നമുക്ക് അറിയാവുന്ന നല്ല ഒരു പണിയുണ്ടായിട്ടും അത് ചെയ്യാതെ മറ്റു പണികളിൽ "കയ്യിട്ടു" ,"പേര്" പറയിപ്പിക്കുന്ന കുറച്ചു പേരുണ്ട്. അത്തരം പരിപാടിയിലൂടെ "പേര്" കേൾപ്പിച്ചയാളാണ് ജി.വി പ്രകാശ് കുമാർ.
സംഗീതത്തിൽ അപാര കഴിവുള്ള നല്ലവണ്ണം പാടുന്ന ജി.വി .ഇടക്ക് എപ്പോഴോ അഭിനയത്തിൽ ഒന്ന് പയറ്റി നോക്കി. ആരൊക്കെയോ കൊള്ളാം എന്ന് പറഞ്ഞപ്പോൾ അയാള് അറിയുന്ന സംഗീതം വിട്ട് അറിയാത്ത പണിക്ക് പോയി തുടങ്ങി.അത് ഇപ്പോഴും അങ്ങിനെ തുടരുന്നു എന്ന് മാത്രം... എവിടെ തുടങ്ങിയോ അഭിനയത്തിൽ ഇപ്പോഴും അവിടെ തന്നെയാണ് ,ഒരു മാറ്റവുമില്ല.
നല്ലവണ്ണം ഇടവേളവരെ കൊണ്ട് പോയ ചിത്രം അവിടുന്ന് മൂക്ക് കുത്തി വീഴാനുള്ള ഒരു കാരണവും ഗതിയറിയാതെ പോകുന്ന ഇതിലെ അഭിനേതാക്കൾ തന്നെയാണ്.ബാച്ച്‌ലർ ലൈഫിലെ കളിയും കാര്യവും കുസൃതിയും പറഞ്ഞു തുടങ്ങുന്ന ചിത്രം നല്ല പോലെയാണ് മുന്നോട്ട് പോയി കൊണ്ടിരുന്നത്.പക്ഷേ കഥ പറഞ്ഞു തുടങ്ങുമ്പോൾ ചിത്രം ബോർ ആയിപോകുകയാണ്.
ഒരുമിച്ചു വീട് പങ്കിടുന്ന ഐ.ടി ജീവനക്കാരായ ആണിനും പെണ്ണിനും പ്രേമം ഉണ്ടാകുന്നതും ഗർഭിണി ആയപ്പോൾ അവർക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്.പോലീസും കോടതിയും കേസും ഹോസ്പിറ്റല് അങ്ങിനെ പതിവ് ക്ലിഷേകൾ എത്തുമ്പോൾ പടം രസം കളയുന്നു ..കൂടാതെ വേണ്ടാത്ത രംഗങ്ങൾ കയറ്റി ബോറടി നൽകുകയും ചെയ്യുന്നു.മൂന്ന് മണിക്കൂർ ഉള്ള സമയ ദൈർഘയമേറിയ സിനിമകൾ ചെയ്യുമ്പോൾ അതിനു വിശ്വസനീയമായ കാരണങ്ങൾ ഉണ്ടാവണം എന്ന ആദ്യപാഠം ആണ് പുതുമുഖ സംവിധായകൻ സതീഷ് ശേൽവകുമാർ മറന്ന് പോയത്.
മുൻപേ കണ്ടു മറന്ന ഏതോ മലയാള ചിത്രത്തിലെ ചില രംഗങ്ങൾ അതുപോലെ പകർത്തിയോ എന്നൊരു സംശയം ചില വേളകളിൽ ഉണ്ടാകുന്നുണ്ട്..അതോ മലയാള സിനിമയുടെ റീമേക്ക് ആണോ ഈ ചിത്രം എന്നും നിശ്ചയമില്ല.ഒന്നും അങ്ങോട്ട് ഓർമയിൽ വരുന്നില്ല.ചിലപ്പോ അതും ഇത് പോലത്തെ കൂതറ സിനിമ ആയിരിക്കും.
പ്ര .മോ .ദി .സം
No comments:
Post a Comment