Saturday, May 22, 2021

ഓപ്പറേഷൻ ജാവ



നല്ല വിദ്യാഭ്യാസം ഉള്ള ഏതൊരു വ്യക്തിയുടെയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്  സ്ഥിരമായ ഒരു ജോലി.. എത്ര നന്നായി പഠിച്ചു വിജയിച്ചു എങ്കിൽ പോലും നല്ലൊരു ജോലി കിട്ടുവാൻ നമ്മുടെ നാട്ടിൽ വല്യ പ്രയാസമാണ്. 


നമ്മുടെ നാട്ടിൽ പഠിച്ചു ജയിച്ചു വരുന്നവർക്ക് ഇവിടെ തന്നെ ജോലി  കൊടുക്കുവാൻ വേണ്ടുന്ന ഒന്നും സർകാർ നല്ലരീതിയിൽ ചെയ്യുന്നുമില്ല..മറ്റു സംസ്ഥാനങ്ങളെ പോലെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ എന്തോ രാഷ്ട്രീയ കേരളത്തിന് വലിയ മടിയാണ്.. അത് കൊണ്ട് തന്നെ നമ്മുടെ യുവാക്കൾ ജോലി തേടി അന്യസംസ്ഥാനത്തും രാജ്യത്തും കടക്കുകയാണ്...



അതിനും ഒരു പരിധി ഒക്കെ ഉണ്ടല്ലോ..അങ്ങിനെ നിവൃത്തി കേട് കൊണ്ട് ചിലർ ഇവിടെ തന്നെ ആയിപോകുന്നു.ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും പല കാരണങ്ങൾ കൊണ്ട് അവർക്ക് തുച്ഛമായ വരുമാനത്തിൽ ആട്ടും തുപ്പും സഹിച്ചു ഇവിടെ തന്നെ തുടരേണ്ടി വരുന്നു.പല സ്ഥാപനങ്ങളും ഇത് വലിയ രീതിയിൽ മുതലെടുക്കുന്നു.കാര്യംകഴിഞ്ഞാൽ കറിവേപ്പില പോലെ അവരെ കളയുവാനും അവർക്ക് മടി കാണില്ല..



അങ്ങിനെ എൻജിനീയറിങ് പാസായി കമ്പ്യുട്ടറിൽ വലിയ പരി ജഞാനമുള്ള രണ്ടു യുവാക്കളുടെ നിവൃത്തികേട് ആണ് തരുൺ മൂർത്തി എന്ന പുതുമുഖ സംവിധായകൻ പറയുന്നത്.


ഇവർക്ക് രണ്ടു പേർക്കും സൈബർ സെല്ലിൽ താൽകാലിക ജോലി കൊടുക്കുകയും ഇവരുടെ കഴിവ് കൊണ്ടു സൈബർ സെല്ലിന് നല്ല പേര് കിട്ടുമെങ്കിലും ചില നിയമത്തിന്റെയും സിസ്റ്റത്തിന്റെ യും ഇടപെടലുകൾ അവരെ അവിടുന്ന് കളയുന്നത് ആണ് കാണുന്നത്.


ഒരു സിനിമ എങ്ങിനെ എടുക്കണം എന്നു നന്നായി മനസ്സിലാക്കി ആ പണിക്ക് ഇറങ്ങിയ ഒരു സംവിധായകനെ ഇൗ ചിത്രത്തിൽ ഉടനീളം കാണുവാൻ കഴിയും.. 


ലൗ, ക്രൈം,സെന്റി മെന്റ്സ്,കുടുംബ ജീവിതം,വിരഹം,തേപ്പ് അങ്ങിനെ ഒരു സാധാരണക്കാരന് വേണ്ടുന്ന ഒക്കെ കോർത്തിണക്കി നല്ലൊരു എന്റർടെയ്നർ തന്നെയാണ് തരുൺ ഒരുക്കിയിരിക്കുന്നത്.


രണ്ടായിരത്തി ഇരുപത്തി ഒന്നിലെ ആദ്യത്തെ ബ്ലോക് ബസ്റ്റർ ചിത്രം ഇതായിരിക്കും..സൂപ്പർ താരങ്ങളുടെ നിര പോയിട്ട് ജനപ്രിയ താരങ്ങൾ ആരും ഇല്ലാതെ അഭിനയിക്കാൻ അറിയുന്ന ഒരു കൂട്ടം ആൾക്കാർ നിറഞ്ഞാടുന്ന ചിത്രമാണ് ഇത്.


ഇർഷാദ്, ബിനൂ പപ്പൻ,ബാലു വർഗീസ്, ലൂക്ക് മാൻ ,ഷൈൻ ടോം ചാക്കോ,വിനായകൻ എന്നിവരാണ് തകർത്തു അഭിനയിച്ച ചിലർ..ഇതിൽ എത്ര പേരെ പ്രേക്ഷകർക്ക് പരിചയമുണ്ട്? എന്നിട്ട് പോലും സൈബർ സെൽ കഥ പറയുന്ന ഇൗ ചിത്രം കേരളക്കര ആഘോഷിച്ചു എങ്കിൽ അതിനു കാരണം ചിത്രത്തിന്റെ അണിയറക്കാർ ഇവരിൽ വെച്ച് പുലർത്തിയ വിശ്വാസം തന്നെയാണ്.


അടുപ്പിച്ച് കണ്ട മലയാളത്തിലെ സൂപ്പർ താരം അടക്കം പേരെടുത്ത ആൾക്കാരുടെ മറ്റു സിനിമകൾ മുഴുവൻ അറും ബോറാ എന്ന് പ്രേക്ഷകർക്ക് പറയേണ്ടി വന്നത് സംവിധായകനും നിർമാതാവും വിശ്വസിച്ചത് താരങ്ങളെ മാത്രമായിരുന്നു നടന്മാരേയല്ല...ഇവിടെ നേരെ തിരിച്ചും..


ബോറടി ഇല്ലാതെ നല്ലവണ്ണം ആസ്വദിക്കുവാൻ വേണ്ടുന്ന ചേരുവകൾ ഒക്കെ നിറച്ച ചിത്രമാണ് ഒപ്പേറേഷൻ ജാവ


ജാവ സിമ്പിൾ ആണ് എങ്കിലും പവർ ഫുൾ ആണെന്ന് കണ്ട എല്ലാവരും പറയും തീർച്ച


പ്ര .മോ .ദി .സം

No comments:

Post a Comment