കുടുംബത്തെ മറന്ന് രാഷ്ട്രീയം കളിക്കുന്നവർ ഈ ചിത്രം ഒന്ന് പോയി കാണണം.പക്ഷേ ഈ കാലത്ത് അങ്ങിനെ ഉളളവർ വളരെ കുറവായത് കൊണ്ടു തന്നെ സമൂഹത്തിന് വലിയ ഗുണം ഒന്നുമില്ല അവർക്ക് മാറി ചിന്തിക്കാം എന്ന് മാത്രം.
ഇപ്പൊൾ രാഷ്ട്രീയം പലർക്കും ഒരു തൊഴിൽ ആണ് ..തൻ്റെ ഭാവി ജീവിതം സുരക്ഷിതമായ രീതിയിൽ കൊണ്ട് പോകുവാൻ മാത്രം ഉള്ള ഒരു മേഖല.അത് കൊണ്ട് തന്നെയാണ് ഇപ്പൊൾ ജാഥകൾ സമ്മേളനങ്ങൾ ഒക്കെ വലിയ ജന പിന്തുണ ഇല്ലാതെ നടത്തേണ്ടി വരുന്നത്.
കേരളത്തിൻ്റെ മുഖ്യമന്ത്രിപദം ജീവിത അഭിലാഷമായി കണ്ടു കുടുംബത്തെ മറന്ന് പ്രതീക്ഷയോടെ പാർട്ടിയെ നയിച്ച നേതാവിന് ഒരിക്കലും ആവശ്യ സമയത്ത് കുടുംബത്തിലെ നാഥൻ ആകുവാൻ പറ്റുന്നില്ല. തൻ്റെ മകൾ പോലും എതിർ പാർട്ടികാരനെ സ്നേഹിച്ചു പടിയിറങ്ങി പോയിട്ടും ഒന്നും കൂസാത്ത അയാള് തൻ്റെ ജീവിത അഭിലാഷം നിറവേറ്റാൻ തന്നെ കരുക്കൾ നീക്കുന്നു.അതിനിടയിൽ രാഷ്ട്രീയത്തിലും കുടുംബത്തിലും നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്നത്.
അടുത്ത കാലത്ത് കേരളത്തെ നടുക്കിയ ദുരഭിമാന കൊല കൂടി രാഷ്ട്രീയ കുടുംബ ചിത്രത്തിൽ ചേർത്ത് കൊണ്ടാണ് ജിജു ജക്കബ് ചിത്രം ഒരുക്കിയിരിക്കുന്നത്..
കമ്മ്യുണിസ്റ്റ് പാർട്ടിയെ തല്ലിയും തലോടിയും ഒരുക്കിയ തിരക്കഥ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ പിടിപ്പു കേടും ചൂണ്ടി കാണിക്കുന്നുണ്ട്. നല്ല ഒരു കമ്മ്യുണിസ്റ്റ് എങ്ങിനെ ആയിരിക്കണം എന്ന് കൂടി ചിത്രം ഓർമപ്പെടുത്തുന്നു .
ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുവൻ ആണ് ലെനിൻ പഠിപ്പിച്ചത് എങ്കിലും ഇപ്പോഴത്തെ നേതാക്കൾ ചോദ്യങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും ചൂണ്ടി കാണിച്ചിട്ടുണ്ട്.കേ ആർ ഗൗരിയമ്മ യുടെ മുഖ്യമന്ത്രി കസേര പാര പണിയിലൂടെ തെറിപ്പിച്ചത് കൂടി ഒരവസരത്തിൽ പറയുന്നുണ്ട്.
ഔസേപ്പചചൻ്റെ നല്ല പാട്ടുകളും അഭിനയത്തിൽ ഒരു കൈ നോക്കുകയും ചെയ്യുന്ന ചിത്രം വെറും രാഷ്ട്രീയ ചിത്രമല്ല..രാഷ്ട്രീയത്തിലൂടെ നല്ലൊരു കുടുംബ കഥ പറയുകയാണ്.കുറുപ്പും കാവലും അരങ്ങ് വാഴുകയും കുഞ്ഞാലി മരക്കാർ എത്തുകയും ചെയ്യുമ്പോൾ എത്രമാത്രം ഈ കൊച്ചു ചിത്രത്തിന് പിടിച്ച് നിൽക്കാൻ കഴിയും എന്നതാണ് പ്രശ്നം.
"എല്ലാം ശരിയാകും" എന്ന അണിയറകാരുടെ വിശ്വാസം ചിത്രത്തെ വിജയിപ്പിക്കട്ടെ....
പ്ര. മോ. ദി. സം
No comments:
Post a Comment