Sunday, June 12, 2022

777 ചാർളി




ജീവിതത്തിൽ പല കാരണങ്ങൾ കൊണ്ട് ഒറ്റപ്പെട്ടു പോകുന്നവ രുണ്ട്. ജനിച്ചത് മുതൽ ,പാതി വഴിയിൽ,അങ്ങിനെ പല സന്ദർഭങ്ങളിൽ...അത് അവരുടെ സ്വഭാവത്തെ തന്നെ നല്ലവണ്ണം ബാധിക്കും.ചിലർ വെറും മുരടൻമാർ ആയി സമൂഹത്തോട് ബന്ധം ഒന്നും ഇല്ലാതെ ഒറ്റയാനായി തുടരും.അത് മനുഷ്യൻ ആയാലും മൃഗം ആയാലും..





അങ്ങനെയുള്ള ധർമ്മ ആ കോളനിയിലെ ആരുമായും സൗഹൃദം ഇല്ലാതെ ജീവിക്കുന്നു.വീട്, ജോലി,ഇഡ്ഡലി കട,സിഗരറ്റ്, ബീർ ഇതിനെ മാത്രം സ്നേഹിക്കുന്ന ധർമയുടെ ഇടയിലേക്ക് ഒരു പട്ടി കടന്നു വരുന്നതും അവൻ്റെ ജീവിതം മുഴുവൻ മാറ്റി മറിക്കുന്നതുമാണ് കൃഷ്ണരാജ് സംവിധാനം ചെയ്ത് രക്ഷിദ് ഷെട്ടി നായകനും നിർമാതാവും ആയ സിനിമയിൽ കാണിക്കുന്നത്.





നമുക്ക് വേണ്ടപ്പെട്ട ആരെങ്കിലും അത്യാഹിതത്ത്തിൽ പെട്ടുപോയാൽ നമ്മൾ അവർക്ക് വേണ്ടി പരക്കം പായും...അവരുടെ ജീവന് വേണ്ടി അവരുടെ സന്തോഷത്തിന് വേണ്ടി പ്രവർത്തിക്കും..പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ അവരുടെ ആഗ്രഹങ്ങൾ മനസ്സിലാക്കി അവർക്ക് അവസാനമായി അതെങ്കിലും നൽകുവാൻ നമ്മൾ എന്ത് വില കൊടുത്തും ഇറങ്ങി തിരിക്കും.നമ്മുടെ മനസ്സിൽ അവരുടെ സന്തോഷം മാത്രം ആയിരിക്കും ലക്ഷ്യം.




മനുഷ്യൻ്റെയും പട്ടിയുടെയും ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം ചില സമയങ്ങളിൽ എങ്കിലും നമ്മൾ ഉപദ്രവിച്ചു വിട്ട മൃഗങ്ങളുടെ ദയനീയ മുഖം ഓർമയിൽ എത്തിക്കും.അതും ഒരു ജീവൻ ആണെന്ന് മനസ്സിലാക്കാതെ നമ്മൾ ചെയ്തു പോയ പാപങ്ങൾ ഓർത്തു നമ്മുടെ മനസ്സ് വിങ്ങും,നമ്മൾ അറിയാതെ എങ്കിലും  കണ്ണുനീർ പുറത്ത് ചാടിയേക്കും


പ്ര .മോ. ദി .സം

No comments:

Post a Comment