ഒരു ഹോട്ടലിലെ റിസപ്ഷനിൽ സിനിമയുടെ കൂടുതൽ ഭാഗവും ചിത്രീകരിച്ച് പ്രേക്ഷകന് ബോറടി കൂടാതെ ഒന്ന് രണ്ടു മണിക്കൂർ കണ്ടിരിക്കാൻ പ്രേരിപ്പിക്കുക എന്നത് വലിയൊരു കടമ്പ തന്നെയാണ് സംവിധായകന്.. അഥവാ പരാജയപ്പെട്ടാൽ തിയേറ്റർ വ്യവസായത്തിന് അത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്യും.ഭാഗ്യവശാൽ ഒ ടീ ടീ റിലീസ് മാത്രം ആയത് കൊണ്ട് വ്യവസായത്തെ രക്ഷിച്ചു എന്ന് ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാം.
മുൻപ് പ്രഗൽഭനായ പ്രിയദർശൻ ശ്രമിച്ചിട്ട് കാര്യമായി ഫലിക്കാതെ പോയ സംഗതിയാണ് താരത്മെന്യെ പുതുമുഖമായ രതീഷ് ബാലകൃഷ്ണ പൊതുവാൾ ഈ പ്രാവശ്യം ചെയ്യുന്നത്.
എല്ലാ സിനിമയിലെയും പോലെ ഉടായിപ്പ് നായകനായ നിവിൻ പോളി നിർമിക്കുക കൂടി ചെയ്ത ഈ ചിത്രത്തിൽ ഗ്രേസി ആൻ്റണി ആണ് നായിക.ഗ്രേസിയുടെ അടിപൊളി പെർഫോർമൻസ് മാത്രമാണ് ചിത്രത്തിൻ്റെ ഹൈ ലൈറ്റ്.
ദാമ്പത്യത്തിൽ അടിക്കടി കലഹം ഉണ്ടാക്കുന്ന ദമ്പതികൾ വിനോദയാത്രക്ക് ഹിൽ സ്റ്റേഷനിൽ എത്തിയപ്പോൾ കലഹം തീർത്ത ജിമിക്കി കമ്മൽ ഹോട്ടൽ മുറിയിൽ നഷ്ടപ്പെടുന്നതും അതിനെ കുറിച്ചുള്ള അന്വേഷണവും മറ്റും "കോമഡി" എന്ന പേരിൽ പ്രേക്ഷകനെ സഹിപ്പിച്ച് കാണിക്കുകയാണ് ചിത്രം ചെയ്യുന്നത്. ചില രംഗങ്ങൾ കാണുമ്പോൾ മുൻപ് കണ്ടു മറന്ന ഒരു ഹിന്ദി ചിത്രം മനസ്സിലൂടെ കടന്നു പോവുകയും ചെയ്യുന്നു.
വിനയ് ഫോർട്ട് ,ജാഫർ ഇടുക്കി, ജോസ് മാത്യു,സുധീഷ് തുടങ്ങിയവരും നമ്മളെ പരീക്ഷിക്കുവാൻ ഇവരുടെ കൂടെ ഹോട്ടലിൽ ഉണ്ട്.
നിവിൻ പോളി ഇങ്ങിനെ തന്നെ പോകുകയാണെങ്കിൽ കൂടുതൽ കാലം സ്ക്രീനിൽ കാണുവാനുള്ള അവസരം നമുക്ക് ഉണ്ടാകും എന്ന് തോന്നുന്നില്ല...
ഒരേ ടൈപ്പ് കഥാപാത്രങ്ങൾ ചെയ്തു ആരുടെ ഒക്കെയോ ഭാഗ്യം കൊണ്ട് അതൊക്കെ ഹിറ്റ് ആയത് കൊണ്ട് മാത്രം പിടിച്ച് നിൽക്കുന്ന നിവിൻ അതിനിടയിൽ കൊച്ചുണ്ണി ,മൂത്തോൻ,മിഖായേൽ ഒക്കെ ആയി ഒരു വൈവിധ്യത്തിൻ്റെ കണിക പ്രദർശിപ്പിച്ചു എങ്കിലും വീണ്ടും പഴയതിലേക്ക് തന്നെ ചാടിയിരിക്കുകയാണ്.
ഒരു കൊല്ലത്തേക്ക് പൈസ കൊടുത്തത് കൊണ്ട് എത്ര സിനിമ വേണമെങ്കിലും കാണുവാൻ അവസരം ഉള്ളത് കൊണ്ടു ഇതൊരു വലിയ ധനനഷ്ടമായി കണക്കാക്കുന്നില്ല.പക്ഷേ സമയം അത് വളരെ അമൂല്യമാണ് എന്ന് അണിയറ ശിൽപികൾ ഓർക്കണം
പ്ര .മോ. ദി. സം
No comments:
Post a Comment