Tuesday, February 22, 2022

എന്നെങ്കിലും അവസാനിക്കുമോ ഈ ചോരകളികൾ....?

 


എല്ലാ കാര്യത്തിലും നമ്മുടെ കേരളം നമ്പർ വൺ എന്ന് മുൻപ് വീമ്പിളക്കുന്ന അവസരത്തിൽ ബംഗ്ലൂരിൽ ഉള്ള  കന്നഡ, തമിൾ സുഹൃത്തുക്കൾ കളിയാക്കി പറയാറുണ്ട്...രാഷ്ട്രീയ കൊലയിലും നിങൾ തന്നെ നമ്പർ ഒന്ന് എന്ന്...അങ്ങിനെ പല തവണ അവർക്കിടയിൽ നിശബ്ദനായി പോയിട്ടുണ്ട്.


ബാംഗ്ലൂർ വിട്ടിട്ട് കാലങ്ങൾ ആയി...പല കാര്യത്തിലും നമ്മുടെ നമ്പർ ഒന്ന് എന്നുള്ളത് തള്ളു മാത്രമായി എങ്കിലും രാഷ്ട്രീയ കൊലപാതകങ്ങളിൽ അവർ പരിഹസിച്ചത് പോലെ നമ്മൾ അജയ്യനായി ഇപ്പോഴും ഒന്നാം സ്ഥാനം നിലനിർത്തുന്നു.



 എതിരാളികളെ ഇല്ലാതാക്കുക എന്നത് പ്രാകൃതമായ ഒരു പ്രവണതയാണ്.മനുഷ്യർക്ക് പഠിപ്പും വിവരവും വെച്ചപ്പോൾ, അവർ ചിന്തിച്ചു തുടങ്ങിയപ്പോൾ എതിരാളികളെ ഇല്ലാതാക്കുക എന്നതിൽ നിന്നും പലരും അവരെ മത്സരിച്ചു തോൽപ്പിക്കുക എന്ന നിലയിലേക്ക് വന്നു.


പക്ഷേ സാക്ഷരത കൂടുതലുണ്ട് എന്ന് അഹങ്കരിക്കുന്ന നമ്മൾ ഇപ്പോഴും പ്രാകൃതരെ പോലെ  എതിരാളികളെ കൊന്നൊടുക്കുന്നു.ഇതിന് വളം വെച്ച് കൊടുക്കുന്നത് രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്.. ഏതു കൊലപാതകങ്ങൾ നടന്നാലും അത് നമ്മളാൽ അല്ല എന്ന് ആവർത്തിച്ച് പറയുന്ന പാർട്ടികൾ അവരുടെ കേസ് നടത്തിപ്പും കുടുംബ നടത്തിപ്പും ഏറ്റെടുക്കുന്നതിൽ നിന്നും അവരുടെ പൊയ്മുഖം നമുക്ക് മനസ്സിലാക്കാവുന്നതാണ്.



രക്തസാക്ഷികൾ പാർട്ടികൾക്ക് ഒരു മുതൽ കൂട്ടാണ്..അത് വഴി കോടികൾ പിരിച്ചു ആയിരങ്ങൾ മാത്രം ബാധിക്കപെട്ടവർക്ക് നൽകി ബാക്കി പാർട്ടിക്കും നേതാക്കൾക്കും മുതക്കൂട്ടാക്കാം.കൊന്നാലും കൊല്ലപെട്ടാലും അവർ കൈ നീട്ടുന്നത് പൊതുജനങ്ങളുടെ ഇടയിലാണ്..കൊല്ലപെട്ടവൻ്റെ കുടുംബത്തെ ഓർത്തു നമ്മൾ സഹായിക്കാതിരിക്കില്ല.


ഇതിന് ഒരു വിരോധാഭാസം കൂടിയുണ്ട്...കൊല്ലുന്നവനും കൊല്ലപെട്ടവനും തമ്മിൽ വ്യക്തിപരമായി അറിയില്ല ദേഷ്യം ഉണ്ടാകില്ല പക ഉണ്ടാകില്ല  വിരോധം ഉണ്ടാകില്ല എന്തിന് പറയുന്നു മുൻപ് ഒരിക്കൽ പോലും പരസ്പരം കണ്ടിട്ട് പോലും ഉണ്ടാകില്ല..പക്ഷേ അവർ പാർട്ടിക്ക് വേണ്ടി കൊല്ലപ്പെടുകയും കൊല്ലുകയുമാണ്...പക്ഷേ അവിടെ കൊല്ലപ്പെടുന്നത് ഒരാള് മാത്രമല്ല ചിലപ്പോൾ രണ്ടു കുടുംബം ആയിരിക്കും..



കൊല്ലപ്പെട്ടവനെയും കൊന്നവനെയും കുറച്ചു കാലം പാർട്ടികാർ സംരക്ഷിക്കും...എന്ന് പറഞ്ഞാല് കുടുംബത്തെ... പിന്നെ പിന്നെ അവർ അങ് ഉൾവലിയും...ആവശ്യം കഴിഞ്ഞാൽ പിന്നെ ഇവരെയൊക്കെ ആർക്ക് വേണം..(എന്നാലും ചിലരെ വർഷങ്ങളായി സഹായിക്കുന്ന പാർട്ടികാരുമുണ്ട്.)


പക്ഷേ എതിരാളികൾ കൊലക്കത്തി കൂർപ്പിച്ചു പുറത്ത് നിൽക്കുകയാണ് എന്ന സത്യം പുറത്തേക് ഇറങ്ങുന്ന കൊന്നവൻ്റെ ഉറക്കംകെടുത്തും..അതിൻ്റെ തുടർച്ചയാണ് ഈ കൊലപാതകങ്ങൾ... വാൾ എടുത്തവൻ വാളാൽ ഒതുങ്ങും എന്ന സത്യം ആണോ ഈ രാഷ്ട്രീയപാർട്ടികൾ നടപ്പിൽ വരുത്തുന്നത്...?


പക്ഷേ ഇതിനിടയിൽ കൊലക്കത്തിക്ക് ഇരയായി പോകുന്ന അനേകം നിരപരാധികൾ കൂടിയുണ്ട്...എണ്ണം തികയ്ക്കാൻ പാർട്ടികൾ പരസ്പരം മത്സരിക്കുമ്പോൾ ചില കുടുംബങ്ങൾ വേരറ്റ് പോകുന്നു.


ഇതിന് ശാശ്വതമായ. ഒരു പരിഹാരമാണ് വേണ്ടത്..നമ്മുടെ നാട്ടിൽ ഇനിയും രാഷ്ട്രീയത്തിൻ്റെ പേരിൽ ചോര ഒഴുകരുത്..അതിനു എല്ലാ പാർട്ടികളും  തീരുമാനിക്കണം..കൊലപാതകം കൊണ്ട് ഒന്നിനും ഒരവസാന മുണ്ടാകില്ല അത്  പലതിൻ്റെയും ആരംഭം ആണ് ഉണ്ടാക്കുക എന്ന് തിരിച്ചറിയണം. അത് കൊണ്ട് എല്ലാവരും  ഒന്നിച്ചിരുന്ന് ചർച്ച ചെയ്തു നല്ല ഒരു  തീരുമാനം കൈക്കൊള്ളണം..ഒന്ന് രണ്ടു കൊലപാതകങ്ങൾ ഉണ്ടാകുമ്പോൾ വിളിച്ചുകൂട്ടിയ സമാധാന ചർച്ചകൾ പോലെയുള്ള പ്രഹസനങ്ങൾ അല്ല വേണ്ടത്.... ഭാവിയിലേക്കുള്ള മാനുഷിക ഐക്യത്തിൻ്റെ ശക്തമായ തീരുമാനങ്ങൾ ആണ് ഉണ്ടാവേണ്ടത്..


ജനാധിപത്യ രാജ്യത്ത്  എല്ലാവർക്കും രാഷ്ട്രീയം ഉണ്ടായിരിക്കണം....പക്ഷേ അത് പകയുടെയും വെറുപ്പിൻ്റെയും കൊലപാതകത്തിൻ്റെയും രാഷ്ട്രീയം ആകുമ്പോൾ ആണ് അതിനു വിലയില്ലാതായി പോകുന്നത്..നമ്മൾ  മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യരായി പോകുന്നത്.


വാൽക്കഷ്ണം: ഇതൊക്കെ വായിച്ച്  ഗൂഗിളിൽ കൊലപാതകത്തിൽ നമ്മൾ തന്നെയാണോ നമ്പർ ഒന്ന് എന്ന് തിരയുന്ന ചില രാഷ്ട്രീയക്കാർ ഉണ്ടാകും..അവർ തന്നെയാണ് നമ്മുടെ നാടിൻ്റെശാപവും..


പ്ര .മോ. ദി .സം

No comments:

Post a Comment