Monday, August 2, 2021

നവംബർ സ്റ്റോറി

 



കോവിഡ് മഹാമാരി തകർത്ത്  കളഞ്ഞത് നമ്മുടെ ഒക്കെ ജീവിതവും പ്രതീക്ഷകളും തന്നെയാണ്.ഒരു വർഷത്തിനുള്ളിൽ എല്ലാറ്റിനും പരിഹാരം ഉണ്ടാകും എന്ന് കരുതി പ്രതീക്ഷയോടെ നമ്മൾ കാത്തു നിന്നെങ്കിലും അത് രണ്ടാം തരംഗം ആയും മൂന്നാം തരംഗം ഒക്കെ ആയി ഇവിടെ തന്നെ ചുറ്റി കറങ്ങുകയാണ് . 


അതുകൊണ്ട് തന്നെ പലരും അതിജീവനത്തിന് പുതുവഴികൾ തേടുകയാണ് .സിനിമ മേഖലയിലും അങ്ങിനെ തന്നെ..



വെള്ളിവെളിച്ചം കൊണ്ട് സമ്പന്നതയുടെ മടിത്തട്ടിൽ വിരാജിച്ചവർ ഒക്കെ പൊടുന്നനെ ഇരുണ്ട വെളിച്ചത്തിൽ ജീവിക്കുവാൻ പെടാപാട് പെടുന്ന അവസ്ഥയാണ്.നല്ല കാലത്ത് കരുതി വെച്ചവർ മാത്രം ഇപ്പോഴും സകലതിനെയും അതിജീവിക്കുന്നു.



 നിർമാണ മേഖലയും തിയേറ്റർ മേഖലയും അനിശ്ചിതത്തത്തിൽ ആയി പോയപ്പോൾ  ഷൂട്ടിംഗ് കഴിഞ്ഞ സിനിമകൾ നഷ്ടം സഹിച്ചും ഒ ടീ ടീ റിലീസ് കൊണ്ടും ടെലിവിഷൻ റിലീസ് കൊണ്ടും മറ്റും സിനിമയിലെ ഒരു വിഭാഗം അതിജീവനം തുടങ്ങിയിരിക്കുന്നു .


പരിമിതമായ ചുറ്റുപാടുകളിൽ പറ്റാവുന്ന രീതിയിൽ വെബ് സീരീസുകൾ നിർമ്മിച്ച് ചിലർ അതിജീവനത്തിൻ്റെ പുതുവഴികൾ തേടുന്നു.



അങ്ങിനെ അടുത്ത കാലത്ത് കണ്ട നല്ലൊരു ത്രില്ലർ സീരീസ് ആണ് നവംബർ സ്റ്റോറി.ദക്ഷിണേന്ത്യ വാണിരുന്ന തമന്ന ഭാട്ടിയ കേന്ദ്രകഥാപാത്രമായി ഇന്ദ്ര സുബ്രമണ്യം എഴുതി സംവിധാനം ചെയ്ത സീരീസ് നല്ല രീതിയിൽ ചെയ്തിട്ടുണ്ട്.ഏഴ് എപ്പിസോഡുകൾ ആണെന്ന് തോന്നുന്നു.എല്ലാം നല്ല വാച്ച്ചിങ് മൂഡ് ക്രീയേററ് ചെയ്യുന്നുണ്ട്.


പശുപതി,G M കുമാർ,നമിത കൃഷ്ണമൂർത്തി,വിവേക് പ്രസന്ന,അരുൾ ദാസ്,മൈന തുടങ്ങി സിനിമ മേഖലയിൽ ഉളളവർ തന്നെയാണ് ഇതിനു വേണ്ടി സഹകരിച്ചിരിക്കുന്നത്.


പ്രശസ്തനായ എന്നാല് ഇപ്പൊൾ അൽഷിമേഴ്സ് ബാധിച്ച എഴുത്തുകാരൻ ചെയ്യുന്ന ഒരു കൊലപാതകത്തിൻ്റെ പിന്നാലെ അവരുടെ മകളും പോലീസും നടത്തുന്ന അന്വേഷണങ്ങൾ ആണ്  യഥാർത്ഥ കഥ. അതിനിടയിൽ പലരുടെയും ജീവിതങ്ങൾ ബന്ധപ്പെട്ട് വരുന്നുണ്ട്.അത് കൊണ്ട് തന്നെ സിനിമയുടെ ഒഴുക്കു അനുഭവപ്പെടുന്നുണ്ട്..സീരിയലിൻ്റെ കിതപ്പ് ഇല്ല താനും.



മെഡിക്കൽ കോളേജിൽ എല്ലാ വർഷവും നല്ല മാർക്ക് നേടി ഒന്നാമതായി വിജയിക്കുന്ന ഡോക്റ്റർ എങ്ങിനെ മറ്റു സർജറി ചെയ്യുവാൻ പറ്റാതെ  പോസ്റ്റ്മോർട്ടം മാത്രം നടത്താൻ വിധിക്കപ്പെട്ടു എന്ന് കാണിക്കുന്ന എപ്പിസോഡ്  എല്ലാവരുടെയും മനസ്സൊന്നു കലക്കും..


പോലീസ് സേനയിൽ ഉള്ള കൊള്ളരുതായ്മകൾ ,മുകളിൽ നിന്നുള്ള പ്രഷർ കൊണ്ട് അന്വേഷണം പോലും പൂർത്തിയാക്കാതെ നിരപരാധികളെ അറസ്റ്റ് ചെയ്തു മുഖം രക്ഷിക്കുവാൻ ഉള്ള ശ്രമങ്ങൾ അങ്ങിനെ നമ്മുടെ ചുറ്റിലും നടക്കുന്ന പലതും ഈ സീരീസിൽ കടന്നു വരുന്നുണ്ട്.


കുറച്ചു സമയം എടുത്തെങ്കിലും മുഴുവനും ഒറ്റയടിക്ക് കാണുവാൻ തക്ക വിധത്തിൽ തന്നെയാണ് അണിയറക്കാർ ഈ വെബ് സീരീസ് അണിയിച്ചൊരുക്കി യിട്ടുള്ളത്.എന്ത് കൊണ്ടും സമയ നഷ്ട്ടം ഉണ്ടാകില്ല എന്ന് ഉറപ്പിൽ കണ്ടു തുടങ്ങി കൊള്ളുക.


പ്ര .മോ .ദി .സം

Sunday, August 1, 2021

തിട്ടം ഇരണ്ട് (PLAN B)

 



ഈ തലമുറയിലെ നമ്മുടെ കുട്ടികൾ സ്വപ്നം കാണുന്നവരാണ്..അവർക്ക് അവരുടേതായ ആശയങ്ങളും  ലക്ഷ്യങ്ങളും ഉണ്ട്..ചില ചട്ടക്കൂടുകൾക്കുള്ളിൽ തളച്ചിടപ്പെട്ടുപോയ നമ്മളിൽ പലരും അവരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും കാണാതെ പോകുന്നു .


പെണ്കുട്ടികൾ പഠിച്ചു കൊണ്ടിിക്കുകയാണ് എന്ന് പോലും ചിന്തിക്കാതെ നല്ലൊരു ആലോചന വന്നാൽ അത്  കൈവിട്ടു പോകും എന്ന് കരുതി അവരുടെ പഠിപ്പിനെ ബലികൊടുത്ത് കെട്ടിച്ചു വിടാൻ തിടുക്കം കൂട്ടുന്നു 



ആൺകുട്ടികളെ അവരുടെ അഭിരുചി ക്കനുസരിച്ചുള്ള കോഴ്സുകൾ പഠിക്കാൻ വിടാതെ നല്ല "ഫ്യുചർ" ഉണ്ടെന്ന് കരുതുന്ന കാര്യങ്ങൽ പഠിക്കാൻ ഉന്തി തള്ളി വിടുന്നു. നമ്മുടെ ഗാർഡിയൻ മനസ്സിന് പലവിധ സങ്കൽപ്പങ്ങൾ ഉണ്ടായിരിക്കും..മക്കൾ നന്നാകണം അവനു നല്ല ഭാവി ജീവിതം കിട്ടണം എന്നൊക്കെ..പക്ഷേ നമ്മൾ കുട്ടികളെ മനസ്സിലാക്കുക കൂടി ചെയ്യണം.അവർക്ക് രുചിയുള്ള ഭക്ഷണങ്ങൾ  നൽകുന്നത് പോലെ തന്നെ അവരുടെ ജീവിതത്തിൻ്റെ സ്വപ്നങ്ങളുടെ " ടേസ്റ്റ്" കൂടി നമ്മൾ മനസ്സിലാക്കണം.



പഠനം ജോലി  മാത്രമല്ല കുട്ടികളുടെ സ്വപ്നങ്ങൾ ..അവർക്ക് ഇന്ന് ജീവിക്കുന്ന വർഗ്ഗത്തിൽ നിന്നും മാറുവാൻ കൂടി ആഗ്രഹം കാണും. അതൊരു ബയോളജിക്കൽ പ്രശ്നമാണ്.ചില ഹോർമോണുകൾ ശരീരത്തിൽ കൂടുതൽ ഉണ്ടാകുന്നതിന് അനുസരിച്ച് മനസ്സ് മാറി ചിന്തിക്കുന്നത് മാത്രമാണ്..അതിനു പലപ്പോഴും സമൂഹത്തിൻ്റെ സപ്പോർട്ട് കിട്ടുകയില്ല.


ഈ അടുത്തകാലത്ത് എറണാകുളത്തെ ആശുപത്രിയുടെ അനാസ്ഥ കൊണ്ട്   ജീവിതം പെരുവഴിയിൽ ആയി സ്വയം മരിക്കാൻ തീരുമാനിച്ച 

 ലിംഗമാറ്റ  ശസ്ത്രക്രിയ നടത്തിയ "അനന്യ"ക്കു സംഭവിച്ചതും ഇതൊക്കെ തന്നെയാണ്. ആ കുട്ടിയുടെ ആശയും അഭിലാ ഷവും സപ്പോർട്ട് ചെയ്യുവാൻ വീട്ടുകാർ നാട്ടുകാർ സമൂഹം ഒന്നും ഉണ്ടായില്ല. ചിലപ്പോൾ വീട്ടുകാർ കാണുമായിരിക്കും പക്ഷേ സമൂഹം എന്ന നമ്മളെ ഓരോരുത്തരെയും ഭയന്ന് അവർക്ക് പിന്നിലേക്ക് പോകേണ്ടി വന്നിരിക്കും.



അങ്ങിനെ അനേകം "അനന്യ" മാർ നമുക്ക് ചുറ്റിലും ഉണ്ട്..അവർ ചിലർ സ്വന്തം പരിശ്രമം കൊണ്ടു മാത്രം ഉയരങ്ങളിൽ എത്തിയവരാണ്.അവർ സമൂഹത്തിൽ അന്തസ്സായി ജീവിക്കുന്നുണ്ട് എങ്കിലും പലർക്കും അവരോട് പുച്ഛം തന്നെ ആണ്.


വിഗ്നേഷ് കാർത്തിക് ,ഐശ്വര്യ രാജേഷിനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്ത ഈ ത്രില്ലർ മൂവിയിലും പറയുന്നത് വീട്ടിൽ അടിച്ചമർത്തി സ്വപ്നങ്ങളും ആഗ്രഹങ്ങളും മോഹങ്ങളും അസ്തമിച്ചു പോയ ഒരു യുവതിയുടെ കഥയാണ്.



സൂര്യ എന്ന കുടുബ സുഹൃത്തും  കളി കൂട്ടുകാരിയും കുടുംബസ്ഥ യുമായവളെ പെട്ടെന്ന് ഒരു ദിവസം കാണാതായപ്പോൾ അന്വേഷിക്കുന്ന ആതിര എന്ന പോലീസ് ഓഫീസർ   ഒരു അപകടത്തില് അവർ മരണപ്പെട്ടത് കണ്ടെത്തുന്നു..


അതൊരു അപകടമരണം അല്ലെന്ന് മനസ്സിലാക്കുന്ന അവർ

അടുത്ത ദിവസം തന്നെ മറ്റൊരു മരണവും സംശയിച്ച ആൾ തന്നെ നടത്തുമ്പോൾ അതിനു പിന്നാലെ പോകുന്നു . അപ്പൊ കണ്ടെത്തുന്ന വിചിത്രമായ ചില കാര്യങ്ങളാണ് ചിത്രത്തിൻ്റെ കഥ..യുവ സംവിധായകൻ വിഘ്നേഷ് കഥ യില് ടിസ്റ്റ് കൊണ്ട് വരുന്നത് വരെ നമ്മൾക്ക് ഒരു പിടിയും കിട്ടുന്നില്ല..അത്രക്ക് സമർത്ഥമായി സിനിമ മുന്നോട്ട് പോകുന്നുണ്ട് .



ഐശ്വര്യ രാജേഷ് മുതൽ എല്ലാവരും നന്നായി കഥാപാത്രമായി മാറിയിട്ടുണ്ട്.ഐശ്വര്യ ഒഴിച്ച് ബാക്കിയുള്ളവർ ഒന്നും അത്ര ഫമിലി യർ അല്ല..ഈ കൊവിഡ് കാലത്ത് ചിലവ് ചുരുക്കി പടം എടുക്കുവാൻ വേറെ വഴിയില്ല.


എങ്കിൽ കൂടി രണ്ടു മണിക്കൂർ ത്രസിച്ച് കാണുവാൻ പറ്റിയ നല്ലൊരു അന്വേഷണ മൂവി തന്നെയാണ് തിട്ടം ഇരണ്ട്


പ്ര. മോ .ദി .സം

Friday, July 30, 2021

തൂഫാൻ

 



ചില സിനിമകൾ ഇറങ്ങും മുൻപ് വിവാദത്തിൽ അകപ്പെടും..ഇതിൽ ഭൂരിഭാഗവും പെയിഡ് വിവാദങ്ങൾ ആയിരിക്കും.ബോക്സ് ഓഫീസിൽ തകർന്നുപോകും എന്നുള്ള ഭയത്തിൽ വെറുതെ വിവാദം ഉണ്ടാക്കി ആളെ കയറ്റുന്ന സിനിമാക്കാരുടെ  തന്ത്രം.


ഈ അടുത്ത കാലത്ത് മലയാളത്തിലെ ഒരു സിനിമയും രാഷ്ട്രീയക്കാർ സെറ്റ് അടിച്ചു തകർത്ത് എന്ന പേരിൽ ജനശ്രദ്ധ പിടിച്ച് പറ്റുവാനായി ശ്രമിച്ചിരുന്നു.പിന്നെ അതിൻ്റെ പിന്നാമ്പുറങ്ങളിൽ ചികഞ്ഞപ്പോൾ കരുതിക്കൂട്ടി ഈർക്കിൽ ഗുണ്ടാസംഘത്തെ കൊണ്ട് ചെയ്യിപ്പിച്ചു എന്നൊരു ശ്രുതി വന്നു..അതിൽ പിന്നെ അതേ കുറിച്ച് വല്യ വിവരം ഇല്ല.ഈ അടുത്ത കാലത്ത് വീണ്ടും അതേ സിനിമ വിവാദത്തിൽ പെട്ട് ജനശ്രദ്ധ കിട്ടി. അപ്പോ വിവാദങ്ങൾ ഉണ്ടാക്കുന്നതിൻ്റെ കാരണങ്ങൾ പിടികിട്ടി കാണുമല്ലോ.



രാകേഷ് ഓം പ്രകാശിൻ്റെ ഫർഹാൻ അക്തർ സിനിമ തൂ ഫാനും ലൗ ജിഹാദ് പേരിൽ വിവാദത്തിൽ പെട്ടിരുന്നു.സിനിമ കാണുന്നവർക്ക് മനസ്സിലാകും എന്താണ് ഇതിലെ ലൗ ജിഹാദ് എന്ന് . എന്ത് കൊണ്ട് അയാൾക്ക് ആ മനസ്ഥിതി ഉണ്ടാക്കുന്നു എന്നത്  വളരെ കൃത്യമായി തന്നെ പറയുന്നുമുണ്ട്.


എത്ര വല്യ മതേതരവാദികൾ ആയാലും സഖാവ് ആയാലും സ്വന്തം കാര്യം വരുമ്പോൾ  തൊണ്ണൂറു ശതമാനത്തിൻ്റെയും ഉള്ളിലെ വർഗീയത പുറത്ത് വരും എന്നതാണ് പരമാർത്ഥം. ഈ ചിത്രത്തിലും അത് മാത്രമേ ഉള്ളൂ..എങ്കിലും മുസ്ലിമും ഹിന്ദുവും ഒന്നിച്ചു താമസിക്കുവാൻ തീരുമാനിച്ചാൽ നമ്മുടെ നാട്ടിൽ  വീട് കിട്ടില്ല എന്ന് കൂടി പറഞ്ഞു വെക്കുന്നുണ്ട്.



ഹിന്ദു ഡോക്ടറും തെരുവിൽ നിന്നും ബോക്സിങ്ങിലെ കൊടുംകാറ്റ് ആയ മുസ്ലിം യുവാവും ഒന്നിച്ചു ചേരുവാൻ തീരുമാനിച്ചപ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും വീട്ടിൽ നിന്നും പുറത്താകുബോൾ  നല്ലൊരു കൂരക്കുള്ള പണത്തിന് വേണ്ടി  ബോക്സിങ്ങിനെ ഒറ്റെണ്ടി വരുന്നതും അഞ്ച് വർഷത്തെ ബാൻ കഴിഞ്ഞു റിങ്ങിലേക്ക് തിരിച്ചു വരുന്നതും അത് കൊണ്ടുണ്ടാകുന്ന നഷ്ട്ടങ്ങളും നേട്ടങ്ങളും ആണ് കഥാസാരം.



ശങ്കർ ഇഷാൻ ലോയി യുടെ ബാക് ഗ്രൗണ്ട്  സംഗീതമാണ് നമ്മളെ ഈ ചിത്രം കാണുവാൻ കൂടുതൽ ഹൃദ്യമാക്കുന്നത്..പാട്ടുകളും അവസരത്തിന് മാത്രം ഉപയോഗിച്ചിരിക്കുന്നു .പാരേഷ് രവാൽ എന്ന അനുഗ്രഹീത നടൻ്റെ സാന്നിധ്യം തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. 


അടുത്തടുത്ത ദിവസങ്ങളിൽ ബോ ക്സിങ് പ്രമേയമുള്ള ചിത്രങ്ങൾ  കണ്ടത് കൊണ്ടാവും ഇതിലെ ബോക്സിങ്  സംഘടന രംഗങ്ങൾ അത്രക്ക് ആസ്വദിക്കുവാൻ പറ്റിയില്ല., എല്ലാം കൊണ്ടും തട്ട് തകർപ്പൻ ആയിരുന്നിട്ടും ......


പ്ര .മോ. ദി .സം

Thursday, July 29, 2021

ശർപാട്ട പരമ്പരൈ

 



ഈ തമിഴ് ചിത്രത്തിൻ്റെ പേര് ഇങ്ങിനെ തന്നെയാണോ മലയാളത്തിൽ എഴുതേണ്ടത് എന്ന് നിശ്ചയമില്ല..1970 കളിലെ രണ്ടു "പരമ്പരകൾ" തമ്മിലുള്ള ബോക്സിങ് മത്സരങ്ങൾ കുടിപകയിലേക്കും മറ്റും നീങ്ങുന്നതാണ് കഥാസാരം.


1970 എന്ന് പറയ്പോൾ ആ കാലഘട്ടത്തിലെ സകലതും സിനിമയിലേക്ക് ആവാഹിക്കണം..നഗരവും ജനങ്ങളും വസ്ത്രങ്ങളും രീതികളും ഒക്കെ ആ കാലത്തേക്ക് മാറി വരണം..ഈ ചിത്രത്തിൽ സംവിധായകൻ അത് സമർത്ഥമായി ചെയ്തിട്ടുണ്ട്.ഈ അടുത്ത് കണ്ട മലയാള സിനിമയിൽ ഇല്ലാതെ പോയതും ഈ കാലഘട്ടത്തിലെ മാറ്റമാണ് .



ബോക്സിങ് കൊണ്ട് പേര് നേടി അത് ഗുണ്ടാവൃത്തിക്ക് ഉപയോഗിച്ച് ജീവിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും പണി കിട്ടും.അങ്ങിനെ

 "പണി "കിട്ടിയവൻ്റെ ഭാര്യ  ഒരിക്കലും മകനെ ബോക്സിങ് സ്ഥലത്തേക്ക് പോലും അടുപ്പിക്കില്ല.പക്ഷേ ബോക്സിങ് രക്തത്തിൽ അലിഞ്ഞു ചേർന്ന അവനു അതിൽ നിന്നും മാറി നിൽക്കുവാൻ കഴിയാതെ വന്നേക്കാം..ഓരോ തവണയും പതം പറച്ചിലും ചൂല് കൊണ്ടുള്ള അടി കിട്ടിയാൽ പോലും അവൻ അറിയാതെ അതിലേക്ക് തന്നെ എത്തിപ്പെടും.



അവരുടെ പരമ്പരയുടെ സൽപേരു നിലനിർത്തുവാനും അച്ഛനെപ്പോലെ ആയി പോകുന്ന മകനെ നേർ വഴിക്ക് കൊണ്ടുവരാനും അവർക്ക് പല തീരുമാനങ്ങളും മാറ്റേണ്ടി വരുന്നുണ്ട്.അമ്മയും മകനും തമ്മിലുള്ള സീനുകൾ വളരെ നന്നായി കാണിച്ചിരിക്കുന്നു.പലപ്പോഴും അതിലെ യാഥാർത്ഥ്യങ്ങൾ മനസ്സിനെ നൊമ്പരപ്പെടുത്തി.



പാ രഞ്ജിത്ത് എന്ന സംവിധായകൻ  അറിയപ്പെട്ടത് സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റ് ആയത് കൊണ്ടല്ല അടുപ്പിച്ചു  രണ്ടു  സൂപ്പർസ്റ്റാർ രജനി പടം ചെയ്തത് കൊണ്ടാണ്.അവിടെ പിഴച്ചത് പോലെ തന്നെ രഞ്ജിത്തിന് ഇവിടെയും പിഴക്കുന്നുണ്ട്..അതിൽ പ്രധാനം കഥ പരത്തി പറയാൻ മാത്രമേ അറിയൂ എന്നത് കൊണ്ടാണ് .രണ്ടു മണിക്കൂർ കൊണ്ട് പറഞ്ഞു  തീർക്കേണ്ട കഥ മൂന്ന് മണിക്കൂർ ഒക്കെ എടുത്ത് നല്ല ലാഗിംഗ് തരുന്നുണ്ട്.



സംഘടന രംഗങ്ങൾ ഒക്കെ അടിപൊളിയായി പകർത്തിയിരിക്കുന്നു.ജനകൂട്ടത്തിൻ നടുവിൽ വെച്ച് മാത്രമേ ബോക്സിങ് ചെയ്യുവാൻ പറ്റൂ എന്നുള്ളത് കൊണ്ടു തന്നെ ജനങ്ങളെ ഉപയോഗിക്കുന്നതിനും രഞ്ജിത്ത് മിടുക്ക് കാണിക്കുന്നുണ്ട്.



ആര്യ എന്ന മലയാളി നടൻ പേരെടുത്ത് ആധിപത്യം സ്ഥാപിച്ചത് തമിഴിൽ ആണ്.ആര്യയുടെ  വ്യതസ്ത നിറഞ്ഞ ഗെറ്റപ്പ്കള് തന്നെയാണ് മുഖ്യ ആകർഷണം.കൂടാതെ മറ്റു

നടന്മാർ ഒക്കെ നന്നായി ചെയ്തിരിക്കുന്നു പ്രത്യേകിച്ച് "ഡാൻസിംഗ് റോസ്" എന്ന കഥാപാത്രം ചെയ്ത ഷബീർ കല്ലറക്കൽ, മാസ്റ്റർ ആയ പശുപതി,"ഡാഡീ" ആയി തമിൾ ഇംഗ്ലീഷ് കൊണ്ട് ആകർഷിക്കുന്ന ജോൺ വിജയ്,ബോക്സിങ് പ്രതിയോഗി ജോൺ കൊക്കെൻ,അമ്മയായ അനുപമ,സഞ്ജന,കാളിവെങ്കിട്ട് അങ്ങിനെ എല്ലാവരും.


കുറച്ചുകൂടി വെട്ടി ഒതുക്കി വെച്ചിരുന്നു എങ്കിൽ ഈ സിനിമക്ക് കുറച്ചു കൂടി അഴകു കൂടിയെനെ..


പ്ര. മോ .ദി .സം

Wednesday, July 21, 2021

വാക്സിൻ "കുംഭകോണം"

 



കേന്ദ്ര സംസ്ഥാന സർകാർ സൗജന്യം എന്ന് കെട്ടിഘോഷിച്ച കോവിഡ് പ്രതിരോധ വാക്സിൻ എത്ര പേർക്ക് സൗജന്യമായി കിട്ടിയിട്ടുണ്ട്?


മാസങ്ങളായി സൗജന്യ സ്ലോട്ടിന് വേണ്ടി പലരും ശ്രമിക്കുന്നുണ്ട് എങ്കിലും പലർക്കും  അത് ഇപ്പോഴും കിട്ടാകനി തന്നെയാണ്..വാക്സിൻ ലഭ്യത കുറവാണ് ഇതിന്റെ കാരണം എന്ന് പറയുമ്പോൾ തന്നെ പ്രൈവറ്റ് ആശുപത്രികളിൽ പൈസ കൊടുത്താൽ അത് യഥേഷ്ടം കിട്ടുവാനുമുണ്ട്.



ഒരു പൗരൻ എന്ന നിലയിൽ അത് അറിയുവാനുള്ള അവകാശം ഇവിടുത്തെ ഓരോ ആൾക്കാർക്ക് ഉണ്ടു താനും.


എങ്ങിനെയാണ് സർകാർ ആശുപത്രികളിൽ കിട്ടാതെ അത് പ്രൈവറ്റ് ആശുപത്രികളിൽ മാത്രം പോയി ചേരുന്നത്? 


ഇവിടെ എറണാകുളത്തെ കാര്യം തന്നെ നോക്കിയാൽ സർകാർ സംവിധാനത്തിൽ ഒരിക്കലും ഒഴിവുകൾ കാണുകയില്ല മാസങ്ങളായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ..പക്ഷേ ഇന്നത്തെ ദിവസം അനേകം പ്രൈവറ്റ് ആശുപത്രികളിൽ അത് ലഭ്യമാണ് താനും...ചില സ്ഥലങ്ങളിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യാതെ അവിടെ പോയി രജിസ്റ്റർ ചെയ്തു പോലും ഇഞ്ചക്ഷൻ എടുക്കുവാൻ സാധിക്കും എന്ന് കൂടി അറിയുന്നു.മറ്റുള്ള സ്ഥലത്തെ കാര്യങ്ങൾ അറിയില്ല.. അറിയുന്നവര് വെളിപ്പെടുത്തുക.


ഇതിന്റെ പിന്നിലെ തിരിമറികൾ എന്തായാലും  പരസ്പരം കുറ്റപ്പെടുത്താതെ അത് അറിയിക്കുവാൻ സർകാർ ബാധ്യസ്ഥനാണ്..പണം ഉള്ളവർക്ക് മാത്രം" പ്രതിരോധം" മതി എന്ന നയം ശരിയല്ല


അത് കൊണ്ട് തന്നെ നമുക്ക്  ഉറക്കെ വിളിച്ചു പറയാം


"സാർ നിങ്ങളുടെ സിസ്റ്റം തെറ്റാണ്.."


പ്ര.മോ. ദി .സം

Tuesday, July 20, 2021

ചുഴൽ

 



"നിങ്ങൾക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ നിങൾ പ്രേതങ്ങളിലും വിശ്വസിക്കണം " എന്ന ശീർഷകത്തിൽ ആണ് ബിജു മാണി സംവിധാനം ചെയ്ത "ചുഴൽ"  എന്ന ചിത്രം ആരംഭിക്കുന്നത്.


ഇൗ മഹാമാരി കാലത്ത് മലയാള സിനിമയിൽ പ്രേത കഥകളുടെ ബഹളമാണ്. പ്രീസ്റ്റ്,കോൾഡ് കേസ്,ചതുർമുഖം തുടങ്ങി കുറെയേറെ ചിത്രങ്ങൾ നമ്മുടെ മുൻപിൽ എത്തി. ഫോണിലും ഫ്രിഡ്ജ്ലും ,കൊച്ചിലും ഒക്കെ പ്രേതങ്ങൾ കയറിയിറങ്ങി നടക്കുകയാണ്.  അതിൽ നിന്നൊക്കെ അവർ അവരുടെ "പണി "നടത്തുന്നുണ്ട്.പക്ഷേ ഇതിലെ പ്രേതം  അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തനാണ് എന്നൊരു മാറ്റം ഉണ്ട്.



ഇതിലെ പ്രേതം  അപരന്മാരെ സൃഷ്ടിച്ചു കൊണ്ടാണ് കളി കളിക്കുന്നത്.അത് കൊണ്ട് തന്നെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് അല്പം പുതുമ  ഇൗ ചിത്രത്തിലെ പ്രേമത്തിന് ഉണ്ട്. ബാക് ഗ്രൗണ്ട് മ്യൂസിക് കൂടി ആകുമ്പോൾ കാണാൻ രസവും ഉണ്ട്.



എന്നാലും ചില ചോദ്യങ്ങൾ ഉണ്ട്..കേരളത്തിൽ ഉള്ള ഏതു ആശുപത്രിയാണ് കൊറോണ എന്ന് പോലും നിശ്ചയമില്ല എങ്കിലും അപകട നിലയിലുള്ള രോഗിയെ   പ്രാഥമിക ചികിത്സ പോലും  നൽകാതെ  വഴിയിൽ നിർത്തി "അപമാനിച്ചത്"? ശൈലജ ടീച്ചറുടെ കാലത്ത് എന്തായാലും നടക്കാൻ ഇടയില്ല ഇൗ കാലത്ത് ആണെങ്കിൽ ആരോഗ്യ പ്രവർത്തകർക്ക് ഇത്ര ഭയവും ഇല്ല.പിന്നെ ഇത്ര പേടിയുള്ള ജീവനക്കാർ എന്തെ മാസ്ക് പോലും ഇടാത്തത്? ജനങ്ങളും ഇടുന്നില്ല.അവരോട് ധരിക്കുവാൻ ആരും പറയുന്നുമില്ല.


കഥയിൽ ചോദ്യമില്ല എന്ന് മാത്രമല്ല അധികവും പുതുമുഖങ്ങൾ ആയത് കൊണ്ട് അവരെയൊക്കെ പ്രേക്ഷകർ കണ്ണ് നിറയെ കണ്ടു കൊള്ളട്ടെ എന്നൊരു ഉദ്ദേശ്യം കൂടി സംവിധായകന് കാണും.അല്ലെങ്കിൽ ആരൊക്കെയാണ് അഭിനയിച്ചത് എന്നൊരു കൺഫ്യൂഷൻ ഉണ്ടാകും.



ജാഫർ ഇടുക്കി ഒഴിച്ച് ബാക്കിയുള്ളവരെ ആദ്യം കാണുക ആണെങ്കിൽ കൂടി എല്ലാവരും തകർത്ത് അഭിനയിച്ചു. ജാഫർ ഇടുക്കി എന്ന നടനെ ഇനിയും മലയാള സിനിമ കാര്യമായി ഉപയോഗിച്ചു എന്ന് തോന്നുന്നില്ല.ഇപ്പൊൾ ഉള്ള മുഴുവൻ ചിത്രങ്ങളിലും സാനിദ്ധ്യം ഉണ്ടെങ്കിലും പലതും ആ നടനെ വെറുതെ ഉൾപ്പെടുത്തി എന്ന് വരുത്തി തീർക്കാൻ വേണ്ടിയുള്ള റോളുകൾ ആണ്. ആ നടനെ തിരിച്ചറിയാൻ പറ്റാത്തത് മലയാള സിനിമയുടെ പോരായ്മ തന്നെ ആണ്.


കുറെയേറെ ചെറുപ്പക്കാരുടെ പ്രഥമ സംരംഭം എന്ന നിലയിൽ ചുരുങ്ങിയ സമയം കൊണ്ട് ആസ്വദിക്കുവാൻ പറ്റിയ സിനിമ തന്നെയാണ് "ചുഴൽ"


പ്ര .മോ. ദി. സം

Sunday, July 18, 2021

ഷെർനീ





ഘോരവനത്തിന്റെ കഥ പറഞ്ഞിട്ട് കൂടി പതിവ് ബോളിവുഡ് ചിത്രത്തിന്റെ" അലർച്ചയോ ബഹളമോ" ഇല്ലാതെ നയന സുന്ദരമായ വനത്തിന്റെ കാഴ്ചകൾ ഒരുക്കി അമിത് മസൂരേകർ വിദ്യാബാലനേ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത ഇൗ ചിത്രം കാടിന്റെ കഥ പറയുന്നു ,ഒപ്പം അതിലെ മൃഗങ്ങളുടെയും അവർക്ക് ചുറ്റും ഉള്ള ഗ്രാമീണരുടെയും..


കാട്ടിൽ നിന്നും ഒരു മൃഗം നാട്ടിലേക്ക് വന്നാൽ അത്  ആ നാടിന് ഭീഷണി തന്നെയാണ്.അത് മൃഗഭോജി കൂടി ആണെങ്കിലോ? ചിലപ്പോൾ മൃഗങ്ങൾ അവരെ അത്രക്കങ്ങു ഉപദ്രവിച്ചിട്ടുണ്ടാകില്ല എങ്കിൽ കൂടി അത് മുതലെടുത്തു രാഷ്ട്രീയ ലാഭം കൊയ്യാൻ പാർട്ടികളും നേതാക്കളും ശ്രമിക്കും.അതിനെ എതിർക്കുവാനും ഇല്ലാതാക്കി കളയുവാനും പലപ്പോഴും ഉദ്യോഗസ്ഥർക്ക് കഴിയില്ല.



മുൻപ് മൃഗയ എന്ന ചിത്രത്തിൽ കൂടി ഐ വി ശശി എന്ന മലയാളത്തിന്റെ പ്രഗൽഭനായ സംവിധായകൻ നാട്ടിൽ പുലി ഇറങ്ങുന്നതും അത് കൊണ്ട് നാട്ടുകാർക്ക് ഉണ്ടാകുന്ന ഭവിഷ്യത്തുകളും  അതിൻറെ മുതലെടുപ്പും മറ്റും നല്ല രീതിയിൽ കാണിച്ചത് കൊണ്ട് നമുക്ക് ഇൗ ചിത്രം അത്ര അങ്ങ് രസിക്കണം എന്നില്ല.


കാട് എന്നത് മഹത്തരമായ ഒരു സൃഷ്ടിയാണ് .അതിലൂടെ സഞ്ചരിച്ചവനെ അതിൻറെ ഭംഗിയെ കുറിച്ച് പറഞ്ഞാല് മനസ്സിലാകൂ.ഇൗ ഭൂമിയിൽ വസിക്കുവാൻ ഓരോ ജീവിക്കും അവകാശം ഉണ്ടു..അതൊന്നും ചിന്തിക്കാതെ മനുഷ്യർ നടത്തുന്ന കടന്നു കയറ്റങ്ങൾ നശിപ്പിക്കുന്നത് വലിയൊരു ആവാസവ്യവസ്ഥയെ തന്നെ ആണ്.അതിനു പതിന്മടങ്ങ് ശിക്ഷ പ്രകൃതി തന്നെ പലപ്പോഴായി തരുമെങ്കിലും മനുഷ്യർ ഒരിക്കലും പാഠം പഠിക്കാറില്ല.



പ്രകൃതിയെ സ്നേഹിച്ചിരുന്നു എങ്കിൽ വർഷ വർഷം വെള്ളപൊക്കം മറ്റു പ്രകൃതി ക്ഷോഭം ഒന്നും നമുക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു.ഇപ്പൊൾ പോലും കാട് നശിപ്പിച്ചു കോടി കണക്കിന് മരം മുറിച്ചു കൊണ്ട് പോയിട്ട് പോലും പരസ്പരം കുറ്റപ്പെടുത്തുക അല്ലാതെ കാര്യമായ പ്രതിവിധി ഇനിയും ഉണ്ടായിട്ടില്ല..ഇങ്ങിനെ അധികാരികളും ദല്ലാൾ കൂട്ടവും പ്രകൃതിയെ കാലാകാലങ്ങളിൽ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു...



 ഫോറസ്റ്റ് ഓഫീസർ ആയ വിദ്യയും കാടിനും മൃഗങ്ങൾക്കുംം ചുറ്റിപ്പറ്റിയുള്ള  അനീതിക്കും ആക്രമണത്തിനും   എതിരായി പലതും ചെയ്യണം എന്നു ആഗ്രഹിക്കുമ്പോൾ പോലും അത് മേലാളന്മാരുടെ ഇടപെടലുകളിൽ ഒന്നുമാകതെ പോകുകയാണ്.ഗ്രാമീണരിൽ നന്മകൾ ഉളളവർ സഹായത്തിനു എത്തുന്നു എങ്കിലും അതിനിടയിൽ വലിയൊരു അത്യാഹിതം സംഭവിച്ചു കഴിഞ്ഞിരുന്നു.


ആകെ "അമ്പരിപ്പിച്ച് "കളഞ്ഞത് വല്യ സംഗീത കമ്പനി മുതലാളി നിർമ്മിച്ച് ചിത്രത്തിൽ ആകെ ഒരു പാട്ട് മാത്രമേ ഉള്ളൂ എന്നതാണ്..ടീ സീരീസിൽ നിന്നും അത് പതിവില്ലാത്തതാണ്


പ്ര .മോ .ദി. സം

Friday, July 16, 2021

രണ്ടുപേർ

 



തുല്യ ദുഃഖിതരായ രണ്ടു പേര് ആകസ്മികമായി ഒരു "നഗര"ത്തിൽ വെച്ച് അസമയത്ത്  കണ്ടുമുട്ടുന്നു. അസമയത്ത് കണ്ടു മുട്ടണം എങ്കിൽ എന്തായാലും കേരളത്തിന് പുറത്തുള്ള നഗരം തന്നെ ആകണം.അല്ലെങ്കിൽ ഇവിടുത്തെ "സദാചാര പോലീസുകാർ" ഇടപെടും.


ഒന്നിച്ചുള്ള യാത്രയിൽ അവർ തങ്ങളുടെ പ്രയാസങ്ങൾ പരസ്പരം പങ്കുവെച്ചു കഴിയുമ്പോൾ  പെട്ടെന്ന് തന്നെ അവർക്കിടയിൽ പുതിയൊരു "ബന്ധം'"രൂപപ്പെടുന്നത് ചെറിയൊരു അതിശയോക്തി പ്രേക്ഷകർക്ക് അനുഭവപ്പെടാം..പിന്നെ ഇപ്പൊൾ ഉള്ള ജനറേഷൻ ഇതല്ല ഇതിലപ്പുറം പോകും എന്ന് സമൂഹത്തിന് നിശ്ചയം ഉള്ളത് കൊണ്ട് മിണ്ടാതെ കാണുക.ഞാൻ ഒക്കെ "ഓൾഡ് പീസ് "എന്ന് കരുതി  അധികം അഭിപ്രായം പറയുകയും അരുത്.



അതിലും രസം ഇൗ ബന്ധം കൊണ്ട് പല്ലിയെ കൊല്ലാൻ പോലും ഭയമുള്ള നായകൻ അവൾക്ക് വേണ്ടി "പലതും" ചെയ്യുന്നു എന്നതാണ്. പല്ലിയെ കൊല്ലുവാൻ പോലും  അവൻ ആരംഭിച്ചത് തന്റെ "ലവർ"ക്ക് വേണ്ടി എന്ന് കൂടി പുള്ളി പറഞ്ഞു കളയുന്നുണ്ട്.പല്ലിയെ കൊല്ലാൻ പേടിയുള്ള നായികക്ക് ചെയ്യാവുന്നത് ഇതിൽ കൂടുതൽ ആയത് കൊണ്ട്  നമുക്ക് ഇതൊക്കെ വിശ്വാസത്തിൽ എടുക്കുകയെ നിർവാഹമുള്ളൂ.


ഒരു പ്രേമം പൊളിഞ്ഞു പോയാൽ അവളോട്  അല്ലെങ്കിൽ അവനോടുള്ള പ്രതികാരം ചെയ്യാൻ അപരിചിതരായ ഏതെങ്കിലും ആളുമായി  അന്ന് തന്നെ "ഭോഗ" ത്തില് ഏർപ്പെടാൻ തുനിഞ്ഞിരങ്ങുന്ന നായികയും നായകനും സമൂഹത്തിന് മുന്നിൽ എന്താണ് പറയുന്നത്.? 



അവരുടെ പ്രേമവും കൂട്ടുകെട്ടും വെറും കാമം മാത്രമായിരുന്നു എന്നോ? ഇങ്ങിനെ ന്യു ജനറേഷൻ ചിന്താഗതി എന്ന പേരിൽ സിനിമാക്കാർ കുറെ പൊട്ടത്തരങ്ങൾ എഴുന്നള്ളിക്കുന്ന പ്രവണത ഇപ്പൊൾ കൂടിയിട്ടുണ്ട്.


ഇപ്പൊൾ എന്ന് പറയുക വയ്യ ഇത് ഒരു പഴയ ചിത്രമാണ് 2017 വർഷം കേരളത്തിൽ നടന്ന ഫെസ്റ്റിവലിൽ ഒക്കെ പങ്കെടുത്തിട്ടുണ്ട്..അതിനു ശേഷം പെട്ടിയിൽ ആയിപിയ സിനിമ ഒ ടി ടീ റിലീസ് എന്ന അവസ്ഥ വന്നപ്പോൾ പുറത്തേക്ക് ഇറങ്ങി എന്ന് മാത്രം.സിനിമ തിയേറ്ററിൽ കാണിക്കാൻ പറ്റാത്ത ഇന്നത്തെ അവസ്ഥ ഇത്തരം ചിത്രങ്ങൾക്ക് മുതൽക്കൂട്ട് ആകുന്നുണ്ട്.



 നായകനും നായികയും കൂടുതൽ സമയവും കാറിൽ തന്നെ സഞ്ചരിച്ചു കൊണ്ട് ആണ് "രണ്ടുപേർ " മുന്നോട്ട് പോകുന്നത്..അവരുടെ യാത്ര ശുഭയാത്ര ആയിരിക്കുമോ എന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ


പ്ര .മോ .ദി .സം

Thursday, July 15, 2021

മാലിക്

 



എൺപതുകളിൽ ഹിന്ദി സിനിമ കാണുക എന്ന് പറഞ്ഞാല് ഭയങ്കര ഹരമായിരുന്നു .രണ്ടു മൂന്നു തലമുറയുടെ കഥകൾ ആയിരുന്നു അതിൽ അധികവും അവർക്ക് പറയുവാൻ ഉണ്ടാവുക... പിന്നെ പിന്നെ അവർക്ക് പോലും  അത് മടുത്തു തുടങ്ങി..


പക്ഷേ ഇപ്പോഴും മടുക്കാത്ത ചിലർ അങ്ങനെയുള്ള ബോറൻ സിനിമകൾ കൊല്ല വർഷം ഒക്കെ എഴുതി കാണിച്ചു പടച്ചു വിടുന്നുണ്ട്..ചിലർ ആ സാഹസം കാണിക്കുന്നത് കഥയുടെ തുടർച്ചക്ക്  അതില്ലെങ്കിൽ പറ്റില്ല എന്ന സ്ഥിതി വരുന്നത് കൊണ്ട് മാത്രമാണ്.പക്ഷേ അങ്ങിനെ സിനിമ എടുക്കുന്നതിനും ഒരു കഴിവ് വേണം...അല്ലേൽ പുതു തലമുറ ബോറടിച്ചു പണ്ടാരം അടങ്ങി പോകും.



അധോലോകവും അമിതാബ് ബച്ചനും ശത്രുഘ്നൻ സിൻഹ ,ധർമേന്ദ്ര,ശക്തി കപ്പൂർ അങ്ങിനെ കുറെ ഇഷ്ട്ട നടന്മാരും മറ്റും കേറിയങ് പൊളിക്കും.. ആ സമയത്ത് ചെറു പ്രായത്തിൽ അതൊക്കെ കണ്ടു ഹരം കൊണ്ട് കയ്യടിക്കും.പക്ഷേ ഇപ്പോളത്തെ പിള്ളേർ അതൊക്കെ കണ്ടാൽ കൂവും..അവർക്ക് വേണ്ടത് പറയുവാനുള്ളത് പെട്ടെന്ന് പറഞ്ഞു പോകുന്ന സിനിമകൾ ആണ്.


മഹേഷ് നാരായണൻ എന്ന സംവിധായകനും അത്തരം സിനിമ കണ്ടു ഇഷ്ട്ടപെട്ട ആളാണ് എന്നാണ് തോന്നുന്നത്. "ടേക്ക്‌ ഓഫ് "എന്ന നല്ലൊരു ചിത്രവും ആളുകൾ പാടി പുകഴ്ത്തിയ "സീ യു സൂൺ "എന്ന ചിത്രവും കൊണ്ട് സാനിദ്ധ്യം അറിയിച്ച മഹേഷ് ഇൗ ബിഗ് ബഡ്ജെറ്റ് സിനിമ ചെയ്തതിലൂടെ  കരിയറിൽ നിന്നും കുറച്ചു പിന്നിലേക്ക് പോയിരിക്കുന്നു.



പുതുമ എന്ന് പറയാൻ ഒന്നും  തന്നെ ഇതിൽ ഇല്ല. പഴയ ഹിന്ദി സിനിമകൾ കണ്ടാ മതി എന്ന് ആദ്യമേ തന്നെ പറഞ്ഞിരുന്നുവല്ലോ... അധോ ലോകങ്ങളുടെ കു്ടി പകയും അത് മുതലെടുക്കുന്ന വർഗീയ പ്രശ്നങ്ങളും ചങ്ങാതിയുടെ ചതിയും ഒക്കെ നമ്മൾ മലയാളത്തിൽ തന്നെ എത്ര കണ്ടിരിക്കുന്നു...പിന്നെ തിയേറ്ററിൽ അല്ലാത്തത് കൊണ്ട് തന്നെ ബോറടിക്കുമ്പോൾ നിർത്തി വെച്ചു പിന്നെ  തോന്നുമ്പോൾ മാത്രം കുറച്ചു കുറച്ചായി കണ്ടാൽ മതി എന്നൊരു സമാധാനം കൂടി ഉണ്ടു..അല്ലെങ്കിൽ രണ്ടു മണിക്കൂർ നാൽപത് മിനിറ്റ് ഒക്കെ ഇത്തരം സിനിമകൾ ആരു സഹിക്കുന്നു. 


ലൂസിഫർ പോലുള്ള നീണ്ടു നിവർന്നു കിടക്കുന്ന സിനിമകൾ കണ്ട് നല്ല ഹോം വർക് ചെയ്തു മാത്രമേ ഇത്തരം സാഹസങ്ങൾക്കു പുറപ്പെടാൻ പാടുള്ളൂ. അത് ഉണ്ടാക്കിയവന് ശരിയായി കാണികളുടെ പൾസ് അറിയാമായിരുന്നു..ലാഗിങ് ഉണ്ടാവും എന്ന് തോന്നുന്ന സ്ഥലത്ത് അതിനെ വെട്ടാനുള്ള ക്രിയകൾ അവർ കരുതി വെച്ചു.



സിനിമയിൽ പറയുന്ന "റമദാൻ പള്ളി "വേറെ പേരിൽ ചെറുപ്പം മുതൽ തന്നെ കേൾക്കുന്നത് ആണ്.അവിടെ പോയാൽ ഫോ റിൻ സാധനം  നല്ല വില കുറച്ചു കിട്ടും എന്നും ശരിയായ രീതിയിൽ അല്ലാതെ സാധനങ്ങൾ അവിടെ  വരുന്നത് കൊണ്ട് പോലീസിനോ കസ്റ്റംസ്നോ കയറാൻ പറ്റാത്ത വിധം ഒരു കൂട്ടം "അധോലോക നായകൻമാർ" കൺട്രോൾ ചെയ്യുന്നു എന്നൊക്കെ...


നന്മ ചെയ്യുന്ന പലരുടെയും പിറകിൽ ആരും അധികം ഗൗനിക്കാതെ പോകുന്ന തിന്മകൾ ഉണ്ടാകും.കായംകുളം കൊച്ചുണ്ണി മുതൽ പല "നന്മ മരങ്ങൾ" വരെ ഉള്ളവൻെറ അടുക്കൽ നിന്നും വാങ്ങി പാവങ്ങള്ക്ക്  വിതരണം ചെയ്തു പേരെടുക്കുന്ന ആൾക്കാരാണ്.ചിലർ ആണെങ്കിൽ നല്ല വണ്ണം" മുക്കി" ഇത് തങ്ങളുടെ വരുമാന മാർഗം തന്നെ ആക്കി മാറ്റും.



ചില അധോലോക നായകന്മാരും ഇങ്ങിനെ തന്നെ ആണ്..രാജ്യത്തെ ഒറ്റിയും പറ്റിച്ചും സമ്പാദിച്ചു അതിൽ നിന്നും എടുത്ത് സഹായിച്ചു കുറെ എണ്ണത്തിന്റെ സപ്പോർട്ട് കരസ്ഥമാക്കും .പിന്നെ നീതിയും ന്യായവും ഒക്കെ അവർ തീരുമാനിക്കുന്നത് ആയിരിക്കും...അവിടെ പോലീസിന് കയറാൻ പോലും സാധിക്കാത്ത അവസ്ഥ വരും.അങ്ങനെയുള്ള പല സ്ഥലങ്ങളും നമ്മുടെ നാട്ടിലും ഉണ്ടായി തുടങ്ങിയിട്ടുണ്ട്..രാഷ്ട്രീയ പിൻബലവും അതിനു കിട്ടുന്നുണ്ട്.


പോലീസിന് ചില പ്രത്യേകതകൾ ഉണ്ട്..അവർ ഒരു കാര്യം തീരുമാനിച്ചാൽ എത് മാർഗത്തിൽ കൂടിയും അത് നടപ്പിൽ വരുത്താൻ ശ്രമിക്കും.അതിനു അവർ തിരഞ്ഞെടുക്കുന്ന മാർഗങ്ങൾ ചിലപ്പോൾ മാനുഷിക പരിഗണനകൾ ഒന്നും നോക്കാതെ ആയിരിക്കും.അവർ അതിനു വേണ്ടി ചേരി തിരിഞ്ഞു പട വെട്ടാൻ ആളുകളെ ഇറക്കും...ജാതിയും വർഗ്ഗവും,മതവും,രാഷ്ട്രീയവും ഒക്കെ കൂട്ടി കലർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കും.



ഏതാണ്ട് മാലിക് പറയുന്നതും ഇൗ കഥകൾ തന്നെ..നന്മനരവും കള്ള കടത്തും വർഗീയ ധ്രുവീകരണം വും ജാതിമത സംഘടനവും പിന്നെ പോലീസ് കളികളും...


ഇപ്പൊൾ വാർത്തയിൽ പറയുന്നത് കേട്ടു..ഇൗ ചിത്രത്തിന്റെ വ്യാജപതിപ്പ് രാവിലെ തന്നെ പല സൈറ്റിലും ഇറങ്ങി എന്ന്...രണ്ടു മാസം മുന്നേ ഇറങ്ങിയ പല ചെറിയ ബജറ്റ് മലയാള സിനിമകൾ ഇന്നും വ്യാജൻ ഇറങ്ങാതെ  റിലീസ് ചെയ്ത പ്ലാറ്റ്ഫോമിൽ മാത്രം പിടിച്ചു നിൽക്കുന്നു എങ്കിൽ ഇത്തരം ചിത്രങ്ങൾ  മാത്രം എങ്ങിനെ ഇത്ര പെട്ടെന്ന് ഇറങ്ങുന്നു എന്ന് ചിന്തിക്കണം.


ആമസോണിന്റെ വിഹിതവും ചാനലുകാരുടെ വിഹിതവും കിട്ടിയ ശേഷം വ്യാജ സൈറ്റുകൾക്ക് കൂടി ഇത്  ആരെങ്കിലും മറിച്ചു നൽകുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചു പോയാൽ അവരെ കുറ്റം പറയാൻ പറ്റില്ല.പണം ഇറക്കുന്ന അണിയറക്കാർ ഇത് കൂടി ഒന്ന്  മനസ്സിൽ വെക്കണം.അല്ലെങ്കിൽ എന്റെ കോടികൾ പോയെ എന്ന് സമൂഹ മാധ്യമങ്ങളിൽ നിലവിളിക്കേണ്ടതായി വരും.. 


പ്ര .മോ. ദി .സം

Saturday, July 10, 2021

ഗ്രഹണം

 



തമിഴ്നാട് എന്ന് പറഞ്ഞാൽ സിനിമ ഹൃദയത്തിന്റെ ഉള്ളിൽ കൊണ്ട് നടക്കുന്നവരുടെ നാടാണ്. ഇപ്പൊൾ  ഒരു പക്ഷേ കൂടുതൽ പരീക്ഷണ ചിത്രങ്ങൾ വരുന്നത് തമിഴിൽ തന്നെ ആണ് .അത് കൊണ്ട് തന്നെ പുതുമുഖങ്ങൾക്ക് അരങ്ങിലും അണിയറയിലും നല്ലൊരു അവസരം തമിൾ സിനിമയിൽ ഉണ്ട്. സൂപ്പർ താരങ്ങൾക്കൊപ്പം തന്നെ പുതു മുഖങ്ങളും അവിടെ വലിയ തോതിൽ സ്വീകരിക്കപ്പെടുന്നു.


മുൻകാലങ്ങളിൽ മലയാളത്തിലും കൂടുതൽ പരീക്ഷണ ചിത്രങ്ങൾ വന്നു എങ്കിലും നമ്മുടെ കാണികൾക്ക് അതിലൊന്നും വലിയ താല്പര്യം ഇല്ലാത്തത് കൊണ്ടും ഒരു പക്ഷേ  താരാധിപത്യം അവയെ സ്വീകരിക്കുവാൻ വിടാത്തത് കൊണ്ടും പരീക്ഷണങ്ങൾ നടത്തി "ദരിദ്രൻ" ആകുവാൻ നിർമാതാക്കൾ തയ്യാറായില്ല.



അത് കൊണ്ട് തന്നെ നമ്മുടെ ഇടയിലെ  പ്രഗൽഭരായ പലരും മറ്റു ഭാഷകളിൽ അവസരത്തിന് വേണ്ടി ചേക്കേറി. ഐ വി ശശി യുടെ മകൻ പോലും നല്ലൊരു പരീക്ഷണ ചിത്രവുമായി അരങ്ങേറ്റം കുറിച്ചത് തന്നെ തെലുങ്കിൽ ആണ്. ആ കഥ  മലയാളത്തിൽ സ്വീകരിക്കുക പ്രയാസം തന്നെ ആയിരിക്കും.


 അങ്ങനെയുള്ള അനുഭവങ്ങൾ കണ്ടറിഞ്ഞ് തന്നെയാവാം സിങ്കപ്പൂർ  ഉള്ള ഒരു കൂട്ടം മലയാളി സിനിമാ പ്രേമികൾ സ്വന്തമായി ഒരു ചിത്രം ആരെയും ആശ്രയിക്കാതെ സ്വന്തം നിലയിൽ നിർമിക്കുവാൻ ശ്രമിച്ചത്.


അവരുടെ നല്ലൊരു   സസ്പെൻസ് ത്രില്ലർ സംരംഭം ആണ് "ഗ്രഹണം".അവർ ചിത്രം മലയാളത്തിൽ തന്നെ ആണ് ഒരുക്കിയത്. ആനന്ദ് പാഗ എന്ന  സംവിധായകനും ജിബു ജോർജ്, ദേവിക എന്നീ നായകനും നായികയും ഒക്കെ പുതുമുഖങ്ങൾ തന്നെ. ആനന്ദ് ,ദേവിക എന്നിവരാണ് സിനിമ നിർമിച്ചതും.



സിംഗപ്പൂരിൽ ഗ്രഹണത്തെ കുറിച്ച് ഗവേഷണം നടത്തുന്ന റോയ് , ടീനയെ വിവാഹം കഴിച്ചു സന്തോഷകരമായ ജീവിതം നയിക്കുമ്പോൾ ആകസ്മികമായ ചില സംഭവങ്ങൾ അവരുടെ ജീവിതം താറുമാറാക്കുന്നു..അത് അന്വേഷിച്ചു കൊണ്ടുള്ള റോയിയുടെ  യാത്ര പല നീഗൂഡതകളും പുറത്തേക്ക് കൊണ്ട് വരുന്നു. മൊത്തത്തിൽ നല്ലൊരു ത്രില്ലർ  അനുഭവം പിന്നീട് അങ്ങോട്ട് നമ്മളെ കൊണ്ടുപോകുന്നു.


തുടക്കകാർ എന്ന നിലയിൽ അഭിനന്ദനീയമാണ് അവരുടെ സംരംഭം. നല്ലൊരു ക്രൈം ത്രില്ലർ തന്നെയാണ് സിങ്കപ്പൂർ ടീംസ് നമുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്..പുതുമുഖങ്ങൾ  ആണ്  ഭൂരിഭാഗം  അഭിനേതാക്കൾ എങ്കിലും ആരും നിരാശപെടുത്തിയില്ല. അഭിനയം ഒരു തപസ്യയാണ് എന്ന് അവർക്ക് നന്നായി അറിയാം.അതിനു തക്കവണ്ണം പ്രകടനം നടത്തിയിട്ടുണ്ട്. നല്ലൊരു ഹോം വർക് അവർ നടത്തിയതായി കാണാം.നമ്മുടെ ചില നടന്മാരും ചിത്രത്തിൽ ഉണ്ട്.


വിനീത് ശ്രീനിവാസൻ അടക്കം പാടിയ മൂന്ന് പാട്ടുകളും ചിത്രത്തിന് നല്ല മൂഡ് സൃഷ്ടിക്കുന്നു. ഒട്ടു മിക്ക രംഗങ്ങളും സിംഗപ്പൂരിൽ ചിത്രീകരിച്ചത് കൊണ്ട് തന്നെ ആ നാടിന്റെ മനോഹാരിത നയൻസ് സുഖം നൽകുന്നുണ്ട്.


പ്ര .മോ .ദി സം

Friday, July 9, 2021

ചതുർമുഖം

 



പ്രേത സിനിമകൾ ഒരിക്കലും ലോജിക് പോക്കറ്റിൽ ഇട്ടു കൊണ്ട് കാണരുത്.അത് നമ്മളെ പീഡിപ്പിക്കാനും സോറി പേടിപ്പിക്കുവാനും രസിപ്പിക്കുവാനും വേണ്ടി മാത്രം ചെയ്യുന്നതാണ്.പിന്നെ ഒരു വിശ്വാസത്തിന്റെ പുറത്ത് എല്ലാം നമ്മൾ വിശ്വസിച്ചത് പോലെ അങ്ങ് കാണുക."അച്ഛാ ദിൻ" വരുമെന്ന് പറഞ്ഞു നമ്മൾ വിശ്വസിച്ചു മോദിയെ വീണ്ടും പ്രധാനമന്ത്രി ആക്കിയില്ലെ...പിന്നെ ആണോ ഇൗ ചീള് കേസുകൾ .


ഊർജ തന്ത്രത്തിൽ , രസതന്ത്രത്തിൽ ഒക്കെ കുറച്ചു വിവരം ഉള്ള തിരക്കഥാ കൃത്തുക്കൾ ആകുമ്പോൾ അവർ " ഡാവിൻ കേജ് " ഒക്കെ പറഞ്ഞു പറഞ്ഞു നമ്മളെ അങ്ങ് വിശ്വാസത്തിൽ എടുക്കും.കുറെ ഉദാഹരണങ്ങൾ നിരത്തി ഇടുമ്പോൾ നമ്മൾ അതിലങ്ങു വീണു പോകും.നിങൾ  ഇതൊക്കെ പ്ലസ് ടു ന്‌ പഠിച്ചതാണ്  എന്ന് പറയുമ്പോൾ മറ്റൊന്നും മറുത്തു ചിന്തിക്കാൻ തോന്നില്ല...നമ്മൾ പഠിച്ചിട്ടില്ല എന്ന് പറയാൻ പറ്റുമോ.



കേരളത്തിൽ "പാലമരം" ഇല്ലാത്തത് കൊണ്ടാണോ വെറ്റിലയും ചുണ്ണാമ്പും ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല പ്രേതങ്ങൾ ഇപ്പൊൾ ഫ്രീഡ്ജിലും മൊബൈലിലും ഫ്രീസറിലും ഒക്കെ ആണ് താമസിക്കുന്നത്.ന്യൂ ജെൻ പ്രേതം ആകുമ്പോൾ എന്തായാലും അങ്ങിനെ ഒരു ഓപ്ഷൻ നല്ലത് തന്നെ."കോൾഡ് കേസ്" കണ്ടു ഫ്രിഡ്ജ് പേടി തുടങ്ങിയത് പോലെ ഇനി മൊബൈൽ ഫോണിനെ കൂടി പേടിക്കേണ്ട ഗതി കേടാണ് ഇപ്പൊൾ...


നല്ല അഭിപ്രായം കേട്ടത് കൊണ്ട് തിയേറ്ററിൽ പോയി കാണണം എന്ന് വിചാരിച്ച സിനിമയാണ് ഇത്. പക്ഷേ അപ്പോഴേക്കും കൊറോണ വന്നു തിയേറ്ററിൽ നിന്നും സിനിമകൾ  പിൻവലിച്ചു.തിയറ്ററിന്റെ സുഖം ഒരിക്കലും ലാപ്പിലോ ഫോണിലോ കിട്ടാത്തത് കൊണ്ട് ഇതും കാണുമ്പോൾ  പലർക്കും നല്ല ഫീൽ കിട്ടാനിടയില്ല.അത് ഒരു നെഗറ്റീവ് റിവ്യൂ പലരിലും ഉണ്ടാക്കിയേക്കാം.



കോർപ്പറേറ്റുകൾ എപ്പോഴും നമ്മുടെ കഴിവുകൾ ഊറ്റി എടുത്ത് ചണ്ടി പരുവം ആകുമ്പോൾ ഉപേക്ഷിക്കും. അല്ലെങ്കിൽ നമ്മുടെ കഴിവിന് വില പറഞ്ഞു  ഏതെങ്കിലും ട്രാപ്പിൽ പെടുത്തും.


അങ്ങിനെ ബുദ്ധിയും കഴിവും ഉള്ള ജീനിയസിനെ ചതിക്കുന്നതിലൂടെ വൻ ലാഭം കൊയ്യാൻ നോക്കിയ ഇൻവെസ്റ്റ്റെ വകവരുത്തി തന്റെ "കണ്ടുപിടിത്തം" കൊണ്ട് രക്ഷപ്പെടുവാൻ ശ്രമിക്കുന്ന ബുദ്ധിമാൻ താൻ കുഴിച്ച കുഴിയിൽ വീണു ഇല്ലാതായപ്പോൾ ലിമിറ്റഡ് എഡിഷൻ ആയ  തന്റെ പ്രൊഡക്ട് ഉപയോഗിക്കുന്നവരെ തേടി പിടിച്ചു  കൊല്ലുന്നതാണ് കഥാസാരം.



മഞ്ജു വാര്യർ, സണ്ണി വെയിൻ,അലൻസിയാർ,ശ്യാമപ്രസാദ്,നിരഞ്ജന,റോണി ഡേവിഡ്,ശ്രീകാന്ത് മുരളി,ഷാജു, നവാസ് വള്ളിക്കുന്ന്,ബാലാജി ശർമ,കലാഭവൻ പ്രജോദ്‌ തുടങ്ങി വലിയൊരു താരനിര തന്നെ ഉണ്ട്.


ഇടക്കിടക്ക് "മൈ ഫോൾട്ട്" ," മൈ ഫോൾട്ട് "എന്ന് അശരീരീ വരുന്നത് നിർമാതാവ് ആയ മഞ്ജു വാര്യരുടെയൊ സംവിധായകരായ രഞ്ജിത്ത് കമല ശങ്കർ,സലിൽ എന്നിവരുടെ ആണോ  അല്ലെങ്കിൽ തിരകഥ ക്കാരുടെ ആണോ  എന്ന് എത്ര ചിന്തിച്ചിട്ടും കിട്ടുന്നില്ല.ആരുടെയോ ഒരു ഫോൾട്ട്‌ മൊത്തത്തിൽ ഫീൽ ചെയ്യുന്നുണ്ട്.



ആദ്യപകുതിയിൽ കാണാൻ നല്ല ലൂക്ക് കൊണ്ടും എനർജി കൊണ്ടും നമ്മളെ മഞ്ജു വാര്യർ കയ്യിൽ എടുക്കുന്നു എങ്കിലും ഒരു മഴ പെയ്തു കഴിയുമ്പോൾ പ്രായം ശരിക്ക് മനസ്സിലാകുന്നുണ്ട്..( മയ്ക്കപ്പിന്റെ ഒരു പവറേ.....) രണ്ടാം പകുതിയിൽ ക്യാമറ ക്ലോസ് അപ്പ് ആകുമ്പോൾ പ്രത്യേകിച്ചും...


കോവിഡിൻെറ കാലത്ത് മൊത്തം സിനിമകളും പ്രേത കഥകളിലേക്ക് ചേക്കേറുന്നത് കൊണ്ട് വീട്ടിൽ എന്തായാലും ഒരു മിനി തിയേറ്റർ പണിയണം..അല്ലേൽ നെഗറ്റീവ് അടിച്ചു കാണുന്നവരെ കൂടി ഇല്ലാതാക്കി എന്ന ചീത്തപ്പേര് വരും


പ്ര .മോ. ദി. സം