Tuesday, July 23, 2013

പ്രാര്‍ഥനയും ശാപവും

ഇന്നലെ രാവിലെ ടി.വിയില്‍ വന്ന ഒരു വാര്‍ത്ത കണ്ടു നടുങ്ങി.വെള്ളകെട്ടില്‍ സ്കൂട്ടര്‍ മറിഞ്ഞു ഒരമ്മയും രണ്ടു കുട്ടികളും മരണപെട്ടു.അച്ഛന്‍ പരിക്കുകളോടെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും ... രാത്രി രണ്ടുമണിക്കോ മറ്റോ ആണ് സംഭവിച്ചത്.ബന്ധുവീട്ടില്‍ നിന്നും നോമ്പ്തുറ കഴിഞ്ഞു മടങ്ങുമ്പോള്‍ ആയിരുന്നു അപകടം പോലും (പിന്നെ ഈ കഥ മാറി).പുലര്‍ച്ചെ ആയതിനാല്‍ രക്ഷ്പെടുത്തുവാന്‍ ആരുമില്ലത്തതാവാം കാരണം എന്ന്  ഞാനും ഭാര്യയും തമ്മിൽ പറഞ്ഞു .കുഞ്ഞു മക്കളെയും കൊണ്ട് പുലര്‍ച്ചെ ഈ മഴകാലത്ത് എങ്ങിനെ അവര്‍ക്ക് പോകുവാന്‍ തോന്നി എന്നും പരസ്പരം ചോദിച്ചു. .ഞാന്‍ ആ അച്ഛനുവേണ്ടി മനമുരുകി പ്രാര്‍ഥിച്ചു.ഒരു നിമിഷം കൊണ്ട് ഭാര്യയേയും മക്കളെയും നഷ്ട്ടപെട്ട ആ അച്ഛനായ ഭര്‍ത്താവിന്റെ ജീവനുവേണ്ടിയും ആ നടുക്കത്തില്‍ നിന്നും ആ മനുഷ്യൻ മുക്തനാകാൻ വേണ്ടിയും  ഞാന്‍ ദൈവത്തോട് യാചിച്ചു.


     ഇന്നലെ കുറെയേറെ ജോലികള്‍ ഉണ്ടായതിനാല്‍ പിന്നെ അതെപറ്റിയുള്ള വാര്‍ത്തകള്‍ ഒന്നും അറിഞ്ഞില്ല.രാത്രി വീട്ടില്‍ വന്നപ്പോള്‍ ഭാര്യ പറഞ്ഞത് കേട്ടായിരുന്നു രാവിലത്തെതിലും കൂടുതല്‍ ഞെട്ടിയത്.ആ അച്ഛനു പരിക്കൊന്നും ഇല്ലെന്നും കൊലപാതകം എന്ന് സംശയം തോന്നി പോലീസ് ചോദ്യം ചെയ്യുകയാണെന്നും..അയാള്‍ കൂസലില്ലാതെ ഇരിക്കുന്ന കുറെ ക്ളിപിംഗ് കാണിച്ചെന്നും...അതൊന്നും സത്യം ആയിരിക്കരുതെ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു .അല്ലെങ്കിലും ഒരു അച്ഛന് അങ്ങിനെയൊക്കെ ചെയ്യുവാന്‍ പറ്റുമോ ? ടി.വി യില്‍ ഇതില്‍ കൂടുതല്‍ ന്യൂസ്‌ ഒന്നും ഉറങ്ങുന്നതുവരെ വന്നില്ല.ഒക്കെ മാധ്യമസൃഷ്ടികള്‍ ആയിരിക്കുമെന്ന് കരുതി ഉറങ്ങാന്‍ കിടന്നു.അവരുടെ പണി തന്നെ ഇപ്പോൾ ആടിനെ പട്ടിയാക്കൽ ആണല്ലോ .അപ്പോഴും ആലോചന അവരെ കുറിച്ചായിരുന്നു ...പാവം അച്ഛന്‍ ..സംശയം മാത്രം ആണെങ്കില്‍ ആ നിരപരാധിയായ അച്ഛനോട്  പോലീസ് എന്ത് മറുപടി പറയും ?ഇതും ഒരു പീഡനം അല്ലെ ?മാനസികപീഡനം ...അതും ഭാര്യയും കുഞ്ഞുങ്ങളും മരിച്ച ഒരാളോട് ഇങ്ങിനെ ചെയ്യാമോ ?ഇപ്പോള്‍ അയാളുടെ മാനസികനില എങ്ങിനെ ആയിരിക്കും ? ഒന്നുകൂടി അയാള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു കിടന്നു.


ഇന്ന് വെളുപ്പിന് ന്യൂസ്‌ കണ്ടപ്പോള്‍ കാര്യം പ്രതീക്ഷിച്ചത് പോലെയല്ല എന്ന് മനസ്സിലായി.വേറെ കല്യാണം കഴിച്ചു സുഖിക്കുവാന്‍ വേണ്ടി ഭാര്യയെയും മക്കളെയും കൊന്ന നീചന്‍  ആയി മാറി ആ അച്ഛന്‍ എന്റെ മനസ്സില്‍..ഇന്നലെ ആര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുവോ  അവനെ ഇന്ന് മനസ്സുകൊണ്ട് ശപിച്ചു.അവന്‍ പുഴുത്തു മരിക്കട്ടെ എന്നുപോലും വിചാരിച്ചു.മരിക്കണം അവന്‍ പുഴുത്തുതന്നെ ...രണ്ടാം വിവാഹം കഴിക്കുവാന്‍ ഭാര്യ തടസ്സം ആയപ്പോള്‍ അവരെയും അതിലുണ്ടായ കുഞ്ഞുങ്ങളെയും കൊന്ന ഇവനെ പിന്നെ എന്ത് ശപിക്കണം.പോലീസും കോടതിയും ജയിലും ഒക്കെയായി ഇവന്‍ കുറച്ചുനാള്‍ തടവില്‍ ആകും.പിന്നെ പുറത്തിറങ്ങും.ചിലപ്പോള്‍ അവന്‍ ഇപ്പോൾ ആഗ്രഹിച്ചതുപോലെ വേറെ ജീവിതവും തുടങ്ങും.അവന്‍ ജയിലില്‍ കിടന്നാല്‍ മാത്രം നീതി കിട്ടുമോ ആ പാവം കുഞ്ഞുങ്ങള്‍ക്കും അമ്മയ്ക്കും....?

നമ്മുടെ ഉള്ളില്‍ ദൈവവും ചെകുത്താനും ഉണ്ട് .അവരെ എങ്ങിനെ നിയന്ത്രിക്കുന്നു അതനുസരിച്ചാണ് നമ്മള്‍ ജീവിതത്തില്‍ വിജയിക്കുന്നത്..പക്ഷെ ഇപ്പോഴത്തെ കാര്യങ്ങള്‍ കാണുബോള്‍ ഇപ്പോള്‍ കൂടുതല്‍ പേരെയും നിയന്ത്രിക്കുന്നത് ചെകുത്താന്മാര്‍ ആണെന്ന് തോന്നുന്നു.അച്ഛനും അമ്മയും സഹോദരനും സഹോദരിയും ഒന്നും ഇന്നില്ല ...മനുഷ്യന്റെ ആക്രാന്തം അതൊക്കെ പേരിനു മാത്രമാക്കിയിരിക്കുന്നു.അമ്മയെയും സഹോദരിമാരെയും മകളെയും പോലും പീഡിപ്പിക്കുന്ന രാക്ഷസകുലം ആയി നമ്മുടെ മനസ്സ് മാറിയിരിക്കുന്നു.സ്വന്തം സുഖം അതിനുവേണ്ടി എന്തൊക്കെ ചെയ്യുവാന്‍ പറ്റുമോ അതൊക്കെ എത്ര വൃത്തികെട്ടതാണെങ്കിലും ചെയ്യാൻ നമുക്ക് ഒരു മടിയുമില്ല.പലരും മുഖംമൂടി അണിഞ്ഞു സമൂഹത്തിൽ നല്ലപിള്ള ചമഞ്ഞു നടക്കുകയും ചെയ്യുന്നു.

സ്വാര്‍ത്ഥമനസ്സുകള്‍ ആണ് ഇന്ന് വാഴുന്നത്,...ഞങ്ങള്‍ എന്നതില്‍ നിന്നും ഞാന്‍ എന്നതിലേക്ക് നമ്മളും സമൂഹവും മാറി ..ഇപ്പോള്‍ സ്വന്തം കാര്യം മാത്രം മതി ..അതിനുവേണ്ടി നമ്മൾ കൊള്ളരുതായ്മകൾ ചെയ്തു കൊണ്ടിരിക്കുന്നു.എല്ലാറ്റിനെയും നശിപ്പിച്ചുകൊണ്ട് നമ്മൾ പോകുന്നത് ഒരുതരം ആരാജകത്വത്തിലെക്കാണ്.....നമ്മളെ നമ്മൾ തന്നെ നശിപ്പിക്കുന്ന ഒരു വല്ലാത്ത അവസ്ഥയിലേക്ക് ....മനുഷ്യകുലം മുടിയാൻ പോകുന്നു ...രാക്ഷസകുലം പുനർജനിക്കുന്നു..

-പ്രമോദ് കുമാർ.കെ.പി 

18 comments:

  1. Very light punishment contribute in making criminals

    ReplyDelete
    Replies
    1. നമുടെ നിയമം മാറണോ അതോ ശരിയായ രീതിയില്‍ നടപ്പിലാക്കിയാല്‍ മതിയോ ?

      Delete
  2. സ്വാര്‍ത്ഥ ചിന്തകള്‍,സ്വാര്‍ത്ഥമനസ്സുകള്‍ ,സ്വാര്‍ത്ഥസമൂഹം ജാതി ,മതം....അങനെ എല്ലാം സ്വാര്‍ത്ഥവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കലിപൂണ്ട കാലം കലികാലം .

    ReplyDelete
    Replies
    1. അതെ ..എവിടെ എത്തും നമ്മള്‍ ....മൃഗങ്ങള്‍ നമ്മുടെ കോലംകത്തിക്കും

      Delete
  3. ഇത്തരം നടുക്കുന്ന വാര്‍ത്തകള്‍ ഈയ്യിടെയായി നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു.നെറികേടുകളുടെയും ചൂഷണങ്ങളുടെയും ഇരുണ്ടലോകത്താണ് ഇന്ന് മലയാളി ജീവിക്കുന്നത് എന്ന് തോന്നിപ്പോവുന്നു. ചിലരുടെ വ്യക്തിവൈകൃതങ്ങളുടെ ഗണത്തില്‍ പെടുത്തി ഇനിയും ഈ പ്രശ്നത്തെ നിസ്സാരവല്‍ക്കരിക്കാന്‍ പറ്റുകയില്ല.മലയാളികളുടെ ദുര്‍ബലപ്പെടുകയോ, ശിഥിലീകൃതമാവുകയോ ചെയ്യുന്ന കുടുംബം, മതസംഘടനകള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, നീതിന്യായ വ്യവസ്ഥ തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളുമായി കൂട്ടിച്ചേര്‍ത്ത് ഈ അവസ്ഥയെ ഇനിയെങ്കിലും വിശകലനം ചെയ്യേണ്ടതും പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതുമാണ്.

    ReplyDelete
    Replies
    1. ഇന്നലെ ഇതെകുറിച്ച് ഒരു ചര്‍ച്ച നടത്തുവാന്‍ പോലും നമ്മുടെ മാധ്യമങ്ങള്‍ തയ്യാറായില്ല.അവരൊക്കെ ഇപ്പോഴും സരിതക്കും ശാലുവിനും പിറകെ തന്നെ.നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുന്ന അപചയം അവര്‍ക്ക് പ്രശ്നമല്ല എന്ന് തോന്നുന്നു.

      Delete
  4. അവനവന്‍റെ സുഖത്തിനുവേണ്ടി എന്തു ക്രൂരമായ പ്രവര്‍ത്തികളും ചെയ്യാന്‍ മടിക്കാത്തവര്‍..
    നീചപ്രവൃത്തികള്‍ക്ക് തിരിച്ചടികള്‍ നിശ്ചയം!!!
    ആശംസകള്‍

    ReplyDelete
    Replies
    1. ഓരോരോ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നടുങ്ങുന്നു.അതും നമ്മളുടെ നാട്ടില്‍ എന്ന് അറിയുമ്പോള്‍ .....

      Delete
  5. സത്യം പ്രമോദ്‌, നമുക്കും തയ്യാരായിരിക്കാം, കാലത്തെ വരവേല്‍ക്കാന്‍. .എഴുത്തിന് ആശംസകള്‍. ആ അവസാനത്തെ ഫോട്ടോ എന്‍റെ ആണ് കേട്ടോ(മരത്തിന്‍റെ), അപ്പൊ ചിലവുണ്ട്!

    ReplyDelete
  6. നിരന്തരം നടുക്കുന്ന വാര്‍ത്തകള്‍

    ReplyDelete
  7. ശരിയാണ് പ്രമോദ്.ഈ വാര്‍ത്ത വായിച്ചപ്പോള്‍ നടുങ്ങിപ്പോകുന്നത് ഒരു മനുഷ്യന് ഇത്രയും ക്രൂരനാവാന്‍ കഴിയുമല്ലോ എന്നോര്‍ത്താണ്

    ReplyDelete
    Replies
    1. മനുഷ്യനു എന്തുവേണമെങ്കിലും ആകാം എന്ന് തോന്നുന്നു.അവനു/ അവള്‍ക്കു സ്വാര്‍ഥത മാത്രം

      Delete
  8. പ്രവീണ്‍ ഭായ് ..നിങ്ങളുടെ ചിത്രം ആണെന്ന് അറിഞ്ഞില്ല.ഗൂഗിള്‍ സര്ചില്‍ നിന്നും കിട്ടിയതാണ് .നന്ദി

    ReplyDelete
  9. നന്ദി നിദീഷ്‌ ഭായ്

    ReplyDelete
  10. ഈ വാര്‍ത്ത ഒട്ടും ഞെട്ടലുണ്ടാക്കിയില്ല സഹോദരാ ... പകരം വേദനിപ്പിക്കുന്ന ഓര്‍മകളെ തൊട്ടുണര്ത്തി ഹൃദയത്തെ കീറിമുറിക്കുന്നു ... സ്നേഹത്തിന്റെ നിറകുടമായ , അല്ലെങ്കില്‍ അങ്ങിനെ മറ്റുള്ളവര്‍ക്ക് തോന്നിപ്പിച്ചിരുന്ന ഒരു ഭര്‍ത്താവ് കാറിലിട്ട് ചുട്ടെരിച്ച സഹപ്രവര്‍ത്തകയും മകളും ...

    ReplyDelete
  11. ലോകം മാറുന്നു ..മനുഷ്യനും

    ReplyDelete

  12. സ്വാര്‍ത്ഥമനസ്സുകള്‍ ആണ് ഇന്ന് വാഴുന്നത്...
    ഞങ്ങള്‍ എന്നതില്‍ നിന്നും ഞാന്‍ എന്നതിലേക്ക് നമ്മളും സമൂഹവും മാറി ..
    ഇപ്പോള്‍ സ്വന്തം കാര്യം മാത്രം മതി .. അതിനുവേണ്ടി നമ്മൾ കൊള്ളരുതായ്മകൾ
    ചെയ്തു കൊണ്ടിരിക്കുന്നു.

    എല്ലാറ്റിനെയും നശിപ്പിച്ചുകൊണ്ട്
    നമ്മൾ പോകുന്നത് ഒരുതരം ആരാജകത്വത്തിലെക്കാണ്.....

    ReplyDelete
    Replies
    1. നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും

      Delete