Friday, July 15, 2022

ആഹാ സുന്ദര..




തെലുങ്കിൽ നിന്നും വരുന്ന മൊഴിമാറ്റ ചിത്രങ്ങൾ  പൊതുവേ ഹൈ പാക്കേജ് മാസ് ചിത്രങ്ങൾ ആയിരിക്കും..അതാണ് പതിവ്.. എന്നാൽ ആഹാ സുന്ദര എന്ന നാനി നസ്രിയ ജോഡി ചിത്രം നൽകുന്നത് ഫീൽ ഗുഡ് കുടുംബ ചിത്രമാണ്.






മാസ് രംഗങ്ങൾ, തട്ട് പൊളിപ്പൻ അടിപിടികൾ , മനം മയക്കുന്ന പാട്ട് സീനുകൾ  ,കോടികൾ വാരി എറിഞ്ഞു ഉണ്ടാക്കിയ സെറ്റുകൾ എന്നിവയാണ് ശരാശരി മൂന്ന് മണിക്കൂർ ഉള്ള തെലുങ്ക് സിനിമയുടെ ചേരുവകൾ.എന്നാല് ഇവയൊന്നും ഇല്ലാതെ ചെറിയ ഒരു കഥ പറഞ്ഞു അധികം ബോറടിപ്പിക്കാതെ മൂന്ന് മണിക്കൂർ  വിവേക് ആത്രെ  എന്ന സംവിധായകൻ നമ്മെ പിടിച്ചിരുത്തുന്ന സിനിമ.






അഗ്രഹാരത്തിലെ ഹിന്ദുവും നസ്രാണി പെണ്ണും പരസ്പരം പ്രേമിച്ചാൽ ഉണ്ടാകുന്ന പൊല്ലാപ്പുകൾ, അതിനെ മറികടക്കാൻ അവർ ചെയ്യുന്ന നാടകങ്ങൾ ,അത് അവരുടെ കുടുംബങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒക്കെ സരസമായി പറഞ്ഞിരിക്കുന്നു എങ്കിൽ കൂടിയും ജാതിയുടെയും മതത്തിൻ്റെയും പേരിൽ നമ്മുടെ നാട്ടിൽ നടക്കുന്ന പേകൂത്തുകൾക്കു നേരെ ഒളിയമ്പ് എയ്യുകയും ചെയ്യുന്നുണ്ട്.







നാനിയുടെയും നസ്രിയയുടെയും കുട്ടികാലം അവതരിച്ചപ്പോൾ ഉണ്ടാകുന്ന ലാഗ് മാത്രമാണ് അല്പം പ്രേക്ഷകനെ ബുദ്ധിമുട്ടിക്കുന്നത്..പിന്നീട് അങ്ങോട്ട്  താളത്തിൽ പോകുന്ന സിനിമ രസകരമായി തന്നെ പര്യവസാനിക്കുന്നുണ്ട്.


പ്ര .മോ. ദി .സം

No comments:

Post a Comment