Tuesday, July 20, 2021

ചുഴൽ

 



"നിങ്ങൾക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ നിങൾ പ്രേതങ്ങളിലും വിശ്വസിക്കണം " എന്ന ശീർഷകത്തിൽ ആണ് ബിജു മാണി സംവിധാനം ചെയ്ത "ചുഴൽ"  എന്ന ചിത്രം ആരംഭിക്കുന്നത്.


ഇൗ മഹാമാരി കാലത്ത് മലയാള സിനിമയിൽ പ്രേത കഥകളുടെ ബഹളമാണ്. പ്രീസ്റ്റ്,കോൾഡ് കേസ്,ചതുർമുഖം തുടങ്ങി കുറെയേറെ ചിത്രങ്ങൾ നമ്മുടെ മുൻപിൽ എത്തി. ഫോണിലും ഫ്രിഡ്ജ്ലും ,കൊച്ചിലും ഒക്കെ പ്രേതങ്ങൾ കയറിയിറങ്ങി നടക്കുകയാണ്.  അതിൽ നിന്നൊക്കെ അവർ അവരുടെ "പണി "നടത്തുന്നുണ്ട്.പക്ഷേ ഇതിലെ പ്രേതം  അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തനാണ് എന്നൊരു മാറ്റം ഉണ്ട്.



ഇതിലെ പ്രേതം  അപരന്മാരെ സൃഷ്ടിച്ചു കൊണ്ടാണ് കളി കളിക്കുന്നത്.അത് കൊണ്ട് തന്നെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് അല്പം പുതുമ  ഇൗ ചിത്രത്തിലെ പ്രേമത്തിന് ഉണ്ട്. ബാക് ഗ്രൗണ്ട് മ്യൂസിക് കൂടി ആകുമ്പോൾ കാണാൻ രസവും ഉണ്ട്.



എന്നാലും ചില ചോദ്യങ്ങൾ ഉണ്ട്..കേരളത്തിൽ ഉള്ള ഏതു ആശുപത്രിയാണ് കൊറോണ എന്ന് പോലും നിശ്ചയമില്ല എങ്കിലും അപകട നിലയിലുള്ള രോഗിയെ   പ്രാഥമിക ചികിത്സ പോലും  നൽകാതെ  വഴിയിൽ നിർത്തി "അപമാനിച്ചത്"? ശൈലജ ടീച്ചറുടെ കാലത്ത് എന്തായാലും നടക്കാൻ ഇടയില്ല ഇൗ കാലത്ത് ആണെങ്കിൽ ആരോഗ്യ പ്രവർത്തകർക്ക് ഇത്ര ഭയവും ഇല്ല.പിന്നെ ഇത്ര പേടിയുള്ള ജീവനക്കാർ എന്തെ മാസ്ക് പോലും ഇടാത്തത്? ജനങ്ങളും ഇടുന്നില്ല.അവരോട് ധരിക്കുവാൻ ആരും പറയുന്നുമില്ല.


കഥയിൽ ചോദ്യമില്ല എന്ന് മാത്രമല്ല അധികവും പുതുമുഖങ്ങൾ ആയത് കൊണ്ട് അവരെയൊക്കെ പ്രേക്ഷകർ കണ്ണ് നിറയെ കണ്ടു കൊള്ളട്ടെ എന്നൊരു ഉദ്ദേശ്യം കൂടി സംവിധായകന് കാണും.അല്ലെങ്കിൽ ആരൊക്കെയാണ് അഭിനയിച്ചത് എന്നൊരു കൺഫ്യൂഷൻ ഉണ്ടാകും.



ജാഫർ ഇടുക്കി ഒഴിച്ച് ബാക്കിയുള്ളവരെ ആദ്യം കാണുക ആണെങ്കിൽ കൂടി എല്ലാവരും തകർത്ത് അഭിനയിച്ചു. ജാഫർ ഇടുക്കി എന്ന നടനെ ഇനിയും മലയാള സിനിമ കാര്യമായി ഉപയോഗിച്ചു എന്ന് തോന്നുന്നില്ല.ഇപ്പൊൾ ഉള്ള മുഴുവൻ ചിത്രങ്ങളിലും സാനിദ്ധ്യം ഉണ്ടെങ്കിലും പലതും ആ നടനെ വെറുതെ ഉൾപ്പെടുത്തി എന്ന് വരുത്തി തീർക്കാൻ വേണ്ടിയുള്ള റോളുകൾ ആണ്. ആ നടനെ തിരിച്ചറിയാൻ പറ്റാത്തത് മലയാള സിനിമയുടെ പോരായ്മ തന്നെ ആണ്.


കുറെയേറെ ചെറുപ്പക്കാരുടെ പ്രഥമ സംരംഭം എന്ന നിലയിൽ ചുരുങ്ങിയ സമയം കൊണ്ട് ആസ്വദിക്കുവാൻ പറ്റിയ സിനിമ തന്നെയാണ് "ചുഴൽ"


പ്ര .മോ. ദി. സം

Sunday, July 18, 2021

ഷെർനീ





ഘോരവനത്തിന്റെ കഥ പറഞ്ഞിട്ട് കൂടി പതിവ് ബോളിവുഡ് ചിത്രത്തിന്റെ" അലർച്ചയോ ബഹളമോ" ഇല്ലാതെ നയന സുന്ദരമായ വനത്തിന്റെ കാഴ്ചകൾ ഒരുക്കി അമിത് മസൂരേകർ വിദ്യാബാലനേ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത ഇൗ ചിത്രം കാടിന്റെ കഥ പറയുന്നു ,ഒപ്പം അതിലെ മൃഗങ്ങളുടെയും അവർക്ക് ചുറ്റും ഉള്ള ഗ്രാമീണരുടെയും..


കാട്ടിൽ നിന്നും ഒരു മൃഗം നാട്ടിലേക്ക് വന്നാൽ അത്  ആ നാടിന് ഭീഷണി തന്നെയാണ്.അത് മൃഗഭോജി കൂടി ആണെങ്കിലോ? ചിലപ്പോൾ മൃഗങ്ങൾ അവരെ അത്രക്കങ്ങു ഉപദ്രവിച്ചിട്ടുണ്ടാകില്ല എങ്കിൽ കൂടി അത് മുതലെടുത്തു രാഷ്ട്രീയ ലാഭം കൊയ്യാൻ പാർട്ടികളും നേതാക്കളും ശ്രമിക്കും.അതിനെ എതിർക്കുവാനും ഇല്ലാതാക്കി കളയുവാനും പലപ്പോഴും ഉദ്യോഗസ്ഥർക്ക് കഴിയില്ല.



മുൻപ് മൃഗയ എന്ന ചിത്രത്തിൽ കൂടി ഐ വി ശശി എന്ന മലയാളത്തിന്റെ പ്രഗൽഭനായ സംവിധായകൻ നാട്ടിൽ പുലി ഇറങ്ങുന്നതും അത് കൊണ്ട് നാട്ടുകാർക്ക് ഉണ്ടാകുന്ന ഭവിഷ്യത്തുകളും  അതിൻറെ മുതലെടുപ്പും മറ്റും നല്ല രീതിയിൽ കാണിച്ചത് കൊണ്ട് നമുക്ക് ഇൗ ചിത്രം അത്ര അങ്ങ് രസിക്കണം എന്നില്ല.


കാട് എന്നത് മഹത്തരമായ ഒരു സൃഷ്ടിയാണ് .അതിലൂടെ സഞ്ചരിച്ചവനെ അതിൻറെ ഭംഗിയെ കുറിച്ച് പറഞ്ഞാല് മനസ്സിലാകൂ.ഇൗ ഭൂമിയിൽ വസിക്കുവാൻ ഓരോ ജീവിക്കും അവകാശം ഉണ്ടു..അതൊന്നും ചിന്തിക്കാതെ മനുഷ്യർ നടത്തുന്ന കടന്നു കയറ്റങ്ങൾ നശിപ്പിക്കുന്നത് വലിയൊരു ആവാസവ്യവസ്ഥയെ തന്നെ ആണ്.അതിനു പതിന്മടങ്ങ് ശിക്ഷ പ്രകൃതി തന്നെ പലപ്പോഴായി തരുമെങ്കിലും മനുഷ്യർ ഒരിക്കലും പാഠം പഠിക്കാറില്ല.



പ്രകൃതിയെ സ്നേഹിച്ചിരുന്നു എങ്കിൽ വർഷ വർഷം വെള്ളപൊക്കം മറ്റു പ്രകൃതി ക്ഷോഭം ഒന്നും നമുക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു.ഇപ്പൊൾ പോലും കാട് നശിപ്പിച്ചു കോടി കണക്കിന് മരം മുറിച്ചു കൊണ്ട് പോയിട്ട് പോലും പരസ്പരം കുറ്റപ്പെടുത്തുക അല്ലാതെ കാര്യമായ പ്രതിവിധി ഇനിയും ഉണ്ടായിട്ടില്ല..ഇങ്ങിനെ അധികാരികളും ദല്ലാൾ കൂട്ടവും പ്രകൃതിയെ കാലാകാലങ്ങളിൽ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു...



 ഫോറസ്റ്റ് ഓഫീസർ ആയ വിദ്യയും കാടിനും മൃഗങ്ങൾക്കുംം ചുറ്റിപ്പറ്റിയുള്ള  അനീതിക്കും ആക്രമണത്തിനും   എതിരായി പലതും ചെയ്യണം എന്നു ആഗ്രഹിക്കുമ്പോൾ പോലും അത് മേലാളന്മാരുടെ ഇടപെടലുകളിൽ ഒന്നുമാകതെ പോകുകയാണ്.ഗ്രാമീണരിൽ നന്മകൾ ഉളളവർ സഹായത്തിനു എത്തുന്നു എങ്കിലും അതിനിടയിൽ വലിയൊരു അത്യാഹിതം സംഭവിച്ചു കഴിഞ്ഞിരുന്നു.


ആകെ "അമ്പരിപ്പിച്ച് "കളഞ്ഞത് വല്യ സംഗീത കമ്പനി മുതലാളി നിർമ്മിച്ച് ചിത്രത്തിൽ ആകെ ഒരു പാട്ട് മാത്രമേ ഉള്ളൂ എന്നതാണ്..ടീ സീരീസിൽ നിന്നും അത് പതിവില്ലാത്തതാണ്


പ്ര .മോ .ദി. സം

Friday, July 16, 2021

രണ്ടുപേർ

 



തുല്യ ദുഃഖിതരായ രണ്ടു പേര് ആകസ്മികമായി ഒരു "നഗര"ത്തിൽ വെച്ച് അസമയത്ത്  കണ്ടുമുട്ടുന്നു. അസമയത്ത് കണ്ടു മുട്ടണം എങ്കിൽ എന്തായാലും കേരളത്തിന് പുറത്തുള്ള നഗരം തന്നെ ആകണം.അല്ലെങ്കിൽ ഇവിടുത്തെ "സദാചാര പോലീസുകാർ" ഇടപെടും.


ഒന്നിച്ചുള്ള യാത്രയിൽ അവർ തങ്ങളുടെ പ്രയാസങ്ങൾ പരസ്പരം പങ്കുവെച്ചു കഴിയുമ്പോൾ  പെട്ടെന്ന് തന്നെ അവർക്കിടയിൽ പുതിയൊരു "ബന്ധം'"രൂപപ്പെടുന്നത് ചെറിയൊരു അതിശയോക്തി പ്രേക്ഷകർക്ക് അനുഭവപ്പെടാം..പിന്നെ ഇപ്പൊൾ ഉള്ള ജനറേഷൻ ഇതല്ല ഇതിലപ്പുറം പോകും എന്ന് സമൂഹത്തിന് നിശ്ചയം ഉള്ളത് കൊണ്ട് മിണ്ടാതെ കാണുക.ഞാൻ ഒക്കെ "ഓൾഡ് പീസ് "എന്ന് കരുതി  അധികം അഭിപ്രായം പറയുകയും അരുത്.



അതിലും രസം ഇൗ ബന്ധം കൊണ്ട് പല്ലിയെ കൊല്ലാൻ പോലും ഭയമുള്ള നായകൻ അവൾക്ക് വേണ്ടി "പലതും" ചെയ്യുന്നു എന്നതാണ്. പല്ലിയെ കൊല്ലുവാൻ പോലും  അവൻ ആരംഭിച്ചത് തന്റെ "ലവർ"ക്ക് വേണ്ടി എന്ന് കൂടി പുള്ളി പറഞ്ഞു കളയുന്നുണ്ട്.പല്ലിയെ കൊല്ലാൻ പേടിയുള്ള നായികക്ക് ചെയ്യാവുന്നത് ഇതിൽ കൂടുതൽ ആയത് കൊണ്ട്  നമുക്ക് ഇതൊക്കെ വിശ്വാസത്തിൽ എടുക്കുകയെ നിർവാഹമുള്ളൂ.


ഒരു പ്രേമം പൊളിഞ്ഞു പോയാൽ അവളോട്  അല്ലെങ്കിൽ അവനോടുള്ള പ്രതികാരം ചെയ്യാൻ അപരിചിതരായ ഏതെങ്കിലും ആളുമായി  അന്ന് തന്നെ "ഭോഗ" ത്തില് ഏർപ്പെടാൻ തുനിഞ്ഞിരങ്ങുന്ന നായികയും നായകനും സമൂഹത്തിന് മുന്നിൽ എന്താണ് പറയുന്നത്.? 



അവരുടെ പ്രേമവും കൂട്ടുകെട്ടും വെറും കാമം മാത്രമായിരുന്നു എന്നോ? ഇങ്ങിനെ ന്യു ജനറേഷൻ ചിന്താഗതി എന്ന പേരിൽ സിനിമാക്കാർ കുറെ പൊട്ടത്തരങ്ങൾ എഴുന്നള്ളിക്കുന്ന പ്രവണത ഇപ്പൊൾ കൂടിയിട്ടുണ്ട്.


ഇപ്പൊൾ എന്ന് പറയുക വയ്യ ഇത് ഒരു പഴയ ചിത്രമാണ് 2017 വർഷം കേരളത്തിൽ നടന്ന ഫെസ്റ്റിവലിൽ ഒക്കെ പങ്കെടുത്തിട്ടുണ്ട്..അതിനു ശേഷം പെട്ടിയിൽ ആയിപിയ സിനിമ ഒ ടി ടീ റിലീസ് എന്ന അവസ്ഥ വന്നപ്പോൾ പുറത്തേക്ക് ഇറങ്ങി എന്ന് മാത്രം.സിനിമ തിയേറ്ററിൽ കാണിക്കാൻ പറ്റാത്ത ഇന്നത്തെ അവസ്ഥ ഇത്തരം ചിത്രങ്ങൾക്ക് മുതൽക്കൂട്ട് ആകുന്നുണ്ട്.



 നായകനും നായികയും കൂടുതൽ സമയവും കാറിൽ തന്നെ സഞ്ചരിച്ചു കൊണ്ട് ആണ് "രണ്ടുപേർ " മുന്നോട്ട് പോകുന്നത്..അവരുടെ യാത്ര ശുഭയാത്ര ആയിരിക്കുമോ എന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ


പ്ര .മോ .ദി .സം

Thursday, July 15, 2021

മാലിക്

 



എൺപതുകളിൽ ഹിന്ദി സിനിമ കാണുക എന്ന് പറഞ്ഞാല് ഭയങ്കര ഹരമായിരുന്നു .രണ്ടു മൂന്നു തലമുറയുടെ കഥകൾ ആയിരുന്നു അതിൽ അധികവും അവർക്ക് പറയുവാൻ ഉണ്ടാവുക... പിന്നെ പിന്നെ അവർക്ക് പോലും  അത് മടുത്തു തുടങ്ങി..


പക്ഷേ ഇപ്പോഴും മടുക്കാത്ത ചിലർ അങ്ങനെയുള്ള ബോറൻ സിനിമകൾ കൊല്ല വർഷം ഒക്കെ എഴുതി കാണിച്ചു പടച്ചു വിടുന്നുണ്ട്..ചിലർ ആ സാഹസം കാണിക്കുന്നത് കഥയുടെ തുടർച്ചക്ക്  അതില്ലെങ്കിൽ പറ്റില്ല എന്ന സ്ഥിതി വരുന്നത് കൊണ്ട് മാത്രമാണ്.പക്ഷേ അങ്ങിനെ സിനിമ എടുക്കുന്നതിനും ഒരു കഴിവ് വേണം...അല്ലേൽ പുതു തലമുറ ബോറടിച്ചു പണ്ടാരം അടങ്ങി പോകും.



അധോലോകവും അമിതാബ് ബച്ചനും ശത്രുഘ്നൻ സിൻഹ ,ധർമേന്ദ്ര,ശക്തി കപ്പൂർ അങ്ങിനെ കുറെ ഇഷ്ട്ട നടന്മാരും മറ്റും കേറിയങ് പൊളിക്കും.. ആ സമയത്ത് ചെറു പ്രായത്തിൽ അതൊക്കെ കണ്ടു ഹരം കൊണ്ട് കയ്യടിക്കും.പക്ഷേ ഇപ്പോളത്തെ പിള്ളേർ അതൊക്കെ കണ്ടാൽ കൂവും..അവർക്ക് വേണ്ടത് പറയുവാനുള്ളത് പെട്ടെന്ന് പറഞ്ഞു പോകുന്ന സിനിമകൾ ആണ്.


മഹേഷ് നാരായണൻ എന്ന സംവിധായകനും അത്തരം സിനിമ കണ്ടു ഇഷ്ട്ടപെട്ട ആളാണ് എന്നാണ് തോന്നുന്നത്. "ടേക്ക്‌ ഓഫ് "എന്ന നല്ലൊരു ചിത്രവും ആളുകൾ പാടി പുകഴ്ത്തിയ "സീ യു സൂൺ "എന്ന ചിത്രവും കൊണ്ട് സാനിദ്ധ്യം അറിയിച്ച മഹേഷ് ഇൗ ബിഗ് ബഡ്ജെറ്റ് സിനിമ ചെയ്തതിലൂടെ  കരിയറിൽ നിന്നും കുറച്ചു പിന്നിലേക്ക് പോയിരിക്കുന്നു.



പുതുമ എന്ന് പറയാൻ ഒന്നും  തന്നെ ഇതിൽ ഇല്ല. പഴയ ഹിന്ദി സിനിമകൾ കണ്ടാ മതി എന്ന് ആദ്യമേ തന്നെ പറഞ്ഞിരുന്നുവല്ലോ... അധോ ലോകങ്ങളുടെ കു്ടി പകയും അത് മുതലെടുക്കുന്ന വർഗീയ പ്രശ്നങ്ങളും ചങ്ങാതിയുടെ ചതിയും ഒക്കെ നമ്മൾ മലയാളത്തിൽ തന്നെ എത്ര കണ്ടിരിക്കുന്നു...പിന്നെ തിയേറ്ററിൽ അല്ലാത്തത് കൊണ്ട് തന്നെ ബോറടിക്കുമ്പോൾ നിർത്തി വെച്ചു പിന്നെ  തോന്നുമ്പോൾ മാത്രം കുറച്ചു കുറച്ചായി കണ്ടാൽ മതി എന്നൊരു സമാധാനം കൂടി ഉണ്ടു..അല്ലെങ്കിൽ രണ്ടു മണിക്കൂർ നാൽപത് മിനിറ്റ് ഒക്കെ ഇത്തരം സിനിമകൾ ആരു സഹിക്കുന്നു. 


ലൂസിഫർ പോലുള്ള നീണ്ടു നിവർന്നു കിടക്കുന്ന സിനിമകൾ കണ്ട് നല്ല ഹോം വർക് ചെയ്തു മാത്രമേ ഇത്തരം സാഹസങ്ങൾക്കു പുറപ്പെടാൻ പാടുള്ളൂ. അത് ഉണ്ടാക്കിയവന് ശരിയായി കാണികളുടെ പൾസ് അറിയാമായിരുന്നു..ലാഗിങ് ഉണ്ടാവും എന്ന് തോന്നുന്ന സ്ഥലത്ത് അതിനെ വെട്ടാനുള്ള ക്രിയകൾ അവർ കരുതി വെച്ചു.



സിനിമയിൽ പറയുന്ന "റമദാൻ പള്ളി "വേറെ പേരിൽ ചെറുപ്പം മുതൽ തന്നെ കേൾക്കുന്നത് ആണ്.അവിടെ പോയാൽ ഫോ റിൻ സാധനം  നല്ല വില കുറച്ചു കിട്ടും എന്നും ശരിയായ രീതിയിൽ അല്ലാതെ സാധനങ്ങൾ അവിടെ  വരുന്നത് കൊണ്ട് പോലീസിനോ കസ്റ്റംസ്നോ കയറാൻ പറ്റാത്ത വിധം ഒരു കൂട്ടം "അധോലോക നായകൻമാർ" കൺട്രോൾ ചെയ്യുന്നു എന്നൊക്കെ...


നന്മ ചെയ്യുന്ന പലരുടെയും പിറകിൽ ആരും അധികം ഗൗനിക്കാതെ പോകുന്ന തിന്മകൾ ഉണ്ടാകും.കായംകുളം കൊച്ചുണ്ണി മുതൽ പല "നന്മ മരങ്ങൾ" വരെ ഉള്ളവൻെറ അടുക്കൽ നിന്നും വാങ്ങി പാവങ്ങള്ക്ക്  വിതരണം ചെയ്തു പേരെടുക്കുന്ന ആൾക്കാരാണ്.ചിലർ ആണെങ്കിൽ നല്ല വണ്ണം" മുക്കി" ഇത് തങ്ങളുടെ വരുമാന മാർഗം തന്നെ ആക്കി മാറ്റും.



ചില അധോലോക നായകന്മാരും ഇങ്ങിനെ തന്നെ ആണ്..രാജ്യത്തെ ഒറ്റിയും പറ്റിച്ചും സമ്പാദിച്ചു അതിൽ നിന്നും എടുത്ത് സഹായിച്ചു കുറെ എണ്ണത്തിന്റെ സപ്പോർട്ട് കരസ്ഥമാക്കും .പിന്നെ നീതിയും ന്യായവും ഒക്കെ അവർ തീരുമാനിക്കുന്നത് ആയിരിക്കും...അവിടെ പോലീസിന് കയറാൻ പോലും സാധിക്കാത്ത അവസ്ഥ വരും.അങ്ങനെയുള്ള പല സ്ഥലങ്ങളും നമ്മുടെ നാട്ടിലും ഉണ്ടായി തുടങ്ങിയിട്ടുണ്ട്..രാഷ്ട്രീയ പിൻബലവും അതിനു കിട്ടുന്നുണ്ട്.


പോലീസിന് ചില പ്രത്യേകതകൾ ഉണ്ട്..അവർ ഒരു കാര്യം തീരുമാനിച്ചാൽ എത് മാർഗത്തിൽ കൂടിയും അത് നടപ്പിൽ വരുത്താൻ ശ്രമിക്കും.അതിനു അവർ തിരഞ്ഞെടുക്കുന്ന മാർഗങ്ങൾ ചിലപ്പോൾ മാനുഷിക പരിഗണനകൾ ഒന്നും നോക്കാതെ ആയിരിക്കും.അവർ അതിനു വേണ്ടി ചേരി തിരിഞ്ഞു പട വെട്ടാൻ ആളുകളെ ഇറക്കും...ജാതിയും വർഗ്ഗവും,മതവും,രാഷ്ട്രീയവും ഒക്കെ കൂട്ടി കലർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കും.



ഏതാണ്ട് മാലിക് പറയുന്നതും ഇൗ കഥകൾ തന്നെ..നന്മനരവും കള്ള കടത്തും വർഗീയ ധ്രുവീകരണം വും ജാതിമത സംഘടനവും പിന്നെ പോലീസ് കളികളും...


ഇപ്പൊൾ വാർത്തയിൽ പറയുന്നത് കേട്ടു..ഇൗ ചിത്രത്തിന്റെ വ്യാജപതിപ്പ് രാവിലെ തന്നെ പല സൈറ്റിലും ഇറങ്ങി എന്ന്...രണ്ടു മാസം മുന്നേ ഇറങ്ങിയ പല ചെറിയ ബജറ്റ് മലയാള സിനിമകൾ ഇന്നും വ്യാജൻ ഇറങ്ങാതെ  റിലീസ് ചെയ്ത പ്ലാറ്റ്ഫോമിൽ മാത്രം പിടിച്ചു നിൽക്കുന്നു എങ്കിൽ ഇത്തരം ചിത്രങ്ങൾ  മാത്രം എങ്ങിനെ ഇത്ര പെട്ടെന്ന് ഇറങ്ങുന്നു എന്ന് ചിന്തിക്കണം.


ആമസോണിന്റെ വിഹിതവും ചാനലുകാരുടെ വിഹിതവും കിട്ടിയ ശേഷം വ്യാജ സൈറ്റുകൾക്ക് കൂടി ഇത്  ആരെങ്കിലും മറിച്ചു നൽകുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചു പോയാൽ അവരെ കുറ്റം പറയാൻ പറ്റില്ല.പണം ഇറക്കുന്ന അണിയറക്കാർ ഇത് കൂടി ഒന്ന്  മനസ്സിൽ വെക്കണം.അല്ലെങ്കിൽ എന്റെ കോടികൾ പോയെ എന്ന് സമൂഹ മാധ്യമങ്ങളിൽ നിലവിളിക്കേണ്ടതായി വരും.. 


പ്ര .മോ. ദി .സം

Saturday, July 10, 2021

ഗ്രഹണം

 



തമിഴ്നാട് എന്ന് പറഞ്ഞാൽ സിനിമ ഹൃദയത്തിന്റെ ഉള്ളിൽ കൊണ്ട് നടക്കുന്നവരുടെ നാടാണ്. ഇപ്പൊൾ  ഒരു പക്ഷേ കൂടുതൽ പരീക്ഷണ ചിത്രങ്ങൾ വരുന്നത് തമിഴിൽ തന്നെ ആണ് .അത് കൊണ്ട് തന്നെ പുതുമുഖങ്ങൾക്ക് അരങ്ങിലും അണിയറയിലും നല്ലൊരു അവസരം തമിൾ സിനിമയിൽ ഉണ്ട്. സൂപ്പർ താരങ്ങൾക്കൊപ്പം തന്നെ പുതു മുഖങ്ങളും അവിടെ വലിയ തോതിൽ സ്വീകരിക്കപ്പെടുന്നു.


മുൻകാലങ്ങളിൽ മലയാളത്തിലും കൂടുതൽ പരീക്ഷണ ചിത്രങ്ങൾ വന്നു എങ്കിലും നമ്മുടെ കാണികൾക്ക് അതിലൊന്നും വലിയ താല്പര്യം ഇല്ലാത്തത് കൊണ്ടും ഒരു പക്ഷേ  താരാധിപത്യം അവയെ സ്വീകരിക്കുവാൻ വിടാത്തത് കൊണ്ടും പരീക്ഷണങ്ങൾ നടത്തി "ദരിദ്രൻ" ആകുവാൻ നിർമാതാക്കൾ തയ്യാറായില്ല.



അത് കൊണ്ട് തന്നെ നമ്മുടെ ഇടയിലെ  പ്രഗൽഭരായ പലരും മറ്റു ഭാഷകളിൽ അവസരത്തിന് വേണ്ടി ചേക്കേറി. ഐ വി ശശി യുടെ മകൻ പോലും നല്ലൊരു പരീക്ഷണ ചിത്രവുമായി അരങ്ങേറ്റം കുറിച്ചത് തന്നെ തെലുങ്കിൽ ആണ്. ആ കഥ  മലയാളത്തിൽ സ്വീകരിക്കുക പ്രയാസം തന്നെ ആയിരിക്കും.


 അങ്ങനെയുള്ള അനുഭവങ്ങൾ കണ്ടറിഞ്ഞ് തന്നെയാവാം സിങ്കപ്പൂർ  ഉള്ള ഒരു കൂട്ടം മലയാളി സിനിമാ പ്രേമികൾ സ്വന്തമായി ഒരു ചിത്രം ആരെയും ആശ്രയിക്കാതെ സ്വന്തം നിലയിൽ നിർമിക്കുവാൻ ശ്രമിച്ചത്.


അവരുടെ നല്ലൊരു   സസ്പെൻസ് ത്രില്ലർ സംരംഭം ആണ് "ഗ്രഹണം".അവർ ചിത്രം മലയാളത്തിൽ തന്നെ ആണ് ഒരുക്കിയത്. ആനന്ദ് പാഗ എന്ന  സംവിധായകനും ജിബു ജോർജ്, ദേവിക എന്നീ നായകനും നായികയും ഒക്കെ പുതുമുഖങ്ങൾ തന്നെ. ആനന്ദ് ,ദേവിക എന്നിവരാണ് സിനിമ നിർമിച്ചതും.



സിംഗപ്പൂരിൽ ഗ്രഹണത്തെ കുറിച്ച് ഗവേഷണം നടത്തുന്ന റോയ് , ടീനയെ വിവാഹം കഴിച്ചു സന്തോഷകരമായ ജീവിതം നയിക്കുമ്പോൾ ആകസ്മികമായ ചില സംഭവങ്ങൾ അവരുടെ ജീവിതം താറുമാറാക്കുന്നു..അത് അന്വേഷിച്ചു കൊണ്ടുള്ള റോയിയുടെ  യാത്ര പല നീഗൂഡതകളും പുറത്തേക്ക് കൊണ്ട് വരുന്നു. മൊത്തത്തിൽ നല്ലൊരു ത്രില്ലർ  അനുഭവം പിന്നീട് അങ്ങോട്ട് നമ്മളെ കൊണ്ടുപോകുന്നു.


തുടക്കകാർ എന്ന നിലയിൽ അഭിനന്ദനീയമാണ് അവരുടെ സംരംഭം. നല്ലൊരു ക്രൈം ത്രില്ലർ തന്നെയാണ് സിങ്കപ്പൂർ ടീംസ് നമുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്..പുതുമുഖങ്ങൾ  ആണ്  ഭൂരിഭാഗം  അഭിനേതാക്കൾ എങ്കിലും ആരും നിരാശപെടുത്തിയില്ല. അഭിനയം ഒരു തപസ്യയാണ് എന്ന് അവർക്ക് നന്നായി അറിയാം.അതിനു തക്കവണ്ണം പ്രകടനം നടത്തിയിട്ടുണ്ട്. നല്ലൊരു ഹോം വർക് അവർ നടത്തിയതായി കാണാം.നമ്മുടെ ചില നടന്മാരും ചിത്രത്തിൽ ഉണ്ട്.


വിനീത് ശ്രീനിവാസൻ അടക്കം പാടിയ മൂന്ന് പാട്ടുകളും ചിത്രത്തിന് നല്ല മൂഡ് സൃഷ്ടിക്കുന്നു. ഒട്ടു മിക്ക രംഗങ്ങളും സിംഗപ്പൂരിൽ ചിത്രീകരിച്ചത് കൊണ്ട് തന്നെ ആ നാടിന്റെ മനോഹാരിത നയൻസ് സുഖം നൽകുന്നുണ്ട്.


പ്ര .മോ .ദി സം

Friday, July 9, 2021

ചതുർമുഖം

 



പ്രേത സിനിമകൾ ഒരിക്കലും ലോജിക് പോക്കറ്റിൽ ഇട്ടു കൊണ്ട് കാണരുത്.അത് നമ്മളെ പീഡിപ്പിക്കാനും സോറി പേടിപ്പിക്കുവാനും രസിപ്പിക്കുവാനും വേണ്ടി മാത്രം ചെയ്യുന്നതാണ്.പിന്നെ ഒരു വിശ്വാസത്തിന്റെ പുറത്ത് എല്ലാം നമ്മൾ വിശ്വസിച്ചത് പോലെ അങ്ങ് കാണുക."അച്ഛാ ദിൻ" വരുമെന്ന് പറഞ്ഞു നമ്മൾ വിശ്വസിച്ചു മോദിയെ വീണ്ടും പ്രധാനമന്ത്രി ആക്കിയില്ലെ...പിന്നെ ആണോ ഇൗ ചീള് കേസുകൾ .


ഊർജ തന്ത്രത്തിൽ , രസതന്ത്രത്തിൽ ഒക്കെ കുറച്ചു വിവരം ഉള്ള തിരക്കഥാ കൃത്തുക്കൾ ആകുമ്പോൾ അവർ " ഡാവിൻ കേജ് " ഒക്കെ പറഞ്ഞു പറഞ്ഞു നമ്മളെ അങ്ങ് വിശ്വാസത്തിൽ എടുക്കും.കുറെ ഉദാഹരണങ്ങൾ നിരത്തി ഇടുമ്പോൾ നമ്മൾ അതിലങ്ങു വീണു പോകും.നിങൾ  ഇതൊക്കെ പ്ലസ് ടു ന്‌ പഠിച്ചതാണ്  എന്ന് പറയുമ്പോൾ മറ്റൊന്നും മറുത്തു ചിന്തിക്കാൻ തോന്നില്ല...നമ്മൾ പഠിച്ചിട്ടില്ല എന്ന് പറയാൻ പറ്റുമോ.



കേരളത്തിൽ "പാലമരം" ഇല്ലാത്തത് കൊണ്ടാണോ വെറ്റിലയും ചുണ്ണാമ്പും ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല പ്രേതങ്ങൾ ഇപ്പൊൾ ഫ്രീഡ്ജിലും മൊബൈലിലും ഫ്രീസറിലും ഒക്കെ ആണ് താമസിക്കുന്നത്.ന്യൂ ജെൻ പ്രേതം ആകുമ്പോൾ എന്തായാലും അങ്ങിനെ ഒരു ഓപ്ഷൻ നല്ലത് തന്നെ."കോൾഡ് കേസ്" കണ്ടു ഫ്രിഡ്ജ് പേടി തുടങ്ങിയത് പോലെ ഇനി മൊബൈൽ ഫോണിനെ കൂടി പേടിക്കേണ്ട ഗതി കേടാണ് ഇപ്പൊൾ...


നല്ല അഭിപ്രായം കേട്ടത് കൊണ്ട് തിയേറ്ററിൽ പോയി കാണണം എന്ന് വിചാരിച്ച സിനിമയാണ് ഇത്. പക്ഷേ അപ്പോഴേക്കും കൊറോണ വന്നു തിയേറ്ററിൽ നിന്നും സിനിമകൾ  പിൻവലിച്ചു.തിയറ്ററിന്റെ സുഖം ഒരിക്കലും ലാപ്പിലോ ഫോണിലോ കിട്ടാത്തത് കൊണ്ട് ഇതും കാണുമ്പോൾ  പലർക്കും നല്ല ഫീൽ കിട്ടാനിടയില്ല.അത് ഒരു നെഗറ്റീവ് റിവ്യൂ പലരിലും ഉണ്ടാക്കിയേക്കാം.



കോർപ്പറേറ്റുകൾ എപ്പോഴും നമ്മുടെ കഴിവുകൾ ഊറ്റി എടുത്ത് ചണ്ടി പരുവം ആകുമ്പോൾ ഉപേക്ഷിക്കും. അല്ലെങ്കിൽ നമ്മുടെ കഴിവിന് വില പറഞ്ഞു  ഏതെങ്കിലും ട്രാപ്പിൽ പെടുത്തും.


അങ്ങിനെ ബുദ്ധിയും കഴിവും ഉള്ള ജീനിയസിനെ ചതിക്കുന്നതിലൂടെ വൻ ലാഭം കൊയ്യാൻ നോക്കിയ ഇൻവെസ്റ്റ്റെ വകവരുത്തി തന്റെ "കണ്ടുപിടിത്തം" കൊണ്ട് രക്ഷപ്പെടുവാൻ ശ്രമിക്കുന്ന ബുദ്ധിമാൻ താൻ കുഴിച്ച കുഴിയിൽ വീണു ഇല്ലാതായപ്പോൾ ലിമിറ്റഡ് എഡിഷൻ ആയ  തന്റെ പ്രൊഡക്ട് ഉപയോഗിക്കുന്നവരെ തേടി പിടിച്ചു  കൊല്ലുന്നതാണ് കഥാസാരം.



മഞ്ജു വാര്യർ, സണ്ണി വെയിൻ,അലൻസിയാർ,ശ്യാമപ്രസാദ്,നിരഞ്ജന,റോണി ഡേവിഡ്,ശ്രീകാന്ത് മുരളി,ഷാജു, നവാസ് വള്ളിക്കുന്ന്,ബാലാജി ശർമ,കലാഭവൻ പ്രജോദ്‌ തുടങ്ങി വലിയൊരു താരനിര തന്നെ ഉണ്ട്.


ഇടക്കിടക്ക് "മൈ ഫോൾട്ട്" ," മൈ ഫോൾട്ട് "എന്ന് അശരീരീ വരുന്നത് നിർമാതാവ് ആയ മഞ്ജു വാര്യരുടെയൊ സംവിധായകരായ രഞ്ജിത്ത് കമല ശങ്കർ,സലിൽ എന്നിവരുടെ ആണോ  അല്ലെങ്കിൽ തിരകഥ ക്കാരുടെ ആണോ  എന്ന് എത്ര ചിന്തിച്ചിട്ടും കിട്ടുന്നില്ല.ആരുടെയോ ഒരു ഫോൾട്ട്‌ മൊത്തത്തിൽ ഫീൽ ചെയ്യുന്നുണ്ട്.



ആദ്യപകുതിയിൽ കാണാൻ നല്ല ലൂക്ക് കൊണ്ടും എനർജി കൊണ്ടും നമ്മളെ മഞ്ജു വാര്യർ കയ്യിൽ എടുക്കുന്നു എങ്കിലും ഒരു മഴ പെയ്തു കഴിയുമ്പോൾ പ്രായം ശരിക്ക് മനസ്സിലാകുന്നുണ്ട്..( മയ്ക്കപ്പിന്റെ ഒരു പവറേ.....) രണ്ടാം പകുതിയിൽ ക്യാമറ ക്ലോസ് അപ്പ് ആകുമ്പോൾ പ്രത്യേകിച്ചും...


കോവിഡിൻെറ കാലത്ത് മൊത്തം സിനിമകളും പ്രേത കഥകളിലേക്ക് ചേക്കേറുന്നത് കൊണ്ട് വീട്ടിൽ എന്തായാലും ഒരു മിനി തിയേറ്റർ പണിയണം..അല്ലേൽ നെഗറ്റീവ് അടിച്ചു കാണുന്നവരെ കൂടി ഇല്ലാതാക്കി എന്ന ചീത്തപ്പേര് വരും


പ്ര .മോ. ദി. സം

Wednesday, July 7, 2021

വേലുകാക്ക ഒപ്പ് കാ...

 



അടൂർ ഗോപാലകൃഷ്ണൻ ഇനി സിനിമ എടുക്കില്ല എന്ന് പറഞ്ഞപ്പോൾ പലതരം ട്രോളുകളും മറ്റും വായിച്ചിരുന്നു..അതിൽ രസകരമായി തോന്നിയത് ചീവിടിനും തവളക്കും ഇനി "ഡബ്ബിംഗ് "പണി ഇല്ലല്ലോ എന്നതാണ്.


പല അവാർഡ് സിനിമകളിലും മുൻപ് തൊട്ടേ  അങ്ങിനെയൊക്കെ തന്നെയാണ് ..കുറെ ചീവിടുകളുടെ ശബ്ദവും പല്ലിയുടെ ഒച്ചയും തവളയുടെ കരച്ചിലും ഒക്കെ കൊണ്ട് പ്രേക്ഷകനെ ബോറടിച്ചു കൊല്ലിക്കും..



പിന്നെ ഉള്ളത് ഇരുട്ടിൽ കൂടുതൽ രംഗങ്ങൾ കാണിക്കുക എന്നതാണ്..സാധാരണ ഇരുട്ടിൽ ടോർച്ച് അടിച്ചു പിടിച്ചാൽ എന്തെങ്കിലും ഒക്കെ കാണാൻ പറ്റും പക്ഷേ സ്ക്രീനിലെ ഇരുട്ടിൽ നമ്മൾ എന്തോന്ന് ചെയ്യാൻ... 


"വേലു കാക്ക  ഒപ്പ് കാ"എന്ന ചിത്രത്തിൽ അത് മുഴുവനായും പിന്തുടരുന്നു ഇല്ല എങ്കിൽ കൂടി ഇരുട്ടിൽ കാണാൻ പറ്റാത്ത കുറെ രംഗങ്ങൾ ഉണ്ടു...കാണികൾക്ക് കാണുവാൻ പറ്റുന്നില്ലെങ്കിൽ പിന്നെ അങ്ങിനത്തെ ഫ്രെയിമുകൾ കൊണ്ട് എന്ത് ഗുണം എന്ന് ചിന്തിക്കുമ്പോൾ ആണ് ടൈറ്റിലിൽ കുറെ അവാർഡ് വാങ്ങി എന്ന് എഴുതി കാണിച്ചത് ഓർമ വന്നത്. അപ്പോ ശരിയായ കീഴ്‌വഴക്കം തന്നെ..



കാക്ക എന്ന് വിളിപ്പേരുള്ള സാധാരണ നാട്ടിൻപുറത്തുകാരൻ  വേലുവിന്റെ മകനെ കാക്കയുടെ മോൻ എന്ന് കൂട്ടുകാർ വിളിച്ചത് കൊണ്ട് വീടുമായി അകലേണ്ടി വരുന്നു.പഠിച്ചു വലിയ നിലയിൽ എത്തി പട്ടണത്തിൽ കുടുംബ സമേതം താമസിക്കുന്ന അവന്റെ വരവിന് വേണ്ടി ഓരോ ഓണക്കാലത്തും വേലുവും ഭാര്യയും കാത്തു നിൽക്കുന്നു എങ്കിലും ഒരിക്കലും അയാൾക്ക് "മനഃപൂർവം" വാക്ക് പാലിക്കുവാൻ കഴിയുന്നില്ല.


കാത്തിരുന്നു മടുത്തപ്പോൾ അവർ ഓണദിവസം തന്നെ  അവന്റെ പട്ടണത്തിൽ ഉള്ള വീട്ടിൽ എത്തുന്നു.  



അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ലാത്ത മകന്റെ ഭാര്യ സ്വന്തം മാതാപിതാക്കളെ പോലെ  വളരെ നല്ല നിലയിൽ അവരെ സ്വീകരിക്കുന്നു  സൽക്കരിക്കുന്നൂ..മക്കളും അപ്പൂപ്പൻ അമ്മൂമ്മയെ വളരെ ഇഷ്ടപ്പെടുന്നു.പക്ഷേ "ജോലി തിരക്കിൽ "മകൻ മാത്രം വരുന്നില്ല.

 മകനെ കാണാതെ  അവർക്ക് കാത്തിരിക്കേണ്ടി വരുന്നു...


എന്നാല് തിരകൊക്കെ ഒഴിഞ്ഞു  പിറ്റേന്ന് മകൻ വന്നപ്പോൾ അവരെ അവിടെ കാണുവാൻ പറ്റുന്നില്ല.ആരും അറിയാതെ അവർ "സ്ഥലം " വിട്ടിരുന്നു. അവിടെ കഥയിൽ ചെറിയൊരു ട്വിസ്റ്റ് ഉണ്ട്...അത് മാത്രമാണ് അല്പം എങ്കിലും ആസ്വദിക്കുവാൻ പറ്റുന്നത്.



കാര്യങ്ങൽ മനസ്സിലായപ്പോൾ "അച്ഛനെയും അമ്മയെയും" അന്വേഷിച്ചു അവനും  കുടുംബവും നാട്ടിലേക്ക് വരുന്നു...പലപ്പോഴും നമുക്ക് നമ്മുടെ മാതാപിതാക്കളെ തിരക്കിനിടയിൽ മനസ്സിലാക്കുവാൻ കഴിഞ്ഞു എന്ന് വരില്ല..തിരക്കുകൾ ഒക്കെ നമ്മൾ തന്നെ ഉണ്ടാക്കുന്നതാണ്.നമ്മൾ ഒന്ന്  വിചാരിച്ചാൽ എത്ര വലിയ  തിരക്കുകൾ പോലും മാറ്റി വെക്കാം.


പ്രായമാകുമ്പോൾ മാതാപിതാക്കൾ മക്കൾക്ക് എങ്ങിനെ ബാധ്യതയാകുന്നു എന്ന് കൂടി ചിത്രം ടൈറ്റിൽ കാർഡിൽ പറഞ്ഞു വെക്കുന്നു എങ്കിലും അതിനു കഥയുമായി വലിയ അടുപ്പം ഒന്നുമില്ല. പ്രായമായ മാതാപിതാക്കളെ മക്കൾ എങ്ങിനെ "ട്രീറ്റ് "ചെയ്യുന്നു എന്നതാണ് ചേരുക.


സത്യൻ  എം എ തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രം കഥ എഴുതി സംവിധാനം ചെയ്തത് അശോക് ആർ ആണ്.ചിത്രത്തിന്റെ ബി ജി എം വിദ്യാധരൻ മാഷ് പാടിയ ഗാനങ്ങൾ എന്നിവ  സിനിമയുമായി ഇഴുകി ചേർന്ന് പോകുന്നുണ്ട്..ഇന്ദ്രൻസ്, ഉമ,സാജു നവോദയ,നസീർ സംക്രാന്തി എന്നിവർ ആണ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്.


എന്തൊക്കെയോ പറയാൻ ശ്രമിച്ചു പഴയ കുറെ സിനിമകളുടെ കാര്യം പറഞ്ഞതായി തോന്നിയാൽ നമുക്ക് എന്ത് ചെയ്യുവാൻ കഴിയും.കിട്ടിയ അവാർഡുകൾ ഒക്കെ എന്തിന് എന്നൊരു ചോദ്യം ബാക്കിയാക്കി സിനിമ അവസാനിക്കുന്നു.


പ്ര. മോ .ദി .സം

Tuesday, July 6, 2021

ചെരാതുകൾ

 



ഒരു ചെറിയ കഥ കിട്ടിയാൽ അത് വലിച്ചുനീട്ടി രണ്ടു രണ്ടര മണിക്കൂർ പ്രേക്ഷകനെ ബോറടിപ്പിക്കുന്ന സിനിമാക്കാർ "ചെരാതുകൾ " ഒരു തവണ എങ്കിലും കാണണം. 


കേരള കഫെ തുടങ്ങി ഇത്തരം പരീക്ഷണങ്ങൾ മലയാളത്തിൽ തുടരെ നടക്കുന്നുണ്ട് എങ്കിലും ഏറെയും പുതുമുഖങ്ങളെ കൊണ്ട് നല്ലൊരു വിരുന്ന് നൽകിയ ഇൗ സിനിമ അഭിനന്ദനീയം.



 കുറെ ചെറുകഥകൾ കോർത്തിണക്കി പല സിനിമകൾ ആക്കിയ  ചിത്രം നല്ല ഫീലിംഗ് തരുന്നുണ്ട്..ആറോളം ചിത്രങ്ങളിൽ നമുക്ക് ഒന്ന് പോലും ബോറടി തരുന്നതില്ല.


വാർദ്ധക്യത്തിൽ ഒറ്റപെട്ട് പോയ ആളുടെ അടുക്കൽ എത്തുന്ന നഴ്സ് അവളുടെ സ്വവർഗ്ഗ പ്രേമ കഥ പറയുമ്പോൾ വൃദ്ധൻ ഓർക്കുന്നത് അയാളുടെ അതുപോലുള്ള  പൂർവകാലവും ...അവളുടെ സന്തോഷകരമായ ജീവിതം അയാളെയും പൂർവ സുഹൃത്തിനെ  തേടുന്നതിലേക്ക് എത്തിക്കുന്നു. 


നർത്തകിയായ സ്ത്രീയുടെ കഥയും പറയുന്നത് നാം നാം ആവുമ്പോൾ മാത്രമേ ഉയരങ്ങളിൽ എത്തുകയുള്ളൂ എന്ന് തന്നെയാണ്.അതിനിടയിൽ നമ്മൾ എന്ത് ചെയ്താലും ഫലം ഉണ്ടാവുകയില്ല.



മയക്കുമരുന്നിന്റെ പ്രലോഭനത്തിൽ സ്വന്തം "കാമുകിയെ" ചതിക്കുവാൻ ഇറങ്ങി പുറപ്പെടുന്ന കാമുകന്റെ കഥ അല്പം നാടകീയത കൂടി പോയെങ്കിലും കഥ തീരുമ്പോൾ എന്തിന് വേണ്ടിയാണ് അതൊക്കെ എന്ന് പ്രേക്ഷകന് ബോധ്യപ്പെടും.


പണത്തിന്റെയും ജാതിയുടെയും അഭിമാന ത്തിന്റെയും  പേരിൽ വേർപെട്ട് പോകുന്നവരെ ഒന്നിച്ചു ചേർക്കുവാൻ നാട്ടിലെ തെ മ്മാടി തന്നെ മുൻകൈ എടുക്കുന്നു.. സിനിമ ചെറുത് ആണെങ്കിലും കൂട്ടത്തിൽ എറ്റവും ഹൃദ്യമായി തോന്നി.


  തന്റെ ബിസിനസ് വഴിയില് തടസ്സമാകും എന്ന് തോന്നിയ പിഴച്ചു പെറ്റ കുഞ്ഞിനെ ഉപേക്ഷിക്കുവാൻ അമ്മ മഠത്തിൽ എത്തിയെങ്കിലും കന്യാസ്ത്രീകൾ നിരാകരിക്കുന്നു .അവിടുന്ന് പുറപെട്ടു പോകുന്ന അമ്മയുടെ ചെയ്തികൾ നമ്മെ ചിന്തിപ്പിക്കും എങ്കിലും സമൂഹത്തിൽ ഇതിലും വലുത് നമ്മൾ കാണുന്നത് കൊണ്ട് ചിന്തകളിലെ യാഥാർത്ഥ്യം ബോധ്യ പ്പെടും.


നമ്മുടെ ചിന്തകള് എത്ര വലുത് ആണെങ്കിലും അത് എത്തി പിടിക്കുവാൻ പറ്റാത്ത അത്ര ദൂരത്ത് ആണെങ്കിലും നമുക്ക് ചുറ്റും ജീവിക്കുന്നവരെ കുറിച്ച് മനസ്സിലാക്കിയാൽ നമ്മുടെ ചിന്തകള് ഒക്കെ ചെറുതാണ് എന്നും അവരെയൊക്കെ സഹായിച്ചാൽ അതിലും ഉയരത്തിൽ എത്താം എന്നും നമുക്ക് മനസ്സിലാവുന്നത് വളരെ ഹൃദ്യമായി പറഞ്ഞിരിക്കുന്ന കഥയും പ്രേക്ഷകനെ രസിപ്പിക്കും.


ആറു സംവിധായകർ തന്നെ ഓരോ കഥയും പറഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ  ആസ്വാദനരുചികളിൽ നല്ല വ്യത്യാസം ഉണ്ട്..


പക്ഷേ  തിയേറ്റർ ബിസിനസ് സാധ്യത തീരെ ഇല്ലാത്തത് കൊണ്ടു ഒ ടീ ടീ പ്ലാറ്റ്ഫോമിൽ ഇങ്ങിനത്തെ ചിത്രങ്ങൾ ഒതുങ്ങി പോകും.ടിവിയിൽ പോലും വന്നെന്നു വരില്ല


പ്ര .മോ .ദി. സം

സാറാ'സ്


 


 ഇൗ കാലത്ത് നമ്മുടെ പെൺകുട്ടികളിൽ ഭൂരിഭാഗവും സ്വന്തം കരിയറിനെ കുറിച്ച് നല്ല ബോധം ഉള്ളവരാണ്.പണ്ടത്തെ പോലെ കല്യാണം കഴിയുന്നത് വരെ പഠിച്ചു പിന്നെ കുട്ടികളെ പ്രസവിച്ച് അവരെയും പരിപാലിച്ചു വീട്ടിൽ ഒതുങ്ങി കളയുന്ന പരിപാടി ഇന്നില്ല.ഇന്നവർ ഏത് മേഖലയിലും തല ഉയർത്തി പിടിച്ചു ജോലി ചെയ്യുന്നു.


എന്നാലും ചിലരുണ്ട് പഠിച്ചതിന്റെ അല്ലെങ്കിൽ പഠിപ്പിച്ചതിന്റെ

" മഹത്വം" അറിയാതെ  അതിനു തക്ക പരിശ്രമം സ്വയം ഉണ്ടാക്കാതെ കൈവെള്ളയിൽ ആരെങ്കിലും എന്തെങ്കിലും നല്ല ജോലി ഇട്ടുകൊടുക്കുമെന്ന പ്രതീക്ഷയിൽ എവിടെ എങ്കിലും ഒതുങ്ങി കൂടി കരിയർ നശിപ്പിക്കുന്നവർ.



പക്ഷേ സാറ അങ്ങിനെ ആയിരുന്നില്ല..അവൾക്ക് ചെറുപ്പം മുതൽക്കേ ഒരു ലക്ഷ്യം ഉണ്ടായിരുന്നു.അതിനു വേണ്ടി എന്തും ചെയ്യുവാനും അവള് ഒരുക്കമായിരുന്നു.അതിനു ചേരുന്ന ഒരു പാർട്ണർ കൂടി ഉണ്ടാകുമ്പോൾ കാര്യങ്ങൽ ഒക്കെ നേർവഴിക്ക് പോകേണ്ടതാണ്.പക്ഷേ മനുഷ്യമനസ്സ് അല്ലെ എപ്പോൾ വേണമെങ്കിലും എവിടേക്കും വേണേലും തിരിഞ്ഞു മറിഞ്ഞ് പോകും.


ധോണി ഉള്ളത് കൊണ്ട് ദിനേഷ്‌കാർത്തിക് ,സാഹ തുടങ്ങി അനേകം പേർക്ക്  പലപ്പോഴും ഇന്ത്യൻ ക്രിക്കറ്റിൽ  സ്ഥാനം കിട്ടാതെ പിന്നിൽ നിൽക്കേണ്ടി വന്നിട്ടുണ്ട്..അത് അവരുടെ കളി മോശം ആയത് കൊണ്ടല്ല ധോണി എന്ന "ബിംബ" ത്തിനു പിന്നിൽ ഒതുങ്ങി പോയതാണ്.



സണ്ണി വെയിൻ എന്ന നടനും മലയാള സിനിമയിൽ ഇൗ ഗതി തന്നെയാണ്."അനുഗ്രഹീത " നടൻ ആയിട്ട് പോലും പല ബിംബങ്ങൾ ക്കു പിന്നിൽ ഒതുങ്ങി പോകുവാ നായിരുന്നൂ വിധി. ഇപ്പൊൾ അത് പയ്യെ പയ്യെ മാറി വരുന്നുണ്ട്.


 ഇപ്പൊൾ ക്യാരക്ടർ തിരഞ്ഞെടുക്കുന്നതിൽ സണ്ണിയെ പോലെ മിടുക്ക് കാണിക്കുന്ന വേറെ നടന്മാർ ഉണ്ടോ എന്ന സംശയം ബാക്കിയുണ്ട്.അടുത്ത് വന്ന സിനിമകൾ മാത്രം കണ്ടു നോക്കിയാൽ മതി.



അന്ന ബെൻ ചുരുക്കം ചിത്രങ്ങൾ കൊണ്ട് മലയാളി മനസ്സിൽ കയറിയ ആളാണ്.അത് നിലനിർത്തി പോകുവാൻ നന്നായി പരിശ്രമിക്കുന്നത് തന്നെയാണ് സാറയുടെ വിജയവും.


ജൂഡ് ആന്റണി വല്ലപ്പോഴും മാത്രമേ സിനിമ ചെയ്യുമെങ്കിലും ചെയ്യുന്ന സിനിമകൾ കാണാൻ കൊള്ളാവുന്ന തന്നെ ആയിരിക്കും.അതിലൊക്കെ ഷാൻ റഹ്മാന്റെ മാന്ത്രിക സംഗീതവും ഉണ്ടാകും. വിനീത് ശ്രീനിവാസനും ഭാര്യയും ഒന്നിച്ചു  ഒരു ചിത്രത്തിന് വേണ്ടി പാടി എന്ന പ്രത്യേകത കൂടി ഇൗ സിനിമക്കുണ്ട്.



ജൂഡ് പറഞ്ഞത് പോലെ സിനിമ നിങ്ങൾക്ക് കൈ എത്തുന്ന അകലത്തിൽ തന്നെയാണ് അതിനു വേണ്ടി പരിശ്രമിക്കണം. കോവിഡ് കാലത്ത് കഥകൾ ആവശ്യപെട്ടു കൊണ്ട് സോഷ്യൽ മീഡിയയിൽ കൂടി പോസ്റ്റിട്ടു കേട്ട മികച്ച കഥകളിൽ ഒന്ന് തന്നെയാണ് ജൂഡ് സിനിമ ആക്കിയത്. അതിലൂടെ പുതിയ ഒരു കഥാകൃത്ത് സിനിമയിൽ എത്തി എന്നത് അഭിമാനം തന്നെ.


അതിലും  കൂടുതൽ ജൂഡി ന് അഭിമാനിക്കാൻ കഴിയുന്നത് വളരെ കാലത്തിനു ശേഷം നല്ല ഒരു മലയാള സിനിമ കൂടി മലയാളികളെ കാണിച്ചു എന്നത് കൂടിയാണ്.


ന്യൂ ജനറേഷൻ സിനിമ എന്ന് നൂറു ശതമാനം പറയാവുന്ന മികച്ച ചിത്രം തന്നെയാണ് സാറാ'സ്..അവസാന രംഗം തന്നെയാണ് ചിത്രത്തിൽ പലർക്കും ഏറ്റവും  അധികം ഇഷ്ടപ്പെട്ടിരിക്കുക.പലർക്കും മുന്നേ  തന്നെ കൊടുക്കേണ്ട  ഒരു "അടി" തന്നെ ആയിരുന്നു അത്.


പ്ര. മോ.ദി. സം

Sunday, July 4, 2021

കിറ്റെക്സ്

 



ഇപ്പൊൾ എല്ലാവർക്കും കിറ്റെക്സ് പൂട്ടിക്കുന്നെ പൂട്ടിക്കുന്നെ എന്ന് പറഞ്ഞു കരയുവാൻ ആണല്ലോ നേരം...കരച്ചിലിൽ  കുറെ കാര്യമുണ്ട്.. കരയേണ്ടത് അത്യാവശ്യവും തന്നെ.കാരണം ഇൗ മഹാമാരി കാലത്ത് തൊഴിലില്ലായ്മ വലിയൊരു പ്രശ്നം തന്നെയാണ്.


ഒരു മുതലാളി താൻ വിചാരിച്ച മാതിരി ബിസിനസ് നടന്നു പോകാതെ വരുമ്പോൾ ന്വായമായും അത് പൂട്ടുവാൻ അയാൾക്ക് അവകാശം ഉണ്ട്..നിയമപരമായി ചെയ്തു തീർക്കേണ്ട കാര്യങ്ങൽ ചെയ്തു തീർത്തതിനു ശേഷം എന്ന് മാത്രം.അല്ലാതെ അവിടെ ഉള്ളവരെ പെരുവഴിയിൽ ഉപേക്ഷിച്ചു പോകുവാൻ അയാൾക്ക് കഴിയില്ല എന്നു മാത്രമല്ല അനുവദിക്കുകയും ഇല്ല.


ബിസിനസ് നടത്തുവാൻ തമിൾ നാട് അയാളെ ക്ഷണിച്ചു എന്നും കേൾക്കുന്നു..ചൂഷണത്തിന് കേരളം പോലെയുള്ള നാടുകൾ ഇനി പറ്റില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട്  വ്യവസായം അവിടേക്ക് പോയിരിക്കും..


ദക്ഷിണ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കേരളത്തെ പോലെ" നിയമങ്ങൾ" കർശന മല്ലാത്തത് കൊണ്ടും ജനങ്ങൾ സംഘടിക്കാത്തത് കൊണ്ട് ട്രേഡ് യൂണിയന്റെ സാനിധ്യം അത്ര ശക്തമല്ലാത്തത്‌ കൊണ്ടും കമ്പനികളും ആസ്തികളും പച്ചപിടിക്കും..തൊഴിലാളികൾ ഉണങ്ങി പോകും എന്ന് മാത്രം.


പ്രഗൽഭനായ ഒരു നേതാവ് ഇന്നലെ പറഞ്ഞ ഒരു കാര്യം കൂടി ഇതുമായി ചേർത്ത് വായിക്കണം. അയാള് ആണെങ്കിൽ ഭരണകക്ഷി പാർട്ടികാരൻ അല്ല സഖ്യ കക്ഷിയുമല്ല എന്തിന് എതിർ ചേരിയിൽ ഉള്ളവനും ആണ്.


"വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ആരംഭിച്ചു കേരളത്തിൽ തന്നെ വളർന്നു പന്തലിച്ചു കോടിക്കണക്കിന് രൂപയുടെ ആസ്തി അതും ഇവിടുന്ന് തന്നെ  ഉണ്ടാക്കി ഇപ്പൊൾ ഒരു പ്രശ്നം വരുമ്പോൾ കേരളത്തെ മൊത്തം അടിച്ചാക്ഷെ പിക്കുന്നത് ശരിയല്ല."


ശരിയല്ലേ...അയാൾക്ക് അയാളുടെ കാര്യം പറയാം..എന്ന് വെച്ച് കേരളം മുഴുവൻ വ്യവസായം നടത്താൻ കൊള്ളില്ല എന്ന് ഇവിടെ നിന്നും കോടീശ്വരൻ ആയ ഒരു മുതലാളി പറയാൻ പാടുണ്ടോ?  



തളിപ്പറമ്പിലെ അല്ലെങ്കിൽ കൊല്ലത്തെ തുടങ്ങും മുൻപ് അധികാരികളുടെ പിടിവാശിയിൽ ഒടുങ്ങേണ്ടി വന്ന വ്യവസായ സംരംഭകർക്ക് പറയുവാൻ അവകാശം ഉണ്ടു...അവർ അതിനു അർഹരുമാണ് .


 വ്യവസായം തുടങ്ങിയ നാടിന്റെ പലതരം സോത്രസ്സുകൾ ഊറ്റി കുടിച്ചു കൊണ്ടും പ്രകൃതിയെ ചൂഷണം ചെയ്തും മനുഷ്യരെ  അടിമപ്പണി ചെയ്യിച്ചും തന്നെയാണ് കിറ്റെക്സ് വളർന്നത്..തൊഴിൽ, വികസനം, മറ്റു വരുമാനങ്ങൾ ഒക്കെ നാടിന് കിട്ടുന്നത് കൊണ്ടു അധികാരികൾ ആദ്യ കാലങ്ങളിൽ കണ്ണടച്ച് കാണും. കാലാകാലങ്ങളിൽ അത് തുടർന്നും കാണും.പക്ഷേ മുതലെടുപ്പും മറ്റും കൂടുമ്പോൾ നാട്ടുകാരും ജീവനക്കാരും പ്രകൃതിയും പ്രതികരിച്ചു എന്ന് വരും.. അപ്പോൾ സർക്കാരിന്  അല്ലെങ്കിൽ രാഷ്ട്രീയക്കാർക്ക് ഇൗ കാര്യത്തിൽ  ഇടപെടാതെ മാറി നിൽക്കുവാൻ കഴിയില്ല. ചിലപ്പോൾ കാരണങ്ങൾ കിട്ടുവാൻ ഒരു കാത്തിരിപ്പും അവർ നടത്തി യിരിക്കും.


അത്രയേ കിറ്റെക്സ് എന്ന സ്ഥാപനത്തിലും നടന്നുള്ളൂ...നാടിനെ സിങ്കപ്പൂർ ആക്കും എന്ന് പറഞ്ഞു തുടങ്ങിയ സ്ഥാപനത്തിന് എതിരെ മുൻപും പ്രദേശികരിൽ നിന്നും പല വിധത്തിലുള്ള ആക്ഷേപങ്ങളും ഉണ്ടായിട്ടുണ്ട്..അപ്പോളൊക്കെ നമ്മുടെ സർകാർ "കിറ്റ്" പരിപാടി ചെയ്തു ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടത് പോലെ അവരും "ന്വായവില" ഷോപ്പിംഗ് കോംപ്ലക്സ് ആരംഭിച്ചു കൊണ്ടും വീട് പരിസരങ്ങൾ  " മൊഞ്ച്" ചെയ്തു കൊടുത്തു കൊണ്ടും ഒരു വിഭാഗത്തെ കൂടെ നിർത്തി.


അങ്ങിനെ വിശ്വസിച്ചു കൂടെയുള്ളവരെ കൊണ്ട് രാഷ്ട്രീയപാർട്ടി ആരംഭിച്ചു..അത് നമ്മുടെ നാട്ടിലെ  മുന്നണികൾക്ക് വലിയ ക്ഷീണമായി... അരാഷ്ട്രീയതയുള്ള അവരുടെ രാഷ്ട്രീയപാർട്ടി അനുദിനം  വളർന്നു തുടങ്ങി..പഞ്ചായത്തുകൾ ഭരണം പിടിച്ചു..അത് ഒന്നിൽ നിന്നും നാല് വരെ എത്തി..ഇനിയും വളർന്നാൽ അത് രാഷ്ട്രീയത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.. അപ്പോ ആർക്കായാലും അവരെ തകർക്കാനും തളർത്തുവാനും തോന്നും.


പഞ്ചായത്ത് ഭരണം പിടിച്ചപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലും ഒരു കൈ നോക്കാം എന്നുള്ള ന്യായമായ അഹന്ത മുതലാളിയും കൂടെ കൊണ്ട് വന്നു .നിയമസഭാ തിരഞ്ഞെടുപ്പ് വരെ പലരും കാത്തു നിന്നു.പക്ഷേ സോപ്പ് കുമിള മാത്രമായിരുന്നു അതെന്ന് മനസ്സിലാക്കിയ എതിർ രാഷ്ട്രീയക്കാർ പണി തുടങ്ങി അവിടെ ഇടതും വലതും ഒന്നിച്ചു നിന്നു.


പിന്നെ അധികാരം ഉപയോഗിച്ച് രാഷ്ട്രീയക്കാർ  പലതും ചെയ്തിരിക്കാം. അതാണല്ലോ വർഷങ്ങൾ ആയി കേരളത്തിൽ നടക്കുന്നത്..പക തോന്നിയാൽ രാഷ്ട്രീയവും അധികാരവും മുന്നിൽ ഇറങ്ങും.


  ലക്ഷകണക്കിന് പേർക്ക് തൊഴിൽ കിട്ടുന്ന മൂവായിരത്തി അഞ്ഞൂറ് കോടി രൂപയുടെ കേരള പ്രോജക്ടിൽ നിന്നും പിൻമാറി സർക്കാരിനെ പ്രതിരോധത്തിൽ നിർത്തി കേരളത്തെ ലോകത്തിന് മുന്നിൽ "അപമാനിക്കാൻ" മുതലാളി മുന്നിട്ടിറങ്ങി.അതിനു പബ്ലിസിറ്റി കൂട്ടുവാൻ മാധ്യമങ്ങളിൽ അന്തി ചർച്ച പതിവാക്കി.


അത് അയാളുടെ പ്രതിരോധം.. ആരും എടുക്കുന്ന അവസാനത്തെ ആയുധം. അത് മൈൻഡ് ചെയ്യണ്ട .ചില വിട്ട് വീഴ്ച നമുക്ക് പറ്റണം...അല്ലെങ്കിൽ കേരളം എന്നും മറ്റുള്ളവരുടെ കണ്ണിൽ രാഷ്ട്രീയ കൊമാളികളുടെ നാട് മാത്രം ആയി പോകും.

അത് കൊണ്ട്  സർകാർ കുറച്ചു വിട്ടുവീഴ്ചകൾ ചെയ്തു ആ പ്രോജക്ട് ഇവിടെ തന്നെ ഉണ്ടാക്കുവാൻ വേണ്ടി മുൻകൈ എടുക്കണം.ലോകത്തിന് മുന്നിൽ കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെ എന്ന് തെളിയിക്കണം. 


അതിലും മുൻപ് സർകാർ ചെയ്യേണ്ട ഒരു കാര്യം സൈബർ സഖാക്കളേ നിയന്ത്രിക്കുക എന്നതാണ് അവരാണ് ഇപ്പൊൾ ഇൗ വിഷയം ആളി കത്തിക്കുന്നത്..അവരുടെ പ്രവർത്തികൾ ആണ് ലോകത്തിന് മുന്നിൽ കേരളത്തെ അടച്ചാക്ഷേ പിക്കുന്നതും..


പ്ര .മോ .ദി .സം

Friday, July 2, 2021

വിശുദ്ധ രാത്രികൾ

 



അവാർഡ് ജേതാവ് ഡോക്റ്റർ എസ് സുനിൽ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച പുതിയ ചിത്രമാണ് വിശുദ്ധ രാത്രികൾ.


സമൂഹത്തിൽ ഒരു സ്ഥാനവും പണവും ഉണ്ടെങ്കിൽ എന്ത് വലിയ പ്രശ്നത്തിൽ നിന്നും നമുക്ക് ഊരി പോരുവാൻ നമ്മുടെ നാട്ടിൽ പലതരം വഴികൾ തുറന്നു കിടക്കുന്നുണ്ട്.അതിൽ പലപ്പോഴും ബലിയാടുകൾ ആകേണ്ടീ വരുന്നത് പാവപെട്ട സാധാരണ ജനങ്ങളും.സമൂഹത്തിലെ ഉന്നതൻ എന്ത് തൊന്ന്യവാസം കാണിച്ചാലും അവന്റെ പേരോ നാടോ മാധ്യമങ്ങൾ ഒഴിവാക്കുന്ന പ്രവണത ഇൗ അടുത്ത കാലങ്ങളിൽ വളരെ കൂടുതലുമാണ്. എന്നാല് സാധാരണക്കാരനാണ് വല്ലതും ചെയ്തതെങ്കിൽ അവന്റെ അപ്പൻ അപ്പൂപ്പൻ മാരുടെ പേരും മേൽവിലാസവും വരെ വെണ്ടക്ക അക്ഷരത്തിൽ വരുകയും ചാനലുകാർ  അവനെ കഴിയും വിധം തേജോവധം ചെയ്യുകയും ചെയ്യും.



അതാണ് ഇന്ന് നമ്മുടെ നാടിന്റെ സ്ഥിതി.പണം വലിയൊരു മാനദണ്ഡം തന്നെയാണ്..അത് കൊണ്ട് പലതരം അധികാരങ്ങളും കയ്യിൽ വരും..നിയമങ്ങൾ വഴിമാറും..


അങ്ങനെയുള്ള അഞ്ച് കഥകൾ ആണ് വിശുദ്ധ രാത്രികളിൽ സംവിധായകൻ പറഞ്ഞു വെക്കുന്നത്.കാമവും ജാതിയും രാഷ്ട്രീയവും അധികാരവും  അടിച്ചമർത്തലും വഞ്ചനയും ഒക്കെ പറയുന്ന വ്യത്യസ്ത കഥകൾ .



വെള്ളിത്തി രയിലെ ചില പരിചിത മുഖങ്ങൾ ഉണ്ടെങ്കിലും മറ്റു പലരും നമുക്ക് അറിയാത്ത ആളുകൾ ആണെങ്കിൽ പോലും സന്ദർഭത്തിന് അനുസരിച്ച് അനായാസം അഭിനയം കാഴ്ച വെച്ചിരിക്കുന്നു.


നമ്മുടെ മുഖത്തിന് നേരെ പിടിച്ച കണ്ണാടി ആയത് കൊണ്ട് തന്നെ ചിത്രം കാണുമ്പോൾ അടുത്ത് നടന്ന പല സംഭവങ്ങളും നമ്മുടെ മനസ്സിലൂടെ കടന്നു പോകും..യാഥാർത്ഥ്യ സംഭവങ്ങളുടെ ഒരു പൊളിച്ചെഴുത്ത് കൂടിയാണ് ഇൗ ചിത്രം.



തിയേറ്റർ റിലീസിൽ വലിയ ഹോപ് പ്രതീക്ഷിക്കാത്ത ചിത്രം ആയത് കൊണ്ട് തന്നെ ഒ ടീ ടീ പ്ലാറ്റ്ഫോമിൽ കൂടുതൽ പേര് ഇൗ ചിത്രം കാണുന്നത് തന്നെ അണിയറക്കാർ വലിയ ആസ്വാശ ത്തോടെ സ്വീകരിക്കും.


പ്ര .മോ .ദി .സം

Thursday, July 1, 2021

കോൾഡ് കേസ്‌

 



കോവിഡ് മഹാമാരി മൂലം രാജ്യം വിറങ്ങലിച്ചു നിന്നിട്ട് ഒരു വർഷം പിന്നിട്ടു.പല തൊഴിൽ മേഖലയും സ്തംഭിച്ചു നിന്നപ്പോൾ  നമ്മുടെ സിനിമ മേഖലയും അതിൽ പെട്ടുപോയി..


എന്നാലും അതിജീവനത്തിന് വേണ്ടി അവരും പറ്റാവുന്ന  ചട്ടകൂടുകൾക്കിടയിൽ നിന്നും സിനിമകൾ ഉണ്ടാക്കി തുടങ്ങി.  കോവിഡ് അല്പം  മാറി പുതു സിനിമകൾക്ക് വേണ്ടി തിയേറ്ററുകൾ തുറന്നു എങ്കിലും മഹാമാരിയുടെ രണ്ടാം വരവ് ചില ചിത്രങ്ങളെ  വീണ്ടും ഒ ടി ടീ പ്ലാറ്റ്ഫോം റിലീസിന് നിർബന്ധിത യായി.



ചില ചിത്രങ്ങൾ തിയേറ്ററിൽ പോയി തന്നെ കാണണം.ഇരുട്ട് മുറിയും ചെറിയ തണുപ്പും സൗണ്ട് സിസ്റ്റവും  പോപ് കോണും ഒക്കെ ആവശ്യപ്പെടുന്ന ചിത്രങ്ങളുണ്ട്..പക്ഷേ ഗതികേട് കൊണ്ട് ഒ ടീ ടീ യില് തന്നെ റിലീസിന് വിധിക്കപ്പെട്ടതു കൊണ്ട് മാത്രം നമ്മുടെ  ആസ്വാദനത്തെ ബാധിക്കുന്ന ചിത്രമാണ് തനു ബാലക് എന്ന പുതുമുഖ സംവിധായകൻ ഒരുക്കിയ കോൾഡ് കേസ്.



എങ്കിലും കോവിഡ് എന്ന മഹാമാരിയെ തിരക്കഥയില്  സമർത്ഥമായി  നവാഗതനായ ശ്രീനാഥ് വി നാഥ് ഉപയോഗപ്പെടുത്തിയത് ശ്രദ്ധേയം.പക്ഷേ മാസ്ക് ഉപയോഗിതർ പരിമിതമായി പോകുന്നത് സംവിധാനത്തിലെ പോരായ്മയാണ്.


യുക്തിയും വിശ്വാസവും പലപ്പോഴും ഏറ്റു മുട്ടാറുണ്ട്.യുക്തിയാണോ വിശ്വാസം ആണോ പലപ്പോഴും ജയിക്കുന്നത് എന്ന് തീർച്ചപ്പെടുത്തി വെക്കുന്നത് പ്രയാസം തന്നെയാണ്.രണ്ടു ഭാഗത്തും ന്യായവും അന്യായവും ഉണ്ടാകും.എന്നാലും ഓരോ ഭാഗത്തും പോയി നിന്ന് ശ്രദ്ധിച്ചാൽ രണ്ടു പേരുടെ ഭാഗത്തും അവർ പറയുന്ന യാഥാർത്ഥ്യത്തിൽ ചേർന്ന് നിൽക്കും.



ഒരു മീൻപിടിത്തകാരന് കായലിൽ നിന്നും കിട്ടുന്ന ഒരു തലയോട്ടി ആരുടേത് എന്നുള്ള അന്വേഷണം പോലിസ് നടത്തുമ്പോൾ സമാന്തരമായി ആത്മാവിലും പ്രേതത്തിലും വിശ്വാസം ഉള്ള ജേർണലിസ്റ്റ് കൂടി നടത്തുമ്പോൾ എന്തൊക്കെ സാമ്യതകൾ ഉണ്ടാകും,ആരാണ് മരിച്ച ആളെയും അതിനു പിന്നിൽ ഉള്ളവരെയും കണ്ടെത്തുക എന്നൊക്കെ പ്രേക്ഷകനിൽ സസ്പെൻസ് സൃഷ്ടിച്ചു കഥ മുന്നോട്ട് പോകുന്നു.



തുടക്കം അല്പസ്വല്പം ഇഴച്ചിലുകൾ കുറ്റാന്വേഷണ കഥയുടെ ഭാഗമാണെന്നും മറ്റും മുൻപ്  കണ്ട പല സിനിമകളിലും നമ്മൾ അനുഭവിച്ചു.അത് ഇവിടെയും തുടരുന്നുണ്ട്..എങ്കിലും നല്ല രീതിയിൽ സസ്പെൻസ് മുന്നോട്ടെക്കു രണ്ടാം പകുതി കൊണ്ടുപോകുന്നു.



പൃഥ്വിരാജ്,അതിഥി ബാലൻ, ആത്മീയ രാജൻ,അലൻസിയർ,അനിൽ നെടുമങ്ങാട്,ലക്ഷ്മിപ്രിയ,സുചിത്ര പിള്ള,രാജേഷ് ഹെബ്ബാർ,മാല പാർവതി തുടങ്ങി നല്ലൊരു താരനിര നല്ലവണ്ണം ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. പ്രകാശ് അലക്‌സിന്റെ സംഗീതവും ചിത്രത്തോട് ചേർന്ന് പോകുന്നത് പുതിയൊരു അനുഭവം ഉണ്ടാക്കുന്നു.


ഇൗ കോവിഡ് കാലത്ത് നമ്മളെ പുളകം കൊള്ളിക്കാൻ ഇൻവെസറ്റിഗേറ്റീവ് ത്രില്ലറിന് കഴിഞ്ഞേക്കും...ആകെ ഒരു പോരായ്മയായി തോന്നുക തിയേറ്റർ അനുഭവം ഇല്ല എന്നത് തന്നെയായിരിക്കും.


ഇപ്പൊൾ ദാഹിച്ചാലും ഒറ്റയ്ക്ക് ആണേൽ തണുത്ത വെള്ളം കുടിക്കാൻ ഫ്രിഡ്ജ് തുറക്കില്ല. ഫ്രിഡ്ജ് കാണുമ്പോൾ എന്തോ ഒരു "ഭയം"....അത്  കൂടി ഇൗ സിനിമ സമ്മാനിച്ചു...ഇടക്ക്  ഇടക്ക് അത് കുലുങ്ങുന്നുണ്ടോ എന്നൊരു സംശയവും ഉണ്ട്‌..


പ്ര.മോ. ദി .സം