Tuesday, September 21, 2021

ബാക്ക് പാക്കേഴ്സ്

 



ക്യാൻസർ പിടിപെട്ടു മരണം സുനിശ്ചിതമായ രണ്ടു ടീനേജ് പിള്ളേർ  ഇനിയുള്ള കാലങ്ങൾ സന്തോഷത്തോടെ ജീവിക്കുവാൻ വേണ്ടി നാടും വീടും വിട്ട് ആരും കാണാത്ത ഇടത്ത് പോയി ജീവിതം തുടങ്ങുന്നു.ഇടക്കിടക്ക് അവർ ലോക്കേഷൻ മാറ്റുന്നത് കൊണ്ട് കുറച്ചു സ്ഥലങ്ങൾ കാണാൻ പറ്റും.





അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും അവർ ആ യാത്രയിൽ കണ്ടുമുട്ടുന്ന ആൾക്കാരും സ്ഥലങ്ങളും ഒക്കെ ചേർന്ന് നയന മനോഹരമായ  പ്രകൃതി ഭംഗി ഉള്ള ഒരു മ്യൂസിക്കൽ സ്റ്റോറിയാണ് ഇപ്രാവശ്യം ജയരാജ് എന്ന സംവിധായകൻ പറയുന്നത്.


നടന്ന സംഭവത്തിൽ നിന്നും ഇൻസ്പയർ ആയ സിനിമ എന്ന് തുടക്കം എഴുതി കാണിക്കുന്നുണ്ട്..സംഭവത്തിൽ നിന്നും മാത്രമല്ല വർഷങ്ങൾക്കു മുൻപ് മണിരത്നം ഒരുക്കിയ ഗീതാഞ്ജലി എന്ന സിനിമയും ഇതേ കഥ തന്നെയാണ്..അപ്പൊ ആ സിനിമയിൽ നിന്നും കൂടി ഉത്തേജനം കിട്ടി എന്ന് എഴുതി കാണിച്ചാൽ നന്നായിരുന്നു.







വാഗമൺ,ഗവി എന്നീ നയന മനോഹരമായ സ്ഥലങ്ങൾ ഒപ്പിയെടുത്ത ക്യാമറാമാനും ഇഴഞ്ഞു നീങ്ങുന്ന സിനിമയെ കാണാൻ പ്രേരിപ്പിക്കുന്ന സംഗീതവും  ഉള്ളത് കൊണ്ട് അഭിനയിക്കാൻ പാടുപെടുന്ന കാളിദാസ് ജയറാമിനെയും  പുതുമുഖം കാർത്തികയെയും തൽകാലം വിസ്മരിക്കാൻ പറ്റും.


പ്ര .മോ .ദി .സം

Sunday, September 19, 2021

ബെൽ ബോട്ടം

 



നമ്മുടെ ചില മന്ത്രിമാരും വലിയ ഓഫീസർമാരും ഒക്കെ "ഈഗോ" കൊണ്ട്  തൻ്റെ നിലനിൽപ്പിൻ്റെ പ്രശ്നം ആയത് കൊണ്ട് പോലും ആവാം  മിടുക്കന്മാർ നിറഞ്ഞ നമ്മുടെ  അന്വേഷണ ഏജൻസി കളുടെ പല "ഓപ്പറേഷൻ"സും മുടക്കി കളയും.. 





ഡിപ്ലോമറ്റിക് വഴിയിൽ കൂടി മാത്രമേ പലതും സാധ്യമാകുകയുള്ളൂ എന്ന ഫിലോസഫി ഡ്യൂട്ടിയിൽ ഉള്ള കാലത്തോളം പിന്തുടർന്ന് നമ്മുടെ കയ്യിലുള്ള പല സംവിധാനങ്ങളും ഉപയോഗിക്കാതെ " വിലപേശലും " മറ്റു കൊണ്ട് കാര്യം മാത്രം സാധിക്കുന്നവാൻ അറിയുന്നവർ.



എൺപതുകളിൽ നടന്ന ഒരു ഏറോപ്ലയിൻ ഹൈ ജാക്ക് കഥ പറയുകയാണ് ബെൽ ബോട്ടം എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് തിവാരി.





ഇരുന്നൂറിൽ പരം യാത്രക്കാരെ കൊണ്ട്  ഹൈ ജാക് ചെയ്ത വിമാനം ദുബൈ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നു.അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാകിസ്താൻ പ്രധാനമന്ത്രി സിയ ഹക്ക് ൻ്റെ  വിലപേശൽ നിർദേശം തള്ളി  ഇന്ത്യയുടെ  "റോ" ഏജൻസിയിലെ  ബെൽ ബോട്ടം എന്ന കോഡ് ഉള്ള ഉദ്യോഗസ്ഥൻ നയിക്കുന്ന പുലീകുട്ടികളിൽ വിശ്വാസം അർപ്പിക്കുന്നു.



ആ വിശ്വാസം തകർക്കുവാൻ ഇലക്ഷൻ ആണ് വരുന്നത് നമ്മൾ ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം എന്ന് ഡിപ്ളോമറ്റുകൾ ഉപദേശിക്കുപോൾ  ഉരുക്ക് വനിത പറയുന്നുണ്ട്.." ഒരു ഇലക്ഷന് വേണ്ടിയല്ല നമ്മൾ ചിന്തിക്കേണ്ടത് നൂറു കൊല്ലങ്ങൾക്ക് വേണ്ടിയാണ്" എന്ന്..


പാകിസ്ഥാൻ്റെ സഹായത്തോടെ വിമാനങ്ങൾ കടത്തി കുറെ പണം ഇൻഡിയിൽ നിന്നും അടിചെടുക്ക ൽ പതിവായത് തന്നെയാണ് ഇന്ദിരയെ അത്തരത്തിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചതും.





 അക്ഷയ്കുമാർ എന്ത് കൊണ്ട് മുപ്പതു കൊല്ലം കഴിഞ്ഞിട്ടും കൂടുതൽ ശമ്പളം വാങ്ങുന്ന ബോളിവുഡ് സൂപ്പർ താരമായി ഇന്നും നിലനിൽക്കുന്നു എന്നതിന് തെളിവായി അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ പരിശോധിച്ചാൽ മാത്രം മതി. ആ കഠിനാധ്വാനം ഈ ചിത്രത്തിലും തുടരുന്നു.


ടൈറ്റിൽ കാർഡിൽ ലാറ ദത്ത എന്ന് കാണിക്കുന്നുണ്ട് എങ്കിലും സിനിമ കഴിയുന്നത് വരെ അവരെ  കണ്ടുപിടിക്കാൻ കഴിഞ്ഞില്ല...പിന്നെയും സംശയം കൊണ്ട് തുടക്കം മുതൽ നോക്കിയപ്പോൾ ആണ് ആളെ മനസ്സിലായത്.അത്രക്ക് മേക്കോവറിലാണ് താരം പ്രത്യക്ഷപെട്ടു കളഞ്ഞത്..


പ്ര .മോ. ദി. സം

Saturday, September 18, 2021

ഹസീൻ ദിൽറുപാ

 



വിവാഹത്തിൽ ഒരു പെൺകുട്ടിക്ക് വളരെ അധികം സങ്കൽപ്പങ്ങൾ ഉണ്ടായിരിക്കും.പെണ്ണ് കാണൽ ചടങ്ങിൽ ഉണ്ടാകുന്ന ചുരുങ്ങിയ നിമിഷത്തിൽ തമ്മിൽ തമ്മിൽ മനസ്സിലാക്കുന്നത് ചെറിയ ഒരംശം മാത്രമായിരിക്കും..



പ്രതീക്ഷയോടെ കതിർമണ്ഡപത്തിൽ എത്തുന്ന കുട്ടിക്ക് അന്ന് തന്നെ താൻ പ്രതീക്ഷിച്ച "ഭർത്താവിനെ" അല്ല കിട്ടിയതെന്ന് മനസ്സിലാക്കുമ്പോൾ തൻ്റെ സങ്കൽപ്പങ്ങൾ ഒക്കെ ഉപേക്ഷിച്ച്  അഡ്ജസ്റ്റ് ചെയ്തു ഭർത്താവിനെ ഉൾകൊള്ളേണ്ടി വരുന്നു...പക്ഷേ എന്നിട്ടും ഭർത്താവ് അവളെ മനസ്സിലാക്കിയില്ല എങ്കിൽ അവൾക്ക് എന്ത് ചെയ്യാൻ പറ്റും?



അവൾക്ക് മുൻപിൽ കുറെ വഴികൾ ഉണ്ടാകും.. ഡിവോർസ്,തനിക്ക് പറ്റിയ ആളെ തേടി പോകുക , അതിനു വേണ്ടി ഭർത്താവിനെ ഇല്ലാതാക്കുക...അങ്ങിനെ പല വഴികൾ...



ഭർത്താവിനെ കൊലചെയ്ത് എന്നാരോപിച്ച് പോലീസ് അവൾക്ക് പിന്നാലെ പോകുന്നതും  തെളിവുകളുടെ അഭാവത്തിൽ അവള് രക്ഷപ്പെടുന്നത് ആണ് കഥ..



എന്നാല്  ആ രക്ഷപ്പെടൽ എങ്ങിനെ എന്നുള്ള യഥാർത്ഥ കഥ ത്രില്ലിംഗ് തന്നെയാണ്.ഇപ്പൊൾ ഉള്ള കൊലപാതകികൾ ഒക്കെ ഭയങ്കര ബുദ്ധിമാന്മാർ ആണ്.."ജോർജ് കുട്ടി" ക്കു ശേഷം ആണെന്ന് തോന്നുന്നു പോലീസിനെ പലവിധത്തിൽ കബളിപ്പിച്ച് കൊല നടത്തിയവർ രക്ഷപ്പെടുന്നത് സിനിമകളിൽ പതിവാകുന്നു.



അവരൊക്കെ രക്ഷപ്പെടുവാൻ ഉപയോഗിക്കുന്ന പുതുവഴികൾ ശരിക്കും പോലീസിന് പാഠഭാഗങ്ങൾ ആക്കി ഭാവിയിൽ കേസ് റഫറൻസിന് ഉപയോഗിക്കാവുന്നതാണ്.


തപ്സി പന്നു,വിക്രാന്ത് മാസെ,ഹർഷവർധൻ,ആദിത്യ ശ്രീവാസ്തവ,ആശിഷ് തുടങ്ങിയവർ ഈ ചിത്രത്തിൻ്റെ ത്രില്ല് നിലനിർത്തുന്നു.



കുടുംബ കഥയിൽ നിന്നും ക്രൈം തില്ലറിലേക്ക്  വിനിൽ മാത്യൂ എന്ന സംവിധായകൻ നല്ലവണ്ണം കൊണ്ട് പോയിരിക്കുന്നു.. അമൽ-അമിത് ത്രിവേദിയുടെ സംഗീതവും നല്ലൊരു ഓളം ഉണ്ടാക്കുന്നു ..


പ്ര .മോ .ദി. സം

Friday, September 17, 2021

കാണെക്കാണെ

 



ജീവിതത്തിലെ നമ്മുടെ ഒരു നിമിഷത്തെ സ്വാർഥത കൊണ്ട് ഒരു കുടുംബ ജീവിതം തന്നെ താളം തെറ്റിയേക്കാം..അതേപോലെ ജീവിതത്തിൽ ഏറ്റവും വെറുക്കപ്പെട്ട ആൾക്ക് ഒരു നിമിഷത്തെ നന്മകൊണ്ട് പുതിയൊരു ജീവിതം സമ്മാനിക്കാൻ കൂടി പറ്റിയേക്കും



മനുഷ്യമനസ്സിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങൾ കുടുംബ ബന്ധങ്ങളെ എങ്ങിനെയൊക്കെ ബാധിക്കുന്നു എന്ന് വരച്ചു കാട്ടുകയാണ് ബോബി- സഞ്ജയ് ടീം.



 എപ്പോഴും  കാതലായ കഥകൾ പറഞ്ഞു മലയാള സിനിമയിൽ തങ്ങളുടേതായ മേൽവിലാസം ഉറപ്പിച്ച  സഹോദരങ്ങളെ കഴിഞ്ഞ സിനിമയും തിരക്കഥയും ഏറെ പഴി കേൾപ്പിച്ചു എങ്കിലും ബോബിയും സഞ്ജയുംനല്ലൊരു കുടുംബ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ കയ്യിലെടുത്തു എന്ന് തന്നെ പറയാം.



പല സന്ദർഭങ്ങളിലും ചെറിയൊരു തേങ്ങളോടെയല്ലാതെ ഈ ചിത്രം കാണുവാൻ കഴിയില്ല.കുടുംബ ബന്ധങ്ങളെ അത്രക്ക് ഊഷ്മളമായി രചിച്ചത് മനു അശോകൻ എന്ന സംവിധായകൻ "ഉയരെ" എന്ന ചിത്രം വെറും ആകസ്മികം ആയിരുന്നില്ല പ്രതിഭയുടെ നിഴലാട്ടം തന്നെയാണെന്ന് ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു.



ആദ്യകാലങ്ങളിൽ മിമിക്രി കളിച്ചു സിനിമയിൽ നിലനിന്നിരുന്ന സുരാജ് വെഞ്ഞാറ്മൂട് എന്ന അനൂഗ്രഹീത കലാകാരൻ്റെ കുറെ വർഷങ്ങൾ ഇപ്പൊൾ ഏതൊരു നടനും ആഗ്രഹിക്കുന്നത് പോലുള്ള വൈവിധ്യമാർന്ന വേഷങ്ങളാണ്. ഈ ചിത്രത്തിലും നിറഞ്ഞു നിൽക്കുന്നത് സുരാജിൻ്റെ അഭിനയ പാടവം തന്നെയാണ്..




ടോവിനോ ,ഐശ്വര്യ ,ശ്രുതി എന്നിവർ കൂട്ടിനുണ്ടെങ്കിൽ പോലും ഓരോ സീനിലും സുരാജ് വിസ്മയിപ്പിക്കുന്ന അഭിനയം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്.അത് തന്നെയാണ് ചിത്രത്തിൻ്റെ ആകർഷണീയതയും..



രണ്ടു മണിക്കൂറിനുള്ളിൽ പറയേണ്ടത് ബോറടിപ്പിക്കാതെ പറഞ്ഞു തീർത്ത ചിത്രം തിയേറ്ററിൽ ആണ് വന്നത് എങ്കിൽ കുടുംബ പ്രേക്ഷകരെ കൊണ്ട് നിറഞ്ഞെനെ...


പ്ര .മോ .ദി .സം

പൊന്മുട്ടയിടുന്ന താറാവ്

 



പൊന്മുട്ടയിടുന്ന താറാവിനെ ആരെങ്കിലും കൊല്ലുമോ? കൊല്ലും കൊല്ലും എന്ന് പറഞ്ഞു പലരെയും ആകാംഷയില് പ്രതീക്ഷയിൽ നിർത്തുകയല്ലാതെ അതിനെ കൊല്ലുക പോയിട്ട്  ഉപദ്രവിക്കും എന്ന് പോലും തോന്നുന്നില്ല..പറഞ്ഞു വരുന്നത് പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി യില് ആക്കുന്നതിനെ കുറിച്ച് തന്നെയാണ്.


ഇന്ന് മാലോകർ ഒക്കെ പ്രതീക്ഷിക്കുന്നത്  അതാണ്.ഇന്ന്  ജി എസ് ടി മീറ്റിംഗിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില അതിനു കീഴിൽ കൊണ്ടുവരും എന്നും ഇരുപത് മുതൽ മുപ്പതു രൂപ വരെ വില കുറയും എന്നുമാണ്....വെറുതെ ആശിക്കണ്ട ഒന്നും ഉണ്ടാവാൻ പോകുന്നില്ല...അഥവാ ഉണ്ടെങ്കിൽ തന്നെ അത് രണ്ടു മൂന്നു കൊല്ലം കഴിഞ്ഞ് നോക്കാം എന്നായിരിക്കും.


കേന്ദ്രത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും പൊന്മുട്ട ഇടുന്ന താറാവ് ആണ് ഇന്ധന വില.അത് കൂടുന്നത് കൊണ്ട് കുറെക്കാലമായി കേന്ദ്രം പഴി കേട്ട് കൊണ്ടിരിക്കുകയാണ്..അത് നമ്മൾ മാത്രം കേട്ടാൽ പോരാ സംസ്ഥാനങ്ങളും കൂടി കേൾക്കട്ടെ എന്നുള്ള ആരുടെയോ ബുദ്ധിയിൽ തെളിഞ്ഞ ഒരു ആശയം മാത്രമാണിത്.


ഇന്ധന വില കൂടുന്നത് കേന്ദ്രത്തിൻ്റെ പിടിപ്പു കേട് മാത്രമാണ് എങ്കിലും അതിൽ ലോട്ടറിയടിച്ചു കൊണ്ടിരിക്കുന്നത് സംസ്ഥാനങ്ങൾ കൂടിയാണ് പക്ഷേ പഴി കേന്ദ്രത്തിന് മാത്രവും...കൂടാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇവിടെ ഹർത്താലും ചക്ര സ്തംഭനവും ഒക്കെ നടത്തും..പാവം പൊട്ടൻമാരായ അണികളും ചില സാധാരണക്കാരും വിചാരിക്കും ഇവർ ചെയ്യുന്നത് മഹത്തായ കാര്യം ആയിരിക്കും എന്ന്..ഒക്കെ വെറും.. ഷോ..


അങ്ങിനെ ഉള്ള നാടകങ്ങളെ പ്രതിരോധിക്കാൻ കേന്ദ്രത്തിൻ്റെ

 " ബുദ്ധി" തന്നെയാണിത്..നമ്മൾ ജിഎസ്ടിയില് ഇന്ധന വില കൊണ്ട് വരുമ്പോൾ സംസ്ഥാനങ്ങൾ എതിർക്കും എന്ന് കേന്ദ്രത്തിന് ഉറപ്പുണ്ട് അപ്പൊ എതൊക്കെ സംസ്ഥാനങ്ങൾ എതിർക്കും എന്ന് ജനങ്ങൾക്ക് കാട്ടി കൊടുക്കുകയും ജനങ്ങളുടെ "പ്രാക്" അങ്ങോട്ടേക്ക് ഡൈവേർട്ട് ചെയ്തു വിടുക കൂടിയാണ് ഇതിൻ്റെ ഉദ്ദേശ്യം..ഇപ്പൊൾ ഇന്ധനവില വർധനവിന് എതിരെ വലിയ സമരം നടത്തിയ എന്തിന്  ഹർത്താൽ വരെ നടത്തിയ കേരളം ആ കെണിയിൽ പെട്ട് കഴിഞ്ഞു..ഇപ്പൊൾ മഹാരാഷ്ട്ര കൂടി കൂട്ടിനുണ്ട്..


ഭരിക്കുന്നവർ ക്കു  സുഖമായി അല്ലലില്ലാതെ ഭരിക്കണം എങ്കിൽ പണം വേണം അത് മറ്റു വിധത്തിൽ ഉണ്ടാക്കാൻ അറിയാത്തവൻ ജനങ്ങളെ പിഴിഞ്ഞ് തന്നെ ഉണ്ടാക്കും....അതുണ്ടാക്കുവാൻ ഇവിടെ ധാർമികതയും മാനുഷിക പരിഗണനയൊന്നും രാഷ്ട്രീയക്കാർക്ക് വിഷയമല്ല..


അല്ലാതെ നിഷ്കളങ്കരായ നാട്ടുകാരെ പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി യില് ഉൾപ്പെടുത്തുമെന്ന് നിങൾ കരുതുന്നുണ്ടോ?


പ്ര .മോ .ദി .സം

Tuesday, September 14, 2021

ലാഫിംഗ് ബുദ്ധ.

 



കേരളത്തിൽ ഓരോ വർഷവും എന്തോരം ദുരന്തങ്ങൾ വരുന്നു...അതൊക്കെ നമ്മുടെ കഠിനാധ്വാനം കൊണ്ടും ഇച്ഛാ ശക്തി കൊണ്ടും നമ്മൾ മറികടക്കാറുണ്ട് .അങ്ങിനെ കോവിടിൽ വിറങ്ങലിച്ചു നിക്കുന്ന നമുക്ക്  ഇടയിലേക്ക് വന്ന പുതിയ ദുരന്തമാണ് " "ലാഫിംഗ് ബുദ്ധ." എന്ന സിനിമ.



രമേശ് പിഷാരടി വല്യ തമാശകാരനും അവതാരകനും ഒക്കെ ആണ്..എന്നാല് അയാള് അഭിനയത്തിൻ്റെ കാര്യത്തിൽ സിനിമയിൽ റോളുകൾ തിരഞ്ഞെടുക്കുന്നതിൽ ഒരു വലിയ ദുരന്തം തന്നെയാണ്..ഈ അടുത്ത കാലത്ത് കണ്ട സ്റ്റേജ് ഷോയില് പോലും തൻ്റെ കറവ വറ്റി പോയി എന്ന് അദ്ദേഹം തെളിയിക്കുന്നുണ്ട്.



അങ്ങിനെ ഉള്ള രമേശിനെ നായകനാക്കി ഒരു സിനിമ എടുത്താൽ എന്തായിരിക്കും സ്ഥിതി?അതേ നിങ്ങളുടെ ഉള്ളിൽ നിന്നും വന്ന ഉത്തരം തന്നെയാണ് ഈ സിനിമ.


കുറെ പണം ഉള്ള ഒരു ബിസിനെസ്സ് കാരൻ    തൻ്റെ ഗർഭിണിയായ ഭാര്യയെ എപ്പോളും ചിരിപ്പിക്കുന്നതിന് വേണ്ടി ഒരു കോമഡിയനെ വീട്ടിലേക്ക് വാടകക്ക്  കൊണ്ട് വരുന്നതും അയാളുടെ ചളികൾ നമ്മൾ സഹിക്കേണ്ടി വരുന്നതുമാണ് കഥ .



അതിൽ  നായികയോട് രമേശ് പറയുന്നുമുണ്ട് " നമ്മൾ വളരെ കഷ്ടപ്പെട്ടു ഓരോ കോമഡി ഉണ്ടാക്കി നിങ്ങളെ ചിരിപ്പിക്കാൻ നോക്കും എന്നിട്ടും നിങൾ ചിരിക്കാതെ ഇരിക്കുമ്പോൾ നമ്മൾ കൂടുതൽ കോപ്രായം കാണിക്കും അവസാനം അത് കുളമാകും"


അത്രയേ ഈ ചിത്രത്തിനും സംഭവി ച്ചുള്ളൂ..


പ്ര .മോ .ദി സം

മിസ്റ്റർ & മിസ്സിസ് അർജുൻ

 



"നിങൾ നിങ്ങളുടെ റൂമിൽ നിന്നും വഴക്ക് കൂടിയാൽ അത് നിങ്ങളുടെ പേഴ്സണൽ വിഷയം..അത് മുറി വിട്ട് പുറത്തേക്ക് വന്നാൽ അത് ഈ കുടുംബത്തിൻ്റെ പ്രശ്നം.."


ശരിയല്ലേ?നമ്മൾ റൂമിൽ വെച്ച് പരിഹരിക്കാൻ ശ്രമിക്കേണ്ടത് പുറത്തേക്ക് കൊണ്ട് വരുമ്പോൾ അല്ലെ അതിര് വല്യ പ്രശ്നം ആകുന്നത്...ഇത് പോലത്തെ കുറെ ഡയലോഗുകൾ ഉണ്ട്

" രംഗ് ദേ" എന്ന്  പേരിൽ തെലുങ്കിൽ വന്നു  പേരും മൊഴിയുംമാറ്റിയ ഈ തമിഴു ചിത്രത്തിൽ.



ചെറുപ്പം മുതൽ തന്നെ  നല്ല സുഹൃത്ത് ആയിരിക്കുകയും കുടുംബത്തിൽ വേണ്ടപ്പെട്ടവർ ആയിരിക്കുകയും ഒരേ കുടുംബം പോലെ കഴിയുകയും  എന്നാല് ഓരോരോ കാരണങ്ങൾ കൊണ്ട് "വെറുക്കപ്പെട്ട" അയൽക്കാരി പെണ്ണിനെ വിവാഹം കഴിക്കേണ്ടി വരുന്ന ഒരാളുടെ അവസ്ഥ എന്തായിരിക്കും ? ആ കഥയാണ് ഈ ചിത്രം പറയുന്നത്.



നവീൻ,കീർത്തി സുരേഷ്,വിനീത്,രോഹിണി,കൗസല്യ,നരേഷ്, തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന് മുൻപ് കണ്ട ഏതോ ഒരു മലയാള സിനിമയുടെ ഗന്ധമുണ്ട്.



പി സി ശ്രീറാം എന്ന ജീനിയസിൻ്റെ ക്യാമറയും ദേവി ശ്രീ പ്രസാദിൻ്റെ സംഗീതവും വെങ്കി അതിലൂറിയുടെ മയ്കിങ്ങും കണ്ടിരിക്കാൻ കൊള്ളാവുന്ന ചിത്രമാക്കി മാറ്റിയിട്ടുണ്ട്.



പതിവ് തെലുഗു ഒച്ചപ്പാട് , കളർ മസാല ചിത്രങ്ങളിൽ നിന്നും പുറത്തേക്ക് ഇറങ്ങി  രക്ഷപെട്ട ഒരു കൊച്ചു ചിത്രം.


പ്ര.മോ.ദി. സം

Sunday, September 12, 2021

തുഗ്ലക് ദർബാർ

 



വളരെ ചുരുങ്ങിയ സമയം കൊണ്ട് തമിൾ മക്കളെ കയ്യിൽ എടുത്ത നടനാണ് വിജയ് സേതുപതി.അത് കൊണ്ട് തന്നെ കരിയറിൽ ചിത്രങ്ങളുടെ ബഹളം തന്നെയാണ്.


എന്നാല് മുൻകാലത്ത് സേതുപതി ചിത്രങ്ങളിൽ എന്തെങ്കിലും ഒരു ആകർഷണീയത ഉണ്ടാകുമായിരുന്നു .തിരഞ്ഞെടുക്കുന്ന ചിത്രങ്ങളും അത് പോലെ ബുദ്ധിപൂർവം തന്നെയായിരുന്നു.പക്ഷേ ഈ അടുത്ത കാലത്ത് സേതുപതി ചിത്രങ്ങളിൽ  ആ ഒരു ഫ്രഷ്നസ് കാണുന്നില്ല.. കിട്ടുന്നതൊക്കെ അഭിനയിച്ചു കളയാൻ വേണ്ടിയുള്ള ഒരു തിടുക്കം പോലെ...



ചെറുപ്പം മുതൽ തന്നെ കാണുന്ന വിജയിച്ചു നിൽക്കുന്ന ഒരാളെ മാതൃക ആകുവാൻ നമ്മുടെ മനസ്സ് കൊതിക്കും. എപ്പോൾ എങ്കിലും അയാളെ പോലെ ആകുവാൻ വേണ്ടി കഠിനാധ്വാനം ചെയ്യും അല്ലെങ്കിൽ കുറുക്കു വഴിയിലൂടെ അയാളെ പോലെ ആകുവാൻ ശ്രമിക്കും..



രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവിടെ ന്യായം നീതി കടപ്പാട് ബന്ധങ്ങൾ ഒക്കെ പുറം തിരിഞ്ഞു നിൽക്കും. എത് വിധേനയും ലക്ഷ്യം മാത്രം ആകും മുൻഗണന..


അങ്ങിനെ തൻ്റെ ലക്ഷ്യം പൂർത്തിയാക്കുവാൻ ശ്രമിക്കുന്ന ശിങ്കാര വേലൻ എന്ന "ശിങ്ക"ത്തിൻ്റെ കഥയാണ് തുഗ്ലക് ദർബാർ.



എല്ലാം മറന്ന് ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ എപ്പോൾ എങ്കിലും ഒരടി കിട്ടുമ്പോൾ അവനു മാനസാന്തരം ഉണ്ടാകും..അങ്ങിനെ    സിനിമയിലെ ക്ലിക്ഷേകൾ പുറത്തേക്ക് വന്നാൽ മാത്രമേ സിനിമ ഇവിടെ എങ്കിലും അവസാനിപ്പിക്കാൻ പറ്റൂ..



ഡൽഹി പ്രസാദ് ദീനദയാൽ എന്ന സംവിധായകൻ വളരെ പാടുപെട്ടു തട്ടി കൂട്ടി എടുത്ത ഈ ചിത്രത്തിൻ്റെ സംഗീതം ഗോവിന്ദ് വസന്ത ആണ്..ബാക് ഗ്രൗണ്ട് മ്യൂസിക് ഗോവിന്ദ് നന്നായി ചെയ്തിരിക്കുന്നു എങ്കിലും പാട്ടുകൾ നിലവാരത്തിൽ എത്തിയില്ല .



പാർത്ഥിപൻ, സത്യരാജ്,രാശി കന്ന,മഞ്ജിമ മോഹൻ, ഭഗവതി പെരുമാൾ എന്നിവർ ഒക്കെ സീനിൽ ഉണ്ടെങ്കിലും വലിയ പെർഫോർമൻസ് ഒന്നും നൽകുന്നില്ല.സിനിമയുടെ നീളവും പ്രശ്നം തന്നെയാണ്.


പ്ര .മോ. ദി .സം