Saturday, October 16, 2021

ദേവദാസ് ബ്രദേഴ്സ്




ദേവദാസിനെ എല്ലാവർക്കും പറഞ്ഞാല് അറിയാം..പ്രണയ കഥയിലെ ദുരന്ത നായകൻ..ദേവദാസിൻ്റെ അനുകരണമായി മുൻപ് കുറെ പ്രണയം നഷ്ട്ടപെട്ട ഹതഭാഗ്യർ കുടിച്ചും കുളിക്കാതെ നനക്കാതെ താടിയും മുടിയും നീട്ടി വളർത്തി നഷ്ട്ട പ്രണയത്തെ താലോലിച്ചു ജീവിതം നശിപ്പിച്ചിരുന്നു.





കാലം മാറിയപ്പോൾ " ദേവദാസ്" ഒക്കെ വെറുപ്പിൻ്റെ പകയുടെ പ്രതീകങ്ങൾ ആയി മാറി പ്രണയം ഉപേക്ഷിച്ച വരെ ആസിഡും പെട്രോള് ഒക്കെ ഉപയോഗിച്ച് നശിപ്പിക്കുന്ന അവസ്ഥയിൽ എത്തി..ചിലർ പ്രതികാരങ്ങൾ അവരെ  വിടാതെ പിന്തുടർന്ന് ടോർച്ചർ ചെയ്ത് കൊണ്ട് ആഘോഷിച്ചു.




അങ്ങിനെ ദേവദാസിൻ്റെ നാല് "സഹോദരർ" കഥ പറയുകയാണ് ഈ തമിഴ് ചിത്രം.പ്രേമിക്കാൻ ഒട്ടും താൽപര്യം ഇല്ലാത്ത വിവിധ സ്ഥലങ്ങളിൽ ഉള്ള നാല് ചെറുപ്പക്കാരെ നിർബന്ധിച്ച് പ്രേമിപ്പിച്ച്  കല്യാണം കഴിക്കുവാൻ ആവശ്യപ്പെടുമ്പോൾ വഴിമാറി നടകുന്ന നാല് യുവതികൾ. പ്രേമ നൈരാശ്യ കൊണ്ട് ജീവിതം തുലച്ചു കളയേണ്ടി വന്ന അവർ ലഹരിയിൽ അടിമകൾ ആകുന്നു.








ബാറിൽ ഒത്ത് കൂടുന്ന അവർ പരസ്പരം കഥകൾ പറയുന്നതും പ്രതികാരത്തിന് വേണ്ടി ഒരുമിക്കുകയും അവസാനം കാര്യങ്ങൽ കൈവിട്ടു പോകുന്നത് ഒക്കെയാണ് കഥ.


ആദ്യ പകുതിയിൽ പ്രണയവും പാട്ടുകളും കൊണ്ട് നല്ല രീതിയിൽ പോയ കഥ പിന്നീട് എങ്ങോട്ട് പോകണം എന്നറിയാതെ ഉഴലുകയാണ്..എന്നാലും ഒന്നര മണിക്കൂറിനുള്ളിൽ സിനിമ തീർത്തു സംവിധായകൻ നമ്മളെ നമ്മുടെ പാട്ടിന് വിടുന്നുണ്ട്..അത് തന്നെയാണ് വലിയ ആശ്വാസം ആകുന്നത്.


പ്ര .മോ. ദി .സം

Friday, October 15, 2021

വിദ്യാരംഭം




കൊച്ചു കുഞ്ഞുങ്ങളെ പ്രഗൽഭരായ ആരെ കൊണ്ടെങ്കിലും എഴുത്തിനിരുത്താൻ പത്രം ഓഫീസോ പ്രസിദ്ധ ക്ഷേത്രങ്ങൾ,വ്യക്തികൾ  ഒക്കെ തേടി മാതാപിതാക്കൾ നെട്ടോട്ടമോടുന്ന കാലത്ത് ഞാൻ എൻ്റെ മകൻ്റേ ഹരിശ്രീ കുറിച്ചത് അരിമണിയിൽ പോലുമല്ല നേരിട്ട് പുസ്തകത്തിൽ തന്നെ ആയിരുന്നു. പേന കൊണ്ട്...അതും എഴുതിച്ചത് "പ്രഗൽഭ" നല്ലാത്ത ഈ പാവം ഞാനും.


മേനി പറയുകയല്ല..അത് കൊണ്ട് ഇപ്പൊൾ ഡിഗ്രി അവസാന വർഷം വരെ  എത്തിനിൽക്കുന്ന അവൻ എന്നെ പോലെ" ഉഴപ്പൻ" ആയി ഒരു ക്ലാസ്സിലും  മാർക്ക് കുറച്ചു വാങ്ങിയിട്ടില്ല. .എല്ലാ കടമ്പകളും നല്ല മാർക്കോടെ പാസാവുകയും ചെയ്തിട്ടുണ്ട്. ആഗ്രഹിച്ച കോഴ്സിന് മെറിറ്റ് അടിസ്ഥാനത്തിൽ തന്നെ ഇതുവരെ  പ്രവേശനം കിട്ടിയി ട്ടുമുണ്ട്.


കുടുംബ സമേതം ഇന്ത്യക്ക് പുറത്തായത് കൊണ്ടാവാം  അന്ന് അങ്ങിനെ ഒരു "സാഹസ"ത്തിനു എന്നെ പ്രേരിപ്പിചിരിക്കുക എന്നത് മറ്റൊരു കാര്യം.


പിന്നീട്  ബിസിനെസ്സ് കൊണ്ട്  അതിവേഗത്തിലായിപോയ  പല 

" ഹരിശ്രീ" കളും കാണുമ്പോൾ തോന്നിപോയിട്ടുണ്ട് ശരിക്കും വീട്ടിലെ കാരണവർ എഴുതിച്ചാൽ അല്ലെ കുട്ടികൾക്ക് കുറച്ചു കൂടി കംഫർട്ട് ഉണ്ടാവുക.കുഞ്ഞുങ്ങൾ  അവരെ അനുസരിച്ച് , ചൊല്ലി കൊടുക്കുന്നത്  വളരെ ശ്രദ്ധിച്ചു മനസ്സിലാക്കി ഭയം ഏതുമില്ലാതെ നന്നായി എഴുതില്ലെ....


ഇപ്പൊൾ എഴുതിക്കുന്ന അപരിചിതനെ കാണുമ്പോൾ തന്നെ കുഞ്ഞുങ്ങൾ കരഞ്ഞു തുടങ്ങും..പിന്നെ ഒരു വിധത്തിൽ അവരെ എങ്ങിനെ എങ്കിലും എഴുതി വിടുവിക്കുകയാണ്..ചടങ്ങ്  പൂർത്തിയാക്കുകയാണ്.


അത് കൊണ്ട് നിർത്താറായില്ലെ നമുക്ക് ഇത്തരം പ്രഹസനങ്ങൾ.എം ടീ യൊ, കൈതപ്രംമോ, മുകുന്ദനോ ഒക്കെ എഴുതിച്ചാൽ  ഒന്നും കുട്ടിക്ക് അറിവും വിവരവും വിദ്യാഭ്യാസവും ഉണ്ടാവണം എന്നില്ല .അത് കൂടുതലും പകർന്നു നൽകേണ്ടത് നമ്മൾ മാതാപിതാക്കൾ തന്നെയാണ്. നമ്മളിൽ നിന്നാണ് അവർ പഠിച്ചു തുടങ്ങേണ്ടത്..നമ്മളെ കണ്ടാണ് അവർ വളർന്നു വരേണ്ടത്..


പ്ര .മോ .ദി .സം

ഉടൻപിറപ്പെ




അണ്ണന് വേണ്ടി തങ്കച്ചിയും തങ്കച്ചിക്ക് വേണ്ടി അണ്ണനും  ജീവിക്കുന്ന ഒരു വീട്. സമൂഹത്തിൽ എന്ത് അനീതി കണ്ടാലും നമ്മുടെ  "സുരേഷ് ഗോപി" പോലെ ഉടനടി തീർപ്പാക്കി കൊടുക്കുന്ന അണ്ണൻ..അവിടെ അദ്ദേഹം നീതിയെയോ ന്യായത്തിൻ്റെയോ അവസാന വാക്കായ കോടതി കയറാതെ തനിക്ക്  തോന്നുന്നത് അടിച്ചിട്ടായാലും  വെട്ടിയിട്ടായാലും വെറുപ്പിച്ചു ആയാലും സാധാരണക്കാർക്ക് വേണ്ടി ചെയ്തു കൊടുക്കും.





അത് കൊണ്ട് തന്നെ നാട്ടുകാർക്ക് അയാള് കൺകണ്ട ദൈവം ആണെങ്കിലും അധികാരികൾക്കും മറ്റും ആയാൽ ശത്രുക്കൾ ആയിരിക്കും. ആ കുടുംബത്തിലേക്ക് നീതിയും ന്യായവും അണുവിട തെറ്റാതെ പരിപാലിക്കുന്ന ഒരാള് തങ്കച്ചിയെ കല്യാണം കഴിച്ചു വന്നാൽ എന്തായിരിക്കും സ്ഥിതി..






അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും അണ്ണൻ തങ്കച്ചി ബന്ധത്തിൽ പിന്നീട് ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ശരവണൻ സംവിധാനം ചെയ്ത ഈ അമ്പതാമത്  ജ്യോതിക ചിത്രം പറയുന്നത്.





സമുദ്രക്കനി ,ശശി കുമാർ എന്നിവർ നായകന്മാരായി അഭിനയിച്ച ഈ ചിത്രം പതിവ് ശശികുമാർ ഷോ തന്നെ ആണ് കൂടുതലായും  കാണിക്കുന്നത്. കഥയോ അവതരണമോ  വലിയ പുതുമ ഇല്ലാത്ത ഈ ചിത്രം തീരെ പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് കൊണ്ട് വ്യത്യസ്തത കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട്.





മുൻപ് തമിൾ സിനിമയിൽ തന്നെ നൂറാവർത്തി  നമ്മൾ കണ്ട അണ്ണൻ തങ്ക്ച്ചി സെൻ്റിമെൻ്റ്സ് വീണ്ടും  കാണിച്ചു  സാധാരണക്കാരെ കയ്യിലെടുക്കാൻ വേണ്ടി മാത്രമാണ് സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ശ്രമിക്കുന്നത്.


പ്ര .മോ. ദി .സം

Thursday, October 14, 2021

പണം

 


മയക്കു മരുന്ന്  ഉപയോഗം മൂലം പിടിക്കപെട്ട സ്കൂള്‍ വിദ്യാര്‍ഥി പറഞ്ഞത് കേട്ട് പോലീസുകാർ ഞെട്ടി .ദിവസവും അച്ഛന്റെ പേര്‍സില്‍ നിന്നാണ് പോലും ആ കുട്ടി മയക്കുമരുന്ന്  വാങ്ങുവാന്‍ വേണ്ടുന്ന പണം മോഷ്ട്ടിക്കുന്നത് ..


അതും ദിവസവും എടുക്കുന്നത് അഞ്ഞൂറും ആയിരവും ...അച്ഛന്‍  പോലീസുകാർ പറയുന്നതുവരെ ഇതറിഞതുമില്ല ...വിശ്വസിക്കാന്‍ പ്രയാസം തോന്നി ..ആയിരവും രണ്ടായിരവുമൊക്കെ കുറഞ്ഞാല്‍ അറിയാതിരിക്കുമോ ?അതും ഒരാള്‍ക്ക്‌ തന്റെ പേര്‍സിലെ തുകയെ കുറിച്ച്  ഒട്ടും ബോധമില്ലാതിരിക്കുമോ ......?


ഇന്ന് ഒരു കടയില്‍ കയറി കുറെ സാധനങ്ങള്‍ വാങ്ങി പണം കൊടുക്കുമ്പോഴാണ്  അത് തികയില്ല എന്ന് മനസ്സിലാക്കിയത് ..അപ്പോള്‍ ബോധ്യമായി പലരും തന്റെ കയ്യിലുള്ള പണത്തെ കുറിച്ച് അത്രയ്ക്ക്  "പിടി" ഇല്ലാത്തവരാണ് എന്ന് ....


ഇതാവാം "കുട്ടികള്‍ " മുതലെടുക്കുന്നത് ....ജാഗ്രതൈ ....നമ്മുടെ കയ്യിലുള്ള പണത്തെ കുറിച്ച് ഒരു ബോധം നല്ലതാണ്..

അല്ലെങ്കിൽ പെട്ട് പോകും..


(കുറച്ചു വർഷങ്ങൾക്കു മുൻപ് കുറിച്ചത്)


പ്ര .മോ .ദി. സം

ലൗ എഫ് എം




മലയാള സിനിമയിൽ അവസരം കാത്തു നിൽക്കുന്ന ആയിരങ്ങൾ ഉണ്ട്.അത് അഭിനയത്തിൽ മാത്രമല്ല എല്ലാ മേഖലയിലും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുവാൻ വേണ്ടി അവസരം കാത്തു കിടക്കുന്നവർ..


അതിൽ ചിലർക്ക് നല്ല അരങ്ങേറ്റം കിട്ടും ചിലർക്ക് ഒന്നും കിട്ടില്ല ..ചിലർ കിട്ടിയത് എന്താണെന്ന് വെച്ച് അങ് തുടങ്ങും ..തുടക്കക്കാരൻ എന്ന നിലയിൽ പലതരം പ്രഷർ അനുഭവിച്ചു കൊണ്ട് കഴിവുകൾ ഉണ്ടായിട്ടും അത് പ്രകടിപ്പിക്കാൻ കഴിയാതെ മറ്റാരുടെയോ പ്രേരണയിൽ  പാതി മനസ്സിൽ ചെയ്യേണ്ടി വരുന്ന സിനിമകൾ.








ശ്രീ ദേവ് എന്ന സംവിധായകന് ഈ ചിത്രം കണ്ടാൽ നല്ല കഴിവ് ഉണ്ടെന്ന് മനസ്സിലാകും.എന്നാല് തിരഞ്ഞെടുത്ത  അല്ലെങ്കിൽ കയ്യിൽ കിട്ടിയ സിനിമയും പ്രമേയവും  ഒക്കെ "കാലഹരണ" പെട്ടതായിപോയി.


സിനിമയിലെ ഗാനങ്ങളും രംഗങ്ങളും എടുത്ത രീതി ഒക്കെ കണ്ടാൽ പണി അറിയുന്നവൻ ആണെന്ന് മനസ്സിലായി. 


സിനിമകളിൽ എല്ലാ കാലത്തും എപ്പോഴും   വിറ്റ് പോകുന്ന പ്രേമവും അതിനിടയിൽ ഉണ്ടാകുന്ന പൊല്ലാപ്പുകൾ ,പെണ്ണിൻ്റെ കുടുംബം അത് എന്ത് കൊണ്ട് എതിർക്കുന്നു എന്നതിൻ്റെ ക്ലൈമാക്സ് ഒക്കെ കുറെയേറെ പേര് പറഞ്ഞു കഴിഞ്ഞതാണ്.






ഇതൊക്കെ ആണെങ്കിലും കയ്യിൽ കിട്ടിയ "സാധനങ്ങൾ" കൊണ്ട് തരക്കേടില്ലാത്ത ഒരു വിഭവം ഉണ്ടാക്കി എന്നുപറയാം. എല്ലാ പാചകകാരും നളൻ ആവണം എന്നില്ല എങ്കിലും കഴിച്ച് നോക്കി രുചി അറിയാം എന്ന് മാത്രം


പ്ര. മോ .ദി .സം

Wednesday, October 13, 2021

ഡോക്ടർ




ഇന്ത്യയിൽ ദിനംപ്രതി നൂറുകണക്കിന് കുട്ടികളെ കാണാതെ പോകുന്നു എന്നാണ് മാധ്യമങ്ങൾ പറയുന്നത്. അതിൽ ഒരു  വിഭാഗം കുട്ടികൾ ഒളിച്ചോടുകയോ മറ്റു പലതരം പ്രശ്നങ്ങളിൽ പെട്ട് വീട്ടിൽ വരാതെ നാട് വിട്ട് നിൽക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാവുകയോ ചെയ്യുകയാണ് .എന്നാല് പെൺകുട്ടികളിൽ അധികവും തട്ടി കൊണ്ട് പോയത് കൊണ്ട് മാത്രമാണ് അപ്രത്യക്ഷമാകുന്നത് എന്നതാണ് സത്യം.



സിനിമയിലെ കണക്ക് പ്രകാരം മൂന്ന് മാസങ്ങൾ കൊണ്ടു തമിൾ നാട്ടിൽ മാത്രം നാന്നൂറ് കുട്ടികളെ കാണാതാകുന്ന കേസുകൾ വിവിധ പോലീസ് സ്റ്റേഷനിൽ ഉണ്ടു പോലും..അവയിൽ  പത്ത് കുട്ടികൾ തിരിച്ചു വന്നു എന്നത് ഒഴിച്ചാൽ ബാക്കി പേരെ കുറിച്ച് ഒരു വിവരവും ഇല്ല..പേടി പെടുത്തുന്ന ഇത്തരം കണക്കുകൾ ഉണ്ടായിട്ടും എന്ത് കൊണ്ട് അധികാരികൾ ജാഗ്രത കാണിക്കുന്നില്ല എന്നത് വേറെ വിഷയം.


തമിൾ സിനിമയിലെ നടന്മാർക്ക് ഒക്കെ ഫാൻസ് അസോസിയേഷൻ ഉണ്ട്..ഓരോന്നിലും ലക്ഷകണക്കിന് രസികരും..അത് കൊണ്ട് തന്നെ എത്ര റിസ്ക് എടുത്ത് ചിത്രം ചെയ്താലും രസികർമാർ പൈസ തിരിച്ചു കൊടുക്കും എന്ന് സിനിമ മേഖലക്ക്  നിശ്ചയം ഉണ്ടു.അത് കൊണ്ട് തന്നെയാണ് വിജയ്,രജനി പടങ്ങൾ എത്ര തല്ലിപ്പൊളി ആണെങ്കിൽ പോലും ബോക്സോഫീസിൽ അത് ബാധിക്കാത്തത്.


ഈ അടുത്ത കാലത്ത് സ്വന്തം നമ്പർ കൊണ്ട് തമിളന്മാറെ കയ്യിലെടുത്തു ഒരു കസേര വലിച്ചിട്ട് സിനിമയിൽ സ്ഥാനം ഉറപ്പിച്ച ശിവ കാർത്തികേയൻ ഈ അടുത്ത കാലത്ത് വമ്പിച്ച പരാജയം ആണെങ്കിലും രസികരെ കൊണ്ട് സിനിമ ഇടക്കിടക്ക് വരുന്നുണ്ട്.



നെൽസൺ സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നതും ഇന്ത്യയിൽ എല്ലാ ഭാഷകളിലും മിനിമം പത്ത് പ്രാവശ്യം എങ്കിലും പറഞ്ഞു തേഞ്ഞ കഥയാണ്.ഒരു പുതുമയും ഇല്ലാതെ ഇല്ലാത്ത ലോജിക് ഒക്കെ തിരുകി കയറ്റി വലിച്ചു നീട്ടി രസികൻ അല്ലാത്തവരെ കൊല്ലാ കൊല ചെയ്യും.


പ്ര.മോ .ദി. സം

Tuesday, October 12, 2021

കോൾസ്




നമ്മുടെ നാട്ടിൽ കുറെയേറെ കോൾ സെൻ്ററുകൾ ഉണ്ട്.അവയിൽ പലതിലും ലക്ഷകണക്കിന് പേര് ജോലിചെയ്തു കുടുംബം പോറ്റുന്നുണ്ട്..അവരുടെ ജോലിയുടെ നിലനിൽപ്പിനായി അവർ പലപ്പോഴും നമ്മളെ വിളിച്ചു "ബുദ്ധിമുട്ടിക്കാൻ " ശ്രമിക്കാറുണ്ട്.






സത്യത്തിൽ നമ്മൾ  ഇങേതലക്ക് ഏതു അവസ്ഥയിൽ ആണുള്ളത് എന്ന് അവർക്ക് അറിയുവാൻ പാടില്ല..ചിലപ്പോൾ ജോലിയിൽ ആയിരിക്കും ,മരണ വീട്ടിലോ മീറ്റിംഗുകൾ പങ്കെടുക്കുന്നവർ ഒക്കെ ആയിരിക്കും..ഒന്നോ രണ്ടോ തവണ കട്ട് ചെയ്താൽ പോലും വീണ്ടു നമ്മളെ വിളിക്കുമ്പോൾ മാത്രമാണ് നമ്മളിൽ പലരും അസഹ്യത പ്രകടിപ്പിക്കുന്നത്.പക്ഷേ അവർ അവരുടെ ജോലി " തുടരാൻ" വേണ്ടി നമ്മളെ വിളിച്ചു ശല്യപ്പെ ടുത്തി കൊണ്ടിരിക്കും.






അങ്ങിനെ ബോസ് ഒരു ടാർഗറ്റ് നിശ്ചയിച്ച് നന്ദ എന്ന യുവതിയെ ടെൻഷണിലേക്ക് വിടുന്നു.അവർ വിളിക്കുന്ന ഓരോരുത്തരുടെയും അന്നത്തെ  

അപ്പോളത്തെ അവസ്ഥ കാണിക്കുന്നതാണ് സിനിമ കൂടുതൽ ആകർഷണം ആകുന്നത്.


തുടക്കത്തിൽ തന്നെ കൊലപാതക ദൃശ്യത്തിൽ കൂടി കാണിക്കുന്ന സിനിമ പിന്നീട് പലപ്പോഴും പല കൊലപാതകങ്ങളും കാണിക്കുന്നത് കൊണ്ട് ക്ലൈമാക്സിൽ സംവിധായകൻ എന്തോ ഒളിപ്പിച്ചു വെച്ചിരുന്നു എന്ന് നമ്മൾ സംശയിക്കുന്നു.








കുട്ടികളോട് അടുപ്പമുള്ളവർ ചെയ്യുന്ന വൃത്തികേടുകൾ അവരുടെ വ്യക്തിത്വത്തെ എത്രമാത്രം ബാധിക്കുന്നു എന്നത് കൂടി ചിത്രം പറയുന്നുണ്ട്.അത് ആരോടും പറയുവാൻ പറ്റാത്തത് കൊണ്ടു ഉള്ളിൽ അടക്കി പിടിച്ചു ജീവിക്കേണ്ടി വരുന്ന ആയിരങ്ങൾ ചുറ്റിലും ഉണ്ട്.അവരൊക്കെ എല്ലാം അടക്കി പിടിച്ച് ജീവിക്കാതെ വിശ്വസിക്കുന്ന ആരോടെങ്കിലും എല്ലാം തുറന്നു പറഞ്ഞാല് ഒരു പരിധിവരെ നമ്മുടെ സമൂഹത്തിൽ ഇത്തരം പ്രവണതകൾ ഇല്ലാതാക്കാൻ പറ്റും.


പ്ര. മോ .ദി .സം