Thursday, February 10, 2022

അടിച്ചേൽപ്പിക്കുന്ന "വസ്ത്രങ്ങൾ"

 



ഇന്ന് നമ്മൾ ധരിക്കുന്ന പല വസ്ത്രങ്ങളും പലവിധ സമ്മർദ്‌ധങ്ങളാൽ നമ്മളിൽ അടിച്ചേൽപ്പിച്ചതാണ്. നാണം മറക്കാൻ ആണ് വസ്ത്രം എന്ന കൺസെപ്റ്റ് മാറ്റി ഫാഷൻ ജീവിതത്തിൻ്റെ ഭാഗം ആയപ്പോൾ നമ്മളും അതിൻ്റെ പിറകെ പോകുന്നു.അല്ലെങ്കിൽ ആരൊക്കെയോ തള്ളി വിടുന്നു.


ഇന്ന് വിവാഹ ദിവസം അല്ലെങ്കിൽ ഏതെങ്കിലും പ്രധാന ദിവസം ആയിരങ്ങൾ ചിലവാക്കി നമ്മൾ വാങ്ങി ധരിക്കുന്ന വസ്ത്രങ്ങൾ പിന്നെ പലരും ഉപയോഗിക്കുന്നുണ്ടോ എന്ന് പോലും സംശയമാണ്.



വിവാഹത്തിന് അല്ലെങ്കിൽ റിസപ്ഷൻ സമയത്ത്  നമ്മൾ  ആണുങ്ങൾ കോട്ടോ സൂട്ടോ ശർവാണി ഇങ്ങിനെ ചിലത് ധരിക്കണം എന്ന് ആരോ നമ്മളിൽ അടിച്ചേൽപ്പിച്ചു പെണ്ണുങ്ങൾക്കും ഇത് പോലെ അന്ന് മാത്രം ഉപയോഗിക്കുന്ന കുറെ വസ്ത്രങ്ങൾ അടിച്ചേൽപ്പിക്ക പെട്ടിട്ടുണ്ട്. അത് നമ്മൾ കുറെക്കാലമായി പിന്തുടരുന്നു.



എൻ്റെ ചെറുപ്പകാലത്ത് നാട്ടിൽ പർദ്ദ ഇടുന്ന സ്ത്രീകൾ കുറവായിരുന്നു.പക്ഷേ "ചുറ്റുമുള്ള" സമൂഹത്തിൻ്റെ ഇടപെടൽ കൊണ്ടാകും ഇന്ന് നാട് മുഴുവൻ ഈ സഹിക്കാൻ പറ്റാത്ത ചൂട് കാലത്തും  വിയർത്ത് ഒലിക്കുന്ന പർദ്ദ ഇട്ട സഹോദരിമാരെ കാണാം..അടുപ്പമുള്ള ചിലരോട് ചോദിച്ചപ്പോൾ പറഞ്ഞത് എന്ത് ചെയ്യാം "അവർ" പറഞ്ഞാല് അനുസരിക്കുവാൻ അല്ലെ പറ്റൂ...മുൻപൊക്കെ നമസ്കാര സമയത്ത് മാത്രം ഇട്ടാൽ മതിയായിരുന്നു എന്നാണ്.



കേരളത്തിൻ്റെ ഇപ്പോഴത്തെ കാലാവസ്ഥക്ക് ഒരിക്കലും സാരി അനുയോജ്യമായ വസ്ത്രം ആണെന്ന് തോന്നുന്നില്ല .പക്ഷേ പലരിലും "ട്രഡീഷൻ "വസ്ത്രം എന്ന പേരിൽ സാരി അടിച്ചേൽപ്പിക്കുന്ന സ്ഥിതിയാണ് . ചുരിദാർ പോലത്തെ വസ്ത്രങ്ങൾ അണിയുമ്പോൾ ഉണ്ടാകുന്ന "സുരക്ഷിതത്വം" സാരിക്ക് കിട്ടണം എന്നില്ല. ആഗ്രഹം ഉള്ളവരെ പോലും ഇങ്ങനത്തെ വസ്ത്രം ധരിക്കുന്നതിൽ നിന്ന് " പലരും" തടയുകയാണ്.



പിന്നെ വസ്ത്രധാരണ രീതി അടിച്ചേൽപ്പിക്കുക എന്നത്  ഒരു തരം കണ്ണിൽ പൊടിയിടുന്ന പരിപാടി കൂടിയാണ് .തിരുവനന്തപുരത്തെ പ്രശസ്തമായ അമ്പലത്തിൽ ചുരിദാർ ഇട്ട സ്ത്രീകളെ കയറ്റില്ല..എന്നാല് ചുരിദാർ മടക്കി കയറ്റി  അതിനു മീതെ മുണ്ടുടുത്ത് പോയാൽ പ്രവേശനം കിട്ടും. അടിയിലുള്ള " പാൻ്റ്" ദൈവത്തിനു പോലും കണ്ടു പിടിക്കാൻ കഴിയില്ല എന്ന് സാരം.


മുൻപ് ഗുരുവായൂരിൽ ചുരിദാർ ,പാൻ്റ് വാഹകരെ ഉള്ളിലേക്ക് കടത്തി വിട്ടിരുന്നില്ല..ഇപ്പൊൾ ചുരിദാറിനു പ്രവേശനം ഉണ്ടു എന്നാല് പാൻ്റിനില്ല...എന്താണ് വ്യത്യാസം എന്ന് ചോദിച്ചാൽ ഗുരുവായൂരപ്പന് പോലും ഉത്തരം ഉണ്ടാവില്ല.ഈ കാര്യത്തിൽ ശബരിമല ശാസ്താവിനെ സമ്മതിക്കണം...എന്ത് വസ്ത്രം ധരിച്ചാലും മൂപ്പർക്ക് കുഴപ്പം ഇല്ല.


ഇപ്പൊൾ പൊങ്ങി വന്ന ഹിജാബ് , ഷാൾ പ്രശ്നങ്ങളും ആരൊക്കെയോ ചേർന്ന് അവരിലേക്ക് അടിച്ചേൽപ്പിക്കുന്ന ഒന്നാണ്.ആത്മാർത്ഥമായി അവരോട് ചോദിച്ചാൽ പലർക്കും അതൊക്കെ ധരിക്കുന്നതിൽ ഒരു താല്പര്യവും കാണുവാൻ ഇടയില്ല. മതം സമൂഹം ഒക്കെ നമ്മളിലേക്ക് ആഴത്തിൽ ഇടപെട്ട് നമ്മുടെ സ്വാതന്ത്രം ഹനിക്കുകയാണ്.


ഇവിടെ നമുക്ക് വേണ്ടത് സ്വയം തീരുമാനങ്ങൾ എടുക്കുവാൻ ഉള്ള മനസ്സാണ്.ആരെയും ഉപദ്രവിക്കാതെ ബാഹ്യ ഇടപെടലുകൾ ഇല്ലാതെ  പ്രകോപനപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാതെ മാന്യമായ ഇടപെടലുകൾ ആണ്. 


വസ്ത്രം കൊണ്ട് നമ്മുടെ ജാതി മതം കുലം മനസ്സിലാക്കുന്ന സ്ഥിതികൾ ഉണ്ടാവരുത്..മനുഷ്യൻ എന്ന് തിരിച്ചറിയുന്ന വസ്ത്രം മാത്രം മതി.


വാൽകഷ്ണം: കുറച്ചു മുൻപ് ശ്രീ.മൈത്രയെൻ്റെ ഒരു ഇൻ്റർവ്യൂ കണ്ടിരുന്നു.ചിലർ വേഷം കൊണ്ട് നമ്മളിലേക്ക് പവർ കാണിക്കും എന്ന് അദ്ദേഹം പറയുന്നുണ്ട്..ഈ വക്കീലന്മാർ ഒക്കെ എന്തിനാണ് ഈ പൊരി വെയിലത്തും ചൂട് കാലത്തും ഇത്തരം വസ്ത്രം ഇട്ട് സ്വയം അപഹസ്യരാകുന്നത്...ഒരുത്തനും എത്ര സഹിച്ചാലും  ഈ വേഷം വേണ്ട എന്ന് പറയില്ല..കാരണം അവനു ആ വസ്ത്രം നമ്മളിൽ മേലുള്ള അധികാരമാണ് എന്നതാണ് ധാരണ.


പ്ര .മോ .ദി. സം

No comments:

Post a Comment