Sunday, July 4, 2021

കിറ്റെക്സ്

 



ഇപ്പൊൾ എല്ലാവർക്കും കിറ്റെക്സ് പൂട്ടിക്കുന്നെ പൂട്ടിക്കുന്നെ എന്ന് പറഞ്ഞു കരയുവാൻ ആണല്ലോ നേരം...കരച്ചിലിൽ  കുറെ കാര്യമുണ്ട്.. കരയേണ്ടത് അത്യാവശ്യവും തന്നെ.കാരണം ഇൗ മഹാമാരി കാലത്ത് തൊഴിലില്ലായ്മ വലിയൊരു പ്രശ്നം തന്നെയാണ്.


ഒരു മുതലാളി താൻ വിചാരിച്ച മാതിരി ബിസിനസ് നടന്നു പോകാതെ വരുമ്പോൾ ന്വായമായും അത് പൂട്ടുവാൻ അയാൾക്ക് അവകാശം ഉണ്ട്..നിയമപരമായി ചെയ്തു തീർക്കേണ്ട കാര്യങ്ങൽ ചെയ്തു തീർത്തതിനു ശേഷം എന്ന് മാത്രം.അല്ലാതെ അവിടെ ഉള്ളവരെ പെരുവഴിയിൽ ഉപേക്ഷിച്ചു പോകുവാൻ അയാൾക്ക് കഴിയില്ല എന്നു മാത്രമല്ല അനുവദിക്കുകയും ഇല്ല.


ബിസിനസ് നടത്തുവാൻ തമിൾ നാട് അയാളെ ക്ഷണിച്ചു എന്നും കേൾക്കുന്നു..ചൂഷണത്തിന് കേരളം പോലെയുള്ള നാടുകൾ ഇനി പറ്റില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട്  വ്യവസായം അവിടേക്ക് പോയിരിക്കും..


ദക്ഷിണ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കേരളത്തെ പോലെ" നിയമങ്ങൾ" കർശന മല്ലാത്തത് കൊണ്ടും ജനങ്ങൾ സംഘടിക്കാത്തത് കൊണ്ട് ട്രേഡ് യൂണിയന്റെ സാനിധ്യം അത്ര ശക്തമല്ലാത്തത്‌ കൊണ്ടും കമ്പനികളും ആസ്തികളും പച്ചപിടിക്കും..തൊഴിലാളികൾ ഉണങ്ങി പോകും എന്ന് മാത്രം.


പ്രഗൽഭനായ ഒരു നേതാവ് ഇന്നലെ പറഞ്ഞ ഒരു കാര്യം കൂടി ഇതുമായി ചേർത്ത് വായിക്കണം. അയാള് ആണെങ്കിൽ ഭരണകക്ഷി പാർട്ടികാരൻ അല്ല സഖ്യ കക്ഷിയുമല്ല എന്തിന് എതിർ ചേരിയിൽ ഉള്ളവനും ആണ്.


"വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ആരംഭിച്ചു കേരളത്തിൽ തന്നെ വളർന്നു പന്തലിച്ചു കോടിക്കണക്കിന് രൂപയുടെ ആസ്തി അതും ഇവിടുന്ന് തന്നെ  ഉണ്ടാക്കി ഇപ്പൊൾ ഒരു പ്രശ്നം വരുമ്പോൾ കേരളത്തെ മൊത്തം അടിച്ചാക്ഷെ പിക്കുന്നത് ശരിയല്ല."


ശരിയല്ലേ...അയാൾക്ക് അയാളുടെ കാര്യം പറയാം..എന്ന് വെച്ച് കേരളം മുഴുവൻ വ്യവസായം നടത്താൻ കൊള്ളില്ല എന്ന് ഇവിടെ നിന്നും കോടീശ്വരൻ ആയ ഒരു മുതലാളി പറയാൻ പാടുണ്ടോ?  



തളിപ്പറമ്പിലെ അല്ലെങ്കിൽ കൊല്ലത്തെ തുടങ്ങും മുൻപ് അധികാരികളുടെ പിടിവാശിയിൽ ഒടുങ്ങേണ്ടി വന്ന വ്യവസായ സംരംഭകർക്ക് പറയുവാൻ അവകാശം ഉണ്ടു...അവർ അതിനു അർഹരുമാണ് .


 വ്യവസായം തുടങ്ങിയ നാടിന്റെ പലതരം സോത്രസ്സുകൾ ഊറ്റി കുടിച്ചു കൊണ്ടും പ്രകൃതിയെ ചൂഷണം ചെയ്തും മനുഷ്യരെ  അടിമപ്പണി ചെയ്യിച്ചും തന്നെയാണ് കിറ്റെക്സ് വളർന്നത്..തൊഴിൽ, വികസനം, മറ്റു വരുമാനങ്ങൾ ഒക്കെ നാടിന് കിട്ടുന്നത് കൊണ്ടു അധികാരികൾ ആദ്യ കാലങ്ങളിൽ കണ്ണടച്ച് കാണും. കാലാകാലങ്ങളിൽ അത് തുടർന്നും കാണും.പക്ഷേ മുതലെടുപ്പും മറ്റും കൂടുമ്പോൾ നാട്ടുകാരും ജീവനക്കാരും പ്രകൃതിയും പ്രതികരിച്ചു എന്ന് വരും.. അപ്പോൾ സർക്കാരിന്  അല്ലെങ്കിൽ രാഷ്ട്രീയക്കാർക്ക് ഇൗ കാര്യത്തിൽ  ഇടപെടാതെ മാറി നിൽക്കുവാൻ കഴിയില്ല. ചിലപ്പോൾ കാരണങ്ങൾ കിട്ടുവാൻ ഒരു കാത്തിരിപ്പും അവർ നടത്തി യിരിക്കും.


അത്രയേ കിറ്റെക്സ് എന്ന സ്ഥാപനത്തിലും നടന്നുള്ളൂ...നാടിനെ സിങ്കപ്പൂർ ആക്കും എന്ന് പറഞ്ഞു തുടങ്ങിയ സ്ഥാപനത്തിന് എതിരെ മുൻപും പ്രദേശികരിൽ നിന്നും പല വിധത്തിലുള്ള ആക്ഷേപങ്ങളും ഉണ്ടായിട്ടുണ്ട്..അപ്പോളൊക്കെ നമ്മുടെ സർകാർ "കിറ്റ്" പരിപാടി ചെയ്തു ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടത് പോലെ അവരും "ന്വായവില" ഷോപ്പിംഗ് കോംപ്ലക്സ് ആരംഭിച്ചു കൊണ്ടും വീട് പരിസരങ്ങൾ  " മൊഞ്ച്" ചെയ്തു കൊടുത്തു കൊണ്ടും ഒരു വിഭാഗത്തെ കൂടെ നിർത്തി.


അങ്ങിനെ വിശ്വസിച്ചു കൂടെയുള്ളവരെ കൊണ്ട് രാഷ്ട്രീയപാർട്ടി ആരംഭിച്ചു..അത് നമ്മുടെ നാട്ടിലെ  മുന്നണികൾക്ക് വലിയ ക്ഷീണമായി... അരാഷ്ട്രീയതയുള്ള അവരുടെ രാഷ്ട്രീയപാർട്ടി അനുദിനം  വളർന്നു തുടങ്ങി..പഞ്ചായത്തുകൾ ഭരണം പിടിച്ചു..അത് ഒന്നിൽ നിന്നും നാല് വരെ എത്തി..ഇനിയും വളർന്നാൽ അത് രാഷ്ട്രീയത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.. അപ്പോ ആർക്കായാലും അവരെ തകർക്കാനും തളർത്തുവാനും തോന്നും.


പഞ്ചായത്ത് ഭരണം പിടിച്ചപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലും ഒരു കൈ നോക്കാം എന്നുള്ള ന്യായമായ അഹന്ത മുതലാളിയും കൂടെ കൊണ്ട് വന്നു .നിയമസഭാ തിരഞ്ഞെടുപ്പ് വരെ പലരും കാത്തു നിന്നു.പക്ഷേ സോപ്പ് കുമിള മാത്രമായിരുന്നു അതെന്ന് മനസ്സിലാക്കിയ എതിർ രാഷ്ട്രീയക്കാർ പണി തുടങ്ങി അവിടെ ഇടതും വലതും ഒന്നിച്ചു നിന്നു.


പിന്നെ അധികാരം ഉപയോഗിച്ച് രാഷ്ട്രീയക്കാർ  പലതും ചെയ്തിരിക്കാം. അതാണല്ലോ വർഷങ്ങൾ ആയി കേരളത്തിൽ നടക്കുന്നത്..പക തോന്നിയാൽ രാഷ്ട്രീയവും അധികാരവും മുന്നിൽ ഇറങ്ങും.


  ലക്ഷകണക്കിന് പേർക്ക് തൊഴിൽ കിട്ടുന്ന മൂവായിരത്തി അഞ്ഞൂറ് കോടി രൂപയുടെ കേരള പ്രോജക്ടിൽ നിന്നും പിൻമാറി സർക്കാരിനെ പ്രതിരോധത്തിൽ നിർത്തി കേരളത്തെ ലോകത്തിന് മുന്നിൽ "അപമാനിക്കാൻ" മുതലാളി മുന്നിട്ടിറങ്ങി.അതിനു പബ്ലിസിറ്റി കൂട്ടുവാൻ മാധ്യമങ്ങളിൽ അന്തി ചർച്ച പതിവാക്കി.


അത് അയാളുടെ പ്രതിരോധം.. ആരും എടുക്കുന്ന അവസാനത്തെ ആയുധം. അത് മൈൻഡ് ചെയ്യണ്ട .ചില വിട്ട് വീഴ്ച നമുക്ക് പറ്റണം...അല്ലെങ്കിൽ കേരളം എന്നും മറ്റുള്ളവരുടെ കണ്ണിൽ രാഷ്ട്രീയ കൊമാളികളുടെ നാട് മാത്രം ആയി പോകും.

അത് കൊണ്ട്  സർകാർ കുറച്ചു വിട്ടുവീഴ്ചകൾ ചെയ്തു ആ പ്രോജക്ട് ഇവിടെ തന്നെ ഉണ്ടാക്കുവാൻ വേണ്ടി മുൻകൈ എടുക്കണം.ലോകത്തിന് മുന്നിൽ കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെ എന്ന് തെളിയിക്കണം. 


അതിലും മുൻപ് സർകാർ ചെയ്യേണ്ട ഒരു കാര്യം സൈബർ സഖാക്കളേ നിയന്ത്രിക്കുക എന്നതാണ് അവരാണ് ഇപ്പൊൾ ഇൗ വിഷയം ആളി കത്തിക്കുന്നത്..അവരുടെ പ്രവർത്തികൾ ആണ് ലോകത്തിന് മുന്നിൽ കേരളത്തെ അടച്ചാക്ഷേ പിക്കുന്നതും..


പ്ര .മോ .ദി .സം

No comments:

Post a Comment