Thursday, July 15, 2021

മാലിക്

 



എൺപതുകളിൽ ഹിന്ദി സിനിമ കാണുക എന്ന് പറഞ്ഞാല് ഭയങ്കര ഹരമായിരുന്നു .രണ്ടു മൂന്നു തലമുറയുടെ കഥകൾ ആയിരുന്നു അതിൽ അധികവും അവർക്ക് പറയുവാൻ ഉണ്ടാവുക... പിന്നെ പിന്നെ അവർക്ക് പോലും  അത് മടുത്തു തുടങ്ങി..


പക്ഷേ ഇപ്പോഴും മടുക്കാത്ത ചിലർ അങ്ങനെയുള്ള ബോറൻ സിനിമകൾ കൊല്ല വർഷം ഒക്കെ എഴുതി കാണിച്ചു പടച്ചു വിടുന്നുണ്ട്..ചിലർ ആ സാഹസം കാണിക്കുന്നത് കഥയുടെ തുടർച്ചക്ക്  അതില്ലെങ്കിൽ പറ്റില്ല എന്ന സ്ഥിതി വരുന്നത് കൊണ്ട് മാത്രമാണ്.പക്ഷേ അങ്ങിനെ സിനിമ എടുക്കുന്നതിനും ഒരു കഴിവ് വേണം...അല്ലേൽ പുതു തലമുറ ബോറടിച്ചു പണ്ടാരം അടങ്ങി പോകും.



അധോലോകവും അമിതാബ് ബച്ചനും ശത്രുഘ്നൻ സിൻഹ ,ധർമേന്ദ്ര,ശക്തി കപ്പൂർ അങ്ങിനെ കുറെ ഇഷ്ട്ട നടന്മാരും മറ്റും കേറിയങ് പൊളിക്കും.. ആ സമയത്ത് ചെറു പ്രായത്തിൽ അതൊക്കെ കണ്ടു ഹരം കൊണ്ട് കയ്യടിക്കും.പക്ഷേ ഇപ്പോളത്തെ പിള്ളേർ അതൊക്കെ കണ്ടാൽ കൂവും..അവർക്ക് വേണ്ടത് പറയുവാനുള്ളത് പെട്ടെന്ന് പറഞ്ഞു പോകുന്ന സിനിമകൾ ആണ്.


മഹേഷ് നാരായണൻ എന്ന സംവിധായകനും അത്തരം സിനിമ കണ്ടു ഇഷ്ട്ടപെട്ട ആളാണ് എന്നാണ് തോന്നുന്നത്. "ടേക്ക്‌ ഓഫ് "എന്ന നല്ലൊരു ചിത്രവും ആളുകൾ പാടി പുകഴ്ത്തിയ "സീ യു സൂൺ "എന്ന ചിത്രവും കൊണ്ട് സാനിദ്ധ്യം അറിയിച്ച മഹേഷ് ഇൗ ബിഗ് ബഡ്ജെറ്റ് സിനിമ ചെയ്തതിലൂടെ  കരിയറിൽ നിന്നും കുറച്ചു പിന്നിലേക്ക് പോയിരിക്കുന്നു.



പുതുമ എന്ന് പറയാൻ ഒന്നും  തന്നെ ഇതിൽ ഇല്ല. പഴയ ഹിന്ദി സിനിമകൾ കണ്ടാ മതി എന്ന് ആദ്യമേ തന്നെ പറഞ്ഞിരുന്നുവല്ലോ... അധോ ലോകങ്ങളുടെ കു്ടി പകയും അത് മുതലെടുക്കുന്ന വർഗീയ പ്രശ്നങ്ങളും ചങ്ങാതിയുടെ ചതിയും ഒക്കെ നമ്മൾ മലയാളത്തിൽ തന്നെ എത്ര കണ്ടിരിക്കുന്നു...പിന്നെ തിയേറ്ററിൽ അല്ലാത്തത് കൊണ്ട് തന്നെ ബോറടിക്കുമ്പോൾ നിർത്തി വെച്ചു പിന്നെ  തോന്നുമ്പോൾ മാത്രം കുറച്ചു കുറച്ചായി കണ്ടാൽ മതി എന്നൊരു സമാധാനം കൂടി ഉണ്ടു..അല്ലെങ്കിൽ രണ്ടു മണിക്കൂർ നാൽപത് മിനിറ്റ് ഒക്കെ ഇത്തരം സിനിമകൾ ആരു സഹിക്കുന്നു. 


ലൂസിഫർ പോലുള്ള നീണ്ടു നിവർന്നു കിടക്കുന്ന സിനിമകൾ കണ്ട് നല്ല ഹോം വർക് ചെയ്തു മാത്രമേ ഇത്തരം സാഹസങ്ങൾക്കു പുറപ്പെടാൻ പാടുള്ളൂ. അത് ഉണ്ടാക്കിയവന് ശരിയായി കാണികളുടെ പൾസ് അറിയാമായിരുന്നു..ലാഗിങ് ഉണ്ടാവും എന്ന് തോന്നുന്ന സ്ഥലത്ത് അതിനെ വെട്ടാനുള്ള ക്രിയകൾ അവർ കരുതി വെച്ചു.



സിനിമയിൽ പറയുന്ന "റമദാൻ പള്ളി "വേറെ പേരിൽ ചെറുപ്പം മുതൽ തന്നെ കേൾക്കുന്നത് ആണ്.അവിടെ പോയാൽ ഫോ റിൻ സാധനം  നല്ല വില കുറച്ചു കിട്ടും എന്നും ശരിയായ രീതിയിൽ അല്ലാതെ സാധനങ്ങൾ അവിടെ  വരുന്നത് കൊണ്ട് പോലീസിനോ കസ്റ്റംസ്നോ കയറാൻ പറ്റാത്ത വിധം ഒരു കൂട്ടം "അധോലോക നായകൻമാർ" കൺട്രോൾ ചെയ്യുന്നു എന്നൊക്കെ...


നന്മ ചെയ്യുന്ന പലരുടെയും പിറകിൽ ആരും അധികം ഗൗനിക്കാതെ പോകുന്ന തിന്മകൾ ഉണ്ടാകും.കായംകുളം കൊച്ചുണ്ണി മുതൽ പല "നന്മ മരങ്ങൾ" വരെ ഉള്ളവൻെറ അടുക്കൽ നിന്നും വാങ്ങി പാവങ്ങള്ക്ക്  വിതരണം ചെയ്തു പേരെടുക്കുന്ന ആൾക്കാരാണ്.ചിലർ ആണെങ്കിൽ നല്ല വണ്ണം" മുക്കി" ഇത് തങ്ങളുടെ വരുമാന മാർഗം തന്നെ ആക്കി മാറ്റും.



ചില അധോലോക നായകന്മാരും ഇങ്ങിനെ തന്നെ ആണ്..രാജ്യത്തെ ഒറ്റിയും പറ്റിച്ചും സമ്പാദിച്ചു അതിൽ നിന്നും എടുത്ത് സഹായിച്ചു കുറെ എണ്ണത്തിന്റെ സപ്പോർട്ട് കരസ്ഥമാക്കും .പിന്നെ നീതിയും ന്യായവും ഒക്കെ അവർ തീരുമാനിക്കുന്നത് ആയിരിക്കും...അവിടെ പോലീസിന് കയറാൻ പോലും സാധിക്കാത്ത അവസ്ഥ വരും.അങ്ങനെയുള്ള പല സ്ഥലങ്ങളും നമ്മുടെ നാട്ടിലും ഉണ്ടായി തുടങ്ങിയിട്ടുണ്ട്..രാഷ്ട്രീയ പിൻബലവും അതിനു കിട്ടുന്നുണ്ട്.


പോലീസിന് ചില പ്രത്യേകതകൾ ഉണ്ട്..അവർ ഒരു കാര്യം തീരുമാനിച്ചാൽ എത് മാർഗത്തിൽ കൂടിയും അത് നടപ്പിൽ വരുത്താൻ ശ്രമിക്കും.അതിനു അവർ തിരഞ്ഞെടുക്കുന്ന മാർഗങ്ങൾ ചിലപ്പോൾ മാനുഷിക പരിഗണനകൾ ഒന്നും നോക്കാതെ ആയിരിക്കും.അവർ അതിനു വേണ്ടി ചേരി തിരിഞ്ഞു പട വെട്ടാൻ ആളുകളെ ഇറക്കും...ജാതിയും വർഗ്ഗവും,മതവും,രാഷ്ട്രീയവും ഒക്കെ കൂട്ടി കലർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കും.



ഏതാണ്ട് മാലിക് പറയുന്നതും ഇൗ കഥകൾ തന്നെ..നന്മനരവും കള്ള കടത്തും വർഗീയ ധ്രുവീകരണം വും ജാതിമത സംഘടനവും പിന്നെ പോലീസ് കളികളും...


ഇപ്പൊൾ വാർത്തയിൽ പറയുന്നത് കേട്ടു..ഇൗ ചിത്രത്തിന്റെ വ്യാജപതിപ്പ് രാവിലെ തന്നെ പല സൈറ്റിലും ഇറങ്ങി എന്ന്...രണ്ടു മാസം മുന്നേ ഇറങ്ങിയ പല ചെറിയ ബജറ്റ് മലയാള സിനിമകൾ ഇന്നും വ്യാജൻ ഇറങ്ങാതെ  റിലീസ് ചെയ്ത പ്ലാറ്റ്ഫോമിൽ മാത്രം പിടിച്ചു നിൽക്കുന്നു എങ്കിൽ ഇത്തരം ചിത്രങ്ങൾ  മാത്രം എങ്ങിനെ ഇത്ര പെട്ടെന്ന് ഇറങ്ങുന്നു എന്ന് ചിന്തിക്കണം.


ആമസോണിന്റെ വിഹിതവും ചാനലുകാരുടെ വിഹിതവും കിട്ടിയ ശേഷം വ്യാജ സൈറ്റുകൾക്ക് കൂടി ഇത്  ആരെങ്കിലും മറിച്ചു നൽകുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചു പോയാൽ അവരെ കുറ്റം പറയാൻ പറ്റില്ല.പണം ഇറക്കുന്ന അണിയറക്കാർ ഇത് കൂടി ഒന്ന്  മനസ്സിൽ വെക്കണം.അല്ലെങ്കിൽ എന്റെ കോടികൾ പോയെ എന്ന് സമൂഹ മാധ്യമങ്ങളിൽ നിലവിളിക്കേണ്ടതായി വരും.. 


പ്ര .മോ. ദി .സം

No comments:

Post a Comment