Friday, July 9, 2021

ചതുർമുഖം

 



പ്രേത സിനിമകൾ ഒരിക്കലും ലോജിക് പോക്കറ്റിൽ ഇട്ടു കൊണ്ട് കാണരുത്.അത് നമ്മളെ പീഡിപ്പിക്കാനും സോറി പേടിപ്പിക്കുവാനും രസിപ്പിക്കുവാനും വേണ്ടി മാത്രം ചെയ്യുന്നതാണ്.പിന്നെ ഒരു വിശ്വാസത്തിന്റെ പുറത്ത് എല്ലാം നമ്മൾ വിശ്വസിച്ചത് പോലെ അങ്ങ് കാണുക."അച്ഛാ ദിൻ" വരുമെന്ന് പറഞ്ഞു നമ്മൾ വിശ്വസിച്ചു മോദിയെ വീണ്ടും പ്രധാനമന്ത്രി ആക്കിയില്ലെ...പിന്നെ ആണോ ഇൗ ചീള് കേസുകൾ .


ഊർജ തന്ത്രത്തിൽ , രസതന്ത്രത്തിൽ ഒക്കെ കുറച്ചു വിവരം ഉള്ള തിരക്കഥാ കൃത്തുക്കൾ ആകുമ്പോൾ അവർ " ഡാവിൻ കേജ് " ഒക്കെ പറഞ്ഞു പറഞ്ഞു നമ്മളെ അങ്ങ് വിശ്വാസത്തിൽ എടുക്കും.കുറെ ഉദാഹരണങ്ങൾ നിരത്തി ഇടുമ്പോൾ നമ്മൾ അതിലങ്ങു വീണു പോകും.നിങൾ  ഇതൊക്കെ പ്ലസ് ടു ന്‌ പഠിച്ചതാണ്  എന്ന് പറയുമ്പോൾ മറ്റൊന്നും മറുത്തു ചിന്തിക്കാൻ തോന്നില്ല...നമ്മൾ പഠിച്ചിട്ടില്ല എന്ന് പറയാൻ പറ്റുമോ.



കേരളത്തിൽ "പാലമരം" ഇല്ലാത്തത് കൊണ്ടാണോ വെറ്റിലയും ചുണ്ണാമ്പും ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല പ്രേതങ്ങൾ ഇപ്പൊൾ ഫ്രീഡ്ജിലും മൊബൈലിലും ഫ്രീസറിലും ഒക്കെ ആണ് താമസിക്കുന്നത്.ന്യൂ ജെൻ പ്രേതം ആകുമ്പോൾ എന്തായാലും അങ്ങിനെ ഒരു ഓപ്ഷൻ നല്ലത് തന്നെ."കോൾഡ് കേസ്" കണ്ടു ഫ്രിഡ്ജ് പേടി തുടങ്ങിയത് പോലെ ഇനി മൊബൈൽ ഫോണിനെ കൂടി പേടിക്കേണ്ട ഗതി കേടാണ് ഇപ്പൊൾ...


നല്ല അഭിപ്രായം കേട്ടത് കൊണ്ട് തിയേറ്ററിൽ പോയി കാണണം എന്ന് വിചാരിച്ച സിനിമയാണ് ഇത്. പക്ഷേ അപ്പോഴേക്കും കൊറോണ വന്നു തിയേറ്ററിൽ നിന്നും സിനിമകൾ  പിൻവലിച്ചു.തിയറ്ററിന്റെ സുഖം ഒരിക്കലും ലാപ്പിലോ ഫോണിലോ കിട്ടാത്തത് കൊണ്ട് ഇതും കാണുമ്പോൾ  പലർക്കും നല്ല ഫീൽ കിട്ടാനിടയില്ല.അത് ഒരു നെഗറ്റീവ് റിവ്യൂ പലരിലും ഉണ്ടാക്കിയേക്കാം.



കോർപ്പറേറ്റുകൾ എപ്പോഴും നമ്മുടെ കഴിവുകൾ ഊറ്റി എടുത്ത് ചണ്ടി പരുവം ആകുമ്പോൾ ഉപേക്ഷിക്കും. അല്ലെങ്കിൽ നമ്മുടെ കഴിവിന് വില പറഞ്ഞു  ഏതെങ്കിലും ട്രാപ്പിൽ പെടുത്തും.


അങ്ങിനെ ബുദ്ധിയും കഴിവും ഉള്ള ജീനിയസിനെ ചതിക്കുന്നതിലൂടെ വൻ ലാഭം കൊയ്യാൻ നോക്കിയ ഇൻവെസ്റ്റ്റെ വകവരുത്തി തന്റെ "കണ്ടുപിടിത്തം" കൊണ്ട് രക്ഷപ്പെടുവാൻ ശ്രമിക്കുന്ന ബുദ്ധിമാൻ താൻ കുഴിച്ച കുഴിയിൽ വീണു ഇല്ലാതായപ്പോൾ ലിമിറ്റഡ് എഡിഷൻ ആയ  തന്റെ പ്രൊഡക്ട് ഉപയോഗിക്കുന്നവരെ തേടി പിടിച്ചു  കൊല്ലുന്നതാണ് കഥാസാരം.



മഞ്ജു വാര്യർ, സണ്ണി വെയിൻ,അലൻസിയാർ,ശ്യാമപ്രസാദ്,നിരഞ്ജന,റോണി ഡേവിഡ്,ശ്രീകാന്ത് മുരളി,ഷാജു, നവാസ് വള്ളിക്കുന്ന്,ബാലാജി ശർമ,കലാഭവൻ പ്രജോദ്‌ തുടങ്ങി വലിയൊരു താരനിര തന്നെ ഉണ്ട്.


ഇടക്കിടക്ക് "മൈ ഫോൾട്ട്" ," മൈ ഫോൾട്ട് "എന്ന് അശരീരീ വരുന്നത് നിർമാതാവ് ആയ മഞ്ജു വാര്യരുടെയൊ സംവിധായകരായ രഞ്ജിത്ത് കമല ശങ്കർ,സലിൽ എന്നിവരുടെ ആണോ  അല്ലെങ്കിൽ തിരകഥ ക്കാരുടെ ആണോ  എന്ന് എത്ര ചിന്തിച്ചിട്ടും കിട്ടുന്നില്ല.ആരുടെയോ ഒരു ഫോൾട്ട്‌ മൊത്തത്തിൽ ഫീൽ ചെയ്യുന്നുണ്ട്.



ആദ്യപകുതിയിൽ കാണാൻ നല്ല ലൂക്ക് കൊണ്ടും എനർജി കൊണ്ടും നമ്മളെ മഞ്ജു വാര്യർ കയ്യിൽ എടുക്കുന്നു എങ്കിലും ഒരു മഴ പെയ്തു കഴിയുമ്പോൾ പ്രായം ശരിക്ക് മനസ്സിലാകുന്നുണ്ട്..( മയ്ക്കപ്പിന്റെ ഒരു പവറേ.....) രണ്ടാം പകുതിയിൽ ക്യാമറ ക്ലോസ് അപ്പ് ആകുമ്പോൾ പ്രത്യേകിച്ചും...


കോവിഡിൻെറ കാലത്ത് മൊത്തം സിനിമകളും പ്രേത കഥകളിലേക്ക് ചേക്കേറുന്നത് കൊണ്ട് വീട്ടിൽ എന്തായാലും ഒരു മിനി തിയേറ്റർ പണിയണം..അല്ലേൽ നെഗറ്റീവ് അടിച്ചു കാണുന്നവരെ കൂടി ഇല്ലാതാക്കി എന്ന ചീത്തപ്പേര് വരും


പ്ര .മോ. ദി. സം

No comments:

Post a Comment