Friday, March 5, 2021

ഓണോർമകൾ

(കൊറോണ കാലത്ത് എഴുതിയത്)

എന്റെ അനുഭവത്തിൽ ശരിക്കും ഓണം എന്ന് പറയുന്ന ആഘോഷം കുട്ടികൾക്കാണ്...കാരണം കുട്ടികാലത്ത് മുഴുവൻ ഓണവും ഞാൻ നല്ലവണ്ണം ആസ്വദിച്ചു  ആഘോഷിച്ചിട്ടുണ്ട്..പുത്തൻ ഉടുപ്പുകൾ അണിഞ്ഞും പൂക്കളം ഒരുക്കിയും...


ഓണം മാത്രമല്ല  ഒരു വിധം ഇന്ന് നിലവിൽ ഉള്ള എല്ലാ തരം  ആഘോഷങ്ങളും...



 ഇൗ കാലത്ത് മുതിർന്നവർ അതൊക്കെ  കുട്ടികൾക്ക് വേണ്ടി   "മാത്രം " ഇടപെട്ട് ആഘോഷിക്കുന്നു എന്നാണ് തോന്നുന്നത്. 


മുതിർന്നാൽ ജീവിതത്തിലെ ചുറ്റുപാടുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ, പ്രാരാബ്ധങ്ങൾ , മറ്റു ചില തിരക്കുകൾ ഒക്കെ നമ്മുടെ  മനം നിറച്ചുള്ള ആഘോഷങ്ങൾക്ക് പലപ്പോഴും  

വിലങ്ങുതടിയാകുന്നൂ..എങ്കിലും പലരും ഒത്ത് ചേരുമ്പോൾ അത് എല്ലാം മറന്ന ആഘോഷം ആയി രൂപാന്തരം പ്രാപിക്കുന്നു.



പണ്ട് തറവാട്ടിൽ നമ്മൾ കുറച്ചേറെ കുട്ടികൾ ഉണ്ടായിരുന്നു..അക്കാലത്ത്  ഓണത്തിന് അത്തം മുതൽ തിരുവോണം വരെ എല്ലാ ദിവസവും നമ്മൾ കുട്ടികൾ പൂവിടും.. അതും എല്ലാ കുട്ടികളും ഒന്നിച്ചു  വൈകുന്നേരം  പല സ്ഥലങ്ങളിൽ പോയി പലതരം പൂക്കൾ ശേഖരിച്ച് വരും...ഇതേ പോലത്തെ  കുറെ കുട്ടി സംഘങ്ങൾ വഴിയിൽ പൂവ് ശേഖരിക്കും...അത് കൊണ്ട് തന്നെ ആദ്യം എത്തുന്നവർക്ക് കൂടുതൽ പൂവുകൾ കിട്ടും..സ്വന്തം വീട്ടിൽ പലതരം പൂവുകൾ കാണുമെങ്കിലും അത് അധികവും "ഫിനിഷിങ് "കാര്യങ്ങൾക്ക് മാത്രം  നീക്കി വെക്കും.  


ദിവസം കൂടുമ്പോൾ പൂക്കളം വലുതാവുന്നത് കൊണ്ട് തന്നെ  പൂക്കളുടെ എണ്ണവും   കൂട്ടണം.കളറുകൾ കൂടി കൂടി പത്താമത് ദിവസം ആകുമ്പോൾ പത്ത്  തരം കളർ പൂവ് എങ്കിലും മിനിമം ഉണ്ടാകണം എന്ന് നമ്മളെ  മുതിർന്നവർ ആരോ   പറഞ്ഞു വിശ്വസിപ്പിച്ചു...അത് കൊണ്ട് തന്നെ വിവിധ കളർ ഉള്ള പൂക്കൾ തേടി യാത്രയായിരുന്നു ഓരോ ഓണകാല വൈകുന്നേരങ്ങളിലും...ഇന്നത്തെ പോലെ പൂവുകൾ മാർക്കറ്റിൽ നിന്നും വാങ്ങി പൂക്കളം ഒരുക്കുന്ന പരിപാടി ഇല്ല..അത് കൊണ്ട് തന്നെ കഷ്ടപ്പെട്ട് ശേഖരിച്ച പൂക്കൾ മാത്രമേ പൂക്കളത്തിൽ ഉണ്ടാകൂ.



പിന്നീട്  തറവാട്ടിൽ നിന്നും മാറി അണു കുടുംബങ്ങളിൽ ആയപ്പോൾ പൂക്കളം ഒരുക്കാൻ ഞാനടക്കം  പലരും  മിനകെട്ടില്ല..ഓണം പുതു വസ്ത്രങ്ങളിലും  അടിപൊളി ശാപ്പാടിലും ഒതുങ്ങി..


പിന്നീട് ജോലി കിട്ടി അന്യ സംസ്ഥാനത്ത് ആയപ്പോൾ ഓണാഘോഷം എന്ന് പറയുന്നത് നമ്മുടെ കമ്പനി ഓണർമാരായ സുരേന്ദ്രൻ മാഷും രാജലക്ഷ്മി മാഡവും  ഓണത്തിന് കൊണ്ടുവന്നു തരുന്ന

 " ബിരിയാണി" തിന്നൽ ആയി.(നമ്മൾ മലബാരുകാർ  നോൺ ഇല്ലാതെ ഒരു ആഘോഷവും നടത്താറില്ല).ഓണത്തിന് ബാംഗ്ലൂർ കമ്പനിയിൽ  രണ്ടു ദിവസം  അവധി അല്ലാത്തത് കൊണ്ട് ഓണ ദിവസം ജോലി ചെയ്യുന്ന എല്ലാവർക്കും അവർ "ബിരിയാണി" സദ്യ നൽകിയിരുന്നു.വിഷുവിനും ഉണ്ടായിരുന്നു എന്നാണ് ഓർമ..


പിന്നീട് ആ കമ്പനി വിട്ടപ്പോൾ നാട്ടിൽ പോയില്ലെങ്കിൽ ഓണം എന്താണെന്ന് കൂടി മറന്ന അവസ്ഥ ആയിരുന്നു.. അന്യ സംസ്ഥാന "തൊഴിലാളി" ആഘോഷങ്ങൾ പലപ്പോഴും അങ്ങിനെ ആണല്ലോ...നാട് വിട്ടപ്പോൾ ആഘോഷങ്ങൾ പലതും "കൈ വിട്ടു പോയി"


പിന്നീട് കടൽ കടന്നപ്പോൾ ആണ് ഓണാഘോഷത്തിന്റെ "വിശ്വരൂപം" കണ്ടത്.. ആ പ്രദേശത്തെ എല്ലാ മലയാളികളും ഒത്തുകൂടി ഒരു ഒന്നാന്തരം ഓണം..കളിയും ചിരിയും മൽസരങ്ങളും സദ്യയും ഒക്കെ ആയി ഒരു കെങ്കേമം ഓണം.


സദ്യ ഒരുക്കുന്നത് പല വീടുകളിൽ നിന്നാണ്..ഓരോരോ കുടുംബവും ഉണ്ടാക്കുന്ന വിഭവങ്ങൾ മുൻകൂട്ടി അറിയിക്കും..പിന്നെ എല്ലാവരും ഏതെങ്കിലും വീടുകളിൽ ഒത്ത് ചേർന്ന് ആഘോഷിക്കും...കുടുംബങ്ങളുടെ എണ്ണം കൂടിയപ്പോൾ ആഘോഷങ്ങൾ ഹാളുകൾ കയ്യടക്കി.എങ്കിലും സദ്യകളുടെ വിഭവങ്ങൾ പല വീടുകളിൽ തന്നെ ഒരുക്കി.....ആളുകൾ കൂടി കൂടി വന്നപ്പോൾ അവിടെ തന്നെ പല ഗ്രൂപ്പ് ഉണ്ടായി ...ഓണാഘോഷം പല ദിവസങ്ങളിൽ കൊണ്ടാടി.


വീണ്ടും നാട്ടിൽ എത്തിയപ്പോൾ കമ്പനി വക ഓണസദ്യയും ആഘോഷങ്ങളും ഉണ്ടായിരുന്നു..ഇപ്പൊൾ അത് വെറും പായസത്തിൽ എത്തി. 


ഇൗ അടുത്ത കാലത്ത് തൊട്ടു  കുടുംബത്തിലെ എല്ലാവരും ചേർന്നുള്ള "ഓണം" തിരിച്ചു വന്നു..എല്ലാവരും വീണ്ടും തറവാട്ടിൽ ഒത്തുകൂടി വിപുലമായ ആഘോഷം.അത് ഓണ ദിവസം തന്നെ ആയിരിക്കണം എന്നില്ല..എല്ലാവർക്കും സൗകര്യമുള്ള ഏതെങ്കിലും ഓണകാലത്തുള്ള   ഒരു  അവധി ദിവസം..കാരണം ഓണക്കാലത്ത് നമ്മുടെ കുടുംബത്തിലെ പല പ്രവാസികളും നാട്ടിലുണ്ടാവും.


പക്ഷേ ഇൗ വർഷം കൊറോണ  എന്ന മഹാവ്യാധി അതും നശിപ്പിച്ചു ..ഇനി എന്ന് എല്ലാവരും ഒത്തുകൂടിയ ഒരു ഓണം  ആഘോഷം?കാത്തിരിക്കുന്നു ...ഞാൻ മാത്രമല്ല എല്ലാവരും..


പ്രമോദ് കുമാർ കൃഷ്ണപുരം

No comments:

Post a Comment