Saturday, November 27, 2021

ഭക്ഷണത്തിലെ മതം

 



സത്യത്തിൽ ഭക്ഷണത്തിൽ മതമില്ല എന്ന്  തീർത്തു പറയാൻ പറ്റില്ല..ചിലർക്ക് "മത"പരമായി തിന്നാൻ പറ്റാത്ത വിഭവങ്ങൾ ഉണ്ടാകും..മുസ്ലിം സഹോദരങ്ങൾക്ക് പന്നിയും കേരളത്തിന്" പുറത്തുള്ള" ഹിന്ദു സഹോദരങ്ങൾക്ക്  പശുവും...ഭക്ഷണത്തിൽ "മതം" കലരുന്നത്  കൊണ്ട് തന്നെയാണ് അവർ അത് കഴിക്കാത്തത്..അത് ആരു കലർത്തി എന്നത് മറ്റൊരു വശം.


പക്ഷേ അവരിൽ ചിലരുടെ  വിശ്വാസം അവരെ അത് കഴിക്കുന്നതിൽ നിന്നും വിലക്കുന്നു എന്ന് മാത്രം.എന്ന് വെച്ച് അവർക്ക് അത് കഴിച്ചു കൂടാ എന്ന് ആരും നമ്മുടെ നാട്ടിൽ നിർബന്ധിക്കരുത്. അവരുടെ കൂട്ടത്തിലങ്ങിനെ അന്ധമായ വിശ്വാസം ഇല്ലാത്തവർക്ക് അത് കഴിക്കാം.കഴിക്കുന്നുമുണ്ട്..അത് ജനാധിപത്യ നാട്ടിൽ അവനവൻ്റെ സ്വതന്ത്രമായ പ്രവർത്തികൾ മാത്രമായി കാണണം.


"തുപ്പൽ" പോലും ചിലരുടെ വിശ്വാസം ആണ്..ചിലപ്പോൾ ചുണ്ടോടു ചേർത്ത് മന്ത്രങ്ങൾ ഉരുവിടുന്നത് ആവാം..മതത്തിൻ്റെ "കൈകൾ "മനുഷ്യനെ  അന്ധനാക്കുമ്പോൾ ഇങ്ങനത്തെ പ്രവർത്തികൾ ഉണ്ടായേക്കും..ദൈവപ്രീതിക്ക് വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ ബലി കൊടുക്കുന്ന നാട്ടിൽ ഇതൊക്കെ സംഭവിച്ചേക്കാം.


ബഹുമാന്യനായ മുഖ്യമന്ത്രി പറഞ്ഞതിലുപരി ഇന്ന് ബഹുമാന്യനായ തലശ്ശേരി എം എൽ എ പറഞ്ഞതാണ് എൻ്റെ അഭിപ്രായത്തിൽ കൂടുതൽ ശരി..ഹോട്ടലുകളിൽ എന്തിന് ഹലാൽ എന്നത് ബോർഡ് തൂക്കി പ്രദർശിപ്പിക്കണം..അത്  ഭക്ഷണത്തിൽ വർഗീയത ഉണ്ടാക്കുവാൻ നടക്കുന്നവർക്ക് കൊടുക്കുന്ന വടി തന്നെയാണ്...അവിടുത്തെ ഭക്ഷണം മാത്രമേ ആ മതത്തിന് കഴിക്കാൻ പാടുള്ളൂ എന്നു നിർബന്ധിക്കും പോലെ ബോർഡ് എന്തിന്  അവിടങ്ങളിൽ  തൂക്കണം?


 എല്ലാ ഭക്ഷണവും ശുദ്ധിയും വെടിപ്പും ഉള്ളത് തന്നെ ആയിരിക്കും.ആർക്കും കഴിക്കാം..ഹലാൽ ബോർഡ് വെച്ചത് കൊണ്ട് മാത്രം ശുദ്ധി താനെ വരണം എന്നില്ല..ഹോട്ടൽ നടത്തിപ്പുകാരൻ ,പാചകക്കാരൻ,വിളമ്പുന്ന ആളുകൾ ഒക്കെ ഒത്തൊരുമിച്ച് നിന്നാൽ മാത്രേ ശുദ്ധി വരൂ..ഇതേ ഹോട്ടലുകളിൽ നിന്ന്  തന്നെ പഴകിയ ഭക്ഷണങ്ങൾ പിടിച്ചിട്ടും ഉണ്ടാകും..


കേട്ടതും വായിച്ചതും ശരിയാണെങ്കിൽ ക്രിസ്റ്റ്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ പന്നി വിളബിയും മുസ്ലിം പ്രദേശങ്ങളിൽ അതു ഇല്ലാതെ ഫെസ്റ്റ് നടത്തുന്നവരാണ് ഒരർത്ഥത്തിൽ ഭക്ഷണത്തിൽ മതം കളർത്തുന്നത്.എല്ലായിടത്തും എല്ലാ ഭക്ഷണവും വിളമ്പി ആവശ്യമുള്ളവർ തങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കുന്നതാണ് യഥാർത്ഥ വർഗീയതക്കു എതിരെ ഉള്ള ഫുഡ് ഫെസ്റ്റ്....അല്ലാതെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മാത്രം നടത്തുന്ന  പല തന്തക്ക് പിറന്ന നിലപാടുകൾ എടുക്കുന്ന പരിപാടികൾ യഥാർത്ഥ  ഫെസ്റ്റുകൾ  അല്ല.


ഹലാൽ (halal) ജത്ക്ക (jhatka) എന്നിങ്ങനെ രണ്ടു തരം മാംസങ്ങൾ വിൽകുന്ന കടകൾ നോർത്ത് ഇൻഡിയിൽ ഉണ്ട് എന്ന് വായിച്ചിട്ടുണ്ട്...ഒന്ന് ഒറ്റ വെട്ടിന് കൊന്നു കളഞ്ഞു മാംസം എടുക്കുന്നതും ഒന്ന് ",സമ്മതം" ഒക്കെ ചോദിച്ചു വെയ്ൻ കട്ട് ചെയ്തു കൊന്നു മാംസം എടുക്കുന്നതും..രണ്ടാമത്തെ പ്രവർത്തിയിൽ ഇരയുടെ ശാപം കിട്ടും എന്നതിനാൽ "പലരും" ജത്ക മാംസം വാങ്ങി ഉപയോഗിക്കും..പക്ഷേ  അന്ധവിശ്വാസം മതത്തിൽ ഉളളവർ ഹലാൽ മാത്രം വാങ്ങും..."ശാപം " അവർ ദൈവകൃപ കൊണ്ട് മറി കടന്നേക്കും...എല്ലാം വിശ്വാസം..


ഒരു വെള്ളപൊക്കം,അല്ലെങ്കിൽ ഒരു ഭൂമികുലുക്കം അങ്ങിനെ എന്തെങ്കിലും പ്രകൃതി ക്ഷോഭം വന്നാൽ തീർന്നു പോകുന്നതാണ് നമ്മുടെ ഉള്ളിലെ വിശ്വാസവും ചിട്ടകളും എന്ന് അടുത്തകാലത്ത് നമ്മൾ എത്ര തവണ അനുഭവിച്ചറിഞ്ഞതാണ് ...എന്നിട്ട് പോലും തീർന്നില്ലേ മനുഷ്യാ നിങ്ങളുടെ "അഹങ്കാരം"..


ഇഷട്ടമുള്ളത് കഴിക്കുക അതിൽ മതത്തിൻ്റെ കരാളഹസ്തങ്ങൾ പിടിമുറുക്കാൻ അനുവദിക്കരുത്..രാഷ്ട്രീയക്കാർക്ക് എല്ലാം മുതലെടുപ്പ് ആണ്.എന്തിലും അവർ ജാതിയും മതവും വർഗ്ഗവും ഒക്കെ കലർത്തും...ചിന്തിക്കണം നമ്മൾ അവർ വിരിച്ച വലയിൽ അകപ്പെടുന്നതിന് മുൻപ്...


പ്ര .മോ .ദി .സം

No comments:

Post a Comment