Tuesday, July 20, 2021

ചുഴൽ

 



"നിങ്ങൾക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ നിങൾ പ്രേതങ്ങളിലും വിശ്വസിക്കണം " എന്ന ശീർഷകത്തിൽ ആണ് ബിജു മാണി സംവിധാനം ചെയ്ത "ചുഴൽ"  എന്ന ചിത്രം ആരംഭിക്കുന്നത്.


ഇൗ മഹാമാരി കാലത്ത് മലയാള സിനിമയിൽ പ്രേത കഥകളുടെ ബഹളമാണ്. പ്രീസ്റ്റ്,കോൾഡ് കേസ്,ചതുർമുഖം തുടങ്ങി കുറെയേറെ ചിത്രങ്ങൾ നമ്മുടെ മുൻപിൽ എത്തി. ഫോണിലും ഫ്രിഡ്ജ്ലും ,കൊച്ചിലും ഒക്കെ പ്രേതങ്ങൾ കയറിയിറങ്ങി നടക്കുകയാണ്.  അതിൽ നിന്നൊക്കെ അവർ അവരുടെ "പണി "നടത്തുന്നുണ്ട്.പക്ഷേ ഇതിലെ പ്രേതം  അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തനാണ് എന്നൊരു മാറ്റം ഉണ്ട്.



ഇതിലെ പ്രേതം  അപരന്മാരെ സൃഷ്ടിച്ചു കൊണ്ടാണ് കളി കളിക്കുന്നത്.അത് കൊണ്ട് തന്നെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് അല്പം പുതുമ  ഇൗ ചിത്രത്തിലെ പ്രേമത്തിന് ഉണ്ട്. ബാക് ഗ്രൗണ്ട് മ്യൂസിക് കൂടി ആകുമ്പോൾ കാണാൻ രസവും ഉണ്ട്.



എന്നാലും ചില ചോദ്യങ്ങൾ ഉണ്ട്..കേരളത്തിൽ ഉള്ള ഏതു ആശുപത്രിയാണ് കൊറോണ എന്ന് പോലും നിശ്ചയമില്ല എങ്കിലും അപകട നിലയിലുള്ള രോഗിയെ   പ്രാഥമിക ചികിത്സ പോലും  നൽകാതെ  വഴിയിൽ നിർത്തി "അപമാനിച്ചത്"? ശൈലജ ടീച്ചറുടെ കാലത്ത് എന്തായാലും നടക്കാൻ ഇടയില്ല ഇൗ കാലത്ത് ആണെങ്കിൽ ആരോഗ്യ പ്രവർത്തകർക്ക് ഇത്ര ഭയവും ഇല്ല.പിന്നെ ഇത്ര പേടിയുള്ള ജീവനക്കാർ എന്തെ മാസ്ക് പോലും ഇടാത്തത്? ജനങ്ങളും ഇടുന്നില്ല.അവരോട് ധരിക്കുവാൻ ആരും പറയുന്നുമില്ല.


കഥയിൽ ചോദ്യമില്ല എന്ന് മാത്രമല്ല അധികവും പുതുമുഖങ്ങൾ ആയത് കൊണ്ട് അവരെയൊക്കെ പ്രേക്ഷകർ കണ്ണ് നിറയെ കണ്ടു കൊള്ളട്ടെ എന്നൊരു ഉദ്ദേശ്യം കൂടി സംവിധായകന് കാണും.അല്ലെങ്കിൽ ആരൊക്കെയാണ് അഭിനയിച്ചത് എന്നൊരു കൺഫ്യൂഷൻ ഉണ്ടാകും.



ജാഫർ ഇടുക്കി ഒഴിച്ച് ബാക്കിയുള്ളവരെ ആദ്യം കാണുക ആണെങ്കിൽ കൂടി എല്ലാവരും തകർത്ത് അഭിനയിച്ചു. ജാഫർ ഇടുക്കി എന്ന നടനെ ഇനിയും മലയാള സിനിമ കാര്യമായി ഉപയോഗിച്ചു എന്ന് തോന്നുന്നില്ല.ഇപ്പൊൾ ഉള്ള മുഴുവൻ ചിത്രങ്ങളിലും സാനിദ്ധ്യം ഉണ്ടെങ്കിലും പലതും ആ നടനെ വെറുതെ ഉൾപ്പെടുത്തി എന്ന് വരുത്തി തീർക്കാൻ വേണ്ടിയുള്ള റോളുകൾ ആണ്. ആ നടനെ തിരിച്ചറിയാൻ പറ്റാത്തത് മലയാള സിനിമയുടെ പോരായ്മ തന്നെ ആണ്.


കുറെയേറെ ചെറുപ്പക്കാരുടെ പ്രഥമ സംരംഭം എന്ന നിലയിൽ ചുരുങ്ങിയ സമയം കൊണ്ട് ആസ്വദിക്കുവാൻ പറ്റിയ സിനിമ തന്നെയാണ് "ചുഴൽ"


പ്ര .മോ. ദി. സം

No comments:

Post a Comment