Wednesday, August 20, 2014

ചരിത്രം


'അച്ഛാ ..ഈ ഹിസ്റ്ററി ഒക്കെ പഠിച്ചിട്ടു എന്താ ഗുണം ?'

മോനെ അത് പഠിക്കാതെ എങ്ങിനെയാ നമുക്ക് പഴയ കാലത്തെ കുറിച്ച് മനസ്സിലാവുക ...

അതൊക്കെ ശരി തന്നെ ....പക്ഷെ ഈ ബാബറും അക്ബറും ടിപ്പുവും ഒക്കെ ജനിച്ചകൊല്ലവും മരിച്ചകൊല്ലവും ഒക്കെ അറിഞ്ഞിട്ട് എന്ത് കിട്ടാനാ ....

പണ്ട് ഞാന്‍ പലരോടും ചോദിച്ചിട്ട് ഉത്തരം കിട്ടാത്തത് കൊണ്ട് എനിക്കും അതിനു ഉത്തരമില്ലായിരുന്നു

കഥ ; പ്രമോദ് കുമാര്‍ .കെ.പി

Saturday, August 16, 2014

“കമ്പിവേലി .....8943267130”



“സത്യം പറഞ്ഞാല്‍  തടികേടാകാതെ  രക്ഷപെടും ..അല്ലെങ്കില്‍  നീ ജീവനോടെ ഇവിടുന്നു പുറത്തേക്ക്  പോകില്ല “ പോലീസുകാരന്‍  മുരണ്ടു .

“സത്യമായിട്ടും എനിക്ക് ഒന്നുമറിയില്ല സാര്‍ “ അയാള്‍ കെഞ്ചി 

“പിടിക്കപെട്ടാല്‍  എല്ലാവരും ഇങ്ങിനെ തന്നെയാ പറയുന്നത്  ...ശരീരം വേദനിക്കുമ്പോള്‍ കാര്യങ്ങള്‍  എല്ലാം താനേ പുറത്തു വരും ...അത് വേണോ ?സത്യം പറ “

“എനിക്ക്കൊന്നുമറിയില്ല  സാര്‍ ...ഒന്നും ....”

“പിന്നെ നീ എന്തിനാ അവിടെ ആ കൊലയാളികള്‍ക്ക്  പണം കൊടുത്തത് ...?”

“സാറേ എനിക്കറിയില്ലായിരുന്നു അവര്‍ കൊലയാളികള്‍ ആണെന്ന് ....”

“പിന്നെ എന്തിനാട മുന്‍പരിചയമില്ലാത്ത ആള്‍ക്ക്  നീ ഇത്രയും പണം കൊടുത്തത് ...”

“അത് കമ്പിവേലി കെട്ടുവാന്‍ വേണ്ടിയാ ..അതിനു വേണ്ടിയാ ആ നമ്പരില്‍  വിളിച്ചതും ..അവര്‍ പറഞ്ഞതുപോലെ  ആ കടയില്‍  പണം കൊടുത്തതും   ..”


പൊടുന്നനെ കിട്ടിയ അടിക്കു  പൊന്നീച്ച പറന്നു.പോലീസുകാര്‍  അയാള്‍ പറയുന്നതൊന്നും  വിശ്വസിക്കുന്നില്ല .അയാളും കൊലയാളി കൂട്ടത്തിലെ  കണ്ണിയാണ് എന്നാണ്  അവരുടെ വിചാരം അല്ലെങ്കില്‍  അവര്‍ക്ക് എങ്ങിനെയെങ്കിലും അയാളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തണം എന്നതുപോലെയായിരുന്നു പെരുമാറ്റം  ...അറിയാവുന്ന കാര്യങ്ങള്‍ ഒക്കെയും  അയാള്‍ പറഞ്ഞു നോക്കി.ഒരു രക്ഷയുമില്ല .അവര്‍  അതൊക്കെ  അയാളുടെ  രക്ഷപെടുവാനുള്ള നമ്പരായി  കണക്കാക്കുന്നു.ഇതൊക്കെ നമ്മള്‍ എത്ര കണ്ടതാണെന്ന  ഭാവവും. പുതിയ അഭ്യന്തരമന്ത്രി വന്നത് മുതല്‍ നാട് ക്ലീന്‍  ആക്കുവാന്‍ തുടങ്ങിയതാണ്.കൊള്ളപലിശകാരെയും കൊലയാളികളെയും മറ്റു ക്രിമിനലുകലെയുമൊക്കെ അകത്താക്കി കൊണ്ടിരിക്കുന്നു.അതിന്റെ ഭാഗമാണ് ഇതും...


അകത്തേക്ക് കടന്നു വന്ന പോലീസുകാരനൊന്നും ചോദിച്ചില്ല .വന്ന ഉടനെ തന്നെ  അയാളെ എടുത്തിട്ടു പെരുമാരുകയായിരുന്നു.കുറെ കഴിഞ്ഞപ്പോഴാണ്  ചോദ്യങ്ങള്‍ ആരംഭിച്ചത് തന്നെ.പക്ഷെ അയാള്‍ക്ക്‌  പറയുവാന്‍ ഒരേ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ..അത് കൊണ്ട് തന്നെ സത്യം  അറിയുവാന്‍  വേണ്ടി പലരും  അയാളില്‍ കൈതരിപ്പ് തീര്‍ത്തു .ഇനിയും എന്തെങ്കിലും ചെയ്‌താല്‍ അയാള്‍ ചത്തുപോകുമെന്നു പേടിച്ചിട്ടോ  എന്തോ പിന്നെ പോലീസുകാര്‍ അയാളുടെ മേല്‍ ദേഹോപദ്രവം ഒന്ന്മുണ്ടായില്ല..അവശനായി അയാള്‍ ഒരു  മൂലയ്ക്ക് ചുരുണ്ട് കൂടി .അയാളുടെ മനസ്സ് പിന്നിലേക്ക്‌  ഓടിപോയി .

ജീവിതത്തിലെ വലിയ ഒരാഗ്രഹമായിരുന്നു സ്വന്തമായി കുറച്ചു ഭൂമി എന്നത്‌.അത് കഴിഞ്ഞ മാസം സാക്ഷാത്കരിക്കപെട്ടിരിക്കുന്നു .പലരെയുംപോലെ “ആറടി മണ്ണിന്റെ “ജന്മിയായി മാത്രം ജീവിച്ചു മണ്ണിലേക്ക്  മടങ്ങുമെന്ന്  പലപ്പോഴും പേടിചിരുന്നതാണ് .ഓര്മ വെച്ച കാലം മുതല്‍  വാടകവീട്ടിലാണ്.ഒന്നില്‍  നിന്നും മറ്റൊന്നിലേക്ക് അങ്ങിനെ മാറി മാറി ..

എപ്പോഴും മദ്യത്തിന്  അടിമപെട്ടു   കണ്ണുചുവന്നു  കാലിടറി നടക്കുന്ന അച്ഛനും കണ്ണുനീര്‍ ഒരിക്കലും വറ്റാത്ത അമ്മയും ബാല്യത്തിന്റെ  അവകാശങ്ങള്‍  നിഷേധിക്കപെട്ട  ഞാനും മാത്രമുള്ള വീട് ..അച്ഛന്റെ ഈ സ്വഭാവം കൊണ്ട്  പലപ്പോഴും ജോലിയില്‍ നിന്നും സസ്പെന്‍ഷനും  ട്രാന്‍സ്ഫറും ഒക്കെ മുറ പോലെ കിട്ടി കൊണ്ടിരുന്നു.അത് കൊണ്ട് തന്നെ ഒരു വീട്ടിലും അധികം താമസിക്കേണ്ടിവന്നില്ല.ഒരു സ്കൂളിലും അധികം പഠിക്കേണ്ടിയും വന്നില്ല ...പലപ്പോഴും പകുതിക്ക് വെച്ച്  മുറിയുന്ന  ക്ലാസുകള്‍ പള്ളികൂടങ്ങള്‍ . ഒരു തരത്തില്‍ പറഞ്ഞാല്‍  അച്ഛനോടൊപ്പം അമ്മയെയും കൂട്ടി ഊരുചുറ്റല്‍ ....


 അച്ഛനും അമ്മയും പ്രണയിച്ചു കല്യാണം കഴിച്ചവരായിരുന്നു.പക്ഷെ അമ്മയെ വീട്ടുകാര്‍ തള്ളി പറഞ്ഞപ്പോള്‍  അനാഥനായിരുന്ന അച്ഛന്റെ കണക്ക്കൂട്ടലുകള്‍  പിഴച്ചുപോയി.അന്ന് തുടങ്ങിയതാണ്  അമ്മയോടുള്ള വിരോധവും കള്ളുകുടിയും.കുടിച്ചു കുടിച്ചു അച്ഛന്‍ തന്നോട് തന്നെ പ്രതികാരം ചെയ്തു.കരള്‍ നശിച്ച അച്ഛന്‍  ഒരു ദിവസമങ്ങു  പോയി.അച്ഛന്റെ ജോലി കിട്ടിയെങ്കിലും  കുറെ ബ്ലാക്ക്‌ മാര്‍ക്ക്‌  സര്‍വിസ് ബുക്കില്‍  ഉണ്ടായിരുന്നതിനാല്‍  അതിന്റെയൊക്കെ പ്രശ്നങ്ങള്‍  കിട്ടിയ പോസിഷനെയും ബാധിച്ചു.അമ്മയുടെ വറ്റാതെ ഒഴുകി കൊണ്ടിരുന്ന കണ്ണുനീര്‍  എന്നെന്നെക്കുമായി തുടച്ചു മാറ്റണമെന്ന് മാത്രമായിരുന്നു പിന്നെ ലക്‌ഷ്യം.അതൊക്കെ മെല്ലെ ലക്‌ഷ്യത്തിലേക്ക്  അടുത്തുകൊണ്ടിരുന്നു .പക്ഷേ ഒരു ദിവസം സഹപ്രവര്‍ത്തകന്റെ  കല്യാണമാഘോഷിച്ചു  രാത്രിയില്‍  കാലിടറി വന്നത്  അമ്മക്ക് ഒരിക്കലും സഹിക്കാന്‍ പറ്റിയില്ല.കുറെ ഉപദേശിച്ചു ..പക്ഷെ  പലപ്പോഴും സഹപ്രവര്‍ത്തകരുടെ  നിര്‍ബന്ധം വീണ്ടുംവീണ്ടും  ആ വഴിയിലൂടെ  നടത്തിച്ചു.അപ്പോഴൊക്കെ അമ്മയുടെ ഉപദേശങ്ങള്‍  മറന്നു.അമ്മയുടെ കണ്ണുനീര്‍ വീണ്ടും കണ്ടു തുടങ്ങി .



അതുപോലെ ഒരു ആഘോഷം കഴിഞു വൈകിയെത്തിയ  എന്നെ സ്വീകരിച്ചത് ഉത്തരത്തില്‍  തൂങ്ങിയാടുന്ന അമ്മയായിരുന്നു.എന്റെ മദ്യപാനം  തന്നെയായിരിക്കും കാരണം അല്ലെങ്കില്‍ മറ്റൊന്നും ആ കാലത്ത് അമ്മയുടെ മനസ്സ് നോവിചിരുനില്ല.മദ്യപാനം എത്രമാത്രം ഒരു കുടുംബത്തെ ഇല്ലാതാക്കുമെന്ന് അനുഭവിച്ചറിഞ്ഞ  അമ്മ ..ഇനി ഒരു ദുരന്തത്തിനു കൂടി സാക്ഷിയാകുവാന്‍  കെല്പില്ലത്തതുകൊണ്ട്   ആരോടും പറയാതെ യാത്രയായി. ഒരിക്കലും മടക്കയാത്ര ഇല്ലാത്ത ലോകത്തിലേക്ക് .സത്യം അതിനുശേഷം ഇന്നുവരെ ജീവിതത്തില്‍  മദ്യം ഉപയോഗിച്ചിട്ടില്ല.അമ്മയുടെ വലിയ ഒരാഗ്രഹമായിരുന്നു സ്വന്തമായുള്ള ഭൂമിയില്‍  അന്തി ഉറങ്ങണം എന്നുള്ളത് ..പക്ഷെ അമ്മയ്ക്കും പൊതു ശ്മശാനത്തില്‍  സംസ്കരിക്കപെടുവാനായിരുന്നു വിധി.കുറെ ഭൂമിയുള്ള കുടുംബത്തിലെ അവകാശിക്ക് വന്ന ദുര്‍ഗതി.


പിന്നെ ഒറ്റയ്ക്കായിരുന്നു ജീവിതം ..അനാഥനായി .ജോലിയും വാടകവീടും ചുരുക്കം ചില സഹപ്രവര്‍ത്തകരും  മാത്രമുള്ള ലോകം..കല്യാണത്തെ കുറിച്ചൊക്കെ  ചിന്തിച്ച കാലവുമുണ്ടായി.പക്ഷെ അനാഥന്‍  എന്ന ലേബല്‍  പലയിടത്തും പരിഹാസനാക്കി.അതോടെ ആ മോഹം അസ്തമിച്ചു.ഏകനായി  ജീവിച്ചു. മരിക്കുമ്പോള്‍  ഒരു തുണ്ട് ഭൂമി പോലുമില്ലത്തവന്‍ എന്ന ദുഷ്പേര്  മായിച്ചു കളയണമെന്ന് തോന്നി.അമ്മയെയും അച്ഛനെയും പോലെ പൊതുശ്മശാനത്തില്‍  ഇടം പിടിക്കരുതെന്നും ഉറപ്പിച്ചു. അങ്ങിനെയാണ് പണം കൂട്ടിവെക്കുവാന്‍  തുടങ്ങിയത്..പക്ഷെ ഒരിക്കലും ഒരു പിടി മണ്ണ് എന്ന സ്വപ്നത്തിലേക്ക് എത്തിയില്ല.ഭൂമാഫിയകള്‍  തന്റെ സ്വപ്നങ്ങള്‍ക്ക്  വില കൂട്ടുകയായിരുന്നു...എത്തിപിടിക്കുന്നതിലും അകലേക്ക്‌ ....പണം കൂട്ടിവെച്ചു മണ്ണ് വാങ്ങുകയെന്നത്  നടപ്പില്ലാത്ത സ്ഥിതിയായത് കൊണ്ടാണ് “ലോണ്‍  “എന്ന മാര്‍ഗത്തിലേക്ക് പോയത്..എന്തായാലും അങ്ങിനെയെങ്കിലും കുറച്ചു ഭൂമിയുടെ ജന്മിയായി.

ഇന്നലെ അവിടെ വെറുതെ ഒന്ന് പോയിനോക്കിയതാണ് .പറമ്പില്‍ ആരൊക്കെയോ കടന്നു കയറി എന്തൊക്കെയോ ചെയ്തു വെച്ചിരിക്കുന്നു.ആകെ കുഴച്ചു മറിച്ചതുപോലെ..കഴിഞ്ഞ ദിവസം കുഴിച്ചിട്ട തെങ്ങിന്‍ തൈകളൊക്കെ നശിപ്പിച്ചിരിക്കുന്നു. അവിടെ കടന്നു കയറി  ആരൊക്കെയോ തേങ്ങയും ഇളനീരും മറ്റും  മോഷ്ട്ടിചിരിക്കുന്നു. കുറെ ഒഴിഞ്ഞ കുപ്പികള്‍ ,ഭക്ഷണത്തിന്റെ അവശിഷ്ട്ടങ്ങള്‍ .പലതിന്റെയും ബാക്കിപത്രം  അവിടിവിടായി കാണുന്നുമുണ്ട്..കന്നുകാലികളൊക്കെ  കടന്നുകയറി ഇഷ്ടം പോലെ മേയുന്നു..പട്ടികൂട്ടങ്ങള്‍ നോക്കി പേടിപ്പിക്കുന്നു.വിളകള്‍  നശിപ്പിക്കുന്നു.കുറെ പിള്ളേര്‍ ക്രികെറ്റ്‌ കളിക്കുന്നു ...തന്നെ കണ്ടപ്പോള്‍  അവര്‍ ഓടി മറഞ്ഞു...പക്ഷെ ഇനിയും വരില്ലെന്ന് എന്താ ഉറപ്പ്..


ശ്രദ്ധിക്കുവാന്‍  ആളില്ല എന്ന് കരുതി  സ്ഥലത്തെ ആള്‍കാരുടെ  പരിപാടിയായിരിക്കും. ..ഇനി അത് വേണ്ട ..എപ്പോഴും  വന്നു  നോക്കുവാന്‍  കഴിഞ്ഞു എന്ന് വരില്ല .അതുകൊണ്ട് അതിനൊരു പ്രോട്ടക്ഷന്‍  കൊടുക്കണം. ചുറ്റിലും മതിലോക്കെ കെട്ടുക എന്നത് ഇപ്പോള്‍ നടക്കുന്ന കാര്യമല്ല.വേറെ എന്തെങ്കിലും ചെയ്യണം.അധികം ചിലവുചെയ്യാതെ .
.
പെട്ടെന്നാണ്  ടെലിഫോണ്‍  പോസ്റ്റിലെ  ആ  മഞ്ഞ ബോര്‍ഡ്‌ മനസ്സിലുടക്കിയത്..

“കമ്പിവേലി .....8943267130”

തേടിയവള്ളി കാലില്‍ ചുറ്റിയതുപോലെ ...അതെ കമ്പിവേലി കൊണ്ട് അതിരുകള്‍  ഉണ്ടാക്കാം.കൂടുതല്‍ സുരക്ഷിതമായിരിക്കും.കന്നുകാലികള്‍  പോലും അകത്തു കടക്കില്ല.ഇപ്പോള്‍ തന്നെ വിളിച്ചു പറയാം .ഈ കാലത്ത് ജോലികാരെ കിട്ടുവാനുള്ള വിഷമം വീട്ടുടമസ്ഥന്‍ പറഞ്ഞറിയാം.അത് കൊണ്ടാണല്ലോ പൊട്ടിയ  കക്കൂസിന്റെ വാതില്‍  ഇനിയും ശരിപെടുത്താത്തത്.
 

“ഹെലോ ...കമ്പിവേലി? “

“അതെ “ മറുപുറത്തു പരുക്കന്‍  ശബ്ദം.”

“ഒരു ഓര്‍ഡര്‍  ഉണ്ട് ..”

“സ്ഥലം ..?”

“അതെ സ്ഥലമാണ് ....”

“എവിടെയാന്ന ചോദിച്ചത്  ....?”ശബ്ദം കൂടുതല്‍ പരുക്കനായോ ?

“..കുരുംതോട്  അങ്ങാടിക്കു അടുത്താ “

“മുഴുവനും കെട്ടണമോ അതോ പകുതിയോ ?”

“മുഴുവനും ..ഒന്നും ബാക്കിവെക്കരുത് ...”

“പെട്ടെന്ന്  കഴിയില്ല ..ടൂള്‍സ്‌  ഒക്കെ പുറത്താണ് ..പിള്ളാരും  ”

“എന്തായാലും ഒരാഴ്ചക്കുള്ളില്‍  ചെയ്യണം ..അത്രക്ക് ഉപദ്രവം ഉണ്ട് ..അതുകൊണ്ടാ “

“ഓക്കേ.. ടൂല്സും പിള്ളാരും വന്നാല്‍  പെട്ടെന്ന്   ഫിനിഷ്‌ ചെയ്തുതരാം ..മുഴുവന്‍ ആണെങ്കില്‍  റിസ്ക്‌ ഇല്ല .പെട്ടെന്ന് തീര്‍ക്കാം .”
“ഒന്ന്  കാര്യമായി ബന്ധവസ്ഥാകണം ...പിന്നെ ഒരു ഉപദ്രവവും ഉണ്ടാകാന്‍ പാടില്ല “

“ഓക്കേ  തീര്‍ച്ചയായും അടുത്ത ആഴ്ചക്കുള്ളില്‍  തീര്‍ത്തു തരാം ... ഒരു കാര്യം ചെയ്യ് ...ഫോട്ടോയും അഡ്വാന്‍സ്‌ ആയി പത്തായിരവും വാഹിദിന്റെ കടയില്‍  ഏല്‍പ്പിക്കുക “

“വാഹിദോ ?അതാര ..?”

“കുരുംതോട്  എന്നല്ലേ പറഞ്ഞത് ...അവിടെ അങ്ങാടിയില്‍ എല്ലാവര്ക്കും അറിയാം ..”

“ഈ ഫോട്ടോ എന്തിനാ ..നേരിട്ട് ഞാന്‍  തന്നെ കാണിച്ച്  തന്നാല്‍ പോരെ ?”

‘നമ്മള്‍  തമ്മില്‍ പരസ്പരം കാണില്ല ...എന്നാലും പറഞ്ഞ സമയത്ത് പണി തീര്‍ത്തിരിക്കും  ...ബാക്കി പണം പണി കഴിഞ്ഞു ..അതും അവിടെ തന്നെ ഏല്പിച്ചാല്‍  മതി .പണി കഴിഞ്ഞാല്‍  ഞാന്‍ വിളിക്കും “

“നമ്മള്‍  പരസ്പരം കാണാതെ .....? പകല്‍ അല്ലെ പണി നടക്കുക ?”
“അതൊന്നും പറയുവാന്‍ പറ്റില്ല ..ചിലപ്പോള്‍ പകല്‍ ചിലപ്പോള്‍ രാത്രി ..അതൊന്നും നിങ്ങള്‍ അന്വേഷിക്കണ്ടാ ...പണി നടത്തിയിരിക്കും..വൃത്തിയായി തന്നെ ” അപ്പുറത്ത് ഫോണ്‍ കട്ടായി.


ഈ പണികാരുടെ ഓരോ കാര്യം .പണി സ്ഥലം വന്നു നോക്കുവാന്‍ പോലും സമയമില്ല.അതിന്റെ ഫോട്ടോ കൊത്തയക്കണം പോലും .ആവാം ..അയാള്‍ തന്റെ മൊബൈലില്‍  സ്ഥലത്തിന്റെ ഫോട്ടോ എടുത്തു .അത്  പ്രിന്റാക്കി  നാളെ കൊടുക്കാം .പണം ഇന്ന് തന്നെ ഏല്‍പ്പിക്കാം അല്ലെങ്കില്‍ അവര്‍  പണി തുടങ്ങാന്‍ വൈകിയാലോ ? എ .റ്റി.എമ്മില്‍  കയറി  പണവും പിന്‍വലിച്ചു വാഹിദിന്റെ കടയും അന്വേഷിച്ചു ചെന്ന്.

പണം  വാഹിദ്‌  എന്ന കടക്കാരനെ ഏല്‍പ്പിച്ചു കൊണ്ട് പറഞ്ഞു 
..
“കമ്പിവേലിയുടെ ഓര്‍ഡര്‍  ആണ് .....ഫോട്ടോ ഇന്ന് കൊണ്ടുവന്നില്ല  നാളെ കൊണ്ടുവന്നു തരാം  .ഇന്ന് അഡ്വാന്‍സ്  പിടിക്കുക .അത്  മാത്രം ലേറ്റ്  ആക്കുനില്ല .ഇവിടെ ഏല്‍പ്പിക്കാന്‍  ഫോണ്‍ വിളിച്ചപ്പോള്‍  മേസ്ത്രി പറഞ്ഞു “

പറഞ്ഞു തീര്നില്ല ..രണ്ടുമൂന്നുപേര്‍ ചുറ്റും വന്നു നിന്നത്  അറിഞ്ഞു.പടക്കം പോട്ടിയതുപോലെ തോന്നിച്ചു മുഖമടച്ചു കിട്ടിയ അടി. പിന്നെ  തൂക്കിപിടിച്ചു  അവിടെ വന്നു  പാര്‍ക്ക്‌ ചെയ്ത ജീപ്പിലെക്കിട്ടു .കൂടെ കടക്കരനെയും.പോലീസ്  ആണെന്ന് മനസ്സിലായത്‌ ജീപ്പിലെ ബോര്‍ഡ്‌  കണ്ടപ്പോഴാണ്
 .
സംഭവം കഴിഞ്ഞു ഇപ്പൊ രണ്ടു ദിവസമായികാണും.കുറച്ചു വെള്ളം ഒഴിച്ച്  ഇതുവരെ കഴിക്കുവാന്‍ മറ്റൊന്നും തന്നതുമില്ല .വിശപ്പുകൊണ്ടും വേദന കൊണ്ടും അയാള്‍  പുളഞ്ഞു.പോലീസ് അടിയുടെ ആധിക്യം കൊണ്ട്  ശരീരം വിറക്കുന്നു..ചിലപ്പോള്‍  ബോധം പോകുന്നു.വാഹിദ് എന്ന കടക്കാരനെ വേറെ ഏതോ സ്ഥലത്തേക്ക്  മാറ്റി.അയാളെയും ചോദ്യം ചെയ്തു വരികയാണെന്ന് അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലാക്കി...

ബോധം വീണപ്പോള്‍  ആശുപത്രിയില്‍ ആണെന്ന് മനസ്സിലായി.ചുറ്റിലും പോലീസുകാര്‍ ആയിരുനില്ല ഉണ്ടായിരുന്നത് സഹപ്രവര്‍ത്തകര്‍ ..ഒന്നും മനസ്സിലാകാത്തത് പോലെ അയാള്‍ കണ്ണുമിഴിച്ചു. പ്യൂണ്‍ നാസര്‍ വന്നു അടുത്തിരുന്നു കൊണ്ട് പറഞ്ഞു.

“പേടിക്കാനൊന്നുമില്ല ..പോലീസുകാര്‍ക്ക്‌  ആളെ മാറിയതാ ...ഈ "കമ്പിവേലി" എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ക്വട്ടേഷന്‍  ടീമാണ്.അവരുടെ പരസ്യം മാന്യമായി കൊടുക്കാന്‍ പറ്റാത്തതുകൊണ്ട്  അവര്‍ ഇപ്പൊ അങ്ങിനെയാ ഫോണ്‍ നമ്പര്‍  കൊടുക്കുന്നത്... ഇതൊന്നുമറിയാതെ സാര്‍ അവരുമായി കരാര്‍ ഉറപ്പിക്കുന്നത് കണ്ടതുകൊണ്ടാണ്  പോലീസ് പോക്കിയത്.അവര്‍ക്ക് വാഹിദിനെ മുന്‍പുതന്നെ സംശയം ഉണ്ടായിരുന്നു .തെളിവിനുവേണ്ടി അവര്‍ കുറച്ചു ദിവസമായി  ആ അങ്ങാടിയില്‍ കറങ്ങി നടക്കുകയായിരുന്നു,അപ്പോളാണ് സാറ് അവരുടെ തെളിവായത്.ഇവിടെ ഇപ്പൊ രണ്ടു ദിവസമായി .നാളെ ഡിസ്ചാര്‍ജ്  ചെയ്യുമായിരിക്കും .ബോധം തെളിയട്ടെ പറയാമെന്ന ഡോക്ടര്‍  പറഞ്ഞത്.”


അയാള്‍ ഒന്നും മിണ്ടിയില്ല ...അയാള്‍ കണ്ണുകള്‍  ഇറുകെ അടച്ചു...ഡോക്റ്ററെ കണ്ടിട്ട്  വരാം എന്ന് പറഞ്ഞു നാസര്‍  പോയപ്പോള്‍  അയാള്‍ മെല്ലെ കിടക്കവിട്ടഴുനേറ്റു..ശരീരത്തിലെ വേദനകള്‍ അയാള്‍ മറന്നു .പോലീസില്‍  നിന്ന് കിട്ടിയ അപമാനവും .ആരെയും ശ്രദ്ധിക്കാതെ മെല്ലെ പുറത്തേക്കിറങ്ങി.അയാള്‍ യാത്ര അവസാനിപ്പിച്ചത്  മദ്യഷോപ്പിലായിരുന്നു.ജീവിതത്തില്‍ ഒരിക്കലും പോകരുതെന്ന് കരുതിയിടത്തു വീണ്ടും എത്തിചേര്‍ന്നിരിക്കുന്നു. ശരീരത്തിലെയും മനസ്സിലെയും  വേദന  കഴുകി കളയുവാന്‍  മനുഷ്യര്‍  കണ്ടുപിടിച്ച വിഷപാനീയം .സമയമേറെ കഴിഞ്ഞപ്പോള്‍ അനുസരണയില്ലാത്ത കാല്‍ വെപ്പുകളോടെ അയാള്‍ പുറത്തേക്കിറങ്ങി...വേച്ച് വേച്ച്   നടന്ന അയാളുടെ കണ്ണില്‍  ടെലിഫോണ്‍  പോസ്റ്റിലെ "മഞ്ഞ ബോര്‍ഡ്‌" ഉടക്കി. അയാളില്‍ അത്  വല്ലാത്തൊരു  ഭീതിയുണ്ടാക്കി. കണ്ണുകള്‍  ഇറുക്കിയടച്ചുകൊണ്ട്  അയാള്‍ തല താഴ്ത്തി  മുന്നോട്ടേക്കു നടന്നു.. വഴി നിശ്ചയമുണ്ടായിരുനില്ല ..ലക്ഷ്യമില്ലാതെ അയാള്‍ മുന്നോട്ടേക്ക് നടന്നു ...വഴിയരികിലെ  പോസ്റ്റിലെ അനേകം മഞ്ഞബോര്‍ഡുകള്‍  അയാളെ കടന്നുപോയെങ്കിലും അതൊന്നും അയാള്‍ കണ്ടില്ല ..കാലിടറി കടന്നുപോകുമ്പോള്‍  തട്ടിയകറ്റിയവരുടെ പ്രാകലും  അയാള്‍ കേട്ടില്ല ....
അയാള്‍ വേറെയേതോ ലോകത്തായിരുന്നു 


കഥ :പ്രമോദ്‌ കുമാര്‍.കെ.പി 
ചിത്രങ്ങള്‍ :ഇന്റര്‍നാഷണല്‍ വാട്ടര്‍ കളര്‍ഗ്രൂപ്പ്‌
         കേരള വാട്ടര്‍കളര്‍ സോസേറ്റി




Thursday, August 14, 2014

ജയ് ഹിന്ദ്‌ ..

വീണ്ടും ഒരു സ്വാതന്ത്ര ദിനം കൂടി നാം ആഘോഷിക്കുന്നു...അനേകം പേരുടെ ബുദ്ധിയും വിയര്‍പ്പും ചോരയും ജീവനും കൊണ്ട്  നമ്മുടെ  രാജ്യത്തിലെ മാഹാന്മാരായവര്‍  നേടിതന്ന  സ്വാതന്ത്രം . ജാതി മത വര്‍ണ്ണ ചേരി തിരിവില്ലാതെ ഒറ്റകെട്ടായി നിന്നാണ്  നമ്മുടെ പൂര്‍വികര്‍  വിദേശികളെ  ഇവിടെ നിന്നും ഓടിച്ചത്.ഭാരതമെന്ന നമ്മുടെ പരിപാവനമായ രാജ്യത്തെ  അവരുടെ കൈകളില്‍  നിന്നും മോചിപ്പിച്ചത്.അതുവരെ തമ്മിലടിച്ചു വിഭജിച്ചു കഴിഞ്ഞിരുന്ന നാട്ടുരാജാക്കന്മാരെ ഒന്നൊന്നായി തറപറ്റിച്ചാണ് വിദേശികള്‍  ഭാരതത്തിലേക്ക്  കടന്നു കയറിയത്.വിഭജിച്ചു നിന്നാല്‍  നമുക്ക് ഒന്നും ചെയ്യുവാനാകില്ലെന്നു മനസ്സിലാക്കിയ നേതാക്കള്‍  ഒറ്റകെട്ടായി നിന്നത് കൊണ്ടാണ്  നമ്മള്‍  ഇന്നനുഭവിക്കുന്ന സ്വാതന്ത്രം കിട്ടിയത്.
അതിനു ശേഷം ലോകത്തിലെ ഏറ്റവും  വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ വളര്‍ന്നു .ഭാരതം എന്നും മറ്റു രാജ്യങ്ങള്‍ക്ക് അത്ഭുതമായിരുന്നു.അനേകം സംസ്ഥാനങ്ങളും ഭാഷകളും സംസ്കാരങ്ങളും വിഭിന്നമായ ജീവിതരീതിയും കൊണ്ട്  സബന്നമായ നമ്മുടെ രാജ്യം അവര്‍ക്ക് ഒരു മാതൃകയായി

       പക്ഷെ   വര്‍ഷങ്ങള്‍  കഴിഞ്ഞപപോള്‍  രാജ്യം അധികാരമോഹികളുടെ കയ്യില്‍ അകപെട്ടിരിക്കുന്നു.പൊതുപ്രവര്‍ത്തനം എന്നത് ഇന്ന് വലിയൊരു ബിസിനെസ്സ്‌ ആയി മാറിയിരിക്കുന്നു.പണവും അധികാരവും ഉണ്ടാക്കുവാനുള്ള ഒരു എളുപ്പവഴിയായി പലരും അത് ഉപയോഗപെടുത്തുന്നു.അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും അഹങ്കാരം പലയിടത്തും നടമാടുന്നു.എന്തിനും ഏതിനും അധികാരമോഹികള്‍  ജനങ്ങളെ കൊള്ളയടിക്കുന്നു. അവരെ പേടിച്ചും അനുസരിച്ചും കഴിയേണ്ട ഗതികേടിലാണ്  പൊതുജനം.നികുതി പണം കൊണ്ട് അഴിമതി കാട്ടുന്നു.ജനത്തിന് അവകാശങ്ങള്‍  നിഷേധിക്കപെടുന്നു..ഭരണമോക്കെ തോന്നുന്നതുപോലെ ....പിടിക്കപെട്ടാലും രാഷ്ട്രീയകാര്‍ രക്ഷപെടുന്നു .

              സ്വാതന്ത്രം കിട്ടിയതുമുതല്‍  തുടങ്ങിയതാണ് അധികാരമോഹവും .അധികാരമോഹം ഇല്ലായിരുന്നുവെങ്കില്‍  പാകിസ്താന്‍  എന്ന ഒരു രാജ്യമേ ഉണ്ടാകുമായിരുനില്ല..ആ രാജ്യമാണ് ഇന്ന് നമ്മുടെ രാജ്യത്തിന്റെ  സുരക്ഷക്ക്  കൂടുതല്‍  പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നതും നമുക്ക് വിപത്തുകള്‍  ഉണ്ടാക്കുന്നതും  എന്ന സത്യം നമ്മുടെ മുന്നിലുണ്ട്.ചിലരുടെ അധികാരമോഹമോന്നുമാത്രമാണ് നമ്മുടെ രാജ്യത്തെ കീറിമുരിക്കുവാന്‍  പ്രേരണയായത് .


ഒരേഒരു ഇന്ത്യ  ഒരൊറ്റ  ജനത എന്നത്  ഇന്ന്  പലരും മറന്നു പോകുന്നു.ഭാരതീയനെന്നുള്ളത് ഇന്ന് മലയാളിയും,തമിഴനും ,തെലുങ്കനും ,ബംഗാളിയും ഒക്കെ ആയി വേര്പെട്ടിരിക്കുന്നു. സംസ്ഥാനങ്ങള്‍ തമ്മില്‍ പോലും പല കാര്യങ്ങള്‍ക്കും ശത്രുതയുണ്ടാവുന്നു ...പലകാര്യങ്ങള്‍ക്കും കോടതിയില്‍  പോകേണ്ടിവരുന്നു.സംസ്ഥാനങ്ങള്‍ തമ്മില്‍ സ്പര്‍ധ നിലനില്‍ക്കുന്നു.

മതസൌഹാര്‍ദം നിലനിന്നിരുന്ന നമ്മുടെ രാജ്യത്തു ഹിന്ദുവെന്നും  മുസ്ലിമെന്നും  ക്രിസ്ത്യനെന്നും സിക്ക് കാരനെന്നും ചേരി തിരിവുണ്ടായിരിക്കുന്നു..പലരും തന്റെ മതത്തിനുവേണ്ടി   രാജ്യത്തെ മറക്കുന്നു . സ്വാതന്ത്രം ഇന്ന് പലരും മിസ്സ്‌ യൂസ്  ചെയ്യുകയാണ്.അത് കൊണ്ടാണ് നമ്മുടെ രാജ്യത്തു പലപ്പോഴും പലയിടത്തും  അശാന്തി നിലനില്‍ക്കുന്നത്.പലരും വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്നതുപോലെ മഹാന്മാരെ അധിക്ഷേപിക്കുന്നത് 

നമ്മുടെ രാജ്യത്തെ അനീതികളില്‍ നിന്നും ആക്രമണങ്ങളില്‍  നിന്നും മോചിപ്പിച്ചു നല്ല ഒരു ഭാരതം കെട്ടിപടുക്കുക എന്ന  മഹാത്മാക്കളുടെ സ്വപ്നം ഇനിയും സാക്ഷകരിക്കപെട്ടിട്ടില്ല ..അത് ഇനി ഉണ്ടാകുമോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. 

                                    കാരണമുണ്ട് .ഇന്ന് നാം നമ്മിലേക്ക് ഒതുങ്ങി പോകുന്നു,വിശാലമായ ചിന്തകള്‍ ഉണ്ടാകുനില്ല ..ഓരോരുത്തരും അവനവന് വേണ്ടിമാത്രം നിലകൊള്ളുന്നു.നമ്മളുടെ ആത്മസുഖത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍  അപരന്  ദോഷം ചെയ്യുമോ എന്ന് പോലും പലരും  ചിന്തിക്കുനില്ല .. നമ്മുടെ അയല്‍വാസിയുടെ പോലും ജീവിതതിലുണ്ടാവുന്ന ദുഃഖങ്ങളും ദുരന്തങ്ങളും നമ്മളുടെ ജീവിതത്തില്‍  ഒരിക്കലും ഒരു തരത്തിലും ചെറിയ ഒരു നോവ്‌ പോലും ഉണ്ടാക്കുനില്ല ..നമ്മള്‍  നമുക്കുവേണ്ടി മാത്രം സ്വാര്‍ത്തര്‍ ആയിട്ട്  ജീവിക്കുന്നു. എന്റെ ജാതി എന്റെ മതം എന്റെ വീട് എന്റെ കുടുംബം എന്ന് ചിന്തിക്കുന്നതിലേക്ക്  മാത്രം  നമ്മളുടെ പലരുടെയും മനസ്സ് ചുരുങ്ങിപോയിരിക്കുന്നു.

എന്ന് മുതല്‍ നമ്മുടെ മനസ്സ് വിശാലമായി ചിന്തിച്ച് ,എല്ലാവരെയും കൂടപിറപ്പായി കാണുവാനുള്ള വിശാലത  കൈവന്നു  അന്യരുടെ വിഷമങ്ങള്‍ നമ്മളുടെ കൂടി വിഷമമായി കണ്ടു ,അത് പരിഹരിക്കുവാന്‍  കൂട്ടായി പ്രയത്നിക്കുന്ന ഒരു സ്ഥിതിവിശേഷം എന്നുണ്ടാവുമോ  അന്ന് മുതല്‍ മാത്രമേ നമ്മുടെ നാട്ടില്‍  ശാന്തിയും സമാധാനവും ഉണ്ടാകൂ .ആരെയും ഭയക്കാതെ എല്ലാവരെയും  സന്തോഷിപ്പിച്ചു നമുക്ക്  മുന്നോട്ടുപോകുവാന്‍  കഴിയൂ ...അതാണ്‌ യദാര്‍ത്ഥ  സ്വാതന്ത്രം ..അതുവരെ ഉള്ളതൊക്കെ പലതിനെയും ഭയപെട്ടു കൊണ്ടുള്ള ഒരു ജീവിതസഞ്ചാരം മാത്രം .

ജാതിമതവര്‍ണ്ണവര്‍ഗരാഷ്ട്രീയഭേദ്യമെന്നെ എല്ലാവരെയും മനുഷ്യരായി കാണുക ...ഇപ്പോള്‍  മുതല്‍ കണ്ടു തുടങ്ങുക .പരസ്പരം സഹകരിക്കുക ..അത്  ഒരു സമൂഹം മുഴുവന്‍  വ്യാപിപിക്കുവാന്‍  നമ്മളെ കൊണ്ട് സാധിച്ചാല്‍  മഹാത്മാക്കള്‍  സ്വപ്നം കണ്ട സുന്ദരഭാരതം നമുക്ക് എത്രയും വേഗം ഉണ്ടാക്കിയെടുക്കാം

ജയ് ഹിന്ദ്‌ ..ഭാരത്‌ മാതാ കീ ജയ്


-പ്രമോദ്‌ കുമാര്‍ .കെ.പി
photos : യാഹൂ 

Tuesday, July 8, 2014

ഇറാഖിലേക്ക് ഒരു കത്ത്

പ്രിയമുള്ള  ഇറാഖി "ഭീകരന്മാരെ",

 സോറി  അങ്ങിനെ പറഞ്ഞു ശീലിച്ചു പോയതാ ..കാരണം മുസ്ലിമുകൾ  ആരെങ്കിലും ആയുധമെടുത്താൽ  അപ്പോൾ തന്നെ അവരെ പിടിച്ചു നമ്മുടെ  സമൂഹം തീവ്രവാദികൾ ആക്കും.തോക്ക് തന്നെ വേണമെന്നില്ല ലാദനെ പോലെ താടിയും വസ്ത്രവും മാത്രം ധരിച്ച മുസ്ലിം പേര്കാരാൻ ആയാലും മതി...ഇസ്രായേലിലും ചൈനയിലും റഷ്യ, ഉക്രൈൻ എന്നിവിടങ്ങളിൽ നിങ്ങളെ പോലെ നിലനിൽപ്പിനും  സർക്കാർ കൊള്ളരുതായ്മക്കും തോക്കെടുക്കുന്നവരെ നമ്മൾ "ഭീകരർ " എന്ന് വിളിക്കില്ല "വിമതർ " എന്ന് മാത്രമേ വിളിക്കൂ .അതൊന്നും മുസ്ലിം രാജ്യമല്ല അത് കൊണ്ടാ..ഇതൊക്കെ  നമ്മളായി ശീലിച്ചതൊന്നുമല്ല ഇവിടുത്തെ മാധ്യമങ്ങൾ നമ്മളെ ശീലിപ്പിച്ചതാ ..പറഞ്ഞു പറഞ്ഞു പറയേണ്ട കാര്യം വിട്ടു പോയി ..

നിങ്ങൾ പറഞ്ഞയച്ചതിന്റെ  അടുത്തദിവസം തന്നെ നമ്മുടെ നേഴ്സ് മാർ  സുഖമായി ഇവിടെയെത്തി .വന്നിറങ്ങിയത് മുതൽ നിങ്ങളെ കുറിച്ച് അവർക്ക്  നല്ലതേ പറയുവാനുള്ളൂ ..നിങ്ങളുടെ സ്നേഹവും കെയറും ഒക്കെ അവർ വലിയവായിൽ വിളമ്പിയപ്പോൾ കുറെ ദിവസം "കൊടും ഭീകരർ " ആയി നമ്മുടെ മനസ്സിൽ കിടന്നിരുന്ന നിങ്ങൾ പൊടുന്നനെ പലർക്കും ദൈവ പുത്രന്മാരായി.രാവും പകലും ഉറക്കമിളച്ചു ഡൽഹിയിൽ പോയി നമ്മുടെ കുട്ടികളുടെ മോചനത്തിന് ശ്രമിച്ച നമ്മുടെ മുഖ്യമന്ത്രിയും ,അദ്ദേഹത്തെ "സഹായിച്ച "വിദേശകാര്യ മന്ത്രിയുമൊക്കെ പൊടുന്നനെ അങ്ങ് ചെറുതായത് പോലെ ...അല്ലെങ്കിലും ഇവരെ രണ്ടുപേരെയും "ജയ് "വിളിക്കുവാൻ വേണ്ടി മാത്രം അന്നേദിവസം കുറേപേർ പണിക്കൊന്നും പോകാതെ എയർപോർട്ടിൽ തമ്പടിച്ചിരുന്നു ..അവന്മാരുടെയൊക്കെ സഹോദരിമാർ വരുമ്പോൾ പോലും അവിടെപോകാത്തവരാ ..അതുകൊണ്ടാ നമ്മുടെ ഇടയിൽ ഇങ്ങിനെ ഒരു ചെറിയ സംശയം ഉണ്ടായത്. എല്ലാവരെയും "പച്ചക്ക് "കൊന്നു തിന്നുന്ന മാധ്യമപടയും അവിടെ ഉണ്ടായിരുന്നു.

അവര്‍ ഇറങ്ങിയുടനെ" ജയ് "കാര്‍ അവരുടെ നേതാക്കള്‍ക്ക് വേണ്ടിയുള്ള പണി തുടങ്ങിയിരുന്നു.ചാനലുകാര്‍ അവരുടേതും ..നിങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ സഹോദരന്‍മാരെ പോലെ മാത്രമാണ്  സംരക്ഷിച്ചത് എന്ന് പറഞ്ഞപ്പോള്‍ ചാനലുകാര്‍ക്കു കുരുപോട്ടി .കാരണം അവർ പ്രതീക്ഷിച്ചത്  കുറെ കഥകളായിരുന്നു.പിന്നെ ചോദിച്ചത് "നിങ്ങളെ അവര്‍ പീഡിപ്പിച്ചോ ? എന്നാണ് .പീഡനം എന്ന വാക്ക് നമ്മുടെ രാജ്യത്ത് മോശപെട്ടതായത് കൊണ്ട്  ആ കുട്ടികൾ നാണിച്ചു തലതാഴ്ത്തുക മാത്രമാണ് ചെയ്തത്...നിങ്ങളെകാൾ അവരെ കഷ്ട്ടപെടുത്തിയത്  ഈ മാധ്യമപടകൾ തന്നെ ആയിരിക്കണം  ..കുറച്ചു ദിവസമായി ഇവരെയും അവരുടെ കുടുംബത്തെയും പലവിധത്തിൽ അവർ "പീഡിപ്പിക്കുക " തന്നെയായിരുന്നു...അതും മാനസികമായി ...ഇവരൊക്കെ ന്യൂസ്‌ അവറിൽ ചർച്ച നടത്തി അവർ ഇനി തിരികെ വരാൻ പോകുനില്ല എന്ന് പോലും ഇറാക്കിൽ ഉള്ള ഏതോ ഒരു  "ഉണ്ണാക്കനെ " കൊണ്ട് പറയിപ്പിച്ചു കളഞ്ഞു.ആ "തെണ്ടി "പറഞ്ഞത് ഇങ്ങിനെ തടവിൽപെട്ടവരെ ഇതുവരെ ആർക്കും രക്ഷപെടുത്തുവാൻ പറ്റിയിട്ടില്ല എന്നാണ്..ഒന്നുകിൽ കൊല്ലും അല്ലെങ്കിൽ  വിൽക്കും എന്നുവരെ  ഉദാഹരണ സഹിതം  പറഞ്ഞു കളഞ്ഞു.ഇതൊക്കെ കേൾക്കുമ്പോഴും കാണുമ്പോഴും അവരുടെ ബന്ധുക്കൾ അനുഭവിക്കുന്ന മാനസികപ്രയാസങ്ങൾ എത്ര വലുതാണ്‌ എന്ന് മനസ്സിലാക്കുവാനുള്ള ബുദ്ധിപോലും ഇല്ലാത്തവരാണ് നമ്മുടെ മാധ്യമപടകൾ .അവരെ പറഞ്ഞിട്ട് കാര്യമില്ല .സ്വന്തം കുടുംബത്തിൽ ഒന്നുമല്ലല്ലോ  ഈ പ്രശ്നം.

പലരും പറയുന്നതുപോലെ സമ്പാദിക്കുവാൻ വേണ്ടി മാത്രമല്ല ഇവിടുത്തെ കുട്ടികൾ ഇറാക്കിലേക്ക് വണ്ടികയറിയത്‌..കുറെ കുടുംബങ്ങൾ സംരക്ഷിക്കുവാൻ വേണ്ടിയാണ്.ഇവിടെ ഇന്ത്യയിൽ വെള്ളരിപ്രാവുകൾ ,മാലാഖമാർ എന്നൊക്കെ പറയുമെങ്കിലും പണിയെടുക്കുന്നതിന്റെ കൂലി കൊടുക്കുവാൻ ആശുപത്രി മുതലാളിമാർക്ക്  വലിയ വിഷമമാണ്.നക്കാപിച്ചയാണ്  കൊടുക്കുന്നതെങ്കിൽ കൂടി കൃത്യമായി കൊടുക്കുകയില്ല ..കൂടാതെ വിശ്രമമില്ലാതെ രാവും പകലും ഡ്യുട്ടി .അത് അമ്മയുടെ ആശുപത്രിയായാലും, സിസ്റ്റർമാരുടെ ആശുപത്രിയായാലും, ഉപ്പമാരുടെത് ആയാലും ..അവർ ഇതൊക്കെ തന്നെ എല്ലായിടത്തും അനുഭവിക്കണം.ഈ ഫീൽഡിൽ വരുന്ന അധികംപേരും പാവപെട്ട കുടുംബത്തിൽ ഉള്ളവരാണ് അതും കിടപ്പാടം  ബാങ്കിൽ  വെച്ച് ലോണ്‍ ഒക്കെ എടുത്തു പഠിച്ചവർ ..നമ്മുടെ നാട്ടിലെ ആശുപത്രികാർ ഇങ്ങിനൊക്കെ ചെയ്യുന്നതുകൊണ്ട് അവർ വഴിയാധാരമാകും എന്നുറപ്പാണ് .അതില്ലതാക്കുവാൻ വേണ്ടിയാണ്  വരുന്നത് ആപത്തു നിറഞ്ഞ നാട്ടിലാണ് എന്നറിഞ്ഞുകൊണ്ടുതന്നെ അവർ അവിടേക്ക് വന്നത്.പക്ഷെ നിങ്ങൾ തകർത്ത് കളഞ്ഞത് അവരുടെ ജീവിതമാണ് .ഇപ്പോൾ കുറേപേർ സഹായിക്കും അതാക്കും ഇതാക്കും എന്നൊക്കെ പറഞ്ഞു വന്നിട്ടുണ്ട് ,പറഞ്ഞതൊക്കെ ആത്മാർത്ഥമാണെങ്കിൽ അവർ രക്ഷപെടും നിങ്ങൾ കാരണം.അതിൽ അവർക്ക്  നിങ്ങളോട്  നന്ദിയും കടപ്പാടും ഉണ്ടായിരിക്കും .അല്ലെങ്കിൽ ആരും തിരിഞ്ഞു നോക്കാതെ അവർ എങ്ങിനെയെങ്കിലും ജീവിക്കും നിങ്ങളെ ജീവിതകാലം മുഴുവൻ ശപിച്ചു കൊണ്ട് ...ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞാൽ ചാനലുകാർ തന്നെ ചോദിക്കും "ആരാ ഈ നേഴ്സ്മാര്  എന്ന് ."....അതാണ്‌ നമ്മുടെ സമൂഹം .ഇരുട്ടി വെളുക്കും മുൻപ് എല്ലാം മറക്കാൻ അവർ പഠിച്ചിരിക്കുന്നു ..സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങൾ ഒഴിച്ച് .....

അവര്‍  വരുന്നതിനുമുന്‍പുള്ള പത്തിരുപതു മണികൂര്‍ അവരെ മോചിപ്പിക്കുന്നതിന്റെ ക്രെഡിറ്റ്‌ കൈക്കലാക്കുവാന്‍ ഇവിടെ മത്സരമായിരുന്നു,നേതാക്കന്മാര്‍ രാഷ്ട്രീയഭേദ്യമെന്നെ പരസ്പരം പുകഴ്തിയപ്പോള്‍ അണികള്‍ അവരുടെ പാര്‍ട്ടിക്ക് മാത്രം ചാര്‍ത്തികൊടുക്കുവാന്‍ ഒരു വിഫലശ്രമം നടത്തി.അത് കൊണ്ട് ചോദിക്കുകയാ  എന്താണ് അവിടെ സംഭവിച്ചത് ?ഇന്ത്യ യുദ്ധകപ്പൽ ഒക്കെ കാട്ടി പേടിപ്പിച്ചപ്പോൾ നിങ്ങൾ അനുസരിച്ചതാണ് എന്ന് ഒരു കൂട്ടർ ...നിങ്ങൾ ചോദിച്ച പണം കിട്ടിയപ്പോൾ വിട്ടയച്ചതാണ്‌ എന്ന്  മറ്റൊരു കൂട്ടർ ,അതൊന്നുമല്ല ഇന്ത്യൻ പട്ടാളകാർ തന്നെ നിങ്ങളുടെ വേഷത്തിൽ രക്ഷപ്പെടുത്തി എന്ന്  മറ്റു ചിലർ ..ഇന്ത്യൻ നയതന്ത്ര വിജയമെന്ന്  ഗവർമെന്റ് .അതിനിടയിൽ ഒന്നിലും ക്രെഡിട്ടു അവകാശപെടുവാൻ  ഇല്ലാത്തതുകൊണ്ട് രാഷ്ട്രീയം മാത്രം കളിക്കുന്ന ചില പരനാറികളെയും കണ്ടു ..എന്താണ് സത്യം എന്ന് ഞങ്ങൾക്ക്  അറിയണം എന്നുണ്ട് ...ഇന്ത്യയിലെ പൗരന്മാരെ സംരക്ഷിക്കുവാൻ സർകാരിനും എംബസ്സി ഉദ്യോഗസ്ഥർക്കും  താല്പര്യമില്ല എന്ന ചീത്തപേരു മുൻപേ നമുക്കുണ്ട് .ഇത് അവരുടെ നയതന്ത്രവിജയമാണെങ്കിൽ  ആ ചീത്തപേരു മാറ്റി കിട്ടുമല്ലോ ....നിങ്ങളിൽ ആരെങ്കിലുമൊക്കെ ഇപ്പോഴും ജീവിചിരിക്കുന്നുണ്ടാകുമെന്നു കരുതുന്നു ..അങ്ങിനെയെങ്കിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങളെ അറിയിക്കണം .അല്ലെങ്കിൽ ദിനംപ്രതി എട്ടുകാലി മമ്മൂഞ്ഞുമാർ കൂടികൊണ്ടിരിക്കും..ഇതൊക്കെ നമ്മൾ എത്ര ചെയ്തതാണ് എന്ന മട്ടിൽ ..

വാൽകഷ്ണം : ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ നന്മനിറഞ്ഞ മനസ്സുകൾക്കും നമോവാകം..പക്ഷെ ക്രെഡിറ്റ് അവകാശപെട്ട്  കൊണ്ടുള്ള  ചിലരുടെ പ്രവർത്തനങ്ങൾ കാണുമ്പോൾ പറയാതെ വയ്യ ....സോറി

-പ്രമോദ് കുമാർ .കെ.പി

Saturday, June 28, 2014

ശരിക്കും ഞാന്‍ ചമ്മി പോയെ ....

മറവി എന്നെ പലപ്പോഴും വെട്ടിലാക്കിയിട്ടുണ്ട് .മറവി തന്നെയാണ് എനിക്ക്  കൂടുതല്‍ ശിക്ഷ വാങ്ങി തന്നതും.സ്കൂളില്‍ പഠിക്കുമ്പോള്‍ പുസ്തകം,പേന ,കുട .ലഞ്ച് ബോക്സ്  എന്നിവ മറവി കാരണംനഷ്ട്ടപെട്ടിട്ടുമുണ്ട് .ചിലതൊക്കെ തിരിച്ചു കിട്ടുമെന്കിലും പലതും എന്നില്‍നിന്നും എന്നന്നേക്കുമായി അകന്നുതന്നെ പോയിരുന്നു.അങ്ങിനെ ഒരു സ്കൂള്‍ കാലം.നഷ്ട്ടപെടുത്തിയ കുടയ്ക്ക് പകരം മുന്നറിയിപ്പോടെ  അച്ഛന്‍ പുത്തൻ കുട വാങ്ങി തന്നു .



"ഈ കുട കൂടി നഷ്ട്ടപെടുത്തിയാൽ ഈ കൊല്ലം നീ മഴ നനഞു സ്കൂളിൽ പോകേണ്ടി വരും..വേറെ പ്രതീക്ഷിക്കണ്ടാ "

അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധ കുടക്കുകൊടുത്തു.അങ്ങിനെ ദിവസങ്ങൾ ആ കുട എന്നെ മഴയിൽ നിന്നും രക്ഷിച്ചു കൊണ്ടിരുന്നു.ഒരു ദിവസം സ്കൂളിൽ നിന്നും ഇറങ്ങുവാൻ വൈകിയതുകൊണ്ട്  വീട്ടിലേക്കുള്ള ബസ്സിനു തിരക്ക് പിടിച്ചു പോകുകയായിരുന്നു..പകുതിയിൽ കൂടുതൽ  ദൂരം പിന്നിട്ടിരിക്കും ,അപ്പോളാണ് കുട എടുക്കാത്ത കാര്യം ഓർമ വന്നത് ...കിട്ടാവുന്ന വഴക്കും ,ഈ കൊല്ലം എന്നിലേക്ക്‌ പെയ്തിറങ്ങി  വിഷമിപ്പിക്കുന്ന മഴയും ഓർത്തപ്പോൾ തിരിച്ചു സ്കൂളിലേക്ക് തന്നെ നടന്നു .ഗേറ്റ് കടന്നിരിക്കില്ല അപ്പോഴാണ് ബോധോദയം ഉണ്ടായത്...
ചാറ്റൽ മഴ കാരണം കുട തുറന്നു പിടിച്ചു കൊണ്ടാണ്  എൻറെ യാത്ര ....സ്വയം ചമ്മിപോയ ഞാൻ ചമ്മൽ കൊണ്ടുതന്നെ ഈ കാര്യം ഇന്നുവരെ  ആരോടും പറഞ്ഞില്ല.

ജീവിതത്തിലുണ്ടായ അക്കിടിക്ക്  നിങൾ സമ്മാനം തരുമെന്ന് പറഞ്ഞതുകൊണ്ട് മാത്രം എനിക്ക് പറ്റിയ അക്കിടി നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു എന്ന് മാത്രം ..

-പ്രമോദ്‌ കുമാര്‍ .കെ.പി
(ഫേസ് ബുക്ക്‌ "സൌഹൃദ തണല്‍ " കൂട്ടായ്മ നടത്തിയ "അക്കിടി " മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച അക്കിടി )

Friday, June 13, 2014

കാലന്‍

അവന്റെ പോക്ക് കണ്ടപ്പോള്‍ മനസ്സില്‍ ചോദിച്ചതാ
"എവിടെക്കാട, നിന്റെ അമ്മക്ക് വായുഗുളിക വാങ്ങുവാനാണോ എന്ന് "
പക്ഷെ വിളിച്ചുകൊണ്ടുപോയത് കാലനാനെന്നു കുറച്ചുദൂരം ചെന്നപ്പോള്‍ മനസ്സിലായി


കഥ  :പ്രമോദ്‌ കുമാര്‍ .കെ.പി

Thursday, June 12, 2014

ശേഷം ...

"ഈ അവധികാലം നീ ഇവിടെത്തന്നെ  നിന്നാല്‍ മതി നാട്ടിലേക്ക് പോകണ്ട ..."

"ഞാന്‍ പോകും ....എനിക്ക്  അമ്മൂമ്മയെ കാണണം .നിങ്ങള്‍ ഒക്കെ ആ പാവത്തിനെ എന്തിനാ ഒറ്റപെടുത്തുന്നത്.?തെറ്റ്  ചെയ്തെങ്കിൽ അത് അപ്പൂപ്പനല്ലേ..അതിനു അമ്മൂമ്മയെ ... ?"

അച്ഛന്‍ ഒന്നും മിണ്ടിയില്ല .അച്ഛന് മിണ്ടാന്‍ കഴിയുമായിരുനില്ല.അങ്ങിനത്തെ സംഭവം ആണല്ലോ കുടുംബത്തില്‍  ഉണ്ടായിരിക്കുന്നത്.പൊതുവേ അച്ഛന്റെ കുടുംബവുമായി യോജിക്കുവാന്‍ കഴിയാത്ത അമ്മക്ക്  ഇത്  നല്ല ഒരു ആയുധമായി കിട്ടി.അവരുമായി അകലുവാന്‍ നല്ല ഒരു കാരണവും...അച്ഛന്റെയും കുടുംബത്തിന്റെയുംപണത്തോടു  മാത്രമാണ്  അമ്മയ്ക്ക്  സ്നേഹം ഉണ്ടായിരുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട് .

അമ്മയുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് പുറപ്പെട്ടത്‌.വരാതിരിക്കുവാന്‍ കഴിയുമായിരുനില്ല .അപ്പൂപ്പന്‍ അങ്ങിനെ ഒന്നും ചെയ്യില്ല എന്ന് നിശ്ചയമുണ്ട് ..എന്നാലും ഇപ്പോഴത്തെ പത്രവാര്‍ത്തകള്‍ ഒക്കെ കാണുമ്പോള്‍ വിശ്വസിച്ചു പോകുന്നു.എന്തായാലും സത്യം അറിയണം.അതിനാണ്  ഈ യാത്ര. കേട്ടത്  സത്യമാണെങ്കിൽ ഇനി ഈ നാട്ടിലേക്കില്ല .

 കഴിഞ്ഞ കുറെ അവധികാലം എന്ത് രസമായിരുന്നു.അപ്പൂപ്പനും അമ്മൂമ്മയും ഞാനും മഞ്ജുവും ഒക്കെ ...ശരിക്കും എന്ജോയ്‌  ചെയ്തു...പൊതുവേ നാണം കുണുങ്ങിയായ മഞ്ജുവിന് എന്റെ മുന്നില്‍ മാത്രം നാണമില്ല..ശരിക്കും നല്ല ഒരു സുഹൃത്ത്‌..കാരണമുണ്ട് ചെറുപ്പം മുതല്‍ ഒന്നിച്ചു കളിച്ചു വളര്‍ന്ന പെണ്ണ് ..അവധികാലം എപ്പോഴും ഒന്നിച്ചു...കത്തിലൂടെയും ഫോണിൽ  കൂടെയും വളർത്തുന്ന സൌഹൃദം .നാട്ടിലെ  നന്മ തേടി , അതനുഭവിക്കുവാന്‍ എല്ലാ അവധികാലത്തും  താൻ  പറന്നു വരുന്നു..അവളുടെ വീട്ടുകാര്‍ക്കും ഞാന്‍ കണ്ണിലുണ്ണിയായിരുന്നു.സുഹൃത്തിനെ മകന്‍ എന്നതിലുപരി അവര്‍ക്ക് എന്നോട്  നല്ല സ്നേഹമായിരുന്നു..ആ വീട്ടിലെ അംഗം പോലെ തന്നെ ..

നാട്ടില്‍ ഇറങ്ങിയപ്പോള്‍ തന്നെ സംഭവത്തിന്റെ  ആഴം മനസ്സിലായി.അപ്പൂപ്പന്റെ  കൊച്ചുമോന്‍  എന്നനിലയില്‍  മുന്‍പ്  ലഭിച്ചിരുന്ന സ്നേഹം നഷ്ട്ടപെട്ടതു  പലയിടത്തു നിന്നും അനുഭവിച്ചു.എല്ലായിടത്തും പുച്ഛം നിറഞ്ഞ നോട്ടം ,അവഗണന ...അപ്പൂപ്പനെ വലിയ മനുഷ്യനായി ആരാധിച്ചിരുന്ന ഒരു നാടിനു മുന്നില്‍ ഈ സംഭവത്തോടെ തകര്‍ന്നു വീണത്‌ വലിയൊരു പ്രതിഷ്ട്ടയായിരുന്നു...വീഴ്ചയുടെ ആഘാതവും പലര്‍ക്കും  താങ്ങാൻ പറ്റാത്തതായിരുന്നു .

തറവാട്ടില്‍ എത്തിയപ്പോള്‍  ഇടതുവശത്തുയര്‍ന്നു നില്‍ക്കുന്ന വലിയ മതില്‍ ശ്രദ്ധയില്‍ പെട്ടു..മഞ്ജുവിന്റെ വീടാണ്  അപ്പുറം.തമ്മില്‍ കാണുവാന്‍ വയ്യാത്ത വിധം മറച്ചിരിക്കുന്നു.എത്ര സന്തോഷത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളായിരുന്നു ...ഇപ്പോള്‍ ശത്രുക്കള്‍  ?ആ വീട്ടില്‍ മഞ്ചു ഇന്നില്ല ഇവിടെ അപ്പൂപ്പനും..എന്നാലും അപ്പൂപ്പന് എങ്ങിനെ തോന്നി ഇത്ര ക്രൂരത ആ കൊച്ചിനോട് ചെയ്യുവാൻ .....അപ്പൂപ്പന്‍ ഇത്ര ക്രൂരനായിരുന്നുവോ ?

വടക്കേ ഇന്ത്യയിലെ  ജോലി വിട്ടു നാട്ടിൽ  സെറ്റിൽ  ചെയ്തത്  തൊട്ടു നന്മയുടെയും നീതിയുടെയും കൂടെയാണ് അപ്പൂപ്പന്‍ എന്നും നിന്നിരുന്നത് ..നാട്ടുകാര്‍ക്ക് വേണ്ടി എന്തിനും കൂടെ നില്‍ക്കുന്നയാള്‍ ...എന്ത് സഹായത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്നയാള്‍ .പക്ഷെ അപ്പൂപ്പന്‍ മഞ്ചുവിനോട് അനീതി ചെയ്തു ...കൊച്ചു മകളുടെ പ്രായമുള്ള മഞ്ചുവിനെ .....അയാള്‍ ഓര്‍ക്കുവാന്‍ കൂടി അറച്ചു. ദിവസങ്ങളായി അടിച്ചു വൃത്തിയാക്കാത്ത മുറ്റത്തുകൂടി അയാള്‍ വരാന്തയിലേക്ക് കയറി...എല്ലാം അലങ്കൊലപെട്ടു കിടക്കുന്നു.ആളനക്കവും ഇല്ല എന്ന് തോന്നി ....

തുറന്നു കിടക്കുന്ന മുന്‍ വാതിലില്‍ കൂടി അകത്തേക്ക് കടന്നപ്പോള്‍ കസേരയിലിരിക്കുന്ന രൂപം മിഴിയുയര്‍ത്തി.പിന്നെ കണ്ണുകള്‍ അടച്ചു പഴയത് പോലെ തന്നെ.അമ്മൂമ്മയാണെന്ന്  തോന്നിപ്പിക്കാത്തവിധം മാറിയിരിക്കുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ അനുഭവിച്ച ,ഇപ്പോള്‍  അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസികപീഡനം തളര്‍ത്തിയ ജീവിതം...ആരും സഹായത്തി നില്ലേ ?ഉണ്ടാവില്ല  ഈ സമൂഹത്തില്‍ ഒറ്റയ്ക്കായി പോയിരിക്കണം ....

"അമ്മൂമ്മേ ..' എന്ന് വിളിച്ചു അടുത്ത് ചെന്നിട്ടും പ്രതികരമുണ്ടായില്ല..കുലുക്കി വിളിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന ഒരു ചോദ്യമായിരുന്നു.

"നീ എന്തിനാ വന്നത് ..." തീരെ പ്രതീക്ഷിച്ചില്ല ആ ചോദ്യം ...തന്നെ കണ്ടാല്‍ ഓടിവന്നു കെട്ടിപിടിക്കുമെന്നാണ് അയാൾ കരുതിയത്‌ ..പൊട്ടി പൊട്ടി കരയുമെന്നും ...

"ഞാന്‍ ചന്തുവാ അമ്മൂമ്മേ ..നിങ്ങളുടെ കൊച്ച്മോന്‍ ..."

"അത് കൊണ്ട് തന്നെയാ ചോദിച്ചത് ...നീ എന്തിനാ ഇവിടെ വന്നതെന്ന് ..ഞാൻ  ചത്തോ എന്ന് നോക്കുവാനോ ?നിന്റെ അച്ചനുണ്ടല്ലോ അവനെവിടെ പോയി ?അവനിവിടെ  കാര്യമോന്നുമില്ലേ ?അവനു തെറ്റ് ചെയ്ത അച്ഛനെ വേണ്ടെങ്കിലും  തെറ്റുകള്‍ ചെയ്യാത്ത  ഒരു അമ്മ ഉണ്ടെന്നു എന്തെ മറന്നു ?ഒരു അച്ഛന് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍  മകന്‍ ഓടി എത്തണം..കാര്യം അന്വേഷിക്കണം .അമ്മയെ നോക്കണം .ദൂരെ  ആണെങ്കിൽ എത്താവുന്നത്ര വേഗത്തിൽ ..പക്ഷെ നിന്റെ അച്ഛന്‍ നാട്ടുകാര്‍ പറയുന്നത് കേട്ട്  ഒളിച്ചിരിക്കുന്നു ..മാനഹാനി ഭയന്ന് ..അമ്മയുണ്ട്‌  എന്ന് പോലും മറന്നു കൊണ്ട് ...അവന്റെ അച്ഛനാണ് തെറ്റ് ചെയ്തതെങ്കിൽ അവന്റെ   ഈ അമ്മ എന്ത് പിഴച്ചു ?."അവർ വിങ്ങി വിങ്ങി കരയുവാൻ തുടങ്ങി .ആശ്വസിപ്പിക്കുവാൻ ശ്രമിച്ച അയാളുടെ കൈകൾ അവർ തട്ടി മാറ്റി .

ബാഗും മുറിയിലിട്ട് അയാള്‍ വരാന്തയില്‍ വന്നിരുന്നു.അമ്മൂമ്മ ദേഷ്യത്തിലാണ് ..ഇപ്പോള്‍ ഒന്നും പറയണ്ട ..അല്പം കഴിഞ്ഞു വരാം .മുൻപ്  അപ്പൂപ്പൻ  പറഞ്ഞത് അയാള് ഓർത്തു.

"അവൾ പിണങ്ങിയിരിക്കുമ്പോൾ   ഒന്നും വകവെക്കില്ല ..പിണക്കം കഴിഞ്ഞു  അടുക്കുന്നതാണ്  ബുദ്ധി "

അയാള്‍ പുറത്തിറങ്ങി നടന്നു.വഴിയിലെ അര്‍ഥം വെച്ച ചോദ്യങ്ങളും പരിഹാസങ്ങളും അയാള്‍ അവഗണിച്ചു.അറിയാതെ എത്തിപെട്ടത്‌ കുളകരയില്‍ ..ഇവിടെയാണ്‌ മഞ്ചുവിന്റെ ശവം പൊങ്ങിയത് ..വിജനമായ ഇവിടെ മരിക്കുവാനും കൊല്ലാനും എളുപ്പം.ആരും അധികം വരാത്ത സ്ഥലം..സൌകര്യങ്ങള്‍ കൂടിയപ്പോള്‍ നാട്ടുകാരുടെ മറവിയിലേക്ക് ആണ്ടുപോയ കുളങ്ങള്‍..അവയുടെ ചുറ്റുപാടുകൾ ...

ഞാനും അപ്പൂപ്പനും അധികവും ഇവിടെ കുളിക്കുവാന്‍ വരുമായിരുന്നു.കൂടെ മഞ്ചുവും.വെള്ളത്തെ ഇത്ര ഭയക്കുന്ന കുട്ടി എങ്ങിനെ അതില്‍ തന്നെ ജീവിതം അവസാനിപ്പിച്ചു ?മഞ്ചു പലപ്പോഴും വെള്ളത്തില്‍ ഇറങ്ങില്ല .തന്റെയും അപ്പൂപ്പന്റെയും കളികള്‍ കണ്ടു കരക്കിരിക്കും.ഇത് പതിവായപ്പോള്‍ ഒരു ദിവസംഅപ്പൂപ്പൻ  തന്നെയാണ് അവളെ പിടിച്ചു വെള്ളത്തിലെക്കെരിറിഞ്ഞത് ...അന്ന് അവള്‍ കുറെ വെള്ളം കുടിച്ചു ..അന്ന് അവള്‍ പറഞ്ഞതാണ്

"അടുത്ത പ്രാവശ്യം ചന്തു വരുന്നതിനു മുന്‍പ് ഞാന്‍ ഈ കുളം മുറിച്ചു കടന്നു നീന്തുമെന്നു "

പിറ്റേന്ന്  ആയിരുന്നു തന്റെ മടക്കയാത്ര .അവളെ നീന്തല്‍ പഠിപ്പിക്കുന്ന കാര്യം അപ്പൂപ്പനും എറ്റു .അങ്ങിനെയാണ്  അവർ നിത്യവും ഇവിടെ വന്നിരുന്നത് ...പക്ഷെ മണ്ടി പെണ്ണ് ഇനിയും നീന്തൽ പഠിച്ചില്ല എന്ന്  അപ്പൂപ്പൻ  പലപ്പോഴും ഫോണിൽ പറയാറുണ്ടായിരുന്നു.എന്റെ അവധികാലം അടുത്തതിനാൽ അവർ തകൃതിയായി നീന്തൽ  പഠനത്തിലാണ് എന്ന് അമ്മൂമ്മയും പറയാറുണ്ട്‌...അവസരം കിട്ടിയപ്പോൾ അപ്പൂപ്പൻ  മനുഷ്യനല്ലാതായി  മാറിയിരിക്കും ...ആ മൃഗമായിരിക്കും അവളെ ഗർഭിണി ആക്കിയത്.മാനഹാനി ഭയന്ന് അവൾ.......അല്ലെങ്കിൽ അപ്പൂപ്പൻ  തന്നെ കുളത്തിലെറിഞ്ഞു കളഞ്ഞതുമാകാം ...അയാൾ വിങ്ങി പൊട്ടി ..തനിക്കു നഷ്ട്ടപെട്ടത്   രണ്ടു നന്മകളാണ്‌ .

കുറെ കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ വരാന്തയിൽ അമ്മൂമ്മ കാത്തു നില്പ്പുണ്ടായിരുന്നു.കരഞ്ഞു കൊണ്ട് രാവിലെ പറഞ്ഞതിനൊക്കെ മാപ്പ് പറഞ്ഞു .ഭക്ഷണമൊക്കെ കഴിഞ്ഞു അമ്മൂമ്മയുടെ മടിയിൽ തല വെച്ച് കിടക്കുമ്പോൾ പഴയ അവധികാലം തിരികെ വന്നതുപോലെ തോന്നി.തമാശ പറയുന്ന അപ്പൂപ്പന്റെയും എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന മഞ്ചുവിന്റെയും അസാനിധ്യം അയാളിൽ ഒരു വിങ്ങൽ ഉണ്ടാക്കി.

"നിനക്ക് അപ്പൂപ്പനെ കാണണ്ടേ ..?'

"എന്തിനു അമ്മൂമ്മേ ....അയാൾ  ചെയ്തത്  ക്രൂരതയല്ലേ ..പാവം മഞ്ചുവിനെ കൊന്നില്ലേ ?..ക്രൂരനാണയാൾ ..ക്രൂരൻ ..എന്റെ  അപ്പൂപ്പൻ  എന്ന് പറയാൻ പോലും അറപ്പ് തോന്നുന്നു.."

എന്താണ് സംഭവിച്ചതെന്ന് അയാൾക്ക്‌ മനസ്സിലായില്ല ..അമ്മൂമയുടെ മടിയിൽ നീന്നും തള്ളി നീക്കിയതും  മുഖത്തു അടികിട്ടിയതും  ഉറപ്പാണ്.അയാൾ മുഖം തടവി നിന്നു .

"നീ എന്താ പറഞ്ഞത് ..ക്രൂരൻ  ആണെന്നോ ....ക്രൂരൻ തന്നെ..  എന്തിനാണ്  എല്ലാം മറച്ചുപിടിച്ചു ക്രൂരനായത്‌ എന്നറിയോ ?...നിന്റെ അച്ഛന് വേണ്ടി ....എനിക്കുവേണ്ടി ....നമ്മുടെ കുടുംബത്തിനു വേണ്ടി .. .. ...നിന്റെ അച്ഛൻ ഒരു  തന്ത ഇല്ലാത്തവനാണെന്നും  അമ്മൂമ്മ  ഒരു പിഴ ജന്മം  ആണെന്നും ലോകം അറിയാതിരിക്കുവാൻ വേണ്ടി ...."

" പിഴച്ചു പ്രസവിചതു  കൊണ്ട് മരണം തേടിപോയ എന്നെ ജീവിതത്തിലേക്ക് കൊണ്ട് വന്നതാ നിന്റെ അപ്പൂപ്പൻ ..ചിലരുടെ  പിടിയിൽ  നിന്നും രക്ഷപെട്ട   എന്നെ കൊല്ലാൻ ശ്രമിച്ചവർക്ക്  അപായപെടുത്തുവാൻ കഴിഞ്ഞത് നിന്റെ അപ്പൂപ്പനെയായിരുന്നു.ആശുപത്രിയിൽ മരണത്തോട് മല്ലടിച്ച്  കിടന്ന  നിന്റെ അപ്പൂപ്പൻ  ജീവിതത്തിലേക്ക് മടങ്ങിവന്നത് ശേഷിച്ച കാലം ആണായി ജീവിക്കുവാൻ പറ്റാതെയായിരുന്നു...പിന്നെ എങ്ങിനെ നിന്റെ അപ്പൂപ്പൻ  മഞ്ചു മോളെ ......."
 
"മഞ്ചു മോളോട്  അനീതി ചെയ്തത് ആരെന്നു ചെയ്തവനും മഞ്ചു മോള്ക്കുമേ അറിയൂ ..ഒരു തെളിവും ബാക്കിയാക്കാതെ അവൾ പോയി ..സാഹചര്യ തെളിവു നിന്റെ അപ്പൂപ്പനെ കുറ്റവാളിയാക്കി....വിജനമായ കുളക്കടവിൽ പലപ്പോഴും അവർ ഒന്നിച്ചു  പോയിരുന്നതാണ്  സാക്ഷി മൊഴികൾ .അതിൽ പിടിച്ചാണ് അന്വേഷണം മുന്നോട്ടു പോയതും ....അപ്പൂപ്പൻ  അറിയാവുന്ന സത്യങ്ങൾ ഒക്കെ പറഞ്ഞു ..ഈ കാര്യങ്ങൾ ഒഴിച്ച് ...ഞാൻ  പലതവണ കേണു പറഞ്ഞതാണ്   ..പക്ഷെ  അപ്പൂപ്പൻ  ഇതുമാത്രം പറഞ്ഞില്ല ...അങ്ങിനത്തെ ഒരാളെയാണ് നീ ക്രൂരൻ  എന്ന് വിളിക്കുന്നത്‌ ...വലിയ നിലയിലുള്ള നിൻറെ അച്ഛനെ ഓർത്തുമാത്രമാ  അദ്ദേഹം  പലതും മറക്കുന്നത് ....എന്നിട്ടും നിന്റെ അച്ഛൻ അങ്ങേരെ മനസ്സിലാക്കാതെ പോയി."

അമ്മൂമ്മ വലിയവായിൽ കരഞ്ഞുകൊണ്ടിരുന്നു.


"ഇല്ല അമ്മൂമ്മ ...ദൈവം ഉണ്ട് നമുക്ക് ഒപ്പം .അതാ ഇപ്പോൾ എന്നോട് ഈ സത്യം പറയുവാൻ അമ്മൂമ്മയെ തോന്നിപ്പിച്ചത്  ....ഈ കേസിൽ നിന്നും  അപ്പൂപ്പനെ രക്ഷിക്കണം...അതിനു  ഈ  സത്യം  തന്നെ ധാരാളം ...അതിനു ഏതു കോടതിയിലും നമുക്ക് പോകാം .. മുൻപ് അപ്പൂപ്പൻ ചെയ്തതൊക്കെ നന്മകളായി വാഴ്തപെടും ...നമ്മുടെ കുടുംബത്തിൽ  ഒന്നും സംഭവിക്കില്ല .....ഒന്നും ..

പൊടുന്നനെ അയാൾ അമ്മൂമ്മയുടെ കയ്യും പിടിച്ചു പുറത്തേക്കിറങ്ങി ..മഞ്ചുവും അവളെ ഇല്ലാതാക്കിയവരും ഒക്കെ അപ്പോള്‍ അവന്റെ  മുന്നിലുണ്ടായിരുനില്ല   ...അപ്പൂപ്പനെ രക്ഷിക്കണം അത് മാത്രമായിരുന്നു ലക്‌ഷ്യം ..ശക്തമായ ഒരു നിയമവ്യവസ്ഥ  തങ്ങളെ കാത്തു നിൽക്കുന്നുണ്ടെന്ന്  അയാൾക്ക്‌ അറിയാമായിരുന്നു..അതിലൂടെ നീീതിയും ...

കഥ :പ്രമോദ് കുമാർ .കെ.പി 
ചിത്രങ്ങൾ : (കേരള വാറ്റർ കളർ സോസെറ്റി )