Sunday, August 15, 2021

ബുജ് -ദി പ്രൈഡ് ഓഫ് ഇന്ത്യ

 


വിഭജനം എന്നും വേദന തന്നെയാണ്.അത് കൊണ്ട് തന്നെയാണ്  ഈ പ്രാവശ്യത്തെ സ്വതന്ത്രദിന സന്ദേശത്തിൽ വിഭജനത്തിൻ്റെ വേദനയെ കുറിച്ച്  പ്രധാനമന്ത്രി  പരാമർശിച്ചത്.



വിഭജിച്ച് പുറത്ത് പോയി പുതിയ ഒരു രാജ്യം ആയാൽ പിന്നെ അവിടെ അടങ്ങി ഒതുങ്ങി രാജ്യ കാര്യങ്ങളും മറ്റുമായി മുഴുകി ജനനന്മക്കു വേണ്ട കാര്യങൾ ചെയ്തു ഭരിക്കണം.പക്ഷേ പിണങ്ങി പോയവര്  വീണ്ടും ഇന്ത്യ എന്ന മഹാരാജ്യത്തെ ചൊറിയാൻ വന്നാൽ ആരായാലും കിട്ടേണ്ടത് വാങ്ങി തലകുനിച്ചു പോവേണ്ടി വരും..



അങ്ങിനെ വീണ്ടും ചൊറിയാൻ വന്ന പാകിസ്ഥാനെ പാഠം പഠിപ്പിച്ചു അവരിൽ നിന്നും വേർപെടുത്തി ബംഗ്ലാദേശ് എന്നൊരു രാജ്യം കൂടി ഉണ്ടായ കഥയാണ് അഭിഷേക് ദുഹായ്യ സംവിധാനം ചെയ്ത "ബുജ്-ദി പ്രൈഡ് ഓഫ് ഇന്ത്യ.



വിജയ് ശ്രീനിവാസ കർണിക് എന്ന എയർഫോഴ്സ് ഓഫീസർ ബുജ് എന്ന ഗ്രാമത്തിലെ ഗ്രാമീണരെ മാത്രം ഉൾപ്പെടുത്തി ഒറ്റ രാത്രി കൊണ്ട് എയർ സ്റ്റ്റിപ്പ് ഉണ്ടാക്കിയ  യഥാർത്ഥ സംഭവത്തിൻ്റെ സിനിമാ ഭാഷ്യം കൂടിയാണിത്.


അജയ് ദേവ്ഗൺ,സഞ്ജയ് ദത്ത്,ശരദ് കേക്കാർ,സോനാക്ഷി സിൻഹ, പ്രനിത, നോര ഫത്തേഹ് തുടങ്ങി വലിയൊരു താര നിര തന്നെ അനി നിരക്കുന്നുണ്ട്.



ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന മയ്കിങ് തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. തിയേറ്ററിൽ ശരിക്കും ആസ്വദിക്കാൻ പറ്റിയ പടം ഒ ടീ ടീ പ്ലാറ്റ്ഫോമിൽ ആവുമ്പോൾ അതിൻ്റെ ന്യൂനതകൾ കടന്നു വരും.



എല്ലാ സ്വതന്ത്ര ദിനത്തിലും ഇത്തരം സിനിമകൾ ഇറക്കുന്നത് ഇപ്പൊൾ ഒരു ചടങ്ങ് ആയത് കൊണ്ട് വരും വർഷങ്ങളിലും ഇത് പോലെ ഉള്ള സിനിമകൾ പ്രതീക്ഷിക്കാവുന്നതാണ്.


പ്ര .മോ. ദി .സം

Saturday, August 14, 2021

നെട്രിക്കൺ

 



"മനസ്സിനക്കരെ" എന്ന ചിത്രത്തിൽ കൂടി കടന്നു വന്നു പയ്യെ പയ്യെ തെന്നിന്ത്യൻ സിനിമയിലെ രാജകുമാരിയായ ഒരു മലയാള നടി ഉണ്ട്..നയൻതാര... വൺ ടൈം വണ്ടർ എന്ന് അയലത്തുകാർ പറഞ്ഞപ്പോഴും അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ജന മനസ്സുകളിൽ കയറി പറ്റി അവർ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയായി മാറി.പലപ്പോഴും മലയാള സിനിമക്ക് താങ്ങുവാൻ പറ്റാത്ത പ്രതിഫലം ആയത് കൊണ്ട് തന്നെ മലയാളത്തിലെ നിർമാതാക്കൾ നയനെ "തഴഞ്ഞു ".



ഇപ്പൊൾ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരം മാത്രമേ ഉള്ളൂ..പല സൂപ്പർ താരങ്ങളുടെയും അരിക് പറ്റി  മാത്രം അവർ ആ നിലയിലേക്ക് എത്തിയതല്ല...തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ടും സ്വന്തം അധ്വാനം കൊണ്ടു  മാത്രം അത് വിജയിപ്പിച്ചു എടുക്കുന്നതും കൊണ്ടാണ്...



അവരുടെ ഈ അടുത്ത കാലത്ത് ഇറങ്ങിയ   ചിത്രങ്ങൾ മാത്രം പരിശോധിച്ചാൽ മതി ഒക്കെ വിജയിച്ചത് മാത്രമല്ല അതിൽ എല്ലാം രണ്ടാംകിട നായകരും ആയിരുന്നു..എന്നിട്ട് പോലും സിനിമകൾ തകർത്ത് ഓടി പണം വാരുന്നു എങ്കിൽ അത് നയൻ്റെ കഴിവ് കൊണ്ട് മാത്രമാണ്.



സിബിഐ ഓഫീസർ ആയ ദുർഗ ക്കു ഒരു അപകടത്തില് പെട്ടു തൻ്റെ സഹോദരനെയും സ്വന്തം കണ്ണുകളെയും നഷ്ടപ്പെടുന്നു. പല കാരണങ്ങൾ കൊണ്ട് ഡോണറെ കിട്ടാത്തത് കൊണ്ട് അന്ധയായ ജീവിതം നയിക്കുന്ന അവർ ഒരു "സെക്സ് "സൈക്കോവിൻ്റെ പിടിയിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപെടുന്നു. അടുത്തടുത്ത് കാണാതായ പെൺകുട്ടികൾ പലതും ഇയാളുടെ പിടിയിൽ പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കിയ അവർ അവരെ തേടി  "സാക്ഷി"യുടെയും പോലീസ് ഉദ്യോഗസ്ഥൻ്റെയും സഹായത്തോടെ അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു പോകുന്നു. ആ സംഭവ വികാസങ്ങൾ ആണ്  മിലി ന്ത് റാവ് സംവിധാനം ചെയ്യുന്ന ഈ ക്രൈം ത്രില്ലർ  ചിത്രം പറയുന്നത്.



ഇതിൽ നമ്മളെ ഞെട്ടിക്കുന്ന മറ്റൊരു കഥാപാത്രം അജ്മൽ അവതരിപ്പിക്കുന്ന ഡോക്റ്റർ ആണ്.അജ്മൽ ആരാണെന്ന് അറിയോ ! "പ്രണയകാലം" എന്ന മൂസികൽ സിനിമയിലെ നായകൻ..മനസ്സിലായില്ല അല്ലേ നമ്മുടെ ലാലേട്ടൻ്റെ അനിയൻ ആയി" മാടമ്പി"യിൽ തകർത്തഭിനയിച്ച ചെക്കൻ..അവനും പോയി ക്ലച്ച് പിടിച്ചത് മറ്റു ഭാഷകളിൽ തന്നെ ആണ്. അന്ധയായ നയൻതാരയുടേയും വില്ലനായ അജ്മലിൻ്റെയും കൂടെ മണികണ്ഠൻ ,ശരൻ എന്നിവരും സപ്പോർട്ട് ആയി കൂട്ടിനുണ്ട്.



രണ്ടര മണിക്കൂറോളം ഉള്ള ഈ ത്രില്ലർ സിനിമ ഇവരുടെയൊക്കെ പ്രകടനം കൊണ്ട് മുഷിവു ഇല്ലാതെ കണ്ടു രസിക്കാം.


പ്ര .മോ .ദി .സം

Thursday, August 12, 2021

ചക്ര

 



ഇന്ത്യ ഡിജിറ്റൽ ആയി മാറിയിട്ട് അധികം വർഷങ്ങൾ ആയിട്ടില്ല . നമ്മുടെ സ്മാർട്ട് ഫോണിൽ വിരൽതുമ്പു കൊണ്ട് ലോകത്തെ സകല വിവരങ്ങളും അറിയുവാനും നമ്മുടെ സകല കാര്യങ്ങളും പങ്ക് വെക്കുവാനും തുടങ്ങിയപ്പോൾ ക്രിമിനലുകൾ അതിൻ്റെ സാധ്യതകൾ മിസ്സ്യൂസ് ചെയ്യുവാൻ തുടങ്ങി.  നമ്മൾ പങ്ക് വെക്കുന്നത് ഒക്കെ ചോർത്തി നമുക്ക് തന്നെ ആപ്പ് വെക്കുന്ന അനേകം കേസുകൾ ദിനം പ്രതി പത്രത്തിലും ന്യുസ് ചാനലിലും വരുന്നുണ്ട്.ആ കഥയാണ് വിശാൽ നിർമിച്ചു ആനന്ദൻ സംവിധാനം ചെയ്ത "ചക്ര "എന്ന തമിഴ് സിനിമ.



ഒരു സ്വതന്ത്ര ദിനത്തിൽ സിറ്റിയിലെ അൻപതോളം വീടുകളിൽ  കോടികളുടെ റോബറി നടക്കുന്നു. അതും ആർക്കും പരിക്കേൽക്കാതെ തോക്കിൻ്റെ മുൻപിൽ നിർത്തി മുഖംമൂടി അണിഞ്ഞ രണ്ടു പേര്...അതിൽ അച്ഛന് കിട്ടിയ പരംവീര ചക്ര കൂടി നഷ്ടപ്പെടുമ്പോൾ സൈനികനായ മകന് ദേശബോധം ഉണരുകയും  സുഹൃത്തായ പോലീസ് ഓഫിസറുടെ കൂടെ അതിനു പിന്നാലെ പോയി കണ്ടു പിടിക്കുന്നതും ആണ് കഥാസാരം.



വിശാൽ എന്ന നടൻ തമിഴിൽ കസേര നീട്ടി ഇരുന്നിട്ട് വർഷങ്ങൾ ആയി.ഇപ്പോഴും നല്ല എൻ്റർടൈൻ നൽകുന്നതിൽ മുൻപന്തിയിൽ തന്നെ ഉണ്ടു താനും.അജിത്ത്, സൂര്യയെ പോലെ വിത്യസ്ത വേഷങ്ങൾ സ്വീകരിക്കാതെ ഒരേ പാറ്റേണിൽ "വിജയ്" കളിക്കുകയാണ് വിശാൽ ..എങ്കിലും ചിത്രങ്ങളിൽ എന്തെങ്കിലും ആകർഷണം ഉണ്ടാകും.അത് ഈ സിനിമയിലും കാണുന്നുണ്ട്.സൈനികനായി കിടിലൻ ലുക്കിൽ തന്നെയാണ് വിശാൽ പൂണ്ടു വിളയാടുന്നത്.



റജീന കസാന്ദ്രയുടെ  ചെസ്സ്   കോ  ച്ച്  ആയിട്ടുള്ള വ്യതസ്ത മുഖമാണ് ചിത്രത്തിൻ്റെ മറ്റൊരു  ആകർഷണീയത.കൂടെ ശ്രദ്ധ ശ്രീനാഥിൻ്റെ പോലീസ് വേഷവും.വർഷങ്ങൾക്കു ശേഷം കെ ആർ വിജയയും സ്ക്രീനിൽ എത്തുന്നുണ്ട്.



യുവൻ ശങ്കർ രാജ സംഗീത സംവിധാനം ചെയ്തിട്ടു കൂടി ഒരേ ഒരു പാട്ട് മാത്രമേ മുഴുവനായും ഉള്ളൂ...എങ്കിലും യുവൻ പാശ്ചാത്തലത്തിൽ നല്ല രീതിയിൽ ചെയ്തിട്ടുണ്ട്.


"അത്യാഗ്രഹം" ഒന്നും ഇല്ലെങ്കിൽ കാണാൻ പറ്റിയ നല്ലൊരു എൻ്റർ ടൈനർ തന്നെയാണ് "ചക്ര."


പ്ര .മോ. ദി. സം

Wednesday, August 11, 2021

കുരുതി

 



വെറുപ്പ്..അതാണ് മനുഷ്യൻ്റെ  ഇന്നിൻ്റെ ഏറ്റവും വലിയ ശാപം.വയറെരിഞ്ഞാലും കൂര ചോർന്നാലും ചോര വാർന്നാലും അവനിലെ വെറുപ്പ് പകയായി മാറി ശത്രുവിനെ ഇല്ലായ്മ ചെയ്യുന്നത് വരെ അത് ഒരിക്കലും അടങ്ങിയിരിക്കുകയില്ല...


 ദൈവത്തിൻ്റെ വാക്കുകൾ ധിക്കരിച്ചു കായ്കനികൾ തിന്നതല്ല ജാതിയുടെയും മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ സഹോദരൻ്റെ ജീവനെടുക്കുന്ന നിമിഷമാണ് ആദ്യപാപം ആയി കണക്കാക്കേണ്ടത്.



മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് . അതിൻ്റെ പിടിയിൽ പെട്ടുപോയാൽ പിന്നെ ചെയ്യുന്നത് ഒക്കെയും ദൈവത്തിൻ്റെ പേരിൽ എന്ന നിലയിൽ ഉള്ള പൊള്ളത്തരങ്ങളും കാപട്യവും മാത്രമാണ്. അതൊരിക്കലും വേദപുസ്തകം വായിച്ചു പഠിച്ച രീതി ആയിരിക്കില്ല..ഏതെങ്കിലും മതമൗലിക വാദികൾ തെറ്റിദ്ധരിപ്പിച്ചു കൊടുത്ത "വിഷങ്ങൾ "മാത്രം ആയിരിക്കും.


ഈ അടുത്തകാലത്ത് "ഈശോ" എന്ന ചിത്രത്തിന് വേണ്ടിയും കാലങ്ങൾക്ക് മുൻപ് "രാക്ഷസ രാമൻ'" എന്ന ചിത്രത്തിന് വേണ്ടിയും അതിനിടയിൽ പലതരം സിനിമകൾക്ക് വേണ്ടിയും മത വാദികൾ ഉറഞ്ഞ് തുള്ളി..ചിത്രം കണ്ടാൽ അതിൽ അവരെ അവഹേളിക്കുന്ന ഒന്നും ഇല്ലെന്ന് മനസ്സിലാകും... അപ്പോൾ ഇതിൻ്റെ ഒക്കെ പിന്നിൽ ചില പബ്ലിസിറ്റി കോക്കസ് ഉണ്ടെന്ന് നിശ്ചയം. ആ കൂട്ടത്തിലേക്ക് കുരുതിയും എത്തിപ്പെടെണ്ടത് ആയിരുന്നു.



കുരുതി എന്ന ഈ ചിത്രം തിയേറ്റർ റിലീസ് ആയിരുന്നു എങ്കിൽ ചിലപ്പോൾ ചിലയിടത്ത് എങ്കിലും ചില ഉരസലുകൾ നടന്നേക്കും എന്നൊരു ഭീതിയുണ്ട്...ഈ ചിത്രം നമ്മുടെ ഇന്നിൻ്റെ കഥയാണ് പറയുന്നത് എങ്കിലും ഇങ്ങിനെയൊക്കെ നടക്കുമോ എന്ന് പ്രേക്ഷകന് സംശയം വന്നേക്കും.അത്രക്ക് നാടകീയത കുത്തി നിറച്ചു വെച്ചിട്ടുണ്ട്.



പൃഥ്വിരാജ് നല്ലൊരു നടനാണ് എന്ന് പറയാൻ പറ്റില്ല നല്ലൊരു പെർഫോർമർ  മാത്രം ആണ്.കൂടാതെ അതി ബുദ്ധിമാൻ കൂടിയാണ്.അത് കൊണ്ട് തന്നെയാണ് സ്വന്തമായി നിർമിച്ച ഈ  സിനിമയിൽ ഇത്തരം ഒരു റോൾ ചെയ്യാൻ സാഹസം കാട്ടിയിട്ടുണ്ടാകുക. പ്രസംഗിക്കുന്ന കാര്യങ്ങൽ അതേപടി നിലനിർത്തി പോകുവാൻ ശ്രമിച്ചിരുന്നു എങ്കിൽ കുറച്ചുകൂടി ജനപ്രീതി കിട്ടിയേനെ..പലപ്പോഴും പ്രകടനങ്ങൾ  "സീസണൽ" ആയി പോകുന്നത് തന്നെയാണ് വലിയ പോരായ്മ.. ഇപ്പൊൾ തന്നെ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾക്കു  നെഗറ്റീവ് പബ്ലിസിറ്റി കൊടുത്തു തകർക്കുവാൻ ഒരു പട തന്നെയുണ്ട് താനും..കുരുതിയിലൂടെ അത് വീണ്ടും കൂടുവാനാണ് സാധ്യത.



മനു വാര്യർ എന്ന പുതുമുഖ സംവിധായകൻ തൻ്റെ വരവ് എന്തായാലും ഈ രണ്ടു മണിക്കൂർ ചിത്രം കൊണ്ട് അറിയിക്കുന്നു.

ജെക്ക്സു ബിജോയ്  ഒരുക്കിയ

 ബി ജി എം നല്ലൊരു മൂഡ് ക്രിയേറ്റ് ചെയ്യുന്നുണ്ട്.


"കള" എന്ന ചിത്രത്തിന് ശേഷം ഇത്രകണ്ട് വയലൻസ് കുത്തിനിറച്ച മറ്റൊരു ചിത്രം കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്.ഇതിനെ വളർത്താൻ ആണോ കുരുതി കൊടുക്കാൻ ആണോ എന്ന് തീരുമാനിക്കേണ്ടത് നമ്മൾ പ്രേക്ഷകരാണ്.


പ്ര .മോ. ദി .സം

Saturday, August 7, 2021

നവരസ




ഉദയനാണ് താരം എന്ന ചിത്രത്തിൽ നമ്മുടെ ജഗതി ശ്രീകുമാർ നായകനായ ശ്രീനിവാസനെ നവരസങ്ങൾ കാണിക്കുന്ന ഒരു രംഗമുണ്ട്.അതിൽ  നന്നായി തന്നെ ജഗതി എല്ലാ ഭാവങ്ങളും കാണിച്ചു തരുന്നുണ്ട് എങ്കിൽ പോലും ചില ഭാവങ്ങൾ കാണുമ്പോൾ ചിലർക്ക്  ഒരു "പോരായ്മ" തോന്നുന്നുണ്ട്. അത് അവർക്ക് നവരസങ്ങൾ എന്താണെന്ന് പൂർണമായും അറിയാത്തത് കൊണ്ടാണെന്ന്  ചിലർ വാദിച്ചാൽ പോലും ചില ഭാവങ്ങൾ സത്യത്തിൽ പൂർണമായും  നമുക്ക് പലർക്കും ആസ്വദിക്കുവാൻ കഴിഞ്ഞിട്ടില്ല. കാരണം ചില ഭാവങ്ങൾ മിന്നി മറയണമെങ്കിൽ ചില "ആടയാഭരണങ്ങൾ "കൂടി സഹായിക്കണം എങ്കിലേ പൂർണത വരൂ..



"നവരസ "സിനിമയുടെ പരീക്ഷണം നമ്മുടെ ജയരാജ് എന്ന പ്രഗൽഭ സംവിധായകൻ വർഷങ്ങൾക്കു മുൻപ് തുടങ്ങിയതാണ് .അദ്ദേഹം ഒരു സിനിമ പൂർണമായും ഒരു "രസ"ത്തിൽ എടുത്ത് കൊണ്ടാണ് ചെയ്യുന്നത്.അത് കൊണ്ട് തന്നെ എല്ലാ രസങ്ങളുടെയും ചിത്രങ്ങൾ പൂർത്തിയായിട്ടില്ല.



നവരസ എന്ന പേരിൽ ആ ഒൻപത്  രസങ്ങളുടെ കഥയാണ് മണിരത്നവും കൂട്ടരും ഒരുക്കിയിരിക്കുന്നത്.അതിൽ ഹാസ്യം,ബീഭത്സം,രൗദ്രം എന്നിവ ഒട്ടു മിക്കവർക്കും ഇഷ്ടപ്പെടും.മറ്റു രസങ്ങളുടെ കഥ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല.  അത് ഓരോരുത്തരുടെയും ടേസ്റ്റ് പോലെ അനുഭവപ്പെടും .



അതാണ് മുൻപേ പറഞ്ഞ 

" ആടയാഭരണങ്ങളും "മറ്റും സപ്പോർട്ട് ചെയ്യുവാൻ പറ്റാത്തത് കൊണ്ടുള്ള അപൂർണ്ണത.


മലയാളത്തിൽ കേരള കഫെ തുടങ്ങി ഇടക്കിടക്ക് ഇത്തരം കുഞ്ഞു കുഞ്ഞു കഥകൾ കൊണ്ട് ചിത്രങ്ങൾ ഉണ്ടാകാറുണ്ട്.പക്ഷേ തമിഴിൽ ഈ അടുത്ത കാലം മുതലാണ് ഇങ്ങനത്തെ ചിത്രങ്ങൾ ഉണ്ടായത് എന്നു തോന്നുന്നു. ഈ മഹാമാരി കാലത്ത് കാണുന്ന നാലാമത്തെ തമിഴു ചിത്രമാണിത്.



സൂര്യ,വിജയ് സേതുപതി,പ്രകാശ് രാജ്,രേവതി,അരവിന്ദ് സ്വാമി,സിദ്ധാർത്ഥ്,പാർവതി തിരുവോത്ത് എന്നീ കാലം തെളിയിച്ച പ്രതിഭകൾ ഉണ്ടായാലും അവരുടെ ചിത്രങ്ങളെക്കാളും നവരസയിൽ കയ്യടി നേടുന്നത് മറ്റു ചില അഭിനേതാക്കളുടെ "രസങ്ങൾ " തന്നെയാണ്.



 സിദ്ധാർത്ഥ്,  ഡൽഹി ഗണേഷ,  രേവതി,യോഗി ബാബു,നെടുമുടി വേണു,മണി കുട്ടൻ,രമ്യ നമ്പീശൻ,പ്രയാഗ മാർട്ടിൻ,കാർത്തിക് സുബ്ബരാജ്, ബിജോയ് നമ്പ്യാർ,കാർത്തിക് നരേൻ,പ്രസന്ന,പ്രിയദർശൻ,

ഗൗതം മേനോൻ,വസന്ത് ,

മണി രത്നം,AR റഹ്മാൻ ,കാർത്തിക് ,തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ കുറെ പേരുടെ ത്യാഗം തന്നെയാണ് ഈ ചിത്രം .



കോവിടിൻ്റെ കൈപ്പിടിയിൽ പെട്ട് ഉപജീവനം നഷ്ടപ്പെട്ടു പോയ സിനിമാ രംഗത്തെ സഹപ്രവർത്തകരായ പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സിനിമ. ഇതിൻ്റെ ലാഭം കൊണ്ട് അതിജീവിക്കുവാൻ പോകുന്നത് തമിൾ സിനിമ കൂടിയാണ്. അത് കൊണ്ട് തന്നെ നവരസങ്ങൾക്കു മാധുര്യം കുറഞ്ഞാൽ പോലും അത് നമ്മൾ തീർച്ചയായും ആസ്വദിക്കണം.അത് നമുക്ക് ചുറ്റിലും ജീവിക്കുന്ന  കലാകാരന്മാർക്ക് നമ്മൾ കൊടുക്കുന്ന ഒരു ആദരം കൂടിയാണ്


പ്ര. മോ. ദി. സം

Monday, August 2, 2021

നവംബർ സ്റ്റോറി

 



കോവിഡ് മഹാമാരി തകർത്ത്  കളഞ്ഞത് നമ്മുടെ ഒക്കെ ജീവിതവും പ്രതീക്ഷകളും തന്നെയാണ്.ഒരു വർഷത്തിനുള്ളിൽ എല്ലാറ്റിനും പരിഹാരം ഉണ്ടാകും എന്ന് കരുതി പ്രതീക്ഷയോടെ നമ്മൾ കാത്തു നിന്നെങ്കിലും അത് രണ്ടാം തരംഗം ആയും മൂന്നാം തരംഗം ഒക്കെ ആയി ഇവിടെ തന്നെ ചുറ്റി കറങ്ങുകയാണ് . 


അതുകൊണ്ട് തന്നെ പലരും അതിജീവനത്തിന് പുതുവഴികൾ തേടുകയാണ് .സിനിമ മേഖലയിലും അങ്ങിനെ തന്നെ..



വെള്ളിവെളിച്ചം കൊണ്ട് സമ്പന്നതയുടെ മടിത്തട്ടിൽ വിരാജിച്ചവർ ഒക്കെ പൊടുന്നനെ ഇരുണ്ട വെളിച്ചത്തിൽ ജീവിക്കുവാൻ പെടാപാട് പെടുന്ന അവസ്ഥയാണ്.നല്ല കാലത്ത് കരുതി വെച്ചവർ മാത്രം ഇപ്പോഴും സകലതിനെയും അതിജീവിക്കുന്നു.



 നിർമാണ മേഖലയും തിയേറ്റർ മേഖലയും അനിശ്ചിതത്തത്തിൽ ആയി പോയപ്പോൾ  ഷൂട്ടിംഗ് കഴിഞ്ഞ സിനിമകൾ നഷ്ടം സഹിച്ചും ഒ ടീ ടീ റിലീസ് കൊണ്ടും ടെലിവിഷൻ റിലീസ് കൊണ്ടും മറ്റും സിനിമയിലെ ഒരു വിഭാഗം അതിജീവനം തുടങ്ങിയിരിക്കുന്നു .


പരിമിതമായ ചുറ്റുപാടുകളിൽ പറ്റാവുന്ന രീതിയിൽ വെബ് സീരീസുകൾ നിർമ്മിച്ച് ചിലർ അതിജീവനത്തിൻ്റെ പുതുവഴികൾ തേടുന്നു.



അങ്ങിനെ അടുത്ത കാലത്ത് കണ്ട നല്ലൊരു ത്രില്ലർ സീരീസ് ആണ് നവംബർ സ്റ്റോറി.ദക്ഷിണേന്ത്യ വാണിരുന്ന തമന്ന ഭാട്ടിയ കേന്ദ്രകഥാപാത്രമായി ഇന്ദ്ര സുബ്രമണ്യം എഴുതി സംവിധാനം ചെയ്ത സീരീസ് നല്ല രീതിയിൽ ചെയ്തിട്ടുണ്ട്.ഏഴ് എപ്പിസോഡുകൾ ആണെന്ന് തോന്നുന്നു.എല്ലാം നല്ല വാച്ച്ചിങ് മൂഡ് ക്രീയേററ് ചെയ്യുന്നുണ്ട്.


പശുപതി,G M കുമാർ,നമിത കൃഷ്ണമൂർത്തി,വിവേക് പ്രസന്ന,അരുൾ ദാസ്,മൈന തുടങ്ങി സിനിമ മേഖലയിൽ ഉളളവർ തന്നെയാണ് ഇതിനു വേണ്ടി സഹകരിച്ചിരിക്കുന്നത്.


പ്രശസ്തനായ എന്നാല് ഇപ്പൊൾ അൽഷിമേഴ്സ് ബാധിച്ച എഴുത്തുകാരൻ ചെയ്യുന്ന ഒരു കൊലപാതകത്തിൻ്റെ പിന്നാലെ അവരുടെ മകളും പോലീസും നടത്തുന്ന അന്വേഷണങ്ങൾ ആണ്  യഥാർത്ഥ കഥ. അതിനിടയിൽ പലരുടെയും ജീവിതങ്ങൾ ബന്ധപ്പെട്ട് വരുന്നുണ്ട്.അത് കൊണ്ട് തന്നെ സിനിമയുടെ ഒഴുക്കു അനുഭവപ്പെടുന്നുണ്ട്..സീരിയലിൻ്റെ കിതപ്പ് ഇല്ല താനും.



മെഡിക്കൽ കോളേജിൽ എല്ലാ വർഷവും നല്ല മാർക്ക് നേടി ഒന്നാമതായി വിജയിക്കുന്ന ഡോക്റ്റർ എങ്ങിനെ മറ്റു സർജറി ചെയ്യുവാൻ പറ്റാതെ  പോസ്റ്റ്മോർട്ടം മാത്രം നടത്താൻ വിധിക്കപ്പെട്ടു എന്ന് കാണിക്കുന്ന എപ്പിസോഡ്  എല്ലാവരുടെയും മനസ്സൊന്നു കലക്കും..


പോലീസ് സേനയിൽ ഉള്ള കൊള്ളരുതായ്മകൾ ,മുകളിൽ നിന്നുള്ള പ്രഷർ കൊണ്ട് അന്വേഷണം പോലും പൂർത്തിയാക്കാതെ നിരപരാധികളെ അറസ്റ്റ് ചെയ്തു മുഖം രക്ഷിക്കുവാൻ ഉള്ള ശ്രമങ്ങൾ അങ്ങിനെ നമ്മുടെ ചുറ്റിലും നടക്കുന്ന പലതും ഈ സീരീസിൽ കടന്നു വരുന്നുണ്ട്.


കുറച്ചു സമയം എടുത്തെങ്കിലും മുഴുവനും ഒറ്റയടിക്ക് കാണുവാൻ തക്ക വിധത്തിൽ തന്നെയാണ് അണിയറക്കാർ ഈ വെബ് സീരീസ് അണിയിച്ചൊരുക്കി യിട്ടുള്ളത്.എന്ത് കൊണ്ടും സമയ നഷ്ട്ടം ഉണ്ടാകില്ല എന്ന് ഉറപ്പിൽ കണ്ടു തുടങ്ങി കൊള്ളുക.


പ്ര .മോ .ദി .സം

Sunday, August 1, 2021

തിട്ടം ഇരണ്ട് (PLAN B)

 



ഈ തലമുറയിലെ നമ്മുടെ കുട്ടികൾ സ്വപ്നം കാണുന്നവരാണ്..അവർക്ക് അവരുടേതായ ആശയങ്ങളും  ലക്ഷ്യങ്ങളും ഉണ്ട്..ചില ചട്ടക്കൂടുകൾക്കുള്ളിൽ തളച്ചിടപ്പെട്ടുപോയ നമ്മളിൽ പലരും അവരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും കാണാതെ പോകുന്നു .


പെണ്കുട്ടികൾ പഠിച്ചു കൊണ്ടിിക്കുകയാണ് എന്ന് പോലും ചിന്തിക്കാതെ നല്ലൊരു ആലോചന വന്നാൽ അത്  കൈവിട്ടു പോകും എന്ന് കരുതി അവരുടെ പഠിപ്പിനെ ബലികൊടുത്ത് കെട്ടിച്ചു വിടാൻ തിടുക്കം കൂട്ടുന്നു 



ആൺകുട്ടികളെ അവരുടെ അഭിരുചി ക്കനുസരിച്ചുള്ള കോഴ്സുകൾ പഠിക്കാൻ വിടാതെ നല്ല "ഫ്യുചർ" ഉണ്ടെന്ന് കരുതുന്ന കാര്യങ്ങൽ പഠിക്കാൻ ഉന്തി തള്ളി വിടുന്നു. നമ്മുടെ ഗാർഡിയൻ മനസ്സിന് പലവിധ സങ്കൽപ്പങ്ങൾ ഉണ്ടായിരിക്കും..മക്കൾ നന്നാകണം അവനു നല്ല ഭാവി ജീവിതം കിട്ടണം എന്നൊക്കെ..പക്ഷേ നമ്മൾ കുട്ടികളെ മനസ്സിലാക്കുക കൂടി ചെയ്യണം.അവർക്ക് രുചിയുള്ള ഭക്ഷണങ്ങൾ  നൽകുന്നത് പോലെ തന്നെ അവരുടെ ജീവിതത്തിൻ്റെ സ്വപ്നങ്ങളുടെ " ടേസ്റ്റ്" കൂടി നമ്മൾ മനസ്സിലാക്കണം.



പഠനം ജോലി  മാത്രമല്ല കുട്ടികളുടെ സ്വപ്നങ്ങൾ ..അവർക്ക് ഇന്ന് ജീവിക്കുന്ന വർഗ്ഗത്തിൽ നിന്നും മാറുവാൻ കൂടി ആഗ്രഹം കാണും. അതൊരു ബയോളജിക്കൽ പ്രശ്നമാണ്.ചില ഹോർമോണുകൾ ശരീരത്തിൽ കൂടുതൽ ഉണ്ടാകുന്നതിന് അനുസരിച്ച് മനസ്സ് മാറി ചിന്തിക്കുന്നത് മാത്രമാണ്..അതിനു പലപ്പോഴും സമൂഹത്തിൻ്റെ സപ്പോർട്ട് കിട്ടുകയില്ല.


ഈ അടുത്തകാലത്ത് എറണാകുളത്തെ ആശുപത്രിയുടെ അനാസ്ഥ കൊണ്ട്   ജീവിതം പെരുവഴിയിൽ ആയി സ്വയം മരിക്കാൻ തീരുമാനിച്ച 

 ലിംഗമാറ്റ  ശസ്ത്രക്രിയ നടത്തിയ "അനന്യ"ക്കു സംഭവിച്ചതും ഇതൊക്കെ തന്നെയാണ്. ആ കുട്ടിയുടെ ആശയും അഭിലാ ഷവും സപ്പോർട്ട് ചെയ്യുവാൻ വീട്ടുകാർ നാട്ടുകാർ സമൂഹം ഒന്നും ഉണ്ടായില്ല. ചിലപ്പോൾ വീട്ടുകാർ കാണുമായിരിക്കും പക്ഷേ സമൂഹം എന്ന നമ്മളെ ഓരോരുത്തരെയും ഭയന്ന് അവർക്ക് പിന്നിലേക്ക് പോകേണ്ടി വന്നിരിക്കും.



അങ്ങിനെ അനേകം "അനന്യ" മാർ നമുക്ക് ചുറ്റിലും ഉണ്ട്..അവർ ചിലർ സ്വന്തം പരിശ്രമം കൊണ്ടു മാത്രം ഉയരങ്ങളിൽ എത്തിയവരാണ്.അവർ സമൂഹത്തിൽ അന്തസ്സായി ജീവിക്കുന്നുണ്ട് എങ്കിലും പലർക്കും അവരോട് പുച്ഛം തന്നെ ആണ്.


വിഗ്നേഷ് കാർത്തിക് ,ഐശ്വര്യ രാജേഷിനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്ത ഈ ത്രില്ലർ മൂവിയിലും പറയുന്നത് വീട്ടിൽ അടിച്ചമർത്തി സ്വപ്നങ്ങളും ആഗ്രഹങ്ങളും മോഹങ്ങളും അസ്തമിച്ചു പോയ ഒരു യുവതിയുടെ കഥയാണ്.



സൂര്യ എന്ന കുടുബ സുഹൃത്തും  കളി കൂട്ടുകാരിയും കുടുംബസ്ഥ യുമായവളെ പെട്ടെന്ന് ഒരു ദിവസം കാണാതായപ്പോൾ അന്വേഷിക്കുന്ന ആതിര എന്ന പോലീസ് ഓഫീസർ   ഒരു അപകടത്തില് അവർ മരണപ്പെട്ടത് കണ്ടെത്തുന്നു..


അതൊരു അപകടമരണം അല്ലെന്ന് മനസ്സിലാക്കുന്ന അവർ

അടുത്ത ദിവസം തന്നെ മറ്റൊരു മരണവും സംശയിച്ച ആൾ തന്നെ നടത്തുമ്പോൾ അതിനു പിന്നാലെ പോകുന്നു . അപ്പൊ കണ്ടെത്തുന്ന വിചിത്രമായ ചില കാര്യങ്ങളാണ് ചിത്രത്തിൻ്റെ കഥ..യുവ സംവിധായകൻ വിഘ്നേഷ് കഥ യില് ടിസ്റ്റ് കൊണ്ട് വരുന്നത് വരെ നമ്മൾക്ക് ഒരു പിടിയും കിട്ടുന്നില്ല..അത്രക്ക് സമർത്ഥമായി സിനിമ മുന്നോട്ട് പോകുന്നുണ്ട് .



ഐശ്വര്യ രാജേഷ് മുതൽ എല്ലാവരും നന്നായി കഥാപാത്രമായി മാറിയിട്ടുണ്ട്.ഐശ്വര്യ ഒഴിച്ച് ബാക്കിയുള്ളവർ ഒന്നും അത്ര ഫമിലി യർ അല്ല..ഈ കൊവിഡ് കാലത്ത് ചിലവ് ചുരുക്കി പടം എടുക്കുവാൻ വേറെ വഴിയില്ല.


എങ്കിൽ കൂടി രണ്ടു മണിക്കൂർ ത്രസിച്ച് കാണുവാൻ പറ്റിയ നല്ലൊരു അന്വേഷണ മൂവി തന്നെയാണ് തിട്ടം ഇരണ്ട്


പ്ര. മോ .ദി .സം

Friday, July 30, 2021

തൂഫാൻ

 



ചില സിനിമകൾ ഇറങ്ങും മുൻപ് വിവാദത്തിൽ അകപ്പെടും..ഇതിൽ ഭൂരിഭാഗവും പെയിഡ് വിവാദങ്ങൾ ആയിരിക്കും.ബോക്സ് ഓഫീസിൽ തകർന്നുപോകും എന്നുള്ള ഭയത്തിൽ വെറുതെ വിവാദം ഉണ്ടാക്കി ആളെ കയറ്റുന്ന സിനിമാക്കാരുടെ  തന്ത്രം.


ഈ അടുത്ത കാലത്ത് മലയാളത്തിലെ ഒരു സിനിമയും രാഷ്ട്രീയക്കാർ സെറ്റ് അടിച്ചു തകർത്ത് എന്ന പേരിൽ ജനശ്രദ്ധ പിടിച്ച് പറ്റുവാനായി ശ്രമിച്ചിരുന്നു.പിന്നെ അതിൻ്റെ പിന്നാമ്പുറങ്ങളിൽ ചികഞ്ഞപ്പോൾ കരുതിക്കൂട്ടി ഈർക്കിൽ ഗുണ്ടാസംഘത്തെ കൊണ്ട് ചെയ്യിപ്പിച്ചു എന്നൊരു ശ്രുതി വന്നു..അതിൽ പിന്നെ അതേ കുറിച്ച് വല്യ വിവരം ഇല്ല.ഈ അടുത്ത കാലത്ത് വീണ്ടും അതേ സിനിമ വിവാദത്തിൽ പെട്ട് ജനശ്രദ്ധ കിട്ടി. അപ്പോ വിവാദങ്ങൾ ഉണ്ടാക്കുന്നതിൻ്റെ കാരണങ്ങൾ പിടികിട്ടി കാണുമല്ലോ.



രാകേഷ് ഓം പ്രകാശിൻ്റെ ഫർഹാൻ അക്തർ സിനിമ തൂ ഫാനും ലൗ ജിഹാദ് പേരിൽ വിവാദത്തിൽ പെട്ടിരുന്നു.സിനിമ കാണുന്നവർക്ക് മനസ്സിലാകും എന്താണ് ഇതിലെ ലൗ ജിഹാദ് എന്ന് . എന്ത് കൊണ്ട് അയാൾക്ക് ആ മനസ്ഥിതി ഉണ്ടാക്കുന്നു എന്നത്  വളരെ കൃത്യമായി തന്നെ പറയുന്നുമുണ്ട്.


എത്ര വല്യ മതേതരവാദികൾ ആയാലും സഖാവ് ആയാലും സ്വന്തം കാര്യം വരുമ്പോൾ  തൊണ്ണൂറു ശതമാനത്തിൻ്റെയും ഉള്ളിലെ വർഗീയത പുറത്ത് വരും എന്നതാണ് പരമാർത്ഥം. ഈ ചിത്രത്തിലും അത് മാത്രമേ ഉള്ളൂ..എങ്കിലും മുസ്ലിമും ഹിന്ദുവും ഒന്നിച്ചു താമസിക്കുവാൻ തീരുമാനിച്ചാൽ നമ്മുടെ നാട്ടിൽ  വീട് കിട്ടില്ല എന്ന് കൂടി പറഞ്ഞു വെക്കുന്നുണ്ട്.



ഹിന്ദു ഡോക്ടറും തെരുവിൽ നിന്നും ബോക്സിങ്ങിലെ കൊടുംകാറ്റ് ആയ മുസ്ലിം യുവാവും ഒന്നിച്ചു ചേരുവാൻ തീരുമാനിച്ചപ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും വീട്ടിൽ നിന്നും പുറത്താകുബോൾ  നല്ലൊരു കൂരക്കുള്ള പണത്തിന് വേണ്ടി  ബോക്സിങ്ങിനെ ഒറ്റെണ്ടി വരുന്നതും അഞ്ച് വർഷത്തെ ബാൻ കഴിഞ്ഞു റിങ്ങിലേക്ക് തിരിച്ചു വരുന്നതും അത് കൊണ്ടുണ്ടാകുന്ന നഷ്ട്ടങ്ങളും നേട്ടങ്ങളും ആണ് കഥാസാരം.



ശങ്കർ ഇഷാൻ ലോയി യുടെ ബാക് ഗ്രൗണ്ട്  സംഗീതമാണ് നമ്മളെ ഈ ചിത്രം കാണുവാൻ കൂടുതൽ ഹൃദ്യമാക്കുന്നത്..പാട്ടുകളും അവസരത്തിന് മാത്രം ഉപയോഗിച്ചിരിക്കുന്നു .പാരേഷ് രവാൽ എന്ന അനുഗ്രഹീത നടൻ്റെ സാന്നിധ്യം തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. 


അടുത്തടുത്ത ദിവസങ്ങളിൽ ബോ ക്സിങ് പ്രമേയമുള്ള ചിത്രങ്ങൾ  കണ്ടത് കൊണ്ടാവും ഇതിലെ ബോക്സിങ്  സംഘടന രംഗങ്ങൾ അത്രക്ക് ആസ്വദിക്കുവാൻ പറ്റിയില്ല., എല്ലാം കൊണ്ടും തട്ട് തകർപ്പൻ ആയിരുന്നിട്ടും ......


പ്ര .മോ. ദി .സം

Thursday, July 29, 2021

ശർപാട്ട പരമ്പരൈ

 



ഈ തമിഴ് ചിത്രത്തിൻ്റെ പേര് ഇങ്ങിനെ തന്നെയാണോ മലയാളത്തിൽ എഴുതേണ്ടത് എന്ന് നിശ്ചയമില്ല..1970 കളിലെ രണ്ടു "പരമ്പരകൾ" തമ്മിലുള്ള ബോക്സിങ് മത്സരങ്ങൾ കുടിപകയിലേക്കും മറ്റും നീങ്ങുന്നതാണ് കഥാസാരം.


1970 എന്ന് പറയ്പോൾ ആ കാലഘട്ടത്തിലെ സകലതും സിനിമയിലേക്ക് ആവാഹിക്കണം..നഗരവും ജനങ്ങളും വസ്ത്രങ്ങളും രീതികളും ഒക്കെ ആ കാലത്തേക്ക് മാറി വരണം..ഈ ചിത്രത്തിൽ സംവിധായകൻ അത് സമർത്ഥമായി ചെയ്തിട്ടുണ്ട്.ഈ അടുത്ത് കണ്ട മലയാള സിനിമയിൽ ഇല്ലാതെ പോയതും ഈ കാലഘട്ടത്തിലെ മാറ്റമാണ് .



ബോക്സിങ് കൊണ്ട് പേര് നേടി അത് ഗുണ്ടാവൃത്തിക്ക് ഉപയോഗിച്ച് ജീവിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും പണി കിട്ടും.അങ്ങിനെ

 "പണി "കിട്ടിയവൻ്റെ ഭാര്യ  ഒരിക്കലും മകനെ ബോക്സിങ് സ്ഥലത്തേക്ക് പോലും അടുപ്പിക്കില്ല.പക്ഷേ ബോക്സിങ് രക്തത്തിൽ അലിഞ്ഞു ചേർന്ന അവനു അതിൽ നിന്നും മാറി നിൽക്കുവാൻ കഴിയാതെ വന്നേക്കാം..ഓരോ തവണയും പതം പറച്ചിലും ചൂല് കൊണ്ടുള്ള അടി കിട്ടിയാൽ പോലും അവൻ അറിയാതെ അതിലേക്ക് തന്നെ എത്തിപ്പെടും.



അവരുടെ പരമ്പരയുടെ സൽപേരു നിലനിർത്തുവാനും അച്ഛനെപ്പോലെ ആയി പോകുന്ന മകനെ നേർ വഴിക്ക് കൊണ്ടുവരാനും അവർക്ക് പല തീരുമാനങ്ങളും മാറ്റേണ്ടി വരുന്നുണ്ട്.അമ്മയും മകനും തമ്മിലുള്ള സീനുകൾ വളരെ നന്നായി കാണിച്ചിരിക്കുന്നു.പലപ്പോഴും അതിലെ യാഥാർത്ഥ്യങ്ങൾ മനസ്സിനെ നൊമ്പരപ്പെടുത്തി.



പാ രഞ്ജിത്ത് എന്ന സംവിധായകൻ  അറിയപ്പെട്ടത് സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റ് ആയത് കൊണ്ടല്ല അടുപ്പിച്ചു  രണ്ടു  സൂപ്പർസ്റ്റാർ രജനി പടം ചെയ്തത് കൊണ്ടാണ്.അവിടെ പിഴച്ചത് പോലെ തന്നെ രഞ്ജിത്തിന് ഇവിടെയും പിഴക്കുന്നുണ്ട്..അതിൽ പ്രധാനം കഥ പരത്തി പറയാൻ മാത്രമേ അറിയൂ എന്നത് കൊണ്ടാണ് .രണ്ടു മണിക്കൂർ കൊണ്ട് പറഞ്ഞു  തീർക്കേണ്ട കഥ മൂന്ന് മണിക്കൂർ ഒക്കെ എടുത്ത് നല്ല ലാഗിംഗ് തരുന്നുണ്ട്.



സംഘടന രംഗങ്ങൾ ഒക്കെ അടിപൊളിയായി പകർത്തിയിരിക്കുന്നു.ജനകൂട്ടത്തിൻ നടുവിൽ വെച്ച് മാത്രമേ ബോക്സിങ് ചെയ്യുവാൻ പറ്റൂ എന്നുള്ളത് കൊണ്ടു തന്നെ ജനങ്ങളെ ഉപയോഗിക്കുന്നതിനും രഞ്ജിത്ത് മിടുക്ക് കാണിക്കുന്നുണ്ട്.



ആര്യ എന്ന മലയാളി നടൻ പേരെടുത്ത് ആധിപത്യം സ്ഥാപിച്ചത് തമിഴിൽ ആണ്.ആര്യയുടെ  വ്യതസ്ത നിറഞ്ഞ ഗെറ്റപ്പ്കള് തന്നെയാണ് മുഖ്യ ആകർഷണം.കൂടാതെ മറ്റു

നടന്മാർ ഒക്കെ നന്നായി ചെയ്തിരിക്കുന്നു പ്രത്യേകിച്ച് "ഡാൻസിംഗ് റോസ്" എന്ന കഥാപാത്രം ചെയ്ത ഷബീർ കല്ലറക്കൽ, മാസ്റ്റർ ആയ പശുപതി,"ഡാഡീ" ആയി തമിൾ ഇംഗ്ലീഷ് കൊണ്ട് ആകർഷിക്കുന്ന ജോൺ വിജയ്,ബോക്സിങ് പ്രതിയോഗി ജോൺ കൊക്കെൻ,അമ്മയായ അനുപമ,സഞ്ജന,കാളിവെങ്കിട്ട് അങ്ങിനെ എല്ലാവരും.


കുറച്ചുകൂടി വെട്ടി ഒതുക്കി വെച്ചിരുന്നു എങ്കിൽ ഈ സിനിമക്ക് കുറച്ചു കൂടി അഴകു കൂടിയെനെ..


പ്ര. മോ .ദി .സം

Wednesday, July 21, 2021

വാക്സിൻ "കുംഭകോണം"

 



കേന്ദ്ര സംസ്ഥാന സർകാർ സൗജന്യം എന്ന് കെട്ടിഘോഷിച്ച കോവിഡ് പ്രതിരോധ വാക്സിൻ എത്ര പേർക്ക് സൗജന്യമായി കിട്ടിയിട്ടുണ്ട്?


മാസങ്ങളായി സൗജന്യ സ്ലോട്ടിന് വേണ്ടി പലരും ശ്രമിക്കുന്നുണ്ട് എങ്കിലും പലർക്കും  അത് ഇപ്പോഴും കിട്ടാകനി തന്നെയാണ്..വാക്സിൻ ലഭ്യത കുറവാണ് ഇതിന്റെ കാരണം എന്ന് പറയുമ്പോൾ തന്നെ പ്രൈവറ്റ് ആശുപത്രികളിൽ പൈസ കൊടുത്താൽ അത് യഥേഷ്ടം കിട്ടുവാനുമുണ്ട്.



ഒരു പൗരൻ എന്ന നിലയിൽ അത് അറിയുവാനുള്ള അവകാശം ഇവിടുത്തെ ഓരോ ആൾക്കാർക്ക് ഉണ്ടു താനും.


എങ്ങിനെയാണ് സർകാർ ആശുപത്രികളിൽ കിട്ടാതെ അത് പ്രൈവറ്റ് ആശുപത്രികളിൽ മാത്രം പോയി ചേരുന്നത്? 


ഇവിടെ എറണാകുളത്തെ കാര്യം തന്നെ നോക്കിയാൽ സർകാർ സംവിധാനത്തിൽ ഒരിക്കലും ഒഴിവുകൾ കാണുകയില്ല മാസങ്ങളായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ..പക്ഷേ ഇന്നത്തെ ദിവസം അനേകം പ്രൈവറ്റ് ആശുപത്രികളിൽ അത് ലഭ്യമാണ് താനും...ചില സ്ഥലങ്ങളിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യാതെ അവിടെ പോയി രജിസ്റ്റർ ചെയ്തു പോലും ഇഞ്ചക്ഷൻ എടുക്കുവാൻ സാധിക്കും എന്ന് കൂടി അറിയുന്നു.മറ്റുള്ള സ്ഥലത്തെ കാര്യങ്ങൾ അറിയില്ല.. അറിയുന്നവര് വെളിപ്പെടുത്തുക.


ഇതിന്റെ പിന്നിലെ തിരിമറികൾ എന്തായാലും  പരസ്പരം കുറ്റപ്പെടുത്താതെ അത് അറിയിക്കുവാൻ സർകാർ ബാധ്യസ്ഥനാണ്..പണം ഉള്ളവർക്ക് മാത്രം" പ്രതിരോധം" മതി എന്ന നയം ശരിയല്ല


അത് കൊണ്ട് തന്നെ നമുക്ക്  ഉറക്കെ വിളിച്ചു പറയാം


"സാർ നിങ്ങളുടെ സിസ്റ്റം തെറ്റാണ്.."


പ്ര.മോ. ദി .സം