Friday, February 18, 2022

നന്മ നിറഞ്ഞ "കള്ളൻ ഡിസൂസ"

 



കള്ളൻ ഡിസൂസയെ ഓർമയില്ലേ..ചാർളി എന്ന സിനിമയിൽ ചാർളിയുടെ വീട്ടിൽ കക്കാൻ കയറി പെട്ട് പോയവൻ..അർഹിക്കാത്തത് ഒന്നും എടുക്കില്ല എന്ന് ശപഥം ചെയ്തവൻ..


ആ കഥാപാത്രത്തെ മാത്രം വികസിപ്പിച്ചു പുതിയ ഒരു കഥയുമായി ജിത്തു കേ ജയൻ സംവിധാനം ചെയ്ത ചിത്രമാണ് കള്ളൻ ഡിസൂസ.





പോലീസിൻ്റെ പിടിയിൽ നിന്നും രക്ഷപ്പെടുവാൻ ഓടികയറുന്ന വീട്ടിൽ വെച്ച് പരിചയപ്പെടുന്ന ആശ എന്ന സ്ത്രീ പിന്നീട്  പലപ്പോഴായി ഡിസൂസയുടെ മുന്നിൽ എത്തുന്നു .അവിടെ നിന്നും ഉടലെടുക്കുന്ന സൗഹൃദം കൊണ്ട്  അവരുടെയും മകളുടെയും എല്ലാ കാര്യത്തിനും അവൻ മുന്നിൽ നിൽക്കുന്നു .


 ഹാജിയുടെ കോടിക്കണക്കിന് കള്ളപണം പിടിച്ചു എങ്കിലും കണക്കിൽ അത്രയും കാണിക്കാത്തത് കൊണ്ട് ബാക്കി പണത്തിന് വേണ്ടി ഹാജി അത് മുക്കിയ ആശയുടെ ഭർത്താവ് അടക്കമുള്ള പൊലീസ് സംഘത്തെ പിന്തുടരുന്നു.അത് കൊണ്ട് തന്നെ ഒളിപ്പിച്ച പണം പങ്കിട്ടു എടുക്കുവാൻ പാട് പെടുന്ന അവർ അത് ആശയുടെ വീട്ടിൽ കൊണ്ട് വരുന്നു.





ക്രൂരനായ ഭർത്താവ് സമ്മതിക്കാത്തത് കൊണ്ട് ഡിസൂസയും സുഹൃത്തും കൂടി ആശയുടെ മകളുടെ ജന്മദിനം ആഘോഷിക്കുന്ന  ആ അവസരത്തിൽ തന്നെ  അവിടെയെത്തുന്ന പൊലീസ് സംഘത്തെ പിന്തുടർന്ന് ഹാജിയുടെ കേയറോഫിൽ  മറ്റൊരു സംഘവും അവിടെ എത്തുന്നു.


പിന്നെ അവിടെ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ആണ് ചിത്രം പറയുന്നത്.സൗബിൻ, ഹരീഷ് കണാരൻ ഒക്കെ ഉണ്ടാവുമ്പോൾ ഒരു ചിരിയുടെ മാലപടക്കം പ്രേക്ഷകർ പ്രതീക്ഷിക്കും...കഥ പറഞ്ഞു പോകുന്നത് കൊണ്ടു തന്നെ അധികം പ്രതീക്ഷിച്ച തമാശ ഇല്ലാത്തത് ചിത്രത്തെ നന്നായി ബാധിച്ചിട്ടുണ്ട്.മിന്നാമിനുങ്ങ് എന്ന ചിത്രത്തിന് ശേഷം സുരഭി മുഴുനീള വേഷം ചെയ്യുന്നത് ഈ ചിത്രത്തിൽ ആയിരിക്കും.




കള്ളൻ്റെ കഥകൾ ഒക്കെ മലയാളികൾ സ്വീകരിക്കുന്നുണ്ട് എങ്കിലും ഈ ചിത്രത്തിന് ആള് നന്നേ കുറവാണ്.."ഹൃദയം" പോലെ ഉള്ള ചിത്രത്തിന് പല കാരണങ്ങൾ കൊണ്ട് കയറാൻ പറ്റാത്തത് കൊണ്ട് മാത്രം കയറി കണ്ടവരായിരുന്ന് കൂടുതലും...ഇനി ആറാട്ട് കൂടി വരുമ്പോൾ ചിലപ്പോൾ നന്മയുള്ള കള്ളൻ്റെ സ്ഥിതി  കൂടുതൽ പരിതാപകരമായി പോയേക്കും..


പ്ര .മോ. ദി .സം

No comments:

Post a Comment