Wednesday, August 11, 2021

കുരുതി

 



വെറുപ്പ്..അതാണ് മനുഷ്യൻ്റെ  ഇന്നിൻ്റെ ഏറ്റവും വലിയ ശാപം.വയറെരിഞ്ഞാലും കൂര ചോർന്നാലും ചോര വാർന്നാലും അവനിലെ വെറുപ്പ് പകയായി മാറി ശത്രുവിനെ ഇല്ലായ്മ ചെയ്യുന്നത് വരെ അത് ഒരിക്കലും അടങ്ങിയിരിക്കുകയില്ല...


 ദൈവത്തിൻ്റെ വാക്കുകൾ ധിക്കരിച്ചു കായ്കനികൾ തിന്നതല്ല ജാതിയുടെയും മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ സഹോദരൻ്റെ ജീവനെടുക്കുന്ന നിമിഷമാണ് ആദ്യപാപം ആയി കണക്കാക്കേണ്ടത്.



മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് . അതിൻ്റെ പിടിയിൽ പെട്ടുപോയാൽ പിന്നെ ചെയ്യുന്നത് ഒക്കെയും ദൈവത്തിൻ്റെ പേരിൽ എന്ന നിലയിൽ ഉള്ള പൊള്ളത്തരങ്ങളും കാപട്യവും മാത്രമാണ്. അതൊരിക്കലും വേദപുസ്തകം വായിച്ചു പഠിച്ച രീതി ആയിരിക്കില്ല..ഏതെങ്കിലും മതമൗലിക വാദികൾ തെറ്റിദ്ധരിപ്പിച്ചു കൊടുത്ത "വിഷങ്ങൾ "മാത്രം ആയിരിക്കും.


ഈ അടുത്തകാലത്ത് "ഈശോ" എന്ന ചിത്രത്തിന് വേണ്ടിയും കാലങ്ങൾക്ക് മുൻപ് "രാക്ഷസ രാമൻ'" എന്ന ചിത്രത്തിന് വേണ്ടിയും അതിനിടയിൽ പലതരം സിനിമകൾക്ക് വേണ്ടിയും മത വാദികൾ ഉറഞ്ഞ് തുള്ളി..ചിത്രം കണ്ടാൽ അതിൽ അവരെ അവഹേളിക്കുന്ന ഒന്നും ഇല്ലെന്ന് മനസ്സിലാകും... അപ്പോൾ ഇതിൻ്റെ ഒക്കെ പിന്നിൽ ചില പബ്ലിസിറ്റി കോക്കസ് ഉണ്ടെന്ന് നിശ്ചയം. ആ കൂട്ടത്തിലേക്ക് കുരുതിയും എത്തിപ്പെടെണ്ടത് ആയിരുന്നു.



കുരുതി എന്ന ഈ ചിത്രം തിയേറ്റർ റിലീസ് ആയിരുന്നു എങ്കിൽ ചിലപ്പോൾ ചിലയിടത്ത് എങ്കിലും ചില ഉരസലുകൾ നടന്നേക്കും എന്നൊരു ഭീതിയുണ്ട്...ഈ ചിത്രം നമ്മുടെ ഇന്നിൻ്റെ കഥയാണ് പറയുന്നത് എങ്കിലും ഇങ്ങിനെയൊക്കെ നടക്കുമോ എന്ന് പ്രേക്ഷകന് സംശയം വന്നേക്കും.അത്രക്ക് നാടകീയത കുത്തി നിറച്ചു വെച്ചിട്ടുണ്ട്.



പൃഥ്വിരാജ് നല്ലൊരു നടനാണ് എന്ന് പറയാൻ പറ്റില്ല നല്ലൊരു പെർഫോർമർ  മാത്രം ആണ്.കൂടാതെ അതി ബുദ്ധിമാൻ കൂടിയാണ്.അത് കൊണ്ട് തന്നെയാണ് സ്വന്തമായി നിർമിച്ച ഈ  സിനിമയിൽ ഇത്തരം ഒരു റോൾ ചെയ്യാൻ സാഹസം കാട്ടിയിട്ടുണ്ടാകുക. പ്രസംഗിക്കുന്ന കാര്യങ്ങൽ അതേപടി നിലനിർത്തി പോകുവാൻ ശ്രമിച്ചിരുന്നു എങ്കിൽ കുറച്ചുകൂടി ജനപ്രീതി കിട്ടിയേനെ..പലപ്പോഴും പ്രകടനങ്ങൾ  "സീസണൽ" ആയി പോകുന്നത് തന്നെയാണ് വലിയ പോരായ്മ.. ഇപ്പൊൾ തന്നെ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾക്കു  നെഗറ്റീവ് പബ്ലിസിറ്റി കൊടുത്തു തകർക്കുവാൻ ഒരു പട തന്നെയുണ്ട് താനും..കുരുതിയിലൂടെ അത് വീണ്ടും കൂടുവാനാണ് സാധ്യത.



മനു വാര്യർ എന്ന പുതുമുഖ സംവിധായകൻ തൻ്റെ വരവ് എന്തായാലും ഈ രണ്ടു മണിക്കൂർ ചിത്രം കൊണ്ട് അറിയിക്കുന്നു.

ജെക്ക്സു ബിജോയ്  ഒരുക്കിയ

 ബി ജി എം നല്ലൊരു മൂഡ് ക്രിയേറ്റ് ചെയ്യുന്നുണ്ട്.


"കള" എന്ന ചിത്രത്തിന് ശേഷം ഇത്രകണ്ട് വയലൻസ് കുത്തിനിറച്ച മറ്റൊരു ചിത്രം കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്.ഇതിനെ വളർത്താൻ ആണോ കുരുതി കൊടുക്കാൻ ആണോ എന്ന് തീരുമാനിക്കേണ്ടത് നമ്മൾ പ്രേക്ഷകരാണ്.


പ്ര .മോ. ദി .സം

No comments:

Post a Comment