Sunday, March 9, 2025

ചുഴൽ - സീസൺ 2


തമിഴിൽ ഇറങ്ങിയ വെബ് സീരീസിൻ്റെ രണ്ടാമത്തെ സീസൺ..ആദ്യ സീസൺ കണ്ടില്ലെങ്കിലും അതുമായി കൃത്യമായി യോജിപ്പിച്ച് പ്രേക്ഷകർക്ക് ആദ്യ സീസൺ സംഭവങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്നു.


തന്നെ ചെറുപ്പത്തിൽ ലൈംഗികമായി ഉപയോഗിച്ച ആൾ തൻ്റെ അനി യത്തിയെയും ഉപദ്രവിച്ചപ്പോൾ അയാളെ കൊന്നു ജയിലിൽ പോയവളുടെ വക്കീൽ കേസിൻ്റെ  വിധിക്ക്  തൊട്ടുമുൻപ് കൊല്ലപ്പെടുന്നു.




ചെല്ലപ്പ എന്ന വക്കീലിനെ കൊന്ന പ്രതി എന്ന് സംശയിക്കുന്ന പെൺകുട്ടിയെ പിടികൂടിയെങ്കിലും സംസ്ഥാനത്തിൻ്റെ വിവിധ സ്റ്റേഷനുകളിൽ താനാണ് അയാളെ കൊന്നത് എന്ന സ്റ്റേറ്റ്മെൻ്റ് നൽകി മറ്റു ഏഴ് പെൺകുട്ടികൾ കൂടി എത്തുന്നു.



ഈ പെൺകുട്ടികളും ചെറുപ്പത്തിൽ ഉപദ്രവിക്കപ്പെട്ടവർ ആണെന്നും അതിൻ്റെ പ്രതികാരമാണ് ഇത് ചെയ്യാൻ പ്രേരിപ്പിച്ചത് എന്നും പോലീസ് മനസ്സിലാക്കുന്നു എങ്കിലും കൂടുതൽ വിവരങ്ങൾ അവർ തുറന്നു പറയുന്നില്ല എന്നത് പോലീസിനെ കുഴക്കുന്നു.



അന്വേഷണ ഉദ്യോഗസ്ഥർക്കു തലവേദന സൃഷ്ട്ടിച്ച കേസ് അവർ അന്വേഷിച്ചു വരുമ്പോൾ മനുഷ്യക്കടത്തിലേക്കും അതിൽ ചെല്ലപ്പ എന്ന ആൾക്ക് എന്ത് പങ്ക് എന്നൊക്കെ ചൂഴ്ന്നു നോക്കുന്നു.


നാട്ടിൽ നല്ലപേരും പ്രതാപവും ഉള്ള ചെല്ലപ്പാ  നാട്ടിലെ ഉത്സവ സമയത്ത് കൊല്ലപ്പെട്ടത് അറിയിക്കാതെ നോക്കാൻ ശ്രമിച്ചു എങ്കിലും അതു പാഴായി പോകുകയാണ്.



അധർമ്മത്തിന് എതിരെ സംഹാരരൂപം കയ്യാളുന്ന എട്ടു ദേവതകളുടെ പേരുള്ള പെൺകുട്ടികൾ ജയിലിൽ എത്തിയത് മറ്റൊരു ഉദ്ദേശ്യത്തോടെ ആയിരുന്നു എന്നതാണ് പിന്നീട് മനസിലാക്കുവാൻ പറ്റുന്നത്.




എട്ടോളം എപ്പിസോഡ് ഉള്ള സീരിസിൽ കഥകളും ഉപകഥകളും ഒക്കെയായി സംഭവങ്ങൾ മാറി മാറി വരുന്നു.നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ ഒന്നും പോവാതെ പലപ്പോഴും വഴി തിരിച്ചു വിട്ടു കുഴപ്പിക്കുന്നു എങ്കിലും വിരസത ഇല്ലാതെ ആസ്വദിക്കുവാൻ പറ്റുന്നുണ്ട്.

പ്ര.മോ.ദി.സം

No comments:

Post a Comment