Thursday, June 16, 2022

ദി പ്രൊപ്പോസൽ

 



ആരാണ് അഭിനയിക്കുന്നത് എന്നറിയില്ല ,ആരാണ് ചിത്രം അണിയിച്ച് ഒരുക്കിയത് എന്ന് വലിയ നിശ്ചയം ഇല്ല..ടൈറ്റിൽ കാർഡിൽ കൂടി മാത്രം അവരെ മനസ്സിലാക്കുന്നു. ലക്ഷണങ്ങൾ വെച്ച്  ഓസ്ട്രേലിയയിൽ ജീവിക്കുന്ന ഒരു കൂട്ടം ആൾകാർ ഒത്തുചേർന്നു ഉണ്ടാക്കിയത് ആയിരിക്കും എന്ന് മനസ്സിലാക്കാം.





നാട്ടിൽ നിന്ന് ഉള്ള പൈസ ഒക്കെ സംഘടിപ്പിച്ചു സ്റ്റുഡൻ്റ് വിസയിൽ ആസ്ട്രേലിയയിൽ എത്തി അവിടുത്തെ സബന്നതയിൽ ജീവിക്കുവാൻ പറ്റുന്നുണ്ട് എങ്കിലും ഒരിക്കലും പെർമനന്റ് വിസ കിട്ടില്ല എന്ന് ഉറപ്പായപ്പോൾ അവിടെ പൗരത്വം ഉള്ളവളെ കല്യാണം കഴിച്ചാൽ അവിടെ ജീവിതാവസാനം വരെ കഴിച്ചു കൂട്ടാൻ  പറ്റും എന്നുള്ള അറിവ് വെച്ച് അതിനു ശ്രമിക്കുനവൻ്റെ കഥയാണ്  പുതുമുഖ അണിയറക്കാർ പറയുന്നത്.




നല്ല രസത്തിൽ ചിത്രം പോകുന്നുണ്ട് എങ്കിലും രണ്ടെ മുക്കാലോളം മണിക്കൂർ ഉള്ള ചിത്രം ഒറ്റ ഇരുപ്പിൽ കാണുവാൻ നന്നേ ബുദ്ധിമുട്ടുണ്ട്.വലിച്ച് നീട്ടിയ സീനുകളിൽ എഡിറ്റർ കത്രിക ഉപയോഗിച്ചിരുന്നു എങ്കിൽ ചിത്രം ഹൃദ്ധ്യമായെനെ.ഷൂട്ട് ചെയ്തത് മുഴുവൻ കാണിക്കണം എന്ന നിർബന്ധബുദ്ധി കളഞ്ഞു കുളിച്ചത് ആസ്വദിക്കാൻ പറ്റുമായിരുന്നു നല്ലൊരു ചിത്രത്തെ ആണ്..





നായകൻ്റെ കൂട്ടുകാരൻ ആയി വരുന്ന ആൾക്ക്  അഭിനയത്തിലും സംഭാഷണത്തിലും നമ്മെ നന്നേ രസിപ്പിക്കാൻ കഴിയുന്നുണ്ട്..നായകന് സൗണ്ട് അടിപൊളി ആണെങ്കിലും അഭിനയത്തിൽ പലപ്പോഴും പതറി പോകുന്നുണ്ട്..നായികയുടെ ചിരി ഒഴിച്ചാൽ അതും അഭിനയത്തിൽ കുറച്ചു കൂടി സമർപ്പണം ചെയ്യണം. കുറച്ചു പേര് കൂടി ഉണ്ടെങ്കിലും വെറുതെ നടക്കുന്നതും വാതോരാതെ പറയുന്നതും മാത്രമല്ല  സിനിമക്ക് വേണ്ടത് എന്ന് മനസ്സിലാക്കി  ഭാവങ്ങൾ കൂടി വരും വിധം ഇനിയുള്ള അവസരങ്ങളിൽ ശ്രമിക്കണം




എന്തായാലും നവാഗതരുടെ സൃഷ്ട്ടി എന്ന നിലയിൽ നമുക്ക് ന്യൂനതകൾ ഒക്കെ മറന്ന് ഒരു പരിധിവരെ  കണ്ടു പ്രോത്സാഹിപ്പിക്കാൻ പറ്റും.


പ്ര .മോ. ദി .സം

Tuesday, June 14, 2022

ഭൂൽ ഭുലയ്യ 2

 



നമ്മുടെ കേരളത്തെ ആകെ അതിശയിപ്പിച്ചു രസിപ്പിച്ചു ഹിറ്റായ ഫാസിലിൻ്റെ  ക്ലാസിക് മണിചിത്രത്താഴു ഓരോരോ ദേശക്കാർ അവർക്ക് ഇണങ്ങുന്ന വിധത്തിൽ മാറ്റി മറിച്ചു പലരൂപത്തിൽ ഹിറ്റ് ആക്കിയിട്ടുണ്ട്..അതൊന്നും നമ്മുടെ ഒറിജിനൽ പ്രോഡക്റ്റ്ന് അടുത്ത് കൂടി വരില്ല എങ്കിൽ പോലും സിനിമ എന്ന ഒരു കലാരൂപത്തിൻ്റെ വിട്ടുവീഴ്ചകൾ അവർക്ക്   അതിൽ അനിവാര്യം ആയിരുന്നു.



ഹിന്ദിയിൽ ഭൂല് ബുലയ്യ എന്ന ചിത്രവും അതേ പോലെ അവരുടെ അഭിരുചി അനുസരിച്ച് ഹിറ്റ് ആക്കിയ ചിത്രം ആണ്.അതിൻ്റെ തുടർച്ച അല്ലെങ്കിൽ കൂടി അതേ പേരിനൊപ്പം 2 എന്ന് ചേർത്തത് കൊണ്ട് കൺഫ്യൂഷൻ അടിച്ചു പോകും.. ആ ചിത്രവുമായി ഒരു ബന്ധവും ഇല്ല



പ്രേതബാധ കൊണ്ട് വളരെ കാലമായി പൂട്ടിയിട്ട ബംഗ്ലാവിൽ  ബസ്സ് ആക്സിഡൻ്റ് മൂലം "മരിച്ചു' പോയ അവിടുത്തെ പേരകുട്ടിയുടെ അവസാന ആഗ്രഹം എന്ന പേരിൽ വീണ്ടും അതെ  കുടുംബം വന്നു താമസിക്കുന്നതും അവർക്ക് പ്രേതത്തിൻ്റെ പല വിധത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകുന്നതും അതിനിടയിൽ പുതിയ കുറെ സത്യങ്ങൾ വെളിപ്പെടുന്നത് ഒക്കെയാണ് ചിത്രം പറയുന്നത്.



ഗ്രാഫിക് സീനുകൾ കൊണ്ട് നമ്മെ പേടിപ്പിക്കാൻ അകമഴിഞ്ഞ് ശ്രമിക്കുന്നു എങ്കിലും ലോറൻസിൻ്റെ തമിൾ സിനിമ ഒക്കെ കാണുന്ന നമ്മൾക്ക് ഇവിടെ ഒന്നും അനുഭവപ്പെടില്ല


പിന്നെ ഒരു എൻ്റർടൈന്മെൻ്റ് നമുക്ക് വേണ്ടി ഒരുക്കിയത് അല്ലെ എന്ന വിചാരത്തിൽ അധികം ലോജിക് ഒന്നും കണ്ടു പിടിക്കാൻ ശ്രമിക്കാതെ ഇരുന്നാൽ ചിത്രം ആസ്വദിക്കാം.


പ്ര .മോ. ദി .സം

Sunday, June 12, 2022

ഡിയർ ഫ്രണ്ട്

 



ചിത്രത്തിൻ്റെ അവസാനം നായകൻ  കൂട്ടുകാരോട് ചോദിക്കുന്നുണ്ട്.."നിങ്ങളെ ഞാൻ ചതിച്ചോ? പണം കടം വാങ്ങി യിട്ടുണ്ടോ?"..ഇല്ലല്ലോ ...ഇനി ഇവിടെ നിൽക്കണ്ട..എന്നാ പിന്നെ വിട്ടോ?

ശരിക്കും അത് പറയുന്നത് നമ്മളോട് ആണ്..പൈസ വാങ്ങി ടിക്കറ്റ് എടുത്ത് അവസാനം ചതിച്ച മാതിരി അന്തം കുന്തം ഇല്ലാത്ത ക്ലൈമാക്സ് ഉണ്ടാക്കി  3G ആക്കിയിട്ടു അവൻ്റെ ഒരു വിട്ടോ എന്ന്...




വിനീത് കുമാർ എന്ന നടൻ നടനെന്ന നിലയിൽ  പല കാരണങ്ങൾ കൊണ്ട് വലിയ ഉയരങ്ങളിൽ എത്താൻ കഴിഞ്ഞില്ല.. അയാൾ ഞാനല്ല എന്ന ഫഹദ്



ഫാസിൽ   ചിത്രം സംവിധാനം ചെയ്ത് ആ മേഖലയിൽ എങ്കിലും  ഭാവി ഉണ്ടെന്ന് തെളിയിച്ച നടനാണ്.. പക്ഷേ എന്ത് കൊണ്ടോ പിന്നെ ക്യാമറക്കു പിന്നിൽ കണ്ടില്ല.വർഷങ്ങൾക്കു ഇപ്പുറം ഡിയർ ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി കളഞ്ഞു കുളിച്ചതും നടനെന്ന നിലയിൽ ഫോളോ ചെയ്യാൻ പറ്റാത്ത അതേ കാരണങ്ങൾ കൊണ്ടുതന്നെയാണ് 





ടോവിനോ എന്ന മിനിമം ഗ്യാരണ്ടി യുള്ള നടനെ കിട്ടിയിട്ടും അദ്ദേഹം തൻ്റെ അനായാസ അഭിനയ ശൈലി കൊണ്ട് പടത്തെ കഴിയുന്നത്ര രസകരമായി മുന്നോട്ടെക്ക് കൊണ്ട് പോയിട്ടും കാമ്പില്ലാത്ത അവസാനം ചിത്രത്തെ മൊത്തം പടുകുഴിയിൽ കൊണ്ടിടുകയാണ്.


 പല സന്ദർഭങ്ങളിൽ പരിചയപ്പെട്ട സുഹൃത്തുക്കൾ ബാംഗ്ലൂരിൽ  തുടങ്ങുന്ന സ്റ്റാർട്ട് അപ്പ് കമ്പനിക്ക് വലിയ ഓർഡർ കിട്ടി കുറച്ചു ദിവസങ്ങൾക്ക് അപ്പുറം അതിൽ ഒരുവനെ കാണാതെ പോകുന്നു .അയാളെയും അന്വേഷിച്ചു പോലീസ് എത്തുന്നതും അയാള് എന്തിന് അപ്രത്യക്ഷമായി എന്ന കൂട്ടുകാരുടെ അന്വേഷണവും ആണ് ഡിയർ ഫ്രണ്ട് പറയുന്നതും..


നല്ല രീതിയിൽ രസകരമായി തുടങ്ങിയ ചിത്രം പകുതി കഴിഞ്ഞു കൈവിട്ടു പോകുകയാണ്..പിന്നെ എങ്ങിനെ എങ്കിലും തീർക്കുവാനുള്ള പരാക്രമങ്ങൾ രസം കൊല്ലി ആയി മാറുന്നു.നല്ലൊരു എണ്ടിങ് പ്രതീക്ഷിക്കുന്ന കാണികളെ വല്ലാതെ പരീക്ഷിച്ചു ചിത്രം അവസാനിപ്പിക്കുമ്പോൾ നായകൻ്റെ മേലെ പറഞ്ഞ ഡയലോഗ് ആയിരിക്കും ഓരോ പ്രേക്ഷകനും കേൾക്കുക..


ഇനി ഇവിടെ നിൽക്കണ്ട...എന്നാ പിന്നെ വിട്ടോ...


പ്ര .മോ .ദി .സം

777 ചാർളി




ജീവിതത്തിൽ പല കാരണങ്ങൾ കൊണ്ട് ഒറ്റപ്പെട്ടു പോകുന്നവ രുണ്ട്. ജനിച്ചത് മുതൽ ,പാതി വഴിയിൽ,അങ്ങിനെ പല സന്ദർഭങ്ങളിൽ...അത് അവരുടെ സ്വഭാവത്തെ തന്നെ നല്ലവണ്ണം ബാധിക്കും.ചിലർ വെറും മുരടൻമാർ ആയി സമൂഹത്തോട് ബന്ധം ഒന്നും ഇല്ലാതെ ഒറ്റയാനായി തുടരും.അത് മനുഷ്യൻ ആയാലും മൃഗം ആയാലും..





അങ്ങനെയുള്ള ധർമ്മ ആ കോളനിയിലെ ആരുമായും സൗഹൃദം ഇല്ലാതെ ജീവിക്കുന്നു.വീട്, ജോലി,ഇഡ്ഡലി കട,സിഗരറ്റ്, ബീർ ഇതിനെ മാത്രം സ്നേഹിക്കുന്ന ധർമയുടെ ഇടയിലേക്ക് ഒരു പട്ടി കടന്നു വരുന്നതും അവൻ്റെ ജീവിതം മുഴുവൻ മാറ്റി മറിക്കുന്നതുമാണ് കൃഷ്ണരാജ് സംവിധാനം ചെയ്ത് രക്ഷിദ് ഷെട്ടി നായകനും നിർമാതാവും ആയ സിനിമയിൽ കാണിക്കുന്നത്.





നമുക്ക് വേണ്ടപ്പെട്ട ആരെങ്കിലും അത്യാഹിതത്ത്തിൽ പെട്ടുപോയാൽ നമ്മൾ അവർക്ക് വേണ്ടി പരക്കം പായും...അവരുടെ ജീവന് വേണ്ടി അവരുടെ സന്തോഷത്തിന് വേണ്ടി പ്രവർത്തിക്കും..പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ അവരുടെ ആഗ്രഹങ്ങൾ മനസ്സിലാക്കി അവർക്ക് അവസാനമായി അതെങ്കിലും നൽകുവാൻ നമ്മൾ എന്ത് വില കൊടുത്തും ഇറങ്ങി തിരിക്കും.നമ്മുടെ മനസ്സിൽ അവരുടെ സന്തോഷം മാത്രം ആയിരിക്കും ലക്ഷ്യം.




മനുഷ്യൻ്റെയും പട്ടിയുടെയും ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം ചില സമയങ്ങളിൽ എങ്കിലും നമ്മൾ ഉപദ്രവിച്ചു വിട്ട മൃഗങ്ങളുടെ ദയനീയ മുഖം ഓർമയിൽ എത്തിക്കും.അതും ഒരു ജീവൻ ആണെന്ന് മനസ്സിലാക്കാതെ നമ്മൾ ചെയ്തു പോയ പാപങ്ങൾ ഓർത്തു നമ്മുടെ മനസ്സ് വിങ്ങും,നമ്മൾ അറിയാതെ എങ്കിലും  കണ്ണുനീർ പുറത്ത് ചാടിയേക്കും


പ്ര .മോ. ദി .സം

Saturday, June 11, 2022

ഇന്നലെ വരെ..

 



ജിസ് ജോയ് സിനിമയുടെ ഒരു ഒരു പ്രത്യേകത എന്താണ് എന്ന് വെച്ചാൽ  കാണാൻ കൊള്ളാവുന്ന സിനിമ ആയിരിക്കും നല്ല പാട്ടുകൾ ഉണ്ടായിരിക്കും ആസിഫ് അലിയും കാണും..ഈ ചിത്രത്തിൽ ആദ്യത്തേതും അവസാനത്തെതും ഉണ്ടെങ്കിലും പാട്ടുകൾ ഇല്ല..







ആദ്യാവസാനം നെഗറ്റീവ് ആയ ഒരു കഥാപാത്രത്തെ അതിൻ്റെ ഗൗരവം അറിഞ്ഞ് കൊണ്ട് ആസിഫ് അലി അവതരിപ്പിച്ചു എന്നത് തന്നെ പ്രത്യേകതയാണ്.ഇപ്പോഴത്തെ യുവ നടന്മാർ വലിയൊരു മാറ്റം തന്നെ ആഗ്രഹിക്കുന്നുണ്ട് എന്ന് സിനിമ കാണുമ്പോൾ മനസ്സിലാകും.അത് ഒരു ശുഭ സൂചന തന്നെയാണ് നമ്മുടെ സിനിമകൾക്ക്...






സെലിബ്രിറ്റി ലോകത്ത് ഏതു നിമിഷവും പൊട്ടി പോകുന്ന കുമിള ആണെങ്കിൽ പോലും തൻ്റെ ഉള്ളിലുള്ള ഈഗോയും വാശിയും കൊണ്ട് ജീവിക്കുന്ന സൂപ്പർ സ്റ്റാർ അറിയാതെ  ചിലർ കരുതി കൂട്ടി ഒരുക്കിയ  കുരുക്കിൽ പെട്ട് ഉഴലുന്നതും അത് അയാളുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്നതും ആണ് ജിസ് ജോയ് പറയുന്നത്.







കഥയിൽ വലിയ പുതുമ ഒന്നും ഇല്ലെങ്കിലും വേറിട്ട രീതിയിൽ അത് പറയുമ്പോൾ ഒരു ഫ്രഷ്നസ് അനുഭവപ്പെടുന്നുണ്ട്.ക്ലൈമാക്സ് രംഗങ്ങൾ മുൻപ് കണ്ട ഒരു അന്യഭാഷാ സിനിമയെ ഓർമി പ്പിക്കുന്നുമൂണ്ട്.




ആസിഫ് ഗംഭീര പ്രകടനം കാഴ്ചവെച്ചു എങ്കിലും ആൻ്റണിയും നിമിഷയും ഒപ്പം എത്തുവാൻ നന്നേ പാട് പെടുന്നുണ്ട്.ആൻ്റണിയുടെ കാസ്റ്റിംഗ് പോലും വേണ്ടായിരുന്നു എന്ന് ചിലപ്പോൾ ഒക്കെ വിളിച്ചു പറയുന്നുണ്ട്.





രണ്ട് മണിക്കൂറിൽ കൂടുതൽ ഉള്ള ചിത്രം ഓരോ നിമിഷവും ആകാംഷ പ്രേക്ഷകരിൽ നിറക്കുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്..


പ്ര .മോ .ദി. സം