Sunday, August 1, 2021

തിട്ടം ഇരണ്ട് (PLAN B)

 



ഈ തലമുറയിലെ നമ്മുടെ കുട്ടികൾ സ്വപ്നം കാണുന്നവരാണ്..അവർക്ക് അവരുടേതായ ആശയങ്ങളും  ലക്ഷ്യങ്ങളും ഉണ്ട്..ചില ചട്ടക്കൂടുകൾക്കുള്ളിൽ തളച്ചിടപ്പെട്ടുപോയ നമ്മളിൽ പലരും അവരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും കാണാതെ പോകുന്നു .


പെണ്കുട്ടികൾ പഠിച്ചു കൊണ്ടിിക്കുകയാണ് എന്ന് പോലും ചിന്തിക്കാതെ നല്ലൊരു ആലോചന വന്നാൽ അത്  കൈവിട്ടു പോകും എന്ന് കരുതി അവരുടെ പഠിപ്പിനെ ബലികൊടുത്ത് കെട്ടിച്ചു വിടാൻ തിടുക്കം കൂട്ടുന്നു 



ആൺകുട്ടികളെ അവരുടെ അഭിരുചി ക്കനുസരിച്ചുള്ള കോഴ്സുകൾ പഠിക്കാൻ വിടാതെ നല്ല "ഫ്യുചർ" ഉണ്ടെന്ന് കരുതുന്ന കാര്യങ്ങൽ പഠിക്കാൻ ഉന്തി തള്ളി വിടുന്നു. നമ്മുടെ ഗാർഡിയൻ മനസ്സിന് പലവിധ സങ്കൽപ്പങ്ങൾ ഉണ്ടായിരിക്കും..മക്കൾ നന്നാകണം അവനു നല്ല ഭാവി ജീവിതം കിട്ടണം എന്നൊക്കെ..പക്ഷേ നമ്മൾ കുട്ടികളെ മനസ്സിലാക്കുക കൂടി ചെയ്യണം.അവർക്ക് രുചിയുള്ള ഭക്ഷണങ്ങൾ  നൽകുന്നത് പോലെ തന്നെ അവരുടെ ജീവിതത്തിൻ്റെ സ്വപ്നങ്ങളുടെ " ടേസ്റ്റ്" കൂടി നമ്മൾ മനസ്സിലാക്കണം.



പഠനം ജോലി  മാത്രമല്ല കുട്ടികളുടെ സ്വപ്നങ്ങൾ ..അവർക്ക് ഇന്ന് ജീവിക്കുന്ന വർഗ്ഗത്തിൽ നിന്നും മാറുവാൻ കൂടി ആഗ്രഹം കാണും. അതൊരു ബയോളജിക്കൽ പ്രശ്നമാണ്.ചില ഹോർമോണുകൾ ശരീരത്തിൽ കൂടുതൽ ഉണ്ടാകുന്നതിന് അനുസരിച്ച് മനസ്സ് മാറി ചിന്തിക്കുന്നത് മാത്രമാണ്..അതിനു പലപ്പോഴും സമൂഹത്തിൻ്റെ സപ്പോർട്ട് കിട്ടുകയില്ല.


ഈ അടുത്തകാലത്ത് എറണാകുളത്തെ ആശുപത്രിയുടെ അനാസ്ഥ കൊണ്ട്   ജീവിതം പെരുവഴിയിൽ ആയി സ്വയം മരിക്കാൻ തീരുമാനിച്ച 

 ലിംഗമാറ്റ  ശസ്ത്രക്രിയ നടത്തിയ "അനന്യ"ക്കു സംഭവിച്ചതും ഇതൊക്കെ തന്നെയാണ്. ആ കുട്ടിയുടെ ആശയും അഭിലാ ഷവും സപ്പോർട്ട് ചെയ്യുവാൻ വീട്ടുകാർ നാട്ടുകാർ സമൂഹം ഒന്നും ഉണ്ടായില്ല. ചിലപ്പോൾ വീട്ടുകാർ കാണുമായിരിക്കും പക്ഷേ സമൂഹം എന്ന നമ്മളെ ഓരോരുത്തരെയും ഭയന്ന് അവർക്ക് പിന്നിലേക്ക് പോകേണ്ടി വന്നിരിക്കും.



അങ്ങിനെ അനേകം "അനന്യ" മാർ നമുക്ക് ചുറ്റിലും ഉണ്ട്..അവർ ചിലർ സ്വന്തം പരിശ്രമം കൊണ്ടു മാത്രം ഉയരങ്ങളിൽ എത്തിയവരാണ്.അവർ സമൂഹത്തിൽ അന്തസ്സായി ജീവിക്കുന്നുണ്ട് എങ്കിലും പലർക്കും അവരോട് പുച്ഛം തന്നെ ആണ്.


വിഗ്നേഷ് കാർത്തിക് ,ഐശ്വര്യ രാജേഷിനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്ത ഈ ത്രില്ലർ മൂവിയിലും പറയുന്നത് വീട്ടിൽ അടിച്ചമർത്തി സ്വപ്നങ്ങളും ആഗ്രഹങ്ങളും മോഹങ്ങളും അസ്തമിച്ചു പോയ ഒരു യുവതിയുടെ കഥയാണ്.



സൂര്യ എന്ന കുടുബ സുഹൃത്തും  കളി കൂട്ടുകാരിയും കുടുംബസ്ഥ യുമായവളെ പെട്ടെന്ന് ഒരു ദിവസം കാണാതായപ്പോൾ അന്വേഷിക്കുന്ന ആതിര എന്ന പോലീസ് ഓഫീസർ   ഒരു അപകടത്തില് അവർ മരണപ്പെട്ടത് കണ്ടെത്തുന്നു..


അതൊരു അപകടമരണം അല്ലെന്ന് മനസ്സിലാക്കുന്ന അവർ

അടുത്ത ദിവസം തന്നെ മറ്റൊരു മരണവും സംശയിച്ച ആൾ തന്നെ നടത്തുമ്പോൾ അതിനു പിന്നാലെ പോകുന്നു . അപ്പൊ കണ്ടെത്തുന്ന വിചിത്രമായ ചില കാര്യങ്ങളാണ് ചിത്രത്തിൻ്റെ കഥ..യുവ സംവിധായകൻ വിഘ്നേഷ് കഥ യില് ടിസ്റ്റ് കൊണ്ട് വരുന്നത് വരെ നമ്മൾക്ക് ഒരു പിടിയും കിട്ടുന്നില്ല..അത്രക്ക് സമർത്ഥമായി സിനിമ മുന്നോട്ട് പോകുന്നുണ്ട് .



ഐശ്വര്യ രാജേഷ് മുതൽ എല്ലാവരും നന്നായി കഥാപാത്രമായി മാറിയിട്ടുണ്ട്.ഐശ്വര്യ ഒഴിച്ച് ബാക്കിയുള്ളവർ ഒന്നും അത്ര ഫമിലി യർ അല്ല..ഈ കൊവിഡ് കാലത്ത് ചിലവ് ചുരുക്കി പടം എടുക്കുവാൻ വേറെ വഴിയില്ല.


എങ്കിൽ കൂടി രണ്ടു മണിക്കൂർ ത്രസിച്ച് കാണുവാൻ പറ്റിയ നല്ലൊരു അന്വേഷണ മൂവി തന്നെയാണ് തിട്ടം ഇരണ്ട്


പ്ര. മോ .ദി .സം

No comments:

Post a Comment