Monday, December 20, 2021

മോസ്റ്റ് എലിജിബിൾ ബാച്ച്‌ലർ

 



നാഗാർജുനയുടെയും അമലയുടെയും മകന് സിനിമയിൽ അവസരങ്ങൾ കിട്ടുവാൻ വലിയ പ്രയാസം ഒന്നും നേരിടേണ്ടി വരില്ല. വർഷങ്ങളായി സിനിമ കുടുംബം അടത്തുകൊണ്ടും നല്ലൊരു അഡ്രസ്സ് ഉള്ളത് കൊണ്ടും കയറി പറ്റുവാനായ് ഭയങ്കര എളുപ്പം ആണ്..പക്ഷേ മൂന്ന് നാല് ചിത്രങ്ങൾ അഭിനയിച്ചു എങ്കിലും ഇപ്പോള് പോലും അഖിൽ അക്കിനെനിയുടെ ശൈശവദശ വിട്ടുമാറിയിട്ടില്ല..അഭിനയത്തിൻ്റെ ബാലപാഠം തുടങ്ങി ഇനിയും പഠിച്ചു തുടങ്ങണം.






ദുൽഖറും വിനീത്  പ്രണവ് ഒക്കെ ഇങ്ങിനെ ഒരു പിൻബലം കൊണ്ട് സിനിമയിൽ എത്തിപെട്ട്  എങ്കിലും പ്രയത്നം കൊണ്ടു തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.തെലുങ്കിൽ തന്നെ കുറെ അച്ഛൻ മക്കൾ "സംഭവങ്ങൾ " ഉണ്ടെങ്കിലും ചില മക്കൾ മാത്രമേ "തന്തക്ക്" വിളിപ്പിക്കാത്തവരായി ഉള്ളൂ.





അമേരിക്കൻ എൻ ആര് ഐ അവിടെ സകല ഒരുക്കങ്ങൾ നടത്തി  കല്യാണം കഴിക്കാൻ വേണ്ടി നാട്ടിലെത്തി പല പെണ്ണുകാണൽ നടത്തി എങ്കിലും ഒന്നും അങ്ങോട്ട്  ശരിയാകുന്നില്ല.അതിനിടയിൽ ജാതക പൊരുത്തം കൊണ്ട് റിജെക്റ്റ് ചെയ്യേണ്ടി വന്ന പെൺകുട്ടിയുടെ ഫോട്ടോ  അവളുടെ അച്ഛന് തിരിച്ചു കൊടുക്കുന്നതിനു പോകുമ്പോൾ അത് നഷ്ടപ്പെട്ടു പോകുന്നു .അവസാന ശ്രമത്തിന് സ്റ്റാൻഡ് അപ് കൊമേഡിയൻ ആയ അവളെ നേരിട്ട് കണ്ട് സംസാരിക്കുന്നതും അവളുടെ കല്യാണത്തെ കുറിച്ചുള്ള ചോദ്യങ്ങൾ പെണ്ണ് കാണൽ ചടങ്ങിന് ഉപയോഗിക്കുന്നത് കൊണ്ട് കോടതി വരെ കയറേണ്ടി വരുന്നു .


പിന്നീട് അവളെ  കുറിച്ചുള്ള കാര്യങ്ങൽ മനസ്സിലാക്കിയപ്പോൾ അവളിൽ ഇഷ്ട്ടം ജനിക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങൾ ഒക്കെയാണ് സിനിമ പറയുന്നതും.








നമ്മുടെ ഗോപി സുന്ദറിൻ്റെ ഗാനങ്ങൾ വളരെ ആശ്വാസമാണ്..നായിക പൂജ ഹെഗ്ഡെ നായകൻ അഖിൽ അക്കിനെനിയെക്കാളും ഭാവങ്ങൾ മുഖത്ത് വരുത്താൻ ശ്രമിക്കുന്നു എങ്കിലും ഡ്രസ്സ് കൊണ്ട് കാണികളെ കയ്യിലെടുത്തു എന്ന് പറയാം .പിന്നെ തെലുങ്കിലെ കുറെ ക്യാരക്ടർ നടീനടന്മാർ സപ്പോർട്ട് ചെയ്യുവാനും ഉണ്ടു ,എന്നിട്ടും വലിയ കാര്യം ഒന്നും ഇല്ല.


പ്ര. മോ .ദി .സം

Saturday, December 18, 2021

പുഷ്പ-പാർട്ട് 1 ദി റൈസ്

 



ആദ്യം തന്നെ പറയാം..അല്ലു അർജുൻ പൊളിച്ചു തകർത്തു തിമിർത്തു.. ആ വ്യത്യസ്തത ഗെറ്റപ്പ് ഉണ്ടല്ലോ ... വൗ...മാസ്സ്


സുനിൽ എന്ന ഒരു നടനുണ്ട് തെലുങ്കിൽ..അധികവും ഹാസ്യം ചെയ്തു കൊണ്ടിരുന്ന ആൾ..ഈ ചിത്രത്തിൽ ശരിക്കും ഞെട്ടിച്ചു..


രശ്മി മന്ദന ..നല്ല പോലെ തുടങ്ങി എങ്കിലും പിന്നെ നായകൻ്റെ നിഴലിൽ ആയി പോയി..




ഫഹദ് ഫാസിൽ..മല പോലെ വന്നു എലി പോലെ ഒടുങ്ങി...ചിലപ്പോൾ രണ്ടാം ഭാഗത്തിൽ വീണ്ടും മല ആകുമായിരിക്കും.എന്നാലും അല്ലുവിൻ്റെ വില്ലൻ ആകേണ്ട ലുക്കോ ശരീരമോ ഇല്ല... മൊട്ടയടിച്ചാൽ ഒന്നും ഗെറ്റപ്പ് ആകില്ല.


കഥയിൽ പുതുമ ഇല്ല എന്നാല് സുകുമാർ എന്ന ബ്രില്ലയൻ്റ് ഡയറക്ടറുടെ മെയ്കിങ് ...അതാണ് ഓരോ ഫ്രയിമിലും പുഷ്പ ബോറടി ഇല്ലാതെ ഇരുന്നു കാണുവാൻ പ്രേരിപ്പിക്കുന്നത്.മൂന്ന് മണിക്കൂർ ഉള്ള സിനിമ എങ്ങിനെ ഒരുക്കണം എന്ന് പലരും കണ്ടു പഠിക്കണം.




സ്റ്റണ്ട് രംഗങ്ങൾ അതാണ് അപാരം..ശരിക്കും രോമം ഒക്കെ എഴുനേറ്റു നിൽക്കും..വ്യത്യസ്ത രൂപം കൊണ്ടും ഭാവം കൊണ്ടും അല്ലു അർജുൻ  ഓരോ രംഗത്തിലും നമ്മെ കൊതിപ്പിക്കുകയാണ്..അത് ഗൗരവം ആയാലും ഹാസ്യം ആയാലും ശൃംഗാരം ആയാലും...സുനിൽ വരുന്ന രംഗങ്ങളിൽ സുനിലും..ആകെ മൊത്തം മാസ് പെർഫോർമൻസ്..



രക്തചന്ദനം കടത്തുന്ന കാട്ടുകള്ളന്മാരും പോലീസും തമ്മിലുള്ള പ്രശ്നങ്ങൾ ആണ് കഥ..അതിനിടയിൽ അച്ഛൻ ആരെന്ന് അറിഞ്ഞിട്ടും പുറത്ത് പറഞ്ഞാല് അടികിട്ടുന്ന പതിവ് സെൻ്റി ഡ്രാമ, അമ്മ മകൻ സെൻ്റി,പ്രേമം,അടി,ഐറ്റം സോങ്, ലൗ സോങ് ,തെലുഗു കൂട്ട് മസാല.


ഇനി രണ്ടാം ഭാഗത്തിന് കാത്തിരിക്കാം..ഇതിലും കിടിലൻ ആകും എന്ന് പ്രതീക്ഷിക്കാം.


പ്ര .മോ .ദി. സം

Friday, December 17, 2021

ജാൻ.എ.മൻ

 



വലിയ ചിത്രങ്ങൾ അരങ്ങ് തകർക്കുന്ന സമയത്ത് വന്ന ഒരു കൊച്ചു ചിത്രം  വലിയതോതിൽ ജനശ്രദ്ധ നേടുകയും  ചില ചിത്രങ്ങൾക്ക് വേണ്ടി സൈഡ് ആക്കിയെങ്കിലും ജനങ്ങളുടെ ആവശ്യം കണ്ടു തിരിച്ചു വന്നു കളക്ഷനിൽ ബഹുദൂരം പോയി ഹിറ്റ് ആകുകയും ചെയ്യുന്നത് അപൂർവതയാണ്.അങ്ങിനെ ഒരു സൗഭാഗ്യം ലഭിച്ച ചിത്രമാണ് നവാഗതനായ ചിദംബരം ഒരുക്കിയ ജാൻ. എ.മൻ.



കാനഡയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ജോമോൻ "ഒറ്റപ്പെട്ട" ജീവിതത്തിൽ നിന്നും ഒന്ന് റിലീവ് ആകുവാൻ നാട്ടിലെത്തി തൻ്റെ മുപ്പതാം ജന്മദിന ആഘോഷം സുഹൃത്തുക്കളുമായി അടിച്ചു പൊളിച്ചു ആഘോഷിക്കുവാൻ സുഹൃത്തിൻ്റെ വീട്ടിൽ എത്തുന്നു .ഒരുക്കങ്ങൾ പുരോഗിക്കുമ്പോൾ തൊട്ടപ്പുറത്തെ വീട്ടിലെ വല്യപ്പൻ മരണമടയുന്നു .




സ്വതവേ സ്വാർത്ഥമായ ജോയ് അതൊന്നും വകവെക്കാതെ ആഘോഷ പരിപാടികൾ മുന്നോട്ട് കൊണ്ടു പോകുന്നു.മരണവും ആഘോഷവും ഒന്നിച്ചു പോകുമ്പോൾ ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ് സിനിമ പറയുന്നത്.





ബാലു വർഗീസ് വേറിട്ട ലുക്ക് കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധ നേടുന്നു . ബേസിൽ തമ്പി തൻ്റെ പതിവ് "ഷോ" കാട്ടി ഇവിടെയും തകർത്തിട്ടുണ്ട്.ഇടക്കിടക്ക് അഭിനയിക്കാൻ വരാതെ സിനിമയിൽ അഭിനയം കൊണ്ട് നിറഞ്ഞു നിൽക്കാൻ ഉള്ള കാലിബറോക്കെ ബാസിലിനുണ്ട് .


ലാൽ ,ഗണപതി, അർജുൻ അശോകൻ തുടങ്ങി  അറിയുന്നവരും  അറിയാത്തവരായി  അഭിനയിച്ച ആളുകൾ മുഴുവൻ തകർത്ത ഈ ചിത്രം ജനശ്രദ്ധ നേടിയില്ലെങ്കിൽ മാത്രമേ അൽഭുതം ഉള്ളൂ..


രണ്ടു മണിക്കൂർ നല്ലൊരു ആസ്വാദനം നൽകുന്ന സിനിമയിൽ അവസാനത്തെ കൂട്ട തല്ല് അല്പം കല്ലുകടിയായി അനുഭവപ്പെടും എങ്കിലും പിന്നീട് അങ്ങോട്ട് വീണ്ടും ട്രാക്കിലേക്ക് വരുന്നുണ്ട്.


പ്ര.മോ.ദി .സം

വികസന ചിന്തകൾ

 



നമ്മുടെ നാട് വികസിക്കുന്നില്ല ഇവിടെ വ്യവസായം വളരുന്നില്ല  എന്ന് കരഞ്ഞു തുടങ്ങിയിട്ട് കാലങ്ങൾ  ആയി..എന്നാല് സർകാർ എന്തെങ്കിലും വികസനം കൊണ്ട് വരുമ്പോൾ എതിർക്കാൻ നമ്മൾ തന്നെ കൊടിയും പിടിച്ച് മുന്നിൽ ഉണ്ടാകും.


അതിനു രാഷ്ട്രീയപരമായ വ്യത്യാസം ഇല്ല എൽഡിഎഫ് കൊണ്ട് വന്നാൽ യുഡിഎഫ് എതിര് നിൽക്കും ഭരണം മാറുമ്പോൾ തിരിച്ചും..കാല കാലങ്ങൾ ആയി നമ്മുടെ പുരോഗതിക്ക് തടസ്സം നിൽക്കുന്നത് രാഷ്ട്രീയത്തിലെ ഈ ടോം  ആൻ്റ് ജെറി കളികൾ ആണ്. കാലാ കാലങ്ങളിൽ അതിൽ ഇപ്പൊൾ  ഭരിക്കുന്നവർ ഉണ്ടു പ്രതിപക്ഷത്ത് ഇരിക്കുന്നവർ ഉണ്ടു ഇതുവരെ ഭരണം കിട്ടാത്തവർ ഉണ്ട്.



എല്ലാവരേയും തൃപ്തിപ്പെടുത്തി ഒരു വികസനം എവിടെയും സാധ്യമല്ല.ചിലരുടെ നഷ്ട്ടങ്ങൾ തന്നെയാണ് എല്ലാ വികസനത്തിൻ്റെയും അടിത്തറ.


നമ്മുക്ക് നഷ്ട്ടം വരുന്നത് ഒക്കെ എതിർക്കുക എന്ന നയം തന്നെയാണ് നമ്മുടെ നാട്ടിൽ വികസനം വരാത്തതിന് ഒരു കാരണം..അത് ജനങ്ങളെ മാതം പറഞ്ഞിട്ടും കാര്യമില്ല .നഷ്ടപ്പെടുന്ന വർക്ക് മാത്രമേ അതിൻ്റെ വേദന അറിയൂ..അതുകൊണ്ട് തന്നെ നഷ്ടപരിഹാരം പുനരധിവാസം ഒക്കെ കൃത്യ സമയത്ത് ചെയ്താൽ നമ്മുടെ ജനങ്ങളും രാഷ്ട്രീയം മറന്ന് സർക്കാരിന് ഒന്നിച്ചു നിൽക്കും.



ഇപ്പൊൾ കേ റയിൽ ആണ് വിഷയം.ഈ പദ്ധതി എന്തിനാണ് എന്നതിന് വ്യക്തമായ ധാരണ പലർക്കും ഇല്ല.കാസർഗോഡ് നിന്ന് നാല് മണിക്കൂർ കൊണ്ട് ആർക്കാണ് തിരുവനന്തപുരം എത്തേണ്ടത്? ഇട്ടാ വട്ടത്തിൽ കറങ്ങുന്ന മെട്രോയിൽ പോലും ആളുകൾ കയറാതെ നഷ്ടത്തിൽ ഓടുമ്പോൾ വലിയ മുതൽ മുടക്കിൽ ഇതെങ്ങിനെ ലാഭം ആകും? ഇത് നമ്മുടെ നാടിൻ്റെ പരിതസ്ഥിതിയില് എന്തൊക്കെ മാറ്റം ഉണ്ടാക്കും? ഇത് പറഞ്ഞ സമയത്ത് തന്നെ കമ്മീഷൻ ചെയ്യുമോ? കാലാകാലങ്ങളിൽ ഉണ്ടാകുന്ന അപ്പ് ഗ്രേഡ് സാധ്യമാകുന്ന വിധത്തിൽ ആണോ ഡിസൈൻ ചെയ്തിരിക്കുന്നത്?ഇത് കൊണ്ട് നമ്മുടെ നാടിന് എതൊക്കെ വിധത്തിൽ മാറ്റം ഉണ്ടാകും?എത്രപേർക്ക് തൊഴിൽ കിട്ടും?നഷ്ടപരിഹാരം പുനരധിവാസം ഒക്കെ ചുവപ്പ് നാടയിൽ കുടുങ്ങിക്കിടന്ന അവസ്ഥയിൽ ആകുമോ? അങ്ങിനെ ചെറുതും വലുതുമായി അനേകം സംശയങ്ങൾ..


ഇങ്ങിനെ പലതരം സംശയങ്ങൾ ജനങ്ങൾക്ക് ഉണ്ടെങ്കിലും അതൊന്നും കൃത്യമായി   വ്യക്തമാക്കാതെ അവർക്ക് മനസ്സിലാക്കി കൊടുക്കാതെ ആരെതിർത്താലും എന്തൊക്കെ സംഭവിച്ചാലും  ഈ സർകാർ പദ്ധതി മുന്നോട്ട് തന്നെ  കൊണ്ടുപോകും എന്നുള്ള "ധാർഷ്ട്യം" തന്നെയാണ് ഇതിലെ വലിയ പോരായ്മ.


നമ്മുടെ മുന്നിൽ ഈ സർക്കാരിൻ്റെ" ഇച്ഛാശക്തി" കാട്ടിയ കൊക്കോനിക്സ് ലാപ് ടോപ്പും കേ ഫോണും ഒക്കെ "കട്ടപുറത്ത്" ഇരിക്കുമ്പോൾ ഇതുപോലെ ഒരു പദ്ധ്തി കൊണ്ട് വരുമ്പോൾ  അതിൻ്റെ ഗുണങ്ങൾ ചില്ലറ ദോഷങ്ങൾ ...അത് കൃത്യമായും വ്യക്തമായും ജനങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ട ബാധ്യത ബന്ധ പെട്ടവർക്ക് ഉണ്ട്..അതാണ് സർകാർ മറന്ന് പോകുന്നതും, അത് ചോദിക്കുന്നവർ വികസന വിരോധികൾ ആയി പോകുന്നതും.


വാൽകഷ്ണം: ഈ പദ്ധതി ഇവിടെ വ്യവസായം തുടങ്ങാൻ വരുന്നവർക്ക് എത്രയും പെട്ടെന്ന് കേരളത്തിൽ നിന്നും രക്ഷപ്പെടുവാൻ ഉള്ള യാത്രാ മാർഗം മാത്രമായി പോകരുത്.കാരണം ഇപ്പോളത്തെ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കൂടി പോയാൽ അവൻ ഒരിക്കലും പെട്ടെന്ന് കേരളം വിട്ടു പോകില്ല.


പ്ര. മോ .ദി .സം

Wednesday, December 15, 2021

സുമേഷ് & രമേഷ്

 



ചിലരുണ്ട്..സിനിമക്കു വേണ്ടി മാത്രം ജീവിക്കുന്ന ആൾകാർ..തൻ്റെ ഒരു സൃഷ്ടി എല്ലാവരും കാണണം എന്ന് നിർബന്ധബുദ്ധി ഉള്ള കലാകാരന്മാർ.കൊറോണ അല്ല അതിനപ്പുറം ഉള്ള മാരണങ്ങൾ വന്നാലും അവർ കുലുങ്ങി തങ്ങളുടെ സ്വപ്നം തകർക്കില്ല.



ഒ ടി ടീ എന്ന പണം പെട്ടെന്ന് കിട്ടുന്ന  വലിയ സാധ്യതകൾ ഉണ്ടായിട്ടും എന്തോ അവർ തിയേറ്ററിൽ കൂടി ജനങ്ങളെ കാണിക്കുവാൻ ആണ് കാത്തു നിന്നത്.ഏകദേശം ഒരു വർഷത്തിൽ കൂടുതലായി സുമേഷ് & രമേഷ് എന്ന പേരുകൾ നമ്മൾ കേട്ടു തുടങ്ങിയിട്ട്.  ഒ ടീ ടീ യില് ഇന്ന് ഇറങ്ങും നാളെ ഇറങ്ങും എന്ന് പലരും പ്രതീക്ഷിച്ചു എങ്കിലും  തിയേറ്ററിൽ ഇറക്ക്വാനുള്ള അവരുടെ കാത്തിരിപ്പിന് ഫലം ഉണ്ടായി എന്നാണ്  ബിഗ് സ്ക്രീനിൽ ഹൗസ്ഫുൾ ഷോകൾ തെളിയിക്കുന്നത്.




ഒരു കുടുംബത്തിലെ ആണുങ്ങൾ കുഴിമടിയൻമാരും അലസന്മാരും ആയാൽ കുടുംബം നോക്കാൻ പെണ്ണുങ്ങൾ ജോലിക്ക് പോകേണ്ടി വരും.എന്നിട്ടും യാതൊരു മുഷിച്ചലും പ്രകടിപ്പിക്കാതെ അവർ എല്ലാം സഹിച്ചു അവരെ നോക്കും.അവർ ചില നേരത്ത് പറയുന്ന കുത്തുവാക്കുകൾ നോവിക്കും എങ്കിൽ പോലും അടുത്ത നിമിഷത്തിൽ അവർ അതൊക്കെ മറന്ന് കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി പ്രയത്നം ചെയ്യും .


സുമേഷ് രമേഷ് അവരുടെ അച്ഛൻ ഒക്കെ അടിച്ചു പൊളിച്ചു കള്ള് കുടിച്ചും ക്രിക്കറ്റ് കളിച്ചു പ്രേമിച്ചു ഒക്കെ ജീവിക്കുമ്പോൾ അവരുടെ അമ്മ കഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു.പ്രശ്നങ്ങൾ ഓരോന്ന് വരുമ്പോഴും അവർ അത് ചിരിച്ചു കൊണ്ട് നേരിടുന്നു മറ്റുള്ളവർ എത്ര കിട്ടിയിട്ടും പഠിക്കാതെ സുഖ ജീവിതം തുടരുന്നു ..




നമുക്ക് ചുറ്റിലും ഉള്ള ജീവിതങ്ങൾ പകർത്തിയത് കൊണ്ടാണ് ഈ ചിത്രം ഹൃദ്യമാകുന്നത്.കുറെ സിനിമകളിൽ നമ്മൾ കണ്ട കാര്യം തന്നെയാണ് പകർത്തിയിരിക്കുന്നത് എങ്കില് കൂടി പുതിയ അവതരണം കൊണ്ട്  അതൊക്കെ നമുക്ക് ഇഷ്ടപ്പെടുന്നു .


പ്രേമം,പാട്ട്, വെള്ളമടി,സെൻ്റി മെൻ്റ്,ദാരിദ്ര്യം,അടിപിടി,തേപ്പ്,ഉഴപ്പു കോമഡി,ചിരി, അങ്ങിനെ എല്ലാം കൂട്ടി കുഴച്ച് നമുക്ക് മുന്നിലേക്ക് വച്ച് തരുമ്പോൾ അതിലെവിടെയോക്കെയോ നമ്മൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആണ്  കഥ മുന്നിലേക്ക് വച്ച് തരുന്നത്.



കാസ്റ്റിംഗ് അല്പം കൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ കുറച്ചുകൂടി ഹൃദ്യം ആകുമായിരുന്നു .ബാലു വർഗീസിനെക്കാളും നീരജ് മാധവ് ആയിരുന്നു ആ റോളിന് കൂടുതൽ ഇണങ്ങുക.ഗ്രീഷ്മ എന്ന നായിക ഒരു പരിചിതമുഖം ആയിരുന്നു എങ്കിൽ ക്ലൈമാക്സ് കൂടുതൽ ആസ്വദിച്ചേനെ...ക്ലൈമാക്സ് തന്നെയാണ് ഈ ചിത്രത്തിൻ്റെ ഹൈലൈററ്..നായികയെ പോലെ നമ്മളും നിർത്താതെ ചിരിച്ചേനെ...


പ്ര .മോ .ദി .സം

Tuesday, December 14, 2021

മുരിങ്ങക്കായി ചിപ്സ്

 



ദാമ്പത്യത്തിൽ മുരിങ്ങയുടെ പ്രാധാന്യം നല്ലവണ്ണം അറിയുന്ന സംവിധായകൻ തമിഴിൽ എടുത്ത ചിത്രം ദ്വയാർത്ഥ സംഭാഷണം കൊണ്ട് സമ്പന്നമാണ്.എത്തി കൊണ്ട് തന്നെ പരമ ബോറുമാണ്.


ഒരു കാലത്ത് തമിഴിലെ മുടിചൂടാ മന്നൻ ആയ ഭാഗ്യരാജ്ൻ്റെ മകൻ നായകൻ ആയ ചിത്രം എന്തുകൊണ്ട് ശന്തനു എന്ന ആ താരപുത്രന് ഉയരങ്ങൾ കീഴടക്കാൻ പറ്റുന്നില്ല എന്ന് അഭിനയത്തിലൂടെ തെളിയിക്കുന്നു .ഭാഗ്യരാജ് കൂടി അഭിനയിച്ച ഈ ചിത്രം കൊണ്ട് ആർക്കും വലിയ ഗുണം ഉണ്ടാകാനിടയില്ല..ഇതിൽ അഭിനയിക്കുന്നത് വിലക്കാനും ആ അച്ഛൻ മിനകെട്ടില്ല.



കല്യാണവും ആദ്യരാത്രിയും ആയി ഒരു ദിവസം  കൊണ്ട് അവസാനിക്കുന്ന ചിത്രം സഹിക്കാൻ കുറച്ചു ബുദ്ധിമുട്ടും.കാരണം കോമഡി എന്ന പേരിൽ കുറെ വളിപ്പുകൾ ആദ്യാവസാനം വാരി വിതറുന്നുണ്ട്.



ആദ്യരാത്രിയിൽ പെണ്ണിൻ്റെ ദേഹത്ത് ഒരു വിരൽ കൊണ്ട് പോലും സ്പർശിക്കുന്നത് വിലക്കുന്ന പെരിയവർ...അഥവാ അങ്ങിനെ എന്തെങ്കിലും സംഭവിച്ചാൽ നഷ്ടപ്പെട്ടു പോകുന്ന മുന്നൂറു കോടി കുടുംബ സ്വത്ത്..



അന്ന് തന്നെ ശാന്തി മുഹൂർത്തം നടന്നില്ലെങ്കിൽ കുടുംബത്തിലുള്ള ശാപം മൂലം കുട്ടികൾ ഇല്ലാതായി പോകും എന്ന് വധുവിനെ ഉപദേശിക്കുന്ന ആൻ്റി...അങ്ങിനെ ശാന്തി മുഹൂർത്തം "നടക്കാനും നടക്കാതിരിക്കുവാനും" ഉള്ള വരൻ്റെയും വധുവിൻ്റെയും പെടാപാടുകൾ ആണ് കഥ.




നല്ല നല്ല പരീക്ഷണങ്ങൾ കൊണ്ട് മുന്നിട്ടു നിൽക്കുന്ന തമിഴിൽ കാലംകെട്ട സമയത്ത്  തന്നെ ഇത്തരം ചിത്രങ്ങൾ  ഇറങ്ങുന്നുണ്ട് എന്നത് ആണ് ചിന്തിക്കേണ്ട വിഷയം.


പ്ര.മോ.ദി.സം

Monday, December 13, 2021

ലാൽബാഗ്

 



ബാംഗ്ലൂരിലെ ലാൽബാഗ് വളരെ പ്രസിദ്ധമാണ്.ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ബോട്ടാണിക്കൽ ഗാർഡൻ. ആ പേരിൽ പ്രശാന്ത് മുരളി ഒരുക്കിയിരിക്കുന്ന ക്രൈം ത്രില്ലർ ആണ് ലാൽബാഗ്..ഈ ചിത്രത്തിന് എന്തിനാണ് ആ പേരിട്ടത് എന്ന് സിനിമ കണ്ടു കഴിഞ്ഞു ചിന്തിക്കുന്നത് നല്ലതാണ്.



മകളുടെ ബർത്ത്ഡേ പാർട്ടി കഴിഞ്ഞ പിറ്റെ ദിവസം ഗൃഹനാഥൻ മരിച്ചു കിടക്കുന്നതായി കാണപ്പെടുന്നു.ആദ്യം സ്വാഭാവിക മരണം ആണെന്ന് കരുതി എങ്കിലും വിഷം ഉള്ളിൽ ചെന്നാണ് മരണപ്പെട്ടത് എന്ന് പോലീസ് മനസ്സിലാക്കുന്നു.പിന്നീട് അത് കൊലപാതകം ആണോ എന്നറിയാൻ പോലീസിൻ്റെ പഴുതടച്ചുള്ള അന്വേഷണം ആണ്.



അങ്ങിനെ കലങ്ങി മറിച്ച പോലീസ് അന്വേഷണത്തിൽ ചില സത്യങ്ങൾ മനസ്സിലാക്കുന്നത് ആണ് കഥാസാരം.രാഹുൽ മാധവ്,മംമത മോഹൻദാസ് ,സിജോയ് വർഗീസ്,നേഹ സക്സേന എന്നിവർക്ക് പുറമേ കുറെ പുതുമുഖങ്ങൾ കൂടി അണിനിരക്കുന്നുണ്ട്.



തൻ്റെ രണ്ടാമത്തെ ചിത്രത്തിൽ തന്നെ മലയാളത്തിന് കുറെ പുതുമുഖങ്ങളെ അണി നിരത്തി പ്രാധാന്യമുള്ള വേഷങ്ങൾ നൽകിയ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു.അവരൊക്കെ ചിലപ്പോൾ കന്നഡ താരങ്ങൾ ആവാനും ചാൻസ് ഉണ്ട്.



കന്നഡയും മലയാളവും നന്നായി അറിയുന്നവർക്ക് നല്ല നിലയിൽ ആസ്വദിക്കുവാൻ കഴിയും..അല്ലാത്തവർ സബ് ടൈറ്റിൽ നോക്കി മനസ്സിലാക്കുമ്പോൾ ആസ്വാദനം നഷ്ട്ടപെട്ട അവസ്ഥ ആയിപോകാൻ ചാൻസ് ഉണ്ട്.ചിത്രത്തിൻ്റെ ഒരു നെഗറ്റീവ് ഇതാണ്..തമിഴും ഹിന്ദിയും മനസ്സിലാക്കുന്നത് പോലെ കന്നഡ മനസ്സിലാക്കുവാൻ നമ്മുടെ പ്രേക്ഷകർക്ക് കഴിയില്ല.



ചുരുങ്ങിയ സമയം കൊണ്ട് നല്ലൊരു ത്രില്ലർ നൽകിയെങ്കിലും കഥാവസാനം ഒക്കെ നമുക്ക് ഊഹിക്കാൻ പറ്റുന്നത് കൊണ്ട് അത് തന്നെയല്ലേ സംഭവിക്കുക എന്ന് അറിയാൻ  മാത്രം അവസാനം വരെ ആകാംഷയോടെ കാണാം


പ്ര .മോ. ദി .സം

Sunday, December 12, 2021

ബോബ് ബിശ്വാസ്

 



അഭിഷേക് ബച്ചൻ അമിതാഭ് ബച്ചൻ്റെ മകൻ ആണെങ്കിലും ബോളിവുഡിൽ പരാജയപ്പെട്ട നടനാണ്.ചില മൾട്ടി സ്റ്റാർ ചിത്രങ്ങൾ നിലനിൽപ്പിന് സഹായിച്ചു എന്നല്ലാതെ മറ്റു നടന്മാരെ പോലെ സ്വന്തമായി വിജയം കാണുവാൻ വളരെ കഷ്ടപ്പെടുന്ന അഭിനേതാവ് ആണ്.






അഭിനയത്തിൻ്റെ കാര്യത്തിൽ പോലും ആവറേജ് ആയ അഭിഷേക് ബോബ് ബിശ്വാസ് എന്ന ചിത്രത്തിൽ നമ്മളെ ഞെട്ടിക്കുകയാണ്.മേക്കോവർ അപാരം തന്നെ..ബോബ് ബിശ്വാസ് ആയി സിനിമയിൽ ഉടനീളംതകർത്തു എന്ന് തന്നെ പറയാം.


കഹാനി എന്ന ചിത്രത്തിലെ ബോബ് ബിശ്വാസ് എന്ന കഥാപാത്രം ഡെവലപ്പ് ചെയ്താണ് ഈ സിനിമ ഉണ്ടാക്കിയത് എന്ന് കാണിക്കുന്നുണ്ട്. എട്ട് വർഷത്തോളം കോമയിൽ ആയിപോയ ആ വാടക കൊലയാളിക്ക്  ജീവിതത്തിലെ തിരിച്ചുവരവിൽ ഒന്നും ഓർമ കാണുന്നില്ല.ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന വീട്ടിലേക്ക് വരുന്ന അയാളെ ഭൂതകാല ചെയ്തികൾ വീണ്ടും ക്രൈംമിലേക്ക് നയിക്കുന്ന അവസ്ഥ ഉണ്ടാക്കുന്നു .അത് പോലും പോലീസുകാരുടെ നിർബന്ധത്തിന് വഴങ്ങി കൊണ്ട്..






അങ്ങിനെ ഏറ്റെടുത്ത ഒരു "കോൺട്രാക്റ്റ്" ജോലിക്കിടയിൽ എത്തിപെട്ട   സ്ഥലം കാണുമ്പോൾ അയാൾക്ക് പലതും ഓർമ വരുന്നു . വീട്ടിലുള്ളത്  തൻ്റെ മകളല്ല എന്നും   താൻ രണ്ടാം അച്ഛൻ ആണെന്നും   അവള് എങ്ങിനെ തൻ്റെ ഭാര്യയായി എന്നുള്ള അയാളുടെ തിരിച്ചറിവ് പല സത്യങ്ങൾ കൂടി അയാളിലേക്ക് എത്തിക്കുന്നു..






നമ്മളെ ബോറടിപ്പിക്കാതെ  നല്ല രീതിയിൽ തന്നെ ഷാരൂഖ് ഖാൻ്റെ റെഡ് ചില്ലീസ് കൂടി  നിർമിച്ച ഈ ചിത്രം ദിയ അന്നപൂർണ ഘോഷ് എന്ന സംവിധായക മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്.കാഹാനിയുടെ സംവിധായകൻ സുജോയ് ഘോഷ് ആണ് എഴുതിയിരിക്കുന്നത്..സംവിധായിക ആദ്ദേഹത്തിൻ്റെ മകളും..


പ്ര.മോ. ദി .സം