Wednesday, June 22, 2016

രാത്രിയാത്രയില്‍ ഉറങ്ങാത്തവര്‍

മഴതുള്ളികള്‍ വന്നു ദേഹത്ത് പതിച്ചപ്പോള്‍ ഞെട്ടി എഴുനേറ്റു ...ഇനി ഉറക്കം കടന്നു വരുവാന്‍ വൈകും..മഴയില്‍ നിന്നും രക്ഷനേടാന്‍ ബസ്സിന്‍റെ ചില്ലടക്കുവാന്‍ തന്നെ  തീരുമാനിച്ചു.രാത്രിയാത്രയില്‍ അല്പം ചില്ല് തുറന്നു വെക്കുന്നതാണ് ശീലം.അടച്ചുപൂട്ടിയ ബസ്സിനുള്ളിലെ യാത്രയില്‍   പലപ്പോഴും വിമ്മിഷ്ട്ടം തോന്നാറുണ്ട്.അന്‍പതിനടുത്ത ആള്‍കാരുടെ ശ്വാസം പുറത്തേക്കൊന്നും പോകാതെ അവിടെ തന്നെ ചുറ്റി കളിക്കും.കൂടാതെ  അടച്ചുപൂട്ടിയ മുറിയില്‍ പെട്ടതുപോലെയുള്ള അസ്വസ്ഥത..ചില്ല് തുറന്നിട്ടാല്‍ അല്പം കാറ്റ് അകത്തേക്ക് കയറും .നല്ല ഉറക്കത്തിനു  അത് ആവശ്യമാണ്‌ രാത്രിയാത്രയില്‍ അതൊരു സുഖവുമാണ് .ചില്ല് വലിച്ചിട്ടു വീണ്ടും ഉറങ്ങാന്‍ വട്ടം കൂട്ടുമ്പോള്‍ അടുത്തിരിക്കുന്ന ആള്‍ തുറിച്ചു നോക്കുന്നു...


"" എന്താ സാറേ ഉറങ്ങുനില്ലേ ..."

'' ആയില്ല "

സംശയത്തോടെ വാച്ചിലേക്ക് നോക്കികൊണ്ട് പറഞ്ഞു "സാറേ രണ്ടു മണി കഴിഞ്ഞു.."

"എനിക്ക് രാത്രി യാത്രയില്‍ ഉറങ്ങാന്‍ കഴിയാറില്ല..."

" അപ്പൊ ഇനിയും നാലഞ്ചു  മണികൂര്‍ ഉറങ്ങാതെ ഇങ്ങിനെ ഇരിക്കുമോ ?"


"ഇരിക്കേണ്ടി വരും ...ഉറങ്ങാന്‍ ആഗ്രഹം ഇല്ലാത്തത് കൊണ്ടല്ല ..എനിക്ക് ഉറങ്ങാന്‍ പറ്റാറില്ല "

"കാരണം "?

"ഞാന്‍ ഷിഫ്റ്റില്‍  ജോലി ചെയ്യുന്ന ആളാണ്‌ ..പക്ഷെ നൈറ്റ്‌ ഷിഫ്റ്റ്‌ വന്നാല്‍ എന്നോട് ഉറങ്ങി പോകും ...എത്ര ശ്രമിച്ചാലും എനിക്ക് ഉറക്കം പിടിച്ചു വെക്കുവാന്‍ കഴിയാറില്ല "

"അപ്പൊ ഇപ്പോള്‍ പിടിച്ചു വെക്കുന്നതോ ?"

" ഇപ്പോള്‍ പിടിച്ചു വെക്കുന്നതല്ല ....പേടിച്ചിട്ടാണ് ...എന്നെ പോലെ ഈ ബസ്സിന്റെ ഡ്രൈവര്‍ ജോലി സമയത്ത് ഉറങ്ങിപോയാല്‍ ?"

ഞാനൊന്ന് ഞെട്ടി ..എങ്കിലും അത് പുറത്തു കാണിക്കാതെ പറഞ്ഞു

"ഹേയി ..അങ്ങിനെ സംഭവിക്കില്ല ..അയാള്‍ക്ക്‌ നമ്മള്‍ യാത്രകാരെ കുറിച്ച്  ഉത്തമബോധ്യമുണ്ടാകും  ഇത്രയും ആള്‍കാര്‍ അയാളെ വിശ്വസിച്ചാണ് യാത്ര  ചെയ്യുന്നതെന്ന് ....അത് കൊണ്ട് തന്നെ അയാള്‍ ഉറങ്ങാന്‍ ഇടയില്ല .ഈ റോഡില്‍  പത്തു നൂറു ബസ്സുകള്‍  അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു ..ഏതെങ്കിലും ഡ്രൈവര്‍  ഉറങ്ങി പോകുമോ ?...എന്നാലും ഇത്തരത്തിലുള്ള   അപകടങ്ങള്‍ സംഭവിക്കുന്നത്‌ വല്ലപ്പോഴും മാത്രം ..നിങ്ങള്‍ ധൈര്യമായി ഉറങ്ങികോളൂ ...ഈ ബസ്സ്‌ മുഴുവന്‍ ഉറങ്ങുകയല്ലേ...ആര്‍ക്കും ഇല്ലാത്ത പേടി താങ്കള്‍ക്കു മാത്രമെന്തിനാണ് ?

"എന്നാലും ....ട്രെയിന്‍ ആണെങ്കില്‍ പേടിക്കേണ്ടായിരുന്നു  ...പക്ഷെ ബസ്സ്‌ ....അത് പോകുന്ന  പാതയില്കൂടി അങ്ങോട്ടും ഇങ്ങോട്ടും താങ്കള്‍ പറഞ്ഞതുപോലെ നൂറുകണക്കിന് വണ്ടികള്‍ ചീറി പാഞ്ഞു പോകുന്നുണ്ട്...ഏതെങ്കിലും ഡ്രൈവര്‍ ഒരു നിമിഷം ഉറങ്ങി പോയാല്‍ മതി....ഈ ബസ്സിന്റെ  ഡ്രൈവര്‍ ആകണം എന്നില്ല ...ഈ റോഡിലൂടെ പോകുന്ന ഏതെങ്കിലും വണ്ടിയുടെ ഡ്രൈവര്‍ ആയാലും മതി .."

ഞാന്‍ അല്പം പേടിയോടെ കേട്ടിരുന്നു.

.ഞാന്‍ ഡ്രൈവറില്‍ കാണുന്നത് എന്നെ തന്നെയാണ് ...ഞാനും ജോലി കൃത്യമായി ചെയ്യണം ഉറങ്ങില്ല എന്നൊക്കെ തീരുമാനിച്ചാണ് ഓരോ രാത്രിയും ജോലിക്ക് കയറുക ..പക്ഷെ എനിക്ക് ഉറങ്ങാതിരിക്കാന്‍ കഴിയാറില്ല."

""ഓക്കേ ..ചേട്ടന്‍ എന്നാല്‍ ഡ്രൈവര്‍ക്ക് കമ്പനികൊടുത്തു ഉറങ്ങാതിരിക്കൂ ..എനിക്ക് ഉറക്കം വരുന്നു.''

ഞാന്‍ സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നു.പക്ഷെ കണ്ണുകള്‍ അടച്ചിട്ടും സമയം കടന്നു  പോയിട്ടും ഉറക്കം വന്നില്ല ..ഈ ബസ്സിന്റെ ഡ്രൈവര്‍ അല്ലെങ്കില്‍ ഈ റോഡിലൂടെ പോകുന്ന ഏതെങ്കിലും വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിപോയാല്‍ ഉണ്ടാകുന്ന അപകടത്തെ കുറിച്ചോര്‍ത്തു എനിക്കും ഉറക്കം നഷ്ട്ടപെട്ടു.

ഇറങ്ങുന്ന സ്ഥലം എത്തുന്നതുവരെ വെറുതെ കണ്ണടച്ച് കിടന്നു ...ഉറക്കക്ഷീണം നനായിട്ടുണ്ടായിരുന്നു .ഇനി ഇന്ന് നടത്തേണ്ടുന്ന  കാര്യങ്ങള്‍ ഒക്കെ അവതാളത്തിലുമാകും . വെറുതെയാണ്  അയാളുമായി  സൌഹൃദ സംഭാഷണം  നടത്തിയത് .അയാളെ പ്രാകികൊണ്ട്‌ ഞാന്‍ എന്റെ  ടൌണില്‍ ഇറങ്ങി..അപ്പോഴും അയാള്‍ ഉറങ്ങാതെ അവിടെത്തന്നെ മിഴിചിരിക്കുന്നുണ്ടായിരുന്നു


കഥ :പ്രമോദ് കുമാര്‍.കെ.പി
ചിത്രങ്ങള്‍ :കേരള വാട്ടര്‍ സോസെറ്റി


Saturday, June 11, 2016

ഇനി തനിയെ

ഇനി ഈ വയസ്സുകാലത്ത് ഒറ്റയ്യ്ക്ക് ...ജീവിതത്തില്‍ എല്ലാം നേടി എന്നുള്ള അഹങ്കാരമായിരുന്നു ഇതുവരെ ..എത്ര പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്.സ്നേഹമയിയായ ഭാര്യ ,മകന്‍,മരുമകള്‍ ,ചെറുമകള്‍ എല്ലാവരും തന്നെ ഇവിടെ നിര്‍ത്തി കടന്നു കളഞ്ഞു.ഒരു വാക്ക് പോലും പറയാതെ.അവര്‍ ഉപേക്ഷിച്ചു പോകാന്‍ മാത്രം താന്‍ എന്ത് തെറ്റാണ്  ചെയ്തിരിക്കുക?അവര്‍ പോകുബോള്‍ തന്നെയും വിളിക്കാമായിരുന്നു ..പക്ഷെ വിളിച്ചില്ല .ഈ വയസ്സനെ കൊണ്ട് പോയിട്ട് എന്ത് പ്രയോജനം എന്ന് കരുതികാണും.


അതിര് കവിഞ്ഞൊഴുകിയ കൌമാരം തടുത്തു നിര്‍ത്തിയത് അവളായിരുന്നു.അവള്‍ ജീവിതത്തിലേക്ക് വന്നതില്‍ പിന്നെ അതിനു  അടുക്കും ചിട്ടയുമായി .കപ്പലോടിക്കുന്ന നാവികനെ പോലെ കാറ്റും കോളുംനിറഞ്ഞു ആടിയുലഞ്ഞ ജീവിതമെന്ന കപ്പലിനെ നേരെ വഴിക്ക് നയിക്കുവാന്‍ അവളും ഒപ്പമുണ്ടായിരുന്നു.എനിക്ക് വേണ്ടി അവളുടെ പല സ്വഭാവങ്ങളും ശീലങ്ങളും മാറ്റി .പലതും സഹിച്ചു.പക്ഷെ ഞാന്‍ പലപ്പോഴും തന്റെ ശീലങ്ങളിലും തന്നിഷ്ടങ്ങളിലും  ഉറച്ചു തന്നെ നിന്നപ്പോള്‍ അവള്‍ എതിര്‍ത്തുമില്ല ...അതിനു ചേരുന്ന വിധത്തില്‍ ഒപ്പം കൂടി.മുന്‍കോപകാരനായിരുന്ന എന്റെ കോപം പോലും അവള്‍ വളരെ ശാന്തമായി കണ്ടു പ്രതികരിച്ചു  .ഒരിക്കല്‍ പോലും വേണ്ടാത്ത കാര്യങ്ങളില്‍  പിണങ്ങി നിന്നത് കണ്ടില്ല ..എല്ലാം എനിക്ക് വേണ്ടി സഹിക്കുകയും പൊറുക്കുകയും ചെയ്തു...അവളാണ് ഇന്ന് തന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നത്.

വാസവന്‍ ജനിച്ചതില്‍ പിന്നെയാണ് തനിക്കു നന്നാവണം എന്നൊരു തോന്നലുണ്ടായത്‌.അവന്റെ കളി ചിരികളില്‍ താന്‍ വീണു പോയി എന്ന് പ റയുന്നതായിരിക്കും ഉത്തമം .ചീത്ത കൂട്ടില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും പതിയെ പിന്നോട്ടടിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ അവന്‍ ജീവിതത്തിലേക്ക് വന്നത്.അവന്റെ ചിരികള്‍ ഒരിക്കലും മാഞ്ഞു പോകരുത് എന്ന് കരുതിയ ഞാന്‍ പിന്നെ വഴിപിഴച്ചു പോയില്ല .നല്ല ഭര്‍ത്താവും അച്ഛനുമായി മാറുകയായിരുന്നു. അച്ഛനും മകനും നല്ല കൂട്ടുകാരായിരുന്നു.എന്തിനു ഏതിനും പരസ്പരം കാര്യങ്ങള്‍ അന്വേഷിച്ചു ചര്‍ച്ചചെയ്തു തീരുമാനമെടുത്തു.പക്ഷെ അവനും ഇങ്ങിനെ ഒരു ചതി എന്നോട് ചെയ്യുമെന്ന്   കരുതിയില്ല...എന്നാലും ഒന്നും പറയാതെ  അവനും  ...

അനു  തനിക്കു മരുമകള്‍ ആയിരുനില്ല മകള്‍ തന്നെയായിരുന്നു.അവള്‍ സ്വന്തം അച്ഛനെപോലെ തന്നെയാണ് തന്നെ കണ്ടതും സ്നേഹിച്ചതും പരിപാലിച്ചതും ..അച്ഛനില്ലാതെ വളര്‍ന്ന കുട്ടിയായതുകൊണ്ടാവാം അവള്‍ക്കു താന്‍ സ്വന്തം അച്ഛനായിരുന്നു.അച്ചനെകൊണ്ടുള്ള  ആവശ്യങ്ങള്‍ ഒക്കെ ഞാന്‍ ഭംഗിയായി നടത്തികൊടുക്കുകയും ചെയ്തിരുന്നു എന്നിട്ടും അവള്‍ക്കു എങ്ങിനെ  തോന്നി ഈ വൃദ്ധനെ ഉപേക്ഷിക്കുവാന്‍ ?ഒരു അച്ഛനെ വേണ്ടെന്നു പറഞ്ഞു പോയികളയുവാന്‍

മിയയിലായിരുന്നു താന്‍ എന്റെ വാര്‍ധക്യം ആസ്വദിച്ചുപോന്നത്.അവളുടെ കളിചിരികളില്‍ താന്‍ തന്റെ പ്രായം പോലും മറന്നു.അച്ചാച്ച  എന്ന് വിളിച്ചു അവള്‍ എപ്പോഴും തന്റെ ചുറ്റിലും കൂടി.അവള്‍ക്കൊപ്പം മണ്ണപ്പം ചുട്ടും ഒളിച്ചു കളിച്ചും താന്‍ അവളെ പോലെ കൊച്ചുകുട്ടിയായി.പ്രായത്തിന്റെ അവശതകള്‍ അവള്കൊപ്പം കളിക്കുമ്പോള്‍ അറിഞ്ഞിരുനില്ല.അത് ഒരിക്കല്‍പോലും ശരീരത്തില്‍  പ്രശ്നവുമുണ്ടാക്കിയില്ല ..അവളോടോപ്പമുള്ള നിമിഷങ്ങള്‍ തന്നില്‍ ഊര്‍ജം നിറക്കുകയുമായിരുന്നു.ഇനിയും കുറേകാലം കൂടി  ജീവിക്കുവാനുള്ള  ഊര്‍ജം....എന്നും രാവിലെ എഴുനേറ്റു അവള്‍ ആദ്യം അന്വേഷിക്കുന്നതും തന്നെയായിരുന്നു.എന്നിട്ടും അവള്‍ അച്ചച്ചനോട് ഒരു വാക്ക് പറയാതെ പോയികളഞ്ഞു ...അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ..അച്ഛനും അമ്മയും വിളിക്കുബോള്‍ കൊച്ചു കുഞ്ഞു എന്ത് ചെയ്യാന്‍ ?

""മാഷേ ഇനി ആരെങ്കിലും വരുവാനുണ്ടോ ?"  ഓര്‍മകളില്‍ നിന്നും ഞെട്ടി ...ചോദ്യം മനസ്സിലാകാത്തപോലെ അയാളുടെ മുഖത്തേക്ക് നോക്കിയിരുന്നു...

" മാഷേ എന്നാല്‍ ബോഡിയൊക്കെ   എടുക്കുകയല്ലേ ....".യാഥാര്‍ത്ഥ്യത്തിലേക്ക് മനസ്സ് തിരിച്ചു വന്നു ..പരിസരബോധമുണ്ടായി..അടക്കി പിടിച്ച തേങ്ങലുകള്‍ കാതില്‍ വന്നു പതിച്ചു.താഴെ വെള്ളത്തുണിയില്‍ മൂടികെട്ടിയ നാല് ദേഹങ്ങള്‍ നോക്കുവാനാകാതെ മുഖം തിരിച്ചു.

ആരൊക്കെയോ നിര്‍ദേശങ്ങള്‍ നല്‍കുന്നത് കണ്ടും കേട്ടുമിരിന്നു.ഒരു ജീവചവം പോലെ .താന്‍ ഇനി എന്ത് പറയുവാന്‍....ദേഹങ്ങള്‍ ഓരോന്നായി പുറത്തേക്കു കൊണ്ടുപോയി...അകമ്പടിയായി  നിലവിളികളും.... .ചാരുകസേരയില്‍ നിന്നും മറിഞ്ഞു വീഴുമെന്നായപ്പോള്‍ മുറുക്കെ പിടിച്ചുകൊണ്ടു പിന്നിലേക്ക്‌ ചാരി കിടന്നു..

അനുകമ്പയുടെയും സഹതാപത്തിന്റെയും  അനേകം കണ്ണുകള്‍ തന്റെ നേര്‍ക്ക്‌ വരുന്നത് കണ്ടു അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു .അപ്പോള്‍ കാതുകളില്‍ പതിഞ്ഞത്  അപകടത്തില്‍ പെട്ടവരുടെ ആര്‍ത്തനാദവും നിലവിളിയും ഞരക്കവുമായിരുന്നു

കഥ :പ്രമോദ് കുമാര്‍. കെ.പി
ചിത്രങ്ങള്‍ : കേരള വാട്ടര്‍ കളര്‍ സോസെറ്റി \ഇന്റര്‍നാഷനല്‍  വാട്ടര്‍ കളര്‍


Saturday, March 5, 2016

ലിഫ്ററ്


ഒരു വെെകുന്നേരം...ടു വീലറിൽ നാടിൻെറ സൗന്ദര്യം നുകർന്ന് കൊണ്ട് വീട്ടിലേക്ക്....കുറച്ചു ദൂരം ചെന്ന് കാണും..റോഡ് കയ്യടക്കി ഒരു ''ചങാതികൂട്ടം''..സ്കൂൾ വിട്ട് വരികയാണ്...കുറെ സമയം ഹോൺ മുഴക്കിയപ്പോൾ അവർ സെെഡിലേക്ക് മാറി.കൂട്ടത്തിലൊരുവൻ ലിഫ്ററിനു വേണ്ടി സിഗ്നൽ കാണിച്ചതു കൊണ്ട് അവനെയും കൂടെ കൂട്ടി...


വിശേഷങൾ പങ്കുവെക്കുന്നതിനിടയിൽ ചോദിച്ചു
''നിങൾ അഞ്ചുപേർ ഒന്നിച്ചു വന്നിട്ട് അവരെ വിട്ട് നീ മാത്രം കയറി വന്നത് മോശമായി പോയി ''

''എന്നാൽ ചേട്ടനൊരു കാരൃം ചെയ്യ്...നാളെ ഇതേ സമയത്ത് കാറുമെടുത്ത് വാ....നമ്മൾ അഞ്ചുപേരും ഒന്നിച്ചുകയറാം...''
പെട്ടെന്നായിരുന്നു മറുപടി...ഉരുകിയൊലിച്ച ഞാൻ ഒന്നും മിണ്ടാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു

Saturday, February 20, 2016

കണക്ക് ടീച്ചർ


തിരക്കേറിയ  അബല നടയിൽ പ്രതീക്ഷിക്കാത്ത ഒരു പരിചിത മുഖം കണ്ടു..
അമ്മു ടീച്ചർ ...മറക്കാൻ പററാത്ത മുഖം...കണക്ക് എന്ന തീരെ ഇഷ്ടമില്ലാത്ത വിഷയം മനസ്സിലേക്ക് കുത്തിതിരുകാൻ ശ്രമിച്ച് പരീക്ഷകളിൽ എന്നെ നിതൃം പരാജയപ്പെടുത്തി അടി തരാറുള്ള ടീച്ചറെ എങിനെ മറക്കും...
ധനാഡൃയാണെന്ന് പറഞു കേട്ടിട്ടുണ്ട്..അതു കൊണ്ടാവാം കൂട്ടായി അഹങ്കാരവും അഹന്തയും..
കുട്ടികളടക്കം പലരേയും മററുള്ളവരുടെ മുന്നിൽ വെച്ച് അപമാനിക്കലും ഹോബിയായി കണ്ടു.


ക്ളാസിൽ നിന്നും കിട്ടിയതിൻെറ ബാക്കി വീട്ടിൽ നിന്നും ''വാങാനുള്ളത്'' ഉത്തര കടലാസിൽ ചേർത്തിട്ടുമുണ്ടാകും...അത് കൊണ്ട് തന്നെ ടീച്ചറോട് ആ കാലത്ത് എന്നും വെറുപ്പായിരുന്നു.കണക്ക് എന്ന വിഷയത്തിലെ മാത്രം തോൽവി പലപ്പോഴും പ്രാേഗ്രസ്സ് കാർഡിൽ എത്തിക്കുന്നത് അവസാന സ്ഥാനത്തായിരിക്കും..
ജീവിത യാത്രകളിൽ പിന്നെ ടീച്ചറുടെ റോളില്ലാതായപ്പോൾ എപ്പോഴോ ടീച്ചറെ മറന്നു.
പിന്നെ കാണുന്നതിപ്പോഴാണ്‌.എന്തായാലും സംസാരിക്കണമെന്ന് തോന്നി..

''അമ്മു ടീച്ചറല്ലേ?''
''അതേ...'' സംസാരത്തിൽ ഇപ്പോഴും പഴയ ഗൗരവം
''ഞാൻ പ്രേം...ടീച്ചർ ഏഴിൽ എന്നെ പഠിപ്പിച്ചിട്ടുണ്ട്..''
''എങിനെ ഓർക്കാനാ മോനെ..എത്ര പേരെ പഠിപ്പിച്ചതാ...'' സംസാരത്തിൽ ഒരു വാത്സലൃമുണ്ടായതു പോലെ...
''മോനോട് ഒരു കാരൃം ചോദിക്കട്ടെ...മോനെപ്പോഴെങ്കിലും ഈ ടീച്ചറെ ശപിച്ചിട്ടുണ്ടോ? ''

ഞാൻ ഞെട്ടി...ഒരു തവണയല്ല ഒരാണ്ട് മുഴുവൻ ഞാൻ ശപിച്ചിട്ടുണ്ട്...അതെങിനെ പറയും?ഞാൻ തല താഴ്ത്തി നിന്നു.
''എനിക്കറിയാം മോനെ...ഞാൻ കുട്ടികളുടെ നല്ല ടീച്ചറൊന്നുമല്ലായിരുന്നെന്ന്...വർഷങൾ പഠിപ്പി്ച്ചിട്ടും കുട്ടികളെ ആരേയും സ്നേഹിച്ചിട്ടില്ല...ഉപദ്രവിച്ചതോ ധാരാളം.ഒരു ജോലി മാത്രമായി ഞാനതിനെ കണ്ടു..അത് കൊണ്ടു തന്നെ എന്നെ ശപിച്ചവരാ കൂടുതലും...അതൊക്കെയാവും ഇപ്പോൾ അനുഭവിക്കുന്നത്..ഒരായുസ്സ് കുട്ടികളെ കണക്ക് പഠിപ്പിച്ച എൻെറ കണക്കുകൂട്ടലുകൾ ഒക്കെയും തെറ്റി പോയി.

''ഞാൻ പോകട്ടെ മോനെ...വെെകിയാൽ പിന്നെ അവരുടെ വായിലുള്ളതും കേൾക്കണം...'' ടീച്ചർ വലിച്ചു നടന്നു.
എന്തോ ഒരു ഉൾവിളി പോലെ ടീച്ചർ അറിയാതെ അവരെ പിൻതുടർന്നു...ടീച്ചർ കയറിപോയ പടികളവസാനിക്കുന്നിടത്തുള്ള ഗെയിററിലെ ''വൃദ്ധസമാജം'' എന്ന ബോർഡ് കണ്ണിലുടക്കിയപ്പോൾ തിരിച്ചു നടന്നു...
കണക്ക് ടീച്ചറുടെ കണക്കുകൂട്ടലുകളിൽ വലിയ തെററുകൾ തന്നെ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി




pictures:delish,international watercolor ,facebook group

Wednesday, June 24, 2015

ഹര്‍ത്താല്‍


സമര്‍പ്പണം :(ഹര്‍ത്താല്‍ കൊണ്ട് ബുദ്ധിമുട്ട്  അനുഭവിച്ച എല്ലാ മാന്യജനങ്ങള്‍ക്കും ...) 


കടയിലേക്ക് കയറിവരുന്ന പിരിവുകാരെ കണ്ടു  മുഖം വീര്‍പ്പിച്ചു കാദര്‍ക്ക  സീറ്റില്‍ ഒന്നുകൂടി അമര്‍ന്നിരുന്നു. ..ഇവറ്റകളെ  കൊണ്ട് എപ്പോഴും  ശല്യം തന്നെയെന്നും മനസ്സിലോര്‍ത്തു .


" അല്ല കാദര്‍ക്ക  ബിസിനെസ്സ് ഒക്കെ ഉഷാര്‍ അല്ലെ ?"

"എങ്ങിനെ ഉഷാരാകും....നിങ്ങളുടെയൊക്കെ നേതാവിന്റെ  നഖം മുറിഞ്ഞാല്‍ പോലും ഹര്‍ത്താല്‍ അല്ലെ ...പിന്നെ കച്ചവടക്കാരൊക്കെ    എങ്ങിനെ നിങ്ങള്‍ പറയുന്നത് പോലെ ഉഷാര്‍ ആകും ?'

" അത് വല്ലപോഴുമല്ലേ  കാദര്‍ക്ക ....നിങ്ങള്ക്ക്  ഉഗ്രന്‍ ബിസിനസ്  ആണെന്ന് നമ്മുക്കറിയില്ലേ ? എം എല്‍ എ  പ്രത്യേകം  പറഞ്ഞിട്ടുണ്ട്  ഒരു ഇരുപത്തി അഞ്ചു  എങ്കിലും വാങ്ങണം എന്ന് .....മൂപ്പര്  വന്നു കാണുവാന്‍ ഇരുന്നതാ അപ്പോഴാ  മന്ത്രി  കണ്ണൂരില്‍  വരുന്നത് ...അങ്ങേരു അങ്ങോട്ട്‌ പോയി  "

പിരിവുകാര്‍  സോപ്പിങ്ങിലേക്ക്  പോയി

"നിനകൊക്കെ അറിയോ ....? ഇന്നലെ ആര്‍ക്കും ഉപകാരമില്ലാത്ത ഏതോ ഒരുത്തനെ അടിച്ചു എന്ന് പറഞ്ഞു നിങ്ങള്‍ ഹര്‍ത്താല്‍ നടത്തി...അതും വെറും കടകള്‍ മാത്രം അടപ്പിച്ചു കൊണ്ട് ....വാഹനങ്ങള്‍ക്ക് , ഓഫിസുകള്‍ക്ക്‌ ,സ്കൂള്‍കള്‍ക്ക്  ,കോളേജ്കള്‍ക്ക്  ഒന്നും  പ്രശ്നമില്ല  .അവരെ  ഒക്കെ  ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി .എന്നിട്ടോ  വിശന്നുവലഞ്ഞ  പാവം   കുഞ്ഞുങ്ങള്‍ക്ക്‌ ഉച്ചക്ക് കുടിവെള്ളം പോലും കിട്ടിയില്ല ...മാഷന്മാര്‍ക്കു അവരെയൊക്കെ  നിര്‍ബന്ധമായി ഉച്ചക്ക് പറഞ്ഞു അയക്കേണ്ടിയും   വന്നു .ഭക്ഷണം കിട്ടാതായപ്പോള്‍  ഓഫീസും വാഹനങ്ങളും നിന്നു...





നിങ്ങള്  എപ്പോഴും ഓരോരോ ആവശ്യങ്ങള്‍ക്ക്  പിരിവിനു വരുന്നത്ഇവിടുത്തെ   കടകളിലാ ....കൂടുതല്‍ വാങ്ങുന്നതും  കടകാരില്‍ നിന്നാ ...അപ്പൊ അവര് ഒരു ദിവസം പൂട്ടിയാല്‍ എത്രയാ നഷ്ട്ടം ?ഈ കൊല്ലം മാത്രം നിങള്‍  മാത്രം നടത്തിയ  അഞ്ചു ഹര്‍ത്താല്‍ കൊണ്ട് എനിക്ക് നാലഞ്ചു  ലക്ഷം എങ്കിലും നഷ്ട്ടം വന്നിട്ടുണ്ട് ...അതുകൊണ്ട്  നിങ്ങളുടെ ഇരുപത്തിഅഞ്ചും  കഴിച്ചു  ബാക്കി കൊണ്ടുവന്നു തരുവാന്‍ നിന്റെ  എം എല്‍ എ യോട് പറ .....കട്ടും മുടിച്ചും  കുറെ ഉണ്ടാക്കിയിട്ടില്ലേ ? മറ്റവന്‍മാരും വരട്ടെ  ..ഞാന്‍  കണക്കു വെച്ചിട്ടുണ്ട്."

പിരിവുകാര്‍ നിന്ന് വിയര്‍ത്തു .....കാദര്‍ക്ക  തുടര്‍ന്നു

"എന്തിനും ഏതിനും   വൃത്തികെട്ട  ഹര്‍ത്താല്‍ നടത്തുന്നതങ്ങ് നിര്‍ത്തണം ..പിന്നെ നേതാക്കള്‍  പറയുന്നത്  അപ്പാടെ വിഴുങ്ങുന്നതും ...നിനകൊക്കെ പഠിപ്പും വിവരവും ഒക്കെ ഇല്ലേ .ബുദ്ധിക്കും കുറവൊന്നുമില്ലല്ലോ..  .മനസ്സാക്ഷിയോട്‌  ചോദിച്ചു  നോക്കുക ... ചെയ്യുന്നത്  ശരിയാണോ തെറ്റാണോ എന്ന്  ..എന്നിട്ട് പ്രവര്‍ത്തിക്കുക ..ഇങ്ങിനെ ഇരന്നു തിന്നുന്നതിലും ഒരു ഉളുപൊക്കെ വേണ്ടേ ....രാഷ്ട്രീയമാണ് പോലും  രാഷ്ട്രീയം ..മേലനങ്ങാതെ  തിന്നു വീര്‍ക്കുവാന്‍  ഓരോരോ കാപട്യങ്ങള്‍ ...

പിരിവുകാര്‍  ഓരോന്നായി  കടയില്‍ നിന്നിറങ്ങി .കാദര്‍ക്ക  ആശ്വാസത്തോടെ  നെടുവീര്‍പ്പിട്ടു .

(ഇതൊരിക്കലും  നടക്കില്ല ...ഇങ്ങിനെ  ഒരിക്കലും  കാദര്‍ക്ക  പറയുകയുമില്ല   ...കാരണം  പിറ്റേന്ന് കാദര്‍ക്കയുടെ  കടയും കാണില്ല ഇന്ന്   നാവും ....അങ്ങിനെ ഉള്ളവരാണ്  ജനസേവനത്തിന്റെ കുപ്പായമണിഞ്ഞു നടക്കുന്ന" ചില  രാഷ്ട്രീയ ചെന്നായ്ക്കള്‍ "



-പ്രമോദ്  കുമാര്‍ .കെ.പി 

Friday, June 19, 2015

വേഷം

"അച്ഛാ ....കുറെയേറെ ആളുകളൊക്കെ വരുന്ന സ്ഥലമല്ലേ..? കല്യാണവീട്ടിലെങ്കിലും നല്ല ഒരു ഡ്രസ്സ്‌ വാങ്ങി  ഇട്ടു പോയികൂടെ ?

"കോര്‍പറേഷന്‍  ബസ്‌ ടെര്‍മിനലില്‍" വരുന്നത്ര ആളുകളൊന്നും അവിടെ ഉണ്ടാവില്ലല്ലോ എന്ന് അവിടെ പോര്‍ട്ടര്‍ ആയ അയാള്‍ക്ക്‌ ചോദിക്കണമെന്ന് തോന്നിയെങ്കിലും അത് വിഴുങ്ങി അയാള്‍ വഴിയിലേക്കിറങ്ങി ..


കഥ :പ്രമോദ് കുമാര്‍.കെ.പി 

Monday, June 15, 2015

കോള്‍


ഒരു ഫോണ്‍ കോള്‍ മതിയായിരുന്നു  അവന്റെ ജീവിതം മാറ്റിമറിക്കുവാന്‍ .....

പക്ഷെ ആ കോള്‍ വരുമ്പോഴേക്കും അവന്റെ ജീവിതം "ഔട്ട്‌ ഓഫ്‌ റേഞ്ച് " ആയി പോയിരുന്നു 


കഥ :പ്രമോദ് കുമാര്‍.കെ.പി 

Wednesday, April 29, 2015

മാനം മാത്രം നോക്കിയാല്‍ പോര ഭൂമിയിലേക്കും നോക്കണം

ഇന്നലെ  ചാനലുകളിലെ വെറുപ്പിക്കുന്ന ചര്‍ച്ചകള്‍ കണ്ടു ബോറടിച്ചു  കൈകള്‍ റിമോട്ടില്‍ ചലിച്ചു കൊണ്ടിരുന്നു ...ഭൂകമ്പവും ഡോക്റ്റര്‍മാരും ,മന്ത്രി ബാബുവും കോഴയും അങ്ങിനെ രാവിലെ മുതല്‍ പറഞ്ഞു തഴമ്പിച്ച കാര്യങ്ങള്‍ വീണ്ടു വീണ്ടും ശര്‍ദ്ദിക്കുന്ന ന്യൂസ്‌ അവതാരകള്‍ ...പക്ഷെ അവസാനം ഒരു ചാനലില്‍ ശ്രദ്ധ ഊന്നെണ്ടി വന്നു. രാഷ്ട്രീയ ചാനല്‍ ആയതിനാലും അവരുടെ പാര്‍ട്ടിയുടെ കാര്യങ്ങള്‍ മാത്രം  ഉയര്‍ത്തി കാട്ടി വെറുപ്പിക്കുന്നതിനാലും പലപ്പോഴും ഞാന്‍ തിരസ്കരിക്കുന്ന  ഒരു ചാനാലായിരുന്നു അത് . അവിടെയും നടക്കുന്നത്  ഭൂകമ്പം ചര്‍ച്ച ആണെങ്കിലും അതിനൊരു വ്യതസ്തത ഉണ്ടായിരുന്നു.

അവസാന ഭാഗങ്ങളെ കാണുവാന്‍ പറ്റിയുള്ളൂ എങ്കിലും അത്ര സമയത്ത്  പോലും ആ ചര്‍ച്ചയില്‍ നമ്മള്‍ മനസ്സിലാക്കെണ്ടുന്ന വലിയ കാര്യങ്ങള്‍ ഉണ്ടായിരുന്നു.ചിലത് പറയാം

ന മ്മള്‍ ഭൂമിയില്‍ ജീവിക്കുമ്പോള്‍ ഭൂമിയെ കുറിച്ചു മനസ്സിലാക്കാതെ ചന്ദ്രനേയും ചൊവ്വയെയും പറ്റി പഠിക്കുവാന്‍ പോകുന്നു.നിലനില്‍ക്കുന്ന ഭൂമി എങ്ങിനെ കുലുങ്ങുന്നു എപ്പോള്‍ കുലുങ്ങുന്നു എന്ന് പഠിക്കുവാന്‍ ലോകത്ത് ഒരു രാജ്യവും ശാസ്ത്രവും താല്പര്യപെടുന്നില്ല  അഥവാ ശ്രമിച്ചാല്‍ തന്നെ അത് പൂര്‍ത്തിയാക്കുവാന്‍ ജാഗ്രത കാണിക്കുന്നുമില്ല..അത് കൊണ്ടാണ് യാതൊരു മുന്നരിയുപ്പും നമുക്ക് കിട്ടാത്തതും ഭൂ കമ്പം വലിയ നാശങ്ങള്‍ വിതക്കുന്നതും.

ലോകത്ത് ഓരോ സ്ഥലത്തിന്റെയും ഭൂപ്രകൃതി വിഭിന്നമാണ് കാലാവസ്ഥയും .അതനുസരിച്ചാണ്  അവിടെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടക്കേണ്ടത് പക്ഷെ അതൊന്നുംപൊതുവായി  ആര്‍ക്കും  അറിയില്ല .അത് പൊതുജനത്തിന്  മനസ്സിലാക്കി കൊടുക്കുവാന്‍  ഒരു സര്‍കാരും മുന്‍കൈ എടുക്കുനില്ല.അഥവാ ആരെങ്കിലും അത് സൂചിപ്പിച്ചാല്‍ തന്നെ  ആരും മുഖവിലക്കെടുക്കുനില്ല ..

നമ്മുടെ  കേരളത്തില്‍ തിരുവനന്ത പുരത്ത് പണിയുന്നതുപോലെ അല്ല കൊച്ചിയിലും കണ്ണൂരും വീടുകളും കെട്ടിടങ്ങളും പണിയേണ്ടത്.പക്ഷെ ഇന്ന് കേരളം മുഴുവന്‍ പണിയുന്നത് ഒരേ പോലത്തെ വീടുകളും കെട്ടിടങ്ങള്മാണ് പോലും.നമ്മുടെ ഭൂപ്രകൃതിയും കാലാവസ്ഥയും അനുസരിച്ചു കോണ്ക്രീറ്റ് കെട്ടിടങ്ങള്‍ കേരളത്തില്‍ പണിയുവാന്‍ പാടില്ല എന്നും അവര്‍ പറയുന്നു .

ഇത് പോലെ ലോകം മുഴുവനും നടക്കുന്നത് അനുവദനീയമായ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ അല്ല ...ജപ്പാന്‍ കാര്‍ പോലും ഭൂമിയുടെ സ്പന്ദനം മനസ്സിലാക്കുവാന്‍ അല്ല ശ്രമിച്ചത്‌ ഭൂകമ്പം വന്നാല്‍ നിലനില്‍ക്കുന്ന വീടുകള്‍ എങ്ങിനെ ഉണ്ടാക്കാം എന്ന് മാത്രമാണ്.

അതുകൊണ്ട് നമ്മള്‍ ചവിട്ടിനില്‍ക്ക്കുന്ന ഭൂമിയെ കുറിച്ചുള്ള പഠനം ആവശ്യമാണ്‌ .അതിനെ കുറിച്ച് ഓരോ പൌരനും ഭോധവും ഉണ്ടാകണം ..കാലിനടിയിലെ മണ്ണ് ഒലിച്ചും പിളര്‍ന്നും പോകുംബോഴെങ്കിലും നമ്മള്‍ മാനത്തു  നോക്കാതെ താഴേക്ക് നോക്കുക .

ഈ ചര്‍ച്ച മുഴുവന്‍ കണ്ടവര്‍ക്ക് ഇതില്‍ കൂടുതല്‍ പറയുവാന്‍ കഴിഞ്ഞേക്കും .

നന്ദി  ജയ് ഹിന്ദ്‌ ടി വി

ഫോട്ടോ :ജീനസ്  ഫ്രം  നേപ്പാള്‍ 

Thursday, March 26, 2015

പറഞ്ഞാല്‍ കേള്‍ക്കണം .....


എല്ലാവരും പറഞ്ഞതാ മരുന്നിനെങ്കിലും ഒരു മലയാളിയെ പോവുമ്പോള്‍ ഒപ്പം കൂട്ടിക്കോന്നു ....മലയാളി   ഇല്ലാതെ വേള്‍ഡ്  കപ്പു നേടുവാന്‍ ബി സി സി ഐ  ടീമിന് ഒരിക്കലും കഴിയില്ല എന്നും .....എന്നിട്ടോ  നല്ലവണ്ണം കളിക്കുന്ന കൊച്ചനെ ടീമിലെടുത്തുമില്ല മറ്റൊരുത്തനെ ബലിയാടാക്കി ജയിലലടച്ചു  ഒരിക്കലും തിരിച്ചു വരാത്തവിധം കളികളത്തിനു പുറത്തുമാക്കി. അനുഭവിച്ചോ .....


അത് കൊണ്ട്  ആസ്ട്രലിയ & ന്യൂസീലാണ്ട്...നിങ്ങള്‍ ആരെങ്കിലും എടുത്തോ   ഈ പ്രാവശ്യം  ഈ മുടിഞ്ഞ ഗപ്പ് ....ഞമ്മക്ക് വേണ്ട..സത്യായിട്ടും ...കിട്ടൂലാന്നു അറിയാം ...അതോണ്ടാ ..

 അതുകൊണ്ട് ഇനി കുറച്ചു കാലം ചിതലരിച്ചു തുടങ്ങിയ ഫോട്ടോ ഒക്കെ നോക്കി ഞമ്മള് പഴയ വിജയ ഗാഥകള്‍  അയവിറക്കി കൊള്ളാം..

  ..ഇതോടെ നിര്‍ത്തി ല്ലല്ലോ ....ഇനീം വരുവല്ലോ ഈ വേള്‍ഡ് കപ്പും കോപ്പും  .....

****************************************************************************************

 പാകിസ്താന്‍  ഭീകരവാദികളെകാളും ആക്രമണകാരികളാകും എന്ന്  വിചാരിച്ചവരൊക്കെ അവര്‍ക്ക്  മുന്നില്‍  എലികളെ പോലെയാണ്   ഭയന്നു കീഴടങ്ങിയത് .

വെടിയുണ്ടയെകാള്‍ സ്പീഡില്‍ വരുന്ന ബോള്‍ കൊണ്ട് ആഫ്രിക്കകാര്‍  അവരെ എറിഞ്ഞു വീഴ്ത്തുമെന്നു വാദിച്ചവരൊക്കെ കളി കഴിഞ്ഞപ്പോള്‍ വെടിയുണ്ടയെകാള്‍ വേഗത്തില്‍ മുങ്ങി

വലിയ ടീമുകളെ നടുക്കടലിലേക്ക് തള്ളി പരുക്കെല്‍പ്പിക്കുമെന്നു വിചാരിച്ച ഗള്‍ഫ്‌കാര്‍   അവര്‍ക്ക്  മുന്നില്‍ പെട്ടെന്ന് തന്നെ കീഴടങ്ങി ..  അതില്‍ പിന്നെ അവര്‍ക്ക് ഒരിക്കലും പരാജയകടല്‍  നീന്തി കയറാനും പറ്റിയില്ല

ദ്വീപ സമൂഹം അവരില്‍  കുറെ പേരെ പെട്ടെന്ന്  എറിഞ്ഞു വീഴ്ത്തി ഒന്ന് പേടിപ്പിച്ചു വെങ്കിലും അവര്‍ക്കും  ചാംബ്യന്‍മാരെ  മറികടക്കുവാനായില്ല .അവര്‍പോലും   ആര്‍ത്തിരമ്പുന്ന  ദ്വീപില്‍ തിരകള്‍ക്കിടയില്‍ അകപെട്ട സ്ഥിതിയായി

മറ്റുള്ളവരുടെ എല്ലാവരുടെയും ഉള്ളില്‍ തീ കോരിയൊഴിച്ച അയര്‍ലണ്ടിന്  പോലും അവര്‍ക്ക്  മുന്നില്‍ വെള്ളം കുടിക്കേണ്ടി വന്നു .

എല്ലാ വലിയ ടൂര്ണമെന്റിലും അവരെ നോവിചു വിട്ട മറ്റൊരു ആഫ്രിക്ക ടീമിനും അവരുടെ പ്രകടനത്തിന്  മുന്നില്‍ ഈ ടൂര്ണ്മെന്റ്  വലിയ വേദനയായി ..കുറെ പരീക്ഷണങ്ങള്‍ നടത്തി വെള്ളം കുടിപ്പിച്ചുവെങ്കിലും അവസാനം അവര്‍ക്കു വിയര്‍ത്തു കുളിച്ചു  പിന്മാറേണ്ടി വന്നു .

ബംഗാദേശു  കടുവകള്‍  പലവിധം ആക്രമണം  അഴിച്ചുവിട്ടുവെങ്കിലും  "സേവ്റ്റൈഗര്‍ "എന്നത് കളിക്കളത്തിലല്ല കളത്തിനുപുറത്തു മാത്രമാണ് എന്ന് മനസ്സിലാക്കി  ബംഗ്ലാദേശ് കടുവകളെ  നാട്ടിലേക്ക് വണ്ടികയറ്റി വിട്ടു .

പക്ഷെ വരേണ്ടത് വഴിയില്‍ തങ്ങില്ലല്ലോ ...അവസാനം എട്ടില്‍ പൊട്ടി ....തദ്ദേശിയരായ കംഗാരു പട ഒരവസരം പോലും നല്‍കാതെ  അവരെ കെട്ടുകെട്ടിച്ചു  ........

എന്നാലും വെല്‍ഡണ്‍ ബി സി സി ഐ ടീം  .കളിയുടെ തുടക്കത്തില്‍ ഒരു പ്രതീക്ഷയുമില്ലാത്ത ഒരു  ടീം ഇതുവരെയെങ്കിലും എത്തിയപ്രകടനത്തിന് .....ഇനി നാല് വര്‍ഷം കഴിഞ്ഞു ഒന്ന് കൂടി ശ്രമിച്ചു നോക്കാം ..ഗപ്പ് തിരിച്ചു പിടിക്കാന്‍ പറ്റുമോന്നു ...


വാല്‍കഷ്ണം ;
----------------------

അടുത്ത ലോകകപ്പിനു മലയാളി ടീമില്‍  ഇല്ലാതെ പറ്റില്ല ...അതോര്‍മ വേണം ..ഓര്‍ത്താല്‍ നന്ന് ....
ഞമ്മക്ക് നഷ്ട്ട ബോധമുണ്ട് ..അത് മറക്കാന ഇങ്ങിനെ ഒരു എഴുത്ത് ...അല്ലാതെ എബി ഡിവില്ലരിയസിനെ പോലെ നാട്ടുകാര്‍ക്ക് മുന്നില്‍ ക രയാന്‍ പറ്റോ ....
.



-പ്രമോദ് കുമാര്‍ .കെ.പി

Sunday, January 18, 2015

രണ്ടു " ബൈക്ക് " പുരാണം

ഒന്ന് ..
--------

"എടാ ...ഹെല്‍മെറ്റ്‌ ഇട്ടോണ്ട് പോടാ "

"അധിക ദൂരത്തെക്കൊന്നു മില്ലെന്നെ ....ജങ്ങ്ഷന്‍ വരെ ..അവിടെ പോലീസ് ഒന്നും കാണൂല ..."

സ്വന്തം സുരക്ഷയെക്കാള്‍ പോലിസിനെ  പേടിച്ചുമാത്രം  ഹെല്‍മെറ്റ്‌ ഇടുന്ന ഇവനെ പോലുള്ളവരാണ്  ഇന്ന് കൂടുതല്‍ ...


രണ്ട്..
--------

സ്പീഡില്‍ വരുന്ന എന്‍റെ ബൈക്ക് കൈ കാണിച്ചു അവന്‍ നിര്‍ത്തി

"ചേട്ടാ ഒരു ലിഫ്റ്റ്‌ തരുമോ ?"

"ഓക്കേ  കയറികോളൂ"


കണികണ്ടതിന്‍റെ കുഴപ്പമോ വല്ലതും കയറി ഉടക്കിയതാണോ എന്നറിയില്ല വഴിക്ക് വെച്ച് ടയര്‍ പഞ്ചറായി .

"കുറച്ചു ദൂരം തള്ളേണ്ടിവരും ...അവിടെ ഒരു വര്‍ക്ക് ഷോപ്പ് ഉണ്ട് " ഞാന്‍ പറഞ്ഞത് കേട്ട് അവന്‍ സഹായിച്ചു .

അല്പം കഴിഞ്ഞു വന്ന ഒരു ബൈക്കില്‍  ലിഫ്റ്റ് ചോദിച്ചു ചാടി കയറി അവന്‍ എന്നെ വഴിയില്‍ ഉപേഷിച്ചു.യാത്ര പോലും പറയാതെ .......


കഥ : പ്രമോദ് കുമാര്‍ .കെ.പി


Thursday, November 13, 2014

മലയാളി

ബാംഗ്ലൂര്‍ -ചെന്നൈ .ലാല്‍ബാഗ്  എക്സ്പ്രസ്സ്‌ ..ചെന്നൈ ലക്ഷ്യമാക്കി കുതിക്കുന്നു.
എന്‍റെ ഫോണില്‍ മെസ്സേജ് വന്നെന്നു ട്യുണിലൂടെ അറിയിപ്പ് വന്നു. ഫോണ്‍ എടുത്തു മെസ്സേജ്‌ ചെക്ക് ചെയ്യുമ്പോള്‍  അപരിചിതനായ അടുത്തിരിക്കുന്നവന് എന്ത് സന്ദേശമാണ് എനിക്ക്  വന്നതെന്നറിയാന്‍ എന്നേക്കാള്‍  ഉത്സാഹം ..അവന്‍ വളരെ കഷ്ട്ടപെട്ടു തല നീട്ടി വലിച്ചു എന്‍റെ ഫോണിലേക്ക്  നോക്കുന്നു.

“മലയാളിയാണ് അല്ലെ ..? “ ഞാന്‍ ഒരു ചോദ്യമെറിഞ്ഞു .

“അതെ ..എങ്ങിനെ മനസ്സിലായി ?”

“അല്ല എനിക്ക് വന്ന മെസ്സേജ് വായിക്കുവാന്‍ എന്നേക്കാള്‍ ആകാംഷ താങ്കള്‍ക്കു കണ്ടത് കൊണ്ട് ചോദിച്ചതാ ..”

വീണ്ടും നാല് മണിക്കൂറില്‍  കൂടുതല്‍  ഒരുമിച്ചുള്ള യാത്രയുണ്ടായിട്ടും “ആ മലയാളി “ എന്നോട് ഒരു വാക്കുച്ചരിച്ചില്ല എന്ന്  മാത്രമല്ല  ഇറങ്ങുന്നതുവരെ എന്നെ ഒന്ന് നോക്കുകപോലുമുണ്ടായില്ല .


പ്രമോദ് കുമാര്‍.കെ.പി

Wednesday, November 5, 2014

മൂഷികസ്ത്രീ


പൊതു യോഗം കഴിയുമ്പോള്‍  ലേറ്റ് ആയി .സംഘാടകര്‍  കൊണ്ട് ചെന്നാക്കാം  എന്ന് പറഞ്ഞതാണ് പക്ഷെ  രക്തത്തില്‍ അലിഞ്ഞു പൊയ  ചില  ഈഗോകള്‍   അവളെ അതിനനുവദിച്ചില്ല. ഒരു പുരുഷനോടൊപ്പം ഒറ്റയ്ക്ക് ഒരു വാഹനത്തില്‍ അത്ര ദൂരം പോകുവാന്‍ “ പുരുഷ വിദ്വെഷിയായ” അവളിലെ  “ജാടയും  മറ്റു ചില പ്രശ്നങ്ങളും “അനുവദിച്ചില്ല .അതുകൊണ്ട്  തന്നെ  സ്ത്രീ സമത്വത്തിനു വേണ്ടി ,സ്ത്രീ സ്വതന്ത്രത്തിനുവേണ്ടി വാദിക്കുന്ന അവള്‍ക്കു  അവരുടെ ഓഫര്‍ സ്വീകരിക്കുവാന്‍  തോന്നിയില്ല .

ഇനി അവസാന ബസ്സിനു വേണ്ടി  ഓടുകയെ നിവൃത്തിയുള്ളൂ .അവള്‍  വേഗം  ബസ്‌ സ്റ്റോപ്പ്‌  ലക്ഷ്യമാക്കി  ഓടി.കാമ്പസിലെ സ്ഫോടനാത്മക മായ “സ്തീ ശബ്ദം “ ആയത് കൊണ്ടാണ് ആ സദസ്സിലെക്ക്  അവള്‍ ക്ഷണിക്കപ്പെട്ടത്.സ്തീകളുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി അവള്‍ എപ്പോഴും മുന്നില്‍ നിന്ന് വാദിച്ചു ,അവര്‍ക്ക് അനുവദിക്കപ്പെടാത്ത സ്വാതന്ത്രം, പലതവണ തെളിയിക്കപെട്ടിട്ടും പുരുഷനൊപ്പം  സ്ത്രീയെ ചേര്‍ക്കുവാന്‍ തയ്യാറാകാത്ത സമൂഹത്തിന്‍റെ ഒളിച്ചു കളി  ,പുരുഷന്‍റെ  മേല്‍കോയ്മ ....ഇവയോടൊക്കെ  അവള്‍  പ്രതികരിച്ചു  കൊണ്ടിരുന്നു. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ  കുറ്റം കണ്ടുപിടിച്ചു അവള്‍ ഒരു തികഞ്ഞ പുരുഷവിദ്വേഷിയായി.

തന്‍റെ  ഇന്നത്തെ പ്രസംഗം സദസ്സിനെ പിടിച്ചു കുലുക്കി .സ്ത്രീ, പുരുഷന്‍റെ നിഴലായി മാത്രം ഒതുങ്ങാതെ  അവരുടെ സഹായമില്ലാതെ ഒറ്റയ്ക്ക് ജീവിക്കണം എന്ന തന്‍റെ ആഹ്വാനം കയ്യടിയോടെയാണ് സ്വീകരിക്കപെട്ടത്‌ .അതില്‍ നിന്നുള്ള ഊര്‍ജം കൊണ്ട് പിന്നെ കത്തികയറുകയായിരുന്നു.ഏതൊക്കെ വിധത്തില്‍ പുരുഷന്മാരെ അവഹേളിക്കുവാനും താഴ്ത്തികെട്ടുവാന്‍ കഴിഞ്ഞോ അത്രയ്ക്ക് അവള്‍ പുരുഷന്മാരെ “ വധിച്ചു “കളഞ്ഞു. ഭൂതകല്ലതിലെ ചില അനുഭവങ്ങള്‍ അവളെ പുരുഷന്മാരെ “രാക്ഷസന്മാരാക്കി”.

ഭയങ്കര തിരക്കായിരുന്നു ബസ്സില്‍ ...അവസാന ബസ്‌ ആയതു കൊണ്ടായിരിക്കാം .ഒരു വിധം കയറിപറ്റി  സീറ്റിനരുകില്‍ ഒതുങ്ങി നിന്നു.”ഞരബ് രോഗികളുടെ” ആദ്യത്തെ ആക്രമണത്തില്‍ തന്നെ  ധൈര്യം ചോര്‍ന്നു പോയി.ഭൂതകാലത്തെ ചില സംഭവങ്ങള്‍ മനസ്സിലൂടെ മിന്നി മറഞ്ഞു.അതോടെ ശരീരം തളര്‍ന്നു ഉമിനീര്‍ വറ്റി പോയി..”ആക്രമണം” പല ഭാഗത്ത്‌ നിന്നുമുണ്ടായി.സ്ത്രീ സമത്വത്തിനു വേണ്ടിയും സ്വാതന്ത്രത്തിനു വേണ്ടിയും വലിയവായില്‍  വാദിച്ച  അവള്‍ പീഡിപ്പിക്കപെട്ടപ്പോള്‍  നിസ്സഹായയായി  ഒന്നും ചെയ്യുവാനാകാതെ പകച്ചു നിന്നു..തന്‍റെ ധൈര്യമൊക്കെ വെറും പൊങ്ങച്ചവും നീര്‍കുമികളും മാത്രമായിരുന്നെന്നു അവള്‍ക്കു തിരിച്ചറിവുണ്ടായി .മുന്‍പ് അനുഭവിച്ച പീഡനങ്ങള്‍ ഓര്‍ത്തതുകൊണ്ട്  അവളുടെ മനസ്സിലെ “ഉരുക്ക് “ഉരുകിതുടങ്ങി. അവളിലെ  “എന്തിനും പോന്ന സ്ത്രീ “എന്ന ധൈര്യം അസ്തമിച്ച്  കൊണ്ടിരുന്നു .ഒന്നും ചെയ്യുവാനും പ്രവര്‍ത്തിക്കുവാനുമാകാതെ ചലനമറ്റു നിസ്സഹായയായി ഒന്ന് പ്രതികരിക്കുവാന്‍ പോലുമാകാതെ  അവള്‍ നിന്നു ...അപമാനിതയായ സ്തീയുടെ കണ്ണുനീര്‍ ഒഴുകിഒലിച്ചു.

സമീപത്തുള്ള സ്ത്രീകള്‍  അവളെ  “ഞരമ്പ്‌  രോഗികള്‍ “ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടും കണ്ടതായി ഭാവിച്ചില്ല ,പ്രതികരിച്ചില്ല. അനുഭവിക്കുന്നവര്‍  ഒന്നുംമിണ്ടാതെയിരിക്കുബോള്‍  തങ്ങള്‍  എന്തിനു ഇടപെടണം എന്ന് കരുതിയത്‌ കൊണ്ടാവാം..വെറുതെ വയ്യാവേലി തലയില്‍ എടുത്തുവേക്കേണ്ട എന്നും ചിന്തിച്ചിരിക്കും..എല്ലാം സഹിച്ചു നില്‍ക്കുകയായിരുന്നു അവള്‍ ..എങ്ങിനെ തന്‍റെ  മനശക്തി പെട്ടെന്ന് ചോര്‍ന്നു പോയതെങ്ങിനെയെന്നു അവള്‍  അത്ഭുതപെട്ടു.മുന്‍പത്തെ അനുഭവത്തിന്‍റെ ഓര്‍മ്മകള്‍ തന്നെ ഉലക്കുന്നു. പൊടുന്നനെ ഒരു യുവാവ്  മുന്നില്‍ കയറി അവളുടെ അടുത്തു വന്നു നിന്നു.

“ഹലോ ..ഇതെവിടുന്നു  വരുന്നു ...?”

ആളെ മനസ്സിലാകാതെ സന്ദേഹത്തോടെ “ഹലോ ...”  അവളും പറഞ്ഞു.

അതോടെ ഉപദ്രവക്കാരുടെ ശല്യം തീര്‍ന്നു.ചോദിക്കുവാനും പറയുവാനും അവള്‍ക്കു ആളുണ്ട് എന്ന തിരിച്ചറിവ്  ഒരു പക്ഷെ അവരെ പിന്തിരിപ്പിചിരിക്കാം..അവിടെ കൃത്രിമമായി ഉണ്ടാക്കപെട്ട തിരക്കൊഴിഞ്ഞു ..പലരും പിന്നിലേക്ക്‌ നീങ്ങി നിന്നു.

കുശലം പറഞ്ഞ  ആള്‍  ആരെന്നറിയാതെ അവള്‍  പകച്ചു നിന്നു...അയാള്‍  കൂടുതല്‍ അടുത്തു വന്നു സ്വകാര്യം പോലെ പറഞ്ഞു.

“ താങ്കള്‍ക്കു   എന്നെ അറിയില്ല .എനിക്ക് താങ്കളെയും ....പക്ഷെ  ടൌണ്‍  മുതല്‍  താങ്കള്‍  ഉപദ്രവിക്കപെടുന്ന്തു  കണ്ടു ..പക്ഷെ നിങ്ങള്‍  പ്രതികരിക്കാതെ നിന്നപ്പോള്‍ അതൊക്കെ ആസ്വതിക്കുകയാണ് എന്നാണ് കരുതിയത്‌ .പക്ഷെ നിങ്ങളുടെ കണ്ണുനീര്‍ കണ്ടപ്പോഴാണ് അത് നിങ്ങളെ എത്രമാത്രം  വിഷമിപ്പിക്കുന്നു എന്ന്  മനസ്സിലാക്കിയത്.അത് കൊണ്ടാണ്  പരിചയകാരനെ പോലെ കുശലം ചോദിച്ചത്...ഇതിന്‍റെ  ഒന്നും ആവശ്യം ഇല്ലായിരുന്നു നിങ്ങള്‍ തുടക്കം ഒന്ന് ഒച്ച ഉയര്‍ത്തി പ്രതികരിച്ചുവെങ്കില്‍ ..... അവിടെ വെച്ച് തന്നെ  ഇതവര്‍  നിര്‍ത്തിയേനെ ...ഇരകള്‍  പ്രതികരിക്കാത്തതാണ്  അവര്‍ക്ക് പ്രോല്സാഹനമാകുന്നത് ....”


“ഹലോ ഇറങ്ങുനില്ലേ ..കാരനാട് എത്തി ..”

കണ്ടക്ട്ടരുടെ ചോദ്യം അവളെ ഞെട്ടിച്ചു. ബസ്‌ വിട്ടിറങ്ങിയ അവളുടെ പിന്നാലെ  രണ്ടുമൂന്നു പേര്‍ കൂടി അവിടെ ഇറങ്ങി.. ആരും കൂടെയില്ലെന്നു കണ്ടു തന്നെ പിന്തുടരുന്നവരാകുമോ.?..... വാച്ചില്‍ നോക്കി .സമയം പത്തര കഴിഞ്ഞു .കടകള്‍ ഓരോന്നായി അടച്ചു കൊണ്ടിരിക്കുന്നു. കവലയില്‍ ആരെയും കാണുന്നുമില്ല  .എല്ലാവരും വീട് പറ്റിയിരിക്കും...തുറന്നു കിടക്കുന്ന  കടകളിലെ വെളിച്ചം കഴിഞ്ഞാല്‍  പിന്നെ കൂരിരുട്ടു മാത്രം .അവളില്‍ ഒരുതരം ഭയം വ്യാപിച്ചു ..തന്നെ പിന്തുടര്‍ന്ന ആളുകള്‍   ഇരുളില്‍ പതുങ്ങിയിരിക്കുന്നുണ്ടാവുമോ ?തക്കം പാര്‍ത്തു കൊണ്ട് ...?

വാടക വീട്   പിടിക്കണമെങ്കില്‍  കുറച്ചു ദൂരം നടക്കണം .കയ്യില്‍ ടോര്‍ച്ച് കരുതിയിട്ടുണ്ട്  എന്നാലും .ഒറ്റയ്ക്ക്  ഈ കൂരിരുട്ടില്‍.. അസമയത്ത്.. ..അതിനിടയില്‍  അവര്‍ ചാടി വീണാല്‍ ? അടുത്തിടെ വായിച്ച നടുക്കുന്ന  കുറെ വാര്‍ത്തകള്‍  ഒറ്റയടിക്ക്  അവളിലൂടെ കടന്നുപോയി..  മനസ്സില്‍ എന്തോക്കെയോ   തെളിഞ്ഞു വന്നു.പൂട്ടാതെ കിടന്ന ഫാന്‍സി  കടയില്‍ കയറി എന്തൊക്കെയോ എടുത്തു കൊണ്ടിരുന്നു. ഒന്നും ആവശ്യമുണ്ടായിരുന്നതല്ല ..എന്നിട്ടും സമയം പോക്കുവാന്‍  ചിലതൊക്കെ വാങ്ങേണ്ടി വന്നു. പലതും തിരയുന്നതിനിടയിലും അവളുടെ കണ്ണുകള്‍ പുറത്തു ആരെയോ തപ്പി കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക്  അവള്‍ വാച്ചിലും നോക്കി കൊണ്ടിരുന്നു അക്ഷമനായ കടക്കാരന്‍റെ  ഭാവങ്ങള്‍  അവള്‍ മനപൂര്‍വം  കണ്ടില്ലെന്നു വരുത്തി..പെട്ടെന്ന് അവളുടെ കണ്ണുകള്‍ വിടര്‍ന്നു..കടക്കാരന് പണവും കൊടുത്ത് അവള്‍ പുറത്തേക്കോടി .

കമ്പനി ഷിഫ്റ്റ്‌ കഴിഞ്ഞു വരുന്ന അയാള്‍ക്ക്‌ പിന്നാലെ അവളും നടന്നു.. അയല്‍കാ രന്‍റെ  സമയക്രമങ്ങള്‍ അവള്‍ക്കു നല്ല നിശ്ചയമുണ്ടായിരിക്കാം  ...ഒരിക്കല്‍പോലും ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത അന്യപുരുഷനോടൊപ്പം  നടക്കുമ്പോള്‍ അവള്‍ക്കു ലവലേശം ഭയമുണ്ടായിരുനില്ല .എന്തോ ഒരു സുരഷിതത്വം തന്നെ  പൊതിഞ്ഞിരിക്കുന്നത് അവള്‍ അനുഭവിച്ചറിഞ്ഞു. സ്തീക്ക് പുരുഷന്‍റെ  തണല്‍ അത്യാവശ്യമാണെന്ന്  തിരിച്ചറിഞ്ഞിട്ടും അവളുടെ ഉള്ളില്‍ കെട്ടികിടന്ന പുരുഷ വിദ്വേഷം പെട്ടെന്ന് അത് അംഗീകരിക്കുവാന്‍ കൂട്ടാക്കിയില്ല .പക്ഷെ കാമ്പസില്‍ വെച്ച് ഒരിക്കല്‍ അനൂപ്‌ അവളുടെ “ഫെമിനിസത്തെ “കളിയാക്കി പറഞ്ഞത് അവളുടെ കാതില്‍ മുഴങ്ങി കൊണ്ടിരുന്നു.

“ഏതെങ്കിലും  ഒരു പുരുഷന്‍ നിന്‍റെ അടിപാവാടയുടെ കെട്ടഴിക്കുന്നതുവരെയേ ഉള്ളൂ നിന്‍റെ ഈ പുരുഷവിദ്വേഷവും അതിരുകവിഞ്ഞ ഫെമിനിസവുമൊക്കെ.....സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീയും വേണം  എങ്കിലേ  സമൂഹം നിലനില്‍ക്കൂ . രണ്ടു വര്‍ഗത്തിനും  അവരുടെതായ വ്യക്തിത്വം ഉണ്ട്.അത് വിഭിന്നമാണ് ..ഒരിക്കലും താരതമ്യം ചെയ്യരുത്. പുരുഷന്മാരിലും സ്ത്രീകളിലും നല്ലവരും ചീത്തവരും ഉണ്ട് നിന്നെ പോലെയുള്ള ചിലര്‍ക്ക്  അത് മനസ്സിലാക്കുവാന്‍  കഴിയുന്നില്ല.അവര്‍ ഒരനുഭവം കൊണ്ട് ആ വര്‍ഗത്തിലെ എല്ലാവരും അങ്ങിനെയാണെന്ന് കരുതുന്നു.  അവരിലെ ഈഗോകള്‍ പരസ്പരം മത്സരിക്കുന്നത് കൊണ്ടാണ് ആണ് -പെണ്‍  വ്യത്യാസം  ഉണ്ടാകുന്നത്.പറ്റുമെങ്കില്‍ അതൊക്കെ മനസ്സിലാക്കി ഉള്ളിലെ തെറ്റിധാരണകളും  ജാടയുമോക്കെ മാറ്റിവെച്ചു പരസ്പരം അംഗീകരിച്ചു  സഹകരിച്ചു  മുന്നോട്ടു പോകുക. എപ്പോഴെങ്കിലും   ഒരിക്കല്‍  അനുഭവത്തിലൂടെ  അത് തനിക്കും  മനസ്സിലാകും..അന്നേരം തന്‍റെ ഈ മുഖംമൂടി താനേ അഴിഞ്ഞു വീഴും ..”

അനൂപ്‌  പറഞ്ഞതുപോലെ തന്‍റെ മുഖംമൂടി അഴിച്ചുകളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നവള്‍ക്ക് തോന്നിത്തുടങ്ങി.പുരുഷന്‍ തന്നെ ഒരേ ദിവസം രക്ഷകനും ശിക്ഷകനുമാകുന്നു..തന്റെ വര്‍ഗം വെറും കാഴ്ചകാരും .

പക്ഷെ സുരക്ഷിതമായി വീടെത്തിയപ്പോള്‍  വീണ്ടും പുരുഷ വിദ്വേഷം അവളില്‍ അടിഞ്ഞു കൂടുകയായിരുന്നു...ഒരിക്കലും മാറാന്‍ കൂട്ടാക്കാത്ത  അവളുടെ മനസ്സ് അതുറപ്പിക്കുവാന്‍ പുതിയ ന്യായീകരണങ്ങള്‍ തേടുകയായിരുന്നു...

കഥ :പ്രമോദ്‌ കുമാര്‍.കെ.പി

ചിത്രങ്ങള്‍ :കേരള വാട്ടര്‍ കളര്‍ സോസെറ്റി