Monday, August 2, 2021

നവംബർ സ്റ്റോറി

 



കോവിഡ് മഹാമാരി തകർത്ത്  കളഞ്ഞത് നമ്മുടെ ഒക്കെ ജീവിതവും പ്രതീക്ഷകളും തന്നെയാണ്.ഒരു വർഷത്തിനുള്ളിൽ എല്ലാറ്റിനും പരിഹാരം ഉണ്ടാകും എന്ന് കരുതി പ്രതീക്ഷയോടെ നമ്മൾ കാത്തു നിന്നെങ്കിലും അത് രണ്ടാം തരംഗം ആയും മൂന്നാം തരംഗം ഒക്കെ ആയി ഇവിടെ തന്നെ ചുറ്റി കറങ്ങുകയാണ് . 


അതുകൊണ്ട് തന്നെ പലരും അതിജീവനത്തിന് പുതുവഴികൾ തേടുകയാണ് .സിനിമ മേഖലയിലും അങ്ങിനെ തന്നെ..



വെള്ളിവെളിച്ചം കൊണ്ട് സമ്പന്നതയുടെ മടിത്തട്ടിൽ വിരാജിച്ചവർ ഒക്കെ പൊടുന്നനെ ഇരുണ്ട വെളിച്ചത്തിൽ ജീവിക്കുവാൻ പെടാപാട് പെടുന്ന അവസ്ഥയാണ്.നല്ല കാലത്ത് കരുതി വെച്ചവർ മാത്രം ഇപ്പോഴും സകലതിനെയും അതിജീവിക്കുന്നു.



 നിർമാണ മേഖലയും തിയേറ്റർ മേഖലയും അനിശ്ചിതത്തത്തിൽ ആയി പോയപ്പോൾ  ഷൂട്ടിംഗ് കഴിഞ്ഞ സിനിമകൾ നഷ്ടം സഹിച്ചും ഒ ടീ ടീ റിലീസ് കൊണ്ടും ടെലിവിഷൻ റിലീസ് കൊണ്ടും മറ്റും സിനിമയിലെ ഒരു വിഭാഗം അതിജീവനം തുടങ്ങിയിരിക്കുന്നു .


പരിമിതമായ ചുറ്റുപാടുകളിൽ പറ്റാവുന്ന രീതിയിൽ വെബ് സീരീസുകൾ നിർമ്മിച്ച് ചിലർ അതിജീവനത്തിൻ്റെ പുതുവഴികൾ തേടുന്നു.



അങ്ങിനെ അടുത്ത കാലത്ത് കണ്ട നല്ലൊരു ത്രില്ലർ സീരീസ് ആണ് നവംബർ സ്റ്റോറി.ദക്ഷിണേന്ത്യ വാണിരുന്ന തമന്ന ഭാട്ടിയ കേന്ദ്രകഥാപാത്രമായി ഇന്ദ്ര സുബ്രമണ്യം എഴുതി സംവിധാനം ചെയ്ത സീരീസ് നല്ല രീതിയിൽ ചെയ്തിട്ടുണ്ട്.ഏഴ് എപ്പിസോഡുകൾ ആണെന്ന് തോന്നുന്നു.എല്ലാം നല്ല വാച്ച്ചിങ് മൂഡ് ക്രീയേററ് ചെയ്യുന്നുണ്ട്.


പശുപതി,G M കുമാർ,നമിത കൃഷ്ണമൂർത്തി,വിവേക് പ്രസന്ന,അരുൾ ദാസ്,മൈന തുടങ്ങി സിനിമ മേഖലയിൽ ഉളളവർ തന്നെയാണ് ഇതിനു വേണ്ടി സഹകരിച്ചിരിക്കുന്നത്.


പ്രശസ്തനായ എന്നാല് ഇപ്പൊൾ അൽഷിമേഴ്സ് ബാധിച്ച എഴുത്തുകാരൻ ചെയ്യുന്ന ഒരു കൊലപാതകത്തിൻ്റെ പിന്നാലെ അവരുടെ മകളും പോലീസും നടത്തുന്ന അന്വേഷണങ്ങൾ ആണ്  യഥാർത്ഥ കഥ. അതിനിടയിൽ പലരുടെയും ജീവിതങ്ങൾ ബന്ധപ്പെട്ട് വരുന്നുണ്ട്.അത് കൊണ്ട് തന്നെ സിനിമയുടെ ഒഴുക്കു അനുഭവപ്പെടുന്നുണ്ട്..സീരിയലിൻ്റെ കിതപ്പ് ഇല്ല താനും.



മെഡിക്കൽ കോളേജിൽ എല്ലാ വർഷവും നല്ല മാർക്ക് നേടി ഒന്നാമതായി വിജയിക്കുന്ന ഡോക്റ്റർ എങ്ങിനെ മറ്റു സർജറി ചെയ്യുവാൻ പറ്റാതെ  പോസ്റ്റ്മോർട്ടം മാത്രം നടത്താൻ വിധിക്കപ്പെട്ടു എന്ന് കാണിക്കുന്ന എപ്പിസോഡ്  എല്ലാവരുടെയും മനസ്സൊന്നു കലക്കും..


പോലീസ് സേനയിൽ ഉള്ള കൊള്ളരുതായ്മകൾ ,മുകളിൽ നിന്നുള്ള പ്രഷർ കൊണ്ട് അന്വേഷണം പോലും പൂർത്തിയാക്കാതെ നിരപരാധികളെ അറസ്റ്റ് ചെയ്തു മുഖം രക്ഷിക്കുവാൻ ഉള്ള ശ്രമങ്ങൾ അങ്ങിനെ നമ്മുടെ ചുറ്റിലും നടക്കുന്ന പലതും ഈ സീരീസിൽ കടന്നു വരുന്നുണ്ട്.


കുറച്ചു സമയം എടുത്തെങ്കിലും മുഴുവനും ഒറ്റയടിക്ക് കാണുവാൻ തക്ക വിധത്തിൽ തന്നെയാണ് അണിയറക്കാർ ഈ വെബ് സീരീസ് അണിയിച്ചൊരുക്കി യിട്ടുള്ളത്.എന്ത് കൊണ്ടും സമയ നഷ്ട്ടം ഉണ്ടാകില്ല എന്ന് ഉറപ്പിൽ കണ്ടു തുടങ്ങി കൊള്ളുക.


പ്ര .മോ .ദി .സം

No comments:

Post a Comment