Sunday, November 21, 2021

മീനാക്ഷി സുന്ദരേശ്വർ

 



തമിൾ പാശ്ചാത്തലം ഉള്ള ഹിന്ദി സിനിമ ആണെന്നാണ് അണിയറ ശില്പികളുടെ പേരുകൾ കാണുമ്പോൾ തോന്നിയത്.(ശരിക്കും ഹിന്ദി തന്നെയാ) എങ്കിലും ഡബ്ബിംഗ് തമിഴിൽ ഉള്ളത് കൊണ്ട് നന്നായി ആസ്വദിച്ചു.ചില ഗാനങ്ങൾ ഹിന്ദിയിൽ മാത്രമാണ് കാണാൻ പറ്റിയത്..



തെലുങ്ക് സിനിമ മലയാളത്തിൽ ഡബ്ബ് ചെയ്യുമ്പോൾ പാട്ടുകളിൽ ഉപയോഗിക്കുന്ന അക്ഷര വൃത്തികേടുകൾ നമ്മൾ  കുറെ സഹിച്ചത് അണിയറക്കാർ അറിഞ്ഞിരിക്കാൻ ആണ് സാധ്യത.അത്കൊണ്ട് തമിഴരും അങ്ങിനെ അക്ഷരങ്ങളെ വേറുക്കണ്ട എന്ന് കരുതി കാണും.







രണ്ടു മണിക്കൂറിൽ കൂടുതൽ ഉള്ള സിനിമ അധികവും പുതുമുഖങ്ങളെ മാത്രം വെച്ച് ബോറടിപ്പിക്കാതെ ഓരോ രംഗവും ആസ്വദിച്ചു ചെയ്യാൻ പാകത്തിന് ആണ്  വിവേക് സോണി എന്ന സംവിധായകൻ ഒരുക്കിയിരിക്കുന്നത്.


വിജയ് സൂപ്പരും പൗർണമിയും പോലെ പെണ്ണുകാണൽ ചടങ്ങിലെ കൺഫ്യൂഷൻ ഇതിൻ്റെ തുടക്കം സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട് .അത് കണ്ടപ്പോൾ ആ സിനിമയുടെ മൊഴിമാറ്റം എന്ന് സംശയിച്ചു എങ്കിലും പിന്നീട് ട്രാക്ക് മാറി രസകരം ആവുകയാണ്.


നവദമ്പതികൾക്ക് ആദ്യകാലത്ത് ജോലിയുടെ ഭാഗമായി അകന്നു കഴിയേണ്ടി വരികയും അപ്പോ ഉണ്ടാകുന്ന വിരഹവും വേദനയും ഒന്നിച്ച് ചേരാൻ അവസരം ഉണ്ടായപ്പോൾ ചില പ്രശ്നങ്ങൾ കാരണം അകന്നു തന്നെ നിൽക്കേണ്ടി വരുന്നതും അതുകൊണ്ട്  ഉണ്ടാകുന്ന കൺഫ്യൂഷൻ ഒക്കെ ആണ് പ്രമേയം.







ജസ്റ്റിൻ പ്രഭാകർ എന്ന സംഗീത സംവിധായകൻ ഈ ചിത്രത്തിന് നൽകിയ സംഭാവന വളരെ വലുതാണ്.സംഗീതം തന്നെയാണ് ചിത്രത്തെ കൂടുതൽ നമ്മിലേക്ക് അടുപ്പിക്കുന്നതും...നന്നായി കുടുംബ ചിത്രത്തെ ആസ്വദിക്കുവാൻ സഹായിക്കുന്നതും..


പ്ര .മോ. ദി. സം

മുകിഴ്

 



വിജയ് സേതുപതി നിർമിച്ചു മകൾ ശ്രീജ വിജയ് സേതുപതി മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന "മുകിഴു" ഒരു സിമ്പിൾ ചിത്രമാണ്.


പതിവ് സേതുപതി ചിത്രങ്ങളിൽ ഉള്ള ബഹളം ഒന്നും ഇല്ലാതെ നല്ല സിനിമ ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാവുന്ന കൊച്ചു ചിത്രം.കാർത്തിക് സ്വാമിനാഥൻ സംവിധാനം ചെയ്തത് ചിത്രത്തിൽ    റജീന കസാന്ദ്ര ആണ് നായിക.





സേതുപതി,റജീന,ശ്രീജ എന്നിവരുടെ അച്ഛൻ അമ്മ മകൾ രസതന്ത്രം തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.അവർ അഭിനയിക്കുക അല്ല ജീവിക്കുകയാണ് എന്ന് നമുക്ക് പല രംഗങ്ങളും കാണുമ്പോൾ  തോന്നി പോകും.


നായ്ക്കളെ  വളരെ ഇഷ്ടപ്പെടുന്ന അച്ഛനമ്മമാരുടെ  മകൾക്ക്  തെരുവ് പട്ടി എന്നല്ല വളർത്തു നായയെ വരെ  ഭയങ്കര പേടിയായിരുന്നു .അവളുടെ പേടി മാറ്റുവാൻ പലവിധത്തിൽ ശ്രമിച്ചിട്ടും നടക്കാതെ വരുമ്പോൾ രണ്ടും കൽപ്പിച്ചു ഒരു പപ്പിയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരുന്നതും പെട്ടെന്ന് തന്നെ അവള് അതുമായി കൂടുതൽ അടുക്കുന്നതും അത് കുടുംബത്തിൻ്റെ ഭാഗമാകുന്നു എന്നതുമാണ് തുടക്ക ഭാഗത്തിൽ പറയുന്നത് ...


പിന്നീട് പപ്പിക്ക്  അവള് മൂലമുണ്ടാകുന്ന ഒരു ട്രാജെടി അവളിൽ പ്രശ്നം സൃഷ്ടിക്കുന്നത് കുടുംബത്തെ ആകെ ബാധിക്കുന്നു.അതിൽ നിന്നും അവരൊക്കെ എങ്ങിനെ കരകയരുന്നൂ എന്നാണ് ചിത്രം പറയുന്നത്.


പ്ര .മോ .ദി .സം

രശ്മി റോക്കറ്റ്

 



നമ്മുടെ ഇന്ത്യക്ക് ഒളിമ്പിക്സിൽ മറ്റു ലോക കായിക ഇനങ്ങളിൽ ചില മിന്നായങ്ങൾ കാണിക്കാൻ ചിലപ്പോൾ പറ്റുന്നു എന്നല്ലാതെ സ്ഥിരമായി ഒരു ശക്തി ആകുവാൻ വർഷങ്ങൾ കഴിഞ്ഞിട്ടും എന്ത് കൊണ്ട് പറ്റുന്നില്ല എന്ന്  നമ്മൾ ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ,?







 അമേരിക്കയും റഷ്യയും വർഷങ്ങളായി ആദീപത്യം തുടരുന്ന മേഖലയിൽ  വർഷങ്ങൾ കൊണ്ടു ചൈന അവരെ വളരെ പിന്നിലാക്കി നെറുകയിൽ എത്തുന്നു, ഓസ്ട്രേലിയ,ബ്രിട്ടൺ, ജർമനി ,തുടങ്ങിയ ചില രാജ്യങ്ങൾ അവർക്ക് ഭീഷണി ആവുകയും ചെയ്തിട്ടും നമ്മുടെ ഭാഗത്ത് നിന്ന് വലിയ പുരോഗതി ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.


കാരണം ലളിതം ...നമ്മുടെ കായിക രംഗം ഭരിക്കുന്നത് കൊക്കസുകൾ നിറഞ്ഞ സംവിധാനം ആണ്..അവിടെ പിടിവലിയും കുതികാൽ വെട്ടും അസൂയയും സ്വജന പക്ഷപാതവും  കൊടി കുത്തി വാഴുമ്പോൾ സ്പോർട്സ് എങ്ങിനെ വളരും.







രശ്മി റോക്കറ്റ് പറയുന്നതും ഇന്ത്യൻ കായിക രംഗത്തിൻ്റെ നെറികെട്ട കഥകൾ തന്നെയാണ്. റോക്കറ്റ് വേഗതയുള്ള രശ്മിയെ സ്വന്തം മകളുടെ ഉന്നമനത്തിന് വേണ്ടി കായിക രംഗത്തെ പ്രമുഖ വ്യക്തികൾ  സ്ത്രീതൃത്തെ തന്നെ അപമാനിക്കുന്ന വിധത്തിൽ കുരുക്കുക മാത്രമല്ല അവളെ കായിക രംഗത്ത് നിന്ന് തന്നെ നിഷ്കാസനം ചെയ്യുബോൾ അത് അവള്  നിയമവഴിയിൽ കൂടി നേരിടുന്നത് ആണ് ചിത്രത്തിൻ്റെ ഇതിവ്യത്തം.


തപസി പണൂ എന്ന നായിക നമ്മുടെ "നയൻതാര" കളിയാണ് കുറച്ചു കാലമായി കളിക്കുന്നത്. താരതമെന്യ പുതുമുഖ നായകനമാരുടെ കൂടെ അഭിനയിച്ചു സ്കോർ ചെയ്തു സിനിമ വിജയിപ്പിച്ചു കയ്യടി വാങ്ങി പോവുക.അങ്ങിനെ ചിത്രത്തെ സ്വന്തം പേരിൽ ക്രെഡിറ്റ് ആക്കി നിലനിർത്തുക...ഇടക്ക് ഒന്ന് വീഴുമ്പോൾ ഏതെങ്കിലും സൂപ്പർ താര ചിത്രത്തിൽ നായിക ആവുക..






നമ്മുടെ കായിക രംഗത്തെ വിഭാഗീയത നമ്മുടെ സ്പോർട്സ് രംഗത്തെ എത്രകണ്ട് പിന്നോട്ടടിപ്പിക്കുന്ന് എന്ന് നമുക്ക് ഈ ചിത്രം മനസ്സിലാക്കി തരുന്നുണ്ട്..കഴുവുള്ളവ ന് അവസരം കൊടുത്തിരുന്നു എങ്കിൽ നമ്മൾ മുൻപേ തന്നെ കായിക രംഗത്ത്  ലോകത്തിൻ്റെ നെറുകയിൽ എത്തിയെനെ....


പ്ര .മോ. ദി. സം

Saturday, November 20, 2021

അണ്ണാത്തെ

 



സിനിമ കണ്ട് ഇറങ്ങിയപ്പോൾ ചിന്തിച്ചിട്ടുണ്ട്..പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കി നമ്മളെ മിനക്കെടുത്തുന്ന രജനിക്ക് വേറെ പണി ഒന്നും ഇല്ലെ എന്ന്...ഒരു സൂപ്പർ സ്റ്റാർ എങ്ങിനെ ഇങ്ങിനെ കാലക്രമേണ അധഃപതിച്ചു പോകുന്നു എന്നും...


എന്നാല് ഒരു വാരം കഴിഞ്ഞു ചിത്രം ഇരുനൂറ്റി അമ്പത് കോടി കലക്റ്റ് ചെയ്തു എന്ന് വായിച്ചപ്പോൾ ആണ് രജനി എന്ന ബ്രാൻഡിൻ്റെ വില മനസ്സിലാക്കുന്നത്.ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ എടുത്ത പണവും ലാഭവും പെട്ടിയിൽ ആക്കുന്ന ബ്രാൻഡ് ഉള്ളപ്പോൾ എന്ത് തരികിട ഒപ്പിച്ചാൽ എന്താ എന്നൊരു ബോധ്യം അണിയറ പ്രവർത്തകർക്ക് ഉണ്ടാകും.അവർക്ക് ജനത്തെ രസിപ്പിച്ചു കോടികൾ കീശയിൽ ആക്കണം.. അത് രജനിയിലൂടെ മാത്രേ പറ്റൂ..



പാശം നിറഞ്ഞു അങ് ഒഴുകുകയാണ്..അന്യനാട്ടിൽ പഠിക്കാൻ പോയ തങ്കച്ചി യോടുള്ള  പാശം കാരണം ജീവിതത്തിലെ പലതും വേണ്ടെന്ന് വെക്കുന്ന അണ്ണൻ...തങ്കച്ചിക്കുവേണ്ടി ജീവൻ പണയം വെച്ച് നടത്തുന്ന അതുല്യ പ്രകടനങ്ങൾ....രജനി ആയത് കൊണ്ട് ചോദ്യങ്ങൾ ഇല്ല ലോജിക് ഇല്ല...അങ്ങിനെ ഒന്നും ഇല്ല



പതിവ് മസാല മിശ്രിതം കൂട്ടി കുഴച്ച് അല്പം പ്രേമം ചേർത്ത് സെൻ്റി അളവിൽ കൂടുതൽ പുരട്ടി  അളവിന് കോമഡി കൂട്ടി തകർപ്പൻ സ്റ്റണ്ട് രംഗങ്ങളിൽ വറുത്ത് പ്രേക്ഷകൻ്റെ മുന്നിലെ സ്ക്രീൻ പ്ലേറ്റിൽ വെച്ച് തന്ന വിഭവം ആണ് ഈ ചിത്രം..ശരവണ ഭവൻ ശാപ്പാട് പോലെ ഒരേ രുചി ആണെങ്കിലും തമിൾ മക്കൾ അണ്ണൻ്റെ വിഭവം ആസ്വദിച്ചു കഴിച്ച് കൊള്ളും..



അത് കൊണ്ടാണ് രജനി ഇന്ത്യയിലെ ഒരേ ഒരു സൂപ്പർ സ്റ്റാർ ആകുന്നത്..എങ്ങിനെ വീണാലും നാല് കാലിൽ തിരിച്ചെത്തും എന്ന് ബോധ്യം ഉളളവർ കോടികൾ എറിഞ്ഞു അണ്ണൻ്റെ പടം ചെയ്യും 


പ്ര .മോ. ദി .സം

Friday, November 19, 2021

ചുരുളി


 

ആസ്വാദനം എന്നത് പലർക്കും പല തരത്തിൽ ആണ്.ഈ ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രങ്ങൾ കണ്ട് പലരും തള്ളുന്നത് കേട്ടിട്ട് പലപ്പോഴും തോന്നിയിട്ടുണ്ട് എന്ത് കുന്തമാ അതിലൊക്കെ ഉള്ളത് എന്ന് ...ജെല്ലിക്കെട്ടും ഡബിൾ ബാരലും, ഈ മ യൗ ഒക്കെ കണ്ടിട്ട് ഒന്നും മനസ്സിലാകാതെ അന്തംവിട്ടു പോയിട്ടുണ്ട്..കൂട്ടത്തിൽ സിറ്റി ഗോൾഡ് ,ആമേൻ എന്നിവ കുറച്ചു കൊള്ളാം ...എന്നാലും ഇഷ്ടമായില്ല...

ലിജോ ഫാൻസ് ക്ഷമിക്കുക...ലാലേട്ടൻ,മമ്മൂക്ക,ജയസൂര്യ,രജനി ,ഷാരൂഖ് ചിത്രങ്ങൾ കണ്ടു മനസ്സ് നിറയുന്ന എന്നെ പോലെ ഉള്ളവർക്ക് സ്ക്രീൻ മുഴുവൻ ഇരുട്ട് നിറഞ്ഞ  ഇത്തരം ചിത്രങ്ങൾ ഒരിക്കലും പിടിക്കില്ല.






നമ്മൾ അടുത്ത കൂട്ടുകാരോടും എതിരാളികൾ ആയവരോടും  അവസരം കിട്ടുമ്പോൾ പല മോശം വാക്കുകളും സ്വകാര്യമായി  പ്രയോഗിക്കും..പക്ഷേ ആളുകൾ കൂടുന്ന സ്ഥലത്ത് നമ്മൾ സഭ്യത വിട്ട് പെരുമാറി അന്തസ്സ് കളയില്ല.ഇപ്പൊൾ റിലയസ്റ്റിക് എന്ന പേരിൽ മലയാളത്തിലെ ചില പ്രഗത്ഭർ പലതരം അസഭ്യങ്ങളും സിനിമയിലേക്ക് പകർത്തുന്നുണ്ട്..വലിയ കാര്യം ചെയ്തു എന്നാണ് മനസ്സിലിരിപ്പ്....സിനിമയിൽ വരേണ്ടത് വരേണ്ടാത്തത് എന്നൊക്കെ ഒന്നുണ്ട്...അത് മനസ്സിലാക്കണം.


തിയേറ്ററിൽ ആയാലും സ്വീകരണ മുറിയിൽ ആയാലും അതൊക്കെ കുടുംബ സമേതം ശ്രവിക്കൂംപോൾ ഉണ്ടാകുന്ന വിഷമങ്ങൾ കുറച്ചെങ്കിലും അന്തസുള്ളവർക്ക് ബുദ്ധിമുട്ടാണ്..അന്തസ്സില്ലാത്ത സിനിമ പടച്ചു വിടുന്നവർക്ക് അത് പ്രശ്നം കാണില്ല..അവൻ്റെ ഒക്കെ കുടുംബത്തിൻ്റെ  മൊത്തം അന്തസ്സ് അങ്ങിനെ ആയിരിക്കും.എന്നിട്ടുള്ള ന്യായീകരണം ആണ് സഹിക്കാൻ പറ്റാത്തത്.

പുടികിട്ടാപുള്ളിയെ തേടി അസഭ്യം മാത്രം പറയുന്ന  കേരള കർണാടക അതിർത്തിയിലെ നാട്ടിലെത്തുന്ന രണ്ടു പോലീസുകാരുടെ കഥയാണ് ഇത്.പ്രകൃതി ഭംഗി കൊണ്ട് മനോഹരമായ നാട്ടിലെ മനുഷ്യരുടെ സംഭാഷണം കേട്ടാൽ ഡെറ്റോൾ ഉപയോഗിച്ച് ചെവി കഴുകണം എന്ന് മാത്രം..

പ്ര .മോ .ദി. സം

Thursday, November 18, 2021

കനകം കാമിനി കലഹം

 



ഒരു ഹോട്ടലിലെ റിസപ്ഷനിൽ സിനിമയുടെ കൂടുതൽ ഭാഗവും ചിത്രീകരിച്ച്  പ്രേക്ഷകന് ബോറടി കൂടാതെ ഒന്ന് രണ്ടു മണിക്കൂർ കണ്ടിരിക്കാൻ പ്രേരിപ്പിക്കുക എന്നത് വലിയൊരു കടമ്പ തന്നെയാണ്   സംവിധായകന്.. അഥവാ പരാജയപ്പെട്ടാൽ തിയേറ്റർ വ്യവസായത്തിന് അത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്യും.ഭാഗ്യവശാൽ ഒ ടീ ടീ റിലീസ് മാത്രം  ആയത് കൊണ്ട് വ്യവസായത്തെ രക്ഷിച്ചു എന്ന് ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാം.






മുൻപ് പ്രഗൽഭനായ പ്രിയദർശൻ ശ്രമിച്ചിട്ട്  കാര്യമായി ഫലിക്കാതെ പോയ സംഗതിയാണ് താരത്മെന്യെ പുതുമുഖമായ രതീഷ് ബാലകൃഷ്ണ പൊതുവാൾ ഈ പ്രാവശ്യം ചെയ്യുന്നത്.


എല്ലാ സിനിമയിലെയും പോലെ ഉടായിപ്പ് നായകനായ നിവിൻ പോളി നിർമിക്കുക കൂടി ചെയ്ത ഈ ചിത്രത്തിൽ ഗ്രേസി ആൻ്റണി ആണ് നായിക.ഗ്രേസിയുടെ അടിപൊളി പെർഫോർമൻസ് മാത്രമാണ് ചിത്രത്തിൻ്റെ ഹൈ ലൈറ്റ്.







ദാമ്പത്യത്തിൽ അടിക്കടി കലഹം ഉണ്ടാക്കുന്ന ദമ്പതികൾ വിനോദയാത്രക്ക് ഹിൽ സ്റ്റേഷനിൽ എത്തിയപ്പോൾ കലഹം തീർത്ത ജിമിക്കി കമ്മൽ ഹോട്ടൽ മുറിയിൽ നഷ്ടപ്പെടുന്നതും അതിനെ കുറിച്ചുള്ള അന്വേഷണവും മറ്റും "കോമഡി" എന്ന പേരിൽ പ്രേക്ഷകനെ സഹിപ്പിച്ച് കാണിക്കുകയാണ് ചിത്രം ചെയ്യുന്നത്. ചില രംഗങ്ങൾ കാണുമ്പോൾ മുൻപ് കണ്ടു മറന്ന ഒരു ഹിന്ദി ചിത്രം മനസ്സിലൂടെ കടന്നു പോവുകയും ചെയ്യുന്നു.


വിനയ് ഫോർട്ട് ,ജാഫർ ഇടുക്കി, ജോസ് മാത്യു,സുധീഷ് തുടങ്ങിയവരും നമ്മളെ പരീക്ഷിക്കുവാൻ ഇവരുടെ കൂടെ ഹോട്ടലിൽ ഉണ്ട്.


നിവിൻ പോളി ഇങ്ങിനെ തന്നെ പോകുകയാണെങ്കിൽ കൂടുതൽ കാലം സ്ക്രീനിൽ കാണുവാനുള്ള അവസരം നമുക്ക്  ഉണ്ടാകും എന്ന് തോന്നുന്നില്ല...








ഒരേ ടൈപ്പ് കഥാപാത്രങ്ങൾ ചെയ്തു ആരുടെ ഒക്കെയോ ഭാഗ്യം കൊണ്ട് അതൊക്കെ ഹിറ്റ് ആയത് കൊണ്ട് മാത്രം പിടിച്ച് നിൽക്കുന്ന നിവിൻ അതിനിടയിൽ കൊച്ചുണ്ണി ,മൂത്തോൻ,മിഖായേൽ ഒക്കെ ആയി ഒരു വൈവിധ്യത്തിൻ്റെ കണിക പ്രദർശിപ്പിച്ചു എങ്കിലും വീണ്ടും പഴയതിലേക്ക് തന്നെ ചാടിയിരിക്കുകയാണ്.


ഒരു കൊല്ലത്തേക്ക് പൈസ കൊടുത്തത് കൊണ്ട്  എത്ര സിനിമ വേണമെങ്കിലും  കാണുവാൻ അവസരം ഉള്ളത് കൊണ്ടു ഇതൊരു  വലിയ ധനനഷ്ടമായി കണക്കാക്കുന്നില്ല.പക്ഷേ സമയം അത്  വളരെ അമൂല്യമാണ് എന്ന് അണിയറ ശിൽപികൾ ഓർക്കണം


പ്ര .മോ. ദി. സം