Wednesday, November 20, 2024

അക്കരൻ

 

ഭാര്യ മരിച്ചതിന് ശേഷം രണ്ടു പെൺ മക്കളുമായി ജീവിക്കുന്ന അച്ഛൻ.. തായ് മാമന് മൂത്ത കൊച്ചിനെ കല്യാണം കഴിച്ചു കൊടുക്കുന്നത് പറഞ്ഞു ഉറപ്പിച്ചു എങ്കിലും അയാൾ കുറ്റവാളിയായി ജയിലിൽ കഴിയേണ്ടി വന്നത് കൊണ്ട് പറഞ്ഞു വെച്ച ബന്ധത്തിൽ   നിന്ന് അവളെ അച്ഛൻ നിർബന്ധപൂർവം പിൻ തിരിപ്പിക്കുവാൻ ശ്രമിക്കുന്നു എങ്കിലും അവള് സമ്മതിക്കുന്നില്ല.



മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് സെൻ്ററിൽ പോയ ഇളയ കൊച്ചിനെ കാണാതെ പോകുമ്പോൾ അയാള് പോലീസ് സ്റ്റേഷനിലും മറ്റും കയറി ഇറങ്ങുന്നു എങ്കിലും എവിടെ നിന്നും നീതി ലഭിക്കുന്നില്ല.



കൂട്ടിനു തായ് മാമന് ഒന്നിച്ചു നില്കുന്നത് അവരുടെ കുടുംബത്തിന് ആശ്വാസം ആകുന്നു.അവർക്കിടയിലെ തെറ്റിദ്ധാരണകൾ മാറുവാനും ഉപകരിക്കുന്നു.



ഒരിക്കൽ വീട്ടിലേക്ക് വരുന്ന കൊറിയറിൽ ലഭിച്ച ഫോണിൽ നിന്നും അയാളുടെ മകൾ കൊല്ലപ്പെട്ടത് അയാള് അറിയുന്നു...അത് എങ്ങിനെ സംഭവിച്ചു എന്നും മനസ്സിലാക്കുന്നു.


സാധാരണ ജനങ്ങൾക്ക് നീതി ലഭിക്കാൻ പ്രയാസമാണ് എന്ന് മനസ്സിലാക്കിയ അയാള് കുറ്റവാളികൾക്ക് എതിരെ പൊരുതുന്നത് ആണ് ഇതിവൃത്തം. അവസാനംവരെ നല്ല നിലയിൽ കൊണ്ടുപോയ സിനിമ ക്ലൈമാക്സിൽ വരുത്തിയ മാറ്റം കൊണ്ട് അവിശ്വസനീയമായി പോകുന്നുണ്ട്. പോയ അതെ റൂട്ടിൽ കൊണ്ടുപോയെങ്കിൽ കുറച്ചു കൂടി ആസ്വാദനം കിട്ടിയേനെ.



ബി ആറ് ഭാസ്കർ മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിൽ  നായിക വെമ്പ ഒഴിച്ച് മറ്റുള്ളവരൊക്കെ അധികം ചിത്രങ്ങളിൽ നമ്മൾ കണ്ട് പരിചയം ഇല്ലാത്തവരാണ്.


പ്ര.മോ.ദി.സം


Monday, November 18, 2024

അടിത്തട്ട്

 

2022 ലേ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ അംഗീകാരം കിട്ടിയ ചിത്രമാണ് അടിത്തട്ട്.സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് കടലിൽ വെച്ചാണ്.അതൊക്കെ ദൃശ്യ വിരുന്നായി അനുഭവപ്പെടും എങ്കിലും ചെറിയ സ്ക്രീനിൽ കണ്ടത് കൊണ്ട് തന്നെ തിയേറ്റർ എക്സ്പീരിയൻസ് ഉള്ള പടത്തിൻ്റ് പതിവ് ആസ്വാദനം സാധ്യമായില്ല.




ഷൈൻ ടോം ചാക്കോ ശരിക്കും പിരി ഇളകിയവൻ എന്ന് അദേഹത്തിൻ്റെ ഇൻ്റർവ്യൂ കാണുമ്പോൾ തോന്നും എങ്കിലും നൂറിൽ അധികം ചിത്രങ്ങൾ കുറഞ്ഞ കാലത്തിനുള്ളിൽ അഭിനയിച്ചു കഴിഞ്ഞ അദ്ദേഹം ഓരോ റോളും എത്ര മനോഹരമായി ചെയ്യുന്നു എന്നത് അദ്ദേഹത്തിൻ്റെ സിനിമകൾ കണ്ടാൽ മനസ്സിലാക്കാം.




ഇതിലെ മീൻ പിടിക്കാൻ പോകുന്ന ബോട്ട് തൊഴിലാളിയായി അദ്ദേഹം ശരിക്ക് നമ്മളെ അൽഭുതപ്പെടുത്തും.അവിടെ ഷൈൻ എന്ന നടൻ ഇല്ല കഥാപാത്രം മാത്രമേ ഉള്ളൂ..ബോട്ടിൽ പോകുന്നവരുടെ ജീവിതം അത്രക്ക് നിരീക്ഷിച്ചിട്ട് തന്നെയാണ് അദ്ദേഹം ഈ സിനിമ ചെയ്തിട്ടുള്ളത്. കടലില് വെച്ച് സിഗറിറ്റിന് തീ കൊളുത്തുന്ന രംഗം മാത്രം മതി ഉദാഹരണമായിട്ടു....






സണ്ണി വെയിൻ മികച്ച നടനാണ് എങ്കിലും പലപ്പോഴും വേണ്ടത്ര അവസരമോ ഒന്നും അദ്ദേഹത്തിന് കിട്ടാറില്ല എങ്കിലും കിട്ടുന്നതിൽ അദ്ദേഹം തൻ്റെ കയ്യൊപ്പ് പതിപ്പിച്ചിരിക്കും..ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് നെഗറ്റീവ് റോള് ആണെങ്കിൽ പോലും അത് നമ്മിൽ ഓരോരുത്തര്ക്കും ആസ്വദിക്കുവാൻ പറ്റിയ വിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.






ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കുടുംബത്തെ സംരക്ഷിക്കുവാൻ വേണ്ടി കടലിനോട് മല്ലടിക്കുന്നവരുടെ കഥ പറയുന്ന ചിത്രം പ്രതികാരത്തിൻ്റെ കഥകൂടി ഇഴുകി ചേർത്തിരിക്കുന്നു.


പ്ര.മോ.ദി.സം

മുറ

വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വരുന്ന നാല് ആത്മാർത്ഥ സുഹൃത്തുക്കൾ..അടിച്ചു പൊളിച്ചു ജീവിക്കണം എന്ന ചിന്തയിൽ നടക്കുന്നവരെ റാഞ്ചാൻ കാത്തു നിൽക്കുന്ന ക്വട്ടേഷൻ സംഘം അവരെ ചെറിയ ചെറിയ കാര്യങ്ങൽ ഏൽപ്പിക്കുന്നു..എല്ലാം നല്ലരീതിയിൽ ചെയ്തു കൊടുക്കുമ്പോൾ സംഘത്തിന് അവരെ വിശ്വാസം ഉണ്ടാകുന്നു.



 അവരുടെ സ്വപ്നം വലുതായപ്പോൾ വലിയ വലിയ ജോലികൾ ഏറ്റെടുക്കുവാൻ നിർബന്ധിതരാകുന്നു. അവിടെ അവർക്കുണ്ടാകുന്ന വെല്ലുവിളികളും നഷ്ടങ്ങളും ആണ് മുറ.ആത്മാർത്ഥ കൂട്ടുകാരുടെ സന്തോഷവും നൊമ്പരവും അവർ തമ്മിലുള്ള ബന്ധങ്ങളുടെ തീവ്രതയും ആഴവും ഒക്കെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.പരസ്പര വിശ്വാസത്തിൻ്റെ അടിസ്ഥാനം ജാതിയോ,മതമോ, നാടോ , വീടോ ഒന്നുമല്ലെന്നു ഇവർ വിളിച്ചു പറയുന്നുണ്ട്..




ദേശീയ അവാർഡ് ജേതാവും സംവിധായകനും നടനുമായ മുഹമ്മദ് മുസ്തഫ അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ ഏറെക്കുറെ മുഴുവൻ അധികം പരിചയമില്ലാത്ത മുഖങ്ങൾ ആണെങ്കിലും അഭിനയത്തിൽ ചിരപരിചിതരെ പോലെ തോന്നിപ്പിക്കുന്ന വിധം അവരവരുടെ റോളുകൾ മനോഹരമാക്കിയിട്ടുണ്ട്.




നമ്മുടെ നാടുകളിൽ വർദ്ധിച്ചു വരുന്ന ക്വട്ടേഷൻ സംഘങ്ങൾ സമൂഹത്തിന് ഭീഷണി ഉയർത്തി തുടങ്ങിയിട്ട് കാലമേറെയായി..അധികാരികളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ ചില ചില്ലറ നിയന്ത്രണങ്ങൾ ഉണ്ടാകും എങ്കിലും പിന്നീട് അങ്ങോട്ട് കാര്യങ്ങൾ തഥൈവ..




പൊതുയിടങ്ങളിൽ പരസ്പരം പോരടിച്ചു വെട്ടിയും കുത്തിയും സമൂഹത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു .അത്തരം ഒരു ചുറ്റുപാടാണ് ഇത്തവണ മുസ്തഫയുടെ തീം.കപ്പേള എന്ന ചിത്രത്തിലൂടെ തൻ്റെ മുദ്ര പതിപ്പിച്ച അദ്ദേഹം ഈ ചിത്രത്തിലൂടെ താനൊരു മികച്ച ഫിലിം മേക്കർ ആണെന്ന് തെളിയിച്ചിരിക്കുന്നു.


പ്ര.മോ.ദി.സം

Saturday, November 16, 2024

കങ്ഗുവ

 

സൂര്യ എന്ന നിലവിൽ തമിഴിലെ മികച്ച തിരക്കുള്ള  നടൻ രണ്ടു രണ്ടര വർഷം ഒരു സിനിമക്ക് വേണ്ടി മാറ്റി വെക്കണം എങ്കിൽ അതിൽ കാര്യമായത് എന്തോ ഉണ്ട് എന്ന് നമ്മൾ ഒക്കെ കരുതിയാൽ തെറ്റ് പറയുവാനാകില്ല.അത്രക്ക് പ്രതീക്ഷയുടെ ഭാരം ജനങ്ങൾക്ക് മേലിൽ അടിചെൽപ്പിച്ചതായിരുന്നു  ഇതിൻ്റെ പുറത്ത് വരുന്ന വാർത്തകൾ. സൂര്യ തൻ്റെ കഴിവിന് അനുസരിച്ചുള്ള പരമാവധി ശ്രമിച്ചിട്ടുണ്ട് എങ്കിലും മൊത്തത്തിൽ സിനിമയുടെ വിധിയിൽ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ല.


അതുപോലെ അജിത്ത് എന്ന വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്യുന്ന സൂപ്പർ സ്റ്റാർ അടുപ്പിച്ചു രണ്ടുമൂന്നു  സിനിമ കൊടുത്ത സംവിധായകൻ ശിവ അതൊക്കെ സൂപ്പർ ഹിറ്റ്  അടിച്ച ശേഷം സൂര്യയോട് കൈകോർക്കുന്നു എങ്കിൽ വലിയത് എന്തോ നടക്കുന്നു എന്നൊരു തോന്നലും നമ്മളിൽ ഉടലെടുക്കും.


ബുദ്ധിപൂർവം സിനിമ തിരഞ്ഞെടുക്കുന്ന ഒരാളായി സൂര്യയെ തോന്നിയിട്ടുണ്ട്.പക്ഷേ ഇവിടെ സൂര്യക്ക് എന്തോ തെറ്റു പറ്റിയിട്ടുണ്ട്..ശിവ പറഞ്ഞു കൊടുത്തത് തന്നെയാണ് സ്ക്രീനിൽ വരുന്നത് എന്ന് അദ്ദേഹം ഉറപ്പുവരുത്തുക എങ്കിലും  ആകാമായിരുന്നു.മൊത്തത്തിൽ എവിടെയൊക്കെയോ ഒരു പൊരുത്തക്കേട്..


മെയ്യഴകൻ എന്ന പേരിൽ സ്വയം നിർമിച്ച ചിത്രത്തിൽ കാർത്തിക്ക് ഒപ്പം അഭിനയിച്ചിരുന്നു എങ്കിൽ ഇതിൽ കൂടുതൽ ജനങ്ങൾ ഏറ്റെടുത്തു വാഴ്ത്തി പറഞ്ഞേനെ..അരവിന്ദ് സ്വാമി അനശ്വരമാക്കിയ റോള് മറന്നു കൊണ്ടല്ല പറയുന്നത്..ഇത്രയും സമയം ഈ ഒരു സിനിമക്ക് വേണ്ടി അദ്ദേഹം വേസ്റ്റ് ആക്കേണ്ട ആവശ്യം ഇല്ലായിരുന്നു.


ശിവയുടെ അനുജൻ ഇപ്പോളത്തെ മീഡിയ സ്റ്റാർ ആദ്യത്തെ പതിനഞ്ച് മിനിറ്റ് ഒന്നും മനസിലായില്ല എന്ന് ഈ ചിത്രത്തെ കുറിച്ച് പറഞ്ഞത് കേട്ടു ,ഒരു പക്ഷെ സത്യത്തിൽ പലർക്കും ഈ സിനിമ മൊത്തത്തിൽ എന്താണെന്ന് പോലും മനസ്സിലായില്ല.



കുറെ യുദ്ധങ്ങളും  അലർച്ചകളും തല തകർക്കുന്ന സംഗീതവും കൊണ്ട് ആകെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന സിനിമ.സത്യം പറയാലോ തിയേറ്റർ എക്സ്പീറ്റൻസിൽ മാത്രം കാണാൻ പറ്റുന്ന രസിക്കാൻ പറ്റുന്ന ചില രംഗങ്ങൾ ഉണ്ട്....പക്ഷേ ബാഹുബലി പോലെ കുറെ ചിത്രങ്ങൾ കണ്ട് പഴകിയതിനാൽ അതിലും പുതുമയൊന്നും ഇല്ല.


പോലീസിനെ സഹായിച്ചു കുറ്റവാളികളെ പിടിച്ചു കൊടുക്കുന്ന ഫ്രാൻസിസിന് അബദ്ധത്തിൽ ഒരു കുട്ടിയുമായി അടുക്കേണ്ടി വരുന്നു. ആ കുട്ടിയുമായി തനിക്ക് എന്തോ ബന്ധം ഉണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം അത് എങ്ങിനെയെന്ന് അന്വേഷിക്കുകയാണ്. 


രണ്ടു യുഗങ്ങളായി കഥ പറയുന്ന ചിത്രം അദേഹത്തിന് കുട്ടിയുമായുള്ള ബന്ധം എങ്ങിനെയെന്ന് കാണിക്കുന്നത് നൂറ്റാണ്ടുകൾക്കു മുൻപുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആണ്.


രണ്ടു യുഗങ്ങളും തമ്മിൽ കോർത്ത് വെച്ച് പറയുന്ന കഥ പറഞ്ഞു മടുത്ത ശ്രേണിയിൽ തന്നെ തുടരുന്നത് കൊണ്ട് പുതുമകൾ ഒന്നും അവകാ ശപെടുവാനില്ല.ഏറെക്കുറെ നമുക്ക് സിനിമയുടെ അവസ്ഥ പ്രവചിക്കുവാൻ കഴിയും.



മുൻപ് സഞ്ജയ്ദത്തിന് അന്യഭാഷാ ചിത്രങ്ങളൊക്കെ നൽകിയ കഥാപാത്രങ്ങൾ ഇപ്പൊൾ ബോബി ഡിയോളിന് കൊടുത്ത് കൊണ്ട് ഒരു മാറ്റം വരുത്തി നോക്കുന്നുണ്ട്. അതുകൊണ്ട് വലിയ കാര്യം ഒന്നും ഉണ്ടായില്ല..പെർഫോം ചെയ്യാൻ പറ്റുന്ന ഒന്നും അദ്ദേഹത്തിന് നൽകിയതുമില്ല. ക്ലൈമാക്സിൽ മറ്റൊരു നടൻ വന്നു രണ്ടാം ഭാഗം ഉണ്ടാകും എന്നത് ഉറപ്പിക്കുന്നുണ്ട്..


തിയേറ്ററിൽ കാണികൾ കൈവിട്ടു തകർന്നടിഞ്ഞ ഇന്ത്യൻ,വെട്ടയാൻ,ഗോട്ട് തുടങ്ങിയ സൂപ്പർതാര ചിത്രങ്ങൾക്ക് ഇനിഷ്യൽ പുള്ളി ങ് കൊണ്ട് ലാഭം ഉണ്ടാക്കാൻ പറ്റിയത് പോലെ ഈ ചിത്രത്തിനും ബിസിനസ് കിട്ടിയേക്കും.ഈ രണ്ടാം ഭാഗം ഒക്കെ എടുത്താൽ ആരൊക്കെ കാണും എന്നതുകൂടി ഉറപ്പിക്കുന്നത് നല്ലതാണ്.


പ്ര.മോ.ദി.സം.