Tuesday, July 19, 2022

ഇല വീഴാ പൂഞ്ചിറ

 



ഇലകൾ വീഴാൻ മരമില്ലാത്ത ഇല വീഴാ പൂഞ്ചിറ എന്ന പ്രകൃതിയുടെ സകല സൗന്ദര്യവും  ആവാഹിച്ച് സഞ്ചാരികളെ ആകർഷിക്കുന്ന  സ്ഥലം കോട്ടയം ഇടുക്കി ബോർഡർ ആയിട്ടുള്ള ഒരു ഹിൽ സ്റ്റേഷൻ ആണ്.പ്രകൃതി രമണീയമായ കാഴ്ചകൾ അനവധി ഉള്ളത് കൊണ്ട് തന്നെ സഞ്ചാരികൾ കൂട്ടമായി അവിടേക്ക് പോകും...വാഹന ഗതാഗതം അല്പം പ്രശ്നം ഉണ്ടെങ്കിൽ പോലും ആൾക്കാർക്ക് കുറവില്ല. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്ന ആൾക്കാർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ നല്ലൊരു സ്ഥലവും  കൂടിയാണ്.



എന്നാല് ചെറിയൊരു "വലിയ" പ്രശ്നം ഉണ്ട്..ഇവിടുത്തെ മിന്നൽ കൂടുതൽ  അപകടകാരിയാണ്..തുറസായ മല നിരകൾ ആയത് കൊണ്ടുതന്നെ കൊലയാളി മിന്നലിനെ ശരിക്കങ്ങു പേടിക്കണം..പ്രത്യേകിച്ച് ഉച്ചക്ക് ശേഷം മലകയറാതിരിക്കുന്നതാണ്  നല്ലത്.മഴയും കാറ്റും ഒക്കെ പ്രശ്‌നങ്ങൾ തന്നെയാണ്..കയറി നിൽക്കാൻ സ്ഥലമോ ഒന്നും ഇല്ല.അതൊക്കെ ജീവഹാനി വരുത്തിവെക്കും.



ഇതൊക്കെ വളരെ  സമർത്ഥമായി തന്നെ  സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇല വീഴ 

പൂഞ്ചിറ ഹിൽ സ്റ്റേഷനിലെ പോലീസ് വയർലെൻസ് ജീവനക്കാരായ ആൾക്കാരിൽ കൂടിയാണ് കഥ പോകുന്നത്.സ്ഥലത്തിൻ്റെ ഭംഗിയും അവരുടെ ജീവിതവും അവിടുത്തെ സന്ദർശകരെയും പറ്റി പറഞ്ഞു പോകുന്ന സിനിമ താഴ്‌വരയിൽ  കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തുന്നതോടെ ത്രില്ലറിലേക്ക് കടക്കുകയാണ്. ഈ ഉദ്യോഗസ്ഥന്മാരും ഈ അന്വേഷണത്തിൻ്റെ ഭാഗമായി മാറുന്നു.പിന്നീട് അങ്ങോട്ട് നമ്മളെ കോരിതരിപ്പിച്ചു പോവേണ്ട സിനിമ തിരക്കഥയിലെ,സംവിധാനത്തിലെ ഉഴപ്പു കൊണ്ടും  പാളിച്ച കൊണ്ടും എങ്ങും എത്താതെ അവസാനിക്കുകയാണ്.


ജോസഫ്,നായാട്ട് എഴുതിയ ഷാഹി കബീർ ആദ്യമായി സംവിധായകൻ ആവുകയാണ് ഈ ചിത്രത്തിൽ കൂടി.. ആദ്യ ഭാഗം കാണുമ്പോൾ നല്ലൊരു ചുവടുവെപ്പു നടത്തി എന്ന് തോന്നും എങ്കിൽ കൂടി സിനിമയുടെ അവസാനത്തോടെ ഇനിയും പാകപെട്ടിട്ടില്ല എന്ന് നമുക്ക് മനസ്സിലാകും...


ധൈര്യം ഇല്ലാത്തത് കൊണ്ടു ജോസഫ് സംവിധാനം ചെയ്യാതെ മറ്റൊരാളെ ഏൽപിച്ച ഷാഹി ഇതും മറ്റൊരാൾക്ക് കൊടുത്തിരുന്നു എങ്കിൽ  മനോഹരമായ ഒരു ക്രൈം ത്രില്ലർ കൂടി മലയാളത്തിൽ ഉണ്ടാകുമായിരുന്നു.ഇത്തരം ജേർണലിൽ പെട്ട സിനിമക്ക് വേണ്ട സ്പീഡ് ഷാഹി മറന്ന് പോയി എന്നത് തന്നെ വലിയ പോരായ്മയാണ്.



അടുത്തിടെ കുറെ ഊള വേഷങ്ങൾ ചെയ്തു പറയിപ്പിച്ച സൗഭിന് ഈ ചിത്രത്തിൽ കൂടി സൽപേര് വീണ്ടു കിട്ടും.അത്രക്ക് അതിശയിപ്പിച്ചു.സുധി കോപ്പ എന്ന മലയാള സിനിമ ഇപ്പോഴും ഉപയോഗിക്കുവാൻ മറന്ന് പോകുന്ന നടൻ്റെ ഗംഭീര പ്രകടനവും എടുത്ത് പറയണം.


"കൊന്ന പാപം തിന്നാൽ തീരും" എന്ന വാക്യത്തിന് അടിവര എടുത്തുകളയാൻ അവസാനം നമുക്ക് തോന്നുന്നുമുണ്ട്.


പ്ര .മോ .ദി .സം

No comments:

Post a Comment