Friday, March 28, 2025

അൻപോട് കൺമണി

 

കല്യാണം കഴിഞ്ഞ് കുറച്ചു നാളുകൾ കഴിഞ്ഞാൽ പലരുടെയും ചോദ്യം ഉണ്ട് ."വിശേഷം ഒന്നുമായില്ലേ?" ആദ്യം കുടുംബത്തിൽ നിന്നും തുടങ്ങുന്ന ഈ ചോദ്യം പിന്നീട് പടർന്നു നാട്ടികാരിലേക്കു എത്തും...




ആദ്യമാദ്യം വ്യക്തമായ ഉത്തരങ്ങൾ നൽകിയവർ പിന്നീട് ഈ ചോദ്യത്തെ വെറുക്കാൻ തുടങ്ങും ഉത്തരങ്ങള് വ്യക്തത ഇല്ലാത്ത വരും.. അപ്പൊ ആളുകൾ തങ്ങൾക്കു ആവുന്ന വിധത്തിൽ കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കും.





ചെക്കനാണ് കുഴപ്പം എന്ന് പെണ്ണ് സൈഡ് കുറ്റം പറയുമ്പോൾ അപ്പുറത്ത് നേരെ തിരിച്ചും...അങ്ങിനെ ചോദ്യങ്ങൾക്ക് നടുവിൽ അസ്വസ്ഥതയോടെ ജീവിക്കേണ്ടി വരുന്ന കുറെയേറെ ജന്മങ്ങൾ ഉണ്ട് .അവരുടെ കഥയാണ് ഇത്.





തലശ്ശേരിയിൽ ഷൂട്ട് ചെയ്ത ചിത്രം ആ നാട്ടിലെ ഭാഷ തന്നെയാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്നത്..മലബാർ വിട്ടാൽ പല വാക്കുകളും കൃത്യമായ അർഥം മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവാതിരിക്കാൻ സാദ്ധ്യത ഉണ്ട്..മുൻപ് വടക്കൻ സെൽഫിയിൽ ഇത് പോലെ ഉപയോഗിച്ചത് സ്വീകരിക്കപ്പെട്ടത് കൊണ്ടായിരിക്കും ഇതിലും തുടർന്നത്.





അർജുൻ അശോകൻ,അനഘ,മാല പാർവതി,നവാസ് വള്ളിക്കുന്ന്,അൽതാഫ്,ജോണി ആൻ്റണി എന്നിവർ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ലിജോ തോമസ് ആണ്.സാമുവേൽ അബി സംഗീതം നിർവഹിച്ച നല്ല ഗാനങ്ങൾ ചിത്രത്തിന് നല്ല ഫീലിംഗ് നൽകുന്നുണ്ട്.


പ്ര.മോ.ദി.സം


Thursday, March 27, 2025

എമ്പുരാൻ

 

*സിനിമയെ സിനിമയായി മാത്രം കണ്ട് ആസ്വദിക്കുവാൻ പറ്റുന്നവർക്ക് ഈ സിനിമ ആസ്വദിക്കുവാൻ പറ്റും.കേരള സ്റ്റോറി,ഛാവ,എന്നീ സിനിമകൾ "ഞമ്മക്കു"  എതിരാണ് എന്നും വാരിയങ്കുന്നൻ വന്നാൽ മലയിടിഞ്ഞു പോകും എന്നൊക്കെ വിശ്വസിക്കുന്ന മതങ്ങളുടെ പേരിൽ മുതലെടുപ്പ് നടത്തുന്ന സംഘികളും ജിഹാദികളും തിയറ്ററിൻ്റെ പരിസരത്ത് പോലും പോകരുത്.



*അങ്ങനെയുള്ള ചിലർ നമ്മുടെ ഇടയിൽ ഉണ്ടായത് കൊണ്ടാണ് ശനിയാഴ്ച കാണുവാൻ പ്ലാൻ ചെയ്ത സിനിമ ഇന്ന് കാണുവാൻ പറ്റിയത്. അവരൊക്കെ സിനിമ കാണാതെ ബഹിഷ്കരിക്കുക ആണ് പോലും..


* സിനിമക്ക് വ്യക്തമായ ടാർഗറ്റ് ഉണ്ട്...അത് കൊണ്ട് തന്നെ നമ്മുടെ നാട്ടിലെ വലിയൊരു കലാപം എങ്ങിനെ ഉണ്ടായി എന്നത് മറച്ചു വെച്ച്  അതിനു ശേഷം ഉണ്ടായ കലാപത്തിൻ്റെ "ഇരകളെ" കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. വാരിയൻകുന്നൻ ചെയ്യാൻ പറ്റാത്തതിൻ്റെ വിഷമം പൃഥ്വീരാജ് ഇതിലൂടെ തീർക്കുവാൻ ഒരു ശ്രമം നടത്തുന്നുണ്ട് എന്ന് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.





*രാഷ്ട്രീയത്തിൽ അടിമപെട്ടുപോയവർ ഈ സിനിമ ഒരിക്കലും  കാണരുത്.ഒരു രാഷ്ട്രീയ പാർട്ടിക്ക് മാത്രമല്ല ,കേരളം മതേതരം എന്ന് പറഞ്ഞു വർഷങ്ങളായി നമ്മളെ കബളിപ്പിക്കുന്നവർക്കും,അപ്പൻ ആനപ്പുറത്തിരുന്നതിൻ്റെ തഴമ്പ് കാണിച്ച് രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനത്ത് കേറി മറ്റുള്ളവരെ ഭരിക്കുന്നവർക്കും ഈ സിനിമ പിടിക്കില്ല.


*അധികാരം കിട്ടാതെ വരുമ്പോൾ ഈഡി യെയും സി ബി ഐ യെ കൊണ്ടും ഭീഷണിപ്പെടുത്തി തങ്ങൾക്ക് അനുകൂലമാക്കുന്ന കേന്ദ്ര രാഷ്ട്രീയ കളികൾ ശക്തമായി വിമർശിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ ഇതിൽ ടാർഗറ്റ് ചെയ്തവരെ ഊഹിക്കാൻ പ്രയാസമില്ല.




*എബ്രഹാം ഖുറേഷിക്ക് ഒരു "എടുപ്പ്" ഇല്ല.. പണ്ട് ഗൾഫുകാർ ഓട്ടോ പിടിച്ചു പോകുന്നത് പോലെയാണ് ഇടക്കിടക്ക് ഹെലികോപ്ടറിൽ താങ്ങാൻ പറ്റാത്ത കനമുള്ള കോട്ടും സൂട്ടും ഇട്ടു വരുന്നത്..അതൊക്കെ അഴിച്ച് മുണ്ടും മടക്കി കുത്തി സ്റ്റീഫൻ നേടുമ്പള്ളി ആയി വരുമ്പോൾ ഒരു ഗുമ്മുണ്ട് .ഭയങ്കരമായ ഒരു"എനർജി" ഫീൽ ചെയ്യുന്നുമുണ്ട്. 


*ലാലേട്ടൻ്റെ കട്ട ആരാധകർക്ക് ഈ സിനിമ നിരാശ നൽകും..ലാലേട്ടനെ ഒതുക്കി കളഞ്ഞത് പോലെ തോന്നിയാൽ അൽഭുതപെടാനില്ല..കഥയും തിരക്കഥയും ഒരുക്കിയ മുരളി ഗോപിയെ ഒതുക്കി സ്ക്രിപ്റ്റ്  പൊളിച്ചെഴുതിയിട്ടുണ്ട്.. പിന്നെയാ...വെറുതെയല്ല മമ്മൂക്കയ്ക്ക് ശബരിമലയിൽ വഴിപാട് നേർന്നത്.


*ലൂസിഫർ മൂഡിൽ ഒരിക്കലും ഈ ചിത്രം കാണുവാൻ പോകരുത്..ലൂസിഫർ അത്... ലൂസിഫർ ആണ് ..കേരളത്തിൻ്റെ ഇട്ടാ വട്ടത്തിൽ ഉള്ള കളികൾ..

ഇത് പാൻ ഇന്ത്യൻ എമ്പുരാൻ ..പാൻ ഇന്ത്യ എന്നൊക്കെ പറഞാൽ ഹിന്ദിയും ഇംഗ്ലീഷും ഒക്കെ കുറെ പറയുന്നതാണ് ,കുറെ വിദേശ താരങ്ങൾ, അന്യസംസ്ഥാന താരങ്ങൾ അഭിനയിക്കുന്നതാണ് എന്നൊരു വിശ്വാസം സംവിധായകന് ഉണ്ടെന്ന് തോന്നുന്നു.



*ഹിന്ദിയും ഇംഗ്ലീഷും മാത്രമല്ല കുറെ ഹോളിവുഡ്,കൊറിയൻ സിനിമകൾ കണ്ട അനുഭവം ഇതിൽ ഉൾപ്പെടുത്താൻ സംവിധായകൻ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്..അത് കൊണ്ട് തന്നെ ചില സീനുകൾ ഒക്കെ അടാർ ഐറ്റം ആക്കി മാറ്റിയിട്ടുണ്ട്..


*ഇടക്കിടക്ക് ഉണ്ടാകുന്ന ലാഗ് കൂടി ആകുമ്പോൾ തമ്പുരാനെ എന്നൊക്കെ നമ്മളും സംവിധായകൻ്റെ അമ്മ വിളിച്ചത് പോലെ വിളിച്ചു പോകുന്നുണ്ട്..തള്ളി തളളി മറിക്കുന്ന സിനിമകൾ കാണാൻ പോകരുത് എന്നു എന്നെ അറിയുന്ന ആളുകൾ പണ്ടേ പറഞ്ഞിട്ടുണ്ട് ..പക്ഷേ കേട്ടില്ല അതുകൊണ്ട് എന്താ കൂടുതൽ തള്ളി മറിച്ച വില്ലൻ ആരാണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല.. ആ മുഖം സിനിമകളിൽ കണ്ട ഓർമ പോലും ഇല്ല...ഇംഗ്ലീഷും കൊറിയൻ ഒക്കെ കാണാത്തത് കൊണ്ടായിരിക്കും.എന്തായാലും L3 ഇറങ്ങുന്നതിനു മുൻപ് കണ്ടേക്കാം 


പ്ര.മോ.ദി.സം

Tuesday, March 25, 2025

ബൈരതി രണഗൽ

 

തൻ്റെ നാട്ടിലെ ജനങ്ങൾ കുടിവെള്ളത്തിന് വേണ്ടി അലയുമ്പോൾ ഭരണാധികാരികൾ അത്  കാണാതെ പോകുമ്പോൾ രണഗൽ എന്ന കുട്ടി തൻ്റെ അച്ഛൻ പലപ്രാവശ്യം പരാതി കൊടുത്തീട്ടും നടപടി എടുക്കാത്ത ഓഫീസ് ബോംബിട്ടു ആറ് പേരെ കൊല്ലുന്നു.


അസാധാരണ കേസിൽ ഇരുപത്തിയൊന്ന് വർഷത്തെ ജയിൽവാസത്തിന് ശേഷം തൻ്റെ ഗ്രാമം റൊണപുറയിൽ എത്തുന്ന അദ്ദേഹം ജയിലിൽ നിന്നും പഠിച്ചു പാസായ. അഭിഭാഷകവൃത്തി ചെയ്യുന്നു.


നാട്ടുകാരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് ഒരു സ്റ്റീൽ കമപ്‌നിയിലെ യൂണിയൻ പ്രശ്നവുമായി ഇടപെടേണ്ടി വരുമ്പോൾ കമ്പനി മുതലാളിയായി കോർക്കുന്നു.


തന്നെ എതിർത്തവരെ ഒക്കെ കൊന്നു തള്ളിയ മുതലാളിയുടെ അതെ പാതയിലൂടെ മുതലാളിക്ക് എതിരെ പട നയിക്കുന്ന അദ്ദേഹത്തിന് കുടുംബത്തിലെ പലതും നഷ്ടപ്പെട്ടു എങ്കിലും ജനങ്ങൾക്ക് ഒപ്പം നിന്ന് പോരാടുന്നു.

വിജയ് ,ബാലയ്യ ചിത്രങ്ങള്  പോലെ നടക്കില്ല എന്നുറപ്പുള്ള കുറെ സംഭവങ്ങൾ ചിത്രത്തിൽ ഉണ്ടെങ്കിലും ഒരു മാസ് എൻ്റർടെയിനർ ആയി രവി ബസൂരയുടെ സംഗീതത്തിൻ്റെ അകമ്പടിയിൽ  ആസ്വദിക്കാം.


ശിവരാജ് കുമാർ നായകനായ ഈ കന്നഡ മൊഴിമാറ്റ സിനിമ മഫ്തി എന്ന ചിത്രത്തിൻ്റെ സിക്വൻസ് ആയി വരുന്നത് കൊണ്ട് തന്നെ അടുത്ത ഭാഗവും ഉണ്ടാകും എന്ന സൂചനയൊടെയാണ് അവസാനിക്കുന്നത്.


പ്ര.മോ.ദി.സം



Monday, March 24, 2025

ബോട്ടിൽ രാധ

 

നമ്മുടെ സർക്കാരുകൾ അത് ഇവിടെ ആയിക്കൊള്ളട്ടെ അല്ലെങ്കിൽ തമിഴ്നാട് കർണാടക പോലുള്ള അന്യ സംസ്ഥാനങ്ങളിൽ ആയിക്കൊള്ളട്ടെ ലഹരിക്ക് എതിരെ വലിയ വായിൽ വർത്തമാനം പറഞ്ഞു ലഹരിക്ക് എതിരെയാണ് സര്ക്കാര് നിലനിൽക്കുന്നത് എന്നൊക്കെ പറഞ്ഞു  ബാറുകളും മദ്യം വിൽക്കുന്ന കടകളും ധാരാളം തുറന്നിടും..



മറ്റു വരുമാന മാർഗത്തിനെ സർകാർ  അധികം ആശ്രയിക്കുന്നതിനെക്കാൾ മദ്യത്തിന് ആവശ്യക്കാർ കൂടുതൽ ഉള്ളത് കൊണ്ട് അധികം മിനക്കെടാതെ ഖജനാവിലേക്ക് കോടികൾ എത്തും എന്നുള്ളത് കൊണ്ട് തന്നെ  സർക്കർകൾക്കും ഇതുതന്നെയാണ് ഇഷ്ട്ടം.



ഒരു സമൂഹത്തെ ഒന്നടങ്കം ലഹരിക്ക് അടിമയാക്കിയാൽ ആ നാട് നശിക്കും എന്ന് മുൻപ് ആരോ പറഞ്ഞിട്ടുണ്ട് എങ്കിലും അതൊന്നും ആരും വകവെച്ചു കൊടുക്കില്ല. എന്നിട്ട് നമ്മുടെ നാട് നശിചില്ലല്ലോ എന്ന് മറുചോദ്യം ചോദിക്കും...നമ്മുടെ നാട്ടിലെ ആശുപത്രികളിൽ അന്വേഷിച്ചാൽ അറിയും മദ്യപാനത്തിൻ്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന സമൂഹത്തിൻ്റെ ഇന്നുകൾ.



നമ്മുടെ കേരളത്തിൽ തന്നെ കുറെയേറെ കുടുംബങ്ങൾ മദ്യപാനം മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്നു എങ്കിലും ഞാൻ നന്നാവണം എന്ന് സ്വയം തോന്നാതെ ഒരാൾക്കും കുടി നിർത്തുവാൻ കഴിയില്ല എന്നതാണ് സത്യം.




വെള്ളം എന്ന ജയസൂര്യയുടെ ചിത്രം മദ്യപാനത്തിൻ്റെ ഭീകരത വെളിവാക്കുന്ന ചിത്രമായിരുന്നു. ആ സിനിമ കണ്ട് പലരും കൂടി നിർത്തിയതായി വെളിപ്പെടുത്തിയിട്ടുണ്ട്..അതെ റൂട്ടിൽ പോകുന്ന ഈ ചിത്രവും പറയുന്നത് കുടി കൊണ്ട് വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്ന പ്രശനങ്ങൾ തന്നെയാണ്.


വെള്ളം എന്ന ചിത്രം കണ്ട് നമ്മളിൽ ഓരോരുത്തരിലും ഉണ്ടായ നോവുകൾ ഈ ചിത്രം കണ്ടാൽ നമുക്ക്  ഉണ്ടാവില്ല കാരണം വെള്ളം അത്രക്ക് ഭീകരമായി മദ്യത്തിൻ്റെ പ്രശ്നങ്ങൾ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. അത് കൊണ്ട് വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്ന പ്രശ്നങ്ങൾ നല്ല രീതിയിൽ വരച്ചു കാട്ടിയിട്ടുണ്ട്.




പാ രഞ്ജിത്ത് നിർമാണ പങ്കാളി ആകുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം,അഞ്ജന എന്നിവരാണ് മുഖ്യവേഷത്തിൽ 


പ്ര.മോ.ദി.സം