നുണ്ട്.


"കള" എന്ന ചിത്രത്തിന് ശേഷം ഇത്രകണ്ട് വയലൻസ് കുത്തിനിറച്ച മറ്റൊരു ചിത്രം കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്.ഇതിനെ വളർത്താൻ ആണോ കുരുതി കൊടുക്കാൻ ആണോ എന്ന് തീരുമാനിക്കേണ്ടത് നമ്മൾ പ്രേക്ഷകരാണ്.


പ്ര .മോ. ദി .സം

Saturday, August 7, 2021

നവരസ




ഉദയനാണ് താരം എന്ന ചിത്രത്തിൽ നമ്മുടെ ജഗതി ശ്രീകുമാർ നായകനായ ശ്രീനിവാസനെ നവരസങ്ങൾ കാണിക്കുന്ന ഒരു രംഗമുണ്ട്.അതിൽ  നന്നായി തന്നെ ജഗതി എല്ലാ ഭാവങ്ങളും കാണിച്ചു തരുന്നുണ്ട് എങ്കിൽ പോലും ചില ഭാവങ്ങൾ കാണുമ്പോൾ ചിലർക്ക്  ഒരു "പോരായ്മ" തോന്നുന്നുണ്ട്. അത് അവർക്ക് നവരസങ്ങൾ എന്താണെന്ന് പൂർണമായും അറിയാത്തത് കൊണ്ടാണെന്ന്  ചിലർ വാദിച്ചാൽ പോലും ചില ഭാവങ്ങൾ സത്യത്തിൽ പൂർണമായും  നമുക്ക് പലർക്കും ആസ്വദിക്കുവാൻ കഴിഞ്ഞിട്ടില്ല. കാരണം ചില ഭാവങ്ങൾ മിന്നി മറയണമെങ്കിൽ ചില "ആടയാഭരണങ്ങൾ "കൂടി സഹായിക്കണം എങ്കിലേ പൂർണത വരൂ..



"നവരസ "സിനിമയുടെ പരീക്ഷണം നമ്മുടെ ജയരാജ് എന്ന പ്രഗൽഭ സംവിധായകൻ വർഷങ്ങൾക്കു മുൻപ് തുടങ്ങിയതാണ് .അദ്ദേഹം ഒരു സിനിമ പൂർണമായും ഒരു "രസ"ത്തിൽ എടുത്ത് കൊണ്ടാണ് ചെയ്യുന്നത്.അത് കൊണ്ട് തന്നെ എല്ലാ രസങ്ങളുടെയും ചിത്രങ്ങൾ പൂർത്തിയായിട്ടില്ല.



നവരസ എന്ന പേരിൽ ആ ഒൻപത്  രസങ്ങളുടെ കഥയാണ് മണിരത്നവും കൂട്ടരും ഒരുക്കിയിരിക്കുന്നത്.അതിൽ ഹാസ്യം,ബീഭത്സം,രൗദ്രം എന്നിവ ഒട്ടു മിക്കവർക്കും ഇഷ്ടപ്പെടും.മറ്റു രസങ്ങളുടെ കഥ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല.  അത് ഓരോരുത്തരുടെയും ടേസ്റ്റ് പോലെ അനുഭവപ്പെടും .



അതാണ് മുൻപേ പറഞ്ഞ 

" ആടയാഭരണങ്ങളും "മറ്റും സപ്പോർട്ട് ചെയ്യുവാൻ പറ്റാത്തത് കൊണ്ടുള്ള അപൂർണ്ണത.


മലയാളത്തിൽ കേരള കഫെ തുടങ്ങി ഇടക്കിടക്ക് ഇത്തരം കുഞ്ഞു കുഞ്ഞു കഥകൾ കൊണ്ട് ചിത്രങ്ങൾ ഉണ്ടാകാറുണ്ട്.പക്ഷേ തമിഴിൽ ഈ അടുത്ത കാലം മുതലാണ് ഇങ്ങനത്തെ ചിത്രങ്ങൾ ഉണ്ടായത് എന്നു തോന്നുന്നു. ഈ മഹാമാരി കാലത്ത് കാണുന്ന നാലാമത്തെ തമിഴു ചിത്രമാണിത്.



സൂര്യ,വിജയ് സേതുപതി,പ്രകാശ് രാജ്,രേവതി,അരവിന്ദ് സ്വാമി,സിദ്ധാർത്ഥ്,പാർവതി തിരുവോത്ത് എന്നീ കാലം തെളിയിച്ച പ്രതിഭകൾ ഉണ്ടായാലും അവരുടെ ചിത്രങ്ങളെക്കാളും നവരസയിൽ കയ്യടി നേടുന്നത് മറ്റു ചില അഭിനേതാക്കളുടെ "രസങ്ങൾ " തന്നെയാണ്.



 സിദ്ധാർത്ഥ്,  ഡൽഹി ഗണേഷ,  രേവതി,യോഗി ബാബു,നെടുമുടി വേണു,മണി കുട്ടൻ,രമ്യ നമ്പീശൻ,പ്രയാഗ മാർട്ടിൻ,കാർത്തിക് സുബ്ബരാജ്, ബിജോയ് നമ്പ്യാർ,കാർത്തിക് നരേൻ,പ്രസന്ന,പ്രിയദർശൻ,

ഗൗതം മേനോൻ,വസന്ത് ,

മണി രത്നം,AR റഹ്മാൻ ,കാർത്തിക് ,തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ കുറെ പേരുടെ ത്യാഗം തന്നെയാണ് ഈ ചിത്രം .



കോവിടിൻ്റെ കൈപ്പിടിയിൽ പെട്ട് ഉപജീവനം നഷ്ടപ്പെട്ടു പോയ സിനിമാ രംഗത്തെ സഹപ്രവർത്തകരായ പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സിനിമ. ഇതിൻ്റെ ലാഭം കൊണ്ട് അതിജീവിക്കുവാൻ പോകുന്നത് തമിൾ സിനിമ കൂടിയാണ്. അത് കൊണ്ട് തന്നെ നവരസങ്ങൾക്കു മാധുര്യം കുറഞ്ഞാൽ പോലും അത് നമ്മൾ തീർച്ചയായും ആസ്വദിക്കണം.അത് നമുക്ക് ചുറ്റിലും ജീവിക്കുന്ന  കലാകാരന്മാർക്ക് നമ്മൾ കൊടുക്കുന്ന ഒരു ആദരം കൂടിയാണ്


പ്ര. മോ. ദി. സം