Friday, December 17, 2021

വികസന ചിന്തകൾ

 



നമ്മുടെ നാട് വികസിക്കുന്നില്ല ഇവിടെ വ്യവസായം വളരുന്നില്ല  എന്ന് കരഞ്ഞു തുടങ്ങിയിട്ട് കാലങ്ങൾ  ആയി..എന്നാല് സർകാർ എന്തെങ്കിലും വികസനം കൊണ്ട് വരുമ്പോൾ എതിർക്കാൻ നമ്മൾ തന്നെ കൊടിയും പിടിച്ച് മുന്നിൽ ഉണ്ടാകും.


അതിനു രാഷ്ട്രീയപരമായ വ്യത്യാസം ഇല്ല എൽഡിഎഫ് കൊണ്ട് വന്നാൽ യുഡിഎഫ് എതിര് നിൽക്കും ഭരണം മാറുമ്പോൾ തിരിച്ചും..കാല കാലങ്ങൾ ആയി നമ്മുടെ പുരോഗതിക്ക് തടസ്സം നിൽക്കുന്നത് രാഷ്ട്രീയത്തിലെ ഈ ടോം  ആൻ്റ് ജെറി കളികൾ ആണ്. കാലാ കാലങ്ങളിൽ അതിൽ ഇപ്പൊൾ  ഭരിക്കുന്നവർ ഉണ്ടു പ്രതിപക്ഷത്ത് ഇരിക്കുന്നവർ ഉണ്ടു ഇതുവരെ ഭരണം കിട്ടാത്തവർ ഉണ്ട്.



എല്ലാവരേയും തൃപ്തിപ്പെടുത്തി ഒരു വികസനം എവിടെയും സാധ്യമല്ല.ചിലരുടെ നഷ്ട്ടങ്ങൾ തന്നെയാണ് എല്ലാ വികസനത്തിൻ്റെയും അടിത്തറ.


നമ്മുക്ക് നഷ്ട്ടം വരുന്നത് ഒക്കെ എതിർക്കുക എന്ന നയം തന്നെയാണ് നമ്മുടെ നാട്ടിൽ വികസനം വരാത്തതിന് ഒരു കാരണം..അത് ജനങ്ങളെ മാതം പറഞ്ഞിട്ടും കാര്യമില്ല .നഷ്ടപ്പെടുന്ന വർക്ക് മാത്രമേ അതിൻ്റെ വേദന അറിയൂ..അതുകൊണ്ട് തന്നെ നഷ്ടപരിഹാരം പുനരധിവാസം ഒക്കെ കൃത്യ സമയത്ത് ചെയ്താൽ നമ്മുടെ ജനങ്ങളും രാഷ്ട്രീയം മറന്ന് സർക്കാരിന് ഒന്നിച്ചു നിൽക്കും.



ഇപ്പൊൾ കേ റയിൽ ആണ് വിഷയം.ഈ പദ്ധതി എന്തിനാണ് എന്നതിന് വ്യക്തമായ ധാരണ പലർക്കും ഇല്ല.കാസർഗോഡ് നിന്ന് നാല് മണിക്കൂർ കൊണ്ട് ആർക്കാണ് തിരുവനന്തപുരം എത്തേണ്ടത്? ഇട്ടാ വട്ടത്തിൽ കറങ്ങുന്ന മെട്രോയിൽ പോലും ആളുകൾ കയറാതെ നഷ്ടത്തിൽ ഓടുമ്പോൾ വലിയ മുതൽ മുടക്കിൽ ഇതെങ്ങിനെ ലാഭം ആകും? ഇത് നമ്മുടെ നാടിൻ്റെ പരിതസ്ഥിതിയില് എന്തൊക്കെ മാറ്റം ഉണ്ടാക്കും? ഇത് പറഞ്ഞ സമയത്ത് തന്നെ കമ്മീഷൻ ചെയ്യുമോ? കാലാകാലങ്ങളിൽ ഉണ്ടാകുന്ന അപ്പ് ഗ്രേഡ് സാധ്യമാകുന്ന വിധത്തിൽ ആണോ ഡിസൈൻ ചെയ്തിരിക്കുന്നത്?ഇത് കൊണ്ട് നമ്മുടെ നാടിന് എതൊക്കെ വിധത്തിൽ മാറ്റം ഉണ്ടാകും?എത്രപേർക്ക് തൊഴിൽ കിട്ടും?നഷ്ടപരിഹാരം പുനരധിവാസം ഒക്കെ ചുവപ്പ് നാടയിൽ കുടുങ്ങിക്കിടന്ന അവസ്ഥയിൽ ആകുമോ? അങ്ങിനെ ചെറുതും വലുതുമായി അനേകം സംശയങ്ങൾ..


ഇങ്ങിനെ പലതരം സംശയങ്ങൾ ജനങ്ങൾക്ക് ഉണ്ടെങ്കിലും അതൊന്നും കൃത്യമായി   വ്യക്തമാക്കാതെ അവർക്ക് മനസ്സിലാക്കി കൊടുക്കാതെ ആരെതിർത്താലും എന്തൊക്കെ സംഭവിച്ചാലും  ഈ സർകാർ പദ്ധതി മുന്നോട്ട് തന്നെ  കൊണ്ടുപോകും എന്നുള്ള "ധാർഷ്ട്യം" തന്നെയാണ് ഇതിലെ വലിയ പോരായ്മ.


നമ്മുടെ മുന്നിൽ ഈ സർക്കാരിൻ്റെ" ഇച്ഛാശക്തി" കാട്ടിയ കൊക്കോനിക്സ് ലാപ് ടോപ്പും കേ ഫോണും ഒക്കെ "കട്ടപുറത്ത്" ഇരിക്കുമ്പോൾ ഇതുപോലെ ഒരു പദ്ധ്തി കൊണ്ട് വരുമ്പോൾ  അതിൻ്റെ ഗുണങ്ങൾ ചില്ലറ ദോഷങ്ങൾ ...അത് കൃത്യമായും വ്യക്തമായും ജനങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ട ബാധ്യത ബന്ധ പെട്ടവർക്ക് ഉണ്ട്..അതാണ് സർകാർ മറന്ന് പോകുന്നതും, അത് ചോദിക്കുന്നവർ വികസന വിരോധികൾ ആയി പോകുന്നതും.


വാൽകഷ്ണം: ഈ പദ്ധതി ഇവിടെ വ്യവസായം തുടങ്ങാൻ വരുന്നവർക്ക് എത്രയും പെട്ടെന്ന് കേരളത്തിൽ നിന്നും രക്ഷപ്പെടുവാൻ ഉള്ള യാത്രാ മാർഗം മാത്രമായി പോകരുത്.കാരണം ഇപ്പോളത്തെ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കൂടി പോയാൽ അവൻ ഒരിക്കലും പെട്ടെന്ന് കേരളം വിട്ടു പോകില്ല.


പ്ര. മോ .ദി .സം

No comments:

Post a Comment